Begin typing your search above and press return to search.
proflie-avatar
Login

ഫു​ട്ബാ​ൾ: ഓ​റി​യ​ന്റ​ലി​സ്റ്റ് ആ​ക്ര​മ​ണ​ങ്ങ​ളി​ൽ ഖ​ത്ത​ർ

1930ൽ ​തു​ട​ങ്ങി​യ ഫി​ഫ ലോ​ക​ക​പ്പി​ന് ആ​ദ്യ​മാ​യാ​ണ് അ​റ​ബ് മേ​ഖ​ല​യി​ലെ രാ​ജ്യം ആ​തി​ഥ്യം ന​ൽ​കു​ന്ന​ത്. യൂ​റോ​പ്പി​ലെ​യും ലാ​റ്റി​ന​മേ​രി​ക്ക​യി​ലെ​യും അ​നേ​കം നാ​ടു​ക​ൾ അ​ത് ന​ട​ത്തി​യി​ട്ടു​ണ്ട്. അ​ന്നൊ​ന്നും കേ​ൾ​ക്കാ​ത്ത എ​തി​ർ​പ്പ് ഖ​ത്ത​ർ മ​ത്സ​ര​ത്തി​നെ​തി​രെ ഉ​യ​രു​ന്ന​തി​ന് കാ​ര​ണ​മെ​ന്താ​ണ്?

qatar media criticism
cancel

​ഡ്വേ​ഡ് സഈദ് ഇ​ന്ന് ജീ​വി​ച്ചി​രി​പ്പു​ണ്ടാ​യി​രു​ന്നെ​ങ്കി​ൽ 'ഓ​റി​യ​ന്റ​ലി​സം' എ​ന്ന ഗ്ര​ന്ഥ​ത്തി​ന് ഒ​രു തു​ട​ർ​ച്ച എ​ഴു​തു​മാ​യി​രു​ന്നു. അ​തും ഖ​ത്ത​ർ ലോ​ക​ക​പ്പ് മ​ത്സ​ര​ത്തി​ന്റെ പ​ശ്ചാ​ത്ത​ല​ത്തി​ൽ.

കി​ഴ​ക്ക​ൻ രാ​ജ്യ​ങ്ങ​ളോ​ടു​ള്ള പ​ടി​ഞ്ഞാ​റി​ന്റെ മ​നോ​ഭാ​വം ഇ​ന്നും പ​ണ്ട​ത്തെ വം​ശീ​യവി​രോ​ധ​ത്തി​ന്റേ​താ​ണെ​ന്ന് 2022ലെ ​ഫി​ഫ ലോ​ക​ക​പ്പ് മ​ത്സ​ര​ങ്ങ​ളെ​പ്പ​റ്റി​യു​ള്ള പാ​ശ്ചാ​ത്യ റി​പ്പോ​ർ​ട്ടു​ക​ൾ സൂ​ചി​പ്പി​ക്കു​ന്നു.

ഖ​ത്ത​റി​ലെ തൊ​ഴി​ൽ നി​യ​മ​ങ്ങ​ൾ, മ​നു​ഷ്യാ​വ​കാ​ശ ലം​ഘ​ന​ങ്ങ​ൾ എ​ന്നി​വ​യാ​ണ് പാ​ശ്ചാ​ത്യ മീ​ഡി​യ​യു​ടെ സ്ഥി​രം ലോ​ക​ക​പ്പ് 'വി​ശേ​ഷ​ങ്ങ​ൾ'. 2010ൽ ​പ്ര​ഖ്യാ​പി​ക്ക​പ്പെ​ട്ട​താ​ണ് 2022ലെ ​മ​ത്സ​രം ഖ​ത്ത​റി​ലാ​കു​മെ​ന്ന്. അ​ന്നു​മു​ത​ൽ പാ​ശ്ചാ​ത്യ​ മാ​ധ്യ​മ​ങ്ങ​ൾ നി​ര​ന്ത​രം പ​റ​ഞ്ഞു​കൊ​ണ്ടി​രി​ക്കു​ന്ന ഒ​രു കാ​ര്യ​മു​ണ്ട്: ഇ​ത് ഖ​ത്ത​ർ ഫി​ഫ അ​ധി​കൃ​ത​ർ​ക്ക് കോ​ഴ​കൊ​ടു​ത്ത് വാ​ങ്ങി​യ​താ​ണ് എ​ന്ന്. ഇ​ത്ര ചെ​റി​യൊ​രു നാ​ട്, ഫു​ട്ബാ​ൾ രം​ഗ​ത്ത് കാ​ര്യ​മാ​യി സാ​ന്നി​ധ്യ​മ​റി​യി​ച്ചി​ട്ടി​ല്ലാ​ത്ത രാ​ജ്യം, സ്റ്റേ​ഡി​യ​ങ്ങ​ള​ട​ക്കം അ​ടി​സ്ഥാ​ന സൗ​ക​ര്യ​ങ്ങ​ൾ ഏ​റ​ക്കു​റെ ഇ​ല്ലാ​ത്ത രാ​ജ്യം, കാ​ലാ​വ​സ്ഥ​യും മി​ക്ക​വാ​റും പ്ര​തി​കൂ​ല​മാ​യ രാ​ജ്യം, എ​ങ്ങ​നെ ഇ​ത് അ​ടി​ച്ചെ​ടു​ത്തു എ​ന്ന​തി​ന് അ​വ​ർ ക​ണ്ട ല​ളി​ത​മാ​യ ഉ​ത്ത​ര​മാ​യി​രു​ന്നു കൈ​ക്കൂ​ലി.

2022 ലോ​ക​ക​പ്പ് ന​ട​ത്തി​പ്പ് ഖ​ത്ത​റി​ന് ന​ൽ​കി​യ 2010ൽ ​ത​ന്നെ​യാ​യി​രു​ന്നു 2018ലെ ​ലോ​ക​ക​പ്പ് ന​ട​ത്തി​പ്പ് റ​ഷ്യ​ക്കും കൊ​ടു​ത്ത​ത്. അ​തി​നെ​പ്പ​റ്റി​യും കൈ​ക്കൂ​ലി ആ​രോ​പ​ണം ഉ​യ​ർ​ന്നെ​ങ്കി​ലും ഖ​ത്ത​റി​നെ​തി​രാ​യ ആ​രോ​പ​ണ​ത്തി​ന്റെ രൂ​ക്ഷ​ത ഒ​ന്നു​ വേ​റെ​ത്ത​ന്നെ​യാ​യി​രു​ന്നു. ആ​രോ​പ​ണ​ത്തെ​പ്പ​റ്റി സ്വ​ത​ന്ത്ര അ​ന്വേ​ഷ​ണം ന​ട​ന്നു. അ​മേ​രി​ക്ക​ൻ അ​റ്റോ​ണി​യാ​യി​രു​ന്ന മൈ​ക്ക​ൽ ഗാ​ർ​സ്യയും ജ​ർ​മ​ൻ ജ​ഡ്ജി ഹാ​ൻ​സ്-​ജോ​ക്കിം എ​ക്കെ​ർ​ട്ടും ര​ണ്ടു വ​ർ​ഷ​മെ​ടു​ത്ത് ന​ട​ത്തി​യ അ​ന്വേ​ഷ​ണ​ത്തി​നൊ​ടു​വി​ൽ റി​പ്പോ​ർ​ട്ട് സ​മ​ർ​പ്പി​ച്ചു.

റ​ഷ്യ​യോ ഖ​ത്ത​റോ കൈ​ക്കൂ​ലി കൊ​ടു​ത്ത​തി​ന് തെ​ളി​വി​ല്ലെ​ന്നാ​യി​രു​ന്നു ക​ണ്ടെ​ത്ത​ൽ. വ​ല്ല ദു​സ്സൂ​ച​ന​യും ഉ​ണ്ടാ​യി​രു​ന്നെ​ങ്കി​ൽ അ​ത് റ​ഷ്യ​യെ പ​റ്റി​യാ​യി​രു​ന്നു – റ​ഷ്യ ''പ​രി​മി​ത​മാ​യ രേ​ഖ​ക​ൾ'' മാ​ത്ര​മേ പ​രി​ശോ​ധ​ന​ക്ക് ന​ൽ​കി​യു​ള്ളൂ എ​ന്ന്.

ഇ​തി​നുശേ​ഷ​വും കൈ​ക്കൂ​ലി ആ​രോ​പ​ണം ആ​വ​ർ​ത്തി​ക്ക​പ്പെ​ട്ടു​കൊ​ണ്ടേ ഇ​രി​ക്കു​ന്നു – അ​ന്വേ​ഷ​ണം പ്ര​ഹ​സ​ന​മാ​യി​രു​ന്നു എ​ന്ന​ത​ട​ക്കം. അ​തേ​സ​മ​യം, അ​ന്വേ​ഷ​ണ റി​പ്പോ​ർ​ട്ടി​ന്റെ പ്ര​സി​ദ്ധീ​കൃ​ത​മാ​യ സം​​ഗ്ര​ഹ​ത്തി​ൽ, ലോ​ക​ക​പ്പ് ന​ട​ത്തി​പ്പി​ന് ന​ട​ത്തി​യ ലേ​ലപ്ര​​ക്രി​യ​യി​ൽ സ​ത്യ​സ​ന്ധ​ത​യി​ല്ലാ​യ്മ കാ​ട്ടി​യെ​ന്ന്, ലേ​ല​ത്തി​ൽ പ​രാ​ജ​യ​പ്പെ​ട്ട ഇം​ഗ്ല​ണ്ടി​നെ​യും ആ​സ്ട്രേ​ലി​യ​യെ​യും കു​റ്റ​പ്പെ​ടു​ത്തി​യി​രു​ന്നു.

പ്ര​ഹ​സ​ന​മെ​ന്ന് വി​മ​ർ​ശ​ക​ർ കു​റ്റ​പ്പെ​ടു​ത്തി​യ ഇ​തേ അ​ന്വേ​ഷ​ണറി​പ്പോ​ർ​ട്ടി​ന്റെ അ​ടി​സ്ഥാ​ന​ത്തി​ൽ ത​ന്നെ, ഒ​രു അ​മേ​രി​ക്ക​ൻ മാ​ധ്യ​മ ക​മ്പ​നി​യി​ലെ ര​ണ്ട് ഉ​ന്ന​ത​രെ ശി​ക്ഷി​ച്ചു എ​ന്ന​തും എ​ടു​ത്തു​പ​റ​യ​ണം. അ​വ​ർ ഫി​ഫ ഉ​ദ്യോ​ഗ​സ്ഥ​ർ​ക്ക് കൈ​ക്കൂ​ലി കൊ​ടു​ത്തു എ​ന്ന​തു​ത​ന്നെ കാ​ര​ണം. ഹാ​ർ​വ​ഡ് ലോ ​സ്കൂ​ളി​ലെ ​പ്ര​ഫ. മാ​ത്യു സ്റ്റീ​വ​ൻ​സ​ൺ (ഗ്ലോ​ബ​ൽ ആ​ന്റി ക​റ​പ്ഷ​ൻ ബ്ലോ​ഗ്) എ​ഴു​തു​ന്നു: ഖ​ത്ത​ർ കൈ​ക്കൂ​ലി കൊ​ടു​ത്തി​ട്ടു​ണ്ടെ​ന്നു​ത​ന്നെ ക​രു​തു​ക. എ​ങ്കി​ൽ​പോ​ലും ചി​ല പ​ടി​ഞ്ഞാ​റ​ൻ രാ​ജ്യ​ങ്ങ​ളെ​ക്കാ​ൾ കൂ​ടു​ത​ൽ അ​പ​രാ​ധ​മൊ​ന്നും അ​വ​ർ ചെ​യ്തി​ട്ടി​ല്ല.

'മ​രു​ഭൂ​മി​യി​ലെ ശൈ​ഖു​മാ​ർ'

അ​റ​ബ് രാ​ജ്യ​ത്തി​ന് ഫി​ഫ ന​ട​ത്താ​ൻ അ​വ​കാ​ശം കി​ട്ടി​യെ​ങ്കി​ൽ കാ​ര​ണം കൈ​ക്കൂ​ലി ത​ന്നെ​യെ​ന്ന് ചി​ല​ർ ഒ​ന്നാം തീ​യ​തിത​ന്നെ തീ​രു​മാ​നി​ച്ചി​രു​ന്നു. വാ​ഷി​ങ്ട​ൺ പോ​സ്റ്റി​ൽ ഇ​ഷാ​ൻ ത​രൂ​ർ എ​ഴു​തി​യ കോ​ളം ഈ ​വി​വേ​ച​നം തു​റ​ന്നു​കാ​ട്ടു​ന്നു​ണ്ട്. ലോ​ക​ക​പ്പ് ആ​തി​ഥേ​യ​ത്വം ഖ​ത്ത​റി​ന് ന​ൽ​കാ​ൻ 2010ൽ ​തീ​രു​മാ​നി​ച്ച​പ്പോ​ഴേ ജ​ർ​മ​ൻ ടാ​ബ്ലോ​യ്​ഡ് പ​ത്ര​മാ​യ ബി​ൽ​ഡ് പ്ര​ഖ്യാ​പി​ച്ചു: ''ഈ ​തീ​രു​മാ​ന​ത്തി​ന് ഒ​രേ​യൊ​രു വി​ശ​ദീ​ക​ര​ണ​മേ​യു​ള്ളൂ: മ​രു​ഭൂ​മി​യി​ലെ ഒ​രു ചെ​റു​രാ​ഷ്ട്ര​ത്തി​ലെ ശൈ​ഖു​മാ​ർ​ക്ക് ഫി​ഫ ലോ​ക​ക​പ്പ് വി​റ്റു; മ​റ്റൊ​രു വി​ശ​ദീ​ക​ര​ണ​വും ഇ​ല്ല.''

ലി​ബ​റേ​ഷ​ൻ എ​ന്ന ഫ്ര​ഞ്ച് പ​ത്ര​ത്തി​ന് വാ​ർ​ത്ത വി​ശ്വ​സി​ക്കാ​നാ​യി​ല്ല​​േത്ര. ''കാ​യി​ക പാ​ര​മ്പ​ര്യ​മി​ല്ലാ​ത്ത ഒ​രു കൊ​ച്ചുനാ​ടി​നെ​ങ്ങ​നെ ഇ​ത്ര വ​ലി​യ ഒ​രു മ​ത്സ​രം ന​ട​ത്താ​നാ​വും? പ​ല​നി​ല​ക്കും ഈ ​തീ​രു​മാ​നം അ​ത്ഭുത​പ്പെ​ടു​ത്തു​ന്ന​താ​ണ്.''

ലെ ​ക​നാ ഹോ​ഷി​നി (Le Canard Enchaine) എ​ന്ന ഫ്ര​ഞ്ച് ആ​ക്ഷേ​പ​ഹാ​സ്യ വാ​രി​ക​യി​ലെ വം​ശീ​യ കാ​ർ​ട്ടൂ​ൺ പ്ര​തി​ഷേ​ധം വി​ളി​ച്ചു​വ​രു​ത്തി​യി​രി​ക്കു​ന്നു. ഫു​ട്ബാ​ൾ ലോ​ക​ക​പ്പ് മ​ത്സ​രം പ​ടി​ഞ്ഞാ​റ​ൻ മാ​ധ്യ​മ​ങ്ങ​ളു​ടെ ഓ​റി​യ​ന്റ​ലി​സ്റ്റ് വി​വേ​ച​ന​ങ്ങ​ൾ പു​റ​ത്തു​വ​രാ​ൻ നി​മി​ത്ത​മാ​യി​രി​ക്കു​ക​യാ​ണ്.

12 വ​ർ​ഷ​ക്കാ​ല​ത്തെ ഇ​ത്ത​രം പ്ര​ചാ​ര​ണം ഫ​ലംചെ​യ്തു എ​ന്നു ക​രു​ത​ണം. ഖ​ത്ത​റി​ന് ആ​തി​ഥേ​യ​ത്വ അ​വ​കാ​ശം ന​ൽ​കി​യ സ​മി​തി​യു​ടെ അ​ധ്യ​ക്ഷ​നാ​യി​രു​ന്ന അ​ന്ന​ത്തെ ഫി​ഫ പ്ര​സി​ഡ​ന്റ് സെ​പ് ബ്ലാ​റ്റ​ർ സ്വി​സ് പ​ത്ര​മാ​യ ടാ​ഗ​സ് അ​ൻ​സൈ​ഗ​റി​നോ​ട് ഈ​യി​ടെ പ​റ​ഞ്ഞു: ''ആ ​തീ​രു​മാ​നം തെ​റ്റാ​യി​പ്പോ​യി.'' കാ​ര​ണം? ''ഖ​ത്ത​ർ ന​ന്നേ ചെ​റി​യ രാ​ജ്യം. ഫു​ട്ബാ​ളും ലോ​ക​ക​പ്പും അ​തി​ന് താ​ങ്ങാ​വു​ന്ന​തി​ലും വ​ലു​ത​ല്ലേ?''

ഖ​ത്ത​ർ ചെ​റി​യ രാ​ജ്യ​മാ​ണെ​ങ്കി​ലും എ​ണ്ണ​യും പ്ര​കൃ​തി​വാ​ത​ക​വുംകൊ​ണ്ട് വ​ള​രെ സ​മ്പ​ന്ന​മാ​യ അ​തി​ന് ലോ​ക​ക​പ്പ് ന​ട​ത്താ​ൻ എ​ല്ലാ ശേ​ഷി​യു​മു​ണ്ടെ​ന്ന് ഇ​ത്ര​യും​കാ​ലം ന്യാ​യീ​ക​രി​ച്ചി​രു​ന്ന​തും ബ്ലാ​റ്റ​റാ​ണ്.

1930ൽ ​തു​ട​ങ്ങി​യ ഫി​ഫ ലോ​ക​ക​പ്പി​ന് ആ​ദ്യ​മാ​യാ​ണ് അ​റ​ബ് മേ​ഖ​ല​യി​ലെ രാ​ജ്യം ആ​തി​ഥ്യം ന​ൽ​കു​ന്ന​ത്. യൂ​റോ​പ്പി​ലെ​യും ലാ​റ്റി​ന​മേ​രി​ക്ക​യി​ലെ​യും അ​നേ​കം നാ​ടു​ക​ൾ അ​ത് ന​ട​ത്തി​യി​ട്ടു​ണ്ട്. അ​ന്നൊ​ന്നും കേ​ൾ​ക്കാ​ത്ത എ​തി​ർ​പ്പ് ഖ​ത്ത​ർ മ​ത്സ​ര​ത്തി​നെ​തി​രെ ഉ​യ​രു​ന്ന​തി​ന് കാ​ര​ണ​മെ​ന്താ​ണ്? മ​നു​ഷ്യാ​വ​കാ​ശ ലം​ഘ​ന​മെ​ന്ന ആ​രോ​പ​ണ​മാ​ണ് മ​റ്റൊ​ന്ന്.

ഖ​ത്ത​റി​ലെ 30 ല​ക്ഷം ജ​ന​ങ്ങ​ളി​ൽ 85 ശ​ത​മാ​ന​വും വി​ദേ​ശ​ങ്ങ​ളി​ൽ​നി​ന്നു​ള്ള ജോ​ലി​ക്കാ​രാ​ണ്. ആ​ഫ്രി​ക്ക​യി​ലെ​യും ഏ​ഷ്യ​യി​ലെ​യും ദ​രി​ദ്രസ​മൂ​ഹ​ങ്ങ​ളി​ൽ​നി​ന്നു​ള്ള തൊ​ഴി​ലാ​ളി​ക​ളാ​ണ് ഏ​റെ​യും. ലോ​ക​ക​പ്പി​ന് സ്റ്റേ​ഡി​യ​ങ്ങ​ള​ട​ക്കം നി​ർ​മി​ക്കു​ന്ന​തി​ൽ തൊ​ഴി​ൽചൂ​ഷ​ണം ന​ട​ന്നു എ​ന്നാ​ണ് ആ​രോ​പ​ണം.

എ​ത്ര മ​ര​ണം?

ഖ​ത്ത​റി​ന് ഫു​ട്ബാ​ൾ ആ​തി​ഥേ​യ​ത്വം ന​ൽ​കി​യ​തു മു​ത​ൽ 6,500 തൊ​ഴി​ലാ​ളി​ക​ൾ മ​രി​ച്ചു എ​ന്ന ഒ​രു ക​ണ​ക്ക് ദ ​ഗാ​ർ​ഡി​യ​ൻ പ​ത്രം ക​ഴി​ഞ്ഞവ​ർ​ഷം റി​പ്പോ​ർ​ട്ട് ചെ​യ്തു. എ​ന്നാ​ൽ, ഫു​ട്ബാ​ളു​മാ​യി ബ​ന്ധ​പ്പെ​ട്ട​തും അ​ല്ലാ​ത്ത​തു​മാ​യി കു​റെ വ​ർ​ഷ​ങ്ങ​ളു​ടെ മൊ​ത്തം ക​ണ​ക്ക് ആം​ന​സ്റ്റി ന​ൽ​കി​യ​ത് പ​ത്രം ലോ​ക​ക​പ്പു​മാ​യി ബ​ന്ധ​പ്പെ​ടു​ത്തു​ക​യാ​യി​രു​ന്നു. വേ​റെ​യു​മു​ണ്ട് വ്യ​ത്യ​സ്ത ക​ണ​ക്കു​ക​ൾ.

തൊ​ഴി​ൽരം​ഗ​ത്തെ ചൂ​ഷ​ണ​വും മ​ര​ണ​വും ഖ​ത്ത​റും സ​മ്മ​തി​ക്കു​ന്നു​ണ്ട്. എ​ന്നാ​ൽ, മ​ത്സ​രന​ട​ത്തി​പ്പു​മാ​യ​ല്ല, നി​ർ​മാ​ണ​ക്ക​രാ​ർ എ​ടു​ത്ത ക​മ്പ​നി​ക​ളു​മാ​യി​ട്ടാ​ണ് അ​വ​ക്ക് ബ​ന്ധം. മ​ത്സ​ര നി​ർ​മാ​ണ​ങ്ങ​ൾ തു​ട​ങ്ങു​മ്പോ​ൾത​ന്നെ തൊ​ഴി​ൽചൂ​ഷ​ണം നി​ർ​ത്താ​ൻ ന​ട​പ​ടി എ​ടു​ത്തി​രു​ന്ന​േ​ത്ര. യു.​എ​ൻ അ​ന്താ​രാ​ഷ്ട്ര തൊ​ഴി​ൽ സം​ഘ​ട​ന ഈ ​മാ​സം സ​മ​ർ​പ്പി​ച്ച റി​പ്പോ​ർ​ട്ടി​ൽ ഈ രം​ഗ​ത്ത് ഗ​ണ്യ​മാ​യ പു​​രോ​ഗ​തി ഉ​ണ്ടാ​യ​താ​യി അ​റി​യി​ച്ചു – ഇ​നി​യും ചെ​യ്യാ​നു​ണ്ടെ​ന്നും.

ഖ​ത്ത​ർ അ​ധി​കൃ​ത​രു​ടെ ക​ണ​ക്ക​നു​സ​രി​ച്ച് ലോ​ക​ക​പ്പ് നി​ർ​മാ​ണ​ങ്ങ​ൾ​ക്കി​ടെ മ​രി​ച്ച തൊ​ഴി​ലാ​ളി​ക​ളു​ടെ എ​ണ്ണം 38 ആ​ണ്.

പ​ര​സ്യ​മാ​യ മ​ദ്യ​പാ​ന​മ​ട​ക്കം ചി​ല കാ​ര്യ​ങ്ങ​ളി​ൽ ഖ​ത്ത​റി​ൽ നി​യ​ന്ത്ര​ണ​മു​ണ്ട്. ഇ​തും അ​വ​കാ​ശ​ലം​ഘ​ന​മാ​യി എ​ണ്ണ​പ്പെ​ടു​ന്നു. റ​ഷ്യ​യി​ലെ 2018 ലോ​ക​ക​പ്പി​ലും ചൈ​ന​യി​ലെ ഒ​ളി​മ്പി​ക്സി​ലുമ​ട​ക്കം ഉ​ണ്ടാ​യി​രു​ന്ന നി​യ​​ന്ത്ര​ണ​ങ്ങ​ൾ​ക്കെ​തി​രെ, ഇ​ന്ന് ഖ​ത്ത​റി​നെ​തി​രാ​യു​ള്ള അ​ത്ര രൂ​ക്ഷ​മാ​യ വി​മ​ർ​ശ​നം ഉ​യ​ർ​ന്നി​രു​ന്നി​ല്ലെ​ന്ന് അ​ൽ അ​റ​ബി പ​ത്ര​ത്തി​ൽ ഇ​മാ​ദ് മൂ​സ ചൂ​ണ്ടി​ക്കാ​ട്ടു​ന്നു.

മാ​ർ​ക് ഓ​വ​ൻ ജോ​ൺ​സ് ന​ൽ​കു​ന്ന ഒ​രു ക​ണ​ക്കു​ണ്ട്. ഒ​മ്പ​ത് ബ്രി​ട്ടീ​ഷ് മാ​ധ്യ​മ​ങ്ങ​ളി​ലാ​യി ഫി​ഫ ഖ​ത്ത​റു​മാ​യി ബ​ന്ധ​പ്പെ​ട്ട 685 ലേ​ഖ​ന​ങ്ങ​ൾ വി​ശ​ക​ല​നം ചെ​യ്ത​തി​ൽ 66 ശ​ത​മാ​നം വി​മ​ർ​ശ​ന​മാ​യി​രു​ന്നു. റ​ഷ്യ​യി​ലെ ലോ​ക​ക​പ്പ് മ​ത്സ​ര​ത്തി​നു മു​മ്പ​ത്തെ വാ​ർ​ത്ത​ക​ൾ നോ​ക്കി​യ​പ്പോ​ൾ ക​ണ്ട​ത്: 15,000 വാ​ർ​ത്ത​ക​ളി​ൽ 492 എ​ണ്ണം (മൂ​ന്നു ശ​ത​മാ​നം) മാ​ത്ര​മാ​ണ് ലോ​ക​ക​പ്പു​മാ​യി ബ​ന്ധ​പ്പെ​ട്ട​ത്. ഖ​ത്ത​റി​ന്റെ കാ​ര്യ​ത്തി​ൽ ഇ​ത് 40 ശ​ത​മാ​നം.

റ​ഷ്യ​ക്കെ​തി​രെ​യും ആ​രോ​പ​ണ​ങ്ങ​ൾ ധാ​രാ​ളം വ​ന്നി​രു​ന്നു. മ​ലേ​ഷ്യ​ൻ വി​മാ​നം വെ​ടി​വെ​ച്ചി​ട്ട​ത്, ക്രീമി​യ അ​ധി​നി​വേ​ശം, സി​റി​യ​യി​ലെ ബോം​ബി​ങ്, റ​ഷ്യ​യി​ൽ താ​മ​സി​ക്കു​ന്ന ബ്രി​ട്ടീ​ഷു​കാ​രെ വി​ഷം കൊ​ടു​ത്തു​കൊ​ന്ന​ത് തു​ട​ങ്ങി പ​ല​തും.

എ​ന്നാ​ൽ, ഖ​ത്ത​റി​നെ​തി​രാ​യ ആ​​രോ​പ​ണ​ങ്ങ​ളും റ​ഷ്യ​ക്കെ​തി​രാ​യ​വ​യും ത​മ്മി​ൽ കാ​ത​ലാ​യ ഒ​രു വ്യ​ത്യാ​സം ഉ​ണ്ട്: റ​ഷ്യ​ക്കെ​തി​രാ​യ വി​മ​ർ​ശ​ന​ങ്ങ​ൾ അ​ത​ത് വി​ഷ​യ​ങ്ങ​ളി​ൽ മാ​ത്രം കേ​ന്ദ്രീ​ക​രി​ച്ച​പ്പോ​ൾ ഖ​ത്ത​റി​നെ​തി​രാ​യ​വ ലോ​ക​ക​പ്പ് മ​ത്സ​ര​വു​മാ​യി ശ്ര​ദ്ധാ​പൂ​ർ​വം ബ​ന്ധി​പ്പി​ക്കു​കകൂ​ടി ചെ​യ്യു​ന്നു.

ഓ​വ​ൻ ജോ​ൺ​സി​ന്റെ നി​രീ​ക്ഷ​ണ​ത്തി​ൽ, ദ​ക്ഷി​ണാ​ഫ്രി​ക്ക ലോ​ക​ക​പ്പ് (2010), ഇ​ന്ത്യ​യി​ലെ ക്രി​ക്ക​റ്റ് ലോ​ക​ക​പ്പ് (1996) തു​ട​ങ്ങി​യ​വ​യി​ലും പ​ടി​ഞ്ഞാ​റി​ന്റെ വി​വേ​ച​നം ഉണ്ടായി. ''ഇ​പ്പോ​ൾ മ​ധ്യ പൗ​ര​സ്ത്യ ദേ​ശ​ത്തെ​ത്തു​മ്പോ​ൾ ബ്രി​ട്ടീ​ഷ് മാ​ധ്യ​മ​ങ്ങ​ളു​ടെ ഉ​ള്ള​ട​ക്ക​ത്തെ​പ്പ​റ്റി ന​ട​ന്ന വി​വി​ധ പ​ഠ​ന​ങ്ങ​ൾ കാ​ണി​ക്കു​ന്ന​ത്, അ​വ മു​സ്‍ലിം​ക​ളെ​യും അ​റ​ബി​ക​ളെ​യും മോ​ശ​മാ​യി കാ​ണി​ക്കാ​ൻ താ​ൽ​പ​ര്യ​പ്പെ​ടു​ന്നു എ​ന്നാ​ണ്'' ('How Western Press coverage of Qatar Worldcup 2022 descended into hypocrisy and orientalist caricatures', by Mark Owen Jones, Al Araby).

ബ്രി​ട്ടീ​ഷ് പ​ത്ര​മാ​യ ദി ​ടെ​ലി​ഗ്രാ​ഫി​ൽ വ​ന്ന ഒ​രു ലേ​ഖ​ന​ത്തി​ന്റെ ത​ല​ക്കെ​ട്ട് ഇ​ങ്ങ​നെ​യാ​യി​രു​ന്നു: 'ഞാ​ൻ എ​ന്റെ ഭ​ർ​ത്താ​വി​ന്റെ കൈ​പി​ടി​ച്ചാ​ൽ ആ​ളു​ക​ൾ 'ഛെ' എ​ന്നു പ​റ​യു​ന്ന നാ​ട് – ഖ​ത്ത​റി​ലെ ജീ​വി​തം അ​താ​ണ്.' ഇ​തി​ന് ഖ​ത്ത​റി​ൽ​നി​ന്നു​ള്ള ട്വി​റ്റ​ർ പ്ര​തി​ക​ര​ണം: ''ബ്രി​ട്ട​നി​ലെ പ്രോ​പ​ഗ​ണ്ട യ​ന്ത്രം സ​ജീ​വം. വ​ള​ച്ചൊ​ടി​ക്ക​ൽ ക​ഴി​ഞ്ഞ് നു​ണ​യി​ലെ​ത്തി​യി​രി​ക്കു​ന്നു അ​ത്. എ​പ്പോ​ഴാ​ണാ​വോ ഭാ​ര്യ​ക്ക് ഭ​ർ​ത്താ​വി​ന്റെ കൈ​പി​ടി​ക്കാ​ൻ പ​റ്റാ​താ​യ​ത്..?''

ഖ​ത്ത​റി​ലെ പ​ന്ത് ഉ​രു​ളു​ന്ന​തി​നും വ​ള​രെ മു​മ്പേ പ​ടി​ഞ്ഞാ​റ​ൻ പ്രോ​പ​ഗ​ണ്ട ക​ളി മു​റു​കി​യി​രി​ക്കു​ന്നു.

Show More expand_more
News Summary - qatar media criticism