Begin typing your search above and press return to search.
proflie-avatar
Login

സൈന്യത്തിന്റെ അശക്തി വാർത്തയാക്കാമോ?

സൈന്യത്തിന്റെ അശക്തി   വാർത്തയാക്കാമോ?
cancel

വാഷിങ്ടൺ പോസ്റ്റ് വീണ്ടും യു.എസ് ഭരണകൂടത്തെ കുലുക്കിയിരിക്കുന്നു. 1970കളിലെ ‘വാട്ടർഗേറ്റ്’ റിപ്പോർട്ടുകളുടെയത്ര വരില്ലെങ്കിലും ഇപ്പോൾ വീണ്ടും പോസ്റ്റ് മറ്റൊരു സർക്കാർ രഹസ്യം പൊളിച്ചിരിക്കുന്നു. തുർക്കിയയിലെ നാറ്റോ ഉച്ചകോടിയിൽനിന്ന് മടങ്ങുമ്പോൾ, കൂടെയുള്ളവരെ അപകടസാധ്യതയുള്ള വിമാനത്തിലുപേക്ഷിച്ച് പ്രസിഡന്റ് ട്രംപ് ‘‘കള്ളവണ്ടി’’യിൽ യാത്രചെയ്തു എന്നതാണത്. ആഗസ്റ്റ് 10ന് പോസ്റ്റ് പുറത്തുവിട്ട വാർത്ത, ട്രംപ് സർക്കാറിന്റെ ഒളിച്ചുകളിയും യു.എസ് ഇന്റലിജൻസിന്റെ വീഴ്ചയും ഇസ്രായേലിന്റെ ഇടപെടലുമെല്ലാം പൊതുചർച്ചയിലെത്തിച്ചു. വാസ്തവത്തിൽ ന്യൂയോർക് ടൈംസിന് ഈ സ്കൂപ്പിന്റെ വാലറ്റം...

Your Subscription Supports Independent Journalism

View Plans

വാഷിങ്ടൺ പോസ്റ്റ് വീണ്ടും യു.എസ് ഭരണകൂടത്തെ കുലുക്കിയിരിക്കുന്നു. 1970കളിലെ ‘വാട്ടർഗേറ്റ്’ റിപ്പോർട്ടുകളുടെയത്ര വരില്ലെങ്കിലും ഇപ്പോൾ വീണ്ടും പോസ്റ്റ് മറ്റൊരു സർക്കാർ രഹസ്യം പൊളിച്ചിരിക്കുന്നു. തുർക്കിയയിലെ നാറ്റോ ഉച്ചകോടിയിൽനിന്ന് മടങ്ങുമ്പോൾ, കൂടെയുള്ളവരെ അപകടസാധ്യതയുള്ള വിമാനത്തിലുപേക്ഷിച്ച് പ്രസിഡന്റ് ട്രംപ് ‘‘കള്ളവണ്ടി’’യിൽ യാത്രചെയ്തു എന്നതാണത്.

ആഗസ്റ്റ് 10ന് പോസ്റ്റ് പുറത്തുവിട്ട വാർത്ത, ട്രംപ് സർക്കാറിന്റെ ഒളിച്ചുകളിയും യു.എസ് ഇന്റലിജൻസിന്റെ വീഴ്ചയും ഇസ്രായേലിന്റെ ഇടപെടലുമെല്ലാം പൊതുചർച്ചയിലെത്തിച്ചു. വാസ്തവത്തിൽ ന്യൂയോർക് ടൈംസിന് ഈ സ്കൂപ്പിന്റെ വാലറ്റം കിട്ടിയതായിരുന്നു. ജൂലൈ 7, 8 തീയതികളിലായിരുന്നു തുർക്കിയയിലെ അങ്കാറയിൽ 36ാമത് നാറ്റോ ഉച്ചകോടി. ട്രംപ് അങ്ങോട്ട് പോയത് ഖത്തർ സമ്മാനിച്ച വിമാനത്തിലാണ്. പക്ഷേ, മടങ്ങുക തന്റെ ‘എയർഫോഴ്സ് വൺ’ എന്ന വിമാനത്തിലാകുമെന്ന് തൊട്ടുമുമ്പ് ട്രംപ് ‘ട്രൂത്ത് സോഷ്യലി’ലൂടെ അറിയിച്ചു. അതവിടെ തീരുമായിരുന്നു.

പക്ഷേ, ഉദ്യോഗസ്ഥരിലാരോ ഒരു രഹസ്യം ടൈംസിന് ചോർത്തിക്കൊടുത്തു. ഖത്തർ നൽകിയ വിമാനത്തിൽ, മറ്റേ വിമാനത്തിന്റെയത്ര സുരക്ഷാ സംവിധാനങ്ങളില്ലെന്ന് കണ്ടതാണത്രെ വിമാനം മാറ്റാൻ കാരണം.

ടൈംസ് അത് വാർത്തയാക്കി (ജൂലൈ 8). അതിനപ്പുറത്തേക്ക് അവരുടെ ചിന്ത പോകാതിരുന്നത് അവർക്ക് നഷ്ടവും പിന്നീട് പോസ്റ്റിന് നേട്ടവുമായി. അങ്കാറയിലേക്ക് പോയത് സുരക്ഷാസംവിധാനമില്ലാത്ത വിമാനത്തിലായിരുന്നോ? പോകുമ്പോഴില്ലാത്ത എന്ത് പ്രശ്നമാണ് മടങ്ങുമ്പോഴുണ്ടായത്? –ഈ ചോദ്യങ്ങൾ ഉയരേണ്ടതായിരുന്നു.

ടൈംസിൽ വന്ന വാർത്തതന്നെ സർക്കാറിൽ അങ്കലാപ്പുണ്ടാക്കി. സർക്കാറിന്റെ അതിരുവിട്ട പ്രതികരണം പരിഭ്രാന്തിയുടെ സൂചനയായി. ആരാണ് രഹസ്യം ചോർത്തിക്കൊടുത്തതെന്ന് കണ്ടെത്താനായി ശ്രമം. ടൈംസിന് നൽകിയ ‘‘സബ്പീന’’ ഉത്തരവിൽ, ബന്ധപ്പെട്ട റിപ്പോർട്ടർമാരോട് നേരിട്ട് ഹാജരായി മൊഴി നൽകാൻ കൽപിച്ചു. ഇതിനെതിരെ ടൈംസ് കോടതിയെ സമീപിച്ചു. ജഡ്ജി അരുൺ സുബ്രഹ്മണ്യം പത്രത്തിനനുകൂലമായി വിധിച്ചു.

വലിയൊരു രഹസ്യത്തിന്റെ അറ്റം മാത്രമാണ് ഖത്തർ വിമാനത്തെപ്പറ്റി വന്ന വിവരമെന്ന് തിരിച്ചറിയുന്നതിൽ ടൈംസ് പരാജയപ്പെട്ടു. ആ വീഴ്ചയിൽനിന്ന് മുതലെടുക്കാൻ ​പോസ്റ്റിന് സാധിക്കുകയും ചെയ്തു.

പോസ്റ്റിനും തുണയായത് സർക്കാറിൽനിന്ന് ചോർന്നുകിട്ടിയ ഒരു സൂചനതന്നെ. ഖത്തർ വിമാനത്തിനു പകരം ‘എയർഫോഴ്സ് വൺ’ എന്ന ​ട്രംപിന്റെ അറിയിപ്പ് പോലും നുണയായിരുന്നു. മൂന്നാമതൊരു വിമാനത്തിൽ അദ്ദേഹം മാറിക്കയറിയിരുന്നു. അത് മറച്ചുവെക്കുകയും ചെയ്തു. ഇത് റിപ്പോർട്ട് ചെയ്യുംമുമ്പ് നൂറുശതമാനം തീർച്ചവരുത്താൻ പത്രം തീരുമാനിച്ചു.

ഡാൻ ലമോത്ത്, വാറൻ സ്ട്രോബൽ, ജോൺ ഹഡ്സൺ എന്നീ റിപ്പോർട്ടർമാർ വിഷയം ഏറ്റെടുത്തു. അനേകം പേരുമായി നേരിട്ട് സംസാരിച്ചു. ദൃശ്യങ്ങൾ പരിശോധിച്ചു. വിമാനത്താവളത്തിൽനിന്ന് സഞ്ചാരവിവരങ്ങൾ ശേഖരിച്ചു. വൈറ്റ്ഹൗസിലെ വിവരങ്ങൾ നോക്കി. ട്രംപിന് മാറിക്കയറാൻ പാകത്തിൽ എയർഫോഴ്സ് വണിനോട് ചേർത്തുനിർത്തിയിരുന്ന ഭക്ഷണ ട്രക്കിന്റെ വിഡിയോ നോക്കി. അന്വേഷണത്തിനൊടുവിൽ ചിത്രം വ്യക്തമായി.

എയർഫോഴ്സ് വണിലാകും തന്റെ മടക്കയാത്രയെന്ന് മുൻകൂട്ടി വിളംബരം ചെയ്തിരുന്ന ട്രംപ്, കാമറകൾക്കെല്ലാം മുഖംകൊടുത്ത് അതിൽ കയറുന്നു. എന്നാൽ, വിമാനത്തിലെ സീറ്റിലേക്കല്ല അദ്ദേഹം പോയത്. മറുവശത്ത് തുറന്നുകിടന്ന ഭക്ഷണ ട്രക്കിലേക്കാണ്. ആ സമയത്ത് ട്രംപ് സർക്കാറിലെ പ്രമുഖരും മാധ്യമപ്രതിനിധികളും സീറ്റിൽ ഇരുന്നുകഴിഞ്ഞിരുന്നു; അവരോട് ജനാലകളുടെ മൂടി താഴ്ത്തിയിടാനും പറഞ്ഞിരുന്നു.

ട്രംപ് കയറിയ ട്രക്ക് കുറച്ചപ്പുറത്തുള്ള മൂന്നാം വിമാനത്തിലേക്ക് പോകുന്നു; ആരും കാണാതെ അദ്ദേഹം അതിലേക്ക് ഒളിച്ചുകടക്കുന്നു. രണ്ടു വിമാനങ്ങളും ബ്രിട്ടനിലെ വിമാനത്താവളത്തിലേക്ക് പറക്കുന്നു. അവിടെ എയർഫോഴ്സ് വണിൽനിന്ന് ‘‘ട്രംപ്’’ അടക്കം ഇറങ്ങി. അത് പക്ഷേ യഥാർഥ ട്രംപല്ല, അദ്ദേഹത്തെപോലെ തോന്നിപ്പിച്ച രഹസ്യാന്വേഷണ ഏജന്റായിരുന്നത്രെ. അവിടെവെച്ച് ഏതായാലും ട്രംപ് മൂന്നാം വിമാനത്തിൽനിന്ന് എയർഫോഴ്സ് വണിലേക്ക് മാറിക്കയറി. യു.എസിലെത്തുമ്പോഴേക്കും എല്ലാം ഭദ്രം.

 

ഈ ഒളിച്ചുകളി ശരിക്കും നടന്നതാണെന്ന് പോസ്റ്റ് റിപ്പോർട്ടർമാർക്ക് ഉറപ്പായി. പക്ഷേ എന്തിന്? അതിന്റെ ഉത്തരം നേരത്തേ കിട്ടിയതാണ്. ട്രംപിന്റെ ജീവന് ഇറാന്റെ ഭീഷണിയുള്ളതായി സി.ഐ.എ അറിയിച്ചിരുന്നു. ഈ മുന്നറിയിപ്പിനെപ്പറ്റിയായിരുന്നല്ലോ ടൈംസ് നേരത്തേ റിപ്പോർട്ട് ചെയ്തിരുന്നത്. അതിനപ്പുറം, ഭീഷണി നേരിടുന്ന വിമാനത്തിൽ തന്റെ മിക്ക സഹയാത്രികരെയും ഉപേക്ഷിച്ച് ട്രംപ് സ്വന്തം രക്ഷനോക്കി എന്നും എല്ലാം പരമരഹസ്യമായിരുന്നു എന്നും കണ്ടെത്തിയത് പോസ്റ്റാണ്.

ഡാൻലമോത്ത് ഒരു തുടർ റിപ്പോർട്ട് കൂടി ചെയ്തു: സി.ഐ.എക്ക് ‘‘ഇറാൻ ഭീഷണി’’യെപ്പറ്റി സൂചനകൊടുത്തത് ഇസ്രായേലാണ്. സി.ഐ.എക്ക് അതിൽ വിശ്വാസമുണ്ടായിരുന്നില്ല. കിട്ടിയ വിവരം വേണ്ടപ്പെട്ടവരെ അറിയിച്ചെന്നുമാത്രം. അതാണ് പരിഹാസ്യമായ ഒരു ട്രംപ് നാടകമായി ഉരുത്തിരിഞ്ഞത്. ഇസ്രായേൽ എപ്രകാരം യു.എസിനെ വ്യാജവിവരങ്ങൾകൊണ്ട് വഴിതെറ്റിക്കുന്നു എന്നുകൂടി തെളിയിക്കുന്നു.

യുദ്ധത്തിൽ രാജ്യത്തിന് ക്ഷീണം

വാഷിങ് പോസ്റ്റിലെ ഡാൻ ലമോത്തിന്റെ മറ്റൊരു റിപ്പോർട്ട് ഇതിനു തൊട്ടുമുമ്പ് യു.എസ് അധികൃതരെ അലോസരപ്പെടുത്തിയിരുന്നു. ഇറാനുമായുള്ള യുദ്ധത്തിൽ അമേരിക്ക അതിന്റെ അവശ്യ ആയുധശേഖരത്തിൽ ഏറെയും ഉപയോഗിച്ച് തീർത്തു എന്നായിരുന്നു അത്.

ടോമഹോക് മിസൈൽ, പേട്രിയട്ട് ഇന്റർസെപ്റ്റർ തുടങ്ങി പല അത്യാവശ്യ യുദ്ധക്കോപ്പുകളും വേണ്ടത്ര തോതിലും നന്നേ കുറവാണെന്നറിഞ്ഞ് ട്രംപ് പ്രതിരോധ സെക്രട്ടറി പീറ്റ് ഹെഗ്സെത്തിനോട് കോപിച്ചതായും പോസ്റ്റ് വെളിപ്പെടുത്തി. താനറിയുന്നതിനു മുമ്പേ മാധ്യമങ്ങൾ അറിഞ്ഞതിലും അദ്ദേഹം അരിശംകൊണ്ടു. ആയുധശേഖരം​ ശോഷിച്ചതായി ആറ് ഉദ്യോഗസ്ഥർ പറഞ്ഞത്രെ. വാർത്ത അധികൃതർ നിഷേധിച്ചു. എന്നാൽ, ‘‘ഔദ്യോഗിക രഹസ്യങ്ങൾ ചോർത്തിയവർ’’ക്കെതിരെ അന്വേഷണമുണ്ടാകുമെന്ന ഹെഗ്സെത്തിന്റെ പ്രഖ്യാപനം തന്നെ ഒരർഥത്തിൽ കാര്യം സമ്മതിക്കലുമായി.

പോസ്റ്റിന്റെ ഈ റിപ്പോർട്ടും വലിയ കോളിളക്കമുണ്ടാക്കി. അന്ന് വൈറ്റ്ഹൗസ് പ്രസ് സെക്രട്ടറിയാണ് കാര​ലൈൻ ലെവിറ്റ്. (ട്രംപ് തന്നെ ‘‘ഇറാൻ ലക്ഷ്യമിട്ട’’ വിമാനത്തിൽ ഉപേക്ഷിച്ചതിന്റെ പിറ്റേന്ന് അവർ രാജിക്കത്ത് കൊടുത്തു.) ആയുധശോഷണമറിഞ്ഞ് ട്രംപ് ക്രുദ്ധനായെന്ന വാർത്ത അവർ അപ്പാടെ നിഷേധിച്ചു. ഹെഗ്സെത്തിനോട് വിരോധമുള്ളവരുടെ സൃഷ്ടിയാണ് വാർത്ത എന്നായിരുന്നു അവരുടെ വിശദീകരണം.

പോസ്റ്റിന്റെ വാർത്തയോ വൈറ്റ്ഹൗസിന്റെ നിഷേധമോ സത്യം? സാഹചര്യത്തെളിവുകൂടി നോക്കാം. ഈ വാർത്ത പുറത്തുവരുന്നതിന് ദിവസങ്ങൾക്കു മുമ്പ് സി.എൻ.എന്നിൽ ഒരു വാർത്തവന്നു. യു.എസ് സൈന്യത്തിന്റെ ഇന്റർസെപ്റ്റർ ശേഖരത്തിന്റെ അഞ്ചിൽ നാലും ഇറാൻ യുദ്ധത്തിൽ ഉപയോഗിച്ചുതീർന്നതായി യു.എസ് ഉദ്യോഗസ്ഥർ തന്നെ പറഞ്ഞു എന്നായിരുന്നു അത്. അന്ന് ആ വാർത്ത ഹെഗ്സെത്ത് നിഷേധിച്ചു. സി.എൻ.എൻ കള്ളംപറയുന്നു എന്നായിരുന്നു അദ്ദേഹം സമൂഹമാധ്യമത്തിൽ വാദിച്ചത്. രണ്ടു മാധ്യമങ്ങൾ, സർക്കാറിലെതന്നെ വ്യത്യസ്ത ഉറവിടങ്ങളെ ഉദ്ധരിച്ച് പ്രസിദ്ധപ്പെടുത്തിയ വാർത്ത ഒരു നിഷേധംകൊണ്ട് മറയ്ക്കാനാകുമോ?

അമേരിക്കയുടെ ‘‘സമാധാനക്കരാറും’’ വെടിനിർത്തലും പിന്മാറ്റവുമെല്ലാം നിവൃത്തികേടിൽനിന്നുണ്ടായതാണ് എന്നർഥം. ഇറാൻ അമേരിക്കയുടെ സൈനികശേഷിയുടെ തലയരിഞ്ഞു എന്നുകൂടിയാണ് ഇതിനർഥം. യു.എസ് മാധ്യമങ്ങളുടെ ഈ അന്വേഷണത്വരയെ പ്രശംസിക്കാതെ വയ്യ. പക്ഷേ, ഇവിടെ മറ്റൊരു വിഷയംകൂടി എടുത്തുപറയേണ്ടതുണ്ട്. മാധ്യമ റിപ്പോർട്ടുകളെ നേരിടാൻ യു.എസ് സർക്കാർ ആവുന്നത്ര ശ്രമിച്ചു. എന്നാൽ, പൊതുസമൂഹവും ജുഡീഷ്യറിയും ഇടപെട്ട് മാധ്യമസ്വാതന്ത്ര്യം സംരക്ഷിച്ചു.

ഇതേ കാര്യം ഇങ്ങ് ഇന്ത്യയിലാണെങ്കിലോ? യുദ്ധവേളയിൽ സൈന്യത്തിനു പിണഞ്ഞ പിഴവോ വീഴ്ചയോ റിപ്പോർട്ട് ചെയ്യാൻ മാധ്യമങ്ങൾക്കാവുമോ? റിപ്പോർട്ട് ചെയ്താൽ സർക്കാർ ‘‘മാധ്യമസ്വാതന്ത്ര്യ’’ത്തിന് അനുമതി നൽകി അടങ്ങിയിരിക്കുമോ? ജുഡീഷ്യറി മാധ്യമങ്ങൾക്ക് തുണയാകുമോ?

News Summary - Trump's Secret Escape From NATO