Begin typing your search above and press return to search.
proflie-avatar
Login

ന്യൂസ് ക്ലിക്ക്: വേട്ടയും വേട്ടക്കാരും

ന്യൂസ് ക്ലിക്ക്:   വേട്ടയും വേട്ടക്കാരും
cancel

2023 ആഗസ്റ്റ് 5ന് ന്യൂയോർക് ടൈംസ് പത്രത്തിൽ ഒരു വാർത്ത വന്നു. ആഗോളതലത്തിൽ ചൈന നടത്തുന്ന പ്രചാരണയജ്ഞത്തിന് ഒരു അമേരിക്കൻ മുതലാളി ചുക്കാൻ പിടിക്കുന്നുണ്ടത്രെ. ചൈന എന്നുകേട്ടാൽ വിറളിയെടുക്കുന്ന അമേരിക്കൻ മാധ്യമ-രാഷ്ട്രീയ മേഖലകളിൽ വാർത്ത നന്നായി ശ്രദ്ധിക്കപ്പെട്ടു. ആ അമേരിക്കൻ ശതകോടീശ്വരന്റെ പേര്: നെവിൽ റോയ് സിംഗം. റിപ്പോർട്ടിനിടയിലൊരിടത്ത് ഇന്ത്യൻ വാർത്താ പോർട്ടലായ ന്യൂസ് ക്ലിക്കിനെപ്പറ്റി ഒരു വാചകവും: ഈ വാർത്താ പോർട്ടലിൽ ഇടക്കിടെ ചൈനീസ് വാദമുഖങ്ങൾ കാണപ്പെടുന്നു. ന്യൂസ് ക്ലിക്കിന് ചൈനയുമായോ അമേരിക്കൻ മുതലാളിയുമായോ ബന്ധമുണ്ടെന്നൊന്നും ന്യൂയോർക് ടൈംസ് റിപ്പോർട്ടിലില്ല....

Your Subscription Supports Independent Journalism

View Plans

2023 ആഗസ്റ്റ് 5ന് ന്യൂയോർക് ടൈംസ് പത്രത്തിൽ ഒരു വാർത്ത വന്നു. ആഗോളതലത്തിൽ ചൈന നടത്തുന്ന പ്രചാരണയജ്ഞത്തിന് ഒരു അമേരിക്കൻ മുതലാളി ചുക്കാൻ പിടിക്കുന്നുണ്ടത്രെ. ചൈന എന്നുകേട്ടാൽ വിറളിയെടുക്കുന്ന അമേരിക്കൻ മാധ്യമ-രാഷ്ട്രീയ മേഖലകളിൽ വാർത്ത നന്നായി ശ്രദ്ധിക്കപ്പെട്ടു.

ആ അമേരിക്കൻ ശതകോടീശ്വരന്റെ പേര്: നെവിൽ റോയ് സിംഗം. റിപ്പോർട്ടിനിടയിലൊരിടത്ത് ഇന്ത്യൻ വാർത്താ പോർട്ടലായ ന്യൂസ് ക്ലിക്കിനെപ്പറ്റി ഒരു വാചകവും: ഈ വാർത്താ പോർട്ടലിൽ ഇടക്കിടെ ചൈനീസ് വാദമുഖങ്ങൾ കാണപ്പെടുന്നു.

ന്യൂസ് ക്ലിക്കിന് ചൈനയുമായോ അമേരിക്കൻ മുതലാളിയുമായോ ബന്ധമുണ്ടെന്നൊന്നും ന്യൂയോർക് ടൈംസ് റിപ്പോർട്ടിലില്ല. അവരങ്ങനെയാണ്. നേർക്കുനേരെ കള്ളംപറയാൻ കഴിയില്ലെങ്കിൽ വ്യാജധ്വനി സൃഷ്ടിക്കും. ഇവിടെ ഇന്ത്യയിൽ ന്യൂസ് ക്ലിക്കിനെ അമർത്താൻ തക്കംപാർത്തിരുന്ന യൂനിയൻ സർക്കാറിന്, ടൈംസിലെ ആ ഒരു വാചകത്തിലെ ധ്വനി ധാരാളമായിരുന്നു.

അതിനുമുമ്പുതന്നെ ആ വാർത്താ പോർട്ടൽ നോട്ടപ്പുള്ളിയായിരുന്നു. 2020ൽ ഡൽഹി പൊലീസ് ന്യൂസ് ക്ലിക്കിനെതിരെ പ്രഥമവിവര റിപ്പോർട്ട് (എഫ്.ഐ.ആർ) സമർപ്പിച്ചിരുന്നു. ഒരു യു.എസ് കമ്പനിയിൽനിന്ന് വിദേശ നിക്ഷേപം സ്വീകരിച്ചു എന്നായിരുന്നു കേസ്. സോഹൻ സിങ് എന്നൊരാൾ യൂനിയൻ വാർത്താവിനിമയ-പ്രക്ഷേപണ മന്ത്രാലയത്തിന് പരാതി അയക്കുന്നു; മന്ത്രാലയം അത് ഇ.ഡിക്ക് കൈമാറുന്നു; ഇ.ഡി അന്വേഷണം തുടങ്ങുന്നു. വേട്ടയുടെ തുടക്കം അങ്ങനെയാണ്.

2021 ഫെബ്രുവരിയിൽ ഇ.ഡി ന്യൂസ് ക്ലിക്ക് ഓഫിസുകളും എഡിറ്റർമാരുടെ വീടുകളും റെയ്ഡ് ചെയ്യുന്നു; കമ്പ്യൂട്ടറുകളും ഫോണുകളും മറ്റും പിടിച്ചെടുക്കുന്നു; ബാങ്ക് അക്കൗണ്ട് മരവിപ്പിക്കുന്നു. പോർട്ടൽ പ്രതിസന്ധിയിലായി. കുറെ പേർക്ക് ജോലി നഷ്ടമായി. (എല്ലാം നിയമവിരുദ്ധമായിരുന്നു എന്നാണ് ഡൽഹി ഹൈകോടതി ഇപ്പോൾ വിധിച്ചിരിക്കുന്നത്). അങ്ങനെയിരിക്കെ അതാ വരുന്നു, ന്യൂയോർക് ടൈംസിൽ വെറുതെ ഒരു പരാമർശം.

ചൈന യു.എസിനും മറ്റും ഭീഷണി; അവർ ആഗോള പ്രോപഗൻഡ ശക്തിപ്പെടുത്തുന്നു; അതിന് യു.എസ് മുതലാളി ഒത്താശനൽകുന്നു –ഊഹങ്ങൾ നിറഞ്ഞ ആ നാരേറ്റിവിനിടയിൽ, ന്യൂസ് ക്ലിക്കിൽ ചൈനക്കനുകൂലമായി ചിലത് വരാറുണ്ട് എന്ന ഒരു ആനുഷംഗിക പരാമർശം. തെളിവില്ല, വിശദാംശങ്ങളില്ല, ഒരൊറ്റ വാചകം.

2023 ആഗസ്റ്റിൽ വന്ന ആ വാചകം മതിയായിരുന്നു, തക്കംപാർത്തിരുന്ന അധികാരികൾക്ക് ചാടിവീഴാൻ. ഇ.ഡി കേസിനു പുറത്തുവരുന്നു മറ്റൊരു കേസ്. ഒക്ടോബറോടെ ഡൽഹി പൊലീസിലെ ഭീകരവിരുദ്ധ വിഭാഗം ആ പുതിയ കേസ്, യു.എ.പി.എ ചാർത്തിക്കൊണ്ട്, ഫയൽ ചെയ്തു. (ഈ കേസിൽ തീർപ്പായിട്ടില്ല). നെവിൽ റോയ് സിംഗത്തിൽനിന്ന് പണംപറ്റിക്കൊണ്ട് ചൈനക്കനുകൂലമായി പ്രചാരണം നടത്തുന്നു എന്നായി ആരോപണം. (ന്യൂസ് ക്ലിക്ക് സ്വീകരിച്ച വിദേശ നിക്ഷേപത്തിൽ നിയമവിരുദ്ധമായി ഒന്നുമില്ലെന്ന് ഡൽഹി ഹൈകോടതി വിധിച്ചിട്ടുണ്ട്).

പുതിയ കേസിൽ ഗുരുതരമായ ഗൂഢാലോചനക്കുറ്റം കൂടി ന്യൂസ് ക്ലിക്ക് ചീഫ് എഡിറ്റർ പ്രബീർ പുരകായസ്തയുടെ പേരിൽ ആരോപിച്ചു. ഇന്ത്യയുടെ തെരഞ്ഞെടുപ്പ് ​​പ്രക്രിയയിൽ ഇടപെടാൻ അദ്ദേഹം ഗൂഢാലോചന നടത്തിയത്രെ! ഒക്ടോബർ 3ന്​ പോർട്ടലുമായി ബന്ധപ്പെട്ട 88 സ്ഥാപനങ്ങൾ റെയ്ഡ് ചെയ്തു. പുരകായസ്ത അറസ്റ്റിലായി. ന്യൂസ് ക്ലിക്ക് ഓഫിസ് പൂട്ടി മുദ്രവെച്ചു. ഏഴുമാസം ജയിലിൽ കിടന്ന​ശേഷമാണ് പുരകായസ്തക്ക് ജാമ്യം കിട്ടിയത്.

സാമ്പത്തികത്തട്ടിപ്പ് കേസ് കെട്ടിച്ചമച്ചതെന്നും ദുരുദ്ദേശ്യപരമെന്നും പറഞ്ഞ് ജസ്റ്റിസ് മീന ബൻസൽ കൃഷ്ണയുടെ ബെഞ്ച് ചുരുട്ടിയെറിഞ്ഞിരിക്കുന്നു. എന്നാൽ, ന്യൂയോർക് ടൈംസ് ഇരയിട്ടുകൊടുത്ത യു.എ.പി.എ കേസ് മറ്റൊരു കോടതിയിൽ തുടരുകയാണ്.

വേട്ടയിൽ പ​ങ്കെടുത്ത് മാധ്യമങ്ങൾ

സ്വതന്ത്ര മാധ്യമങ്ങൾ ഈ മാധ്യമവേട്ടയെ അപലപിച്ചുകൊണ്ട് രംഗത്തുവന്നു. കേരള പത്രപ്രവർത്തക യൂനിയൻ അടക്കമുള്ള സംഘടനകളും ന്യൂസ് ക്ലിക്കിന് ഐക്യദാർഢ്യം പ്രഖ്യാപിച്ചു. എങ്കിലും ന്യൂയോർക് ടൈംസ് ഇട്ടുകൊടുത്ത ചൂണ്ട ഏറ്റെടുത്ത് ആ സ്വതന്ത്ര മാധ്യമത്തെ വേട്ടയാടാനും ഇവിടെ കുറെ മാധ്യമങ്ങളുണ്ടായി.

റിപ്പബ്ലിക് ടി.വി, റിപ്പബ്ലിക് ഭാരത് തുടങ്ങിയ ചാനലുകളിൽ അർണബ് ഗോസ്വാമിയും കൂട്ടരും അലറിവിളിച്ചു. ടൈംസ് നൗ, ടൈംസ് നൗ നവഭാരത് എന്നിവയിൽ അന്തിച്ചർച്ചകൾക്ക് അകമ്പടിയായി ‘‘ചൈനീസ് ഉപജാപ’’മെന്ന ഹാഷ് ടാഗ് ചേർത്തു. മാധ്യമസ്വാതന്ത്ര്യമെന്ന ആംഗിൾ പാടേ മറച്ചുകൊണ്ടാണ് സീ ന്യൂസും ‘‘ഭീകരവിരുദ്ധ നടപടി’’യെ പൂർണമായും പിന്താങ്ങിയത്. കുറച്ചുകൂടി മയത്തിലാണെങ്കിലും, ആജ്തക്, ഇന്ത്യ ടുഡേ എന്നീ ചാനലുകളും അധികൃതരെ ന്യായീകരിക്കാനാണ് മുതിർന്നത്.

സംഘ്പരിവാർ പത്രമായ ഓപ് ഇന്ത്യയും ഡെയ്‍ലി ഗാർഡിയനും ഡിജിറ്റൽ ലോകത്ത് ന്യൂസ് ക്ലിക്കിനെ വേട്ടയാടി. മുഖ്യധാരയിലുള്ള അച്ചടിപ്പത്രങ്ങളിൽ ചിലർ അധികൃത ഭാഷ്യത്തിന് വിശ്വാസ്യത കൽപിച്ച് വാർത്തയെഴുതി. ‘‘ഇ-മെയിലുകളും മറ്റും ന്യൂസ് ക്ലിക്കിന്റെ ചൈനാപക്ഷ അജണ്ടയിലെ പങ്കാളിത്തം വ്യക്തമാക്കുന്ന’’തായി ഇന്ത്യ ടുഡേ റിപ്പോർട്ട് ചെയ്തു –ഇ.ഡിയുടെ ഭാഷ്യം മാത്രമായിരുന്നു അതിൽ. ആർ.എസ്.എസിന്റെ ഓർഗനൈസറും ന്യൂയോർക് ടൈംസിനെ ആധാരമാക്കി മാധ്യമവേട്ടയിൽ പങ്കുചേർന്നു.

വേട്ടക്കു പിന്നിലെ താൽപര്യമെന്തെന്ന സൂചനകൾ ഈ വാർത്തകളിൽ അങ്ങിങ്ങായി കാണാം. പൊലീസ് ന്യൂസ് ക്ലിക്കിലെ ജേണലിസ്റ്റുകളെ ചോദ്യംചെയ്തതിന്റെ വിവരങ്ങൾ ഇപ്പോൾ പുറത്തുവന്നിട്ടുണ്ട്. ആരോപിക്കപ്പെട്ട കുറ്റങ്ങൾക്കപ്പുറം കടന്ന് പൗരത്വഭേദഗതി നിയമത്തിനെതിരായ നിലപാടുകളെപ്പറ്റിയും കർഷക പ്രക്ഷോഭങ്ങൾ റിപ്പോർട്ട് ചെയ്തതിനെപ്പറ്റിയും ചോദിച്ചിരുന്നു. സർക്കാറിന് തലവേദനയുണ്ടാക്കിയ നിലപാടുകളെപ്പറ്റി. ഇതേ കാര്യങ്ങൾ ന്യൂസ് ക്ലിക്കിനെതിരെ വിധേയമാധ്യമങ്ങൾ പ്രചരിപ്പിച്ച റിപ്പോർട്ടുകളിലുമുണ്ടായിരുന്നു.

സർക്കാറിന് ഉച്ചഭാഷിണിയാകാൻ മാധ്യമങ്ങളുടെ ആവശ്യമില്ല. മറിച്ച്, സർക്കാറിന്റെ വീഴ്ചകൾ ചൂണ്ടിക്കാട്ടാനും ജനങ്ങൾക്കുവേണ്ടി ശബ്ദമുയർത്താനും അവ വേണം. ന്യൂസ് ക്ലിക്കിന് പറ്റിയ നഷ്ടമത്രയും സർക്കാറിനെ ചോദ്യംചെയ്തതിന്റെ വിലയാണ്.

ന്യൂയോർക് ടൈംസിന്റെ വിശ്വാസ്യത

ന്യൂസ് ക്ലിക്കിനെതിരെ യു.എ.പി.എ കേസ് ചുമത്താനിടയാക്കിയ ന്യൂയോർക് ടൈംസിന് എത്രത്തോളം വിശ്വാസ്യതയുണ്ട്? വർഷങ്ങളുടെ പഴക്കം, ജേണലിസം രംഗത്തെ അതികായനെന്ന പേര്, അന്താരാഷ്ട്ര പ്രശസ്തി, ഏത് വാർത്തയും പ്രഫഷനൽ മട്ടിൽ രൂപപ്പെടുത്തുന്നതിലെ മിടുക്ക് എന്നിവയെല്ലാം ടൈംസ് വാർത്തകൾക്ക് വലിയ സ്വീകാര്യത നേടിക്കൊടുക്കുന്നുണ്ട്.

അതേസമയം, അതിന്റെ പ്രശസ്തിയോട് ചേരുന്ന വിശ്വാസ്യത അതിനില്ല. നഷ്ടപ്പെട്ട വിശ്വാസ്യത വീണ്ടെടുക്കാൻ ഒരു വ്യാജ റിപ്പോർട്ട് പിൻവലിച്ച് മാപ്പുപറയണമെന്ന് 50ലേറെ ജേണലിസം​ ​പ്രഫസർമാർ ചേർന്ന് ടൈംസിന് തുറന്ന കത്തെഴുതിയിട്ട് ഏറെ മാസങ്ങളായിട്ടില്ല.

2023 ഒക്ടോബർ 7ന് ഇസ്രായേലിൽ കടന്നുചെന്ന ഹമാസ് പോരാളികൾ സ്ത്രീകളെ കൂട്ടമായി പീഡിപ്പിച്ചു എന്ന വ്യാജകഥ അന്വേഷണ റിപ്പോർട്ടിന്റെ രൂപത്തിൽ ടൈംസ് പ്രസിദ്ധപ്പെടുത്തിയതാണ് വിഷയം. റിപ്പോർട്ടർ സംഘത്തി​ലെ പ്രധാനി, ഇസ്രായേലി സൈന്യത്തിൽ ജോലിചെയ്തിരുന്ന, ജേണലിസത്തിൽ പരിചയമില്ലാത്ത, ഒരു വനിതയായിരുന്നു. റിപ്പോർട്ടിലെ ഓരോ വാദവും അരഡസനിലധികം ഫാക്ട് ചെക്കർമാർ പൊളിച്ചതാണ്. അതിൽ ആരോപിച്ച സംഭവങ്ങൾക്കൊന്നിനും യു.എൻ അടക്കമുള്ള ഒരു അന്വേഷകർക്കും (​ഇസ്രായേലി ​പൊലീസിനു പോലും) തെളിവ് കണ്ടെത്താനായില്ല. അതേസമയം, ഇ​സ്രായേൽ തുടർന്ന് നടത്തിയ വംശഹത്യക്ക് ആ വ്യാജറിപ്പോർട്ട് വലിയ സഹായമായി.

പക്ഷേ പത്രം അത് പിൻവലിച്ചില്ല. ഇസ്രായേലിനോടുള്ള വിധേയത്വത്തിന് അത്ര ബലമുണ്ട്. ഇസ്രായേലി സൈന്യത്തിൽ സേവനമനുഷ്ഠിച്ച കുറെപേർ അതിൽ എഡിറ്റോറിയൽ ജീവനക്കാരായുണ്ട്. ഫലസ്തീൻകാരുടെ വീട് കൈയേറിപ്പാർക്കുന്നവരും ഉണ്ട്. ടൈംസ് നേതൃത്വത്തിൽ സയണിസ്റ്റുകളുണ്ട് (newyorkwarcrimes.com/dossier നോക്കുക).

അതിന്റെ ചായ്‍വ് പ്രകടമാക്കുന്ന അനേകം ഉദാഹരണങ്ങളിൽ ഒന്നുമാത്രം പറയാം. മുകളിൽ പറഞ്ഞ വ്യാജ റിപ്പോർട്ട് ​പ്രസിദ്ധപ്പെടുത്തിയതിനു (2023 ഡിസംബർ) പിന്നാലെ കമ്മിറ്റി ടു ​ പ്രൊട്ടക്ട് ജേണലിസ്റ്റ്സ് (സി.പി.​ജെ) വിവിധ രാജ്യങ്ങളിലെ മാധ്യമസ്വാതന്ത്ര്യത്തെപ്പറ്റി റിപ്പോർട്ട് പുറത്തിറക്കി. കുറച്ചുകഴിഞ്ഞ് ടൈംസ് പബ്ലിഷർ സൾസ് ബർഗർ മാധ്യമസ്വാതന്ത്ര്യത്തെപ്പറ്റി നടത്തിയ ഒരു പ്രഭാഷണത്തിൽ ആ റിപ്പോർട്ടിലെ കണക്കുകൾ ഉദ്ധരിച്ചു. പ്രസംഗം ടൈംസിൽ അച്ചടിക്കുകയും ചെയ്തു.

മാധ്യമ സ്വാതന്ത്ര്യം കുറവുള്ള രാജ്യങ്ങളുടെ പട്ടിക സി.പി.ജെ റിപ്പോർട്ടിലുണ്ടായിരുന്നു. അതിൽ പറഞ്ഞു: മാധ്യമപ്രവർത്തകരെ തുറുങ്കിലടക്കുന്നതിൽ മുന്നിലുള്ള രാജ്യങ്ങൾ ചൈന, ഇസ്രായേൽ, മ്യാൻമർ എന്നിവയാണ്. സൾസ് ബർഗർ അത് ഉദ്ധരിച്ചത് ഇങ്ങനെ: ജേണലിസ്റ്റുകളെ കൊല്ലുന്നതും ജയിലിലടക്കുന്നതും പതിവാക്കിയ സമഗ്രാധിപത്യ രാജ്യങ്ങളിൽ ചൈന, റഷ്യ എന്നിവ ഉൾപ്പെടുന്നു. ഹംഗറി, ഇന്ത്യ എന്നീ രാജ്യങ്ങളിലും മാധ്യമസ്വാതന്ത്ര്യം ഹനിക്കപ്പെടുന്നുണ്ട്. ഇസ്രായേലിനെ കുറ്റവാളിപ്പട്ടികയിൽനിന്ന് എത്ര അനായാസമാണ് ഒഴിവാക്കിയത്! പക്ഷേ ന്യൂയോർക് ടൈംസല്ലേ? ആരും വിശ്വസിക്കും!

News Summary - The New York Times and India's Crackdown on NewsClick