സമ്മതി നിർമാണം, പ്രതിച്ഛായാ നിർമാണം

നേരും നെറിയുമില്ലാത്ത പ്രചാരണങ്ങളിലൂടെ ജനപിന്തുണ കൃത്രിമമായി ഉണ്ടാക്കിയെടുക്കുന്ന മാധ്യമ സമ്പ്രദായത്തെയാണ് ചോംസ്കിയും ഹെർമനും ‘‘മാനുഫാക്ചറിങ് കൺസെന്റ്’’ (സമ്മതിനിർമാണം) എന്ന് വിളിച്ചത്. കൃത്രിമരീതികളിലൂടെ നേതാവിന് അർഹിക്കാത്ത ജനപിന്തുണ ഉണ്ടാക്കിയെടുക്കുന്നതും ഇതിൽപെടും.നരേന്ദ്ര മോദിയുടെ ഭരണത്തിൽ ഇതെല്ലാം വല്ലാതെ പ്രകടമാണ്. പൊതുപണമുപയോഗിച്ച് ധാന്യപ്പൊതികളിലും പെട്രോൾ ബങ്കുകളിലും മറ്റും മോദിയുടെ പടം വെക്കുന്നതും...
Your Subscription Supports Independent Journalism
View Plansനേരും നെറിയുമില്ലാത്ത പ്രചാരണങ്ങളിലൂടെ ജനപിന്തുണ കൃത്രിമമായി ഉണ്ടാക്കിയെടുക്കുന്ന മാധ്യമ സമ്പ്രദായത്തെയാണ് ചോംസ്കിയും ഹെർമനും ‘‘മാനുഫാക്ചറിങ് കൺസെന്റ്’’ (സമ്മതിനിർമാണം) എന്ന് വിളിച്ചത്. കൃത്രിമരീതികളിലൂടെ നേതാവിന് അർഹിക്കാത്ത ജനപിന്തുണ ഉണ്ടാക്കിയെടുക്കുന്നതും ഇതിൽപെടും.
നരേന്ദ്ര മോദിയുടെ ഭരണത്തിൽ ഇതെല്ലാം വല്ലാതെ പ്രകടമാണ്. പൊതുപണമുപയോഗിച്ച് ധാന്യപ്പൊതികളിലും പെട്രോൾ ബങ്കുകളിലും മറ്റും മോദിയുടെ പടം വെക്കുന്നതും പൊതുപണമുപയോഗിച്ച് മാധ്യമങ്ങളിൽ ‘‘മോദി പരസ്യങ്ങൾ’’ വരുത്തുന്നതും ചെറിയ തന്ത്രങ്ങൾ മാത്രം. വലിയ തന്ത്രം കിടക്കുന്നത് വാർത്തകളിലും ലേഖനങ്ങളിലുമായി വരുന്ന കൗശലങ്ങളിലാണ്. അതിമാനുഷ, ‘‘നോൺ ബയോളജിക്കൽ’’ പതക്കങ്ങളിലൂടെയാണ്.
പക്ഷേ, കഴിഞ്ഞ കുറേ ദിവസങ്ങളായി മാധ്യമങ്ങൾ തെരഞ്ഞെടുപ്പഴിമതികളുടെ വിവരങ്ങളാണ് പുറത്തുവിടുന്നത്. പ്രത്യക്ഷത്തിൽ ഇലക്ഷൻ കമീഷനെതിരാണെങ്കിലും ഈ വെളിപ്പെടുത്തലുകൾ ഒടുവിൽ ചെന്നു കൊള്ളുന്നത് പ്രധാനമന്ത്രിക്കു മേലാണ്. തെരഞ്ഞെടുപ്പുകളിൽ നിറയെ അഴിമതിയാണെങ്കിൽ അതെല്ലാം ആർക്കുവേണ്ടി എന്നതിന്റെ ഉത്തരം മാത്രമായല്ല മോദി അവതരിപ്പിക്കപ്പെടുന്നത്. അത്തരത്തിൽ നിയമവിരുദ്ധമായി അധികാരത്തിലെത്തിയയാൾ എന്ന നിലക്കുകൂടിയാണ്.
പ്രതിച്ഛായ പൊലിപ്പിക്കാൻ ഉപയോഗിക്കാറുള്ള സന്ദർഭങ്ങളിലൊന്ന് ജന്മദിനമാണ്. മറ്റൊന്ന് അധികാരലബ്ധി വാർഷികം. ഇക്കൊല്ലം ഇവക്കു പുറമേ വേറെ രണ്ട് സന്ദർഭങ്ങൾകൂടി കണ്ടെത്തി. ജവഹർലാൽ നെഹ്റുവിനെ അടക്കം പിന്തള്ളി പ്രധാനമന്ത്രി പദവിയിൽ ഏറ്റവും കൂടുതൽ കാലം ഇരുന്നയാൾ എന്നതാണ് ഒന്ന്. ഇത് ജൂണിലായിരുന്നു. മറ്റൊന്ന്, അധികാരത്തിൽ (ഗുജറാത്തിലടക്കം) മോദി 12 വർഷം തികച്ചത്.
മലയാള പത്രങ്ങളുടെ കൂട്ടത്തിൽ (ബി.ജെ.പിയുടെ ഔദ്യോഗിക ജിഹ്വയല്ലാത്തവയിൽ) ഏറ്റവും കൂടുതൽ മോദി സ്തുതിക്ക് ഇടം നൽകുന്നത് കേരള കൗമുദിയാവണം. (മറ്റു പത്രങ്ങൾ പക്വതയുടെ അതിരു പാലിച്ചുകൊണ്ട് കൂടിയും കുറഞ്ഞുമൊക്കെ വാർത്തകൾ ചെയ്തിട്ടുണ്ട്.) ജൂൺ ഒമ്പതിന് ആ പത്രത്തിൽ മോദി വിശേഷം പ്രാധാന്യപൂർവം വന്നു. (‘‘പ്രധാനമന്ത്രിയായി 4,399 ദിനങ്ങൾ; നെഹ്റുവിന്റെ റെക്കോഡ് മോദി ഭേദിക്കുന്നു’’) പക്ഷേ, അതിൽ നിർണായകമായ ഒരു വസ്തുത എടുത്തുപറയാൻ വിട്ടു. പ്രധാനമന്ത്രി പദവിയിൽ നെഹ്റുവിന്റെ റെക്കോഡ് മോദി ഭേദിച്ചിട്ടില്ല എന്നതാണത്. ആദ്യ തെരഞ്ഞെടുപ്പിനു മുമ്പ് നെഹ്റു ആ പദവിയിലിരുന്ന കാലയളവ് തട്ടിക്കിഴിച്ചാണ് ‘‘റെക്കോഡ് ഭേദനം’’ നിർമിച്ചത്. പിറ്റേന്ന് തുടർവാർത്തയും ലേഖനവും പ്രസിദ്ധപ്പെടുത്തി.
സെപ്റ്റംബറിലെ ജന്മദിനാചരണം സ്വാഭാവിക വാർത്തയായി. എന്നാൽ, ഒക്ടോബർ ആയപ്പോഴേക്ക് രാജ്യത്തിന്റെ പ്രധാനമന്ത്രി സ്ഥാനത്ത് അദ്ദേഹം എത്തിയ രീതിയടക്കം വ്യാപകമായി ചർച്ച തുടങ്ങിയിരുന്നു. ഡൽഹിയിലും മറ്റും വൻപ്രതിഷേധം. തെരഞ്ഞെടുപ്പഴിമതികളുടെ തെളിവുകൾ പുറത്തുവരുന്നു.
അതിനിെടയാണ്, ഒക്ടോബർ ഏഴിന്, മുഖ്യമന്ത്രി-പ്രധാനമന്ത്രി സ്ഥാനങ്ങളിലായി മോദി തുടർച്ചയായി 25 വർഷം തികച്ചെന്ന കണ്ടെത്തൽ വരുന്നത്. ചെറിയ ഒരു വാർത്ത മാത്രമാകേണ്ട അത് കൗമുദി ഒന്നാം പേജിൽ ആഘോഷിച്ചു. ഇടതുഭാഗത്ത് മോദി ഭരണത്തെ സംശയ നിഴലിലാക്കുന്ന അഴിമതിയോടുള്ള ജനരോഷത്തിന്റെ റിപ്പോർട്ട്: ‘‘ഡൽഹിയെ വിറപ്പിച്ച് പ്രതിപക്ഷ പ്രക്ഷോഭം.’’ വലതുഭാഗത്ത് പത്രത്തിന്റെ നെറ്റിയിലേക്ക് കയറിനിൽക്കുന്ന മോദി പടത്തിനൊപ്പം ഒരു രണ്ടു കോളം വാർത്ത: ‘‘മോദി പ്രഭയുടെ കാൽനൂറ്റാണ്ട്.’’ എന്തൊരു ബാലൻസ്!
ഇന്ത്യൻ ജനാധിപത്യം അതിന്റെ മർമമായ തെരഞ്ഞെടുപ്പിലടക്കം പുഴുക്കുത്തേറ്റ് കിടക്കുമ്പോഴാണ് ഒക്ടോബർ 10ന് കൗമുദിയിൽ വലിയൊരു ലേഖനം വരുന്നത്: ‘‘ഇന്ത്യൻ ജനാധിപത്യം ഭാവിക്കൊരു മാതൃക.’’ മാതൃകയായതിന്റെ ക്രെഡിറ്റാകട്ടെ ഭരിക്കുന്നവർക്കും: ‘‘ഇന്ത്യയിലെ ജനാധിപത്യ പ്രക്രിയ കേവലം എണ്ണം അടിസ്ഥാനമാക്കിയുള്ള ഒരഭ്യാസമല്ല. അത് ആധുനിക ലോകത്തെ അസാധാരണമായ ഭരണമികവിന്റെ ഉദാഹരണമാണ്...’’
അപ്പോൾ തെരഞ്ഞെടുപ്പഴിമതി? കുറച്ചുകഴിഞ്ഞ് ഇങ്ങനെ വായിക്കാം: ‘‘എന്നാൽ, ഈ നേട്ടങ്ങളിൽ അന്താരാഷ്ട്ര തലത്തിൽതന്നെ വൈകാരികമായ ചില ആഖ്യാനങ്ങൾ സൃഷ്ടിച്ച് നിഴൽ പരത്താനുള്ള ശ്രമങ്ങൾ നടക്കുന്നുണ്ട്...’’
അഴിമതി സൂചിപ്പിക്കുന്ന തെളിവുകളും കണക്കുകളും ‘‘ആഖ്യാനങ്ങള’’ത്രെ. അവ വരുന്നത് ‘‘അന്താരാഷ്ട്രതലത്തിൽ’’നിന്ന്!
‘‘ലോകം ഉറ്റുനോക്കുന്ന ജനാധിപത്യ വൈദഗ്ധ്യം’’ എന്ന ബോക്സ് വിശേഷവുമുണ്ട്.
എങ്ങനെയുണ്ട് പ്രതിച്ഛായാ നിർമാണം?
വിദേശത്തൊരു നാണക്കേട്
രാജ്യമെങ്ങനെ ഏകാധിപത്യ-വ്യക്തിപൂജ ശൈലിയിലേക്ക് മാറി എന്നു കാണാൻ മാധ്യമങ്ങളിലേക്ക് നോക്കിയാൽ മതി. നരേന്ദ്ര മോദി പ്രധാനമന്ത്രിയായി സ്ഥാനമേറ്റത് 2014ൽ. 2015ൽ നേപ്പാളിലുണ്ടായ ഭൂകമ്പം ഇന്ത്യൻ മാധ്യമങ്ങൾ ഉപയോഗപ്പെടുത്തിയത് ഇന്ത്യൻ ദേശീയതയെയും മോദിയുടെ പ്രതിച്ഛായയെയും പൊലിപ്പിക്കാനായിരുന്നു എന്നത് ചരിത്രം. ഭൂകമ്പത്തെപ്പറ്റി നേപ്പാൾ പ്രധാനമന്ത്രി അറിഞ്ഞതുതന്നെ മോദിയുടെ ട്വീറ്റ് കണ്ടിട്ടാണെന്ന് എഴുതിയവരുണ്ട്. ആശ്വാസപ്രവർത്തനങ്ങൾ അദ്ദേഹം ‘‘മുന്നിൽ നിന്ന് നയിച്ചു’’ എന്ന് പ്രചരിപ്പിച്ച വടക്കൻ മാധ്യമങ്ങളേറെ.
അയൽരാജ്യത്തെ ആപദ്ഘട്ടത്തിൽ സഹായിക്കാൻ മുന്നിട്ടിറങ്ങുന്നത് സ്വാഭാവികം. പക്ഷേ അത് വൻതോതിൽ ആഘോഷിക്കാൻ ഉത്തരേന്ത്യൻ ചാനലുകൾ മുന്നോട്ടുവന്നു. #ThankYouPM എന്ന ഹാഷ്ടാഗ് വൻതോതിൽ പ്രചരിപ്പിക്കപ്പെട്ടു –‘‘നന്ദി’’ നേപ്പാളിലെ അന്നത്തെ പ്രധാനമന്ത്രിക്കായിരുന്നില്ല, മോദിക്കായിരുന്നു. ആ ട്വീറ്റുകൾ ഏറെയും ഇന്ത്യയിൽനിന്നും.
എന്നാൽ, വൈകാതെ തന്നെ ഇത് തിരിച്ചടിച്ചു. ഇന്ത്യയുടെ ‘‘ഓപറേഷൻ മൈത്രി’’എന്ന രക്ഷാദൗത്യം ഒരു പ്രചാരണ പദ്ധതിയായിരുന്നെന്ന് ഇന്ത്യൻ മാധ്യമങ്ങളുടെ അതിരുവിട്ട ഇടപെടൽ തെളിയിച്ചു.
ഇന്ത്യൻ ചാനലുകൾ അയച്ച റിപ്പോർട്ടുകളുടെ മുഖ്യവിഷയം ഇന്ത്യൻ രക്ഷാദൗത്യത്തിന്റെ മഹത്ത്വമായിരുന്നു. ഡസൻ കണക്കിന് രാജ്യങ്ങൾ രക്ഷാപ്രവർത്തനങ്ങളിൽ പങ്കെടുത്തതാണ്. ഇന്ത്യൻ ചാനലുകളാകട്ടെ ഊന്നിയത് ഇന്ത്യൻ സംഘങ്ങളുടെ ധീരതയിലും മോദി സർക്കാറിന്റെ ഉദാരതയിലും. ‘‘ഇതാ പുതിയ ഇന്ത്യ’’ എന്ന ചാനലുകളുടെ പരിചയപ്പെടുത്തലിൽ മോദി സർക്കാറിന്റെയും മോദിയുടെയും പ്രതിച്ഛായ ഉയർത്തുകയായിരുന്നു ലക്ഷ്യം. സർക്കാർ സ്ഥാനമേറ്റ് ഒരു വർഷത്തിനുള്ളിലാണത്.
നേപ്പാളികളുടെ രക്ഷാശ്രമങ്ങൾക്ക് ഒട്ടും പ്രാധാന്യം കൊടുക്കാതെ, സെൻസേഷനുവേണ്ടി മരണവീടുകളിൽ കാമറയും മൈക്കുമായി എത്തിയ ഇന്ത്യൻ ചാനലുകളുടെ തനിനിറമറിഞ്ഞതോടെ അന്നാട്ടുകാർ എതിരായി. #GoHomeIndiaMedia എന്നത് മൂന്നുദിവസം തുടർച്ചയായി ഏറ്റവും വൈറലായ ഹാഷ് ടാഗായി.
