Begin typing your search above and press return to search.
proflie-avatar
Login

യഥാർഥ തെറ്റിനല്ല ബി.ബി.സി അടിവാങ്ങിയത്

യഥാർഥ തെറ്റിനല്ല ബി.ബി.സി  അടിവാങ്ങിയത്
cancel

ബ്രിട്ടീഷ് ബ്രോഡ്കാസ്റ്റിങ് കോർപറേഷൻ (ബി.ബി.സി) വലിയ കുടുക്കിലാണ്. ഒരു ഭാഗത്ത് യു.എസ് പ്രസിഡന്റ് ട്രംപിന്റെ മാനനഷ്ടക്കേസ് ഭീഷണി. മറുഭാഗത്ത് ബി.ബി.സി ചെയർമാൻ സമീർ ഷായുടെ വക കുറ്റസമ്മതം. പോരെങ്കിൽ രണ്ട് ഉന്നതർ രാജിവെക്കുകയുംചെയ്തു –ഡയറക്ടർ ജനറൽ ടിം ഡേവിയും ബി.ബി.സി ന്യൂസ് സി.ഇ.ഒ ഡെബോറ ടേണസും. സംഭവങ്ങളുടെ നാൾവഴി ഇങ്ങനെ: 2020 ജനുവരി. പ്രസിഡന്റ് തെരഞ്ഞെടുപ്പിൽ ജോ ബൈഡൻ ട്രംപിനെ തോൽപിച്ചിരിക്കുന്നു. ​എന്നാൽ, ട്രംപ് തെരഞ്ഞെടുപ്പ് കൃത്രിമം ആരോപിച്ച് അനുയായികളെ ഇളക്കിവിടുന്നു. യു.എസ് പാർലമെന്റ് മന്ദിരമായ കാപിറ്റളിനു (Capitol) മുമ്പാകെ ട്രംപ് ഭക്തർ ഉന്മത്തരായി ഒത്തുകൂടുന്നു. ട്രംപ് അവരോട്,...

Your Subscription Supports Independent Journalism

View Plans

ബ്രിട്ടീഷ് ബ്രോഡ്കാസ്റ്റിങ് കോർപറേഷൻ (ബി.ബി.സി) വലിയ കുടുക്കിലാണ്.

ഒരു ഭാഗത്ത് യു.എസ് പ്രസിഡന്റ് ട്രംപിന്റെ മാനനഷ്ടക്കേസ് ഭീഷണി. മറുഭാഗത്ത് ബി.ബി.സി ചെയർമാൻ സമീർ ഷായുടെ വക കുറ്റസമ്മതം. പോരെങ്കിൽ രണ്ട് ഉന്നതർ രാജിവെക്കുകയുംചെയ്തു –ഡയറക്ടർ ജനറൽ ടിം ഡേവിയും ബി.ബി.സി ന്യൂസ് സി.ഇ.ഒ ഡെബോറ ടേണസും.

സംഭവങ്ങളുടെ നാൾവഴി ഇങ്ങനെ:

2020 ജനുവരി. പ്രസിഡന്റ് തെരഞ്ഞെടുപ്പിൽ ജോ ബൈഡൻ ട്രംപിനെ തോൽപിച്ചിരിക്കുന്നു. ​എന്നാൽ, ട്രംപ് തെരഞ്ഞെടുപ്പ് കൃത്രിമം ആരോപിച്ച് അനുയായികളെ ഇളക്കിവിടുന്നു. യു.എസ് പാർലമെന്റ് മന്ദിരമായ കാപിറ്റളിനു (Capitol) മുമ്പാകെ ട്രംപ് ഭക്തർ ഉന്മത്തരായി ഒത്തുകൂടുന്നു. ട്രംപ് അവരോട്, തെരഞ്ഞെടുപ്പ് അംഗീകരിക്കാതെ കലാപത്തിന് ആഹ്വാനം ചെയ്യുന്നു. എല്ലാം മാധ്യമങ്ങളിൽ വാർത്തയാകുന്നു. പിന്നീട്, ട്രംപിനെതിരായും ഇസ്രായേലിനെതി​രായും ബി.ബി.സി പക്ഷപാതം കാട്ടി എന്നാരോപിച്ച് മൈക്കൽ പ്രസ്കോട്ട് എന്നയാൾ ഫയൽ തയാറാക്കി ബി.ബി.സി അധികൃതർക്ക് സമർപ്പിക്കുന്നു.

ഈ പ്രസ്കോട്ട്, ബി.ബി.സിയുടെ സ്വതന്ത്ര ഉപദേഷ്ടാവ് എന്ന പദവിയിലിരിക്കുന്നയാളാണ്. റൂപർട്ട് മർഡോക്കിന്റെ സൺഡേ ടൈംസിലായിരുന്നു മുമ്പ്. വലതുപക്ഷക്കാരൻ. ഇസ്രായേൽ അനുകൂലി. അദ്ദേഹം സമർപ്പിച്ച രഹസ്യ ഫയൽ ആരോ വലതുപക്ഷ പത്രമായ ഡെയ്‍ലി ടെലിഗ്രാഫിന് ചോർത്തിക്കൊടുക്കുന്നു. ഗസ്സ വംശഹത്യയുടെ റി​പ്പോർട്ടുകൾ കാട്ടി, ബി.ബി.സി ഇസ്രായേലിനെതിരെ ചായ്‍വ് പുലർത്തുന്നു എന്നാണ് മുഖ്യ ആരോപണം. അക്കൂട്ടത്തിൽ, ട്രംപിന്റെ മേൽപ്പറഞ്ഞ പ്രസംഗം റിപ്പോർട്ട് ചെയ്ത രീതിയെപ്പറ്റിയും വിമർശനമുണ്ടായിരുന്നു.

വാർത്താധിഷ്ഠിത പരിപാടിയായ ‘പാനരാമ’യിൽ ബി.ബി.സി ഒപ്പിച്ചതായിരുന്നു ഈ കുസൃതി. ട്രംപിന്റെ പ്രസംഗത്തിൽനിന്ന് ഒരു വാചകവും, 50 മിനിറ്റ് കഴിഞ്ഞ് പറഞ്ഞ മറ്റൊരു വാചകവും അടുത്തടുത്ത് ചേർത്തുവെച്ചു. ‘‘നമുക്ക് കാപിറ്റളിലേക്ക് ചെല്ലാം’’ എന്ന് തുടങ്ങുന്ന വാചകഭാഗത്തിന് തുടർച്ചയായി കുറെ കഴിഞ്ഞുള്ള ‘‘...ഞാനും വരാം. എന്നിട്ട് നമുക്ക് പോരാടാം, ശരിക്കും പോരാടാം’’ എന്ന ഭാഗം ചേർത്തുവെച്ചപ്പോൾ, ട്രംപ് കലാപത്തിനാഹ്വാനം ചെയ്യുന്ന പ്രതീതിയുണ്ടായി.

ഇതിനെപ്പറ്റിയുള്ള പ്രസ്കോട്ടിന്റെ ഫയൽ ചോർന്നതിനു പിന്നാലെ ട്രംപ് ബി.ബി.സിക്ക് മുന്നറിയിപ്പുകൊടുത്തു: ‘‘ആ പാനരാമ പരിപാടി പിൻവലിക്കണം. മാപ്പു പറയണം. ഇല്ലെങ്കിൽ നൂറുകോടി ഡോളർ നഷ്ടപരിഹാരത്തിന് കേസ് കൊടുക്കും.’’

ജനങ്ങളിൽനിന്നുള്ള വിമർശനം വേറെ. അങ്ങനെയാണ് ബി.ബി.സി കുടുക്കിലാകുന്നത്.

പക്ഷേ, ഒന്നുകൂടി ആഴത്തിൽ പരിശോധിക്കുമ്പോൾ സംഭവ പരമ്പരയിലെ വിരോധാഭാസം തെളിയും.

ബി.ബി.സിയുടെ എഡിറ്റിങ് തെറ്റായിരുന്നു എന്നതിൽ തർക്കമില്ല. അതേസമയം ട്രംപ് കലാപത്തിനാഹ്വാനം ചെയ്തു എന്ന ആരോപണം സത്യമാണ്. അതിന് ഇങ്ങനെയൊരു കൃത്രിമത്തെളിവിന്റെ ആവശ്യമില്ല. 2020 ഡിസംബർ 19ലെ ട്രംപിന്റെ ട്വീറ്റ് തന്നെ തെളിവാണ്. പ്രതിഷേധ യോഗത്തിലെ പ്രസംഗവും പെരുമാറ്റവും തെളിവാണ്. ആ തെളിവുവെച്ചാണ് യു.എസ് കോൺഗ്രസ് അദ്ദേഹത്തെ ഇംപീച്ച് ചെയ്തത്. പിന്നീട് സെനറ്റിലെ ഭൂരിപക്ഷം വഴി ട്രംപ് രക്ഷപ്പെട്ടെന്നു മാത്രം. പ്രസിഡന്റായശേഷം കൂട്ടുകുറ്റവാളികൾക്ക് അദ്ദേഹം മാപ്പുനൽകുകയും ചെയ്തു.

ചുരുക്കത്തിൽ, ബി.ബി.സി വ്യാജം പരത്തിയില്ല. തെറ്റായ തരത്തിൽ അദ്ദേഹത്തിന്റെ പ്രസംഗം എഡിറ്റു ചെയ്തു; അത് ഇല്ലായിരുന്നെങ്കിലും ട്രംപിന്റെ കുറ്റം കുറ്റമായിത്തന്നെ നിൽക്കും.

‘പാനരാമ’യുടെ ആ ലക്കം സംപ്രേഷണംചെയ്ത സമയത്ത് ആരും എഡിറ്റിങ് പിഴവ് ശ്രദ്ധിച്ചുപോലുമില്ലായിരുന്നു.

പക്ഷേ ഇപ്പോൾ സംഭവിച്ചത്, ബി.ബി.സിയുടെ ഒറ്റപ്പെട്ട അബദ്ധം വലിയ വിഷയമാവുകയും അതേസമയം, അതിന്റെ തുടർച്ചയായ തെറ്റുകൾ മറവിയിലേക്ക് തള്ളപ്പെടുകയുംചെയ്യുന്നു എന്നതാണ്.

ബി.ബി.സിയുടെ ഇസ്രായേൽ ചായ്‍വിനു അനേകം തെളിവുകളുണ്ട്. ആ സ്ഥാപനത്തിലെ കുറെ ജേണലിസ്റ്റുകൾ തന്നെ അത് പേര് വെളിപ്പെടുത്തിയും അ​ല്ലാതെയും തുറന്നുപറഞ്ഞിട്ടുണ്ട്. ചിലർ ഈ അപജേണലിസം സഹിക്കാനാകാതെ രാജിവെച്ച് പോയിട്ടുണ്ട്. ആ ഘട്ടത്തിലൊന്നും ബി.ബി.സിയുടെ യഥാർഥ തെറ്റുകൾ വാർത്തയാകാതെ പോയി.

വംശഹത്യയുടെ രണ്ടാം മാസം സ്കോട്‍ലൻഡിൽ നടന്ന ഫിലിം അവാർഡ് ചടങ്ങിനിടെ ഗസ്സ ഐക്യദാർഢ്യവുമായി നടന്ന പ്രകടനങ്ങൾ ബി.ബി.സി റിപ്പോർട്ടിൽനിന്ന് ഒഴിവാക്കി. ഗസ്സയിൽ ഡോക്ടർമാരെ ഇസ്രായേൽ കൂട്ടക്കൊല ചെയ്യുന്നതിനെപ്പറ്റി ബി.ബി.സി തന്നെ തയാറാക്കിയ ഒരു ഡോക്യുമെന്ററി, അതിൽ ഹമാസ് സർക്കാറിലെ മന്ത്രിയുടെ മകൻ പ്രത്യക്ഷപ്പെടുന്നു എന്ന പേരിൽ പിന്നീട് ഉപേക്ഷിച്ചു. അവരുടെ റിപ്പോർട്ടുകളിൽ ഇസ്രായേലി ഭാഷ്യം സ്വീകരിക്കുന്നു; ചർച്ചകളിൽ ഫലസ്തീനികൾക്ക് പ്രാതിനിധ്യം കുറവ്. സ്വന്തം കുടുംബത്തിൽ അനേകം പേർ കൊല്ലപ്പെട്ട ദുഃഖത്തിലും ബി.ബി.സി ചർച്ചയിൽ പ​ങ്കെടുത്ത ഫലസ്തീൻ അംബാസഡറോട് അവതാരക ആദ്യമേ ചോദിച്ചത് ‘‘നിങ്ങൾ ഹമാസിനെ അപലപിക്കുമോ’’ എന്നായിരുന്നു. വംശഹത്യപോലുള്ള വാക്കുകൾ ഉപയോഗിക്കരുതെന്ന് ബി.ബി.സി റിപ്പോർട്ടർമാർക്ക് നിർദേശമുണ്ട്... വിവേചനത്തിന്റെ അനേകം ഉദാഹരണങ്ങൾ ബി.ബി.സിയെപ്പറ്റി ചൂണ്ടിക്കാട്ടാം. പക്ഷേ, ഇപ്പോൾ ഒരു നിർമിത വിവാദത്തിലൂടെ അതെല്ലാം മറച്ച്, ബി.ബി.സിയും മറ്റും ട്രംപിനും ഇസ്രായേലിനുമെതിരെ പ്രചാരണം നടത്തിയെന്ന ആഖ്യാനമാണ് നാം കേട്ടുതുടങ്ങുന്നത്.

‘ബാർകി’ന്റെ വിശ്വാസ്യത

ബ്രോഡ്കാസ്റ്റ് ഓഡിയൻസ് റിസർച് കൗൺസിൽ എന്ന ‘ബാർക്’, ഇന്ത്യയിലെ ടെലിവിഷൻ ചാനലുകളുടെ പ്രേക്ഷകബലം അളക്കുന്ന ഏജൻസിയാണ്. അവർ പറയുന്ന കണക്ക് നോക്കിയാണ് സഹസ്രകോടികളുടെ പരസ്യം ഏതെല്ലാം ചാനലുകൾക്ക് എത്രയെല്ലാം നൽകണമെന്ന് പരസ്യദാതാക്കളായ കമ്പനികൾ തീരുമാനിക്കുന്നത്. അതുകൊണ്ടുതന്നെ അവരുടെ അളവുകണക്ക് (റേറ്റിങ്) ചാനലുകൾക്ക് പ്രധാനമാണ്. ആ കണക്ക് വിശ്വസിക്കാനാകാത്തതാണെന്ന കാരണം കാണിച്ച് മീഡിയവൺ ചാനൽ ഇപ്പോൾ അതിൽനിന്ന് ഒഴിവായിരിക്കുന്നു.

86 ലക്ഷം വീടുകളിൽ ടി.വിയുള്ള കേരളത്തിൽ 1500ൽ കുറവ് റേറ്റിങ് മീറ്ററുകളേ ഉള്ളൂ. ഇത്ര കുറഞ്ഞ മീറ്ററുകൾതന്നെ പ്രാതിനിധ്യ സ്വഭാവം നിലനിർത്തിക്കൊണ്ടല്ല സ്ഥാപിച്ചിട്ടുള്ളത്. ഉള്ളവതന്നെ കൃത്രിമം നടത്താനാവാത്തതുമല്ല. ലാൻഡിങ് പേജ് സമ്പ്രദായംപോലുള്ള കൃത്രിമങ്ങൾ ഇപ്പോഴും തുടരുന്നു.

ആദ്യകാലത്ത് കണക്കെടുപ്പ് നടത്തിയിരുന്ന ടാം മീഡിയ റിസർച് എന്ന സ്ഥാപനത്തിനെതിരെ വ്യാപകമായ ആരോപണങ്ങൾ ഉയർന്നപ്പോഴാണ് ‘ബാർക്’ എന്ന സംവിധാനം നിലവിൽ വന്നത്. ടാമിനെതിരായ പരാതികൾ പ്രധാനമായും മൂന്നെണ്ണമായിരുന്നു: മീറ്ററുകളുടെ എണ്ണം നന്നേ കുറവാണ്, പ്രവർത്തന രീതിയിൽ കൃത്രിമം നടക്കുന്നു, പരിമിത വിവരംവെച്ച് നടത്തുന്ന ഫലപ്രഖ്യാപനങ്ങൾ വിശ്വാസയോഗ്യമല്ല എന്നിവ.

ഇപ്പോൾ ‘ബാർകി’ന്റെ കാര്യത്തിലും അവ നിലനിൽക്കുന്നു. ഒരു ഘട്ടത്തിൽ വ്യക്തമായ അഴിമതിക്ക് തെളിവുകൾ ഓരോന്നായി പുറത്തുവന്നതോടെ അത് നിർത്തിവെക്കുകവരെ വേണ്ടിവന്നു. ‘ബാർക്’ സി.ഇ.ഒ പാർഥോദാസ് ഗുപ്തയുമായുള്ള റിപ്പബ്ലിക് മേധാവി അർണബ് ഗോസ്വാമിയുടെ വാട്സ്ആപ് ചാറ്റ് ആ തെളിവുകളിൽപെടുന്നു. ടി.വി ടുഡേ നെറ്റ്‍വർക്കിന് ബാർക് പിഴ ചുമത്തി; എന്നാൽ, ബാർക് അധികൃതർതന്നെ അഴിമതി നടത്തിയതായി ആരോപണം വന്നു. അർണബിനെ അടക്കം അറസ്റ്റ് ചെയ്തെങ്കിലും തെളിവില്ലെന്നു പറഞ്ഞ് പിന്നീട് കേസ് പിൻവലിക്കാൻ പൊലീസ് ഹരജി നൽകി, കോടതി അംഗീകരിച്ചു.

വിശ്വാസ്യത പാടേ തകരുകയും കോടതി ഇടപെടുന്ന അവസ്ഥയെത്തുകയും ചെയ്തതോടെയാണ് ബാർക് തൽക്കാലത്തേക്ക് നിർത്തിയത്. എന്നാൽ, 2022 മാർച്ചിൽ അത് പുനരാരംഭിക്കുമ്പോഴും പഴയ ദൗർബല്യങ്ങളും പഴുതുകളും ബാക്കി. മീഡിയ മാർക്കറ്റിങ് കൺസൽട്ടന്റ് ചിന്താമണി റാവുവെപ്പോലുള്ളവർ തീർത്തുപറയുന്നു, ഒരു മാറ്റവും ഒരു പരിഹാരവും ഇല്ലാതെയാണ് ബാർക് തിരിച്ചെത്തിയതെന്ന്.

ഡേറ്റ ടീമിന്റെ പ്രവർത്തനത്തിന് മേൽനോട്ട സംവിധാനം വേണമെന്ന നിർദേശം പാലിച്ചിട്ടില്ല. ബാർകിന്റെ ഡയറക്ടർമാർ മാറിയില്ല. കൃത്രിമത്തിന് വഴങ്ങുമെന്ന് തെളിഞ്ഞ പീപ്ൾ മീറ്ററുകൾ അതേപടി തുടരുന്നു. സ്വതന്ത്ര ‘പ്രോസസ് ഓഡിറ്റർ’ വേണമെന്ന നിർദേശം പാലിച്ചില്ല. സുതാര്യതയില്ലായ്മ അതേപടി തുടരുന്നു. ഇവിടെ കബളിപ്പിക്കപ്പെടുന്നത് പ്രേക്ഷകരും ചാനലുകളും മാത്രമല്ല, പരസ്യദാതാക്കളുമാണ്.


News Summary - There is ample evidence of the BBC's pro-Israel bias