കോർപറേറ്റ് ജിഹാദ് സൂക്ഷിക്കുക!

നാസികിലെ (മഹാരാഷ്ട്ര) ടാറ്റ കൺസൽട്ടൻസി സർവിസസിലെ (ടി.സി.എസ്) ബിസിനസ് പ്രോസസ് ഔട്ട്സോഴ്സിങ് (ബി.പി.ഒ) യൂനിറ്റുമായി ബന്ധപ്പെട്ട് ഉയർന്ന ‘‘കോർപറേറ്റ് ജിഹാദ്’’ വാർത്തകൾ സാമുദായിക അപരവത്കരണത്തിലെ പുതിയ അധ്യായമായി. അതിന് മലയാളത്തിൽനിന്നും കിട്ടി ഒരു കൈസഹായം. വടക്കൻ മാധ്യമങ്ങളുടെ ചുവടുപറ്റി കേരള കൗമുദിയും ടി.സി.എസ് വാർത്തകൾ ഫ്രെയിം ചെയ്തത് നിദാ ഖാൻ എന്ന യുവതിയെ കേന്ദ്രീകരിച്ചാണ്.സ്ഥാപനത്തിലെ തൊഴിലിട പീഡനങ്ങളെപ്പറ്റിയും...
Your Subscription Supports Independent Journalism
View Plansനാസികിലെ (മഹാരാഷ്ട്ര) ടാറ്റ കൺസൽട്ടൻസി സർവിസസിലെ (ടി.സി.എസ്) ബിസിനസ് പ്രോസസ് ഔട്ട്സോഴ്സിങ് (ബി.പി.ഒ) യൂനിറ്റുമായി ബന്ധപ്പെട്ട് ഉയർന്ന ‘‘കോർപറേറ്റ് ജിഹാദ്’’ വാർത്തകൾ സാമുദായിക അപരവത്കരണത്തിലെ പുതിയ അധ്യായമായി. അതിന് മലയാളത്തിൽനിന്നും കിട്ടി ഒരു കൈസഹായം. വടക്കൻ മാധ്യമങ്ങളുടെ ചുവടുപറ്റി കേരള കൗമുദിയും ടി.സി.എസ് വാർത്തകൾ ഫ്രെയിം ചെയ്തത് നിദാ ഖാൻ എന്ന യുവതിയെ കേന്ദ്രീകരിച്ചാണ്.
സ്ഥാപനത്തിലെ തൊഴിലിട പീഡനങ്ങളെപ്പറ്റിയും മാനസിക പിരിമുറുക്കത്തെപ്പറ്റിയുമുള്ള ആരോപണങ്ങൾ നേരത്തേ ഉള്ളതാണ്. അതിനൊപ്പം, ഒരു മുസ്ലിം യുവാവും ഹിന്ദു യുവതിയും തമ്മിലുണ്ടായിരുന്ന അടുപ്പം തെറ്റിപ്പിരിയലിൽ കലാശിച്ചപ്പോൾ ഉയർന്ന വിശ്വാസവഞ്ചന എന്ന മറ്റൊന്നും. വളരെ പെട്ടെന്ന്, ഏതാനും ദിവസംകൊണ്ട്, എല്ലാം ചേർത്ത് ഒരു ‘‘മതപരിവർത്തന റാക്കറ്റാ’’യി അവതരിപ്പിക്കപ്പെടുകയായിരുന്നു. തുടക്കത്തിൽ ഇല്ലാതിരുന്ന വർഗീയ ആംഗ്ൾ ബാഹ്യശക്തികളുടെ ഇടപെടലോടെ ഉണ്ടായി. വസ്തുതാവിരുദ്ധമായ അനേകം കാര്യങ്ങൾ വാർത്തകളിലും വിശകലനങ്ങളിലും കടന്നുകൂടി. പരിശോധിച്ചു തിരുത്താൻ ആരുമില്ലാത്ത അവസ്ഥയിൽ അതെല്ലാം വായനക്കാരിലേക്ക് അതേപടി പകർന്നു.
കൗമുദി എഡിറ്റോറിയലിൽനിന്ന് ചില ഉദാഹരണങ്ങൾ:
‘‘എല്ലാറ്റിനും ഒത്താശ നൽകിയ എച്ച്.ആർ വിഭാഗം വനിത അസിസ്റ്റന്റ് മാനേജർ നിദാഖാൻ ഒളിവിലാണ്.’’ (എഡിറ്റോറിയൽ, ഏപ്രിൽ 18) അന്നത്തെ ഒരു റിപ്പോർട്ടിലും ഇത് പറയുന്നുണ്ട്.
എന്നാൽ, അതിന്റെ തലേന്ന് (ഏപ്രിൽ 17) ടി.സി.എസ് ഔദ്യോഗികമായിത്തന്നെ ഒരുകാര്യം വ്യക്തമാക്കിയിരുന്നു. നിദാഖാൻ എച്ച്.ആർ വിഭാഗം മേധാവിയല്ല എന്നായിരുന്നു അത്. നിദ എച്ച്.ആർ വിഭാഗത്തിലല്ല, അവർക്ക് നിയമനങ്ങളിലൊന്നും പങ്കില്ല, ഒരു ‘‘പ്രോസസ് അസോസിയേറ്റും’’ ‘‘ടെലികാളറും’’ മാത്രമാണവർ എന്നാണ് കമ്പനി സി.ഇ.ഒയും എം.ഡിയുമായ കെ. കൃതിവാസൻ വാർത്താകുറിപ്പിൽ അറിയിച്ചത്.
പുറത്ത് കേൾക്കുന്ന തരത്തിൽ ആരോപണങ്ങളൊന്നുംതന്നെ കമ്പനിക്ക് ലഭിച്ചിട്ടില്ല എന്നും അദ്ദേഹം പറഞ്ഞു. തലേന്ന് പുറത്തുവന്ന ഈ ആധികാരിക വിവരം കൗമുദി കണ്ടില്ലെന്നത് അത്ഭുതകരം തന്നെ. മുഖപ്രസംഗം എഴുതുമ്പോളെങ്കിലും വസ്തുതകൾ പരിശോധിക്കാമായിരുന്നു. അതുമുണ്ടായില്ല.
നിദ ഒളിവിലാണെന്ന ആരോപണം അവരുടെ കുടുംബം നിഷേധിച്ച കാര്യവും പത്രം പറഞ്ഞില്ല.
ഏപ്രിൽ 14ന് എൻ.ഡി.ടി.വി ചാനലിൽ ശിവ് അരൂർ തുടങ്ങിവെച്ച ‘‘എച്ച്.ആർ മേധാവി’’ കഥ പരിശോധന കൂടാതെ ആവർത്തിച്ച അനേകം മാധ്യമങ്ങളിൽ ഒന്നാണ് കൗമുദി.
മുമ്പ് ലവ് ജിഹാദ് പ്രചാരണങ്ങൾ കൊഴുപ്പിച്ച കാലത്തെ അനുസ്മരിപ്പിച്ച് ടി.സി.എസിലെ ‘‘കോർപറേറ്റ് ജിഹാദ്’’ പ്രചാരണവും കൊഴുക്കുന്നുണ്ട്. മുസ്ലിം വിരുദ്ധതയാണ് രണ്ടിന്റെയും മുഖമുദ്ര. മുസ്ലിംകളെ സ്നേഹിക്കരുത്, അവരെ ജോലിയിൽ നിയമിക്കരുത്. അടുപ്പിക്കാൻ കൊള്ളാത്തവരാണവർ –ഇതാണ് ആഖ്യാനം.
‘‘ടി.സി.എസിലെ ക്രൂരത: പാവങ്ങളെ പാട്ടിലാക്കി നിദയുടെ മതംമാറ്റൽ’’ (ഏപ്രിൽ 18), ‘‘ടി.സി.എസിലെ മതംമാറ്റ ശ്രമം: ഭീകരബന്ധം തേടി എൻ.ഐ.എ’’ (ഏപ്രിൽ 17) തുടങ്ങി അനേകം റിപ്പോർട്ടുകൾ കൗമുദിയുടേതായി മലയാളികൾ വായിച്ചു. വസ്തുതകളുടെ പിൻബലമില്ലാത്ത ആരോപണങ്ങൾ, ഊഹങ്ങൾ.
ഊഹംകൊണ്ടൊരു ‘‘നേർച്ചിത്രം’’
‘‘നാസിക്കിൽനിന്ന് പുറത്തുവന്ന ഭൂതം’’ എന്ന മുഖപ്രസംഗത്തിൽനിന്ന് വേറെയും: ‘‘...ആസൂത്രിതവും സംഘടിതവുമായ ഒരു ഭീകര പദ്ധതിയുടെ ഭാഗമാണെന്ന നിഗമനവും, സംശയിക്കപ്പെടുന്ന അന്താരാഷ്ട്ര ഭീകരബന്ധവും ചേർന്ന് നാസിക് സംഭവത്തിനുമേൽ വ്യാപകമാകുന്ന മതഭീകരതയെക്കുറിച്ചുള്ള നേർച്ചിത്രത്തിന്റെ നടുക്കംകൂടി ഏറ്റിവയ്ക്കുന്നുണ്ട്.’’
‘‘നേർച്ചിത്ര’’ത്തിന് ആധാരം ‘‘നിഗമന’’വും ‘‘സംശയിക്കപ്പെടുന്ന’’ കാര്യവുമൊക്കെയാണ്. ‘‘മലേഷ്യയിൽ കഴിയുന്ന ഇന്ത്യാ വിരുദ്ധ മതപ്രഭാഷകൻ സാക്കിർ നായിക്ക് മുഖ്യസൂത്രധാരനെന്ന് സംശയിക്കപ്പെടുന്ന കേസിൽ...’’ എന്നാണ് മറ്റൊന്ന്. ഈ ‘‘സംശയ’’ത്തിന് അടിസ്ഥാനമൊന്നും കണ്ടെത്തിയിട്ടില്ലെന്ന് കൗമുദി തന്നെ റിപ്പോർട്ട് ചെയ്തതാണ്.
തെളിവില്ലെങ്കിലും അഭ്യൂഹങ്ങൾ യഥേഷ്ടം ഒഴുകി. ഏപ്രിൽ 23ന് കൗമുദി (‘‘നിദാഖാൻ: ഉത്തരം കിട്ടാത്ത ചോദ്യങ്ങൾ’’) എഴുതി: ‘‘നിദാഖാന് ഡൽഹി സ്ഫോടനക്കേസിലെ പ്രതിയായ വനിത ഡോക്ടർ ഷഹീൻ ഷാഹിദുമായി ബന്ധമുണ്ടെന്ന അഭ്യൂഹമുണ്ട്. എൻ.ഐ.എ, ഐ.ബി അടക്കം ഇക്കാര്യം അന്വേഷിക്കുന്നുണ്ടെങ്കിലും ഇരുവരും തമ്മിൽ ബന്ധമുള്ളതായി ഇതുവരെ സ്ഥിരീകരിച്ചിട്ടില്ല...’’
രണ്ട് ഏജൻസികൾ ദിവസങ്ങളോളം അന്വേഷിച്ചിട്ടും തെളിവില്ലെങ്കിലെന്ത്, ‘‘അഭ്യൂഹം’’ വാർത്തക്ക് പാകമാണ്.
വസ്തുതകൾ നോക്കാതെ അഭ്യൂഹങ്ങൾ ഊതിവീർപ്പിച്ച് വർഗീയജ്വരം പടർത്തിയവർ വേറെയുമുണ്ട്. റിപ്പബ്ലിക് ടി.വി, ടൈംസ് നൗ എന്നിവ അക്കൂട്ടത്തിൽപ്പെടും.
അതേസമയം, ഊഹാപോഹങ്ങളും വ്യാജകഥകളും വർഗീയതക്ക് ആയുധമാക്കുന്നത് തിരിച്ചറിഞ്ഞവയുമുണ്ട്. ന്യൂസ് ലോൺഡ്രി എഴുതി: ജീവനക്കാരെ വാട്സ്ആപ് ഗ്രൂപ്പിൽ ചേർത്തതാണ് ഗൂഢാലോചനക്ക് തെളിവായി ടൈംസ് നൗ പറയുന്നത്. ജീവനക്കാർ തൊഴിലിട പ്രശ്നങ്ങളെച്ചൊല്ലി പ്രക്ഷോഭത്തിനിറങ്ങിയത് ഏതോ ‘‘മാസ്റ്റർ മൈൻഡി’’ന്റെ പണിയാണത്രെ. ഏതെങ്കിലും സംഘടന പ്രക്ഷോഭത്തിന് പിന്നിലില്ലെന്ന് പറഞ്ഞ ടൈംസ് നൗ തന്നെ, എന്നാലും ‘‘മാസ്റ്റർ മൈൻഡ്’’ ഉണ്ടാകുമെന്നും പറഞ്ഞു. ഏപ്രിൽ 9 മുതൽ തൊഴിൽ പ്രശ്നങ്ങളുയർത്തി സമരം നടത്തുന്ന കരാർ തൊഴിലാളികൾ ഇത്തരം മാധ്യമങ്ങളുടെ ശ്രദ്ധയിൽപെട്ടിരുന്നില്ല: പക്ഷേ പെട്ടെന്ന് ‘‘ഗൂഢാലോചന’’ എന്ന സിദ്ധാന്തമിറങ്ങിയതോടെ ഏപ്രിൽ 13ന് എല്ലാ മാധ്യമങ്ങളും അങ്ങോട്ട് തിരിഞ്ഞു –ന്യൂസ് ലോൺഡ്രി ചൂണ്ടിക്കാട്ടി.
വിവിധ വസ്തുതാപരിശോധക സൈറ്റുകൾ ടി.സി.എസ് ‘‘ജിഹാദ്’’ കഥകൾ പരിശോധിച്ച് നെല്ലും പതിരും വേർതിരിക്കാൻ ശ്രമിച്ചിട്ടുണ്ട്. വാർത്തകൾ പ്രസിദ്ധപ്പെടുത്തും മുമ്പ് വസ്തുനിഷ്ഠത വേണമെന്ന് നിർബന്ധമുള്ളവർക്ക് അതിന് അവസരമുണ്ടായിരുന്നു.
‘കോർപറേറ്റ് ജിഹാദ്’ കഥയുടെ പിറവിയെപ്പറ്റി സുകുമാർ മുരളീധരൻ വിശദമായി എഴുതിയിട്ടുണ്ട്. തൊഴിലിട പരാതി വ്യാജവാർത്തയായി പുലർന്നതെങ്ങനെയെന്ന് അദ്ദേഹം പറയുന്നു. ഏപ്രിൽ 9ന് ന്യൂസ് 18 മറാഠി ചാനലിൽ വന്ന വാർത്ത പിറ്റേന്ന് ബി.ജെ.പി നേതാവായ അഭിഭാഷകൻ ഏറ്റുപിടിച്ചു. ഒപ്പം വാട്സ്ആപ്പിൽ പ്രചാരണപ്രവാഹം തുടങ്ങിയിരുന്നു. ഏപ്രിൽ 11ന് സംഘ്പരിവാർ ജിഹ്വയായ ഓപ്ഇന്ത്യ (OpIndia) വെബ്സൈറ്റ് പൊടിപ്പും തൊങ്ങലുംവെച്ച് അത് പിന്നെയും പൊലിപ്പിച്ചു. ആർ.എസ്.എസ് വാരികയായ ഓർഗനൈസറും. ഹിന്ദി ചാനലുകളിൽ ഇത് കത്തിപ്പടർന്നു. തൊഴിലിട പരാതി വലിയൊരു അന്താരാഷ്ട്ര ഗൂഢാലോചനയായി. ഹിജാബ് ധരിച്ച കീഴ്ജീവനക്കാരി കമ്പനി എച്ച്.ആർ മേധാവിയും ‘‘സൂത്രധാര’’യും ഭീകരബന്ധമുള്ളവളും ഒക്കെയായി. റമദാനിൽ ഹിന്ദു യുവതി നോമ്പെടുത്തതും ഇഫ്താറിന് ക്ഷണിക്കപ്പെട്ട ഹിന്ദു യുവാവ് തൊപ്പി ധരിച്ചതും വലിയൊരു ആഗോള കോർപറേറ്റ് ജിഹാദിന്റെ തെളിവുകളായി.
ഇതെല്ലാം പകർത്തി വാർത്തയാക്കാൻ മലയാളത്തിലും മാധ്യമങ്ങളുണ്ടായി. ഇഫ്താർ സൗഹൃദങ്ങളെയും കോർപറേറ്റ് ചങ്ങാത്തങ്ങളെയും ഭയപ്പെട്ടുകൊള്ളൂ എന്ന് സന്ദേശം. വാട്സ്ആപ് ഫോർവേഡുകൾ ന്യൂസ് ഡെസ്കുകൾക്ക് പകരമായിക്കൊണ്ടിരിക്കുന്നതിനെയാണ് നാം ശരിക്കും ഭയപ്പെടേണ്ടത്.
‘വെതർ’ പോരാ, ‘കാലാവസ്ഥ’യും വേണം
ഏപ്രിൽ 24ന് പത്രങ്ങൾക്ക് ഒരേതരം ലീഡ് തലക്കെട്ടുകളായിരുന്നു. ഒന്നാം പേജിൽ നെടുങ്കൻ അക്ഷരങ്ങളിൽ അവ എഴുന്നുനിന്നു.
‘‘കൊല്ലും ചൂട്’’ (മാതൃഭൂമി); ‘‘കൊല്ലും ചൂട്’’ (കേരള കൗമുദി); ‘‘മരണച്ചൂട്’’ (മാധ്യമം); ‘‘മരണ ചൂട്’’ (ദീപിക); ‘‘വെന്തുരുകി കേരളം’’ (ചന്ദ്രിക); ‘‘വെന്തുരുകി കേരളം’’ (മംഗളം); ‘‘ചുട്ടുപൊള്ളി കേരളം’’ (സുപ്രഭാതം); ‘‘തീച്ചൂട്’’ (സിറാജ്); ‘‘സൂക്ഷിക്കണേ... ചൂട്! പാമ്പ്!’’ (മലയാള മനോരമ).
അസാധാരണമാണ് സ്ഥിതി. അതുകൊണ്ടുതന്നെ വാർത്തക്ക് യോഗ്യവും. പക്ഷേ, ഈ അസാധാരണത്വത്തിന് കാരണം മനുഷ്യരുടെ ചെയ്തിയാണെന്നത് വാർത്തകളിൽ വരുന്നില്ല. അത് സൂചിപ്പിക്കുന്ന അതിപ്രധാന വാർത്തകളും നാം കാണില്ല.
ഒരു ഉദാഹരണം: ഇക്കൊല്ലമാദ്യം ലോക കാലാവസ്ഥ സംഘടന ഇറക്കിയ റിപ്പോർട്ടിൽ ഞെട്ടിക്കുന്ന ഒരു കാര്യം പറഞ്ഞു. 2025ഓടെ ഭൂമിയുടെ ‘ഊർജ സന്തുലനം’ നിർണായകമായി തകിടം മറിഞ്ഞു എന്നാണത്. ലോക സാമ്പത്തിക ഫോറം റിപ്പോർട്ടും കടുത്ത മുന്നറിയിപ്പാണ് നൽകിയത്. മറ്റൊരു സംഭവം: നമ്മുടെ മൺസൂണടക്കം ഭൂമിയിലെങ്ങും കാലാവസ്ഥയെ നിയന്ത്രിക്കുന്ന പ്രധാന ഘടകമായ അത്ലാന്റിക് നീർപ്രവാഹം (എ.എം.ഒ.സി) ദുർബലമാവുകയാണത്രെ. ഇതൊന്നും വാർത്തയായില്ല.
ദൈനംദിന കാലാവസ്ഥ (weather) അല്ല, ഋതുക്കൾ (climate) തന്നെയാണ് യഥാർഥ വാർത്ത. ഇന്ന് ഉത്തരേന്ത്യയിൽ 50 ഡിഗ്രി സെൽഷ്യസിനോടടുക്കുന്ന താപവും കാനഡയിൽ അനുഭവപ്പെട്ട കൊടും ശൈത്യവും ഒരേ വിപത്തിന്റെ മുഖങ്ങളാണെന്നർഥം. നാം അന്നന്നത്തെ സ്ഥിതി മാത്രമേ കാണുന്നുള്ളൂ; ഋതുഭേദങ്ങളിലെ മാറ്റം വാർത്തയാകുന്നില്ല.
‘വെതറി’നു (weather) പുറമെ ‘ക്ലൈമറ്റ്’ (climate) കൂടി വാർത്താപ്രാമുഖ്യം നേടാത്തിടത്തോളം കാലം സർക്കാറുകൾ പരിഹാര നടപടികൾ സ്വീകരിക്കാൻ നിർബന്ധിതരാകില്ല. പാരിസ് ഉച്ചകോടി ലക്ഷ്യങ്ങൾ നടപ്പാക്കുന്നില്ലെന്ന റിപ്പോർട്ട് അടുത്ത് ഇറങ്ങിയിട്ടുണ്ട്.
കാലാവസ്ഥാ പ്രതിസന്ധിക്കിടയിലും ഇന്ത്യ കൽക്കരി ഖനനം കൂട്ടുന്നുണ്ട്. ‘കാട്’ എന്നതിന്റെ നിർവചനം മാറ്റിക്കൊണ്ട് വനനശീകരണം എളുപ്പമാക്കിയിട്ടുണ്ട്. ഇന്നത്തെ കൊടുംചൂടിന് സർക്കാറുകൾക്കുള്ള ഉത്തരവാദിത്തം മാധ്യമങ്ങൾ എടുത്തുപറയാത്തത് ഇതിന് ഒരു കാരണമാണ്.
