പാരമ്പര്യ മാധ്യമങ്ങൾ അകറ്റപ്പെടുകയാണ്

ഗസ്സ വംശഹത്യ ഇസ്രായേൽ ചില പരീക്ഷണ സന്ദർഭങ്ങൾകൂടിയായാണ് പ്രയോജനപ്പെടുത്തിയത്. നിർമിതബുദ്ധി ഉപയോഗിച്ചുള്ള ആയുധങ്ങൾ പരീക്ഷിച്ചത് ഫലസ്തീൻകാർക്ക് മേലാണ്. അതേപോലെ, നിർമിതബുദ്ധി അടക്കം ഉപയോഗിച്ചുള്ള പുതിയതരം പ്രോപഗണ്ട രീതികൾ പരീക്ഷിക്കാനും വംശഹത്യക്കാലം സന്ദർഭമാക്കി. പ്രോപഗണ്ടയുടെ നവീന രൂപങ്ങൾ മറ്റൊന്നുകൂടി ചെയ്യുന്നുണ്ട്: പാരമ്പര്യ മാധ്യമങ്ങളെ ആശ്രയിക്കുന്നത് നിർത്തി, അവയെ അപ്രസക്തമാക്കുന്ന പുതിയ സൂത്രങ്ങൾ...
Your Subscription Supports Independent Journalism
View Plansഗസ്സ വംശഹത്യ ഇസ്രായേൽ ചില പരീക്ഷണ സന്ദർഭങ്ങൾകൂടിയായാണ് പ്രയോജനപ്പെടുത്തിയത്. നിർമിതബുദ്ധി ഉപയോഗിച്ചുള്ള ആയുധങ്ങൾ പരീക്ഷിച്ചത് ഫലസ്തീൻകാർക്ക് മേലാണ്. അതേപോലെ, നിർമിതബുദ്ധി അടക്കം ഉപയോഗിച്ചുള്ള പുതിയതരം പ്രോപഗണ്ട രീതികൾ പരീക്ഷിക്കാനും വംശഹത്യക്കാലം സന്ദർഭമാക്കി. പ്രോപഗണ്ടയുടെ നവീന രൂപങ്ങൾ മറ്റൊന്നുകൂടി ചെയ്യുന്നുണ്ട്: പാരമ്പര്യ മാധ്യമങ്ങളെ ആശ്രയിക്കുന്നത് നിർത്തി, അവയെ അപ്രസക്തമാക്കുന്ന പുതിയ സൂത്രങ്ങൾ ഇറക്കുക എന്നതാണത്.
സാമ്പ്രദായിക മാധ്യമങ്ങളെ അകറ്റിനിർത്തുന്ന രീതി ഈയിടെ തുടങ്ങിയതല്ല; അത് ഇസ്രായേലിൽ മാത്രം പരിമിതവുമല്ല. നരേന്ദ്ര മോദി മുതൽ ഡോണൾഡ് ട്രംപ് വരെ മാധ്യമപ്രവർത്തകരെ അകറ്റിനിർത്തുന്നുണ്ട്. മുമ്പ് ഭരണാധികാരികൾ മാധ്യമങ്ങളെ അങ്ങോട്ടു തേടുന്ന പതിവുണ്ടായിരുന്നു. ഇന്ന് മോദിയുടെ ട്വീറ്റുകളും മൻകീബാത്തും ട്രംപിന്റെ ട്രൂത്ത് സോഷ്യലും സാന്ദർഭിക കമന്റുകളും പകർത്തിയെടുക്കുന്ന ജോലിയാണ് റിപ്പോർട്ടർമാർക്ക്. ഭരണകർത്താക്കൾക്ക് പതിവു മാധ്യമങ്ങളെ ആവശ്യമില്ലാതായിക്കഴിഞ്ഞു. പ്രതിച്ഛായ വളർത്താനും ജനങ്ങളോട് സംവദിക്കാനും അവർക്ക് വേറെ വഴികളുണ്ട് – ഇങ്ങോട്ട് ചോദ്യങ്ങൾ ചോദിക്കാത്ത ഉച്ചഭാഷിണികൾ.
എന്നാൽ, ഇത് മാത്രമല്ല പ്രശ്നം. ഈ സത്യാനന്തര കാലത്ത് സത്യം അറിയാനോ അറിയിക്കാനോ ആർക്കും താൽപര്യമില്ല. തങ്ങൾക്ക് ഇഷ്ടമുള്ളത് കേൾക്കാനും വിശ്വസിക്കാനും ഒരുങ്ങിനിൽക്കുന്ന സമൂഹവും അവർക്ക് ഇഷ്ടപ്പെട്ടവരായിത്തീരാനായി, സത്യമല്ലാത്ത മറ്റു മാർഗങ്ങൾ ധാരാളമുള്ള ഭരണാധിപരും സാമ്പ്രദായിക മാധ്യമപ്രവർത്തനത്തെ അപ്രസക്തമാക്കുന്നു. സർക്കാറിന്റെ പ്രവർത്തനം വിശദീകരിക്കാൻ മുമ്പ് മാധ്യമങ്ങൾതന്നെ വേണമായിരുന്നു. ഇന്ന് മറ്റു വഴികളുണ്ട് എന്ന് മാത്രമല്ല, സർക്കാറിന്റെ പ്രവർത്തനം വിശദീകരിക്കുക എന്നതിനു പകരം, സർക്കാറിന്റെ പ്രതിച്ഛായ പലതരത്തിൽ പൊലിപ്പിക്കുകയെന്ന ആവശ്യമാണ് മുഖ്യമായും ഉള്ളത്; പൊതുബോധത്തെ രൂപപ്പെടുത്തലും.
ഇതിന്റെ ഒരു ഉദാഹരണമാണ് ഇസ്രായേലിൽ, ജനമനസ്സുകളിൽ വെറുപ്പും യുദ്ധജ്വരവും വളർത്താൻ വ്യാപകമായി നടന്ന പോസ്റ്റർ പ്രചാരണ പരമ്പര. വസ്തുത മാത്രം നോക്കിയാൽ, 2023 ഒക്ടോബർ 7ന് ഹമാസ് നടത്തിയ പ്രത്യാക്രമണത്തിൽ മരിച്ചവരും അതിനു പകരമെന്നോണം ഇസ്രായേൽ നടത്തിയ വംശഹത്യയും തമ്മിൽ താരതമ്യമേ ഇല്ല. ഒക്ടോബർ ഏഴിന് 1200ൽ കുറവ് ഇസ്രായേലികളാണ് കൊല്ലപ്പെട്ടത്. വീടുകളും കെട്ടിടങ്ങളും കുറെ തകർക്കപ്പെട്ടു. ഫലസ്തീനികളുടെ ഭാഗത്താകട്ടെ ലക്ഷങ്ങൾ വരും സിവിലിയൻ മരണം. (ഔദ്യോഗിക കണക്ക് മുക്കാൽ ലക്ഷത്തോളം.) ഗസ്സ പാടേ നിരപ്പാക്കി.
ഒക്ടോബർ ഏഴിന് ഇസ്രായേലിൽ ആളുകൾ കൊല്ലപ്പെട്ടതും വീടുകൾ തകർക്കപ്പെട്ടതും ഹമാസിന്റെ ആക്രമണംകൊണ്ടു മാത്രമല്ല. അതിൽ കുറെയെണ്ണം ഇസ്രായേലിന്റെ തന്നെ ‘ഹാനിബൽ’ പ്രതിരോധതന്ത്രമനുസരിച്ച് ഇസ്രായേലി സേന ചെയ്തതാണ്. മരണക്കണക്കെടുത്താലും നാശനഷ്ടക്കണക്കെടുത്താലും രണ്ടുപക്ഷത്തും വലിയ അന്തരമുണ്ടെന്ന് ചുരുക്കം. എന്നാൽ, ഇസ്രായേലി സമൂഹത്തിന്റെ മനസ്സ് മറ്റൊരുതരം ആഖ്യാനത്തിലൂടെ വംശഹത്യക്കനുകൂലമായി പാകപ്പെടുത്തിയിട്ടുണ്ട്.
സ്വതന്ത്ര മാധ്യമങ്ങളെ ഗസ്സയിലേക്ക് പ്രവേശിപ്പിക്കാതെയും, അൽജസീറ പോലുള്ളവയെ ഇസ്രായേലിൽ നിരോധിച്ചും ഇസ്രായേലി ഭരണകൂടം അവിടെത്ത ജനങ്ങൾ സത്യം അറിയുന്നില്ലെന്ന് ഉറപ്പുവരുത്തി. ഒപ്പം, ഇസ്രായേലി സമൂഹത്തിൽ അപരവിദ്വേഷവും പ്രതികാര മനോഭാവവും വളർത്താൻ മറ്റു പ്രോപഗണ്ട രീതികൾ അവലംബിച്ചു.
അവയിലൊന്നാണ് വ്യാപകമായും ഇടതടവില്ലാതെയും ആ നാട്ടിൽ നടന്ന സ്റ്റിക്കർ പ്രചാരണം. ഒക്ടോബർ ഏഴിന് കൊലചെയ്യപ്പെട്ട ഇസ്രായേലി പട്ടാളക്കാരുടെ ഓർമ യുദ്ധത്തിനും വംശഹത്യക്കും ഉൗർജമാക്കി മാറ്റാൻ സഹായിച്ചു ഈ സ്റ്റിക്കർ പ്രോപഗണ്ട. യുദ്ധവീര്യം വർധിപ്പിക്കുന്ന ചിഹ്നങ്ങളും പ്രതീകങ്ങളുമാണ് ഈ സ്റ്റിക്കറുകളിൽ. ഒക്ടോബർ ഏഴിലെ ഹമാസ് ആക്രമണത്തെ, നാസികൾ ജൂതരോട് ചെയ്ത ‘ഹോളോകോസ്റ്റി’നോട് ഉപമിക്കുന്നതായിരുന്നു അവയിൽ കുറെയെണ്ണം. ഇസ്രായേലികളിൽ അരക്ഷിതബോധം വളർത്തിക്കൊണ്ട് ഇങ്ങനെ വംശഹത്യക്ക് ന്യായം സൃഷ്ടിച്ചു. സ്റ്റിക്കറുകളിലെ മുദ്രാവാക്യങ്ങൾ യുദ്ധോത്സുകത വർധിപ്പിക്കുന്നതായി. വീടുകളുടെ ബാൽക്കണികൾ തൊട്ട് വഴിയോരങ്ങളിലെ പരസ്യബോർഡുകൾ വരെ ചെറുതും വലുതുമായ സ്റ്റിക്കറുകൾ പതിക്കുക മാത്രമല്ല, സാഹചര്യത്തിനൊത്ത് അവ പുതുക്കിക്കൊണ്ടിരിക്കുകയുംചെയ്തു.
ഗസ്സയിൽ ബോംബിട്ട് തുടങ്ങിയശേഷം ഇസ്രായേലിലെ സ്റ്റിക്കറുകൾ കൂടുതൽ വ്യാപകമായി. കൊല്ലപ്പെട്ട ഇസ്രായേലി പട്ടാളക്കാരുടെ ചിത്രങ്ങൾ ബസ് സ്റ്റോപ്പുകളിലും വിളക്കുകാലുകളിലും ട്രെയിൻ പ്ലാറ്റ്ഫോമുകളിലും വെൻഡിങ് മെഷീനുകളിലും എ.ടി.എമ്മുകളിലും കടകളുടെ ചില്ലു ജനലുകളിലും കാറുകൾക്കു മുന്നിലുമൊക്കെ നിറഞ്ഞു. ഭീതിയും സങ്കടവും ഇസ്രായേലികൾക്ക് ഒരിക്കലും സ്വകാര്യ വികാരങ്ങളല്ല. അവ പോരാട്ടത്തിന് ഊർജമാക്കി മാറ്റാൻ മിക്ക സമൂഹങ്ങൾക്കും കഴിയാറുണ്ടെങ്കിലും ഇസ്രായേൽ ഈ രംഗത്ത് പ്രത്യേക ശ്രദ്ധ നൽകുന്നു. അങ്ങനെ ആയുധങ്ങൾക്കൊപ്പം, യുദ്ധോത്സുക മനസ്സ് രൂപപ്പെടുത്തുന്ന പ്രോപഗണ്ടകൂടി യുദ്ധത്തിലുപയോഗിക്കുന്നു.
ഇസ്രായേൽ ജനതയിൽ മഹാഭൂരിപക്ഷം വംശഹത്യയെ അനുകൂലിക്കുന്നവരായത് എങ്ങനെയെന്ന് അനേകം പ്രമുഖർ അത്ഭുതപ്പെട്ടിട്ടുണ്ട്. മാധ്യമങ്ങളും വാർത്തകളും വിട്ട് മുദ്രാവാക്യങ്ങളും സ്റ്റിക്കറുകളുംകൊണ്ട് രൂപപ്പെടുത്തിയ മനസ്സ് സ്വാഭാവികമായുണ്ടായതല്ല, ആസൂത്രിതമായി നിർമിച്ചെടുത്തതാണ് എന്ന് കരുതേണ്ടിവരും. ഒക്ടോബർ ഏഴിന്റെ ചരിത്ര പശ്ചാത്തലം പാടേ മറച്ചുകൊണ്ട്, ഹോളോകോസ്റ്റ് ഐതിഹ്യങ്ങൾവരെ ഉപയോഗിച്ചും നടത്തിയ കാമ്പയിൻ.
‘എ.ഐ. സ്ലോപ്പു’കൾ
മാധ്യമങ്ങൾക്ക് സമൂഹമനസ്സിനെ സ്പർശിക്കാനുള്ള കഴിവ് കുറഞ്ഞുവരുന്നു എന്നുകൂടി സൂചിപ്പിക്കുന്നുണ്ട് ഇത്. മാധ്യമങ്ങൾ നൽകുന്ന വസ്തുതകൾക്കപ്പുറം, അധികാരകേന്ദ്രങ്ങൾ പ്രചരിപ്പിക്കുന്ന ബിംബങ്ങളും മുദ്രാവാക്യങ്ങളുമാണ് സമൂഹത്തെ ചലിപ്പിക്കുന്നത്. ഇത് ആപത്കരമാണെന്ന് പറയേണ്ടതില്ല. നാസി, ഫാഷിസ്റ്റ്, സയണിസ്റ്റ് സമൂഹങ്ങളെ (അത്തരം നിരവധി ആധുനിക സമൂഹങ്ങളെ) വേറിട്ടുനിർത്തുന്നത് ഈ ‘ആൾക്കൂട്ട മനസ്സി’ന്റെ വർധിതമായ സ്വാധീനമാണ്.
ഒരുവശത്ത് തീവ്ര പ്രോപഗണ്ട, യഥാർഥ വാർത്തകൾക്ക് പകരം നിൽക്കുമ്പോൾ മറുഭാഗത്ത് സമൂഹമാധ്യമങ്ങളുടെ വ്യാപകമായ പൈങ്കിളിവത്കരണവും ആശങ്കയുണ്ടാക്കണം. ഗൗരവപ്പെട്ട ചർച്ചകളിൽനിന്ന് മുഖംതിരിച്ചുനിന്ന യുവജനങ്ങൾക്കിടയിലാണ് ‘എ.ഐ. സ്ലോപ്’ (A.I. Slop) എന്ന പുതിയ പ്രതിഭാസം തരംഗം സൃഷ്ടിച്ചുകൊണ്ടിരിക്കുന്നത്. കഴിഞ്ഞ ഒരു വർഷമായി ലോകമെങ്ങും സമൂഹമാധ്യമ അക്കൗണ്ടുകളിൽ ഇരച്ചുകയറിക്കൊണ്ടിരിക്കുന്ന നിർമിത ബുദ്ധി വിഡിയോകളാണ് ‘സ്ലോപ്പു’കൾ. വിഡിയോ ശകലങ്ങൾ. ദുഃഖിതരായ പൂച്ചകൾ; സംസാരിക്കുന്ന അരുമ മൃഗങ്ങൾ; ബീഭത്സ കഥാപാത്രങ്ങൾ; പ്രമുഖരുടെ മുഖവും മൃഗങ്ങളുടെ ഉടലുമായി കാർട്ടൂൺ ദൃശ്യങ്ങൾ; പ്രസിഡന്റ് ട്രംപ് പറന്ന് പറന്ന് എങ്ങും മാലിന്യം വിതറുന്നത്...
നിർമിതബുദ്ധി ഉപയോഗിച്ച് ആർക്കും എന്തും സൃഷ്ടിക്കാമെന്ന് വന്നതോടെ അതുതന്നെയാണ് ഇപ്പോൾ നടക്കുന്നത്. സെക്കൻഡുകൾ മാത്രം നീളുന്ന ഓരോ വിഡിയോയും കുട്ടികളും യുവാക്കളുമൊക്കെ മൊബൈൽ ഫോണിൽ കണ്ടു രസിക്കുന്ന മുറക്ക് നിർമാതാക്കളുടെ അക്കൗണ്ടിൽ പണം വന്നുവീഴുന്നു. ഓരോരുത്തരും എന്തുതരം ദൃശ്യങ്ങളാണോ കൂടുതൽ കാണുന്നത്, അത്തരം വിഡിയോകൾ അവർക്ക് കൂടുതൽ നൽകാൻ അൽഗോരിതവും പ്രവർത്തിക്കുന്നുണ്ട്. യാഥാർഥ്യത്തിൽനിന്ന് മാറി ഒരു മായിക ലോകത്തേക്ക് പ്രേക്ഷകരെ കൊണ്ടുപോകുന്ന ‘എ.ഐ. സ്ലോപ്പു’കൾക്ക് ഇന്റർനെറ്റിനെത്തന്നെ വിഴുങ്ങാൻ ശേഷിയുണ്ടെന്നുപോലും ചിലർ കരുതുന്നു.
യുവ തലമുറയെ (ജെൻ-സീയെ) സ്വാധീനിക്കാൻ പാരമ്പര്യ മാധ്യമങ്ങൾക്ക് കഴിയാതെ പോകുന്നതിനു കാരണം അവയുടെ ഉള്ളടക്കമോ അതോ അവയുടെ അവതരണരീതി (ഭാഷ)യോ? ഗൗരവപ്പെട്ട ഉള്ളടക്കം ജെൻ-സീയുടെ ഭാഷയിൽ അവതരിപ്പിക്കാനാവുമോ? ആകും എന്നും അത് ഫലപ്രദമാകും എന്നും കരുതാൻ ന്യായമുണ്ട്. സാരമുള്ള രാഷ്ട്രീയം പുതുതലമുറയുടെ ഭാഷയിലും അവതരണരീതിയിലും നൽകി വിജയിച്ച ഒരാളെങ്കിലുമുണ്ട്. അയാൾ ഇന്ന് ന്യൂയോർക് മേയറാണ്: സൊഹ്റാൻ മംദാനി.
