Begin typing your search above and press return to search.
proflie-avatar
Login

അഞ്ചുലക്ഷം മനുഷ്യക്കുഞ്ഞുങ്ങളും ഒരു പൂച്ചയും

അഞ്ചുലക്ഷം മനുഷ്യക്കുഞ്ഞുങ്ങളും ഒരു പൂച്ചയും
cancel
മാർജാര വിശേഷങ്ങളും ശ്വാനപുരാണങ്ങളുമായി വൈറ്റ്​ഹൗസ്​ വാർത്തകൾ മാധ്യമങ്ങളിൽ ഇങ്ങനെ നിറഞ്ഞുകൊണ്ടിരുന്ന സമയത്ത്​ ഇടംകിട്ടാതെ പോയത്​, അമേരിക്കയും വൈറ്റ്​ ഹൗസും ചെയ്തുകൂട്ടിയതും തുടരുന്നതുമായ കടുംകൈകൾ കാരണം നരകിക്കുന്ന ജനതകളുടെ വാർത്തകൾക്കാണ്​.

''വൈറ്റ്ഹൗസിൽ ബൈഡനും ജില്ലിനും കൂട്ടായി വില്ലോയും; ബുഷിന്‍റെ ലാളനയേറ്റ ഇൻഡ്യക്ക്​ പിൻഗാമിപ്പൂച്ച.''

''ജോർജ്​ ഡബ്ല്യു. ബുഷിന്‍റെ 'ഇന്ത്യ' എന്ന പൂച്ചയ്ക്കു ശേഷം വൈറ്റ്​ഹൗസിലെ അഭിജാത ജീവിതത്തിനായി ഒരു മാർജാരൻ കടന്നുവരുന്നത്​ ആദ്യമാണ്​.''

''വൈറ്റ്​ഹൗസിലെ ഏവരുടെയും പ്രിയപ്പെട്ട പുതിയ ഒരംഗത്തെ പരിചയപ്പെടുത്തുന്നു യു.എസ്​ പ്രസിഡന്‍റ്​ ജോ ബൈഡന്‍റെ പത്നി ജിൽ ബൈഡൻ.''

അന്താരാഷ്ട്ര വാർത്തയായി നമ്മുടെ പത്രങ്ങളിൽ (ജനുവരി 29) കണ്ട ഒരു വിശേഷമാണിത്​. അമേരിക്കയുടെ പ്രസിഡന്‍റ്​ ജോ ബൈഡനും ഭാര്യ ഡോ. ജിൽ ബൈഡനും ഒരു പൂച്ചയെ വളർത്താനെടുത്തിരിക്കുന്നു.

പൂച്ചയുടെ നിറം, കണ്ണുകൾ, ശീലങ്ങൾ, അതിനിട്ട പേര്​, ആ പേര്​ വന്ന വഴി തുടങ്ങി അതിന്‍റെ ജാതകംവരെ വിശേഷങ്ങളിൽപെടും. ''വൈറ്റ്​ഹൗസിൽ ബൈഡനും ജില്ലിനും കൂട്ടായി വില്ലോയും'' എത്തിയ വിവരം ഒഴിവാക്കാനാവാത്ത ലോകവാർത്തയാണ്​ മിക്ക പത്രങ്ങൾക്കും. ജനുവരി 28നാണ്​ ''പൂച്ചയെ ദത്തെടുത്ത വിവരം ബൈഡൻ ഭരണകൂടം പ്രഖ്യാപിച്ചത്​'' എന്നൊക്കെ എഴുതുമ്പോൾ ആ പ്രാധാന്യമാണ്​ അവ പ്രതിഫലിപ്പിച്ചത്​. (ബൈഡനല്ല ''പ്രഖ്യാപിച്ച''ത്​ -ഭരണകൂടം!).

ഈ ''ഭരണകൂട'' പരിഷ്കാരങ്ങളുടെ ചെറുപട്ടിക ഇങ്ങനെ: ''വില്ലോക്ക്​ മുമ്പ്​ ബൈഡൻ ഭരണകൂടം ഒരു നായ്ക്കുട്ടിയെ ദത്തെടുത്തിരുന്നു. ജർമൻ ഷെപ്പേഡ് ഇനത്തിൽപെട്ട നാലുമാസം പ്രായമുള്ള നായ്ക്കുട്ടിയെ ആയിരുന്നു വാങ്ങിയത്​. കമാൻഡർ എന്നാണ്​ അവന്‍റെ പേര്​. 2018ൽ... ബൈഡൻ വാങ്ങിയ നായയെയും വൈറ്റ്​ ഹൗസിലേക്ക്​ കൊണ്ടുവന്നിരുന്നു. മേജർ എന്നായിരുന്നു അവന്‍റെ പേര്. എന്നാൽ, വൈറ്റ്​ഹൗസിലെ തിരക്കേറിയ അന്തരീക്ഷവുമായി പൊരുത്തപ്പെടാൻ മേജറിന്​ കഴിഞ്ഞില്ല. അതിനാൽ, മേജറിനെ മറ്റൊരു സ്ഥലത്തേക്ക്​ മാറ്റിയിരിക്കുകയാണ്​. മാത്രമല്ല, ബൈഡന്​ ഏറെ പ്രിയപ്പെട്ട ചാമ്പ്​ എന്നുപേരുള്ള മറ്റൊരു നായകൂടി വൈറ്റ്​ഹൗസിൽ ഉണ്ടായിരുന്നു. പക്ഷേ, കഴിഞ്ഞ ജൂൺ മാസത്തിൽ ആ നായ ചത്തു. ചാവുന്ന സമയത്ത്​ ചാമ്പിന്​ 13 വയസ്സായിരുന്നു പ്രായം.''

''ചത്തു'' എന്ന വാക്കൊഴിച്ചാൽ വിശദമായ ഈ വിവരണത്തിൽ കുറ്റം പറയാൻ ഒന്നും കാണില്ല. (''തീപ്പെട്ടു'' എന്ന വാക്ക്​ ഓർമയിൽ വരാത്തതുകൊണ്ടാവണം ആ ചെറിയ പിഴവ്​ വന്നുപോയത്​).

''ചാരനിറ''വും ''പച്ചനിറത്തിലുള്ള കണ്ണു''മുള്ള വില്ലോ, ജോർജ്​ ഡബ്ല്യു. ബുഷിന്‍റെ കാലത്തിന്​ ശേഷം വൈറ്റ്​ഹൗസിലെത്തുന്ന ആദ്യ പൂച്ചയാണെന്ന അമൂല്യവിവരവും റിപ്പോർട്ടുകളിൽ വായിക്കാം; ബുഷിന്‍റെ പൂച്ചയുടെ പേര്​ 'ഇന്ത്യ' എന്നായിരുന്നു എന്നും.

പൂച്ചയുടെ വർണഫോട്ടോകൾ ഒപ്പമുണ്ടെന്ന്​ പറയേണ്ടതില്ലല്ലോ.

പടിഞ്ഞാറൻ പത്രങ്ങളിൽ ആഴത്തിൽ വിശകലനം ചെയ്യുന്ന വിഷയംകൂടിയാണിത്​. പ്രസിഡന്‍റിനെ പ്രഥമ പൗരൻ (ഫസ്റ്റ്​ സിറ്റിസൻ), പ്രഥമ വനിത (ഫസ്റ്റ്​ ലേഡി) എന്ന്​ വിളിക്കുന്ന അവ ഈ പൂച്ചയെ പ്രഥമ മാർജാരൻ (ഫസ്റ്റ്​ കാറ്റ്​) ആയാണ്​ പരിചയപ്പെടുത്തുന്നത്​.

ചില തലക്കെട്ടുകൾ: ''ആശ്വസിക്കൂ, അമേരിക്ക. വൈറ്റ്​ഹൗസ്​ മാർജാരൻ വില്ലോ ഇതാ എത്തി'' (ന്യൂയോർക്​ ടൈംസ്​); ''വാ പൂച്ചേ! ബൈഡൻ കുടുംബം വില്ലോയെ വൈറ്റ്​​ ഹൗസിലേക്ക്​ സ്വാഗതം ചെയ്തു'' (അസോസിയേറ്റഡ്​ പ്രസ്​); ''ബൈഡന്‍റെ വളർത്തു മൃഗങ്ങളിൽ ഇനി വില്ലോ എന്ന വൈറ്റ്​ഹൗസ്​ പൂച്ചയും'' (ഗാർഡിയൻ); ''കുടുംബപ്പൂച്ചയെ വൈറ്റ്​ ഹൗസിലേക്ക്​ സ്വാഗതം ചെയ്ത്​ ബൈഡൻ കുടുംബം'' (സി.എൻ.എൻ); ''വില്ലോയെ വരവേറ്റ്​ ബൈഡൻ കുടുംബം'' (റോയിട്ടേഴ്സ്​).

''വിസർജ്യം കളയുന്നതാര്​? -വൈറ്റ്​ഹൗസ്​ പൂച്ചകളുടെ നിഗൂഢജീവിതങ്ങളെപ്പറ്റി നിങ്ങൾക്കറിയേണ്ടതെല്ലാം'' എന്ന തലക്കെട്ടോടെ വാഷിങ്​ടൺ പോസ്റ്റ്​ ദീർഘമായ ഒരു ലേഖനം പ്രസിദ്ധപ്പെടുത്തി. വിശദ ഉത്തരം നൽകാനായി പത്രം തിരഞ്ഞെടുത്ത ചോദ്യങ്ങളിൽ ചിലത്​:

''ഇവ എലികളെ പിടിക്കുന്നതിൽ മിടുക്കരാണോ?'' (പോരാ, എന്ന ഉത്തരവും വിശദീകരണവും കൂടെ), ''പൂച്ചകൾ നായ്ക്കളുമായി ഒത്തുപോകുന്നുണ്ടോ?'' (ചിലത്​ മാത്രം), ''പ്രഥമ മാർജാരന്മാർ ഇത്ര അപൂർവമാകാൻ കാരണം?'' (ഉത്തരം എളുപ്പമല്ല എന്നുപറഞ്ഞിട്ട്​ ആറു ഖണ്ഡികയിൽ ഉത്തരം നൽകുന്നു), ''ഈ വളർത്തുമൃഗങ്ങൾ വൈറ്റ്​ഹൗസ്​ കെട്ടിടത്തിന്​ പുറത്ത്​ പോകാറുണ്ടോ?'', ''തീറ്റ കൊടുക്കുന്നതും ശുശ്രൂഷിക്കുന്നതും ആര്​?'' -ഈ ചോദ്യങ്ങൾ, മൊത്തം ചോദ്യങ്ങളുടെ പകുതിപോലുമാകില്ല. ഓരോ ചോദ്യത്തിനും അഞ്ചും ആറും പാര ഉത്തരവും. ലേഖനത്തിന്‍റെ വലുപ്പം ഊഹിക്കാമ​േല്ലാ. ഇത്രയൊക്കെ പൂച്ചപ്പുരാണം വർണിച്ചത്​ വാഷിങ്​ടൺ പോസ്റ്റ്​ മാത്രമല്ല, എന്നുമോർക്കുക. (2021ൽ, പൂച്ചയെ ''ദത്തെടുക്കാനു''ള്ള തീരുമാനം ബൈഡൻ പ്രഖ്യാപിച്ചപ്പോൾ തയാറാക്കിയ ലേഖനം പുതിയ വിവരങ്ങൾ ചേർത്ത്​ കാലികമാക്കിയിരിക്കുകയാണ്​ പോസ്റ്റ്​.)

മാർജാരവിശേഷങ്ങളും ശ്വാനപുരാണങ്ങളുമായി വൈറ്റ്​ഹൗസ്​ വാർത്തകൾ മാധ്യമങ്ങളിൽ ഇങ്ങനെ നിറഞ്ഞുകൊണ്ടിരുന്ന സമയത്ത്​ ഇടംകിട്ടാതെ പോയത്​, അമേരിക്കയും വൈറ്റ്​ഹൗസും ചെയ്തുകൂട്ടിയതും തുടരുന്നതുമായ കടുംകൈകൾ കാരണം നരകിക്കുന്ന ജനതകളുടെ വാർത്തകൾക്കാണ്​.

അഫ്​ഗാനിസ്താനെ നശിപ്പിച്ചശേഷം ആ തകർന്ന രാഷ്ട്രത്തെ താലിബാന്​ ഏൽപ്പിച്ചുകൊടുത്ത്​ പടികടന്നുപോയ ''വൻശക്​തി''യാണ്​ അമേരിക്ക. എന്നിട്ടവർ ചെയ്തത്​, താലിബാനെ ദുർബലപ്പെടുത്താനെന്ന്​ പറഞ്ഞ്​ അഫ്​ഗാനിസ്താനെതിരെ ഉപരോധം ഏർപ്പെടുത്തുകയാണ്​. പുറത്തുനിന്ന്​ ദുരിതാശ്വാസംപോലും ലഭ്യമാകാതെ വലയുന്നത്​, പക്ഷേ, താലിബാൻ ഭരണകൂടത്തേക്കാൾ അവിടത്തെ സാധാരണ ജനങ്ങളാണ്​.

ലോകത്ത്​ ഏറ്റവും പട്ടിണി അനുഭവിക്കുന്ന രാജ്യങ്ങളിലൊന്നായി അഫ്​ഗാനിസ്താനെ വേൾഡ്​ ഫുഡ്​ പ്രോഗ്രാം എണ്ണുന്നു. കഴിഞ്ഞ ഡിസംബറിൽ റെഡ്​ക്രോസ്​ അറിയിച്ചത്​, അവിടെ അഞ്ചുലക്ഷം കുഞ്ഞുങ്ങൾ പട്ടിണിമരണത്തിന്‍റെ വക്കിൽ നിൽക്കുന്നു എന്നാണ്​. ഈ സ്ഥിതിക്ക്​ ഒരു കാരണം അമേരിക്ക തന്നെ.

ആ രാജ്യം വിടുമ്പോൾ അവിടത്തെ സെൻട്രൽ ബാങ്കിലെ 900 കോടി ഡോളർ കരുതൽ ധനം അമേരിക്ക മരവിപ്പിച്ചു. അവരും യു.എന്നും ഏർപ്പെടുത്തിയ ഉപരോധം അങ്ങോട്ടുള്ള സഹായധനംപോലും മുടക്കി. ഈ മാനുഷികദുരന്തം കണ്ടില്ലെന്ന്​ നടിക്കുകയാണ്​ മാധ്യമങ്ങൾ.

ഫെയർ മാധ്യമ നിരീക്ഷക സൈറ്റിൽ ജൂലി ഹോളർ എഴുതുന്നു: കഴിഞ്ഞ ആഗസ്റ്റിൽ അമേരിക്ക അഫ്​ഗാൻ വിട്ട സമയത്ത്​ അമേരിക്കയിലെ ആറു പ്രമുഖ ചാനലുകളിൽ അഫ്​ഗാനിസ്താൻ എന്ന പേരിനോട്​ ചേർത്ത്​ 'സ്​ത്രീകളുടെ അവകാശങ്ങൾ' എന്ന പ്രയോഗം ആവർത്തിച്ച്​ വന്നിരുന്നു: ഏഴു ദിവസംകൊണ്ട്​ 42 തവണ. എന്നാൽ, ആ സ്​ത്രീകൾ ഇന്ന്​ പട്ടിണിയിലായ വിവരം പറയാൻ അവക്ക്​ വയ്യ. അഫ്​ഗാനിസ്താനോട്​ മാനുഷിക (humanitarian) ദുരന്തമെന്ന പ്രയോഗം ചേർത്തത്​ 37 ദിവസങ്ങളിൽ ആറു ചാനലുകളിലായി 37 തവണ മാത്രം. അതുതന്നെ, ഏറെയും അമേരിക്കയുടെ പങ്ക്​ എടുത്തുപറയാതെയായിരുന്നു -ഉപരോധമാണ്​ കാരണമെന്ന്​ വ്യക്​തമാക്കിയത്​ നാലുതവണ മാത്രം.

ലോകത്തിന്‍റെ അടിയന്തരശ്രദ്ധ ആവശ്യപ്പെടുന്ന ദുരന്തഭൂമിയായി മിക്ക ''സമാന്തര'', ''ബദൽ'' മാധ്യമങ്ങളും അഫ്​ഗാനിസ്താനെ നിരന്തരം വാർത്തയിലെത്തിക്കുമ്പോൾ മുഖ്യധാരാ മാധ്യമങ്ങൾ നിശ്ശബ്​ദത പാലിക്കുന്നു. അതേസമയം, അമേരിക്കൻ പ്രസിഡന്‍റിന്‍റെയും കുടുംബത്തിന്‍റെയും പോറ്റുമൃഗങ്ങൾ അവക്ക്​ ഒഴിച്ചുകൂടാനാവാത്ത വാർത്തയാണ്​.

അത്തരമൊന്നിൽനിന്ന്​:

''പ്രശസ്തിക്ക്​ പുറമെ ആനുകൂല്യങ്ങളും വി.ഐ.പി പരിഗണനയും അമേരിക്കയുടെ 'പ്രഥമ' വളർത്തുമൃഗങ്ങൾക്ക്​ ലഭിക്കാറുണ്ട്​. ബുഷിന്‍റെ ബേണി എന്ന നായ് എപ്പോഴും പ്രസിഡന്‍റിന്‍റെ കൂടെ എയർഫോഴ്​സ്​ വണിൽ യാത്രചെയ്തിരുന്നു. അതിന്‍റെ പേരിൽ ഔദ്യോഗിക വെബ്​പേജും ഉണ്ടായിരുന്നു...''

ഓരോ പ്രസിഡന്‍റിന്‍റെയും ഓരോ നായയെയും പൂച്ചയെയും ചീങ്കണ്ണിയെയുമൊക്കെ ഫീച്ചർ ചെയ്ത സുദീർഘമായ വാർത്തകൾക്കിടയിൽ അഞ്ചു ലക്ഷം കുഞ്ഞുങ്ങളടക്കം 24 ലക്ഷം അഫ്​ഗാനികളുടെ പട്ടിണി എന്തിന്​ വാർത്തയാക്കണം! നായ്ക്കുട്ടിയുടെ ഇഷ്ട ബിസ്​ക്കറ്റിനെ പറ്റിയല്ലാതെ, അമേരിക്കൻ ഉപരോധം നീക്കി ദശലക്ഷക്കണക്കിന്​ അഫ്​ഗാനികളുടെ പട്ടിണിയകറ്റുന്നതിനെപ്പറ്റി പറയാൻ ആർക്കുണ്ട്​ നേരം!

ബോധവത്​കരിക്കണം ടി.ഐ. ലാലു എഴുതുന്നു:

''വിയോജിപ്പുകളും എതിരഭിപ്രായങ്ങളും പ്രകടിപ്പിക്കാൻ ഏതൊരു പൗരനും അവസരം ഉണ്ടെന്നതാണ്​ ജനാധിപത്യത്തിന്‍റെ യഥാർഥ മനോഹാരിത. തികഞ്ഞ അനീതിയാണ്​ നടമാടുന്നതെന്ന്​ തിരിച്ചറിയുന്ന സന്ദർഭത്തിൽ നിസ്സഹകരണത്തിനുപോലും ജനാധിപത്യക്രമത്തിൽ ഇടം ലഭിക്കേണ്ടതുണ്ട്​. പക്ഷേ, ലോകത്തിലെ ഏറ്റവും വലിയ ജനാധിപത്യ രാഷ്ട്രമായ നമ്മുടെ ഇന്ത്യയിൽ പതിവു ജനാധിപത്യമൂല്യങ്ങൾപോലും അനുദിനം അസ്തമിച്ചുവരികയാണ്​. ജനാധിപത്യ അവകാശങ്ങൾ ശുഷ്കിച്ച്​ വരുമ്പോൾ പകരം സമഗ്രാധിപത്യം ശക്​തിപ്പെടുകയാണ്​. ഈ ദശാസന്ധിയിൽ ജനാധിപത്യ വിശ്വാസികൾ അവസരത്തിനൊത്തു ഉണർന്നു പ്രവർത്തിക്കേണ്ടതുണ്ട്​.

''ജനാധിപത്യ പാരമ്പര്യം അത്ര വേരുറച്ച ഒരു നാടല്ല നമ്മുടേത്​. അടിയന്തരാവസ്ഥ പതിനെട്ട്​ മാസത്തോളം സഹിച്ച നാടാണിത്​. (അടിയന്തരാവസ്ഥക്ക്​ ഉറച്ച പിന്തുണ കൊടുത്ത സംസ്ഥാനമാണ്​ പ്രബുദ്ധ കേരളം.) ആയതിനാൽ കേവലം ജനാധിപത്യാവകാശങ്ങളുടെ പുനഃസ്ഥാപനത്തിന്​ വേണ്ടി പ്രവർത്തിച്ചാൽ പോരാ. ജനാധിപത്യ സ്ഥാപനങ്ങളെയും മൂല്യങ്ങളെയും കുറിച്ച്​ പൗരന്മാരെ ജാഗ്രതയോടെ ബോധവത്​കരിക്കുന്ന നിരന്തര പ്രയത്നംകൂടി വേണ്ടതുണ്ട്​.''

Show More expand_more