Begin typing your search above and press return to search.
proflie-avatar
Login

സ്വന്തം ശബ്ദം കേൾപ്പിക്കാൻ അവർ ജീവൻ നൽകുന്നു

സ്വന്തം ശബ്ദം കേൾപ്പിക്കാൻ   അവർ ജീവൻ നൽകുന്നു
cancel

ഗസ്സക്കാരനാണ് അൽ ജസീറ അറബിക് ചാനലിന്റെ ഗസ്സ ബ്യൂറോ മേധാവി വാഇൽ അൽദഹ് ദൂഹ്. അദ്ദേഹത്തെപ്പോലുള്ളവർക്ക് റിപ്പോർട്ടിങ് വെറുമൊരു തൊഴിലല്ല; ഫലസ്തീന്റെ വാ മൂടിക്കെട്ടാൻ ഇസ്രായേലും കൂട്ടാളികളും നടത്തുന്ന ശ്രമങ്ങൾക്കെതിരായ ചെറുത്തുനിൽപുകൂടിയാണ്. ലോകത്തെ നേരറിയിക്കാനുള്ള, നേർത്തുനേർത്തു വരുന്ന മാർഗങ്ങളിലൊന്ന്. വടക്കൻ ഗസ്സയിലാണ് അദ്ദേഹവും കുടുംബവും താമസിക്കുന്നത്. യുദ്ധത്തിൽ ഇസ്രായേലിന്റെ ലക്ഷ്യമാണ് അവിടം. അങ്ങനെ അവരുടെ മുന്നറിയിപ്പ് വരുന്നു: ഇവിടെനിന്ന് എല്ലാവരും ഒഴിഞ്ഞുപോകണം. തെക്ക് സുരക്ഷിതമാണ്. ജോലിക്കിടെ ഇങ്ങനെയും പ്രശ്നങ്ങൾ റിപ്പോർട്ടർമാർ നേരിടുന്നുണ്ട്. വാഇൽ തിടുക്കത്തിൽ...

Your Subscription Supports Independent Journalism

View Plans

ഗസ്സക്കാരനാണ് അൽ ജസീറ അറബിക് ചാനലിന്റെ ഗസ്സ ബ്യൂറോ മേധാവി വാഇൽ അൽദഹ് ദൂഹ്. അദ്ദേഹത്തെപ്പോലുള്ളവർക്ക് റിപ്പോർട്ടിങ് വെറുമൊരു തൊഴിലല്ല; ഫലസ്തീന്റെ വാ മൂടിക്കെട്ടാൻ ഇസ്രായേലും കൂട്ടാളികളും നടത്തുന്ന ശ്രമങ്ങൾക്കെതിരായ ചെറുത്തുനിൽപുകൂടിയാണ്. ലോകത്തെ നേരറിയിക്കാനുള്ള, നേർത്തുനേർത്തു വരുന്ന മാർഗങ്ങളിലൊന്ന്.

വടക്കൻ ഗസ്സയിലാണ് അദ്ദേഹവും കുടുംബവും താമസിക്കുന്നത്. യുദ്ധത്തിൽ ഇസ്രായേലിന്റെ ലക്ഷ്യമാണ് അവിടം. അങ്ങനെ അവരുടെ മുന്നറിയിപ്പ് വരുന്നു: ഇവിടെനിന്ന് എല്ലാവരും ഒഴിഞ്ഞുപോകണം. തെക്ക് സുരക്ഷിതമാണ്.

ജോലിക്കിടെ ഇങ്ങനെയും പ്രശ്നങ്ങൾ റിപ്പോർട്ടർമാർ നേരിടുന്നുണ്ട്. വാഇൽ തിടുക്കത്തിൽ വീട്ടിലുള്ളവരെ കൂട്ടി തെക്കോട്ട് പോകുന്നു. മധ്യ ഗസ്സയിലെ നുസൈറാത് അഭയാർഥി ക്യാമ്പിൽ കുടുംബത്തെ കൊണ്ടുചെന്നാക്കുന്നു. അഭയാർഥി ക്യാമ്പായതുകൊണ്ട് സുരക്ഷിതം. അദ്ദേഹം ഒട്ടും താമസിക്കാതെ ജോലിസ്ഥലത്തേക്ക് മടങ്ങുന്നു. ആപൽക്കരമായ യുദ്ധഭൂമിയിലേക്ക്. എങ്കിലും ആശ്വാസമുണ്ട് –കുടുംബം സുരക്ഷിതമാണല്ലോ.

ഇസ്രായേലി ബോംബുകൾ തിമിർത്ത് പെയ്യുന്നു. വാഇൽ എല്ലാം കാമറയിൽ പകർത്തിക്കൊണ്ടിരുന്നു. ഇടക്ക് മറ്റു പ്രദേശങ്ങളിലെ ബോംബിങ്ങിന്റെ വാർത്തയും കേൾക്കുന്നുണ്ട്.

അങ്ങനെയൊരു വാർത്തയായിരുന്നു, നുസൈറാത് അഭയാർഥി ക്യാമ്പിൽ ബോംബിട്ടു എന്നത്. വാഇലിന്റെ ഉള്ള് പിടഞ്ഞു. അൽപം കഴിഞ്ഞപ്പോഴേക്കും ആ ദുരന്തവാർത്തയുമെത്തി –വാഇലിന്റെ കുടുംബം കൂട്ടക്കൊലക്കിരയായവരിൽപെട്ടു. ഭാര്യ, മകൾ, മകൻ, പേരമകൻ എന്നിവരെല്ലാം. മറ്റുപലർക്കുമൊപ്പം, രക്തസാക്ഷികളായി. അദ്ദേഹം അങ്ങോട്ട് പോയി.

കുടുംബത്തിനുവേണ്ടിയുള്ള അന്ത്യപ്രാർഥനക്ക് നേതൃത്വം നൽകിയ വാഇൽ പത്തു മിനിറ്റിനുള്ളിൽ തന്റെ ഡ്യൂട്ടിസ്ഥലത്തേക്ക് മടങ്ങി. ലോകമാധ്യമങ്ങൾ തമസ്കരിക്കാൻ ശ്രമിക്കുന്ന ഗസ്സയുടെ യാഥാർഥ്യം പുറമേക്ക് അറിയിക്കുക അത്രമേൽ പ്രധാനമാണെന്ന് അദ്ദേഹം കരുതി.

ഫലസ്തീനിൽനിന്ന് വാർത്ത റിപ്പോർട്ട് ചെയ്യുന്ന ജേണലിസ്റ്റുകൾ മാത്രമല്ല, അവരുടെ കുടുംബങ്ങളും ഇസ്രായേലിന്റെ ഹിറ്റ്ലിസ്റ്റിലുണ്ടെന്ന് അനേകം സംഭവങ്ങൾ സൂചിപ്പിക്കുന്നു. ഗസ്സയുടെ സുരക്ഷിതഭാഗമെന്ന് ഇസ്രായേൽ പറഞ്ഞ തെക്കൻ മേഖലയിലെ ഖാൻ യൂനിസ് പട്ടണത്തിൽ ഒക്ടോബർ 26ന് ഇസ്രായേൽ തന്നെ ബോംബിട്ടു. മാധ്യമപ്രവർത്തകൻ മുഹമ്മദ് അൽ ഫർറായുടെ ഭാര്യയും കുട്ടികളും കൊല്ലപ്പെട്ടു. വിവരമറിയുമ്പോൾ ​അദ്ദേഹവും ഡ്യൂട്ടിയിലായിരുന്നു.

ഹാതിം ഉമർ എന്ന മറ്റൊരു ഫലസ്തീനി ജേണലിസ്റ്റും കൃത്യനിർവഹണത്തിനിടക്കാണ് സ്വന്തം കുടുംബം കൊല്ലപ്പെട്ടതറിഞ്ഞത്. ഒക്ടോബർ 17ന് ഗസ്സയിലെ റഫയിൽ വെച്ചായിരുന്നു അത്.

കുടുംബങ്ങളെ മാത്രമല്ല, ജേണലിസ്റ്റുകളെത്തന്നെ കൊല്ലുന്നത് ഇസ്രായേലിന്റെ ശീലമാണ്. ഒരുതരത്തിലുള്ള ശിക്ഷയുമില്ലാതെ നിർബാധം അത് തുടരുന്നു. കഴിഞ്ഞ വർഷം മേയിൽ വെസ്റ്റ് ബാങ്കിൽവെച്ച് അൽ ജസീറ ലേഖിക ശിറീൻ അബൂ ആഖിലയെ ഇസ്രായേലി സൈനികൻ കരുതിക്കൂട്ടി വെടിവെച്ചു കൊന്നു. ഇസ്രായേൽ കുറ്റം സമ്മതിക്കാൻ ഒരു വർഷമെടുത്തു; ഒരു നടപടിയും എടുത്തതുമില്ല. ശിറീന് അമേരിക്കൻ പൗരത്വമുണ്ടെങ്കിലും അമേരിക്കയും അനങ്ങിയില്ല.

കമ്മിറ്റി ടു പ്രൊട്ടക്ട് ജേണലിസ്റ്റ്സ് (സി.പി.ജെ) എന്ന സംഘടന എടുത്ത കണക്കനുസരിച്ച്, ഇപ്പോഴത്തെ യുദ്ധത്തിൽ ഒക്ടോബർ 23 വരെ മാത്രം 23 മാധ്യമപ്രവർത്തകർ കൊല്ലപ്പെട്ടിട്ടുണ്ട്. ഇതിൽ 19 പേരും ഫലസ്തീൻകാരാണ് –ഗസ്സക്കാർ. അക്കൂട്ടത്തിൽ, ഫലസ്തീൻ വനിത ജേണലിസ്റ്റ് സമിതി അധ്യക്ഷയായിരുന്ന സലാം മീമയുടെ ജഡം ഇസ്രായേലി മിസൈൽ പതിച്ച വീട്ടിൽനിന്ന് മൂന്നാംദിവസം കണ്ടെടുക്കുകയായിരുന്നു.

ഇതെല്ലാമുണ്ടായിട്ടും അവർ യുദ്ധമുഖത്തെ പോരാളികളുടെ വീര്യത്തോടെ ഗസ്സയിൽനിന്ന് വാർത്തകൾ ചെയ്തുകൊണ്ടിരുന്നു. ഇന്റർനെറ്റ് വിച്ഛേദിക്കൽ, മാധ്യമസ്ഥാപനങ്ങൾക്കും പ്രവർത്തകർക്കും നേരെ ആക്രമണങ്ങൾ –എല്ലാം നിരന്തരം നടക്കുമ്പോഴും അവർ പൂർണസമർപ്പിതരായി ജോലിചെയ്യുന്നു. ‘‘ഗസ്സയിലെ ഇസ്രായേലി കുറ്റകൃത്യങ്ങൾ ലോകമറിയുന്നതിനുവേണ്ടി ഞങ്ങൾ വാർത്ത ചെയ്യാൻ കഠിനാധ്വാനംചെയ്യുന്നു, ഏതു സമയവും കൊല്ലപ്പെടുമെന്ന അവസ്ഥയിലും’’ –ഐൻ മീഡിയ സ്ഥാപകൻ റുശ്ദി സർറാജ് ഇൻസ്റ്റഗ്രാമിൽ കുറിച്ചു. അഞ്ചാം ദിവസം അദ്ദേഹം വ്യോമാക്രമണത്തിൽ കൊല്ലപ്പെട്ടു.

സഇൗദ് അൽ തഅ്‍വീൽ ആണ് ഇസ്രായേൽ കൊന്ന ജേണലിസ്റ്റുകളിൽപെട്ട മറ്റൊരാൾ. വിവിധ മാധ്യമ കാര്യാലയങ്ങൾ ഉൾപ്പെട്ട പടിഞ്ഞാറൻ ഗസ്സയിലെ ഒരു കെട്ടിടത്തിലായിരുന്നു അദ്ദേഹത്തിന്റെ അൽഖംസ വാർത്താ പോർട്ടലിന്റെ ഓഫിസ്. ഒക്ടോബർ 9ന് പെട്ടെന്ന് ഇസ്രായേൽ മുന്നറിയിപ്പ് കൊടുത്തു: ഉടൻ ഒഴിയണം. എല്ലാം ഉപേക്ഷിച്ച് ഒഴിഞ്ഞുപോകുന്നവരുടെ പരിഭ്രാന്തി കാമറയിൽ പിടിച്ചുകൊണ്ട് സഈദ് അൽപം മാറി വാർത്ത റിപ്പോർട്ട് ചെയ്തുകൊണ്ടിരുന്നു. അതദ്ദേഹത്തിന്റെ അവസാന റിപ്പോർട്ടിങ്ങായിരുന്നു. 2008ൽ ഇസ്രായേലി ആക്രമണത്തിൽ കാലുകൾ നഷ്ടപ്പെട്ട മുഅ്മിൻ ഖരീഖ ഇന്ന് കൃത്രിമക്കാലുകൾ പിടിപ്പിച്ച് പ്രവർത്തനം തുടരുന്നു.

വിവിധ മാധ്യമസ്ഥാപനങ്ങളെ മനപ്പൂർവം ബോംബിട്ട് തരിപ്പണമാക്കിയിട്ടുണ്ട് ഇസ്രായേൽ. ശരിയായ വാർത്ത ലോകമറിയരുതെന്ന് അവർ ആഗ്രഹിക്കുന്നു. നേർവാർത്തയുടെ കരുത്തറിയുന്നതുകൊണ്ടുതന്നെയാണ് മഹാനഷ്ടങ്ങൾക്കും ആപത്തിനും മധ്യേ ഫലസ്തീൻ വാർത്താ പോരാളികൾ വാർത്തകളെത്തിക്കാൻ ജീവൻപോലും നൽകുന്നത്.

വിദ്വേഷപ്രചാരകർ

കുഴപ്പമുണ്ടാക്കാനുതകുന്ന വ്യാജപ്രചാരണം എത്രവേഗം പടരുന്നു എന്നതിന് രണ്ട് ഉദാഹരണങ്ങൾ കഴിഞ്ഞ ദിവസങ്ങളിൽ കേരളം കണ്ടു. ഒന്ന്, കളമശ്ശേരിയിലെ സ്ഫോടനം; മറ്റേത് കാസർകോട്ടെ ഒരു ചെറിയ കശപിശ.

കാസർകോട്ട് കുമ്പളക്കടുത്ത് ഖൻസ വനിത കോളജിലെ വിദ്യാർഥിനികൾ ബസ് തടഞ്ഞ് സമരംചെയ്തു. ബസ് സ്റ്റോപ്പിൽ നിർത്താതെ ബസുകൾ സ്ഥിരമായി കുട്ടികളെ ബുദ്ധിമുട്ടിക്കുന്നതിനെതിരായ പ്രതിഷേധമായിരുന്നു അത്. പൊലീസ് എത്തി പ്രശ്നം പരിഹരിക്കാമെന്ന് ഉറപ്പുനൽകിയതോടെ അവർ സമരം നിർത്തി പിരിഞ്ഞുപോയി.

എന്നാൽ, ഇതിന്റെ ഫോട്ടോസഹിതം ട്വിറ്ററിൽ (എക്സ്) വർഗീയപ്രചാരണം ചിലർ തുടങ്ങി. ബസിനകത്ത് സാരിയുടുത്ത സ്ത്രീയും പർദയുടുത്ത വിദ്യാർഥിനികളും തമ്മിലുള്ള വാക് തർക്കം വിഡിയോയിൽ കാണിച്ച്, അതിന് വിഷലിപ്തമായ വ്യാജ വ്യാഖ്യാനം നൽകുകയായിരുന്നു. ‘ആനന്ദി നായർ’ എന്ന പേരിലിറങ്ങിയ ഒരു ട്വീറ്റിൽ, ബസിലെ പർദക്കാർ സാരിക്കാരിയോട്, പർദയില്ലാതെ ബസിൽ കയറരുതെന്ന് പറയുന്നതായാണ് അവതരിപ്പിച്ചത്.

മറ്റു സംസ്ഥാനങ്ങളിലേക്ക് ഉദ്ദേശിച്ചതാവാം ട്വീറ്റ്. ഒരുദിവസംകൊണ്ട് ഒമ്പതുലക്ഷത്തോളം പേർ കണ്ടു അത്. അതിലെ സത്യമെന്തെന്ന് ആ ലക്ഷങ്ങൾ അറിഞ്ഞിരിക്കാനിടയില്ല. ബി.ജെ.പി ദേശീയ സെക്രട്ടറി അനിൽ ആന്റണിയടക്കം വിദ്വേഷ പോസ്റ്റ് പ്രചരിപ്പിച്ചു. പിന്നീട് അദ്ദേഹം അത് പിൻവലിച്ചു; പക്ഷേ, താൻ പരത്തിയ വിഷം തിരിച്ചെടുക്കാൻ അനിലിനാകുമോ?

അനിൽ ചാടിയിറങ്ങി പ​ങ്കെടുത്ത മറ്റൊരു വിദ്വേഷപ്രചാരണമാണ് കളമശ്ശേരി സ്ഫോടനത്തിലും ഉണ്ടായത്. യഹോവ സാക്ഷികളുടെ പ്രാർഥനാ യോഗത്തിൽ ബോംബ് വെച്ചത് അവരുടെ കൂട്ടത്തിലുണ്ടായിരുന്ന ഡൊമിനിക് മാർട്ടിനാണെന്ന് മണിക്കൂറുകൾക്കുള്ളിൽ വെളിപ്പെട്ടു. പക്ഷേ, ആ മണിക്കൂറുകൾ മതിയായിരുന്നു, കള്ളപ്രചാരകർക്ക് ചാടിവീഴാൻ. സംഘ്പരിവാർ പക്ഷത്തുനിന്നാണ് ഏറെയും വ്യാജപ്രചാരണങ്ങളുണ്ടായത്.

അതേസമയം, റിപ്പോർട്ടർ ടി.വി, ന്യൂസ് 18 പോലുള്ള മാധ്യമങ്ങളും ആ വഴിക്ക് കുറച്ച് നീങ്ങി. സാധാരണനിലക്ക് സൂക്ഷ്മത പുലർത്തുന്ന രാഷ്ട്രീയ-മാധ്യമ നിരീക്ഷകർ വരെ ഈ ഒഴുക്കിനൊത്ത് നീന്തി. സംസ്ഥാനത്തെ പൊതുബോധംപോലും എത്ര ആഴത്തിൽ സാമുദായിക വിവേചനം ഉൾക്കൊള്ളുന്നുണ്ടെന്ന് ഒരിക്കൽകൂടി വ്യക്തമാകാൻ ഇത് സഹായിച്ചു.

കേന്ദ്രമന്ത്രി രാജീവ് ചന്ദ്രശേഖർ നടത്തിയ പരാമർശം മിതമായി പറഞ്ഞാൽ നിരുത്തവാദപരമായി. മറ്റു വ്യാജപ്രചാരകർ കളമശ്ശേരി സ്ഫോടനത്തെ ഗസ്സ ആക്രമണ പശ്ചാത്തലത്തിൽ ഇസ്രായേലിനോടുള്ള വിരോധവുമായി ബന്ധിപ്പിച്ചപ്പോൾ രാജീവ് ചന്ദ്രശേഖർ അതിനെ ഫലസ്തീൻ ഐക്യദാർഢ്യത്തെ തുരങ്കംവെക്കാനുള്ള ഉപായമാക്കാനാണ് ശ്രമിച്ചത്.

അമേരിക്ക ഹമാസിന് നൽകിയ ‘ഭീകര’പട്ടം അതേപടി ആവർത്തിച്ച അദ്ദേഹം, താൻ മന്ത്രിയായ ഇന്ത്യ സർക്കാർ ആ ചാപ്പകുത്തിനോട് യോജിക്കുന്നില്ലെന്ന വസ്തുതപോലും മറന്നു. ഇന്ത്യയുടെ മന്ത്രി ഇന്ത്യൻ നയം മറികടന്ന് അമേരിക്കൻ നയം പ്രചരിപ്പിക്കുന്ന അവസ്ഥ. മറ്റൊരു വൈരുധ്യവുമുണ്ട്. ഹമാസ് ഭരണത്തിലേറിയത് ജനാധിപത്യപരമായ തെരഞ്ഞെടുപ്പ് ജയിച്ചിട്ടാണ്. രാജീവ് ചന്ദ്രശേഖർ തെരഞ്ഞെടുപ്പിലൊന്നും ജയിക്കാതെ രാജ്യസഭവഴി മന്ത്രിയായ ആളാണ്.

പക്ഷേ, ഇതിലും ഗൗരവമേറിയ വിരോധാഭാസം വേറെയുമുണ്ട്. രാജീവ് ചന്ദ്രശേഖർ ഏഷ്യാനെറ്റ് എന്ന മാധ്യമസ്ഥാപനത്തിന്റെ ഉടമയെന്ന് പറയാവുന്നയാളാണ്. മാധ്യമങ്ങൾ അഭിപ്രായസ്വാതന്ത്ര്യത്തിനും ഭയരഹിതമായ ആശയവിനിമയത്തിനും നിലകൊള്ളേണ്ടവയും.

ഗസ്സ വിഷയത്തിൽ ഫലസ്തീൻപക്ഷത്തെ നിശ്ശബ്ദമാക്കാൻ ഇസ്രായേൽപക്ഷം ശ്രമിക്കുമ്പോൾ, അതിന് അമേരിക്കയും മുഖ്യധാരാ മാധ്യമങ്ങളും പിന്തുണ നൽകുമ്പോൾ, ആഗോളതലത്തിൽ ജനസമൂഹങ്ങളും ജനപക്ഷ മാധ്യമങ്ങളും ഫലസ്തീന്റെ ശബ്ദം കേൾപ്പിക്കാൻ ശ്രമിക്കുന്നുണ്ട്. അത് പാടില്ലെന്ന് ഒരു മാധ്യമസ്ഥാപനത്തിന്റെ അധിപൻ പറയുമ്പോൾ അതിന്റെ അർഥമെന്താണ്? മാധ്യമങ്ങളെ എങ്ങനെ രാഷ്ട്രീയക്കാർ വഴിതിരിച്ചുവിടുന്നു എന്നതിന് നല്ല ഉദാഹരണമായി ഈ സംഭവം.


News Summary - weekly column media scan