Begin typing your search above and press return to search.
proflie-avatar
Login

കാണേണ്ടത് കാണാതെ ഒരു മാർഗരേഖ

ഒരുപക്ഷം മാത്രം അക്രമം നടത്തുമ്പോൾ അതിന്റെ റിപ്പോർട്ടിൽ ‘വ്യാജസന്തുലനം’ (False balancing) തട്ടിക്കൂട്ടുന്നത് വസ്തുനിഷ്ഠതക്കെതിരാണ്. ‘‘മറുപക്ഷത്തെ കേൾക്കുക’’ എന്ന തത്ത്വം, കൺമുന്നിലെ വസ്തുതകൾ റിപ്പോർട്ട് ചെയ്യുന്നതിനെപ്പറ്റിയല്ല, നിലപാടുകളെയും അഭിപ്രായങ്ങളെയും കുറിച്ചാണ്.

കാണേണ്ടത് കാണാതെ ഒരു മാർഗരേഖ
cancel

കേന്ദ്ര പ്രക്ഷേപണ മന്ത്രാലയം ടെലിവിഷൻ ചാനലുകൾക്കായി ഏപ്രിൽ 23ന് ഇറക്കിയ മാർഗരേഖ, കേബിൾ ടി.വി നിയമത്തിന്റെ ചില ലംഘനങ്ങൾ ചൂണ്ടിക്കാട്ടി. റഷ്യയുടെ യുക്രെയ്ൻ ആക്രമണം, ജഹാംഗിർപുരി അതിക്രമം എന്നിവയുമായി ബന്ധപ്പെട്ട റിപ്പോർട്ടിങ്ങിലും സംവാദങ്ങളിലും ഉണ്ടായ ചില 'ചട്ടലംഘനങ്ങൾ' അതിൽ ചൂണ്ടിക്കാട്ടുകയും ചെയ്തു. അടിസ്ഥാന രഹിതമായ വാർത്തകൾ, സംഭ്രമജനകമായ തലക്കെട്ടുകൾ, അതിവൈകാരികമായ ഉള്ളടക്കം, സമുദായ മൈത്രി തകർക്കുന്ന അവതരണം തുടങ്ങിയ കാര്യങ്ങൾ മാർഗരേഖയിൽ സൂചിപ്പിച്ചു. ഈ വിമർശനം തെറ്റാണെന്ന് പറയാനാകില്ല. പല ചാനലുകളും വാർത്ത അറിയിക്കുന്നതിനു പകരം ഉന്മാദം വളർത്തുകയാണ് ചെയ്യുന്നത് എന്നതൊരു സത്യമാണ്....

Your Subscription Supports Independent Journalism

View Plans

കേന്ദ്ര പ്രക്ഷേപണ മന്ത്രാലയം ടെലിവിഷൻ ചാനലുകൾക്കായി ഏപ്രിൽ 23ന് ഇറക്കിയ മാർഗരേഖ, കേബിൾ ടി.വി നിയമത്തിന്റെ ചില ലംഘനങ്ങൾ ചൂണ്ടിക്കാട്ടി. റഷ്യയുടെ യുക്രെയ്ൻ ആക്രമണം, ജഹാംഗിർപുരി അതിക്രമം എന്നിവയുമായി ബന്ധപ്പെട്ട റിപ്പോർട്ടിങ്ങിലും സംവാദങ്ങളിലും ഉണ്ടായ ചില 'ചട്ടലംഘനങ്ങൾ' അതിൽ ചൂണ്ടിക്കാട്ടുകയും ചെയ്തു.

അടിസ്ഥാന രഹിതമായ വാർത്തകൾ, സംഭ്രമജനകമായ തലക്കെട്ടുകൾ, അതിവൈകാരികമായ ഉള്ളടക്കം, സമുദായ മൈത്രി തകർക്കുന്ന അവതരണം തുടങ്ങിയ കാര്യങ്ങൾ മാർഗരേഖയിൽ സൂചിപ്പിച്ചു. ഈ വിമർശനം തെറ്റാണെന്ന് പറയാനാകില്ല. പല ചാനലുകളും വാർത്ത അറിയിക്കുന്നതിനു പകരം ഉന്മാദം വളർത്തുകയാണ് ചെയ്യുന്നത് എന്നതൊരു സത്യമാണ്. അതേസമയം, മാർഗരേഖയിൽ എടുത്തുപറഞ്ഞ ഉദാഹരണങ്ങൾ ശരിയാണെന്നും പറയാനാകില്ല.

ടി.വി ചാനലുകളുടെ (പ്രത്യേകിച്ച് ഉത്തരേന്ത്യൻ ചാനലുകളുടെ) അവതരണ രീതിയിൽ അനേകം തെറ്റ് ചൂണ്ടിക്കാണിക്കാനുണ്ടെങ്കിലും സർക്കാർ മാർഗരേഖ ആദ്യം എടുത്തുകാട്ടിയത് ''റഷ്യ-യുക്രെയ്ൻ സംഘർഷ'' റിപ്പോർട്ടിങ്ങിലെ പിഴവുകളാണ്. അന്താരാഷ്ട്ര ഏജൻസികളെ തെറ്റായി ഉദ്ധരിച്ചു, വാർത്തയുമായി ബന്ധമില്ലാത്ത അപകീർത്തികരമായ തലക്കെട്ടുകൾ ചേർത്തു, അത്യുക്തിപരമായതും കെട്ടിച്ചമച്ചതുമായ പ്രസ്താവനകൾ നടത്തി തുടങ്ങിയ കുറ്റങ്ങളാണത്രെ ആ വിഷയത്തിൽ ചില ചാനലുകൾ ചെയ്തത്. ചട്ടലംഘനത്തിന്റെ ആദ്യ ഉദാഹരണമായി പറയുന്നത് ഒരു ചാനൽ (ഏപ്രിൽ 18ന്) 'യുക്രെയ്നിൽ അണുബോംബ് പരിഭ്രാന്തി' എന്ന വാർത്ത കൊടുത്തതാണ്. അന്താരാഷ്ട്ര ഏജൻസികളെ തെറ്റായി ഉദ്ധരിച്ചത്രെ.

മാർഗരേഖയിൽ ഇത്ര പ്രാധാന്യത്തോടെ പറയാൻ തക്ക ചട്ടലംഘനം ഉണ്ടായോ? സൂചിപ്പിച്ച വാർത്ത കേൾക്കാത്ത സ്ഥിതിക്ക്, ഉണ്ടായി എന്നുതന്നെ തൽക്കാലം കരുതാം. എന്നാൽ, റഷ്യ അറ്റകൈക്ക് അണുബോംബ് പ്രയോഗിച്ചേക്കുമോ എന്ന ഭീതിയെപ്പറ്റി അന്താരാഷ്ട്ര മാധ്യമങ്ങൾ മാർച്ച് മുതലേ റിപ്പോർട്ട് ചെയ്തുവന്നതാണ്. അമേരിക്ക അടിയന്തരഘട്ട പദ്ധതി തയാറാക്കുന്നതായി ന്യൂയോർക്ക് ടൈംസ് മാർച്ച് 23ന് അറിയിച്ചു. റഷ്യൻ അണുബോംബിനെച്ചൊല്ലി ലോകം ഉൽക്കണ്ഠപ്പെടുന്നുവെന്ന് വാഷിങ്ടൺ പോസ്റ്റ് മാർച്ച് 29ന് അറിയിച്ചു. ഏപ്രിലിൽ അൽജസീറയും ഡോയ്ഷെവെലെ(ജർമൻ)യും മറ്റും വർധിത ഭീഷണിയെപ്പറ്റി പറഞ്ഞു. ഭീഷണി യഥാർഥമാണെന്നതിന് റഷ്യൻ പ്രസിഡന്റിന്റെ ഒരു പ്രസംഗം തെളിവായി- ആണവായുധങ്ങളടക്കം ഒരുക്കി നിർത്തണമെന്ന നിർദേശമായിരുന്നു അതിൽ. യുക്രെയ്ൻ പ്രസിഡന്റ് വ്യക്തമായിത്തന്നെ ആണവായുധ ഭീഷണിയെപ്പറ്റി പറഞ്ഞു; 'റേഡിയേഷൻ ഗുളികകൾ' കരുതിവെക്കണമെന്ന ആഹ്വാനമടക്കം. ഈ ദിവസങ്ങളിൽ 'യുക്രെയ്നിൽ അണുബോംബ് പരിഭ്രാന്തി' എന്ന റിപ്പോർട്ടിൽ ഏതായാലും അത്യുക്തിയില്ല; അതേസമയം, അത്യുക്തിപരമായ തലക്കെട്ടുകൾ (''മൂന്നാംലോക യുദ്ധം തുടങ്ങുന്നോ'', ''ഇത് അന്ത്യരാത്രിയോ?'') ഉണ്ടായി എന്നതും സത്യം.

'ജഹാംഗിർപുരി സംഘർഷ'ത്തിന്റെ വാർത്താ അവതരണങ്ങളിൽ സാമുദായിക ശത്രുത ഉണ്ടാക്കുന്ന തരത്തിൽ വാർത്ത നൽകി എന്ന് മാർഗരേഖ പറയുന്നു. ''ഒരു പ്രത്യേക സമുദായക്കാരൻ വാളോങ്ങുന്ന ദൃശ്യം ഒരു ചാനൽ ആവർത്തിച്ച് കാണിച്ച''താണ് ഒരു ഉദാഹരണം.

രണ്ട് ഭാഗത്തുള്ളവരും വാളോങ്ങിയിട്ടുണ്ടെങ്കിൽ അത് രണ്ടും കാണിക്കേണ്ടതും പറയേണ്ടതും തന്നെ.പക്ഷേ, അക്രമം ഏകപക്ഷീയമാകുമ്പോൾ അത് എങ്ങനെ 'ബാലൻസ്' ചെയ്യും?


വ്യാജസന്തുലനം

മാധ്യമങ്ങൾക്കുള്ള മാർഗരേഖ തയാറാക്കുമ്പോൾ അത് ജേണലിസത്തിന്റെ അടിസ്ഥാനങ്ങളുമായി പൊരുത്തപ്പെടുന്നുണ്ടെന്ന് ഉറപ്പുവരുത്തുന്നത് നല്ലതാണ്. ഒരുപക്ഷം മാത്രം അക്രമം നടത്തുമ്പോൾ അതിന്റെ റിപ്പോർട്ടിൽ 'വ്യാജസന്തുലനം' (False balancing) തട്ടിക്കൂട്ടുന്നത് വസ്തുനിഷ്ഠതക്കെതിരാണ്. 'മറുപക്ഷത്തെ കേൾക്കുക' എന്ന തത്വം, കൺമുന്നിലെ വസ്തുതകൾ റിപ്പോർട്ട് ചെയ്യുന്നതിനെപ്പറ്റിയല്ല, നിലപാടുകളെയും അഭിപ്രായങ്ങളെയും കുറിച്ചാണ്. ഒരു വിഖ്യാത വാക്യമുണ്ട്: ''മഴപെയ്യുന്നുണ്ടെന്ന് ഒരാളും ഇല്ലെന്ന് വേറൊരാളും പറഞ്ഞാൽ അത് രണ്ടും റിപ്പോർട്ട് ചെയ്യലല്ല നിങ്ങളുടെ പണി. ആ ജനലങ്ങ് തുറന്ന് നേര് കണ്ടെത്തി പറയലാണ്.''

സർക്കാർ മാർഗരേഖയിൽ ചാർത്തുന്ന കുറ്റങ്ങൾ പലതും കുറേ ചാനലുകൾക്ക് തീർത്തും യോജിക്കും. ആ നിലക്ക് അവ തിരുത്തപ്പെടേണ്ടതുമാണ്. എന്നാൽ, വിമർശനത്തിൽ ഏതെങ്കിലും തരത്തിൽ ചായ്‍വുണ്ടെന്ന് വന്നാൽ മാർഗരേഖയുടെ വിശ്വാസ്യതയെ ബാധിക്കും. വ്യാജവാർത്ത, സംഭ്രമജനകമായ തലക്കെട്ട്, ഉന്മാദം നിറഞ്ഞ ഉള്ളടക്കം, വർഗീയ ധ്രുവീകരണമുണ്ടാക്കാൻ പോന്ന അതവരണം എന്നീ 'രോഗ'ലക്ഷണങ്ങൾ മുഴുവൻ ഒത്തുചേർന്ന റിപ്പോർട്ടുകൾ ഒന്നിലേറെ തവണ കഴിഞ്ഞവർഷങ്ങളിൽ രാജ്യം കണ്ടു. അവയിലൊന്നായിരുന്നു 'കൊറോണ ജിഹാദ്'. ഇന്ത്യൻ ജേണലിസത്തിന്റെ അധഃപതനത്തെപ്പറ്റി വിസ്തരിക്കുമ്പോൾ വിദേശനിരീക്ഷകർ എടുത്തുപറയാറുള്ള ഉദാഹരണമാണ്, കോവിഡിനെയും തബ്‍ലീഗ് ജമാഅത്തിനെയും ബന്ധപ്പെടുത്തി കുറേ ചാനലുകൾ (പ്രത്യേകിച്ച് സീന്യൂസ്, റിപ്പബ്ലിക്, ടൈംസ് നൗ എന്നിവ) അധികൃതരടക്കം പിന്നീട് തള്ളിക്കളഞ്ഞ വ്യാജങ്ങൾ വാർത്തയെന്ന മട്ടിൽ അവതരിപ്പിച്ചത്. സീ ന്യൂസിന്റെ സുധീർ ചൗധരി 'കൊറോണ ജിഹാദി'നെപ്പറ്റി സ്വന്തം 'കണ്ടെത്തലുകൾ' അവതരിപ്പിച്ചു. എല്ലാം വ്യാജം, വർഗീയം, സ്തോഭജനകം. സർക്കാർ ഭാഗത്തുനിന്ന് അന്ന് വിമർശനമോ മാർഗരേഖയോ ഇറങ്ങിയില്ലെന്നു മാത്രമല്ല, മറിച്ച് നിലപാടെടുക്കുകയും ചെയ്തു. വർഗീയ പ്രചാരണങ്ങൾക്കെതിരെ നടപടിയെടുക്കാൻ നിർദേശിക്കണമെന്നാവശ്യപ്പെട്ട് ജംഇയ്യത്തുൽ ഉലമായെ ഹിന്ദ് സമർപ്പിച്ച ഹരജിയിൽ സുപ്രീംകോടതി സർക്കാറിന്റെ പ്രതികരണമാരാഞ്ഞു. പ്രക്ഷേപണ മന്ത്രാലയം സമർപ്പിച്ച സത്യവാങ്മൂലത്തിൽ പറഞ്ഞു: ഇവിടത്തെ മാധ്യമങ്ങൾ ''സന്തുലിതവും നിഷ്പക്ഷവുമായ വീക്ഷണ''മാണ് ഈ വിഷയത്തിൽ അവതരിപ്പിച്ചിട്ടുള്ളത്. എന്നിട്ട്, ഉദാഹരണമായി ദ വയർ, ദ പ്രിന്റ്, ഇന്ത്യൻ എക്സ്പ്രസ് എന്നിവയെ ചൂണ്ടികാട്ടി. നേരത്തെ സൂചിപ്പിച്ച ചാനലുകളെപ്പറ്റി മൗനം പാലിച്ചു. എങ്ങനെയുണ്ട്? അന്നത്തെ ചീഫ് ജസ്റ്റിസായിരുന്ന ബോബ്ഡെ പോലും നീരസം പ്രകടിപ്പിച്ച് വേറെ സത്യവാങ്മൂലം സമർപ്പിക്കാൻ പറയുകയായിരുന്നു.

ഇപ്പോൾ ജഹാംഗിർപുരി അടക്കം ചൂണ്ടിക്കാട്ടി മാർഗരേഖ ഇറക്കുമ്പോഴും സർക്കാർ വ്യക്തമായ ചട്ടലംഘനങ്ങളെപ്പറ്റി പറയുന്നില്ല. ആജ്തക്/ ഇന്ത്യ ടുഡേ / ടൈംസ് നൗ, റിപ്പബ്ലിക് തുടങ്ങി കുറേ ചാനലുകൾ അവതരിപ്പിച്ച പക്ഷപാതപരവും വർഗീയവുമായ വാർത്തകളുടെ പട്ടിക നിരത്തുന്നുണ്ട് മുതിർന്ന പത്രപ്രവർത്തക പാമില ഫിലിപ്പോസ് (ദ വയർ). ബുൾഡോസർ കൊണ്ട് തകർക്കുന്നത് നിയമാനുസൃതമെന്നും മുസ്‍ലിംകൾ ബംഗ്ലാദേശികളായ നിയമവിരുദ്ധ കൈയേറ്റക്കാരെന്നും മറ്റുമുള്ള അസത്യങ്ങൾ പ്രചരിപ്പിക്കുകയായിരുന്നു അവ. ഇതൊന്നും പക്ഷേ, ചട്ടലംഘനത്തിന്റെ ഉദാഹരണമായി സർക്കാർ മാർഗരേഖ പറയുന്നില്ല.

മാർഗരേഖ ഇറക്കുന്നതിന്റെ തൊട്ടുമുമ്പ് സുദർശൻ ടി.വിയിൽ അതിന്റെ സ്ഥിരം വ്യാജപ്രചാരണമായ 'തൊഴിൽ ജിഹാദി'ന്റെ പുതിയ ഒരു കഥ വന്നിരുന്നു. അത് എത്രമാത്രം അടിസ്ഥാനരഹിതമാണെന്ന് തെളിവുസഹിതം ആൾട്ട് ന്യൂസ് സമർഥിക്കുകയും ചെയ്തു. അതും മാർഗരേഖക്ക് ഉദാഹരണമാക്കാമായിരുന്നു.

ഇത്തരത്തിലുള്ള ശരിയായ ഉദാഹരണങ്ങൾ അവഗണിച്ചതുകൊണ്ട് തന്നെയാകണം സർക്കാർ മാർഗരേഖയിൽ, സംശയാസ്പദമായ ഉദാഹരണങ്ങൾ ഉൾപ്പെടുത്തേണ്ടി വന്നത്.

മാർഗരേഖയുടെ മൊത്തം സന്ദേശം ശരിയാണ്. പക്ഷേ, നോക്കേണ്ടിടത്തല്ല അധികാരികൾ നോക്കുന്നതെന്നു മാത്രം.

News Summary - madhyamam weekly mediascan