സത്യാനന്തര മാധ്യമലോകത്തിന്റെ 25 വർഷങ്ങൾ

ഒരു വർഷം മാത്രമല്ല ഇപ്പോൾ അവസാനിച്ചത്. ഒരു നൂറ്റാണ്ടിന്റെ നാലിലൊന്ന് കൂടിയാണ്. ഈ കാൽനൂറ്റാണ്ടിൽ മാധ്യമങ്ങളുടെ രൂപഭാവങ്ങളും അവതരണരീതിയും മാറി. ഡിജിറ്റൽ സാങ്കേതികരംഗം കൈയടക്കിയപ്പോൾ അച്ചടിമാധ്യമങ്ങൾ അരങ്ങൊഴിഞ്ഞുതുടങ്ങി. നൂറ്റാണ്ടിന്റെ ആദ്യവർഷങ്ങളിൽ ഇറാഖും അഫ്ഗാനിസ്താനും ടെലിവിഷൻ ദൃശ്യങ്ങളായി, യുദ്ധഭീകരത ലോകത്തിനുമുമ്പാകെ കാണിച്ചു. കാൽനൂറ്റാണ്ടിനൊടുവിലെത്തുമ്പോൾ ഗസ്സയിലെ വംശഹത്യ സമൂഹമാധ്യമങ്ങളിലൂടെ ലൈവ്സ്ട്രീമായി ലോകം നേരിട്ടു കണ്ടു.
വേഗവും കാര്യക്ഷമതയും വർധിച്ചപ്പോൾ സത്യസന്ധതയും വർധിച്ചിട്ടുണ്ടോ? ഇല്ലെന്നാണ് ഉത്തരം –ചുരുങ്ങിയത് മുഖ്യധാരയിലെ പാരമ്പര്യ മാധ്യമങ്ങളിലെങ്കിലും; പ്രത്യേകിച്ച് പാശ്ചാത്യ മാധ്യമങ്ങളിൽ. മുൻകാലങ്ങളിൽ വസ്തുതകൾ പലപ്പോഴും ലഭ്യമായിരുന്നില്ല. അന്വേഷണാത്മക ജേണലിസമെന്നാൽ, മറഞ്ഞുകിടക്കുന്ന വസ്തുതകൾ തേടിപ്പിടിക്കുക എന്നായിരുന്നു അർഥം. അമേരിക്കയിലെ വാട്ടർഗേറ്റ് അന്വേഷണം ഉദാഹരണം. വസ്തുതയും വാർത്തയുമാണ് ജേണലിസത്തിന്റെ ഉന്നമെന്ന് കരുതിവന്ന കാലഘട്ടത്തിൽനിന്ന് നോക്കിയാൽ, ഇന്നത്തെ ജേണലിസം സത്യസന്ധമല്ലാതിരിക്കാനേ പാടില്ലാത്തതാണ്. കാരണം, വസ്തുതകൾ കണ്ടെത്താനുള്ള സൂക്ഷ്മമായ നിരീക്ഷണവിദ്യകളും അതെല്ലാം തൽക്ഷണം പുറത്തെത്തിക്കാനുള്ള സാങ്കേതിക സൂത്രങ്ങളും ഇന്നുണ്ട്. പിന്നെ എന്തുകൊണ്ടാണ്, സാേങ്കതിക മുന്നേറ്റം ഇത്രയേറെ ഉണ്ടായിട്ടും വസ്തുതകൾ വളരെ വേഗത്തിലും കൃത്യമായും കണ്ടെത്താമെന്ന് വന്നിട്ടും, മാധ്യമപ്രവർത്തനം സത്യസന്ധമല്ലെന്ന് പറയേണ്ടിവരുന്നത്?
ഒരു ഉത്തരം, മാധ്യമങ്ങളുടെയും മാധ്യമപ്രവർത്തകരുടെയും മുൻവിധികളും ചായ്‍വുകളും പക്ഷപാതിത്വങ്ങളും മാറിയില്ല എന്നതാണ്. എഡ്വേഡ് സഈദിന്റെ ‘ഓറിയന്റലിസം’ എന്ന ഗ്രന്ഥം 1978ലാണ് പ്രസിദ്ധപ്പെടുത്തിയത്. അതിൽ വിവരിച്ച ഏകപക്ഷീയത 2025 ആകുമ്പോൾ വർധിച്ചിട്ടേയുള്ളൂ. അതിൽ വർണിച്ച പൗരസ്ത്യവിരുദ്ധത അറബ് വിരുദ്ധതയായും ഇസ്‍ലാം വിരുദ്ധതയായും വെള്ളക്കാരുടെ അപരവിരുദ്ധതയായും പടർന്ന് പന്തലിച്ചിട്ടേയുള്ളൂ. ഫലസ്തീനും യുെക്രയ്നും തമ്മിലുള്ള താരതമ്യം മതി ഇത് വെളിവാക്കാൻ.
മുക്കാൽ നൂറ്റാണ്ടിലേറെ ഒരു ജനതയെ അധിനിവേശിച്ച്, സഞ്ചാരമടക്കം എല്ലാ സ്വാതന്ത്ര്യവും നിഷേധിച്ച്, കൂടക്കൂടെ കൂട്ടക്കൊലകൾ നടത്തിവരുന്ന ഇസ്രായേലിലെ സയണിസ്റ്റ് ഭരണകൂടം വംശഹത്യയിലേക്ക് കടന്നപ്പോഴും പാശ്ചാത്യ മാധ്യമങ്ങൾ അതൊന്നും കാണുന്നില്ല. അതേസമയം, റഷ്യ 2022ൽ യുക്രെയ്നെ കടന്നാക്രമിച്ചപ്പോൾ ബി.ബി.സി, സി.ബി.എസ് പോലുള്ള ‘നിലവാരമുള്ള’ മാധ്യമങ്ങളിൽ ചിലർ വ്യാകുലപ്പെട്ടത്, ‘‘വല്ല ഇറാഖിലോ അഫ്ഗാനിസ്താനിലോ അല്ല, പരിഷ്‍കൃതമായ യൂറോപ്യൻ നഗരത്തിലാണല്ലോ’’ ബോംബ് വീഴുന്നത് എന്നായിരുന്നു. ‘‘നീലക്കണ്ണും സ്വർണത്തലമുടിയുമുള്ള’’ മനുഷ്യർ ഇരയാക്കപ്പെടുന്നല്ലോ എന്നായിരുന്നു.
പാശ്ചാത്യരിൽ ഉറച്ചുപോയ ഈ വംശീയതയാണ് പക്ഷപാതപരമായ മാധ്യമപ്രവർത്തനത്തിന് ഒരു കാരണമെങ്കിൽ, മറ്റൊന്ന് മാധ്യമമേഖലയിലെ അവരുടെ കുത്തക അതേപടി തുടരുന്നു എന്നതാണ്. പത്ര-ടെലിവിഷൻ രംഗത്ത് പടിഞ്ഞാറിനുണ്ടായിരുന്ന മേൽക്കൈ ഇന്ന് അതേപടി ഡിജിറ്റൽ രംഗത്തേക്ക് പകർത്തപ്പെട്ടിരിക്കുന്നു. സമൂഹമാധ്യമങ്ങളുടെ വ്യാപനത്തോടെ ഓരോ വ്യക്തിയും ഓരോ ജേണലിസ്റ്റായി എന്നാണല്ലോ പറയാറ്.
പക്ഷേ, സമൂഹമാധ്യമ വേദികൾ (ടിക് ടോക് ഒഴിച്ച്) പാശ്ചാത്യ കുത്തകകളുടെ ഉടമസ്ഥതയിലും നിയന്ത്രണത്തിലുമാണ്. എത്രയോ സിറ്റിസൻ ജേണലിസ്റ്റുകളുടെ വസ്തുനിഷ്ഠ റിപ്പോർട്ടുകൾ സെൻസർ ചെയ്യപ്പെടുന്നു. സെൻസർ ചെയ്യുന്നത് ഭരണകൂടങ്ങൾ മാത്രമല്ല, സോഷ്യൽ മീഡിയ പ്ലാറ്റ്േഫാമുകൾകൂടിയാണ്. ഫലസ്തീൻ ഉള്ളടക്കമായുള്ള ഒരുപാട് വസ്തുതാകഥനങ്ങൾ ആൽഗോരിതം ഉപയോഗിച്ച് തടയുന്നത് ‘മെറ്റ’ (ഫേസ്ബുക്ക്, ഇൻസ്റ്റഗ്രാം, വാട്സ്ആപ്)യും ഗൂഗ്ളും (യൂട്യൂബ്, സേർച് വിദ്യകൾ) ‘എക്സുജം’ ശീലംതന്നെ ആക്കിയിട്ടുണ്ട്. മാധ്യമരംഗത്ത് ഫലത്തിൽ സെൻസർഷിപ്പിനാണ് കാര്യക്ഷമത കൂടിയിട്ടുള്ളത്. ഭരണകൂടങ്ങൾക്കും വാർത്തകൾ സെൻസർ ചെയ്യാൻ വളരെ എളുപ്പമായിത്തീർന്നിട്ടുണ്ട് –ഇന്ത്യയിലടക്കം.
മാധ്യമങ്ങളുടെ ചായ്‍വ് പ്രകടമാകുന്ന മറ്റൊരു വശംകൂടിയുണ്ട്. ഒരു നൂറ്റാണ്ടു മുമ്പ്, 1921ൽ, ദ ഗാർഡിയൻ എഡിറ്റർ സി.പി. സ്കോട്ട് പറഞ്ഞിരുന്നു: ‘‘Comment is free, but facts are sacred.’’ വാർത്തയും വീക്ഷണവും കൃത്യമായി വേർതിരിക്കപ്പെട്ട കാലത്തെ തത്ത്വമാണത്. വസ്തുതകളിൽ മായം കലർത്തിക്കൂടാ –അഭിപ്രായത്തിൽ മാത്രമാണ് ഭിന്നതക്ക് ഇടമുള്ളത്. സത്യം ഒന്നേയുള്ളൂ –വീക്ഷണങ്ങളിൽ വൈജാത്യമുണ്ടായാലും. പുതിയ നൂറ്റാണ്ടിൽ സൂക്ഷ്മവും എന്നാൽ, അടിസ്ഥാനപരവുമായ ഒരു ചുവടുമാറ്റം നടന്നതായി തോന്നുന്നു. വസ്തുതക്കുമേൽ ആഖ്യാനവും, സത്യത്തിനുമേൽ മുൻവിധിയും മേൽക്കൈ നേടി എന്നത്. സത്യാനന്തരകാലം അങ്ങനെയാണ് മാധ്യമലോകത്തെ സ്വാധീനിച്ചിരിക്കുന്നത്. തീയതികൾ ആഖ്യാന ഫോർമുലകൾ.
വാർത്തക്കു (news) മീതെ ആഖ്യാനം (Narrative) സ്ഥാനംപിടിക്കുന്നതോടെ, ആധിപത്യ ശക്തികളുടെ വീക്ഷണങ്ങൾ വാർത്തയായി അവതരിക്കുന്നു; അത് വാർത്താ ലോകത്തെ രൂപപ്പെടുത്തുന്നു. 21ാം ശതകത്തിലെ നാലിലൊന്നിന്റെ രണ്ടറ്റത്തുമുണ്ട് ലോക രാഷ്ട്രീയ വ്യവഹാരങ്ങളെ ആകമാനം നിയന്ത്രിച്ച രണ്ട് തീയതികൾ: സെപ്റ്റംബർ 11ഉം ഒക്ടോബർ 7ഉം. ഇവ രണ്ടും ഉച്ചരിക്കുന്നതോടെ മനസ്സിൽ കടന്നുവരുന്ന കാര്യങ്ങളുണ്ട്. വാർത്തക്കുമേൽ ആഖ്യാനത്തിന്റെ ബലം തെളിയിക്കുന്ന പ്രചാരണങ്ങൾ.
9/11ഉം 10/7ഉം മനസ്സിലേക്ക് തള്ളിക്കയറ്റുന്ന ആഖ്യാനങ്ങളും ആ ആഖ്യാനങ്ങളിൽ മറച്ചുവെക്കപ്പെടുന്ന വസ്തുതകളും ജനാധിപത്യ വിരുദ്ധരായ ആധിപത്യശക്തികൾക്ക് കരുത്തു പകരുന്നവയാണ്. ന്യൂയോർക് ഭീകരാക്രമണം ഒരു ആഖ്യാനമായി രൂപപ്പെട്ടതോടെയാണ് ഭീകരവിരുദ്ധ യുദ്ധമെന്ന പേരിൽ വംശീയതയുടെ നയവും പൗരാവകാശങ്ങൾ വെട്ടിക്കുറക്കലും സാധ്യമായത്. ഹമാസിന്റെ കടന്നാക്രമണത്തെപ്പറ്റി മാധ്യമങ്ങൾ രൂപപ്പെടുത്തിയ ‘ഒക്ടോബർ ഏഴ്’ എന്ന ആഖ്യാനം വംശഹത്യക്കുതന്നെ ന്യായീകരണമായി. വാസ്തവത്തിൽ, സെപ്റ്റംബർ 11 സംഭവത്തിന്റെ സമഗ്രവിവരങ്ങൾ പുറത്തുവന്നിട്ടേയില്ല –പുറത്തുവിട്ടിട്ടില്ല.
അത് ‘പ്രകോപനമില്ലാതെ’ (unprovoked) നടന്നതാണെന്ന ആഖ്യാനം തുടക്കം മുതൽ രൂപപ്പെട്ടു. അമേരിക്കതന്നെ പറയുന്നതനുസരിച്ച്, ആ രാജ്യത്തോട് വിരോധം തോന്നാൻ മതിയായ കാരണങ്ങൾ അമേരിക്കയുടെ തന്നെ ഇടപെടലുകൾ വഴി ഉണ്ടായിരിക്കെയാണ് ഈ വാദം. വസ്തുതയല്ല, ആഖ്യാനമാണ് കരുത്തെന്ന തിരിച്ചറിവിലാണ് അമേരിക്ക മുമ്പേ അധിനിവേശിക്കാൻ തീരുമാനിച്ച ഇറാഖിനെതിരെ ‘കൂട്ട നശീകരണായുധം’. ‘അൽഖാഇദ ബന്ധം’ എന്നിവ ലോകവേദികളിൽ പ്രചരിപ്പിച്ചത്. ഈ രണ്ട് കുറ്റങ്ങളും ചെയ്തിട്ടുള്ളത് സത്യത്തിൽ അമേരിക്ക തന്നെയാണെന്ന വസ്തുതയാണ് ആഖ്യാന പ്രവാഹത്തിൽ ഒലിച്ചുപോയത്.
അറബ് ദേശങ്ങളിൽ വർഷങ്ങളായി അമേരിക്ക നടത്തുന്ന സൈനിക ഇടപെടലുകൾ 2001 സെപ്റ്റംബർ 11ഓടെ പൊതു ചർച്ചയിൽനിന്ന് പുറത്തായതുപോലെ, ഹമാസ് 2023 ഒക്ടോബർ 7ന് നടത്തിയ ആക്രമണത്തിന് പിന്നാലെയും കുറെ വസ്തുതകൾ തമസ്കരിക്കപ്പെട്ടു. അഥവാ അത്തരമൊരു ആഖ്യാനം ചമയ്ക്കപ്പെട്ടു. ചുരുക്കത്തിൽ, അൽഖാഇദ, താലിബാൻ തുടങ്ങിയവരുമായി കൂട്ടുകൂടിയത് അമേരിക്കയായിരുന്നു. കൂട്ട നശീകരണായുധം ഇപ്പോഴുമുള്ളത് അമേരിക്കക്കാണ്. സെപ്റ്റംബർ 11ന് ഏതെങ്കിലും രാജ്യം കാരണമായിട്ടുണ്ടെങ്കിൽ അത് അമേരിക്കതന്നെയാണ്. ഒക്ടോബർ 7ന്റെ പ്രാഥമിക ഉത്തരവാദിത്തവും ഇസ്രായേലിനാണ്. പക്ഷേ, ഇന്ന് ആഖ്യാനങ്ങളിൽ ആ രണ്ട് രാജ്യങ്ങളും ഐക്യരാഷ്ട്ര സഭയെപ്പോലും നിരന്തരം ധിക്കരിക്കുന്ന രണ്ട് രാജ്യങ്ങൾ –ഇരകളായാണ് ചിത്രീകരിക്കപ്പെടുന്നത്. അങ്ങനെയൊരു പൊതുബോധമാണ് ലോകത്ത് വളർത്തപ്പെട്ടത്.
ശീർഷാസന യുക്തി
അക്രമികൾ ഇരകളും ഇരകൾ അക്രമികളുമായി മനസ്സിലാക്കപ്പെടുന്ന, എല്ലാം തലതിരിഞ്ഞ് പ്രചരിപ്പിക്കപ്പെടുന്ന, ഒരു ലോകമാണ് പുതുനൂറ്റാണ്ടിൽ രൂപപ്പെട്ടിരിക്കുന്നത്. ഈ ശീർഷാസന യുക്തിയുടെ നല്ല ഉദാഹരണമാണ് ആസ്ട്രേ ലിയയിലെ ബോണ്ടൈയിലുണ്ടായ ഭീകരാക്രമണം. ഇസ്രായേലിന്റെ വംശഹത്യക്കെതിരായ പ്രതികരണമായി കണക്കാക്കാവുന്ന ആ കൃത്യത്തിന് പാശ്ചാത്യ മാധ്യമങ്ങൾ (ന്യൂയോർക് ടൈംസ് അടക്കം) കുറ്റപ്പെടുത്തിയത് ഫലസ്തീന് അനുകൂലമായി ലോകത്ത് വ്യാപിച്ചിട്ടുള്ള ബോധത്തെയാണ്. ഫലസ്തീനുവേണ്ടി വാദിക്കുന്നവർ പറയുന്ന ‘ആഗോള ഇൻതിഫാദ’ ഇങ്ങനെയിരിക്കുമെന്നാണ് അവയുടെ തലതിരിഞ്ഞ യുക്തി. ഫലസ്തീൻ രാഷ്ട്രത്തെ അംഗീകരിക്കാൻ ആസ്ട്രേലിയ തീരുമാനിച്ചത്, ഭീകരതക്ക് പ്രോത്സാഹനമായി എന്ന് വാദിച്ച നെതന്യാഹുവിന്റെ അതേ ആഖ്യാനം വാസ്തവത്തിൽ, ബോണ്ടൈ സംഭവത്തിൽ മാനുഷിക വശത്തിലൂന്നി എടുത്തുകാട്ടാനുണ്ടായിരുന്നത്, ഒരു മുസ്‍ലിം വ്യാപാരി സ്വന്തം ജീവൻ പണയപ്പെടുത്തി അക്രമികളെ നേരിട്ടതും, സ്വയം വെടിയുണ്ട ഏറ്റുവാങ്ങിക്കൊണ്ടുപോലും കുറെ ജീവൻ രക്ഷിച്ചതുമാണ്.
ഡോണൾഡ് ട്രംപ് അടക്കമുള്ളവർ സംഭവത്തെ ‘സെമിറ്റിക് വിരുദ്ധത’ എന്ന ഫ്രെയിമിലിട്ട് പ്രചരിപ്പിച്ചപ്പോഴും ഈ മനുഷ്യസ്നേഹിയുടെ കാര്യം എടുത്തുപറഞ്ഞു. പക്ഷേ, അയാളുടെ പേരോ അയാൾ മുസ്‍ലിമാണെന്നതോ ചൂണ്ടിക്കാട്ടാൻ അവർ തയാറായില്ല. കാരണം വ്യക്തം. ഇസ്രായേലിനെ ഇരയാക്കിക്കാണിക്കുന്ന ആഖ്യാനത്തിന് നിരക്കുന്നതല്ല വസ്തുത.
9/11, 10/7 പോലെ തലതിരിഞ്ഞുള്ള ആഖ്യാനത്തിന്റെ ഫോർമുലകൾതന്നെയാണ് ‘‘സെമിറ്റിക് വിരുദ്ധത’’, ‘‘ആഗോള ഭീകരത’’ തുടങ്ങിയവ. ന്യൂനപക്ഷങ്ങൾ ഭൂരിപക്ഷ സമൂഹത്തെ എണ്ണത്തിൽ മറികടക്കുമെന്ന ആഖ്യാനം ക്രൈസ്തവ ബ്രിട്ടനിലും അമേരിക്കയിലുമുള്ളതുപോലെ ഇന്ത്യയിലും വേരോട്ടം നടത്തിയിട്ടുണ്ട്. വസ്തുതകളെയും യഥാർഥ വാർത്തകളെയും വ്യാജ ആഖ്യാനങ്ങളാണ് എല്ലായിടത്തും മറികടക്കുന്നത്. ഇന്ത്യയിൽ ചരിത്രവസ്തുതകൾ ഹിന്ദുത്വ ആഖ്യാനങ്ങൾക്ക് വഴിമാറുന്നു.
വസ്തുതയല്ല, ആഖ്യാനമാണ് ഗാന്ധിജിയെ അപരനാക്കുന്നത്; ബാബരി പള്ളി നിന്നേടത്ത് രാമക്ഷേത്രമുണ്ടാക്കിയത്; പൗരന്മാർ അധികാരികളെ തെരഞ്ഞെടുക്കുന്നതിനു പകരം അധികാരികൾ പൗരന്മാരെ തീരുമാനിക്കുന്ന വൈരുധ്യം സൃഷ്ടിച്ചത്. ആയുധംകൊണ്ട് സമൂഹങ്ങളെ കുരുതിക്ക് കൊടുത്ത ബറാക് ഒബാമക്കും വംശീയതയുടെ വാചാലയായ വക്താവായ മച്ചാദോക്കും സമാധാന നൊബേൽ കിട്ടുന്നത് അങ്ങനെയാണ്. ഗസ്സയിലും ലബനാനിലും തുടരുന്ന കുരുതിക്ക് വെടിനിർത്തലെന്ന പേര് കിട്ടുന്നത് അങ്ങനെയാണ്. അതിക്രമങ്ങൾ ന്യായീകരിക്കപ്പെടുന്നു. ചെറുത്തുനിൽപുകൾ ‘‘ഭീകര’’ ലേബലോടെ അടിച്ചൊതുക്കപ്പെടുന്നു.
‘‘1948ൽ തുടക്കമിട്ട, എന്നാൽ മൂവായിരം വർഷ ചരിത്രം അവകാശപ്പെടുന്ന, രാജ്യമാണ് ഇസ്രായേൽ’’ –ലോകാവസ്ഥയെ വ്യാജ ആഖ്യാനങ്ങൾ എത്രത്തോളം സ്വാധീനിക്കുന്നു എന്ന് കാണിക്കുന്ന ഒരു ചിത്രീകരണം. വ്യാജ ആഖ്യാനങ്ങൾക്കുമേൽ പണിതുയർത്തിയ ‘രാഷ്ട്ര’മാണ് ഇസ്രായേൽ. സെമിറ്റിക് വിരോധമെന്നാൽ ഇസ്രായേൽ വിരോധം എന്ന സമവാക്യത്തോളം എത്തിനിൽക്കുന്നു അത്. വസ്തുതയെന്താണ്? ഇസ്രായേൽ സെമിറ്റിക് രാഷ്ട്രമല്ല, സയണിസ്റ്റ് രാഷ്ട്രമാണ്. യഥാർഥ സെമിറ്റിക്കുകൾ ഫലസ്തീൻകാർ അടക്കമുള്ള ജനവിഭാഗങ്ങളാണ്. ഇസ്രായേലിലുള്ളത് യുറോപ്പിൽനിന്നും മറ്റുമായി കുടിയേറിയവരും. ഭാഷ, ചരിത്രം, ജനിതക തെളിവുകൾ എന്നിങ്ങനെ എല്ലാ മാനദണ്ഡമനുസരിച്ചും ഫലസ്തീൻകാർ സെമിറ്റിക്കുകളാണ്. ഇസ്രായേലിന്‍റെ സ്ഥാപകരുടെ സ്വദേശങ്ങളോ? ബെൻ-ഗൂറിയൻ (ഇന്നത്തെ പോളണ്ട്), ഗോൾഡ മെയർ (യുക്രെയ്ൻ), വെയ്‌സ്‌മെൻ (റഷ്യ), മെനാഖം ബെഗിൻ (റഷ്യ)... ആധുനിക സയണിസത്തിന്‍റെ സ്ഥാപകനായ തിയഡോർ ഹെർസൽ, ഇന്നത്തെ ഹംഗറിയിൽ ജനിച്ചയാളാണ്. ഇത്തരം കുറെ പുറംനാട്ടുകാർ ഫലസ്തീനിലെ മുസ്‍ലിംകളും ക്രിസ്ത്യാനികളും ജൂതരും ഉൾപ്പെടുന്ന തദ്ദേശീയരെ പുറത്താക്കാനുണ്ടാക്കിയ കള്ളക്കഥകളാണ് വസ്തുതകൾക്ക് മേൽ ഇന്ന് ആധിപത്യം നേടിയിരിക്കുന്നത്. വ്യാജ നാരേറ്റിവിൽ പിറവിയെടുത്ത ഈ അധിനിവേശ രാജ്യം ഇന്ന് ആഗോള വാർത്തകളെയും ആഖ്യാനങ്ങളെയും നിയന്തിക്കാൻ ശേഷിയുള്ള വിവരലോകത്തെ ഏകാധിപതിയായിരിക്കുന്നു
വസ്തുതകൾ സംഖ്യകളാക്കി കാണിക്കാൻ പറ്റും. അങ്ങനെയാണല്ലോ സ്ഥിതിവിവരക്കണക്കുകൾ സദ്ഭരണത്തിന്റെ അടിത്തറയാകുന്നത്. എന്നാൽ, മോദിഭരണത്തിൽ സ്ഥിതിവിവരക്കണക്കുകൾ ‘‘ലഭ്യമല്ല’’ എന്നത് സ്ഥിരം മറുപടി മാത്രമല്ല, ആഖ്യാനപ്രധാനമായ ഭരണശൈലിയുടെ നയംതന്നെയാണ്. എത്ര ലിഞ്ചിങ് നടന്നു? എത്ര വോട്ട് ഇല്ലാതാക്കപ്പെട്ടു? കോവിഡ് കാരണം എത്രപേർ ഇന്ത്യയിൽ മരിച്ചു? എത്ര കർഷകർക്ക് സർക്കാർ അനാസ്ഥമൂലം ജീവൻ നഷ്ടപ്പെട്ടു? ഡൽഹിയിലെ വായുമലിനീകരണത്തിന്റെ ഔദ്യോഗിക കണക്ക് യഥാർഥനില കാണിക്കാത്തതെന്തുകൊണ്ട്?
യഥാർഥ കണക്കുകൾ ആഖ്യാനത്തിന് തടസ്സമാണ്. അന്താരാഷ്ട്ര നാണയനിധിയുടെ വിലയിരുത്തലിൽ, ദേശീയ വരുമാനം (ജി.ഡി.പി) അടക്കമുള്ള ഇന്ത്യൻ സർക്കാറിന്റെ കണക്കുകൾ കൃത്യമല്ല –അവക്ക് ഐ.എം.എഫ് നൽകുന്നത് ‘സി’ ഗ്രേഡ് മാത്രം. വസ്തുതയിൽ മായംചേർക്കുന്നതും ഡേറ്റ മാനിപ്പുലേറ്റ് ചെയ്യുന്നതും ഭരണനയമായിട്ടുണ്ട്. പരിഹാരമെന്താണ്? മാർക്ക് മെച്ചപ്പെടുംവിധം ഭരണം തിരുത്തുകയല്ല സർക്കാർ രീതി. മറിച്ച് സ്വയം ‘പരിശോധന’ നടത്തി സ്വയം മാർക്കിടുകയാണ്. ജനാധിപത്യം ശോഷിച്ച് ശോഷിച്ച് ഇന്ത്യ ഒരു ‘ഇലക്ടറൽ ഓട്ടോക്രസി’യായിക്കഴിഞ്ഞു എന്ന് ഫ്രീഡം ഹൗസ് വസ്തുതവെച്ച് വിലയിരുത്തുമ്പോൾ ഇന്ത്യ അത് തിരുത്താൻ നടപടിയെടുക്കുകയല്ല, പരീക്ഷതന്നെ അട്ടിമറിക്കുകയാണ്. ജനാധിപത്യം അളക്കുന്ന മാനദണ്ഡവും ഇന്ത്യ മാറ്റുന്നു. റോഡ് നിർമാണ നേട്ടമളക്കാൻ പുതിയ അളവുകോലുമായി മന്ത്രാലയമെത്തുന്നു. ജി.ഡി.പി കണക്കാക്കാൻ പുതിയ രീതിയുമായി ഇന്ത്യ. വായുമലിനീകരണമളക്കാനും പുതിയ അളവുകൾ. വസ്തുതകളല്ല, നാരേറ്റിവാണ് മുഖ്യം.
ഭരണകൂടങ്ങൾക്ക് അധികാരമാണ് വലുത്; ജനക്ഷേമമല്ല. അതിൽ വിധേയമാധ്യമങ്ങൾ ഒപ്പമുണ്ട്. ന്യൂയോർക് ടൈംസും ബി.ബി.സിയും മറ്റും ഇസ്രായേലി-അമേരിക്കൻ പ്രചാരണങ്ങൾക്ക് ഉച്ചഭാഷിണിയായതെങ്ങനെ എന്ന് കാണിക്കുന്ന അസംഖ്യം തെളിവുകളുണ്ട്. ഇന്ത്യയിലെ ‘ഗോദി മീഡിയ’ പ്രതിഭാസം ഇവിടത്തെ മാധ്യമ സ്വാതന്ത്ര്യ സൂചികയെ നന്നായി ബാധിച്ചിട്ടുണ്ട്. ‘ഗോദി മീഡിയ’ ഭരണകൂടത്തിനുവേണ്ടി വസ്തുതകൾ വളച്ചൊടിക്കുന്നു. ഭരണകൂടത്തിനുവേണ്ടി വസ്തുതകൾ മറച്ചുവെക്കുന്നു. എന്തിന്, റിപ്പോർട്ടേഴ്സ് വിതൗട്ട് ബോർഡേഴ്സ് ഒരന്വേഷണത്തിൽ കണ്ടെത്തിയ കാര്യം ഡിസംബർ 17ന് rsf.org വെബ്സൈറ്റിൽ എഡിറ്റോറിയൽ ഡയറക്ടർ ആൻ ബോകാൻഡേ വെളിപ്പെടുത്തിയിട്ടുണ്ട്.
അർഫ ഖാതൂൻ ഷെർവാനി (ദ വയർ), മുഹമ്മദ് സുബൈർ (ആൾട്ട് ന്യൂസ്), മഹേഷ് ലംഗ (ഹിന്ദു), രാജ്ദീപ് സർദേശായി, രവീഷ് കുമാർ, റാണ അയ്യൂബ് (വാഷിങ്ടൺ പോസ്റ്റ്), പ്രബീർ പുരകായസ്ത (ന്യൂസ് ക്ലിക്ക്), ഹാന എലിസ് (ഗാർഡിയൻ), ആവനി ദിയാസ് (എ.ബി.സി ന്യൂസ്) തുടങ്ങി 134 ജേണലിസ്റ്റുകൾക്കും അനേകം മാധ്യമങ്ങൾക്കുമെതിരെ വ്യാജവാർത്തകളും വിഡിയോയും നിരന്തരം ഇറക്കിക്കൊണ്ട് ഓപ് ഇന്ത്യ എന്ന സംഘ്പരിവാർ വെബ്സൈറ്റ് സർക്കാർ വിമർശകരെ ലക്ഷ്യമിട്ട് ആഖ്യാനങ്ങൾ പ്രചരിപ്പിച്ചു എന്നാണ് വെളിപ്പെടുത്തൽ. വസ്തുതകൾക്കെതിരെ ആഖ്യാനനിർമാണം ഇപ്പോൾ കഴിഞ്ഞവർഷത്തിന്റെ കാൽനൂറ്റാണ്ടിന്റെ തന്നെ, ബാക്കിപത്രമായി നിൽക്കുന്നു. നാമിപ്പോൾ ഉള്ളത് സത്യാനന്തര മാധ്യമ പ്രവർത്തനത്തിൽ. ഒഴുക്കിനെതിരെ നീന്തുകമാത്രമാണ് യഥാർഥ ജേണലിസത്തിന് ചെയ്യാനുള്ളത്.
