Begin typing your search above and press return to search.
proflie-avatar
Login

പാർട്ടികളല്ല സമൂഹം; നേതാക്കളല്ല ജനം

പാർട്ടികളല്ല സമൂഹം; നേതാക്കളല്ല ജനം
cancel

''മന്ത്രി മാധ്യമങ്ങളെ കാണുന്നു''; ''പാർട്ടി പ്രസിഡന്‍റ്​ മാധ്യമങ്ങളെ കാണുന്നു''...

നമ്മുടെ മുഖ്യ രാഷ്ട്രീയ പ്രവർത്തനങ്ങളിലൊന്നായി മാറിയിരിക്കുന്നു മാധ്യമങ്ങളോട്​ സംസാരിക്കൽ. ജനാധിപത്യത്തിൽ ജനങ്ങളുമായി സംവദിക്കാനും അവരെക്കൂടി ചർച്ചയിൽ പങ്കാളികളാക്കാനും സഹായിക്കുന്ന നല്ല ഉപാധിയാണ്​ മാധ്യമങ്ങൾ.

എന്നാൽ, ഇതിൽ ജനങ്ങളുടെ സ്ഥാനം എവിടെയാണ്​ എന്ന്​ അന്വേഷിക്കുമ്പോഴാണ്​ എത്ര ഏകപക്ഷീയമാണ്​ മാധ്യമങ്ങളിലൂടെ നടക്കുന്ന ''ജനാധിപത്യ സംവാദം'' എന്ന്​ മനസ്സിലാവുക. ജനങ്ങൾ എല്ലാം കേട്ടു മനസ്സിലാക്കേണ്ടവരാണ്​; അവർക്ക്​ സ്വന്തം അഭിപ്രായം വേണ്ട എന്ന സമീപനം. മറിച്ച്​, പാർട്ടിയുടെ നേതാക്കളിൽനിന്ന്​ നിലപാട്​ മനസ്സിലാക്കി അതിനെ ന്യായീകരിക്കുകയാണ്​ അണികൾ ചെയ്യേണ്ടത്​ എന്ന്​.

പാർട്ടികളുടെയും പാർട്ടി നേതൃത്വങ്ങളുടെയും അപ്രമാദിത്വം ഇങ്ങനെ ഉറപ്പിക്കുന്ന ധർമമല്ലേ മാധ്യമങ്ങൾ ഇന്ന്​ നിർവഹിക്കുന്നത്​?

സിൽവർ ലൈൻ പദ്ധതിയുടെ കാര്യമെടുക്കുക. ഭരണമുന്നണി ഒരു പക്ഷത്തും പ്രതിപക്ഷം മറുപക്ഷത്തും നിരന്ന്​ നിൽക്കുന്നു. ഭരണമുന്നണിയിൽതന്നെ പദ്ധതിയെക്കുറിച്ച്​ വ്യത്യസ്ത അഭിപ്രായക്കാരുണ്ട്​. സി.പി.എമ്മിലുമുണ്ട്​. എന്നാൽ, ''മുഖ്യമന്ത്രി മാധ്യമങ്ങളോട്​ സംസാരിക്കു''മ്പോഴും ''പാർട്ടി സെക്രട്ടറി മാധ്യമങ്ങളോടു സംസാരിക്കു''മ്പോഴുമെല്ലാം ഒരേയൊരു വീക്ഷണം സംസ്ഥാന ഭരണത്തിന്‍റേതായി അവതരിപ്പിക്കപ്പെടുന്നു. പ്രതിപക്ഷത്തിന്‍റെ കാര്യത്തിലും ഇതുണ്ടാകാം.

ജനങ്ങളെ ഏറ്റവുമധികം നേരിട്ട്​ ബാധിക്കുന്ന കാര്യങ്ങളിൽപോലും അവരുടെ പ്രതീക്ഷകളും ആശങ്കകളുമല്ല മാധ്യമങ്ങളിലൂടെ പ്രസരിപ്പിക്കപ്പെടുന്നത്​ എന്ന്​ ചുരുക്കം. അവർക്ക്​ വേണ്ടി മറ്റാരോ എടുത്ത തീരുമാനങ്ങൾ അവരുടേതെന്നനിലക്ക്​ അവതരിപ്പിക്കപ്പെടുന്നു.

ജനകീയ യാഥാർഥ്യങ്ങളിൽനിന്ന്​ വളരെ വ്യത്യസ്തമാണ്​ ചാനൽ സ്ക്രീനുകളിലൂടെ പുറത്തുവരുന്ന ചർച്ചകൾ. ഉദാഹരണത്തിന്​, സംസ്ഥാനത്ത്​ ഒരു നിയമസഭാംഗത്തെപോലും ജയിപ്പിക്കാനാകാത്ത ബി.ജെ.പി ചർച്ചകളിൽ മൂന്നിലൊന്ന്​ സ്ഥാനമുള്ള അനിവാര്യ ഘടകമായി പ്രത്യക്ഷപ്പെടുന്നു. ഭരണപക്ഷം, പ്രതിപക്ഷം, ബി.ജെ.പി എന്ന തരത്തിലുള്ള സ്ക്രീൻ പങ്കാളിത്തം സംസ്ഥാനത്തെ യാഥാർഥ്യത്തിന്‍റെ പ്രതിഫലനമല്ല. മറിച്ച്​, മാധ്യമങ്ങളിലൂടെ അടിച്ചേൽപിക്കപ്പെടുന്ന കൃത്രിമമായ ഒരു 'പാറ്റേൺ' ആണത്​.

പാർട്ടികൾക്കുള്ളിൽ വ്യത്യസ്ത വീക്ഷണങ്ങളുണ്ടായിരിക്കുക ജനാധിപത്യത്തിന്‍റെ ലക്ഷണമാണ്​. അതേസമയം, മാധ്യമങ്ങളിൽ പാർട്ടി പ്രാതിനിധ്യമെന്നാൽ നേതാക്കളാണ്​; അവർ ഏകപക്ഷീയമായി എടുക്കുന്ന തീരുമാനങ്ങൾ പാർട്ടിയുടേതായി അണികളിൽ അടിച്ചേൽപിക്കുന്ന ഉപകരണംകൂടിയാണ്​ പലപ്പോഴും മാധ്യമങ്ങൾ.

ജനാധിപത്യത്തിൽ തീരുമാനങ്ങൾ ''താഴെനിന്ന്​ മുകളിലേക്ക്​'' ആണ്​ ഉരുത്തിരിയുക. ജനഹിതമാണ്​ നടപ്പാകേണ്ടത്​. അതാണ്​ നേതൃത്വത്തിന്‍റെ തീരുമാനമാകേണ്ടത്​. ഗ്രാമീണരടക്കമുള്ള ജനങ്ങളുടെ ഹിതവും അഭിപ്രായവുമാണ്​ മാധ്യമങ്ങളിലൂടെ സമൂഹം കേൾക്കേണ്ടത്​.

എന്നാൽ, ഇന്ന്​ മാധ്യമങ്ങൾ ഈ ജനകീയ പ്രക്രിയയുടെ ഭാഗമല്ല. മറിച്ച്​, ഭരണകൂടങ്ങളുടെ ഉപകരണമാണവ. ''മുകളിൽനിന്ന്​ താഴോട്ട്​'' ഏകപക്ഷീയമായി അടിച്ചേൽപ്പിക്കപ്പെടുന്ന തീരുമാനങ്ങൾക്ക്​ മാധ്യമങ്ങൾ ആധികാരികതയും സ്വീകാര്യതയും നൽകുന്നു.

ഈ ഏകദിശാ മാധ്യമരീതി ഏറ്റവും വിജയകരമായി പ്രയോഗിക്കുന്നത്​ കേന്ദ്ര സർക്കാറും പ്രധാനമന്ത്രി മോദിയുമാണ്​. ഭരണകേന്ദ്രങ്ങളിൽ മാധ്യമങ്ങൾക്ക്​ മുൻകാലത്തുണ്ടായിരുന്ന പ്രവേശനം ഇപ്പോഴില്ല. വിദേശ യാത്രകളിൽ മുൻ പ്രധാനമന്ത്രിമാർ ഏതാനും മാധ്യമപ്രവർത്തകരെ ഒപ്പം കൂട്ടാറുണ്ടായിരുന്നു. മോദി അതും നിർത്തലാക്കി.

മുമ്പ്​ എല്ലാ പ്രധാനമന്ത്രിമാരും ഇടക്കിടെ മാധ്യമങ്ങളോട്​ സംസാരിക്കുമായിരുന്നു. വാർത്താസമ്മേളനങ്ങൾ വിളിക്കും; അഭിമുഖങ്ങൾ നൽകും. മോദി ഇതൊന്നും ചെയ്യുന്നില്ല. എട്ടുവർഷം സ്ഥാനത്തിരുന്നിട്ടും ഒറ്റ വാർത്താ സമ്മേളനംപോലും നടത്താത്ത പ്രധാനമന്ത്രി എന്ന റെക്കോഡാണ്​ അദ്ദേഹത്തിന്‍റേത്​.

ജനങ്ങളുടെ സംശയങ്ങളും ആശങ്കകളും ഉന്നയിക്കാൻ അവസരമില്ല എന്നതാണ്​ ഇതിലെ കുഴപ്പം. അതേസമയം, പ്രധാനമന്ത്രിക്ക്​ പറയാനുള്ളതെല്ലാം ഭംഗമില്ലാതെ താഴോട്ട്​ ലഭ്യമാകുന്നുണ്ടുതാനും. 'മൻകീ ബാത്​' പ്രസംഗങ്ങൾ, ട്വിറ്റർ പോസ്റ്റുകൾ തുടങ്ങിയവ ശ്രദ്ധിച്ച്​ വാർത്തയാക്കാൻ വിധിക്കപ്പെട്ടവരാണ്​ മാധ്യമങ്ങൾ. അങ്ങോട്ട്​ അന്വേഷിക്കാൻ വഴിയില്ല; ഇങ്ങോട്ട്​ പറയും, അത്​ വാർത്തയാക്കിക്കൊള്ളണം.

നേതൃത്വങ്ങളും മന്ത്രിമാരും മാത്രം അഭിപ്രായം പറയുന്ന, ജനങ്ങൾ കേട്ട്​ അനുസരിക്കുക മാത്രം ചെയ്യുന്ന, ഒരു ''സംവാദ'' സംസ്കാരം സൃഷ്ടിച്ചത്,​ പക്ഷേ, മോദിയല്ല. ജനങ്ങളിൽനിന്ന്​ അകന്ന്​, പ്രസ്​ റിലീസുകളും പ്രോഗ്രാം നോട്ടീസും മാത്രം നോക്കി വാർത്തയുണ്ടാക്കുന്ന ചാരുകസേര ജേണലിസം അതിന്​ മുമ്പേയുണ്ട്​. ഇലക്​ഷൻ കാലത്ത്​ നിക്ഷിപ്ത താൽപര്യക്കാർ നടത്തിയ അഭിപ്രായ സർവേ മാത്രം നോക്കി ഫലം പ്രവചിക്കുകയും യഥാർഥ ഫലം വന്നപ്പോൾ ഇളിഭ്യരാവുകയും ചെയ്ത അനുഭവങ്ങൾ മാധ്യമങ്ങൾക്കുണ്ടല്ലോ. ജനങ്ങളിൽനിന്നും ജനയാഥാർഥ്യത്തിൽനിന്നും അവർ അകന്നിരിക്കുന്നു.

എന്താണ്​ പരിഹാരം? രാഷ്ട്രീയക്കാരെ മാത്രം വാർത്തയാക്കുന്ന രീതിക്ക്​ അറുതിയുണ്ടാക്കാനാകുമോ? പാർട്ടി അണികളായാലും അല്ലെങ്കിലും വ്യക്​തികളുടെ സത്യസന്ധമായ നിലപാടുകൾക്ക്​ വിലകൽപിക്കാൻ കഴിയുമോ? അത്തരം മാധ്യമപ്രവർത്തനം സാധ്യമാണോ?

രാഷ്ട്രീയവും അധികാരവും കേന്ദ്രീകരിച്ചുള്ള മാധ്യമപ്രവർത്തനം അമേരിക്കക്ക്​ ദോഷം ചെയ്തു എന്ന്​ ലോസാഞ്ചലസിലെ ജേണലിസ്റ്റ്​ ടോണി മർകാനോ എഴുതുന്നു (മീഡിയം ഡോട്ട്​കോം). അദ്ദേഹം ഒരു പരിഷ്കരണം നിർദേശിക്കുന്നു: റിപ്പോർട്ടർമാർക്കുള്ള 'ബീറ്റു'കളിൽനിന്ന്​ 'പൊളിറ്റിക്സ്​ ബീറ്റ്​' ഒഴിവാക്കുക. പകരം 'പൗര, ജനാധിപത്യ ബീറ്റ്​' ('സിവിക്സ്​ ആൻഡ്​ ഡെമോക്രസി ബീറ്റ്​') ഏറ്റെടുക്കുക.

ഇതിന്​, റിപ്പോർട്ടർമാർ ജനങ്ങളിലേക്ക്​ ഇറങ്ങേണ്ടിവരും. കക്ഷിരാഷ്ട്രീയത്തിന്‍റെ അടിസ്ഥാനത്തിലാകരുത്​ ജനങ്ങളെ സമീപിക്കുന്നത്​ -അവരുടെ വീക്ഷണങ്ങളും പ്രശ്നങ്ങളും മനസ്സിലാക്കാനാകണം. ''വിഭാഗീയമായ രാഷ്ട്രീയം ചർച്ചചെയ്യാനോ രാഷ്ട്രീയക്കാരുടെ കുതികാൽവെട്ടും വാദങ്ങളും അവതരിപ്പിക്കാനോ ഞങ്ങൾക്ക്​ താൽപര്യമില്ല. പൗരജീവിതത്തിൽ തെരഞ്ഞെടുപ്പിൽനിന്നുണ്ടാകേണ്ട മാറ്റങ്ങളെപ്പറ്റി ജനങ്ങൾ എന്ത്​ കരുതുന്നു എന്നാണറിയേണ്ടത്​.''

ഭരണാധികാരികളെ വെറുതെ വിടണമെന്നല്ല. അവരെ യഥാർഥ വീഴ്ചകൾ ബോധ്യപ്പെടുത്തുകതന്നെ വേണം. പക്ഷേ, ഏറ്റവും ഉച്ചത്തിൽ പറയുന്നയാളാണ്​ ശരി എന്ന രീതി തിരുത്തപ്പെടണം.

സിൽവർ ലൈനിനെപ്പറ്റി പറയുമ്പോൾ ''വികസനം തടയാൻ ജനങ്ങൾ അനുവദിക്കില്ലെ''ന്ന്​ മുഖ്യമന്ത്രി അവകാശപ്പെടും; ജനങ്ങൾ ചൂഷണത്തെ ചെറുക്കുമെന്ന്​ പ്രതിപക്ഷവും. അത്​ പകർത്തുന്നതിനു പകരം, ഇപ്പറയുന്ന ജനങ്ങളോട്​ നേരിട്ടന്വേഷിക്കുക എന്നതാണ്​ 'പൊളിറ്റിക്സ്​ ബീറ്റ്​' ഒഴിവാക്കി 'സിവിക്സ്​ ബീറ്റ്​' ഏറ്റെടുക്കുന്നതിന്‍റെ ഉദ്ദേശ്യം.

ജനങ്ങളെ ശരിയായ വിവരങ്ങൾ അറിയിക്കുക; അവരുടെ ശരിയായ നിലപാടുകൾ അറിയുക. വിവരമില്ലായ്​മയും വിവരക്കേടുമാണ്​ ജനങ്ങളെ വഴിതെറ്റിക്കാൻ നേതാക്കളെ പ്രാപ്തരാക്കുന്നത്​.

മർകാനോ പറയുന്ന പരിഷ്കരണമൊന്നും ഉടനെ ഇവിടെ നടപ്പാകില്ല. എന്നാൽ, ജനങ്ങളെ -അവർ ഏത്​ പാർട്ടിക്കാരായാലും- നേതാക്കളിലൂടെയല്ലാതെ സമീപിക്കാനും അവരുടെ യഥാർഥ വിചാരവികാരങ്ങൾ വാർത്തയാക്കാനും കഴിയേണ്ടതല്ലേ?

Show More expand_more
News Summary - media scan -madhyamam weekly