വിവരമാണ് ആയുധം; വിവരം തന്നെ പ്രതിരോധവും

സാക്ഷാൽ യുദ്ധത്തിനു പിന്നിലായി, മറയ്ക്കുള്ളിൽ മറ്റൊരു വലിയ യുദ്ധം നടക്കാറുണ്ട് –വിവര യുദ്ധം. ഇറാൻ-അമേരിക്ക ഏറ്റുമുട്ടലിനിടെ കേൾക്കുന്ന ഭീഷണികൾ ഈ യുദ്ധത്തിലെ പോർമുനകളാണ്. പരസ്പരം എറിയുന്ന ഭീഷണികളിൽ ഏത് ശരി, എത്ര ശരി എന്നൊന്നും മനസ്സിലാക്കിയെടുക്കാനാകാത്തത്ര മുറുക്കമുണ്ട് ഈ സമാന്തര യുദ്ധത്തിന്. ഇറാന്റെ നേതാക്കളെ ഇസ്രായേലും അമേരിക്കയും വധിച്ചു. ഇനിയും തരംകിട്ടിയാൽ കൊല്ലുമെന്ന സാധ്യത (ഭീഷണിയും) നിലവിലുണ്ട്. മറുവശത്ത് ഇറാന്റെ പരമോന്നത...
Your Subscription Supports Independent Journalism
View Plansസാക്ഷാൽ യുദ്ധത്തിനു പിന്നിലായി, മറയ്ക്കുള്ളിൽ മറ്റൊരു വലിയ യുദ്ധം നടക്കാറുണ്ട് –വിവര യുദ്ധം. ഇറാൻ-അമേരിക്ക ഏറ്റുമുട്ടലിനിടെ കേൾക്കുന്ന ഭീഷണികൾ ഈ യുദ്ധത്തിലെ പോർമുനകളാണ്. പരസ്പരം എറിയുന്ന ഭീഷണികളിൽ ഏത് ശരി, എത്ര ശരി എന്നൊന്നും മനസ്സിലാക്കിയെടുക്കാനാകാത്തത്ര മുറുക്കമുണ്ട് ഈ സമാന്തര യുദ്ധത്തിന്.
ഇറാന്റെ നേതാക്കളെ ഇസ്രായേലും അമേരിക്കയും വധിച്ചു. ഇനിയും തരംകിട്ടിയാൽ കൊല്ലുമെന്ന സാധ്യത (ഭീഷണിയും) നിലവിലുണ്ട്.
മറുവശത്ത് ഇറാന്റെ പരമോന്നത നേതാവ് ആയത്തുല്ല മുജ്തബ ഖാംനഈ പുതിയൊരു പ്രസ്താവനയിൽ ‘‘രക്തസാക്ഷികളുടെ ചോരക്ക് പകരം ചോദിക്കും, കുറ്റവാളികളെ നീതിക്കുമുന്നിൽ കൊണ്ടുവരും’’ എന്ന് കുറിച്ചു.
ഇറാൻ ട്രംപിനെ വധിക്കാൻ ആലോചിക്കുന്നുണ്ടെന്ന് ഇസ്രായേലി രഹസ്യാന്വേഷകർ അമേരിക്കക്ക് വിവരം കൊടുത്തതായി വാൾസ്ട്രീറ്റ് ജേണൽ റിപ്പോർട്ട് ചെയ്തു. തുർക്കിയയിലെ ‘നാറ്റോ’ ഉച്ചകോടിയിൽ ട്രംപ് തനിക്ക് ഇറാന്റെ ഭീഷണിയുണ്ടെന്നറിയിച്ചു. ന്യൂയോർക് പോസ്റ്റിന് നൽകിയ അഭിമുഖത്തിലും (ജൂലൈ 10) അതദ്ദേഹം ആവർത്തിച്ചു.
നിരീക്ഷകർ പലതട്ടിലാണ്. മുജ്തബ ഖാംനഈയുടെ ഭീഷണിയിൽ കാര്യമില്ലെന്ന് ഒരു കൂട്ടർ. അദ്ദേഹം ജീവിച്ചിരിപ്പുണ്ടോ എന്ന് സംശയിക്കുന്നു അവർ. പിതാവിന്റെ ജീവനെടുത്ത യു.എസ്-ഇസ്രായേലി ആക്രമണത്തിൽ കൊല്ലപ്പെട്ടിട്ടില്ലെങ്കിൽ ഗുരുതരമായ പരിക്കേറ്റ് കിടപ്പിലായിരിക്കണം അദ്ദേഹം. പിതാവിന്റെ സംസ്കാര ചടങ്ങിൽ അദ്ദേഹം പങ്കെടുത്തില്ല. അദ്ദേഹത്തിന്റെ പേരിൽ പ്രസ്താവന വരുന്നത്, അദ്ദേഹം സജീവമായി രംഗത്തുണ്ട് എന്ന് ഇറാൻകാരെ ബോധ്യപ്പെടുത്താനാകണം. ക്വിൻസി ഇൻസ്റ്റിറ്റ്യൂട്ടിലെ ട്രിത പാർസിയുടെ അഭിപ്രായത്തിൽ, ട്രംപിനോടുള്ള ഭീഷണി ഇറാനിലെ തീവ്രവിഭാഗത്തെ തൃപ്തിപ്പെടുത്താൻ മാത്രം ഉദ്ദേശിച്ചുള്ളതാണ്.
ഇറാനും അമേരിക്കയും ഇങ്ങനെ ഭീഷണികൾകൊണ്ട് പോരാടുമ്പോൾ ഇസ്രായേലിന്റെ ഇടപെടലാണ് ശ്രദ്ധിക്കപ്പെടുന്നത്.
മൊസാദ് എന്ന രഹസ്യാന്വേഷക സംഘം മുതൽ പ്രധാനമന്ത്രി നെതന്യാഹു വരെ പലതലങ്ങളിൽ അമേരിക്കക്ക് ഇസ്രായേൽ ആ ‘‘വിവരം’’ കൈമാറിയിട്ടുണ്ട്. ട്രംപിനെ ഇറാൻ വധിക്കുമെന്ന വിവരം ആവർത്തിച്ച് നൽകുന്നതിനു പിന്നിലെ ഉദ്ദേശ്യമെന്ത്?
ഇസ്രായേലിന് എന്തും (വിവരമടക്കം) ആയുധമാണ്. അവർ വിവരം കൈമാറുന്നത് യു.എസിനെ സഹായിക്കാനല്ല, അവരുദ്ദേശിക്കുന്നതരം പ്രതികരണം വിളിച്ചുവരുത്താനാകാം.
കഴിഞ്ഞ ജനുവരി 8, 9 ദിവസങ്ങളിൽ ഇറാനിൽ വ്യാപകമായി ‘‘ജനാധിപത്യ പ്രക്ഷോഭ’’ങ്ങൾ നടന്നതായി മൊസാദ് അറിയിച്ചത് സത്യമെന്ന നിലക്ക് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തിരുന്നു. വിലക്കയറ്റത്തിനെതിരെ പ്രാദേശിക കടയടപ്പുസമരം നടന്നതൊഴിച്ചാൽ അവിടെ കലാപമുണ്ടായിരുന്നില്ല. കലാപം മൊസാദ് ഏജന്റുമാരടക്കം നുഴഞ്ഞുകയറി ഉണ്ടാക്കിയതാണെന്ന് പിന്നീട് തെളിഞ്ഞു.
പക്ഷേ, പൊളിഞ്ഞാലെന്ത്, മൊസാദ് ആ വ്യാജവിവരം വഴി ലക്ഷ്യമിട്ടത് നടന്നു. ഇറാനിൽ സൈനികമായി ഇടപെടാൻ സമയം പാകമായി എന്ന് ട്രംപിനെ ബോധ്യപ്പെടുത്താൻ അവർക്ക് കഴിഞ്ഞു. അങ്ങനെ ട്രംപ് ഇറാനെതിരായ ആക്രമണത്തിൽ പങ്കാളിയായി. നേതാക്കളെ വധിച്ചു. പക്ഷേ ട്രംപ് ആശിച്ചമട്ടിലുള്ള ഭരണമാറ്റം ഇറാനിലുണ്ടായില്ല. പകരം ജനങ്ങൾ ഭിന്നത മറന്ന് ഒന്നിക്കാനാണ് അത് നിമിത്തമായത്.
ട്രംപിന്റെ ലക്ഷ്യം നടന്നില്ലെങ്കിലും ട്രംപിനെ യുദ്ധത്തിലേക്ക് ഇറക്കുകയെന്ന ഇസ്രായേലിന്റെ പദ്ധതി വിജയിച്ചു.
ട്രംപിനെ വധിക്കാൻ ഇറാൻ പദ്ധതിയിട്ടിട്ടുണ്ടെന്ന ‘‘രഹസ്യ വിവര’’വും ഇസ്രായേലിന് ആയുധമാകാമെന്ന് നിഷ്പക്ഷ മാധ്യമങ്ങൾ അഭിപ്രായപ്പെടുന്നു. ഇറാനെതിരെ ട്രംപിനെ കൂടുതൽ പ്രകോപിപ്പിക്കുകയാണ് ലക്ഷ്യമെന്ന് ചിലർ. മറ്റുചിലർ കുറെക്കൂടി വിധ്വംസകമായ ലക്ഷ്യത്തിലേക്കാണ് വിരൽചൂണ്ടുന്നത്.
ട്രംപിനെ ശരിക്കും വധിക്കാൻ ഇസ്രായേലിന് പരിപാടിയുണ്ടെന്നതാണ് അത്. ആ കൃത്യം ഇറാന്റെ ചുമലിലിട്ട്, അമേരിക്കയെ പൂർണമായും തന്റെ വരുതിയിൽ വരുത്താനാകുമെന്ന് നെതന്യാഹു കണക്കുകൂട്ടുന്നുണ്ടാകാം എന്ന് അവർ കരുതുന്നു.
സൂക്ഷിച്ചുവെക്കേണ്ട വിവരങ്ങൾ
ഇത്തരത്തിൽ, വാർത്താ മാനത്തേക്ക് പട്ടംപോലെ പറത്തിവിടുന്ന ‘‘ബ്രേക്കിങ് ന്യൂസ്’’ വെറുതെ ഇറങ്ങുന്നതല്ല എന്നാണ് കരുതേണ്ടത്. പ്രത്യേകിച്ച് ഇസ്രായേലിന്റെ കാര്യത്തിൽ. പ്രത്യേകിച്ച് യുദ്ധകാലത്ത്.
കൂട്ടത്തിൽ പുതിയ ഒരു ‘‘വിവര’’വും ഇറങ്ങിയിട്ടുണ്ട്. ഇറാനിലെ പ്രസിഡന്റും കടുത്ത സാമ്രാജ്യത്വ വിരോധിയുമായിരുന്ന അഹ്മദി നെജാദിനെ കുറച്ചുകാലമായി ഇസ്രായേൽ സ്വന്തം പക്ഷത്തേക്ക് വളച്ചെടുത്തു എന്നും, ഇറാനിൽ നേതൃമാറ്റം വരുന്നമുറക്ക് അദ്ദേഹത്തെ ഭരണത്തിലേറ്റാനായിരുന്നു പരിപാടി എന്നുമാണ് അത്.
ശരിയോ തെറ്റോ ഇത് എന്ന ചർച്ച ഒരുഭാഗത്ത് നടക്കുമ്പോൾ തന്നെ, ഇസ്രായേലിന്റെ ‘‘വിവര യുദ്ധ’’ത്തെപ്പറ്റി ബോധ്യമുള്ളവർ ഉയർത്തുന്ന ഒരു ചോദ്യമുണ്ട്: ഈ ‘‘വിവരം’’ ഇപ്പോൾ പുറത്തുവന്നതിനു പിന്നിലെ ലക്ഷ്യമെന്താവും?
വാർത്ത പുറത്തുവിട്ടത് ഇസ്രായേലിനോട് ചായ്വുള്ള ന്യൂയോർക് ടൈംസാണ് എന്നതാണ് സംശയമുണ്ടാക്കുന്ന ഒരു ഘടകം (ജനുവരിയിൽ ഇസ്രായേലി ചാരന്മാരും സൈനികരും നിർമിച്ചെടുത്ത കലാപത്തെ ജനാധിപത്യ പ്രക്ഷോഭമാക്കി അവതരിപ്പിച്ചതിൽ മുന്നിലായിരുന്നു ടൈംസും ഗാർഡിയനും മറ്റും. പിന്നീട് ടൈസിനുതന്നെ ഇസ്രായേലി പങ്ക് സ്ഥിരീകരിക്കേണ്ടിവന്നു.)
നാം വായിക്കുന്ന വാർത്തകളിൽ വ്യാജങ്ങളുണ്ട്. പ്രചാരണ പ്രധാനമായ സത്യങ്ങളുണ്ട്. ഗൂഢലക്ഷ്യങ്ങൾ നിറച്ചുവെച്ച വിവരബോംബുകളുമുണ്ട്. വിനാശത്തിനും അക്രമങ്ങൾക്കും വിവരം (വ്യാജം, അർധസത്യം എന്നിവ അടക്കം) ആയുധമാകുന്നപോലെ, നീതിയുടെ പുലർച്ചക്കും വിവരംതന്നെ അടിസ്ഥാനം –കൃത്യതയുള്ള, സത്യസന്ധമായ വിവരം.
ഇസ്രായേൽ നടത്തുന്ന വംശഹത്യ ലോകമെങ്ങും രോഷമുയർത്തുന്നുണ്ട്. ലോക കോടതികളിൽ ഇസ്രായേലിനും നേതാക്കൾക്കുമെതിരെ കേസുണ്ടല്ലോ. സത്യവും നീതിയും ജയിക്കുന്ന ഘട്ടം വരുമ്പോൾ അതിന് ഏറ്റവും കൂടുതൽ നിമിത്തമാവുക ശരിയായ വിവരമാകും. ലോക കോടതിയിൽ തെളിവാക്കാവുന്ന വിവരം.
ഇസ്രായേലി സൈനികർതന്നെ സ്വന്തം ചെയ്തികളുടെ ദൃശ്യങ്ങൾ പകർത്തി സമൂഹമാധ്യമങ്ങളിൽ പോസ്റ്റ് ചെയ്തിരുന്നു. അതിൽ പലതും പിന്നീട് നീക്കംചെയ്തു. അത്തരം തെളിവുകൾ ബാക്കിവെക്കരുതെന്ന് ഇസ്രായേലി നേതൃത്വം സൈനികരോട് നിർദേശിക്കാറുമുണ്ട്.
ലോകം നേരറിയാതിരിക്കാൻ വേണ്ടി മാത്രമല്ല ഇസ്രായേൽ മാധ്യമപ്രവർത്തകരെ വധിക്കുന്നതും വിദേശ മാധ്യമങ്ങൾക്ക് ഫലസ്തീനിൽ പ്രവേശനമനുവദിക്കാത്തതും. അവർ പുറത്തുവിടുന്ന തെളിവുകൾ തടയാൻ വേണ്ടിക്കൂടിയാണത്. ഒരുഭാഗത്ത് വ്യാജ പ്രചാരണങ്ങളിലൂടെ അക്രമം പടർത്തുന്ന ഇസ്രായേൽ മറുഭാഗത്ത് വംശഹത്യ അടക്കമുള്ള യുദ്ധക്കുറ്റങ്ങളുടെ തെളിവുകൾ ഇല്ലാതാക്കാൻ കൊണ്ടുപിടിച്ച് ശ്രമിക്കുന്നുണ്ട്.
ഇസ്രായേലിന്റെ സമ്മർദത്താലെന്ന് കരുതപ്പെടുന്നു ‘മെറ്റ’ (ഫേസ്ബുക്ക്, ഇൻസ്റ്റഗ്രാം, വാട്സ്ആപ്, മെസഞ്ജർ, ത്രെഡ്സ് എന്നിവയുടെ ഉടമസ്ഥർ), ‘എക്സ്’, യൂട്യൂബ് തുടങ്ങിയവ വംശഹത്യയുടെ തെളിവായ ദൃശ്യങ്ങൾ നീക്കംചെയ്യാറുണ്ട്. ലോകമറിയരുത്, തെളിവ് ബാക്കിയുണ്ടാകരുത്.
ഇത് തിരിച്ചറിഞ്ഞുതന്നെ, തെളിവുകൾ ശേഖരിക്കാനും സൂക്ഷിക്കാനും ആളുകളും സ്ഥാപനങ്ങളും മുന്നോട്ടുവന്നിട്ടുണ്ട്. Israel Exposed (തുറന്നുകാട്ടപ്പെടുന്ന ഇസ്രായേൽ) എന്ന പുതിയൊരു സംഘടന രണ്ടാഴ്ച മുമ്പ് ഒരു ബൃഹത്തായ പ്രോജക്ടിന് തുടക്കമിട്ടു. ഒരു ‘‘ഓപൺ സോഴ്സ് പ്ലാറ്റ്ഫോം’’ സ്ഥാപിക്കുകയാണ് അവർ ചെയ്തിരിക്കുന്നത്. ഈ ഡിജിറ്റൽ വേദിയുടെ പേര് ArchiveGenocide.com എന്നാണ്. ലഭ്യമാകുന്ന എല്ലാ ദൃശ്യങ്ങളും, ഇരകളുടെ വിവരങ്ങളും ഭൂപടവും നടന്ന തീയതിയുമെല്ലാം ഉൾപ്പെടുത്തി ശേഖരിച്ചുവെക്കുകയാണ് രീതി.
തുടക്കംതന്നെ 64,537 വിഡിയോകളും 17,905 ഫോട്ടോകളും ഉൾപ്പെടുത്തിക്കൊണ്ടാണ്. ഈ സൈറ്റിലേക്ക് കടക്കുമ്പോൾ ആദ്യമേ ഒരു മുന്നറിയിപ്പ് കാണാം: ‘ഭീകരദൃശ്യങ്ങളാണ്. ഇത് രേഖ സൂക്ഷിപ്പിന്റെ (documentation) ഭാഗമായി ശേഖരിക്കുന്നതാണ്. സൂക്ഷിക്കുക.’ ലോകത്ത് ആദ്യമായിട്ടാകണം ഇത്തരമൊരു സമാഹരണ യജ്ഞം. ഇസ്രായേലും സമൂഹമാധ്യമ മുതലാളിമാരും കാണാതാക്കിയാലും തെളിവ് സൂക്ഷിക്കാൻ നടക്കുന്ന ജനകീയകൂട്ടായ്മ വംശീയതക്കും വംശഹത്യക്കുമെതിരായ പ്രതിരോധംകൂടിയായി മാറാം.
archivegenocide.com ഒരു സാമൂഹിക സംരംഭമാണ്. അതിനുപുറമെ, പല വ്യക്തികളും ഇത്തരം തെളിവുകൾ ശേഖരിക്കാനും സൂക്ഷിക്കാനും മുന്നോട്ടുവരുന്നുണ്ട്. ഫലസ്തീൻ ജേണലിസ്റ്റുകളായ മുഹമ്മദ് ശഹാദ, അഹ്മദ് അന്നൗഖ് തുടങ്ങിയവർ സ്വന്തമായി വെവ്വേറെ ചെറുശേഖരങ്ങൾ ഉണ്ടാക്കുന്നവരാണ്.
