Begin typing your search above and press return to search.
proflie-avatar
Login

യുദ്ധമെന്ന വിഡിയോ ഗെയിം -മീഡിയ സ്കാൻ

ഖാ​ർ​കീ​വ് ന​ഗ​ര​ത്തി​ന​ടു​ത്ത് റ​ഷ്യ​ൻ ഭ​ട​ന്മാ​ർ ഇ​റ​ങ്ങു​ന്ന ദൃ​ശ്യം ആ​ദ്യ മ​ണി​ക്കൂ​റു​ക​ളി​ൽത​ന്നെ ല​ക്ഷ​ക്ക​ണ​ക്കി​ന് ആ​ളു​ക​ളാ​ണ് ട്വി​റ്റ​റി​ൽ ക​ണ്ട​ത്. സ​ത്യ​ത്തി​ൽ അ​ത് 2016ലെ ​ക്ലി​പ്പാ​ണ്. യു​ക്രെ​യ്നി​ൽ റ​ഷ്യ​ൻ ജെ​റ്റി​നെ വെ​ടി​വെ​ച്ചി​ട്ട മ​റ്റൊ​രു ദൃ​ശ്യം ട്വി​റ്റ​റിലും യൂ​ട്യൂ​ബി​ലും പ്ര​ച​രി​ച്ചി​രു​ന്നു. 2011ൽ ​ലി​ബി​യ​യി​ൽനി​ന്നു​ള്ള​താ​ണ് സാ​ക്ഷാ​ൽ ദൃ​ശ്യം.

യുദ്ധമെന്ന വിഡിയോ ഗെയിം -മീഡിയ സ്കാൻ
cancel

''താങ്കൾ ചിത്രങ്ങളയച്ചാൽ മതി. യുദ്ധം ഞാനുണ്ടാക്കിക്കൊള്ളാം.'' യുദ്ധകാലത്ത് മാധ്യമങ്ങൾ എങ്ങനെ വ്യാജങ്ങൾ നിർമിക്കുമെന്ന് കാണിക്കാൻ ഉദ്ധരിക്കപ്പെടാറുള്ള വാചകമാണല്ലോ ഇത്. ക്യൂബയിൽ വിപ്ലവകാരികൾ സ് പെയിനിന്റെ ആധിപത്യത്തിനെതിരെ കലാപമുയർത്തിയ സമയത്ത്, അമേരിക്കയിൽ വില്യം റാൻഡോൾഫ് ഹേഴ്സ്റ്റിന്റെ ന്യൂയോർക് ജേണലും ജോസഫ് പുലിറ്റ്സറുടെ ന്യൂയോർക് വേൾഡും തമ്മിൽ കടുത്ത മത്സരത്തിലായിരുന്നു. ക്യൂബയിൽ യുദ്ധം മണത്ത ഹേഴ്സ്റ്റ്, റിപ്പോർട്ടർമാരെയും വാർത്തകൾക്കൊപ്പം യുദ്ധരംഗങ്ങൾ വരച്ച് അയക്കാൻ ചിത്രകാരൻ ഫ്രഡറിക് റെമിങ്ടനെയും അങ്ങോട്ടയച്ചു. 1897ലാണ് സംഭവം. പക്ഷേ, യുദ്ധം പൊട്ടുന്നില്ല. വെറുതെ ഇരുന്ന്...

Your Subscription Supports Independent Journalism

View Plans

''താങ്കൾ ചിത്രങ്ങളയച്ചാൽ മതി. യുദ്ധം ഞാനുണ്ടാക്കിക്കൊള്ളാം.''

യുദ്ധകാലത്ത് മാധ്യമങ്ങൾ എങ്ങനെ വ്യാജങ്ങൾ നിർമിക്കുമെന്ന് കാണിക്കാൻ ഉദ്ധരിക്കപ്പെടാറുള്ള വാചകമാണല്ലോ ഇത്.

ക്യൂബയിൽ വിപ്ലവകാരികൾ സ് പെയിനിന്റെ ആധിപത്യത്തിനെതിരെ കലാപമുയർത്തിയ സമയത്ത്, അമേരിക്കയിൽ വില്യം റാൻഡോൾഫ് ഹേഴ്സ്റ്റിന്റെ ന്യൂയോർക് ജേണലും ജോസഫ് പുലിറ്റ്സറുടെ ന്യൂയോർക് വേൾഡും തമ്മിൽ കടുത്ത മത്സരത്തിലായിരുന്നു. ക്യൂബയിൽ യുദ്ധം മണത്ത ഹേഴ്സ്റ്റ്, റിപ്പോർട്ടർമാരെയും വാർത്തകൾക്കൊപ്പം യുദ്ധരംഗങ്ങൾ വരച്ച് അയക്കാൻ ചിത്രകാരൻ ഫ്രഡറിക് റെമിങ്ടനെയും അങ്ങോട്ടയച്ചു. 1897ലാണ് സംഭവം.

പക്ഷേ, യുദ്ധം പൊട്ടുന്നില്ല. വെറുതെ ഇരുന്ന് മടുത്ത റെമിങ്ടൻ അമേരിക്കയിലുള്ള ഹേഴ്സ്റ്റിന് കമ്പിസന്ദേശമയച്ചു: ''അനക്കമേ ഇല്ല. ഇവിടെ ഒരു പ്രശ്നവും ഇല്ല. യുദ്ധം നടക്കില്ല. മടങ്ങിവരാൻ ആഗ്രഹിക്കുന്നു.''

ഹേഴ്സ്റ്റ് മറുപടിക്കമ്പി അയച്ചു: ''അവിടെത്തന്നെ നിൽക്കൂ. താങ്കൾ ചിത്രങ്ങളയച്ചാൽ മതി. യുദ്ധം ഞാനുണ്ടാക്കാം.''

മാധ്യമങ്ങളുണ്ടാക്കുന്ന കള്ളങ്ങളെപ്പറ്റിയുള്ള ഈ കഥപോലും വ്യാജമാണെന്നും അല്ല സത്യമാണെന്നും പിൽക്കാലത്ത് തർക്കമുയർന്നിട്ടുണ്ട്. നമ്മുടെ വിഷയം അതല്ല, യുദ്ധസാഹചര്യത്തിൽ കരുതിക്കൂട്ടിയോ അല്ലാതെയോ പ്രചരിക്കുന്ന നുണകളാണ്. യുക്രെയ്നിലെ റഷ്യൻ അധിനിവേശമാണ് ഒടുവിലത്തെ സന്ദർഭം.

യുക്രെയ്നെ കടന്നാക്രമിക്കുന്ന റഷ്യൻ പോർവിമാനങ്ങൾ യുക്രെയ്നിന്റെ മിസൈലുകളിൽനിന്ന് ''തലനാരിഴക്ക്'' രക്ഷപ്പെടുന്ന രംഗം മാതൃഭൂമി ന്യൂസ് കാണിച്ചു. ഇത് വൈകാതെ തന്നെ സമൂഹമാധ്യമങ്ങളിൽ പരിഹാസങ്ങൾക്ക് പാത്രമായി. കാരണം ആ രംഗം 'Arma 3' എന്ന വിഡിയോ ഗെയിമിൽനിന്നുള്ളതായിരുന്നു. തെറ്റുപറ്റിയതാണെന്ന് മാതൃഭൂമി ന്യൂസ് പിന്നീട് സമൂഹമാധ്യമങ്ങളിലൂടെ ഏറ്റുപറഞ്ഞു.

ഇതേ രംഗം തന്നെ ഇതേ അവകാശവാദങ്ങളോടെ കന്നട ചാനലായ ടി.വി 9 കന്നടയിലും കാണിച്ചിരുന്നു.

യുക്രെയ്ൻ പ്രതിരോധ മന്ത്രാലയത്തിന്റെ ഔദ്യോഗിക ട്വിറ്റർ പേജിൽ വന്ന ഒരു വ്യാജം ബി.ബി.സി ചൂണ്ടിക്കാട്ടി. ഒരു രാജ്യത്തിന്റെ ഔദ്യോഗിക പേജിൽപോലും വിഡിയോ കളിയാണ് യുദ്ധമെന്നു പറഞ്ഞ് കാണിച്ചത്. ''റഷ്യയുടെ അനന്യമെന്ന് വിവരിക്കപ്പെട്ട പോർ വിമാനം യുക്രെയ്ൻ വ്യോമസേനയുടെ മിഗ്-29 തകർക്കുന്ന''തിന്റെ ദൃശ്യമെന്ന് വിവരിച്ചുകൊണ്ട് ട്വീറ്റ് ചെയ്ത ചിത്രം വാസ്തവത്തിൽ 'ഡിജിറ്റൽ കോംബാറ്റ് സിമുലേറ്റർ വേൾഡ്' എന്ന വിഡിയോ ഗെയിമിലേതാണത്രെ.

റഷ്യ ആക്രമണം തുടങ്ങിയ ആദ്യ മണിക്കൂറുകളിൽ ഇറങ്ങിയ ഒരു ക്ലിപ്പ്, നഗരമധ്യത്തിൽ റഷ്യൻ വ്യോമസേനയുടെ ജെറ്റ് വിമാനം പറക്കുന്നതിന്റേതായിരുന്നു. വാസ്തവത്തിൽ ആ തരം വിമാനം ഇന്ന് ഉപയോഗത്തിലില്ലാത്തതാണ്.

മറ്റൊരു ദൃശ്യത്തിൽ പോർവിമാനങ്ങളുടെ വ്യൂഹം നഗരത്തിന് മുകളിലൂടെ പറക്കുന്നു; വ്യോമാക്രമണ മുന്നറിയിപ്പായി സൈറണുകൾ മുഴങ്ങുന്നതും കേൾക്കാം. വാസ്തവമോ? 2020ലെ ഏതോ സൈനികാഭ്യാസത്തിന്റെ ഒരുക്കമായിരുന്നു ദൃശ്യത്തിൽ; സൈറൺ ശബ്ദം വേറെ ചേർത്തതാണ്.

ഖാർകീവ് നഗരത്തിനടുത്ത് റഷ്യൻ ഭടന്മാർ ഇറങ്ങുന്ന ദൃശ്യം ആദ്യ മണിക്കൂറുകളിൽ തന്നെ ലക്ഷക്കണക്കിന് ആളുകളാണ് ട്വിറ്ററിൽ കണ്ടത്. സത്യത്തിൽ അത് 2016ലെ ക്ലിപ്പാണ്. യുക്രെയ്നിൽ റഷ്യൻ ജെറ്റിനെ വെടിവെച്ചിട്ട മറ്റൊരു ദൃശ്യം ട്വിറ്ററിലും യൂട്യൂബിലും പ്രചരിച്ചിരുന്നു. 2011ൽ ലിബിയയിൽനിന്നുള്ളതാണ് സാക്ഷാൽ ദൃശ്യം.

വിഡിയോ കളികൾ മുതൽ പണ്ടത്തെ യുദ്ധദൃശ്യങ്ങൾ വരെ വ്യാജ വാർത്തകൾക്ക് അകമ്പടിയായി ഇറങ്ങിക്കൊണ്ടിരിക്കുന്നു. നേർക്കുനേരെ സ്ക്രീനിൽ കാണുന്നതോ സമൂഹ മാധ്യമങ്ങളിൽ വായിക്കുന്നതോ ശരിയാകണമെന്നില്ല. വസ്തുതാപരിശോധകർ (fact checkers) അസംഖ്യം വ്യാജങ്ങൾ കണ്ടെത്തി അറിയിക്കുന്നുണ്ട്. ട്വിറ്ററും യൂട്യൂബുമെല്ലാം വ്യാജമെന്ന് തിരിച്ചറിഞ്ഞ വാർത്തകൾ നീക്കം ചെയ്യുന്നുമുണ്ട്.

മാധ്യമങ്ങളും ഫാക്ട് ചെക്കർമാരും മാത്രം ഏറ്റെടുക്കേണ്ട പോരാട്ടമല്ല വ്യാജവാർത്തകൾക്കെതിരായുള്ളത്. കൈയിലെ ബട്ടൻകൊണ്ട് വാർത്ത കാണുന്ന ഓരോരുത്തരും പ​ങ്കെടുക്കേണ്ട സമരം തന്നെയാണ്. കിട്ടിയ വിവരം കൈമാറും മുമ്പ് ചില കാര്യങ്ങൾ പരിശോധിക്കുക: ഇത് നുണയാകാൻ സാധ്യതയുണ്ടോ? ഇതിന്റെ ഉറവിടം ഏതാണ്? ഇത് വന്ന വഴി ഏതെല്ലാമായിരിക്കും? ഇതിന് പിന്നിൽ താൽപര്യങ്ങൾ കാണുമോ?

പുണ്യവാളനും പിശാചും: വാർത്തകളിലെ സങ്കൽപങ്ങൾ

വ്യാജവാർത്തകൾക്കെതിരായ കരുതൽ പലപ്പോഴും വലിയ സേവനപ്രവർത്തനം തന്നെയാകും. തൽപരകക്ഷികൾ നിരന്തരം പ്രചരിപ്പിച്ച വ്യാജങ്ങളാണ് പിന്നീട് പ്രത്യേക സമുദായങ്ങൾക്കും പ്രദേശങ്ങൾക്കുമെതിരായ പൊതുബോധമായി പലപ്പോഴും രൂപപ്പെട്ടിട്ടുള്ളത്. ഓരോ വ്യാജവും ''അപര''ന്മാരെ പൈശാചികവർണങ്ങളിൽ മുക്കാനുള്ള ചായങ്ങളാകുന്നു.

യുക്രെയ്നെതിരെ റഷ്യൻ ചാനലുകളിൽ ഇത്തരം 'പിശാചുവത്കരണ'ത്തിന്റെ ഉദാഹരണങ്ങൾ കുറെ വന്നിട്ടുണ്ട്. 2014ൽ റഷ്യൻ ടി.വി ചാനൽ കാണിച്ച ഒരു ദൃശ്യമുണ്ട്: ഒരു അഭയാർഥി സ്ത്രീ, തന്റെ മൂന്നുവയസ്സുള്ള മകനെ യുക്രെയ്ൻ പട്ടാളക്കാർ ക്രൂശിച്ചുകൊന്നത് വിവരിക്കുന്ന രംഗം. ഒരു തെളിവുമില്ലാതെ ആവർത്തിച്ച ഈ വിഡിയോ പിന്നീട് പിൻവലിക്കുകയായിരുന്നു. പക്ഷേ, ആ സന്ദേശം ബാക്കിയായി.

യുക്രെയ്ൻ പ്രദേശമായ ദോൻബാസിൽ വ്യാപകമായി നിയമവിരുദ്ധ അവയവക്കച്ചവടം നടക്കുന്നു എന്ന് റഷ്യയുടെ തന്നെ മറ്റൊരു ചാനൽ വാർത്ത കൊടുത്തു. യൂറോപ്യൻ സുരക്ഷാ സഹകരണ സംഘടന (ഒ.

എസ്.സി.ഇ) ഇതിന്റെ തെളിവ് കണ്ടെത്തിയെന്നും അറിയിച്ചു. എന്നാൽ, ഒ.എസ്.സി.ഇ പറഞ്ഞത് അവർക്ക് ഇങ്ങനെയൊരു സംഭവത്തെപ്പറ്റി അറിവില്ലെന്നാണ്.

റഷ്യ യുക്രെയ്നെ ആക്രമിച്ച ഉടനെ 'ടെലിഗ്രാമി'ലും മറ്റു സമൂഹമാധ്യമങ്ങളിലും വ്യാജ പ്രചാരണങ്ങൾ തുടങ്ങിയതായി ബി.ബി.സി റിപ്പോർട്ട് ചെയ്തു.

യുദ്ധത്തിലെ രണ്ടു ഭാഗങ്ങളിൽ ഒന്ന് ഹീറോ, മറ്റേത് പിശാച് എന്ന തരത്തിലാണ് മാധ്യമങ്ങൾ പൊതുവെ ചിത്രീകരിക്കുക. യുക്രെയ്നും പ്രസിഡന്റ് സെലൻസ്കിയും അനീതിക്കിരയാക്കപ്പെട്ടവരായാണ് വാർത്തകളിലൂടെ നാം കേൾക്കുന്നത്.

ഇന്ന് ഇരയെന്നനിലക്ക് ലോകത്തിന്റെ അനുഭാവം ഏറ്റുവാങ്ങുന്ന യുക്രെയ്ൻ ഭരണകൂടം, പക്ഷേ, അതിന്റെ രാഷ്ട്രീയ നയങ്ങളിൽ അങ്ങനെ തത്ത്വാധിഷ്ഠിത നിലപാടല്ല എപ്പോഴും എടുത്തുപോന്നിട്ടുള്ളത്.

യുക്രെയ്നിന്റെ ഭാഗമായ രണ്ടു പ്രദേശങ്ങളെ സ്വതന്ത്ര പ്രദേശങ്ങളായി റഷ്യ പ്രഖ്യാപിച്ചത് വലിയ കുറ്റമായാണ് യുക്രെയ്ൻ കാണുന്നത്. എന്നാൽ, ഇതേ യുക്രെയ്ൻ ഫലസ്തീൻ പ്രദേശങ്ങൾ സ്വന്തമാക്കി അക്രമം കാട്ടുന്ന ഇസ്രായേലിനെ പിന്തുണക്കുന്നു. അമേരിക്ക അവരുടെ ഇസ്രായേൽ എംബസി തെൽഅവീവിൽനിന്ന് ജറൂസലമിലേക്ക് മാറ്റിയപ്പോൾ യൂറോപ്യൻ യൂനിയനടക്കം അതിനെ എതിർത്തു; യുക്രെയ്നാകട്ടെ, അമേരിക്കയെ പിന്തുണക്കുക മാത്രമല്ല, തങ്ങളുടെ എംബസിയും ജറൂസലമിലേക്ക് മാറ്റാൻ തീരുമാനിച്ചു.

യുക്രെയ്നെ നാസിരാഷ്ട്രമെന്ന് റഷ്യ വിശേഷിപ്പിക്കുന്നത് അവരുടെ പ്രചാരണങ്ങളുടെ ഭാഗമായിട്ടാണ്; പക്ഷേ, അതിന് ന്യായം നൽകുന്ന ചില വസ്തുതകളുണ്ട്.

യുക്രെയ്നിന്റെ പട്ടാളവിഭാഗമായ നാഷനൽ ഗാർഡ് (എൻ.ജി.യു) 2014ൽ 'അസോവ് ബറ്റാലിയ'നെ ചേർത്ത് വിപുലീകരിച്ചു. ഈ ബറ്റാലിയൻ നവനാസികളുടേതത്രെ. നാസി ചിഹ്നങ്ങൾ അവർ ധരിക്കുന്നു. അസോവ് ബറ്റാലിയന്റെ സ്ഥാപകനായ ആൻഡ്രി ബിലറ്റ്സ്കി, തീവ്ര വലതുപക്ഷക്കാരനും വർണവെറിയനുമായി അറിയപ്പെടുന്നയാളാണ്. ജോൺ മക്കിവോയ് (ഫെയർ ഡോട്ട് ഓർഗ്, ഫെബ്രു. 23) പറയുന്നു, 2010ൽ ബിലറ്റ്സ്കിയുടേതായി ഒരു വർഗീയ പ്രസ്താവന വന്നിരുന്നു. ആ പ്രസ്താവന ഇങ്ങനെ:

''യു​ക്രെയ്ൻ ചെയ്യേണ്ടത്, അന്തിമ കുരിശുയുദ്ധത്തിൽ വെള്ള ജാതിക്കാർക്ക് നേതൃത്വം കൊടുക്കുകയാണ് -സെമിറ്റിക് വംശക്കാരായ കീഴ്ജാതികൾക്ക് (ഉണ്ടർമെൻശൻ) എതിരായ യുദ്ധം.'' (''ഉണ്ടർമെൻശൻ'' = കീഴ്ജാതി, മനുഷ്യനെക്കാൾ താഴ്ന്നവൻ).

യുദ്ധത്തിൽ എല്ലാം 'കറുപ്പും വെളുപ്പു'മായി, വീരന്മാരും വില്ലന്മാരുമായി വേറിട്ടു കാണാനാണ് വായനക്കാർക്കും പ്രേക്ഷകർക്കും താൽപര്യം. അങ്ങനെ കാണിക്കാനാണ് മാധ്യമങ്ങൾക്കും താൽപര്യം. എന്നാൽ, വസ്തുത അങ്ങനെയാകില്ല.

പുടിനിൽ അൽപം സെലൻസ്കിയുണ്ട്; സെലൻസ്കിയിൽ പുടിനും. അവരെ പിന്തുണക്കുന്നവർക്കുമുണ്ട് സ്വന്തമായ താൽപര്യങ്ങൾ.

നീതിയല്ല, താൽപര്യങ്ങളാണ് വാർത്തകൾക്ക് അടിസ്ഥാനമാകുന്നത്. അതുതന്നെയാണ് പ്രശ്നവും.

നീതിയല്ല, താൽപര്യങ്ങളാണ് ലോകത്തെ നയിക്കുന്നത്. യുക്രെയ്ൻ സാക്ഷി.

News Summary - madhyamam weekly -media scan