Begin typing your search above and press return to search.
proflie-avatar
Login

ടളി: സ്വതന്ത്ര മാധ്യമ പ്രവർത്തനത്തിന്റെ നെടുംതൂൺ

Mark Tully
cancel
camera_alt

മാർക് ടളി

1984 ഒക്ടോബർ 31. അന്നു കാലത്ത്, പ്രധാനമന്ത്രി ഇന്ദിരഗാന്ധിയുടെ വസതിയിൽനിന്ന് ആരെയോ ആംബുലൻസിൽ കൊണ്ടുപോയതായി ബി.ബി.സി ഡൽഹി ബ്യൂറോയിൽ വിവരം കിട്ടുന്നു. ബ്യൂറോയുടെ ഡെപ്യൂട്ടി ചീഫായ സതീഷ് ജേക്കബ് ആശുപത്രിയിലേക്ക് ഓടിയെത്തുന്നു. ബന്ധപ്പെട്ട ഡോക്ടറെ കണ്ടെത്തി വിവരം ചോദിക്കുന്നു.

ഇന്ദിരയാണ് വെടിയേറ്റ് അഡ്മിറ്റ് ചെയ്യപ്പെട്ടതെന്നറിഞ്ഞ അദ്ദേഹം അടുത്ത ചോദ്യം ചോദിച്ചു: ‘‘സ്ഥിതി ഗുരുതരമാണോ?’’

ഇന്ദിരയുടെ ദേഹമാസകലം വെടിയുണ്ടകളാണെന്ന് മറുപടി. സതീഷ് ജേക്കബ് ഉടൻ പുറത്തേക്കോടി. കാർ നേരെ ഓഫിസിലേക്ക് വിട്ടു. ബി.ബി.സിയുടെ ലണ്ടൻ ആസ്ഥാനത്തേക്ക് അന്താരാഷ്ട്ര കാൾ ബുക്ക് ചെയ്തു. വാർത്തയെഴുതാൻ സമയമോ മനസ്സാന്നിധ്യമോ ഉണ്ടായിരുന്നില്ല. അദ്ദേഹം പറഞ്ഞു: ‘‘ശ്രീമതി ഗാന്ധിക്കുനേരെ വധശ്രമം നടന്നു. ഡൽഹിയിലെ അത്യാധുനിക ആശുപത്രിയിലാണവരിപ്പോൾ.’’

ഇന്ദിര മരിച്ച വാർത്ത പിന്നാലെ ബി.ബി.സി റിപ്പോർട്ട് ചെയ്തു. ബി.ബി.സി റേഡിയോയിൽ വാർത്ത കേട്ടവർ കുറവായിരുന്നു; വാർത്താവിനിമയോപാധികളും കുറവ്. എങ്കിലും ബി.ബി.സി തങ്ങളുടെ ആധികാരികത ഒന്നുകൂടി ഉറപ്പിച്ച ദിവസമായി അന്ന്.

ഇന്ദിര മരിച്ചതായി ആശുപത്രി സ്ഥിരീകരിച്ചത് രാവിലെ 10.50നാണ്. ആകാശവാണി വാർത്ത പുറത്തുവിടുന്നത് വൈകീട്ട് ആറു മണിക്കും.

അന്ന് മകൻ രാജീവ് ഗാന്ധി പശ്ചിമ ബംഗാളിൽ പ്രചാരണ പര്യടനത്തിലാണ്. ഇന്റലിജൻസ് ബ്യൂറോ വഴി ഇന്ദിരക്കുനേരെ വധശ്രമം നടന്നതറിഞ്ഞപ്പോൾ ആകാശവാണിയോ വോയ്സ് ഓഫ് അമേരിക്കയോ അല്ല, ബി.ബി.സി റേഡിയോ ആണ് അദ്ദേഹം തുറന്നതെന്ന് പറയപ്പെടുന്നു. സത്യമെന്ത് എന്ന് ആധികാരികമായി അറിയാൻ അതിന്റെ ബ്യൂറോ ചീഫായിരുന്ന മാർക് ടളിയെ ബന്ധപ്പെട്ടു എന്നും.

മാർക് ടളി ഇക്കഴിഞ്ഞ ജനുവരി 25ന് ഡൽഹിയിൽ അന്തരിച്ചു.

കൊൽക്കത്തയിൽ ജനിച്ച ഈ ബ്രിട്ടീഷ് ജേണലിസ്റ്റ് പിന്നീട് ഇംഗ്ലണ്ടിൽ പോയി പഠനം പൂർത്തിയാക്കി. ബി.ബി.സി റേഡിയോയിൽ നിയമിതനായ അദ്ദേഹത്തെ ഓഫിസ് മാനേജറായി ഡൽഹിയിലേക്കയച്ചു. എന്നാൽ, പിന്നീട​ദ്ദേഹം റിപ്പോർട്ടറായി –മാധ്യമ പ്രവർത്തന രംഗത്ത് ഉജ്ജ്വല മാതൃകയുമായി.

ബ്രിട്ടീഷ് സാമ്രാജ്യത്വത്തിന്റെ അന്ത്യവും സ്വതന്ത്ര ഇന്ത്യയുടെ ജനനവും കണ്ട ടളി ‘ഇന്ത്യയുടെ ശബ്ദ’മായി ബ്രിട്ടനിൽ അറിയപ്പെടുവോളം ഈ രാജ്യത്തിന്റെ സംസ്കാരം ഉൾക്കൊണ്ടു; ഇന്ത്യക്കാരുടെ നാഡിമിടിപ്പറിഞ്ഞു.

ഇന്ത്യക്കാരൻ, ബ്രിട്ടീഷ് പൗരൻ

ആകാശവാണിയും റേഡിയോ സിലോണും ഇന്ത്യൻ ശ്രോതാക്കൾക്കിടയിൽ അനിഷേധ്യമായ മേധാവിത്വം സ്ഥാപിച്ചുകഴിഞ്ഞിരുന്ന കാലത്താണ് ടളി ബി.ബി.സിക്ക് ഇടം നേടിക്കൊടുക്കുക മാത്രമല്ല, ആധികാരികതയിൽ മറ്റ് റേഡിയോ സ്റ്റേഷനുകളെ പിന്നിലാക്കുക കൂടി ചെയ്തത്.

കൊൽക്കത്ത വീട്ടിൽ ഡ്രൈവറായിരുന്ന ഇന്ത്യക്കാരൻ, മാർക് ടളി കുഞ്ഞായിരിക്കെ ഹിന്ദിയിൽ എണ്ണാൻ പഠിപ്പിച്ചു. കുട്ടി ‘‘ഏക് ദോ തീൻ’’ എന്ന് എണ്ണുന്നത് കണ്ട ആയ എന്ന മദാമ്മ അവനെ അടിച്ചു. ‘‘വേലക്കാരുടെ ഭാഷയാണത്, നിന്റെ ഭാഷയല്ല’’ എന്നുപറഞ്ഞ് ശകാരിച്ചു. ഇതേ ടളി പിന്നീട് ഇംഗ്ലീഷ് സംസാരിക്കുന്ന അതേ ഒഴുക്കോടെ ഹിന്ദി സംസാരിക്കുന്ന റിപ്പോർട്ടറായി മാറി.

അദ്ദേഹത്തിനു കീഴിൽ ബി.ബി.സി ഇന്ത്യക്കാരുടെ വിശ്വാസമാർജിച്ച പ്രക്ഷേപണ കേന്ദ്രമായി. ഇന്ത്യ-പാക് യുദ്ധവും (1965), ബംഗ്ലാദേശിന്റെ പിറവിയും (1971), അടിയന്തരാവസ്ഥയും (1975), പഞ്ചാബ് പ്രക്ഷോഭങ്ങളും (1980കൾ), സുവർണക്ഷേത്രത്തിലെ ‘ഓപറേഷൻ ബ്ലൂസ്റ്റാർ’ എന്ന സൈനിക നടപടിയും വസ്തുനിഷ്ഠമായി, പലപ്പോഴും അധികൃതരുടെ ക്രോധത്തെ നേരിട്ട്, അദ്ദേഹം റിപ്പോർട്ട് ചെയ്തു.

1992 ഡിസംബറിൽ ഹിന്ദുത്വ തീവ്രവാദികൾ ബാബരി പള്ളി തകർത്തപ്പോൾ അത് റിപ്പോർട്ട് ചെയ്യാൻ ടളി മുന്നിലുണ്ടായിരുന്നു. അയോധ്യയിലെ​ തെരുവുകൾ ആയുധധാരികളായ തീ​വ്രവാദികൾ കൈയടക്കിയ സമയത്ത് മാധ്യമപ്രവർത്തകർ ഭീതിയിലായിരുന്നു. സംഭവം പകർത്താനും റിപ്പോർട്ട് ​െചയ്യാനും ആരെയും അനുവദിക്കില്ലെന്ന ഭാവത്തിലായിരുന്നു അക്രമികൾ. അങ്ങോട്ട് അടുക്കുന്ന റിപ്പോർട്ടർമാരെയും ഫോട്ടോഗ്രാഫർമാരെയും അവർ തല്ലിയോടിച്ചു. പലരും ആക്രമിക്കപ്പെട്ടു. കാമറകളും ഫോട്ടോകളും അവർ നശിപ്പിച്ചു. അക്കൂട്ടത്തിൽ അവർ പ്രത്യേകം നോട്ടമിട്ട ഒരു റിപ്പോർട്ടറുണ്ടായിരുന്നു –മാർക് ടളി.

ആൾക്കൂട്ടം ആ പേര് വിളിച്ചുപറയുന്നുണ്ടായിരുന്നു. ആക്രമണത്തിൽനിന്ന് അദ്ദേഹം കഷ്ടിച്ച് രക്ഷപ്പെടുകയായിരുന്നു. അദ്ദേഹത്തെ ആരോ ഒരു ചെറിയ അമ്പലത്തിനുള്ളിൽ പൂട്ടിയിട്ടു. കുറെ കഴിഞ്ഞ് ഇന്ത്യക്കാരായ മൂന്ന് സഹപ്രവർത്തകർ അദ്ദേഹത്തെ കണ്ടെത്തി മോചിപ്പിച്ചു.

തുടക്കത്തിൽ ബി.ബി.സി ആസ്ഥാനത്ത് ഹിന്ദി വിഭാഗം തലവനായി കുറെ പ്രവർത്തിച്ചു. പിന്നീട് പശ്ചിമേഷ്യ വിഭാഗത്തിലായിരിക്കുമ്പോഴാണ് ബംഗ്ലാദേശ് വിമോചനത്തിനായുള്ള യുദ്ധം നടക്കുന്നത് –1971ൽ. ബംഗ്ലാദേശിലേക്ക് പ്രവേശനം നൽകപ്പെട്ട ആദ്യ ജേണലിസ്റ്റുകളിൽ ഒരാളായി അദ്ദേഹം സംഭവങ്ങൾ നേരിട്ട് റിപ്പോർട്ട് ചെയ്തു. ‘‘എന്റെ തൊഴിലിൽ എനിക്ക് കിട്ടിയ ഏറ്റവും പ്രധാന നേട്ടമായിരുന്നു അത്’’ എന്ന് ടളി പിന്നീട് എഴുതി.

ബംഗ്ലാദേശ് പട്ടാളത്തോടൊപ്പമായിരുന്നു സഞ്ചാരം. എങ്കിലും കഴിയുന്ന സന്ദർഭങ്ങളിലൊക്കെ അദ്ദേഹം പട്ടാളക്കാരുടെ കണ്ണുവെട്ടിച്ച് നാട്ടുകാരോട് നേരിട്ട് സംസാരിക്കും. ചിലപ്പോൾ പട്ടാളക്കാർ അത് കാണുകയും നാട്ടുകാരെ ഭീഷണിപ്പെടുത്തുകയും ചെയ്യും. എങ്കിലും യുദ്ധം വിതക്കുന്ന ദുരിതവും കെടുതിയും ഒപ്പം വി​േമാചനപ്പോരാട്ടത്തിന്‍റെ ഗാംഭീര്യവും അദ്ദേഹം ടെലിഫോൺ വഴി റി​േപ്പാർട്ട് ചെയ്തുകൊണ്ടിരുന്നു.

ജനപക്ഷത്ത്

മാർക് ടളി ആദരം പിടിച്ചുപറ്റിയത് ജനങ്ങളെ അറിഞ്ഞും അവർക്കുവേണ്ടിയും മാധ്യമ പ്രവർത്തനം നടത്തിയതിനാലാണ്. അധികാരികളുടെ ഭീഷണികളും സമ്മർദങ്ങളും അദ്ദേഹം അവഗണിച്ചു. വിവിധ ഇന്ത്യൻ സർക്കാറുകൾ അദ്ദേഹത്തിനെതിരെ നടപടിയെടുത്തു. അടിയന്തരാവസ്ഥക്കാലത്ത് അദ്ദേഹത്തെ നാട്ടിൽനിന്ന് പുറത്താക്കി. മുൻകൂർ സെൻസറിങ്ങിന് വിധേയനാകാൻ മനസ്സില്ലെന്ന് പറഞ്ഞതാണ് കാരണം. 24 മണിക്കൂറിനുള്ളിൽ നാടുവിടണമെന്ന ഉത്തരവായിരുന്നു അതിനു കിട്ടിയ ശിക്ഷ. ഇതിനുമുമ്പ്, 1969ൽ, ഒരു ഡോക്യുമെന്‍ററിയുടെ പേരിൽ ബി.ബി.സിയുടെ ഡൽഹി കാര്യാലയം അടച്ചുപൂട്ടുകയും ടളിയെ രാജ്യം വിടാൻ നിർബന്ധിക്കുകയും ചെയ്തിരുന്നു.

അടിയന്തരാവസ്ഥക്കാലത്താകട്ടെ, പുറത്താക്കലിനു മുമ്പ് അദ്ദേഹത്തെ ശാരീരികമായി ഉപദ്രവിക്കാനും അണിയറ നീക്കമുണ്ടായി. ഇന്ദിര മന്ത്രിസഭയിലെ പ്രമുഖരായ ജഗ്ജീവൻ റാമും സ്വരൺ സിങ്ങും അടിയന്തരാവസ്ഥ പ്രഖ്യാപനത്തെ എതിർത്തതായി ബി.ബി.സി റിപ്പോർട്ട് ചെയ്തു എന്നാരോപിച്ച്, ഇന്ദിരയുടെ മനസ്സാക്ഷി സൂക്ഷിപ്പുകാരനായിരുന്ന മുഹമ്മദ് യൂനുസ് പക പോക്കാനിറങ്ങി. ഐ.കെ. ഗുജ്റാലായിരുന്നു വാർത്താവിതരണ പ്രക്ഷേപണ വകുപ്പു മന്ത്രി.

അടിയന്തരാവസ്ഥ പ്രഖ്യാപനം നടന്ന് രണ്ടാം ദിവസം –1975 ജൂൺ 27. യൂനുസ് ഗുജ്റാലിനെ വിളിക്കുന്നു: ‘‘ജഗ്ജീവൻ റാമും സ്വരൺ സിങ്ങും വീട്ടുതടങ്കലിലാണെന്ന് ടളിയുടെ ബി.ബി.സി റിപ്പോർട്ട് ചെയ്തിരിക്കുന്നു. അയാളെ വിടരുത്. അയാളെ പിടിച്ച്, പാന്‍റ് അഴിച്ച്, നല്ല കുറെ അടി കൊടുത്തശേഷം ജയിലിലേക്കയക്കണം.’’ ഇതായിരുന്നു യൂനുസിന്‍റെ കൽപന.

ഗുജ്റാൽ വഴങ്ങിയില്ല. അതൊക്കെ ആഭ്യന്തരമന്ത്രിയുടെ പണിയല്ലേ എന്ന് പറഞ്ഞൊഴിഞ്ഞു. അതുകൊണ്ട് തന്നെയാവാം വൈകാതെ ഗുജ്റാലിനെ മന്ത്രിസ്ഥാനത്തുനിന്ന് നീക്കി.

രസം അവിടെ തീരുന്നില്ല. യൂനുസിനെ ചൊടിപ്പിച്ച വാർത്ത ബി.ബി.സി റിപ്പോർട്ട് ചെയ്തതല്ലായിരുന്നു. ഏതോ പാകിസ്താനി ഏജൻസിയുടെ വകയായിരുന്നു അത്.

രാജീവ് ഗാന്ധി സർക്കാറിനെതിരെ ജനരോഷമുണ്ടാക്കാൻ ടളിയുടെ അന്വേഷണാത്മക റിപ്പോർട്ടുകൾ കാരണമായി എന്നു പറഞ്ഞും പിന്നീട് അദ്ദേഹത്തിനെതിരെ ഭരണപക്ഷ നീക്കമുണ്ടായി.

ബാബരി തകർക്കലിന്‍റെ നേർച്ചിത്രങ്ങൾ സെൻസറിങ്ങിന് നൽകാതെ പ്രസിദ്ധപ്പെടുത്തിയതിന് നരസിംഹറാവു സർക്കാറും ടളിയെ വേട്ടയാടി.

ബി.ബി.സിക്ക് വലിയ വിശ്വാസ്യത നേടിക്കൊടുത്ത മാർക് ടളിക്ക് ഒടുവിൽ ബി.ബി.സിയിൽ വിശ്വാസം നഷ്ടപ്പെട്ടു. അദ്ദേഹം രാജിവെച്ച് ഒഴിഞ്ഞു.

ഇന്ത്യ പത്മ പുരസ്കാരം നൽകി ആദരിച്ച അപൂർവ പ്രതിഭകൂടിയായിരുന്നു മാർക് ടളി.

Show More expand_more
News Summary - Mark Tully British journalist