മനോരമയുടെയും മാതൃഭൂമിയുടെയും സത്യാന്വേഷണ പരീക്ഷണം

ഇക്കൊല്ലത്തെ ഗാന്ധിജയന്തിയും ആർ.എസ്.എസ് ജന്മവാർഷികവും ഒത്തുവന്നപ്പോൾ പത്രങ്ങൾ ഏതിനാണ് മുൻഗണന നൽകിയതെന്ന് കുറച്ചു ലക്കം മുമ്പ് ‘മീഡിയാസ്കാനിൽ’ പരാമർശിച്ചിരുന്നു. ഗാന്ധിജിയെക്കാൾ ഗാന്ധിവിരോധികളോടായിരുന്നു ഏറെ പേർക്കും അന്ന് പ്രിയം. അക്കൂട്ടത്തിൽ മാതൃഭൂമിയെയും പരാമർശിച്ചിരുന്നു. സാധാരണനിലക്ക് ഗാന്ധിജിയെ സ്വന്തമാക്കാറുള്ളവരാണ് മാതൃഭൂമി എന്നും ഓർമിപ്പിച്ചിരുന്നു. പക്ഷേ ആ ശാഠ്യം അവർ വിട്ടിട്ടില്ല. ആർ.എസ്.എസിനുവേണ്ടി മാറിക്കൊടുക്കേണ്ടി വന്നാലും, പത്രരംഗത്തെ എതിരാളികൾക്ക് ഗാന്ധിജിയെ വിട്ടുകൊടുക്കില്ലെന്ന വാശി ഇപ്പോഴുമുണ്ട്.വാശി ഉണരാൻ കാരണം ഗാന്ധിജിയുടെ ആത്മകഥയായ ‘എന്റെ...
Your Subscription Supports Independent Journalism
View Plansഇക്കൊല്ലത്തെ ഗാന്ധിജയന്തിയും ആർ.എസ്.എസ് ജന്മവാർഷികവും ഒത്തുവന്നപ്പോൾ പത്രങ്ങൾ ഏതിനാണ് മുൻഗണന നൽകിയതെന്ന് കുറച്ചു ലക്കം മുമ്പ് ‘മീഡിയാസ്കാനിൽ’ പരാമർശിച്ചിരുന്നു. ഗാന്ധിജിയെക്കാൾ ഗാന്ധിവിരോധികളോടായിരുന്നു ഏറെ പേർക്കും അന്ന് പ്രിയം. അക്കൂട്ടത്തിൽ മാതൃഭൂമിയെയും പരാമർശിച്ചിരുന്നു. സാധാരണനിലക്ക് ഗാന്ധിജിയെ സ്വന്തമാക്കാറുള്ളവരാണ് മാതൃഭൂമി എന്നും ഓർമിപ്പിച്ചിരുന്നു. പക്ഷേ ആ ശാഠ്യം അവർ വിട്ടിട്ടില്ല. ആർ.എസ്.എസിനുവേണ്ടി മാറിക്കൊടുക്കേണ്ടി വന്നാലും, പത്രരംഗത്തെ എതിരാളികൾക്ക് ഗാന്ധിജിയെ വിട്ടുകൊടുക്കില്ലെന്ന വാശി ഇപ്പോഴുമുണ്ട്.
വാശി ഉണരാൻ കാരണം ഗാന്ധിജിയുടെ ആത്മകഥയായ ‘എന്റെ സത്യാന്വേഷണ പരീക്ഷകളു’ടെ മലയാള പരിഭാഷയുടെ ശതാബ്ദി വേളയാണ്. 2025 നവംബർ 26 ബുധനാഴ്ച മലയാള മനോരമ പത്രത്തിൽ ‘മനോരമ എഡിറ്റോറിയൽ റിസർച്ചി’ന്റെ ‘ഇൻപുട്ടോ’ടെ ഒരു മൂന്നുകോളം വാർത്ത വന്നു. ‘ഗാന്ധിജിയുടെ ആത്മകഥയ്ക്ക് 100 വയസ്സ്’ എന്ന് തലക്കെട്ട്. അതിന്റെ ഉപശീർഷകം മാതൃഭൂമിയെ ശരിക്കും പ്രകോപിപ്പിച്ചെന്നു തോന്നുന്നു. അത് ഇങ്ങനെ: ‘ആദ്യ മലയാള പരിഭാഷ വന്നത് മനോരമയിൽ; മലയാള പത്രപ്രവർത്തന ചരിത്രത്തിലെ അറിയപ്പെടാത്ത ഒരേട്.’
ഒട്ടും അമാന്തിച്ചില്ല മാതൃഭൂമി. പിറ്റേന്ന്, നവംബർ 27ന്, എഡിറ്റ് പേജിൽ എട്ടുകോളം വീതിയിൽ വിശദറിപ്പോർട്ട്. തലക്കെട്ട്:
‘‘ ‘എന്റെ സത്യാന്വേഷണ പരീക്ഷകൾ’ക്ക് നൂറാണ്ടിന്റെ തിളക്കം.’’
മാതൃഭൂമി റിപ്പോർട്ട് തുടങ്ങുന്നതിങ്ങനെ: ‘‘പുസ്തകരൂപത്തിലല്ല മഹാത്മജിയുടെ ആത്മകഥ ആദ്യം പുറത്തുവരുന്നത്... ആത്മകഥ ആഴ്ചതോറും ‘‘നവജീവനി’’ൽ പ്രത്യക്ഷപ്പെടാൻ തുടങ്ങിയപ്പോൾ അതിന്റെ ഇംഗ്ലീഷ് പരിഭാഷകൾ പ്രധാനപ്പെട്ട മലയാള പത്രങ്ങളിൽ വന്നുതുടങ്ങി.’’ തുടർന്ന് പറയുന്നു: ‘‘മലയാള പരിഭാഷ പ്രസിദ്ധീകരിക്കാനുള്ള ഭാഗ്യം സിദ്ധിച്ചതു മാതൃഭൂമിക്കായിരുന്നു.’’
‘ആദ്യ മലയാള പരിഭാഷ വന്നത് മനോരമയിൽ’ എന്ന് ആ പത്രവും പരിഭാഷകൾ ഇറങ്ങിത്തുടങ്ങിയപ്പോഴേ ‘മലയാള പരിഭാഷ പ്രസിദ്ധീകരിക്കാനുള്ള ഭാഗ്യം സിദ്ധിച്ചത് മാതൃഭൂമിക്കായിരുന്നു’ എന്ന് ആ പത്രവും പറയുമ്പോൾ ആരെ വിശ്വസിക്കണം?
ചില തീയതികൾ മനോരമ നൽകുന്നുണ്ട്. ‘ഗുജറാത്തി ഭാഷയിൽ പ്രസിദ്ധീകരിച്ചിരുന്ന നവജീവനിൽ 1925 നവംബർ 25 മുതൽ ഓരോ ആഴ്ചയും ഗാന്ധിജി എഴുതി വന്ന ‘‘സത്യനാ പ്രയോഗോ അഥ് വാ ആത്മകഥ’’ അക്കാലത്തുതന്നെ മലയാളികളും സ്വന്തംഭാഷയിൽ വായിച്ചു, മലയാള മനോരമയിൽ.’
നവംബർ 25ന് നൂറു തികഞ്ഞ ആ പരിഭാഷയുടെ തീയതിയോ? മനോരമ തുടരുന്നു: ‘മലയാള വിവർത്തനത്തിന്റെ ആദ്യഭാഗം മനോരമയിൽ അച്ചടിച്ചത് 1925 ഡിസംബർ 24ന്.’
അപ്പോൾ മാതൃഭൂമി ? ആ പത്രം പറയുന്നു: ‘1926 ജനുവരി 14 മുതൽ മാതൃഭൂമിയിൽ ‘‘സത്യാന്വേഷണ പരീക്ഷകൾ’’ ഖണ്ഡശഃ പ്രസിദ്ധീകരിക്കാൻ തുടങ്ങി.’
മനോരമയിൽ 1925 ഡിസംബറിൽ വന്നു തുടങ്ങിയെങ്കിൽ, 1926 ജനുവരിയിൽ മാതൃഭൂമിയിൽ വന്നതെങ്ങനെ ആദ്യത്തേതാകും?
മനോരമ പറയുന്നത് നേരല്ലെന്ന് പറയാതെ പറയുകയാണോ മാതൃഭൂമി, ‘മലയാള പരിഭാഷ പ്രസിദ്ധീകരിക്കാനുള്ള ഭാഗ്യം സിദ്ധിച്ചത്’ തങ്ങൾക്കാണെന്ന് ശഠിക്കുന്നതിലൂടെ?
അതോ പരിഭാഷക്കുള്ള അനുമതി മാതൃഭൂമിക്കായിരുന്നെന്നും അതില്ലാതെ തന്നെ മനോരമ ഒരുമാസം മുമ്പ് പ്രസിദ്ധപ്പെടുത്തൽ തുടങ്ങിയെന്നുമാകുമോ ഉദ്ദേശ്യം?
‘എന്റെ സത്യാന്വേഷണ സംരംഭം’ എന്നാണ് മനോരമ റിപ്പോർട്ടിനൊപ്പം ചേർത്ത പഴയ പുസ്തകത്തലക്കെട്ട്. മാതൃഭൂമിയുടേത് ‘സത്യാന്വേഷണ പരീക്ഷകൾ’ എന്നും. മനോരമ പരിഭാഷകനെ പരാമർശിക്കുന്നില്ല. തങ്ങളുടെ പരിഭാഷകൻ ‘കെ. മാധവനാർ’ (കെ. മാധവൻ നായർ) ആയിരുന്നെന്ന് മാതൃഭൂമി.
മാതൃഭൂമിക്ക് ഗാന്ധിജി അനുവാദം നൽകിയ കാര്യം അവർ എടുത്തുപറയുന്നുണ്ട്: പത്രത്തിന്റെ നായകന്മാർ ‘വൈക്കം സത്യാഗ്രഹവുമായി ബന്ധപ്പെട്ട് മഹാത്മജിയുമായി നേരിട്ടും കത്തുകൾ മുഖേനയും നിരന്തരം ബന്ധപ്പെട്ടിരുന്നു. അതിനാൽ അദ്ദേഹത്തിന്റെ ആത്മകഥ മാതൃഭൂമിയിൽ പ്രസിദ്ധീകരിക്കാനുള്ള അനുവാദം ലഭിക്കാൻ പ്രയാസമുണ്ടായില്ല.’ മാതൃഭൂമിക്ക് അനുവാദം നൽകിയതിന് തെളിവുണ്ടോ? അവർ എഴുതുന്നു: ‘‘പ്രസിദ്ധീകരണവുമായി ബന്ധപ്പെട്ട് ഗാന്ധിജിയുമായി രേഖാമൂലം ഒരു കരാറും ഉണ്ടാക്കിയിരുന്നില്ല. ഇതുസംബന്ധിച്ച് കുറൂർ നമ്പൂതിരിപ്പാട് സൂചിപ്പിച്ചപ്പോൾ ‘മാതൃഭൂമി എന്റെ ആശയമല്ലേ, രേഖകൾക്കും അപ്പുറമല്ലേ സത്യം’ എന്നായിരുന്നുവത്രെ മഹാത്മാവിന്റെ മറുപടി.’’
ഗാന്ധിജിയുടെ അനുവാദത്തോടെയുള്ള പരിഭാഷ എന്ന ആധികാരികത അവകാശപ്പെടുന്ന മാതൃഭൂമി പ്രസിദ്ധീകരണം തുടങ്ങുന്നതിനു മുമ്പ് തന്നെ മനോരമയിൽ പരിഭാഷ വന്നുതുടങ്ങി എന്ന് മനോരമയുടെ വാദം സൂചിപ്പിക്കുന്നു. പിന്നെ, മാതൃഭൂമിയിലാണ് ഗാന്ധിജി സന്ദർശനം നടത്തിയത് എന്ന് മാതൃഭൂമി എടുത്തുപറയുന്നുണ്ട്. ‘‘ഗാന്ധി ജീവിതമെന്ന വിസ്‍മയം മനോരമയിലൂടെ മലയാളികൾ വായിച്ചറിയുന്നതിനിടെ 1927ൽ മഹാത്മാഗാന്ധി കേരളം സന്ദർശിച്ചിരുന്നു’’ എന്ന മനോരമ പരാമർശത്തിന് മറുപടിയെന്നോണം മാതൃഭൂമിയിൽ ഇങ്ങനെ കാണാം: ‘‘1934 ജനുവരി 13-ന് വൈകീട്ട് അഞ്ചരമണിക്ക് മഹാത്മാ ഗാന്ധി മാതൃഭൂമി സന്ദർശിച്ചു. ഗാന്ധിജി കേരളത്തിൽ സന്ദർശിച്ച ഒരേയൊരു പത്രസ്ഥാപനവും മാതൃഭൂമിയാണ്.’’ ഗംഭീരം തന്നെ വാദവും മറുവാദവും. ഗാന്ധിജയന്തിക്ക് ഈ വീറും വാശിയും രണ്ട് പത്രത്തിലും കണ്ടില്ലെന്ന നിരാശ ബാക്കി.
നേരേത്, നുണയേത്?
നുണയന്റെ ലാഭം (Liar's Dividend) എന്നൊരു പ്രയോഗമുണ്ട്. നുണ നിറഞ്ഞ സമൂഹത്തിൽ, കള്ളനും നുണയനും പിടിക്കപ്പെട്ടാൽ അവർ പറയും തെളിവെല്ലാം കെട്ടിച്ചമച്ചതാണെന്ന്. നുണ നിറഞ്ഞ അന്തരീക്ഷം നുണയൻമാർക്കുതന്നെ പ്രയോജനംചെയ്യുന്ന അവസ്ഥ. ഇന്നത്തെ അനേകം നേതാക്കൾ ഈ ലാഭം കൊയ്യുന്നവരാണ്. വ്യാജ വാർത്തക്കാർ (Fake News) എന്നു പറഞ്ഞാണല്ലോ യു.എസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ് തനിക്കെതിരെ (ശരിയായ) ആരോപണമുന്നയിക്കുന്നവരെ നേരിടാറുള്ളത്. വസ്തുതാ പരിശോധകർക്ക് ഇരട്ടിപ്പണിയാകും എന്നർഥം.
നിർമിതബുദ്ധിയും (എ.ഐ) ‘ഡീപ് ഫേക്ക്’ വിഡിയോകളും ഈ സാഹചര്യം ശക്തിപ്പെടുത്തിയിട്ടുണ്ട്. സഭ്യമല്ലാത്ത കാര്യങ്ങൾ പ്രസംഗിച്ചശേഷം അതിന്റെ വിഡിയോ പ്രചരിച്ചാൽ അത് എ.ഐ സൃഷ്ടിയാണെന്നു പറഞ്ഞ് ഒഴിഞ്ഞുമാറുന്ന വിരുതന്മാരുണ്ട്. ദേശീയ സുരക്ഷാ ഉപദേഷ്ടാവ് (എൻ.എസ്.എ) അജിത് ഡോവൽ ഈയിടെ ഒരു വിവാദത്തിൽ കുടുങ്ങി. ഡൽഹി ചെങ്കോട്ട ഭീകരാക്രമണത്തിനു പിന്നാലെ പാക് രഹസ്യാന്വേഷണ ഏജൻസിയായ ഐ.എസ്.ഐ (ഇന്റർ-സർവിസസ് ഏജൻസി)യുടെ പങ്കിനെപ്പറ്റി അഭ്യൂഹങ്ങൾ പരന്നു. ആ സന്ദർഭത്തിൽ ആരോ സമൂഹമാധ്യമങ്ങളിൽ അജിത് ഡോവലിന്റെ പഴയൊരു പ്രസംഗഭാഗം വിഡിയോ പോസ്റ്റായി എടുത്തിട്ടു. ഐ.എസ്.ഐയിൽ മുസ്‍ലിംകളെക്കാൾ ഹിന്ദുക്കളാണ് റിക്രൂട്ട് ചെയ്യപ്പെടുന്നത് എന്നാണ് അതിലദ്ദേഹം പറയുന്നത്.

അജിത് ഡോവൽ അത് നിഷേധിച്ചു. താൻ അങ്ങനെ പറഞ്ഞിട്ടില്ല; ആ പ്രഭാഷണ വിഡിയോ ഡീപ് ഫേക്കാണ്. എന്നാൽ, ആൾട്ട് ന്യൂസ് എന്ന വസ്തുതാ പരിശോധക സ്ഥാപനം ഇത് ഫാക്ട് ചെക്ക് ചെയ്തു. 2014 മാർച്ച് 11ന് ആസ്ട്രേലിയ ഇന്ത്യ ഇൻസ്റ്റിറ്റ്യൂട്ട് സംഘടിപ്പിച്ച പ്രഭാഷണ പരിപാടിയിൽ അദ്ദേഹം അങ്ങനെ പറഞ്ഞതായി കണ്ടെത്തി. ഭീകരതക്കെതിരെ ഇന്ത്യയുടെ പ്രതികരണമെന്തെന്ന ചോദ്യത്തിന് അദ്ദേഹം അന്ന് പറഞ്ഞു: ‘‘ഇന്ത്യയിലെ മുസ്‍ലിംകൾ പൊതുവെ ഭീകരതക്കെതിരാണ്. ഭീകരതയുടെ ഇരകളിൽ 90 ശതമാനവും മുസ്‍ലിംകളാണ്.’’ അദ്ദേഹം തുടർന്നു: ‘‘ചെറിയൊരു കാര്യം പറയട്ടെ... ഇന്ത്യയിൽ ചാരപ്പണിക്കായി ഐ.എസ്.ഐ റിക്രൂട്ട് ചെയ്തവരിൽ മുസ്‍ലിംകളെക്കാൾ കൂടുതൽ ഹിന്ദുക്കളാണ്. 1947 മുതലുള്ള 4000ത്തിലധികം പേരിൽ 20 ശതമാനം പോലും മുസ്‍ലിംകളല്ല... മുസ്‍ലിംകളെ നാം ഒപ്പം ചേർത്ത് നിർത്തും; ഇന്ത്യയെ മഹത്തായ രാഷ്ട്രമാക്കും.’’
വിവാദമാക്കേണ്ട ഒന്നും ഇതിലില്ലെങ്കിലും ഭീകരാക്രമണത്തിന്റെ പശ്ചാത്തലത്തിൽ അതിന്റെ ക്ലിപ്പ് പലർക്കും ഇഷ്ടപ്പെട്ടില്ല. കൗതുകം അതല്ല; അത് വ്യാജ നിർമിതിയാണെന്ന് ന്യൂസ് 18 ചാനലിനോട് ഡോവൽ പറഞ്ഞ ഉടനെ കുറെ മാധ്യമങ്ങൾ അത് ഏറ്റുപിടിച്ചു. വ്യാജസാധ്യത ഇവിടെ നേർവാർത്തയെത്തന്നെ കളിയാക്കി –ഫാക്ട്ചെക്ക് ചെയ്യുംവരെ. ഫാക്ട് ചെക്ക് കൊണ്ടും ഫലം ചെയ്യാത്ത മറ്റൊരു ‘നുണയന്റെ ലാഭം’ കാലാവസ്ഥാ പ്രതിസന്ധിയെപ്പറ്റിയുള്ളതാണ്. ട്രംപ് അതിൽനിന്ന് വിട്ടുനിൽക്കാൻ കാരണം പറഞ്ഞത്, കാലാവസ്ഥ പ്രതിസന്ധി എന്ന വർത്തമാനം തന്നെ വ്യാജ നിർമിതിയാണെന്നാണ്. 70കളിൽ ആഗോള ശീതീകരണം (global cooling) പറഞ്ഞവർ ഇപ്പോൾ താപനമെന്ന് (global warming) പറയുന്നെന്ന്. വാസ്തവത്തിൽ ട്രംപ് നുണയെന്ന് പറയുന്നത് നേരും നേരെന്ന് പറഞ്ഞ ‘ശീതീകരണ’ വാദം നടന്നിട്ടില്ലാത്തതുമാണ്. നുണയും നേരും കലർത്തി നേരിന് വിലയില്ലാതാക്കി, നുണക്ക് ലാഭമുണ്ടാക്കുന്നു അനേകം ലോക നേതാക്കൾ.
