പ്രോപഗൻഡ എന്ന തൊഴിൽ
camera_altഉമർഖാലിദിനും ഷർജീൽ ഇമാമിനും ജാമ്യംനിഷേധിച്ച സുപ്രീംകോടതി തീർപ്പിനെപ്പറ്റി ജയ്പൂർ ലിറ്ററേച്ചർ ഫെസ്റ്റിവലിൽ ജേണലിസ്റ്റ് വീർ സങ്‍വി മുൻ ചീഫ് ജസ്റ്റിസ് ഡി.വൈ. ചന്ദ്രചൂഡിനോട് ചോദിച്ചു. ജാമ്യനിഷേധം ശരിയല്ലെന്ന നിലക്ക്, ‘‘ജാമ്യമാണ് നിയമം’’ എന്ന് ഊന്നിപ്പറയുകയാണ് ചന്ദ്രചൂഡ് ചെയ്തത്. എന്നാൽ അദ്ദേഹം ചീഫ് ജസ്റ്റിസായിരുന്നപ്പോൾ ഇവർക്ക് ജാമ്യം കിട്ടിയില്ലെന്ന് ചൂണ്ടിക്കാട്ടുന്നു പലരും. പദവി ഒഴിയുന്ന വേളയിൽ, ‘‘എ മുതൽ സെഡ് വരെ’’യുള്ളവർക്കൊക്കെ താൻ ജാമ്യമനുവദിച്ചെന്ന് അദ്ദേഹം അവകാശപ്പെട്ടപ്പോൾ (2024ൽ) സതീഷ് ആചാര്യ വരച്ച കാർട്ടൂൺ. A മുതൽ Z വരെ എല്ലാവർക്കും; പക്ഷേ U പോലെ ചില അക്ഷരങ്ങൾ വിട്ടുപോയി
1990 ഒക്ടോബർ 10. സദ്ദാം ഹുസൈന്റെ ഇറാഖിസേന കുവൈത്തിൽ നിയമവിരുദ്ധമായി കടന്നുകയറിയിട്ട് രണ്ടുമാസമാകുന്നു. ഇറാഖിനെതിരെ സൈനിക നടപടിക്ക് ഇതൊരു തക്കമായി യു.എസ് കാണുന്നു. ഇരയായ കുവൈത്തും രക്ഷകനായി യു.എസിനെ കണക്കാക്കുന്നു. ഇറാഖിനെ ആക്രമിക്കാൻ പ്രസിഡന്റ് ജോർജ് എച്ച്.ഡബ്ല്യു.ബുഷിന് യു.എസ് കോൺഗ്രസിന്റെ അനുമതി വേണം. കോൺഗ്രസിന്റെ മനുഷ്യാവകാശ സമിതിക്കു മുമ്പാകെ അന്ന് ഒരു ദൃക്സാക്ഷിയെത്തി.
15 വയസ്സുകാരി നായിറയാണ് ദൃക്സാക്ഷി. ഇറാഖി സേന കുവൈത്തിലെ ആശുപത്രിയിൽ വന്ന് ഇൻക്യുബേറ്ററിലുണ്ടായിരുന്ന നവജാത ശിശുക്കളെ മുഴുവൻ പുറത്തെടുത്ത് മരിക്കാൻ വിട്ടതിന്, നഴ്സായ താൻ സാക്ഷിയാണെന്ന് പറഞ്ഞ് അവൾ കരഞ്ഞു. ഇറാഖിനെതിരായ സൈനിക നടപടിക്ക് ന്യായീകരണമുണ്ടായിരുന്നെങ്കിലും അതിന് കോൺഗ്രസിന്റെയും അമേരിക്കൻ ജനതയുടെയും സമ്മതി നേടിയെടുക്കാൻ അവതരിപ്പിച്ച ഈ ദൃക്സാക്ഷി വിവരണം ഒരു കള്ളമായിരുന്നു. നായിറ ഒരിക്കലും നഴ്സായിരുന്നില്ല. ആ സാക്ഷിമൊഴി അപ്പടി ഒരു പ്രചാരണ തന്ത്രത്തിന്റെ ഭാഗമായിരുന്നു.
35ലേറെ വർഷം കഴിഞ്ഞു. ഈ ജനുവരി 16ന് യു.എൻ രക്ഷാസമിതി മറ്റൊരു സാക്ഷിമൊഴി കേട്ടു. ഇറാനിൽ പ്രക്ഷോഭകരെ ഭരണകൂടം കൊന്നൊടുക്കുകയാണെന്നു പറഞ്ഞുകൊണ്ട് ഇറാനി വിമതയും ജേണലിസ്റ്റുമായ മസീഹ് അബൂനെജാദും വിങ്ങിപ്പൊട്ടി. തന്നെ വധിക്കാൻ മൂന്നുതവണ ശ്രമം നടന്നതായും അവർ പറഞ്ഞു. മസീഹിന്റെ ആരോപണങ്ങൾ നായിറയുടേതിന്റെയത്ര ഭാവനാസമ്പന്നമായിരുന്നില്ലെങ്കിലും ചില സ്വതന്ത്ര മാധ്യമപ്രവർത്തകർ അവരെ നായിറയോട് ഉപമിച്ചിരിക്കുന്നു. യു.എസിന്റെ സൈനിക ഇടപെടൽ ലക്ഷ്യമിട്ടാണ് അവരുടെ പ്രകടനം എന്നതാണ് ഒരു കാരണം.
മറ്റൊന്ന്, ജേണലിസ്റ്റായി അറിയപ്പെടുന്നുണ്ടെങ്കിലും അമേരിക്കൻ പൗരത്വമെടുത്ത് അവിടെ കഴിയുന്ന അവർ, യു.എസ് ഏജൻസി ഫോർ ഗ്ലോബൽ മീഡിയ എന്ന അമേരിക്കൻ സർക്കാറിന്റെ ഏജൻസിയിലാണ് ജോലിചെയ്യുന്നത്. സി.ഐ.എക്കുവേണ്ടിയും അവർ പ്രവർത്തിക്കുന്നുണ്ടത്രെ.
മസീഹ് അബൂ നെജാദിനെ യു.എസ് രഹസ്യാന്വേഷണ ഏജന്റെന്ന നിലക്ക് വിദേശകാര്യ വകുപ്പിന്റെ സന്ദേശങ്ങളിൽ പരാമർശിച്ചിരുന്നതായി യു.എസ് ജേണലിസ്റ്റ് മാക്സ് ബ്ലൂമന്താൾ ചൂണ്ടിക്കാട്ടുന്നു. ചെറുപ്പത്തിൽ ഇറാൻ വിട്ട അവർ പിന്നീട് ഇറാനെതിരെ ഇസ്രായേലി-യു.എസ് യുദ്ധത്തിനായി കാമ്പയിൻചെയ്തുവരുന്നു.
അവരുടെ സാക്ഷിമൊഴിയുടെ നിജസ്ഥിതി വ്യക്തമല്ല. എങ്കിലും അവർ ഒരു പ്രചാരണ പദ്ധതിയുടെ ഭാഗമാണെന്നതിൽ തർക്കവുമില്ല.
വെറും പ്രാദേശിക പത്രങ്ങൾ
പത്രങ്ങൾ മരിക്കുന്നതിനു മുമ്പ് അവ അപ്രസക്തമാകും. ആ ഘട്ടം തുടങ്ങി എന്നതിന്റെ സൂചനകൾ കുറേയുണ്ട്. 2026 ജനുവരി 12ലെ മംഗളം പത്രത്തിൽ ഒരു കൗതുകം കണ്ടു. കോഴിക്കോട് എഡിഷനിൽ മൊത്തം പേജ് എട്ട്. രാഹുൽ മാങ്കൂട്ടത്തിലുമായി ബന്ധപ്പെട്ട വാർത്തകളാണ് ലീഡ്. ഒന്നാം പേജിന്റെ മുക്കാൽ ഭാഗത്തോളം ഇതാണ്.
മൂന്നാം പേജിൽ (രണ്ടാം ടൈറ്റിൽ പേജ് കൂടിയാണിത്) പിന്നെയും ധാരാളം രാഹുൽ മാങ്കൂട്ടത്തിൽ വാർത്തകൾ. പേജിന്റെ മൂന്നിലൊന്ന് വരുമിത്. എഡിറ്റ് പേജിൽ പിന്നെയും കുറിപ്പുകളും.അതായത്, രണ്ട് ടൈറ്റിൽ പേജുകളിലായി ഒരു പേജും, വേറെ കുറിപ്പുകളുമായി, പത്രത്തിന്റെ വലിയൊരു ഭാഗം ചെലവിട്ടത് എല്ലാവരും അറിഞ്ഞുകഴിഞ്ഞ വാർത്തകൾക്കുവേണ്ടിയാണ്. എരിവും പുളിയും രാഷ്ട്രീയവും കലർന്ന ചേരുവ ഈ വിഷയത്തിന് വലിയ പ്രാമുഖ്യം നേടിക്കൊടുത്തിരിക്കുന്നു. ബാക്കി പേജുകളിൽ, പ്രാദേശിക പേജുകളിലും ജനറൽ പേജുകളിലും പ്രാദേശിക വാർത്തകൾക്കാണ് മുൻതൂക്കം.
പത്രത്തിലെ വിദേശവാർത്താ ഉള്ളടക്കം വളരെ കുറവ്. ഒന്നാംപേജിൽ, രാഹുൽ വാർത്തകളും പരസ്യങ്ങളും കഴിഞ്ഞാൽ ഉള്ള വാർത്ത ഇങ്ങനെ: ‘‘പുതുവർഷ പദ്ധതികളുമായി ട്രംപ്; ഗ്രീൻലൻഡ് പിടിച്ചെടുക്കും; ഇറാനിൽ അട്ടിമറി നടത്തും.’’ റിപ്പോർട്ടിന്റെ ഉള്ളടക്കം ഏതെങ്കിലും നടന്ന സംഭവങ്ങളല്ല, ട്രംപിന്റെ ഭീഷണിയാണ്.
ഉൾപേജിൽ ദോഹ ഡേറ്റ്ലൈ നിൽ, ഖത്തർ ഡിബേറ്റ്സ് ചാമ്പ്യൻഷിപ്പ് കേരളത്തിലെ ദാറുൽ ഹുദാ ഇൻസ്റ്റിറ്റ്യൂട്ട് ടീം നേടിയതായി വാർത്ത കാണാം. പിന്നെ എഡിറ്റ് പേജിൽ ചേർത്ത ഒരു വിശകലനവും: ‘‘ലാറ്റിൻ അമേരിക്ക ഞെട്ടലിൽ; യു.എസിനെ നേരിടാൻ ഒരുക്കം.’’
മൊത്തത്തിൽ, വൻതോതിൽ പ്രാദേശികവത്കരിക്കപ്പെട്ടു കൊണ്ടിരിക്കുകയാണ് പത്രം. ഇത് ഏതെങ്കിലും ഒരു ദിവസത്തെ കഥയുമല്ല. മംഗളത്തിന് മാത്രം ബാധകവുമല്ല. കുറഞ്ഞോ കൂടിയോ മറ്റു പത്രങ്ങളും സ്വന്തം അപ്രസക്തി വെളിപ്പെടുത്തിക്കൊണ്ടിരിക്കുന്നു. ലോക്കൽ ജനസമ്പർക്ക പത്രികകളായി അച്ചടിപ്പത്രങ്ങൾ മാറാതിരിക്കാൻ കുറെക്കൂടി വിചിന്തനം ഈ രംഗത്ത് ആവശ്യമാണ്.
ഇളമുറക്കാരെക്കൊണ്ട് പത്രം വായിപ്പിക്കാമോ?
പത്രങ്ങൾ അപ്രസക്തമാകുന്നതിന്റെ കാരണം കാലം അവക്കു മേൽ ചുമത്തിയ ദൗർബല്യങ്ങൾ മാത്രമല്ല. കൗമാര പ്രായക്കാരും യുവജനങ്ങളും അവയെ കൈയൊഴിയുന്നു എന്നതും ഒരു കാരണമാണ്. ഡിജിറ്റൽ തലമുറ വാർത്തകൾക്കായി പാരമ്പര്യ മാധ്യമങ്ങളെ (legacy media) ആശ്രയിക്കുന്നില്ല.
2025 ആ നിലക്കൊരു വഴിത്തിരിവ് കൂടിയായിരുന്നു. ചെറുപ്പക്കാർ മാത്രമല്ല, വായനസമൂഹം മുഴുവൻ ഡിജിറ്റൽ വേദികളിലേക്ക് കൂടി മാറുന്നതിന്റെ കൃത്യമായ സൂചനയാണത്. അമേരിക്കയിൽ നടത്തിയ സർവേയിൽ ഇത് ബോധ്യപ്പെട്ടു. വാർത്തയറിയുന്നതിന് അച്ചടിയിൽ നിന്നും ടെലിവിഷനിൽനിന്നും ഇന്റർനെറ്റ്, ഡിജിറ്റൽ വേദികളിലേക്കും സമൂഹമാധ്യമങ്ങളിലേക്കുമായി സമൂഹങ്ങൾ മാറാൻ തുടങ്ങിയിട്ട് പതിറ്റാണ്ടുകളായെങ്കിലും, നിർണായകമായ ചായ്‍വ് പ്രകടമായത് കഴിഞ്ഞ വർഷത്തിലാണ്. അമേരിക്കയിൽ അച്ചടിപ്പത്രങ്ങൾ കുറച്ചുമുമ്പേ എഴുതി തള്ളപ്പെട്ടതാണെങ്കിലും ടി.വി സജീവം തന്നെയായിരുന്നു. ഫോക്സ്, സി.എൻ.എൻ തുടങ്ങിയവ അടുത്തൊന്നും അപ്രസക്തമാകില്ല എന്ന് തോന്നിച്ചതുമാണ്. എന്നാൽ ‘നീമൻലാബി’ന്റെ പഠനം ഈ വ്യാമോഹം തകർത്തിരിക്കുന്നു.
സമൂഹമാധ്യമങ്ങൾ ടി.വിയെയും തോൽപിച്ചു എന്നാണ് കണ്ടെത്തൽ. ചരിത്രത്തിലാദ്യമായി വാർത്തയുടെ മുഖ്യ ആശ്രയമെന്ന സ്ഥാനം ടി.വിയിൽനിന്ന് സോഷ്യൽ മീഡിയ പിടിച്ചെടുത്തതാണ് 2025ലെ പ്രധാന വിശേഷം. ഇത് അമേരിക്കയിൽ. യു.കെയിൽ ‘ഓക്സ്ഫാം’ സർവേ ഫലവും സമാനമാണ്. ഒരു പഠനമനുസരിച്ച്, ‘ജെൻ-സീ’ക്കാരിലെ 40-50 ശതമാനം പേർ സമൂഹമാധ്യമങ്ങളിൽനിന്ന് മാത്രം വാർത്ത അറിയുന്നവരാണ്; പാരമ്പര്യ മാധ്യമ സമ്പ്രദായങ്ങളോട് വിരക്തിയുള്ളവരും. അവർ വാർത്ത തേടി അങ്ങോട്ട് ചെല്ലുകയല്ല, വാർത്ത അവരെ തേടി ഇങ്ങോട്ടെത്തുകയാണ് –അതും അവർ ഇഷ്ടപ്പെടുന്ന ഇനം വാർത്ത മാത്രം.
ഇത്തരം വാർത്തകളുടെ ഒരു പ്രത്യേകത, അവ ഓരോന്നും ചെറുതായിരിക്കും എന്നതാണ്. ദൃശ്യപ്രധാനവും. മറ്റൊന്ന്, ഇത്തരം വാർത്തകൾ വായിക്കുക മാത്രം ചെയ്യുന്ന കേവല ഉപഭോക്താക്കളായിരിക്കാൻ ഈ തലമുറ ഇഷ്ടപ്പെടുന്നില്ല എന്നതാണ്. അവർക്ക് തിരിച്ചു പറയാൻ പലതുമുണ്ടാകും; പങ്കുവെക്കാൻ താൽപര്യമുണ്ടാകും. വാർത്തയുടെ ഉപഭോക്താവല്ലാതെ, അതിന്റെ പങ്കുകാരനോ ഉൽപാദകനോ ഒക്കെ ആയിരിക്കാൻ താൽപര്യപ്പെടുന്നവരാണ് ഇളം തലമുറ.
ഇവരുടെ ശ്രദ്ധ അൽപമെങ്കിലും പാരമ്പര്യ വാർത്താ മാധ്യമങ്ങളിലേക്ക് തിരിക്കാൻ മാർഗങ്ങളുണ്ടോ? ഉള്ളടക്കത്തിലും അവതരണത്തിലും മാറ്റങ്ങൾ വരുത്താൻ ശ്രമങ്ങൾ പലരും നടത്തുന്നു. സ്കൂളുകളും ലൈബ്രറികളും മറ്റും വഴി ശ്രമിക്കുന്നവരുണ്ട്. വിനോദവത്കരണം (gamification) പരീക്ഷിക്കുന്നവരുണ്ട്. (ന്യൂയോർക് ടൈംസ് കൗമാരക്കാരെ ലക്ഷ്യമിട്ട് ക്വിസ് അടക്കമുള്ള ഇന്റർ ആക്ടീവ് അഭ്യാസങ്ങൾ, റാപ്പ് ശൈലിയിലുള്ള വാർത്താ സംഗ്രഹങ്ങൾ എന്നിവ പരീക്ഷിക്കുന്നുണ്ട്.)
ദ ഹിന്ദുവിൽ (‘നോട്ട്ബുക്ക്’, ജനു. 2) ഗോകുൽ സി ചില ശ്രമങ്ങളെപ്പറ്റി എഴുതിയിട്ടുണ്ട്. ‘ദ ഹിന്ദു ഇൻ സ്കൂൾ’ എന്ന പരിപാടി 13-18 പ്രായത്തിലുള്ള വായനക്കാരെയാണ് ലക്ഷ്യംവെക്കുന്നത്. അവർക്കുവേണ്ടി അവരുടെ ഭാഷയിൽ വാർത്ത ചെയ്യാൻ ശ്രമിക്കുന്നു. ലളിതമായി, വിശദാംശങ്ങളോടെ, അവതരിപ്പിക്കുന്നു. വിവരങ്ങളെ കഴിയുന്നത്ര കൊച്ചുകഥകളായും ചിത്രങ്ങളായും അവതരിപ്പിക്കാനാണ് ശ്രമം. കൗമാരക്കാരുടെ രചനകൾ പ്രസിദ്ധപ്പെടുത്താൻ ശ്രദ്ധിക്കുന്നു. വായന ഇല്ലാതാകുന്നില്ല.അതിന്റെ രീതിയാണ് മാറുന്നത്.
