Begin typing your search above and press return to search.
proflie-avatar
Login

പച്ചക്കുതിരക്ക് ഒരു സ്ട്രെയ്സൻഡ് ബോണസ്

പച്ചക്കുതിരക്ക്  ഒരു സ്ട്രെയ്സൻഡ് ബോണസ്
cancel

കേരളത്തിൽ രാഷ്ട്രീയക്കാരും മാധ്യമങ്ങളും താൽപര്യത്തോടെ ശ്രദ്ധിച്ച ഒന്നായിരുന്നു അന്തരിച്ച സി.പി.എം നേതാവ് കോടിയേരി ബാലകൃഷ്ണന്റെ ഭാര്യ വിനോദിനിയുടെ ഒരു അഭിമുഖം. പച്ചക്കുതിര മാസികക്ക് നൽകിയ ആ അഭിമുഖത്തിൽ, കോടിയേരിയുടെ മരണത്തിനുശേഷം തന്നെയും കുടുംബത്തെയും പാർട്ടി തിരിഞ്ഞുനോക്കിയില്ലെന്ന് വിനോദിനി പറഞ്ഞു. സ്വാഭാവികമായും പത്രങ്ങൾക്ക് അത് ശ്രദ്ധേയമായ വാർത്തയായി. വിനോദിനിയോട് പാർട്ടി ചെയ്ത അന്യായത്തെപ്പറ്റി പ്രാധാന്യപൂർവം റിപ്പോർട്ട് തയാറാക്കിയ പത്രങ്ങളിൽ മിക്കതും മറ്റൊരന്യായം ചെയ്തില്ലേ? ചില ഉദാഹരണങ്ങൾ (ജൂൺ 6ലെ പത്രങ്ങൾ):‘‘സി.പി.എം നേതൃത്വം അവഗണിക്കുന്നുവെന്നും...

Your Subscription Supports Independent Journalism

View Plans

കേരളത്തിൽ രാഷ്ട്രീയക്കാരും മാധ്യമങ്ങളും താൽപര്യത്തോടെ ശ്രദ്ധിച്ച ഒന്നായിരുന്നു അന്തരിച്ച സി.പി.എം നേതാവ് കോടിയേരി ബാലകൃഷ്ണന്റെ ഭാര്യ വിനോദിനിയുടെ ഒരു അഭിമുഖം. പച്ചക്കുതിര മാസികക്ക് നൽകിയ ആ അഭിമുഖത്തിൽ, കോടിയേരിയുടെ മരണത്തിനുശേഷം തന്നെയും കുടുംബത്തെയും പാർട്ടി തിരിഞ്ഞുനോക്കിയില്ലെന്ന് വിനോദിനി പറഞ്ഞു. സ്വാഭാവികമായും പത്രങ്ങൾക്ക് അത് ശ്രദ്ധേയമായ വാർത്തയായി. വിനോദിനിയോട് പാർട്ടി ചെയ്ത അന്യായത്തെപ്പറ്റി പ്രാധാന്യപൂർവം റിപ്പോർട്ട് തയാറാക്കിയ പത്രങ്ങളിൽ മിക്കതും മറ്റൊരന്യായം ചെയ്തില്ലേ? ചില ഉദാഹരണങ്ങൾ (ജൂൺ 6ലെ പത്രങ്ങൾ):

‘‘സി.പി.എം നേതൃത്വം അവഗണിക്കുന്നുവെന്നും ഉന്നതപദവിയിലിരിക്കുന്ന പി.ബി അംഗത്തെ വിളിച്ചാൽ ഫോണെടുക്കാറില്ലെന്നും കോടിയേരി ബാലകൃഷ്ണന്റെ പത്നി വിനോദിനി കോടിയേരി. ഒരു മാസികക്ക് നൽകിയ അഭിമുഖത്തിലാണ് സി.പി.എം മുൻ സംസ്ഥാന സെക്രട്ടറിയുടെ ഭാര്യയുടെ പ്രതികരണം.’’ (‘‘സി.പി.എം നേതൃത്വത്തിനെതിരെ കോടിയേരിയുടെ ഭാര്യ’’, മാധ്യമം.)

‘‘...ഒരു മാസികയ്ക്ക് നൽകിയ അഭിമുഖത്തിലാണ് വിനോദിനിയുടെ തുറന്നുപറച്ചിൽ.’’ (‘‘കോടിയേരിയുടെ മരണശേഷം പാർട്ടി തിരിഞ്ഞുനോക്കിയില്ല’’, മലയാള മനോരമ.)

‘‘...ഒരു മാസികയ്ക്ക് നൽകിയ അഭിമുഖത്തിലാണ് പാർട്ടി നേതൃത്വത്തിനെതിരേ വിനോദിനിയുടെ വെളിപ്പെടുത്തൽ.’’ (‘‘സി.പി.എം നേതൃത്വത്തെ വിമർശിച്ച് കോടിയേരിയുടെ ഭാര്യ–കുടുംബം ഒറ്റപ്പെട്ടു; ക്രൂരമായ അവഗണന’’, ദീപിക.)

‘‘...കേരളത്തിൽ പ്രധാന സ്ഥാനം വഹിക്കുന്ന പോളിറ്റ് ബ്യൂറോ അംഗം, ആവശ്യത്തിന് വിളിച്ചാൽ പോലും ഫോൺ എടുക്കാറില്ലെന്ന് അവർ വെളിപ്പെടുത്തി. സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദനെ ലക്ഷ്യമിട്ടുള്ളതാണ് ഈ ആരോപണമെന്നാണ് ആക്ഷേപം. ഒരു മാസികയ്ക്ക് നൽകിയ അഭിമുഖത്തിലായിരുന്നു വിനോദിനിയുടെ വെളിപ്പെടുത്തൽ.’’ (‘‘വെളിപ്പെടുത്തലുമായി ഭാര്യ വിനോദിനി –കോടിയേരിയുടെ മരണശേഷം ഒറ്റപ്പെട്ടു; ‘ഉന്നതർ’ അവഗണിച്ചു’’, കേരള കൗമുദി.)

ഈ റിപ്പോർട്ടുകളുടെ പൊതുസ്വഭാവം വായനക്കാർക്ക് ഇതിനകം പിടികിട്ടിയിട്ടുണ്ടാകും. രാഷ്ട്രീയവൃത്തങ്ങളിലും പൊതുസമൂഹത്തിലും ചർച്ചയാകാവുന്ന അഭിമുഖത്തിലെ പ്രസക്തഭാഗങ്ങൾ വാർത്തയാക്കാതിരിക്കാൻ പത്രങ്ങൾക്ക് കഴിയില്ല. അതുകൊണ്ട് അവരത് വാർത്തയാക്കുന്നു. എന്നാലോ, അതിന്റെ ഉറവിടം വെളിപ്പെടുത്താനുള്ള മര്യാദ അവ കാട്ടുന്നുമില്ല.

‘‘ഒരു മാസികക്ക് നൽകിയ അഭിമുഖത്തിലാണ് അവരുടെ തുറന്നുപറച്ചിൽ’’ (സിറാജ്), ‘‘...വിനോദിനി ഒരു മാസികക്ക് നൽകിയ അഭിമുഖത്തിൽ പറഞ്ഞത് വിവാദമാകുന്നു’’ (മാതൃഭൂമി) എന്നിങ്ങനെ വേറെയും ഉദാഹരണങ്ങളുണ്ട്. അഭിമുഖം പ്രസിദ്ധപ്പെടുത്തിയ ആ ‘‘ഒരു മാസിക’’യുടെ പേര് പറയാനുള്ള മര്യാദ കാട്ടിയ രണ്ടു പത്രങ്ങളുണ്ട്: ചന്ദ്രികയും സുപ്രഭാതവും.

എന്തുകൊണ്ടാവും ഇത്രയേറെ പത്രങ്ങൾ ഒരേ തരത്തിൽ ‘‘പ്രഫഷനലിസ’’ത്തിന്റെ ലംഘനം നടത്തിയത്? ഇത് ഒറ്റപ്പെട്ട സംഭവവുമല്ല. മറ്റു പ്രസിദ്ധീകരണങ്ങളിൽ അച്ചടിച്ചുവന്ന കാര്യങ്ങൾ വാർത്തയാക്കുമ്പോഴും അവയുടെ പേര് മറച്ചുപിടിക്കുന്നത് പതിവാണ്. അത് ന്യായീകരിക്കാനാകില്ല. ഇക്കാര്യത്തിൽ എന്തുകൊണ്ടോ നെറിയും മര്യാദയും പാലിക്കാതിരിക്കുന്നത് ഒരു ചീത്ത കീഴ് വഴക്കമായി മലയാള പത്രങ്ങൾ ശീലിച്ചുകഴിഞ്ഞിട്ടുണ്ട്.

പത്രങ്ങൾ തമ്മിൽ മത്സരം നടക്കുമ്പോഴും അപരർക്ക് അർഹതപ്പെട്ട അംഗീകാരം നൽകുക എന്ന നൈതികത മാത്രമല്ല ഇവിടെയുള്ളത്. കടംകൊണ്ട വാർത്തയുടെ ഉടമസ്ഥത ആർക്കാണെന്ന് വ്യക്തമാക്കുന്നതോടെ അതുസംബന്ധിച്ച ഉത്തരവാദിത്തവും അവർക്കാണെന്ന് സ്ഥാപിക്കാൻകൂടി അത് ഉതകും.

ഇനി, നമ്മൾ പറഞ്ഞ് ആ ‘‘എതിരാളി’’ക്ക് പ്രശസ്തി കിട്ടരുത് എന്നും, അവരുടെ വാർത്ത എടുക്കുമ്പോൾ അതവർക്ക് കിട്ടുന്ന പരസ്യമായിപ്പോകരുത് എന്നുമാണ് ചിന്തയെങ്കിൽ അതും വിഡ്ഢിത്തമാണെന്നേ പറയാനാകൂ. കാരണം പേരുപറഞ്ഞാൽ കിട്ടുന്നതിലേറെ ഖ്യാതി അത് മറച്ചുവെക്കുന്നതിലൂടെ അവർക്ക് കിട്ടും. ‘‘ഒരു മാസിക’’ എന്ന് വലിയൊരു രഹസ്യംപോലെ വായിക്കുന്നവർ ആദ്യമന്വേഷിക്കുക ഏതാണ് ആ മാസിക എന്നുതന്നെയാകും. ‘‘സ്ട്രെയ്സൻഡ് പ്രഭാവം’’ (Streisand effect) എന്നറിയപ്പെടുന്നു ഇത്. ഒരു കാര്യം മറച്ചുവെക്കുന്നതിലൂടെ അതിന് കൂടുതൽ ജനശ്രദ്ധ ലഭിക്കുന്ന പ്രതിഭാസമാണിത്.

ലക്ഷ്യംകണ്ട ഡേറ്റ ജേണലിസം

ആര് ആരെയാണ് പരീക്ഷിച്ചത്? ആര് ആരെയാണ് തോൽപിച്ചത്?

സി.ബി.എസ്.ഇ വിചാരിച്ചത് അവർ പരീക്ഷ നടത്തി വിദ്യാർഥികളുടെ നിലവാരം അളന്നു എന്നാണ്. പക്ഷേ വിദ്യാർഥികൾ കാണിച്ചുകൊടുത്തു, സത്യം മറിച്ചാണെന്ന്. ‘‘ഡിജിറ്റൽ പരീക്ഷാ നടത്തിപ്പ്’’ എന്ന പരീക്ഷയിൽ അധികൃതർ പരീക്ഷ എഴുതുകയും, അത് മൂല്യനിർണയം ചെയ്ത വിദ്യാർഥികൾ അധികൃതർക്ക് പൂജ്യം മാർക്ക് നൽകുകയും ചെയ്തു. വിദ്യാർഥികൾ ഉപയോഗിച്ചത് ഡിജിറ്റൽ ലോകത്തെ സൂത്രങ്ങളും ഒപ്പം ജേണലിസത്തിന്റെ രീതിശാസ്ത്രവും.

നിസർഗ അധികാരി ഇക്കൊല്ലം 12ാം ക്ലാസ് പരീക്ഷ എഴുതി; അതിനുമുമ്പേ ‘‘എത്തിക്കൽ ഹാക്കിങ് വിദഗ്ധനാണ്. സി.ബി.എസ്.ഇ ആദ്യമായി ഒ.എസ്.എം (ഓൺ സ്ക്രീൻ മാർക്കിങ്) എന്ന ഓൺലൈൻ ഉത്തരക്കടലാസ് പരിശോധനാ രീതി തുടങ്ങിയിരിക്കെ ആ പോർട്ടലിൽ അതിശക്തമായ സുരക്ഷാ സംവിധാനങ്ങളുണ്ടാകുമെന്ന് അവർ ചിന്തിച്ചു. വെറുതെ ഒന്ന് കളിച്ചുനോക്കി. അമ്പരപ്പിക്കുംവിധം ദുർബലമാണ് ‘‘സുരക്ഷ’’ എന്ന് കണ്ടെത്തി.

അതിനിടക്ക് ഫലം പുറത്തുവന്നപ്പോൾ പരാതികളുടെ പെരുക്കമായി. പലരും പുനഃപരിശോധനക്ക് അപേക്ഷിച്ചു –സാർഥക് സിദ്ധാന്ത് അടക്കം. അവിടംമുതൽ സാർഥക് ഒരു ജേണലിസ്റ്റായി മാറി– ഒരു അന്വേഷണാത്മക റിപ്പോർട്ടർ. നിസർഗ തന്റെ ബ്ലോഗിൽ കുറിച്ച കാര്യങ്ങൾ വെച്ച് സാർഥക് തുടരന്വേഷണം തുടങ്ങി. തന്റെ ഉത്തരക്കടലാസുകളുടെ ഡിജിറ്റൽ കോപ്പി സമ്പാദിച്ച്, സാക്ഷാൽ ഉത്തരക്കടലാസുമായി അവൻ ഒത്തുനോക്കി. ഒരുപാട് വ്യത്യാസം കണ്ടു. ഒറ്റപ്പെട്ട ഏതോ അബദ്ധമല്ല, സംവിധാനത്തിലെ തന്നെ തകരാറാണെന്ന് അനുമാനിച്ചു.

പിന്നെ വസ്തുതാപരിശോധനയും തെളിവ് ശേഖരിക്കലും. നിസർഗ പരീക്ഷാ മൂല്യനിർണയത്തിലെ പിഴവുകളാണ് നോക്കിയതെങ്കിൽ സാർഥക് പരീക്ഷാനടത്തിപ്പിലെ അഴിമതിതന്നെ അന്വേഷിച്ചു. ടെൻഡർ, കരാറുറപ്പിക്കൽ തുടങ്ങിയ പ്രക്രിയക​ളെല്ലാം ഡിജിറ്റൽ ഉറവിടങ്ങളിൽച്ചെന്ന് പരിശോധിച്ചു. ഹാക്കിങ്ങിന് നിസർഗ അധികാരിയെ ഒപ്പം കൂട്ടുകയും ചെയ്തു.

ടെൻഡർ ചട്ടങ്ങളടക്കം മാറ്റിക്കൊണ്ട് ‘കോ എംറ്റ് എജു ടെക്’ എന്ന കമ്പനിക്ക് കരാർ നൽകിയതിലെ അഴിമതി വ്യക്തമായി. ടെൻഡർ പ്രക്രിയയിൽ തന്നെ 15 പഴുതുകൾ അധികൃതർ ഉണ്ടാക്കിവെച്ചിരുന്നു. ഇതെല്ലാം കൃത്യമായി, തെളിവുകളോടെ സാർഥക് തന്റെ ബ്ലോഗിൽ പ്രസിദ്ധപ്പെടുത്തിയപ്പോൾ നിഷേധിക്കാൻ അധികൃതർക്ക് ഒരു പഴുതുമുണ്ടായില്ല –അവർ എന്നിട്ടും ശ്രമിച്ചെങ്കിലും.

വലിയൊരു ‘ബ്രേക്കിങ് ന്യൂസ്’ ആയി അത് രാജ്യത്തെ പിടിച്ചുകുലുക്കി. പ്രതിപക്ഷനേതാവ് രാഹുൽഗാന്ധി വിഷയം ഏറ്റുപിടിച്ചു. പാർലമെന്റ് സമിതി സാർഥകിനെ പ്ര​ത്യേകം ക്ഷണിച്ചുവരുത്തി വിശദമായ മൊഴിയെടുത്തു. മന്ത്രി ധർമേന്ദ്ര പ്രധാൻ രാജിവെക്കണമെന്ന ആവശ്യം ശക്തിപ്പെട്ടു. കോക്രോച്ച് ജനത പാർട്ടി ആദ്യമായി ഉയർത്തിയ ആവശ്യംതന്നെ അതായി. സി.ബി.എസ്.ഇയിലെ ഉന്നതർ പുറത്താക്കപ്പെട്ടു.

സാ​ങ്കേതിക മികവും ജേണലിസ്റ്റിന്റെ അന്വേഷണത്വരയും ചേർന്നപ്പോൾ ഒരു വിദ്യാർഥിക്ക് ഇത്രയും സാധിച്ചു. തന്റെ സ്വതന്ത്ര അന്വേഷണത്തിൽ സാർഥക് ഡേറ്റ ജേണലിസവും ഓപൺ സോഴ്സ് വിവരശേഖരണവും കൃത്യതയുള്ള റിപ്പോർട്ടും അടക്കമുള്ള ജേണലിസത്തിന്റെ സ​ങ്കേതങ്ങളുപയോഗിച്ച് അധികൃതരെ വീഴ്ത്തി.

News Summary - Media Silence and the Power of Data Journalism