Begin typing your search above and press return to search.
proflie-avatar
Login

ചെലവേറിയ പ്രോപഗണ്ട നാടകം

ചെലവേറിയ   പ്രോപഗണ്ട നാടകം
cancel

ആരോപണങ്ങളും വിമർശനങ്ങളും കണ്ണടച്ച് നിഷേധിക്കുക എക്കാലത്തും സർക്കാറുകളുടെ ശീലമാണ്. അതിന്റെ രീതിയിൽ മാത്രമേ മാറ്റമുണ്ടാകാറുള്ളൂ. മുമ്പ് പബ്ലിക് റിലേഷൻസ് വകുപ്പിന്റെ വാർത്താക്കുറിപ്പായിട്ടായിരുന്നു ​ഔദ്യോഗിക നിഷേധങ്ങൾ ഇറങ്ങിയിരുന്നത്. ഇപ്പോളതിന് ‘‘ഫാക്ട് ചെക്ക്’’ എന്നാണ് പേര്. പ്രസ് ഇൻഫർമേഷൻ ബ്യൂറോക്ക് ഒരു വസ്തുതാ പരിശോധക വിഭാഗം തന്നെയുണ്ട്.മന്ത്രാലയങ്ങൾക്ക് പ്രത്യേകമായും നിഷേധക്കുറിപ്പ് വിഭാഗങ്ങളുണ്ട്. അങ്ങനെയൊന്നിൽ കഴിഞ്ഞദിവസം ഒരു നിഷേധം വന്നു. അത് ഇങ്ങനെ: ‘‘എം.ഇ.എ (വിദേശമന്ത്രാലയം) ഫാക്ട് ചെക്ക് –ഇതിനൊപ്പം ചേർത്ത പോസ്റ്റ് തെറ്റിദ്ധാരണയുണ്ടാക്കുന്ന ഒന്നാണ്...’’ മന്ത്രാലയം...

Your Subscription Supports Independent Journalism

View Plans

ആരോപണങ്ങളും വിമർശനങ്ങളും കണ്ണടച്ച് നിഷേധിക്കുക എക്കാലത്തും സർക്കാറുകളുടെ ശീലമാണ്. അതിന്റെ രീതിയിൽ മാത്രമേ മാറ്റമുണ്ടാകാറുള്ളൂ.

മുമ്പ് പബ്ലിക് റിലേഷൻസ് വകുപ്പിന്റെ വാർത്താക്കുറിപ്പായിട്ടായിരുന്നു ​ഔദ്യോഗിക നിഷേധങ്ങൾ ഇറങ്ങിയിരുന്നത്. ഇപ്പോളതിന് ‘‘ഫാക്ട് ചെക്ക്’’ എന്നാണ് പേര്. പ്രസ് ഇൻഫർമേഷൻ ബ്യൂറോക്ക് ഒരു വസ്തുതാ പരിശോധക വിഭാഗം തന്നെയുണ്ട്.

മന്ത്രാലയങ്ങൾക്ക് പ്രത്യേകമായും നിഷേധക്കുറിപ്പ് വിഭാഗങ്ങളുണ്ട്. അങ്ങനെയൊന്നിൽ കഴിഞ്ഞദിവസം ഒരു നിഷേധം വന്നു. അത് ഇങ്ങനെ: ‘‘എം.ഇ.എ (വിദേശമന്ത്രാലയം) ഫാക്ട് ചെക്ക് –ഇതിനൊപ്പം ചേർത്ത പോസ്റ്റ് തെറ്റിദ്ധാരണയുണ്ടാക്കുന്ന ഒന്നാണ്...’’

മന്ത്രാലയം ‘‘ഫാക്ട് ചെക്ക്’’ എന്നു പേരിട്ട് നിഷേധിക്കുന്ന (‘‘തെറ്റിദ്ധാരണയുണ്ടാക്കുന്ന’’) ആ കുറിപ്പ്, ദ വയർ എഡിറ്റർ സീമ ചിഷ്തി പോസ്റ്റ് ചെയ്തതാണ്. അതാകട്ടെ, ദ ഇന്ത്യൻ എക്സ്പ്രസിൽ (നവം. 6) ദിവ്യ എയുടെ ഒരു റിപ്പോർട്ട് എടുത്തുകാട്ടി, അതിനെപ്പറ്റിയുള്ള സീമ ചിഷ്തിയുടെ കമന്റ് മാത്രവും.

ആ എക്സ്പ്രസ് റിപ്പോർട്ട് ഇതിനകം പ്രസിദ്ധമായിക്കഴിഞ്ഞിട്ടുണ്ട്. ഇ​ക്കൊല്ലം മേയ്-ജൂൺ മാസങ്ങളിൽ യു.എസ് സർക്കാറിലെ ഉന്നതർ ഇന്ത്യൻ സർക്കാറിലെ ഉന്നതരെ എട്ടു തവണ ഫോണിൽ വിളിച്ച് സംസാരിച്ചു എന്നതാണ് വാർത്ത.

വാർത്താ പ്രാധാന്യം കിടക്കുന്നത്, ഇതൊന്നും നയതന്ത്ര ‘‘വിളികളാ’’യിരുന്നില്ല എന്നതിലാണ്. അവ ഒരു ലോബിയിങ് കമ്പനിയുമായുള്ള ഇന്ത്യാ സർക്കാറിന്റെ കരാർ അടിസ്ഥാനമാക്കി ആ കമ്പനി തരപ്പെടുത്തിക്കൊടുത്തതാണ്.

വൈറ്റ് ഹൗസിൽനിന്ന് ഡൽഹിയിലേക്ക് വിളി വരുന്നതിന് അമേരിക്കൻ കരാർ കമ്പനിക്ക് പണം കൊടുത്തു എന്ന്! യു.എസ് പ്രസിഡന്റുമായി വ്യക്തിബന്ധമുള്ള ജേയ്സൺ മിലറുടെ ‘‘എസ്.എച്ച്.ഡബ്ല്യു പാർട്ണേഴ്സ്’’ എന്ന ലോബിയിങ് കമ്പനിയാണ് ഇടനിലക്കാർ. (മിലർ പിന്നീട് ട്രംപ് സർക്കാറിൽ ഉദ്യോഗമേറ്റു).

എക്സ്പ്രസ് റിപ്പോർട്ടിന്റെ അവസാന ഖണ്ഡികയിൽ കൗതുകകരമായ ഒരു വിവരംകൂടിയുണ്ട്. ​മോദിയെ പ്രശംസിച്ചുകൊണ്ട് ട്രംപ് പോസ്റ്റ് ചെയ്ത ഒരു സമൂഹമാധ്യമക്കുറിപ്പ് മറ്റൊരു ലോബി കമ്പനി മുഖേന ‘‘വാങ്ങി’’യതാണ്. ആ കമ്പനി തങ്ങളുടെ പ്രവർത്തന റിപ്പോർട്ടിൽ അതൊരു ​നേട്ടമായി അവകാശപ്പെട്ടിട്ടുമുണ്ട്.

പ്രതിമാസം 75,000 ഡോളറാണത്രെ മിലറുടെ കമ്പനി ഇന്ത്യൻ സർക്കാറിൽനിന്ന് ഈടാക്കുന്ന ഫീസ്. ട്രംപ് വീണ്ടും തെരഞ്ഞെടുക്കപ്പെട്ടതിനു പിന്നാലെ യു.എസിലെ ഇന്ത്യൻ എംബസി ഈ രണ്ട് കമ്പനികളുമായും കരാറിലേർപ്പെട്ടതായി പത്രം പറയുന്നു. ‘‘മെർക്കുറി പബ്ലിക് അഫയേഴ്സ്’’ എന്ന മറ്റേ കമ്പനി (ഫീസ് പ്രതിമാസം 75,000 ഡോളർ) ആണ​ത്രേ ​മോദി സ്തുതി പോസ്റ്റ് ചെയ്യിച്ചത്.

ആ പോസ്റ്റിന്റെ പശ്ചാത്തലം തന്നെ, മോദിയുടെ ‘‘നേട്ട’’മായി ചിത്രീകരിക്കപ്പെട്ട മറ്റൊരു കാര്യമാണ്. ഇന്ത്യൻ പ്രധാനമന്ത്രി പദത്തിലേക്ക് തെരഞ്ഞെടുക്കപ്പെട്ടവരിൽ ഏറ്റവും കൂടുതൽ ആ കസേരയിലിരുന്നതാണ് ഈ ​നേട്ടം. (നെഹ്റുവിന്റെ ആദ്യ വർഷങ്ങൾ ഒഴിവാക്കിയാണ് കണക്ക്.)

‘‘തട്ടിക്കൂട്ട് നേട്ട’’മെന്ന് വിമർശകർ കളിയാക്കിയെങ്കിലും അതിന്റെ ലക്ഷ്യമെന്തെന്ന് മനസ്സിലാകുന്നത് ട്രംപിന്റെ കുറിപ്പ് വന്നതോടെയാണ്. ട്രംപിന്റെ കുറിപ്പ് ഇങ്ങനെ:

‘‘എന്റെ ഫ്രണ്ട് പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക്, ഏറ്റവും കൂടുതൽ കാലം അധികാരത്തിലിരുന്ന പ്രധാനമന്ത്രി ആയതിൽ അഭിനന്ദനങ്ങൾ. വലിയൊരു മഹാനാണദ്ദേഹം. കരുത്തനും ആരോഗ്യവാനും ബുദ്ധിശാലിയുമായ അദ്ദേഹത്തിന് ഇനിയുമുണ്ടാകും മഹത്ത്വത്തിന്റെയും വിജയത്തിന്റെയും കുറെ വർഷങ്ങൾ!’’

ഈ പോസ്റ്റും ലോബി കമ്പനിക്ക് പണംകൊടുത്ത് സംഘടിപ്പിച്ചതാണെന്ന വിവരംകൂടിയാണ് എക്സ്പ്രസ് റിപ്പോർട്ടിലുള്ളത്. അത് എടുത്തുകാട്ടിക്കൊണ്ടാണ് സീമ ചിഷ്തിയുടെ പോസ്റ്റ്. അവർ കുറിച്ചു: ‘‘പ്രധാനമന്ത്രി പദവിയിൽ ഏറ്റവും കാലമെന്ന മോദിയുടെ വിവാദ സ്ഥാനം ലോബി കമ്പനിക്ക് പണംകൊടുത്ത് നേടിയതാണ്. ഇന്ത്യൻ നികുതി ദായകന്റെ പണം.’’

ഇതാണ്, ‘‘തെറ്റിദ്ധരിപ്പിക്കുന്ന പോസ്റ്റാ’’യി വിദേശമന്ത്രാലയത്തിന്റെ ‘‘ഫാക്ട് ചെക്ക്’’ കുറ്റപ്പെടുത്തുന്നത്.

‘‘ഫാക്ട് ചെക്ക്’’ പറയുന്നു: ‘‘ലോബി കമ്പനികളെ ഫീസ് നൽകി നിയോഗിക്കുന്നത് യു.എസിലെ എംബസികൾ പതിവായി ചെയ്യുന്നതാണ്. 1948 മുതൽ ഇന്ത്യൻ എംബസി അത് ചെയ്തുവരുന്നുണ്ട്. ഇതെല്ലാം പൊതുമണ്ഡലത്തിൽ ലഭ്യമായ വിവരങ്ങളാണ്.

നിഷേധിക്കുന്നു എന്ന ഭാവത്തിൽ, സീമ ചിഷ്തി എഴുതിയത് സ്ഥിരീകരിക്കുകയാണ് സർക്കാർ ‘‘ഫാക്ട് ചെക്ക്’’ ഫലത്തിൽ ചെയ്തിരിക്കുന്നത്. മാത്രമല്ല, യു.എസ് നിയമമനുസരിച്ച് കമ്പനി ഔ​േദ്യാഗികമായി വെളിപ്പെടുത്തിയ ഫയലുകളാണ് എക്സ്പ്രസ് റിപ്പോർട്ടിനാധാരം.

സാധാരണമെന്ന് തോന്നിക്കുന്ന സർക്കാറിന്റെ നിഷേധക്കുറിപ്പും അതിനു പശ്ചാത്തലമായ എക്സ്പ്രസ് റിപ്പോർട്ടും ചേർത്തുവെക്കുമ്പോൾ അത്ര സാധാരണമല്ലാത്ത ചില കാര്യങ്ങൾ തെളിഞ്ഞുവരും.

1. സർക്കാറിന് വിദേശബന്ധങ്ങളെക്കാൾ പ്രധാനം സ്വന്തം പ്രതിഛായയാണ്.

2. ലോബി കരാറുകൾ രാജ്യത്തിന്റെ താൽപര്യത്തെയല്ല, ഭരണകർത്താക്കളുടെ താൽപര്യത്തെയാണ് ലക്ഷ്യമിടുന്നത്.

3. ഇത്തരമൊരു പശ്ചാത്തലത്തിൽ, ഉന്നതരുടെ നിർമിത പ്രതിഛായക്ക് പ്രചാരം നൽകുകയെന്ന ധർമമാണ് സർക്കാർ മാധ്യമങ്ങൾക്ക് നിശ്ചയിച്ചുകൊടുത്തിരിക്കുന്നത്.

4. ലോബി കമ്പനികൾ വഴി നിർമിച്ചെടുക്കുന്നതും ‘‘ഫാക്ട് ചെക്ക്’’ എന്ന പേരിൽ പ്രചരിപ്പിക്കുന്നതുമെല്ലാം സർക്കാറിന്റെ പ്രാഥമിക പ്രവർത്തനമായി. മാധ്യമങ്ങളുടെ ജോലി ഏറ്റെടുക്കുമ്പോൾ ഭരണകൂടം സ്വന്തം ജോലി കൈയൊഴിയുകയാണ് ചെയ്യുന്നത്.

ചില ചരിത്രപാഠങ്ങൾ

പ്രതിഛായയിൽ അമിതമായി ​ശ്രദ്ധകേന്ദ്രീകരിക്കുന്നത് സ്വേച്ഛാധിപത്യ പ്രവണതയുടെ ലക്ഷണമാണെന്ന് ചരിത്രകാരന്മാർ പറയുന്നു. ഇന്ന് നരേന്ദ്ര ​േമാദി മുതൽ ഡോണൾഡ് ട്രംപ് വരെയുള്ളവർ പുലർത്തുന്ന ‘‘ഇമേജ് പ്രമോഷൻ’’ താൽപര്യം മുമ്പും പലരിലും ലോകം കണ്ടിട്ടുണ്ട്. അക്കൂട്ടത്തിലൊരാളായിരുന്നു അഡോൾഫ് ഹിറ്റ്ലർ. ഹിറ്റ്ലറുടെ ശീലങ്ങൾ പരിശോധിക്കുമ്പോളറിയാം അവയിൽ പലതും എത്രത്തോളം നമ്മുടെ കാലത്തും കാണപ്പെടുന്നു എന്ന്.

തന്റെ വ്യക്തിത്വത്തെ ചുറ്റിപ്പറ്റി ദിവ്യത്വവും ഐതിഹ്യങ്ങളും നിർമിച്ചെടുക്കുന്ന രീതി ഹിറ്റ്ലർക്കുണ്ടായിരുന്നു. ​പ്രോപഗണ്ട മന്ത്രി ഗേബൽസിന്റെ സഹായത്തോടെ രണ്ടുതരം ഹിറ്റ്ലർമാരെ മാധ്യമങ്ങൾ (റേഡിയോയും പത്രങ്ങളും) വഴി രൂപപ്പെടുത്തിയെടുത്തു. ഒന്ന് അമാനുഷനായ (നോൺ-ബയോളജിക്കൽ) രക്ഷകൻ എന്ന വേഷം. മറ്റേത്, ഒരു പാവം നാട്ടിൻപുറത്തുകാരൻ എന്നത്. ആൽപ്സ് മലഞ്ചെരുവിലെ കുടിലിലേക്ക് അന്താരാഷ്ട്ര മാധ്യമങ്ങളെ അദ്ദേഹം ക്ഷണിച്ചുവരുത്തിയിരുന്നു. വളർത്തുനായ്ക്കളെ ഇഷ്ടപ്പെടുന്ന, സസ്യാഹാരിയായ, നാട്ടിൻപുറത്തുകാരൻ കർഷകനെന്ന നിലയിൽ തന്നെ ചിത്രീകരിക്കാൻ അദ്ദേഹം ആവശ്യപ്പെടാറുണ്ടായിരുന്നു.

വ്യക്തിപ്രശസ്തിക്ക് മാധ്യമങ്ങളെ ഉപയോഗിക്കുന്നതിൽ മുമ്പാരും കാണിക്കാത്ത സാമർഥ്യം ഹിറ്റ്ലർ കാണിച്ചു. കുറഞ്ഞ വിലക്ക് റേഡിയോകൾ നാടെങ്ങും ലഭ്യമാക്കിയത് ആ ഒരൊറ്റ ഉദ്ദേശ്യത്തിലാണ്. മുഖ്യധാരാ മാധ്യമങ്ങളെ മറികടന്ന് തന്റെ ശബ്ദം അഞ്ചുകോടി ജർമൻ വീടകങ്ങളിലേക്ക് അദ്ദേഹം പ്രക്ഷേപണം ചെയ്തു. ഇന്ന്, മുഖ്യധാരാ മാധ്യമങ്ങളെ മറികടന്നുതന്നെയാണ് സമൂഹമാധ്യമങ്ങളും ‘മൻകീബാത്’ പ്രക്ഷേപണങ്ങളും ഉപയോഗിക്കപ്പെടുന്നത്.

1932ലെ തെരഞ്ഞെടുപ്പു പ്രചാരണ വേളയിൽ താൻ ​നേരിട്ടുതന്നെ എല്ലാ മണ്ഡലങ്ങളിലും എത്തണമെന്ന് ഹിറ്റ്ലർക്ക് നിർബന്ധമായിരുന്നു. നഗരങ്ങൾതോറും വിമാനത്തിൽ പറന്നെത്തുന്ന ആദ്യ രാഷ്ട്രീയ നേതാവായി അദ്ദേഹം. ആകാശത്തുനിന്ന് പറന്നിറങ്ങുന്ന രക്ഷകനെന്ന നിലക്ക് അദ്ദേഹ​െത്ത പ്രശംസാപൂർവം പരിചയപ്പെടുത്താൻ അത് മാധ്യമങ്ങൾക്ക് സന്ദർഭം നൽകി. ‘‘ഫോട്ടോ ഓപ്പു’’കൾക്കും.

‘ഗോദി മീഡിയ’യെ ഉപയോഗിക്കുമ്പോഴും സ്വതന്ത്ര മുഖ്യധാരാ മാധ്യമങ്ങളോട് അദ്ദേഹം ശത്രുത പുലർത്തി. അവക്ക് നുണപ്പത്രങ്ങൾ (ലൂഗൻ പ്രസ്) എന്ന ചാപ്പ കുത്തിയത് ഹിറ്റ്ലറും ഗേബൽസുംതന്നെ. ഔദ്യോഗിക ഫാക്ട് ചെക്കെന്ന് പറയാവുന്ന മറു പ്രചാരണങ്ങൾ അന്നും ഉണ്ടായിരുന്നു. ഭരണം കൈയിലൊതുങ്ങിയതോടെ, 1933ൽ പ്രതിപക്ഷ മാധ്യമങ്ങൾ നിരോധിച്ചു; നാസി വിരുദ്ധകൃതികൾ കത്തിച്ചു. സിനിമക്കും നാടകത്തിനും പത്രങ്ങൾക്കുമെല്ലാം സെൻസർഷിപ് ഏർപ്പെടുത്തി.

1930കളിൽ ഹിറ്റ്ലറുടെ പ്രതിഛായ പൊലിപ്പിച്ചെടുക്കാനായി മാത്രം ഒരു സംഘം പ്രവർത്തിച്ചിരുന്നതായി ചരിത്ര ഗവേഷകർ പറയുന്നു –ഐ.ടി സെല്ലുകളുടെയും ലോബി ഗ്രൂപ്പുകളുടെയും മുൻ രൂപംതന്നെ. ‘‘ഒറ്റ ജനത ഒറ്റ റൈഖ് (ദേശം), ഒറ്റ ഫ്യൂറർ’’ എന്ന കുപ്രസിദ്ധ മുദ്രാവാക്യവും അന്ന് രൂപപ്പെടുത്തി.

News Summary - The Lobby Behind the Praise