അധികാരം, പ്രചാരണം: ഏറെ മാറി; ഒന്നും മാറിയില്ല

‘‘ചരിത്രം പ്രസിഡന്‍റ് ട്രംപിനെ ഓർമിക്കുക സമാധാനവാദിയായ പ്രസിഡന്‍റ് എന്ന നിലക്കായിരിക്കും’’ –യു.എസ് വിദേശകാര്യ സെക്രട്ടറി മാർകോ റൂബിയോ പറയുന്നു. പറയുക മാത്രമല്ല, ‘യു.എസ് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് പീസ്’ (U.S. Institute of Peace) എന്ന സ്ഥാപനത്തെ ‘ഡോണൾഡ് ജെ. ട്രംപ് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് പീസ്’ എന്ന് പുനർനാമകരണം കൂടി ചെയ്തു അദ്ദേഹം. ഫലസ്തീനിൽ വെടിനിർത്താനുള്ള യു.എൻ രക്ഷാസമിതി പ്രമേയങ്ങൾ പലതവണ വീറ്റോ ചെയ്തു; ഒടുവിൽ വേട്ടക്കാർക്കൊപ്പം ചേർന്ന് വെടിനിർത്തലെന്ന പുതിയ പേരിൽ വംശഹത്യക്ക് തുടർ ലൈസൻസ് നേടിക്കൊടുത്തു. ബറാക് ഒബാമയും ജോ ബൈഡനും ഭരിച്ച മൊത്തം 12 വർഷത്തേക്കാൾ കൂടുതൽ തവണ ഒറ്റവർഷംകൊണ്ട്...
Your Subscription Supports Independent Journalism
View Plans‘‘ചരിത്രം പ്രസിഡന്‍റ് ട്രംപിനെ ഓർമിക്കുക സമാധാനവാദിയായ പ്രസിഡന്‍റ് എന്ന നിലക്കായിരിക്കും’’ –യു.എസ് വിദേശകാര്യ സെക്രട്ടറി മാർകോ റൂബിയോ പറയുന്നു. പറയുക മാത്രമല്ല, ‘യു.എസ് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് പീസ്’ (U.S. Institute of Peace) എന്ന സ്ഥാപനത്തെ ‘ഡോണൾഡ് ജെ. ട്രംപ് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് പീസ്’ എന്ന് പുനർനാമകരണം കൂടി ചെയ്തു അദ്ദേഹം.
ഫലസ്തീനിൽ വെടിനിർത്താനുള്ള യു.എൻ രക്ഷാസമിതി പ്രമേയങ്ങൾ പലതവണ വീറ്റോ ചെയ്തു; ഒടുവിൽ വേട്ടക്കാർക്കൊപ്പം ചേർന്ന് വെടിനിർത്തലെന്ന പുതിയ പേരിൽ വംശഹത്യക്ക് തുടർ ലൈസൻസ് നേടിക്കൊടുത്തു. ബറാക് ഒബാമയും ജോ ബൈഡനും ഭരിച്ച മൊത്തം 12 വർഷത്തേക്കാൾ കൂടുതൽ തവണ ഒറ്റവർഷംകൊണ്ട്
സോമാലിയയിൽ ബോംബിട്ടു. കരീബിയൻ സമുദ്രത്തിൽ ബോട്ടുകൾക്കു മേൽ ബോംബിടുന്നു. വെനിസ്വേലയിൽ സൈനിക ഇടപെടൽ നടത്തുന്നു. ഇറാനിൽ ബോംബിട്ടു. യമനിൽ ബോംബിട്ട് നൂറുകണക്കിന് മനുഷ്യരെ കൊന്നു. യു.എസ് യുദ്ധക്കുറ്റങ്ങൾ വെളിപ്പെടുത്തിയതിന് ജൂലിയൻ അസാൻജിനെ തടവിലാക്കി. ഭൂമിയിലെങ്ങും യുദ്ധസന്നാഹം കടുപ്പിച്ചു. പ്രതിരോധ മന്ത്രാലയത്തിന് (Department of Defence) യുദ്ധ മന്ത്രാലയം (Department of War) എന്ന് പേരു നൽകി.
എന്നാലും ട്രംപ് സമാധാനവാദിയാണ്! രാഷ്ട്രനേതാക്കൾ നൊബേൽ സമാധാന പുരസ്കാരത്തിന് ശിപാർശ ചെയ്ത മഹാൻ. ട്രംപ് ഊതിവീർപ്പിച്ച ബലൂണാണ്. പക്ഷേ, ആ ബലൂണിനു പുറത്ത് പലരും വരച്ചുവെച്ചിട്ടുള്ള ചിത്രങ്ങളിലാണ് ലോകത്തിന്‍റെ കണ്ണ് –അദ്ദേഹത്തെപ്പറ്റിയുള്ള പൊള്ളയായ പ്രചാരണങ്ങളിൽ.
യാഥാർഥ്യവും പി.ആർ പ്രചാരണവും തമ്മിലുള്ള അന്തരം ട്രംപിന്‍റെ കാര്യത്തിൽ ഒതുങ്ങില്ല. പലരിൽ ഒരാൾ മാത്രമാണദ്ദേഹം. 2025ഓടെ നൂറ്റാണ്ടിന്‍റെ നാലിലൊന്ന് തീരുമ്പോൾ, ഊതിവീർപ്പിച്ച നേതാക്കളുടെ ഭാരം പേറുകയും അവരുടെ പി.ആർ പ്രതിച്ഛായകൾ കൊണ്ടാടുകയുമാണ് വിവിധ രാജ്യങ്ങൾ.
പ്രതീതിയും യാഥാർഥ്യവും രണ്ടായിരിക്കുമ്പോൾ മാധ്യമങ്ങളുടെ സ്ഥാനം എവിടെയാണ്? അധികാരത്തോടൊപ്പം ചേർന്ന് ലാഭം
കൊയ്യുന്നവരും, ബലൂണുകളുടെ പൊള്ളത്തരം തുറന്നുപറഞ്ഞതിന് വേട്ടയാടപ്പെടുന്നവരുമായി അവ തരംതിരിഞ്ഞിരിക്കുന്നു.
വിവിധ നാടുകളിലെ ഏകാധിപത്യ പ്രവണത മാധ്യമങ്ങളിലൂടെ ഈ രണ്ടുതരത്തിലും പ്രകടമായിക്കൊണ്ടിരിക്കുന്നു.
2025 അവസാനിക്കുമ്പോൾ, സാങ്കേതികവിദ്യയിൽ എ.ഐ അടക്കമുള്ള മുന്നേറ്റങ്ങൾ ഭരണരംഗത്തും മാധ്യമരംഗത്തും മാറ്റങ്ങൾ കൊണ്ടുവന്നിട്ടുണ്ട്. ഭരണകൂടത്തിന്‍റെ അമിതാധികാര പ്രയോഗത്തിനെതിരെ ജനകീയ ചെറുത്തുനിൽപിന്‍റെ സാധ്യത സമൂഹമാധ്യമങ്ങളിൽ ദർശിച്ചവരുണ്ട്. എന്നാൽ, ഇത് സാധ്യമാക്കിയ സാങ്കേതിക വിദ്യ തന്നെ, രഹസ്യനിരീക്ഷണത്തിനുള്ള വൻ സാധ്യതകൾ തുറന്ന് അധികാര കേന്ദ്രീകരണത്തെ സഹായിക്കുന്നു.
ഭരണം(governance), ടെക്നോളജി, മീഡിയ എന്നിവയുടെ സംഗമം ഈ മൂന്ന് മേഖലകളെയും ശക്തിപ്പെടുത്തിയിട്ടുണ്ട്. അതിന്‍റെ ഫലങ്ങളിൽ, ഏകാധിപതികളുടെ ഉയർച്ചയും ഒപ്പം ദോഷങ്ങൾ മറച്ചുവെക്കാൻ അവരെ സഹായിക്കുന്ന പി.ആർ അഭ്യാസങ്ങളും ഉൾപ്പെടും. അമിതാധികാരം യാഥാർഥ്യമാകുന്നതിനൊപ്പംതന്നെ, അതിനെ മനുഷ്യസ്നേഹവും രാജ്യസ്നേഹവുമായി അവതരിപ്പിക്കുന്ന മാധ്യമ ബലൂണുകളുടെ ഉയർച്ചയും കാണുന്നു.
ഈ വർഷം മാധ്യമരംഗത്ത് ശ്രദ്ധിക്കപ്പെട്ട നാല് ഭരണാധിപരുടെ ശൈലികളിൽ ഒരേപോലെ കാണുന്നതാണ് അധികാരഭ്രമവും പി.ആർ ജ്വരവും.
‘അതിമാനുഷർ’
ട്രംപിനെയെടുക്കുക. റിയൽ എസ്റ്റേറ്റ് ഭീമനും റിയാലിറ്റി ടി.വി താരവുമായിരുന്ന അദ്ദേഹത്തിന് രാഷ്ട്രീയവും അത് രണ്ടുംതന്നെ: കച്ചവടവും ‘ഷോ’യും. ‘മഗ’ (Make America Treat Again) പോലുള്ള മുദ്രാവാക്യങ്ങളിലാണ് ഊന്നൽ. ഏത് വീഴ്ചയും ഏത് അതിക്രമവും മുദ്രാവാക്യംകൊണ്ട് പൊതിഞ്ഞ് ഭംഗിയാക്കും. കാമ്പില്ലെങ്കിലും ആൾക്കൂട്ടത്തെ കൈയിലെടുക്കാൻ ശേഷിയുള്ള പ്രസംഗങ്ങൾ. എതിരാളികളെ ട്രോളുകൾ (memes, trolls) കൊണ്ട് നേരിടുന്നതിന് വൈറ്റ് ഹൗസിൽ ജസ്റ്റിൻ കോർപറാൽ എന്ന ‘എക്സിക്യൂട്ടിവ് പ്രൊഡ്യൂസർ’ വരെയുണ്ട്. ജനരോഷം നിർമിക്കുക, മാധ്യമ ആഖ്യാനങ്ങൾ രൂപപ്പെടുത്തുക, ഒരിക്കലും തെറ്റ് സമ്മതിക്കാതിരിക്കുക തുടങ്ങിയവയാണ് തന്ത്രങ്ങൾ.
മറ്റു നേതാക്കൾക്കും, ഇപ്പറഞ്ഞതിൽ കൂടുതലും ബാധകമാണ്. ഭരണത്തെ ഒരു ‘ബ്രാൻഡ് പ്രസ്ഥാന’മാക്കുകയാണ് നരേന്ദ്ര മോദി ചെയ്യുന്നത്. ട്രംപിൽനിന്ന് വ്യത്യസ്തമായി, വ്യക്തിപൂജ സംസ്കാരം വളർത്തുന്ന രീതികൂടി അദ്ദേഹം കൈക്കൊള്ളുന്നു. ഗുജറാത്ത് മുഖ്യമന്ത്രിയായിരിക്കെ ചെയ്ത വലിയൊരു പ്രവർത്തനം ‘ആപ്കോ വേൾഡ് വൈഡ്’ എന്ന പി.ആർ കമ്പനിക്ക് പണം നൽകി പ്രചാരണം നടത്തിക്കുകയാണ്. 2014ൽ ‘അബ്കി ബാർ മോദി സർക്കാർ’ മുദ്രാവാക്യം അടക്കം സൃഷ്ടിച്ച ‘ഒഗിൽവി’, ‘സോഹോ സ്ക്വയർ’ തുടങ്ങിയ പരസ്യ കമ്പനികളുടെ സേവനം വാങ്ങി.
‘ചൗകീദാർ ചോർ ഹേ’ (കാവൽക്കാരൻ കള്ളനാണ്) എന്ന രാഹുൽ ഗാന്ധിയുടെ പ്രസ്താവനയെ ‘ചൗകീദാർ നരേന്ദ്ര മോദി’ പ്രചാരണംകൊണ്ട് നേരിട്ട സാമർഥ്യം മറ്റൊരു ഉദാഹരണം. കോവിഡ് സർട്ടിഫിക്കറ്റിനും വിവിധ പദ്ധതികൾക്കും പരസ്യബോർഡുകൾക്കുമടക്കം മോദിയുടെ പടം നിർബന്ധമാക്കുന്ന പ്രചാരണ ജ്വരം. നോട്ടുനിരോധനം പോലുള്ള വൻ പരാജയങ്ങൾപോലും തിരിച്ചടിക്കാത്ത വിധത്തിൽ പി.ആർ കവചം മോദിയെ ആവരണം ചെയ്യുന്നു. ഗുജറാത്ത് വംശഹത്യയുടെ യാഥാർഥ്യം തെഹൽക വാരിക തുറന്നുകാട്ടിയിട്ടും മോദി ഗുജറാത്തിൽ വീണ്ടും തെരഞ്ഞെടുക്കപ്പെട്ടു. എന്നാൽ പിന്നീട്, ‘വിശ്വഗുരു’ പരിവേഷമണിയുമ്പോൾ ഗുജറാത്ത് ഹത്യ മറച്ചുവെക്കേണ്ട ഒന്നായി മാറുന്നു –ബി.ബി.സി ഡോക്യുമെന്‍ററിക്ക് വിലക്ക് വന്നതോർക്കുക. അഴിമതി, സ്വജനപക്ഷപാതം, ഭിന്നിപ്പിക്കൽ രാഷ്ട്രീയം തുടങ്ങിയവ ഇന്നും ദേശീയ രാഷ്ട്രീയത്തിൽ നിർണായക വിഷയമാകാത്തതിന് പിന്നിലും പി.ആർ പരിശ്രമങ്ങളുണ്ട്.
ബലവാൻ എന്നതാണ് വ്ലാദിമിർ പുടിൻ സ്വയം അണിയുന്ന വേഷം. ‘കെച്ചം’ (ketchum) എന്ന യു.എസ് കമ്പനിയെ പ്രചാരണം ഏൽപിച്ചിരുന്നു. ന്യൂയോർക് ടൈംസ് പോലുള്ള അമേരിക്കൻ മാധ്യമങ്ങളിൽ വരെ അദ്ദേഹത്തെ പ്രകീർത്തിക്കുന്ന ലേഖനങ്ങൾ വന്നത് അങ്ങനെയത്രേ. 2000 മുതൽ പടിഞ്ഞാറൻ പി.ആർ കമ്പനികൾക്കായി റഷ്യ പതിനൊന്നര കോടി ഡോളർ ചെലവിട്ടതായി കണക്കുണ്ട്. (ഏറ്റവും കടുത്ത മനുഷ്യാവകാശ ലംഘനങ്ങൾ നടക്കുന്ന 50 രാജ്യങ്ങൾ 2010 മുതൽ 17 കോടിയോളം ഡോളറാണ് അമേരിക്കൻ പി.ആർ കമ്പനികൾക്ക് നൽകിയതെന്ന് ‘സെന്റർ ഫോർ പബ്ലിക് ഇന്‍റഗ്രിറ്റി’) ‘കെച്ചം’ കമ്പനിയുടെ ലോബിയിങ് കൊണ്ടാണ് പുടിനെ ടൈം വാരിക 2007ലെ വ്യക്തിയായി തിരഞ്ഞെടുത്തത്.

ബിന്യമിൻ നെതന്യാഹുവാണ് മാധ്യമ പ്രതിച്ഛായക്കായി വൻതോതിൽ ചെലവഴിക്കുന്ന മറ്റൊരു ഭരണകർത്താവ്. എതിർശബ്ദങ്ങളെയും എതിരാളികളെയും നിശ്ശബ്ദരാക്കുകയും സ്വന്തം ഭക്തരെ കൈയിലെടുക്കുകയുമാണ് മറ്റൊരു രീതി. അമേരിക്കയിലെ പി.ആർ കമ്പനികൾ നെതന്യാഹുവിന്‍റെ ഇസ്രായേലിൽനിന്നും ഏറെ സമ്പാദിക്കുന്നുണ്ട്. ‘ഫെയ്ത്ത് ത്രൂ വർക്സ്’, ‘ക്ലോക് ടവർ’ എന്നീ കമ്പനികളെ ഉപയോഗിച്ചാണ് ഗസ്സ വംശഹത്യയെ അമേരിക്കക്കാർക്കിടയിൽ സ്വീകാര്യമാക്കാൻ പ്രചാരണം നടത്തിയത്. അത് വലിയതോതിൽ വിജയിച്ചില്ലെന്നത് മറ്റൊരു കാര്യം.
ഒരുപക്ഷേ, നെതന്യാഹു മാത്രമല്ല ഇസ്രായേൽതന്നെയും നിലനിൽക്കുന്നത് വലിയ പി.ആർ ബലൂണുകളിലേറിയാണ് എന്നു പറയാം. വ്യക്തിപരമായ പ്രതിച്ഛായയിൽ ഇത്തരം നേതാക്കളെല്ലാം ശ്രദ്ധിക്കുന്നു. രക്ഷകർ, അതിമാനുഷർ തുടങ്ങിയ പരിവേഷങ്ങൾ തങ്ങൾക്ക് ചുറ്റും നിർമിച്ചെടുക്കുന്നു. ഭീതി വളർത്തി മുതലെടുക്കുക എന്ന പഴയ ഫാഷിസ്റ്റ് തന്ത്രവും ഇവരിൽ കാണാം.
ഭീതി വിതച്ച് വിളവെടുക്കൽ, എതിരാളികളെ മനുഷ്യരല്ലാത്ത രീതിയിൽ ചിത്രീകരിക്കൽ, ആയുധശേഷിയിൽ അഭിരമിക്കൽ, സ്വന്തം പ്രതിച്ഛായ വളർത്തൽ തുടങ്ങിയ തന്ത്രങ്ങൾതന്നെയാണ് ഒരു നൂറ്റാണ്ട് മുമ്പ് ജർമനിയും ഇറ്റലിയും അനുഭവിച്ചത്. സാങ്കേതികവിദ്യ ഏറെ മുന്നേറിയെങ്കിലും തന്ത്രങ്ങൾ ഇന്നും അതുതന്നെ. അന്ന് ഗേബൽസായിരുന്നെങ്കിൽ ഇന്ന് എ.ഐ ഫേയ്ക്കുകൾ വരെ ഉണ്ടെന്നു മാത്രം. അധികാരം, മാധ്യമങ്ങൾ, പ്രചാരണം –പ്രതീതികൾ ഒരുപാട് മാറി; യാഥാർഥ്യം മാറിയില്ല.
