Begin typing your search above and press return to search.
proflie-avatar
Login

ശരിതെറ്റുകൾ തീരുമാനിക്കുന്ന മാധ്യമങ്ങൾ, മാധ്യമക്കുത്തകകൾ

ശരിതെറ്റുകൾ   തീരുമാനിക്കുന്ന മാധ്യമങ്ങൾ,   മാധ്യമക്കുത്തകകൾ
cancel

ജെഫ്രി എപ്സ്റ്റീൻ എന്ന കുറ്റവാളിയുടെ കത്തിടപാടുകളും മറ്റു രേഖകളും ഉൾപ്പെടുന്ന എപ്സ്റ്റീൻ ഫയൽസിന്റെ പുറത്തുവന്നു കഴിഞ്ഞ ഭാഗങ്ങൾ തന്നെ ഭീഷണമായ ഒരു ചിത്രമാണ് നൽകുന്നത്. കുട്ടികളെ അടക്കം പീഡനത്തിനിരയാക്കിയത് മാത്രമല്ല ഭീകരത: അനേകം രാജ്യങ്ങളിലെ ഭരണകർത്താക്കളെ കുടുക്കി, ആ രാജ്യങ്ങളുടെ പരമാധികാരം കൈപ്പിടിയിലാക്കിയ ആഗോള മാഫിയ ലോകത്തിനു മുഴുവൻ മഹാഭീഷണിയാണ്. സ്വാഭാവികമായും ഉയരുന്ന ചോദ്യം, ഇതെല്ലാം ആർക്കുവേണ്ടി എന്നതാണ്. എത്രതന്നെ വഷളനും ക്രൂരനുമാണെങ്കിലും ഒരൊറ്റ വ്യക്തിയുടെ ഭോഗതാൽപര്യങ്ങൾക്കപ്പുറത്താണ് ‘ഫയലുകൾ’ സൂചിപ്പിക്കുന്ന ആധിപത്യ താൽപര്യങ്ങൾ. എപ്സ്റ്റീന്റെ പ്രകടമായ...

Your Subscription Supports Independent Journalism

View Plans

ജെഫ്രി എപ്സ്റ്റീൻ എന്ന കുറ്റവാളിയുടെ കത്തിടപാടുകളും മറ്റു രേഖകളും ഉൾപ്പെടുന്ന എപ്സ്റ്റീൻ ഫയൽസിന്റെ പുറത്തുവന്നു കഴിഞ്ഞ ഭാഗങ്ങൾ തന്നെ ഭീഷണമായ ഒരു ചിത്രമാണ് നൽകുന്നത്. കുട്ടികളെ അടക്കം പീഡനത്തിനിരയാക്കിയത് മാത്രമല്ല ഭീകരത: അനേകം രാജ്യങ്ങളിലെ ഭരണകർത്താക്കളെ കുടുക്കി, ആ രാജ്യങ്ങളുടെ പരമാധികാരം കൈപ്പിടിയിലാക്കിയ ആഗോള മാഫിയ ലോകത്തിനു മുഴുവൻ മഹാഭീഷണിയാണ്.

സ്വാഭാവികമായും ഉയരുന്ന ചോദ്യം, ഇതെല്ലാം ആർക്കുവേണ്ടി എന്നതാണ്. എത്രതന്നെ വഷളനും ക്രൂരനുമാണെങ്കിലും ഒരൊറ്റ വ്യക്തിയുടെ ഭോഗതാൽപര്യങ്ങൾക്കപ്പുറത്താണ് ‘ഫയലുകൾ’ സൂചിപ്പിക്കുന്ന ആധിപത്യ താൽപര്യങ്ങൾ.

എപ്സ്റ്റീന്റെ പ്രകടമായ ഇസ്രായേൽ ബന്ധങ്ങളെപ്പറ്റി സംസാരം തുടങ്ങിവരു​മ്പോഴേക്കും പൊന്തിവരുന്നു പുതിയ ആഖ്യാനങ്ങൾ. ബ്രിട്ടനിലെ എൽ.ബി.സി റേഡിയോയിൽ ആൻഡ്രൂ മാർ: ‘‘എപ്സ്റ്റീൻ ഫയൽസിൽ വ്ലാദിമിർ പുടിന്റെ പേർ ആയിരം തവണ പരാമർശിച്ചിട്ടുണ്ട്. തൊള്ളായിരം തവണ റഷ്യയെപ്പറ്റി പറയുന്നുണ്ട്.’’ അയാൾ റഷ്യൻ ചാരസംഘടനയായ കെ.ജി.ബിയുടെ ആളാണെന്ന സിദ്ധാന്തം അദ്ദേഹം മുന്നോട്ടുവെച്ചു. റഷ്യക്കുവേണ്ടി ട്രംപിനെ കെണിയിലാക്കുകയാണ് അയാൾ ചെയ്തതെന്നും സംശയിക്കണമത്രെ.

സി.ബി.എസ് ന്യൂസിലും ‘‘എപ്സ്റ്റീനും റഷ്യൻ ചാരശൃംഖലയും തമ്മിലുള്ള ബന്ധ’’ത്തെപ്പറ്റി തിയറി ഇറങ്ങി. ഡോയ്ഷെ വെലെ എന്ന ജർമൻ ചാനലും ഇത് ഏറ്റുപിടിച്ചു. ‘‘ജെഫ്രി എപ്സ്റ്റീൻ യഥാർഥത്തിൽ റഷ്യക്കുവേണ്ടിയായിരുന്നു പ്രവർത്തിച്ചതെന്ന് ഇ-മെയിൽ സന്ദേശങ്ങൾ കാണിക്കുന്നു’’ എന്ന് ന്യൂയോർക് പോസ്റ്റ്.

‘‘എപ്സ്റ്റീന്റെ ആഭാസ സാമ്രാജ്യം ഒരു ‘കെ.ജി.ബി ഹണിട്രാപ്പാ’യിരുന്നു എന്ന്, പുടിനുമായുള്ള സമ്പർക്കത്തിൽനിന്നും ലോക നേതാക്കൾക്കുവേണ്ടി എപ്സ്റ്റീൻ റഷ്യൻ പെൺകുട്ടികളെ എത്തിച്ചതിൽനിന്നും വ്യക്തമാണെ’’ന്ന് ഡെയ്‍ലി മെയിൽ.

‘‘വ്യാജ പാസ്​പോർട്ട്, രഹസ്യ റെ​ക്കോഡിങ്ങുകൾ, കെ.ജി.ബിയും പുടിനുമായുള്ള എപ്സ്റ്റീന്റെ ബന്ധം എന്നിവ ചോദ്യമുയർത്തുന്നു: ‘ജെഫ്രി എപ്സ്റ്റീൻ ഒരു റഷ്യൻ ചാരനായിരുന്നോ?’ ’’ എന്ന് ദ സൺ.

ഇങ്ങനെ പോകുന്നു ആഖ്യാനങ്ങൾ. വാസ്തവത്തിൽ, ‘എപ്സ്റ്റീൻ ഫയൽസി’ൽനിന്നുള്ള ആദ്യ വെളിപാടുകൾ തൊട്ട് തീർച്ചപ്പെട്ട ഒരു വസ്തുതയുണ്ടെങ്കിൽ അത് എപ്സ്റ്റീന്റെ ഇസ്രായേൽ ബന്ധമാണ്. അൽജസീറയിൽ മീനാക്ഷി രവി നിരീക്ഷിച്ചപോലെ, ‘‘അവഗണിക്കാൻ വല്ലാതെ ആയാസപ്പെടേണ്ടിവരുവോളം വ്യക്ത’’മാണ് ആ ബന്ധത്തിനുള്ള തെളിവുകൾ. കൺമുന്നിലുള്ള തെളിവുകൾ കാണാതെ, റഷ്യയെപ്പറ്റിയുള്ള പരാമർശങ്ങൾ മാത്രം എണ്ണി ഊഹം നിർമിച്ചെടുക്കുകയാണ് മാധ്യമങ്ങൾ.

പുടിന്റെ പേര് ആയിരത്തോളം തവണ എപ്സ്റ്റീന്റെ ഇ-മെയിലുകളിൽ പരാമർശിക്കപ്പെടുന്നുണ്ടെന്നത് നേരാണ്. പുടിനുമായി ഒരു കൂടിക്കാഴ്ച തരപ്പെടുത്താനായി എപ്സ്റ്റീൻ തന്റെ പരിചയക്കാരിലൂടെ ശ്രമിച്ചതായി അവയിലൂടെ വെളിപ്പെടുന്നുണ്ട്. എന്നാൽ കൂടിക്കാഴ്ച നടന്നില്ല എന്നാണ് മനസ്സിലാക്കാനാവുക. എപ്സ്റ്റീൻ റഷ്യൻ ചാരനായിരുന്നു എന്ന് തെളിയിക്കുന്ന യാതൊന്നും ഇതുവരെ പുറത്തുവിട്ട ‘ഫയലുകളി’ലില്ല.

ഉള്ളത്, മൊസാദ് ബന്ധത്തെപ്പറ്റിയുള്ള അസംഖ്യം സൂചനകളും ഏതാനും തെളിവുകളുമാണ്.പോരെങ്കിൽ, എഫ്.ബി.ഐ എന്ന യു.എസ് അന്വേഷണ ഏജൻസിയിൽനിന്ന് ഒരു പരാമർശം ഇങ്ങനെയും: ‘‘ഇസ്രായേൽ മുൻ പ്രധാനമന്ത്രി യഹൂദ് ബറാക്കിനോട് നല്ല അടുപ്പമുണ്ടായിരുന്നു എപ്സ്റ്റീന്. അയാൾക്കു കീഴിൽ ചാരപ്പണി പരിശീലിക്കുകയുംചെയ്തു.’’

എപ്സ്റ്റീന്റെ വാസസ്ഥലത്ത് മൊസാദ് ഏജന്റുമാർ താമസിച്ചിരുന്നു. എപ്സ്റ്റീൻ ചാരശൃംഖലയിലുണ്ടായിരുന്നു എന്നുതന്നെ ഇതിനർഥം –റഷ്യയുടെയല്ല, ഇസ്രായേലിന്റെ.

ഇക്കാര്യം ഇപ്പോൾ വെളിപ്പെട്ട കാര്യവുമല്ല. മാസങ്ങൾക്കു മുമ്പുതന്നെ ​​ഡ്രോപ് സൈറ്റ് ന്യൂസ് എന്ന ഓൺലൈൻ മാധ്യമം എപ്സ്റ്റീൻ-മൊസാദ് ബന്ധത്തിന്റെ തെളിവുകൾ പരമ്പരയെന്നോണം പ്രസിദ്ധപ്പെടുത്തിയിരുന്നു. ‘‘എപ്സ്റ്റീന്റെ മാൻഹട്ടൻ വസതിയിൽ ഇസ്രായേലി ചാരൻ ആഴ്ചകളോളം താമസിച്ചു’’; ‘‘മംഗോളിയയുമായുള്ള ഇസ്രായേലിന്റെ സുരക്ഷാ കരാറിന് ഇടനിലക്കാരനായത് എപ്സ്റ്റീൻ’’; ‘‘സിറിയൻ യുദ്ധത്തിനിടക്ക് റഷ്യയുമായി പിൻവാതിൽ ബന്ധമുണ്ടാക്കാൻ ഇസ്രായേലിനെ എപ്സ്റ്റീൻ സഹായിച്ചതിങ്ങനെ’’ എന്നിവ കൂട്ടത്തിൽ ചിലതു മാത്രം.

എപ്സ്റ്റീന്റെ അടുപ്പക്കാരിയും കൂട്ടുകുറ്റവാളിയുമായിരുന്ന ഗിസ് ലെയ്ൻ മാക്സ് വെലിന്റെ പിതാവ് റോബർട്ടിന് മൊസാദുമായി ബന്ധമുണ്ടായിരുന്നു.

ഇനിയുമുണ്ട് തെളിവുകൾ. ഇതെല്ലാമിരിക്കെ അവ അവഗണിച്ച്, റഷ്യക്കുവേണ്ടി പണിയെടുത്ത ചാരനാക്കി എപ്സ്റ്റീനെ അവതരിപ്പിക്കുന്നത് ഇസ്രായേൽ ബന്ധം മറയ്ക്കാനാണ്.

വെറുതെയല്ല ഈ ഇസ്രായേൽ പക്ഷപാതിത്വം. ഡെയ്ലി മെയിൽ എന്ന ബ്രിട്ടീഷ് പത്രത്തിന്റെ ഉടമ റോതർമിയർ പ്രഭുവിനെ അവിടത്തെ ഗാർഡിയൻ ​പത്രം വിശേഷിപ്പിച്ചത് മർഡോക്കിന് പകരക്കാരൻ എന്നാണ്.

എപ്സ്റ്റീൻ റഷ്യൻ ചാരനാകാ​െമന്ന് തലക്കെട്ടിട്ട ടെലിഗ്രാഫ് പത്രത്തിന്റെ ഉടമ സർ ബാർ ക്ലേയും മറ്റൊരു കോടീശ്വരൻ.

ദ സൺ പത്രത്തിന്റെ ഉടമ മർഡോക് പണ്ടേ വലതുപക്ഷ, വംശീയ, ഇസ്രായേലി ചായ്‍വിന് കുപ്രസിദ്ധനാണ്. ന്യൂയോർക് പോസ്റ്റും മർഡോക്കിന്റേതു തന്നെ.

ഇവരടക്കം, ജൂത കുടുംബങ്ങളും ഇസ്രായേലി പക്ഷപാതികളുമാണ് മിക്ക പാശ്ചാത്യ മാധ്യമങ്ങളുടെയും ഉടമസ്ഥർ. സി.എൻ.എൻ, ഫോക്സ് ന്യൂസ്, എം.എസ്.എൻ.ബി.സി, എ.ബി.സി ന്യൂസ്, എൻ.ബി.സി ന്യൂസ്, സി.ബി.എസ് ന്യൂസ്, ന്യൂയോർക് ടൈംസ്, ബ്ലൂംബെർഗ്, വാഷിങ്ടൺ പോസ്റ്റ് എന്നിവ ഇക്കൂട്ടത്തിൽപെടും. എപ്സ്റ്റീന്റെ ഇസ്രായേലി ബന്ധത്തെപ്പറ്റി ഇവ ഏറക്കുറെ നിശ്ശബ്ദത പുലർത്തുന്നതും, കിട്ടിയ തക്കത്തിന് ചിലർ റഷ്യ, ഉത്തര കൊറിയ ബന്ധങ്ങൾ ഊഹിച്ചുണ്ടാക്കുന്നതും ഒരു പൊതുസമീപനത്തിന്റെ ഭാഗമായി നിരീക്ഷകർ കാണുന്നു.

ഓൺലൈൻ ആധിപത്യം

മാധ്യമരംഗത്ത് കുത്തകാവകാശമുള്ളവരാണ് എന്തെന്ത് വാർത്ത ഏതേത് സമയത്ത് ആളുകൾ വായിക്കണമെന്ന് തീരുമാനിക്കുന്നതെന്ന് പറയേണ്ടതില്ല. മുഖ്യധാരാ മാധ്യമങ്ങൾ മാത്രമല്ല, ആഗോള വാർത്താ ഏജൻസികളും മഹാഭൂരിപക്ഷം പാശ്ചാത്യരുടെ ഉടമസ്ഥതയിലാണ് –പ്രത്യേകിച്ച് സയണിസ്റ്റ് ബന്ധമുള്ളവരുടെ. ഡിജിറ്റൽ, ഇന്റർനെറ്റ്, സമൂഹമാധ്യമയുഗം ഇതിന് അറുതിവരുത്തുമെന്നും വാർത്താരംഗത്ത് ജനാധിപത്യം കൊണ്ടുവരുമെന്നും കണക്കുകൂട്ടിയിരുന്നു ലോകം. എന്നാൽ സംഭവിക്കുന്നത് അങ്ങനെയല്ല.

1983ൽ, ടെലിവിഷൻ വാർത്താചാനലുകൾ പ്രചാരം നേടിവന്ന കാലത്ത്, ബെൻ ബഗ്ഡികിയൻ ദ മീഡിയ മൊണോപളി എന്ന പുസ്തകത്തിൽ പറഞ്ഞത്, മാധ്യമമേഖലയിൽ വെറും 50 പാശ്ചാത്യ കോർപറേഷനുകൾ സമ്പൂർണ ആധിപത്യം സ്ഥാപിച്ചു എന്നാണ്. പിന്നീടുള്ള വർഷങ്ങളിൽ, ഈ കമ്പനികൾ ലയിച്ച് ലയിച്ച് അഞ്ചോ ആറോ കുത്തകക്കമ്പനികൾ മാത്രമായി.

ഓൺലൈൻ വാർത്താമേഖല ഇതിന് മാറ്റംവരുത്തുന്നതായി തുടക്കത്തിൽ തോന്നിച്ചു. പക്ഷേ അതുണ്ടായില്ല. പത്രങ്ങളും ചാനലുകളും വിട്ട് ജനങ്ങൾ ഓൺലൈൻ വാർത്തയിലേക്ക് ചുവടുമാറിയ ഇക്കാലത്തെ സ്ഥിതിയെന്താണ്?

ലണ്ടനിലെ പ്രസ് ഗസ്റ്റ് മാഗസിൻ ഇത് പഠിക്കുന്നുണ്ട്. ഓരോ മാസവും യു.എസിലെ ഏതേത് ഓൺലൈൻ വാർത്താ സൈറ്റുകൾ എത്രയൊക്കെയാളുകൾ വായിക്കുന്നു എന്ന കണക്കാണ് അവരെടുക്കുന്നത്. 2024 ഡിസംബർ മുതൽ 2025 നവംബർ വരെ പ്രധാന വാർത്താസൈറ്റുകൾ സന്ദർശിച്ചവരുടെ മൊത്തം എണ്ണം 4560 കോടിയാണ്. ഇതിൽ പകുതിയിലേറെ (2550 കോടി)യും വെറും ഏഴ് സൈറ്റുകളിലേക്കായിരുന്നു. ഈ ഏഴും വലതുപക്ഷ ചായ്‍വുള്ള കുടുംബങ്ങളുടെ ഉടമസ്ഥതയിലും. (‘ഫെയർ’ വെബ്സൈറ്റ് നൽകുന്ന കണക്ക്.)

ന്യൂയോർക് ടൈംസ് ഉടമകളായ സൾസ്ബെർഗർ കുടുംബമാണ് ഏറ്റവും കൂടുതലാളുകൾ ഉപഭോഗിക്കുന്ന വാർത്തകളുടെ ഉൽപാദകർ. രണ്ടാം സ്ഥാനത്ത് മർഡോക് കുടുംബം (ന്യൂസ് കോർപ്, ഫോക്സ് ന്യൂസ്, ന്യൂയോർക് പോസ്റ്റ്, വാൾസ്ട്രീറ്റ് ജേണൽ).

മൂന്ന്: വാർണർ ബ്രദേഴ്സ് (സി.എൻ.എൻ...).

നാല്: അപ്പോളോ ഗ്ലോബൽ (യാഹൂ).

അഞ്ച്: ബ്രയൻ റോബർട്സ് (കോം കാസ്റ്റ്).

ആറും ഏഴും സ്ഥാനങ്ങളിൽ മൈക്രോസോഫ്റ്റും ഐ.എ.സിയും.

വാർത്തകൾ അച്ചടിയിൽനിന്ന് ടി.വിയിലേക്കും ഇപ്പോൾ ഡിജിറ്റലിലേക്കും മാറിയെങ്കിലും കുത്തക ഇല്ലാതായില്ല. ആധിപത്യം ഡിജിറ്റൽ മേഖലയിലേക്കു കുടിയേറി എന്നുമാത്രം.


News Summary - The media that decides right and wrong