Begin typing your search above and press return to search.
proflie-avatar
Login

അധികാരം, ലാഫ്റ്റിവിസം, മാധ്യമങ്ങൾ

അധികാരം,   ലാഫ്റ്റിവിസം, മാധ്യമങ്ങൾ
cancel

‘‘പാറ്റകൾ’’ക്കു പിന്നിൽ വിദേശപ്പണമുണ്ടോ? –ഉണ്ട്. ഞങ്ങൾ രാവിലത്തെ ചായ ചൈനയിൽനിന്ന് എത്തിക്കുന്നു. കടി പാകിസ്താനിൽനിന്ന്. ഊണ് ബംഗ്ലാദേശുകാർ തരും... ഒരു ന്യായാധിപന്റെ അധിക്ഷേപവാക്കിനെ തിരിച്ചിട്ട്, ആക്ഷേപഹാസ്യം തന്നെ രാഷ്ട്രീയ മുതൽമുടക്കാക്കിയ ജെൻസിയും സി.ജെ.പിയും രാഷ്ട്രീയചർച്ചകളുടെ വ്യാകരണം മാറ്റിത്തുടങ്ങിയോ? കഴിഞ്ഞ ദിവസം ന്യൂസ് 24 ഹിന്ദി ചാനലിലെ ഒരു ചർച്ചയിൽ, സി.ജെ.പി വക്താവ് അശുതോഷ് റാങ്കയോട് അവതാരകൻ ചോദിച്ചു: ‘‘സി.ജെ.പിയുടെ സാമ്പത്തിക സ്രോതസ്സിനെപ്പറ്റി ചില സംശയങ്ങളുണ്ടല്ലോ. നിങ്ങൾക്ക് എവിടെനിന്നാണ് പണം കിട്ടുന്നത്?’’ അശുതോഷ് ഒരു ഭാവവ്യത്യാസവുമില്ലാതെ മറുപടി പറഞ്ഞു: ഞങ്ങൾക്ക്...

Your Subscription Supports Independent Journalism

View Plans

‘‘പാറ്റകൾ’’ക്കു പിന്നിൽ വിദേശപ്പണമുണ്ടോ?

–ഉണ്ട്. ഞങ്ങൾ രാവിലത്തെ ചായ ചൈനയിൽനിന്ന് എത്തിക്കുന്നു. കടി പാകിസ്താനിൽനിന്ന്. ഊണ് ബംഗ്ലാദേശുകാർ തരും...

ഒരു ന്യായാധിപന്റെ അധിക്ഷേപവാക്കിനെ തിരിച്ചിട്ട്, ആക്ഷേപഹാസ്യം തന്നെ രാഷ്ട്രീയ മുതൽമുടക്കാക്കിയ ജെൻസിയും സി.ജെ.പിയും രാഷ്ട്രീയചർച്ചകളുടെ വ്യാകരണം മാറ്റിത്തുടങ്ങിയോ?

കഴിഞ്ഞ ദിവസം ന്യൂസ് 24 ഹിന്ദി ചാനലിലെ ഒരു ചർച്ചയിൽ, സി.ജെ.പി വക്താവ് അശുതോഷ് റാങ്കയോട് അവതാരകൻ ചോദിച്ചു: ‘‘സി.ജെ.പിയുടെ സാമ്പത്തിക സ്രോതസ്സിനെപ്പറ്റി ചില സംശയങ്ങളുണ്ടല്ലോ. നിങ്ങൾക്ക് എവിടെനിന്നാണ് പണം കിട്ടുന്നത്?’’

അശുതോഷ് ഒരു ഭാവവ്യത്യാസവുമില്ലാതെ മറുപടി പറഞ്ഞു: ഞങ്ങൾക്ക് പി.എം കെയേഴ്സ് ഫണ്ടിൽനിന്നാണ് പണം വരുന്നത്. എനിക്ക് സർക്കാറിനോട് അഭ്യർഥിക്കാനുള്ളത്, പി.എം കെയേഴ്സ് ഫണ്ടിന്റെ സമഗ്ര ഓഡിറ്റ് നടത്തണമെന്നാണ്.

വിഷയങ്ങളുടെ മർമത്തിൽനിന്ന് പൊതുശ്രദ്ധ തിരിക്കാനായി ഉയർത്തുന്ന ആരോപണങ്ങൾക്കും ചോദ്യങ്ങൾക്കും ഫലപ്രദമായ മറുമരുന്നാണ് ആക്ഷേപഹാസ്യം. അധികാരത്തോട് നേരുപറയുന്ന (‘‘രാജാവ് നഗ്നനാണ്’’) കുട്ടിയാണ് മാധ്യമങ്ങളെങ്കിൽ അതേ നേര് കുറെക്കൂടി മൂർച്ചയുള്ള വളച്ചുകെട്ടോടെ പറയുന്നവരാണ് കാർട്ടൂണിസ്റ്റുകളും മറ്റ് ആക്ഷേപഹാസ്യ കർത്താക്കളും.

ടെലിഗ്രാഫ് പത്രത്തിൽ വന്ന ഒരു വാർത്ത, മോദിയിൽനിന്ന് ബിരുദം വാങ്ങുന്നവർ എത്രത്തോളം കുമ്പിടമെന്നുവരെ നിർദേശമുണ്ടായി എന്നാണ്. ഈ ‘‘പ്രോട്ടോക്കോൾ’’ കാർട്ടൂണിസ്റ്റുകൾക്ക് ഇഷ്ടവിഷയമായി –മഞ്ജുൾ തന്റെ കാർട്ടൂണിൽ മോദി എന്ന അധ്യാപകനെ അവതരിപ്പിക്കുന്നു. സങ്കീർണമായ ഒരു തട്ടിക്കൂട്ട് ഫോർമുല ബോർഡിൽ എഴുതിയിട്ട് അദ്ദേഹം വിദ്യാർഥികളോട് പറയുന്നു: ഇത് ചെയ്തുനോക്കൂ; എന്റെ മുന്നിൽ എത്ര കുനിയണമെന്ന് അപ്പോൾ പിടികിട്ടും.

രോഷവും വെറുപ്പും ഊർജം പകരും. അതേപോലെ ഹാസ്യവും. അടുത്തകാലത്ത് വിവിധ രാജ്യങ്ങളിൽ ആക്ഷേപഹാസ്യം (കാർട്ടൂണുകൾ, സ്റ്റാൻഡപ്പ് കോമഡി, മീമുകൾ...) സാമൂഹിക സംഘാടനമെന്ന ദൗത്യം മാധ്യമങ്ങളേക്കാൾ ഫലപ്രദമായി നിർവഹിച്ചിട്ടുണ്ട്. ആശയവിനിമയരംഗത്തെ സർഗാത്മക സാന്നിധ്യമാണ് ഹാസ്യം.

ഈജിപ്തുകാരൻ ബാസിം യൂസുഫ് കാർഡിയോളജിസ്റ്റും സർജനുമാണ്. പക്ഷേ, ശസ്ത്രക്രിയയേക്കാൾ എളുപ്പത്തിൽ മനുഷ്യ ഹൃദയങ്ങൾക്ക് ഊർജംനൽകാൻ അദ്ദേഹം ‘അൽബർനാമിഗ്’ എന്ന വാർത്താധിഷ്ഠിത കോമഡി ഷോ തുടങ്ങി. ഉന്നത രാഷ്ട്രീയക്കാരെ ലക്ഷ്യമിട്ട് തൊടുത്ത ഹാസ്യത്തിന്റെ അമ്പുകൾ ഓൺ ടിവി എന്ന ഡിജിറ്റൽ ചാനലിലൂടെ ഭരണകർത്താക്കളെ അലോസരപ്പെടുത്തി. 2011ലെ റമദാനിൽ തുടങ്ങിയ ഷോയിൽ എഴുത്തുകാരും ചിന്തകരും വന്ന് തുറന്നു സംസാരിച്ചു.. അൽസീസി അട്ടിമറിയിലൂടെ പട്ടാള ഭരണാധിപനായി വന്നതോടെ മാധ്യമസ്വാതന്ത്ര്യം കുറഞ്ഞുവന്നു; അക്കൂട്ടത്തിൽ ബാസിം യൂസുഫിന്റെ ആക്ഷേപഹാസ്യ പരിപാടിക്കും ഭീഷണി വന്നു. 2014 ജൂണിൽ ഷോ അപ്പാടെ ഉപേക്ഷിച്ചു. കുടുംബത്തിന്റെ സുരക്ഷിതത്വംപോലും സംശയത്തിലായതോടെ അദ്ദേഹം ഈജിപ്ത് വിട്ട് യു.എസിലേക്ക് താമസം മാറ്റി.

സിറിയൻ കാർട്ടൂണിസ്റ്റ് അലിഫർസാത്ത്, മുൻ ഭരണാധികാരി ബശ്ശാറുൽ അസദിന്റെ രോഷം ഏറ്റുവാങ്ങി. കാരിക്കേച്ചറുകളിലൂടെ അധികാരികളെ കളിയാക്കിയതിന് അജ്ഞാതർ അദ്ദേഹത്തെ മർദിച്ച് കൈകൾ ഒടിച്ചു. കുവൈത്തിലേക്ക് രക്ഷപ്പെടേണ്ടിവന്നു അദ്ദേഹത്തിന്.

മലേഷ്യയിലെ ദുൽകിഫ്‍ലി അൻവർ ഹഖ് (‘‘സുനാർ’’) പ്രധാനമന്ത്രി നജീബ് റസാക്കിനെ കളിയാക്കി കാർട്ടൂൺ വരച്ചതിന് വേട്ടയാടപ്പെട്ടു. റെയ്ഡ്, പുസ്തകനിരോധനം, അറസ്റ്റ് തുടങ്ങി, രാജ്യദ്രോഹക്കേസുകൾ വരെ. 2018ൽ നജീബ് ഭരണകൂടം പുറത്താക്കപ്പെട്ടപ്പോൾ കേസുകൾ പിൻവലിച്ചു. റഷ്യയിലെ ‘കുക്‍ലി’ എന്ന പപ്പറ്റ് ഷോ, വ്ലാദിമിർ പുടിനെ അരിശം കൊള്ളിച്ചു. ഷോ 2002ൽ ഉപേക്ഷിക്കേണ്ടി വന്നു. പ്രധാന രചയിതാവ് വിക്ടർ ഷെന്ദറോവിച്ച് നാടുവിടാനും നിർബന്ധിതനായി.

ഗോഡ്ഫ്രെ മ്വാംപംബ (‘‘ഗാഡോ’’) കെനിയയിലെ ഡെയ്‌ലി നേഷൻ പത്രത്തിനുവേണ്ടി വരച്ച കാർട്ടൂണുകൾ രാഷ്ട്രീയ മേലാളർക്ക് വല്ലാതെ കൊണ്ടു, ഒടുവിൽ പത്രം അദ്ദേഹത്തെ ഒഴിവാക്കി.

ബ്രിട്ടനിലെ വലതുപക്ഷ രാഷ്ട്രീയക്കാരനും അവിടത്തെ എൽ.ബി.സി റേഡിയോയിലെയും യു.എസിലെ ഫോക്സ് ന്യൂസിലെയും കമന്റേറ്ററുമായ നൈജൽ ഫറാജ് വിവാദപുരുഷനാണ്. ഈയിടെ അഴിമതിയാരോപണമുയർന്നപ്പോൾ, സ്വന്തം അണികളുടെ പിന്തുണ മുതലെടുത്ത് ഒരു കളികളിക്കാമെന്ന് അദ്ദേഹം കരുതി. എം.പി സ്ഥാനം ജൂലൈ 7ന് ഫറാജ് രാജിവെച്ചു; എന്നിട്ട്, ഉപതെരഞ്ഞെടുപ്പിൽ സ്ഥാനാർഥിയായി സ്വയം പ്രഖ്യാപിച്ചു ആക്ഷേപഹാസ്യ സംഘം ഇറങ്ങി. ജോൺ ഹാർവി എന്നയാൾ ‘‘കുപ്പത്തൊട്ടി പ്രഭു’’ (Count Binface) എന്ന പേരിൽ സ്വന്തം ‘‘സ്ഥാനാർഥിത്വം’’ പ്രഖ്യാപിച്ചു. രസകരമായ കാര്യം, ഒരു അഭിപ്രായ സർവേയിലെ കണ്ടെത്തലാണ്. ഇന്ന് ബിൻഫേസ് എന്ന വ്യാജ സ്ഥാനാർഥിക്ക് ഫെറാജിനെക്കാൾ വളരെക്കൂടുതൽ ജനപിന്തുണ ഉണ്ട് എന്നാണത്.

ഇവിടെ ഇന്ന് സർവേ നടന്നാൽ ബി.ജെ.പിക്കോ അതോ സി.ജെ.പിക്കോ കൂടുതൽ പിന്തുണ കിട്ടുക? ആക്ഷേപഹാസ്യത്തിന് വോട്ടുമറിക്കാനുള്ള കഴിവുണ്ടെന്നോർക്കുക.

ചിരി ആക്ടിവിസം

എതിർപ്പും കേസുമൊക്കെയായി ആക്ഷേപഹാസ്യത്തെ തല്ലിയൊതുക്കാൻ ശ്രമമുണ്ടെങ്കിൽ ഉറപ്പിക്കാം, ആ ഹാസ്യം ഫലം ചെയ്യുന്നുണ്ടെന്ന്. കുനാൽ കംറ അധികൃതരുടെ നോട്ടപ്പുള്ളികളിൽ ഒരാളാണ്. കഴിഞ്ഞ ദിവസം ബംഗളൂരുവിൽ അദ്ദേഹത്തിന്‍റെ കോമഡി​േഷാക്ക് വൻ സുരക്ഷയായിരുന്നു. കാരണം, ചില ‘‘സംഘങ്ങൾ’’ അതിന് ഭീഷണി ഉയർത്തിയിരുന്നു. വീർദാസ് എന്ന മറ്റൊരു ഹാസ്യകലാകാരനുമുണ്ട് ഭീഷണി. കാർട്ടൂണിസ്റ്റ് സതീഷ് ആചാര്യയുടെ ചില കാർട്ടൂണുകൾ പ്രസിദ്ധപ്പെടുത്തരുതെന്ന് ‘എക്സി’ന് മോദി സർക്കാർ കൽപന നൽകിയത് ഇക്കൊല്ലമാദ്യം. ഓൺലൈൻ മീമുകൾ ഫലം ചെയ്യുന്നു എന്നതിന്റെ ലക്ഷണം തന്നെയാണ്, അവ നീക്കംചെയ്യാൻ ‘മെറ്റ’ക്കു നൽകുന്ന നിർദേശങ്ങൾ. നീക്കംചെയ്യുന്നതിനനുസരിച്ച് പുതുതായി ഉണ്ടായിവരുന്നു എന്നതും.

ഹാസ്യം –രാഷ്ട്രീയ ആക്ഷേപഹാസ്യവും– മുഖ്യധാരയിലേക്ക് വരികയാവാം വീണ്ടും. ‘‘പാറ്റകളെല്ലാവരും ഒരുമിച്ചാലോ?’’ എന്ന അഭിജിത് ദീപ്കെയുടെ ചോദ്യം ചീഫ് ജസ്റ്റിസിനുള്ള മറുപടിയെന്നതുപോലെ, പുതിയ (പഴയ) ആക്ടിവിസ്റ്റ് മാധ്യമത്തെ തുറന്നുവിടുകയുമായിരുന്നു. ജനാധിപത്യത്തിൽ പാരമ്പര്യ മാധ്യമപ്രവർത്തനത്തിന്റെ ഇടം ചുരുങ്ങുന്ന മുറക്ക് അക്ഷേപഹാസ്യത്തിന്‍റെ ഇടം വർധിച്ചു.

250 വർഷം മുമ്പ് യു.എസിലെ ന്യൂയോർക്കിൽ വില്യം ട്വീഡ് എന്ന അഴിമതിക്കാരന്റെ വാഴ്ച അവസാനിപ്പിച്ചത് തോമസ് നാസ്റ്റ് എന്ന കാർട്ടൂണിസ്റ്റിന്റെ വരയും പരിഹാസവുമായിരുന്നു. ഹാർപേഴ്സ് മാഗസിനിലെ അദ്ദേഹത്തിന്റെ ആക്ഷേപഹാസ്യം നിർത്തിക്കാൻ ട്വീഡ് ഉദ്യോഗസ്ഥരോട് പറഞ്ഞു: ‘‘ആ ചിത്രങ്ങളൊന്ന് നിർത്തിക്കൂ. വാർത്താപത്രങ്ങൾ എന്തെഴുതിയാലും പ്രശ്നമില്ല. എന്റെ വോട്ടർമാർ അത് വായിക്കില്ല. പക്ഷേ ചിത്രങ്ങൾ കാണാതിരിക്കാനാകുന്നില്ല.’’. 1871ൽ ട്വീഡ് തെരഞ്ഞെടുപ്പിൽ തോറ്റു. അറസ്റ്റ് ഭയന്ന് സ്പെയിനിലേക്ക് പോയി. അവിടത്തെ പൊലീസ്, പക്ഷേ, അറസ്റ്റ് ചെയ്തു. അവരയാളെ തിരിച്ചറിഞ്ഞത് നാസ്റ്റിന്റെ കാർട്ടൂൺ നോക്കിയാണത്രെ.

റഷ്യയിൽ ‘ആനക്ഡോടി’ (Anekdoty) എന്ന ചെറു തമാശകൾ വലിയ രാഷ്ട്രീയ ഫലമുണ്ടാക്കിയെന്ന് ചരിത്രം.

‘‘ലാഫ്റ്റിവിസം’’ (Laughtivism) എന്നറിയപ്പെടുന്ന ആക്ഷേപഹാസ്യ ആക്ടിവിസത്തെ ചെറുതാക്കി കാണേണ്ടതില്ല. പ്രത്യേകിച്ച്, മാധ്യമങ്ങളിലെ പ്രബല വിഭാഗം അധികാരത്തോട് രാജിയായിരിക്കുമ്പോൾ.

News Summary - Satire Becomes The New Language Of Politics