Begin typing your search above and press return to search.
proflie-avatar
Login

മാധ്യമങ്ങളെന്തിന് എ.എൻ.ഐ വാർത്ത വാങ്ങണം?

മാധ്യമങ്ങളെന്തിന് എ.എൻ.ഐ വാർത്ത വാങ്ങണം?
cancel
മണിപ്പൂരിൽ വേട്ടയാടപ്പെടുന്ന കുക്കികൾ ക്രിസ്തുമതക്കാരാണ്. അവർക്കെതിരെ അക്രമം അഴിച്ചുവിടുന്ന മെയ്തെയ്കൾ ഹിന്ദുക്കളും. ലോകം മുഴുവൻ കണ്ട് ഞെട്ടിയ പൈശാചികത ചെയ്തതിന് അറസ്റ്റിലായയാൾ മുസ്‍ലിമാണെന്ന് എ.എൻ.ഐ സൂചിപ്പിക്കുകയാണ്.

വ്യാജ വാർത്തകളെ ചെറുക്കുകയെന്നത് എത്ര പ്രധാനമാണെന്ന് കാണിച്ചുതന്ന ഒരു സംഭവം മണിപ്പൂരുമായി ബന്ധപ്പെട്ട് ഉണ്ടായി. സംഭവത്തിലെ കഥാപാത്രങ്ങൾ വാർത്ത ഏജൻസിയായ ഏഷ്യൻ ന്യൂസ് ഇന്റർനാഷനൽ (എ.എൻ.ഐ), ‘ആൾട്ട് ന്യൂസ്’ എന്ന വസ്തുതാ പരിശോധക സൈറ്റിലെ ഫാക്ട് ചെക്കർ മുഹമ്മദ് സുബൈർ എന്നിവരാണ്.

മേയ് 3ന് തുടങ്ങിയ അക്രമങ്ങൾ ഒരു ക്രിസ്ത്യൻ വംശഹത്യയായി അതിവേഗം വളർന്നു. മേയ് 4ന് തൗബാൽ ജില്ലയിൽ ആയിരത്തോളം വരുന്ന മെയ്തെയ്കൾ ആയുധങ്ങളുമായി അഴിഞ്ഞാടുന്നു. പൊലീസിൽ അഭയം തേടിയിരുന്ന ഏതാനും സ്ത്രീകളെ വലിച്ചിഴച്ച് തെരുവിലേക്ക് കൊണ്ടുപോകുന്നു. അതിൽ രണ്ട് (മൂന്ന് എന്നും പറയുന്നു) സ്ത്രീകളെ റോട്ടിലൂടെ നടത്തുന്നു; വസ്ത്രം അഴിപ്പിക്കുന്നു; ആൾക്കൂട്ടം അവർക്കുനേരെ ആഭാസങ്ങൾ കാട്ടുന്നു. അവരിലൊരു സ്ത്രീയെ കൂട്ടബലാത്സംഗത്തിനിരയാക്കുന്നു. യുവതിയുടെ അച്ഛനും സഹോദരനും തടയാൻ വന്നപ്പോൾ രണ്ടുപേരെയും മർദിച്ച് കൊല്ലുന്നു. സംഭവത്തിന്റെ വിഡിയോ ദൃശ്യം പുറത്തുവന്നത് മൂന്നു മാസം കഴിഞ്ഞ്.

രാജ്യത്തിനകത്തും പുറത്തും ആ വിഡിയോ പരക്കുന്നു. യൂനിയൻ സർക്കാർ വിഡിയോ നിരോധിക്കുന്നു. പക്ഷേ, ഞെട്ടിക്കുന്ന ആ വാർത്ത ലോകമെങ്ങും പരക്കുന്നു. ട്വിറ്ററിൽ പ്രതിഷേധവും രോഷവും നിറയുന്നു.

‘‘ഏഷ്യയിലെ ഒന്നാംകിട വാർത്ത ഏജൻസി’’യെന്ന് സ്വയം അവകാശപ്പെടുന്ന എ.എൻ.ഐ ഒന്നുമറിയാത്ത ഭാവത്തിലായിരുന്നു. സംഭവം നടന്നതിന് തൊട്ടുടനെ മണിപ്പൂർ പൊലീസിന് പരാതി കിട്ടിയിരുന്നു. പിന്നാലെ ദേശീയ വനിത കമീഷനും. ഇതൊന്നും എ.എൻ.ഐ അറിഞ്ഞില്ല. മണിപ്പൂർ പൊലീസ് ജൂലൈ 19നാണ് സംഭവത്തെപ്പറ്റിയും പരാതിയിൽ എടുക്കുന്ന നടപടികളെപ്പറ്റിയും വാർത്താകുറിപ്പിറക്കുന്നത്.

എ.എൻ.ഐയുടെ റിപ്പോർട്ട് വഴിയല്ല മാധ്യമങ്ങൾ വാർത്ത അറിഞ്ഞത്. അതേസമയം, എ.എൻ.ഐ ഒരു തുടർവാർത്ത തിടുക്കത്തിൽ പുറത്തുവിട്ടു.


അക്രമികളിലൊരാളെ മണിപ്പൂർ പൊലീസ് അറസ്റ്റ് ചെയ്ത ഉടനെ എ.എൻ.ഐ വാർത്ത ട്വീറ്റ് ചെയ്തു. ഇങ്ങനെ: ‘‘പരേതനായ തൊംബഖാന്റെ മകനും പീപ്പ്ൾസ് റവലൂഷനറി പാർട്ടിക്കാരനുമായ മുഹമ്മദ് ഇബുംഗോ എന്ന അബ്ദുൽ ഹിലിമിനെ (38 വയസ്സ്) ഇംഫാൽ പൊലീസ് അറസ്റ്റ് ചെയ്തു.’’

മണിപ്പൂരിൽ വേട്ടയാടപ്പെടുന്ന കുക്കികൾ ക്രിസ്തുമതക്കാരാണ്. അവർക്കെതിരെ അക്രമം അഴിച്ചുവിടുന്ന മെയ്തെയ്കൾ ഹിന്ദുക്കളും. ലോകം മുഴുവൻ കണ്ട് ഞെട്ടിയ പൈശാചികത ചെയ്തതിന് അറസ്റ്റിലായയാൾ മുസ്‍ലിമാണെന്ന് എ.എൻ.ഐ സൂചിപ്പിക്കുകയാണ്.

ഫാക്ട് ചെക്കർ സുബൈർ അത് പരിശോധിച്ചു. എ.എൻ.ഐ റിപ്പോർട്ട് കള്ളമാണെന്ന് അദ്ദേഹം കണ്ടെത്തുകയും ട്വിറ്ററിൽ പോസ്റ്റ് ചെയ്യുകയും ചെയ്തു. അബ്ദുൽ ഹിലിം എന്നയാൾ മറ്റൊരു കേസിൽ മറ്റൊരിടത്ത് പിടിക്കപ്പെട്ടതാണ് തെറ്റായി റിപ്പോർട്ട് ചെയ്തത്. സ്ത്രീകളെ മാനഭംഗപ്പെടുത്തിയ സംഭവവുമായി അയാൾക്ക് ഒരു ബന്ധവുമില്ല. ഇക്കാര്യം പൊലീസും ഔദ്യോഗികമായി സ്ഥിരീകരിച്ചു.

പൊലീസിന്റെ ട്വിറ്റർ അറിയിപ്പ് വായിച്ച് തെറ്റിദ്ധരിച്ചുപോയതാണെന്ന് പറഞ്ഞ് എ.എൻ.ഐ കള്ളവാർത്ത പിൻവലിച്ച് ഖേദമറിയിച്ചു. പക്ഷേ, അതിന് 12 മണിക്കൂറെടുത്തു. ‘‘തെറ്റിദ്ധരിച്ച്’’ വാർത്ത പോസ്റ്റ് ചെയ്യാൻ ഒട്ടും അമാന്തിക്കാതിരുന്ന വാർത്ത ഏജൻസിയാണ് അത് തിരുത്താൻ ഇത്ര നേരമെടുത്തത്.

അപ്പോഴേക്ക് ‘‘സംഭവിക്കേണ്ടതൊ’’ക്കെ സംഭവിച്ചിരുന്നു. ‘‘ഹിന്ദുത്വ’’ അക്കൗണ്ടുകൾ വഴി സമൂഹമാധ്യമങ്ങളിൽ അബ്ദുൽ ഹിലിം സ്ത്രീപീഡന സംഭവത്തിലെ മുഖ്യപ്രതിയായി സ്ഥാപിക്കപ്പെട്ടു. വാർത്ത എ.എൻ.ഐ പിൻവലിച്ചത് അവർക്ക് പ്രശ്നമല്ലല്ലോ.

മണിപ്പൂരിൽ അക്രമം കത്തിപ്പടരാൻ ആദ്യ പ്രകോപനമായത്, മെയ്തെയ് സ്ത്രീയെ കുക്കികൾ പീഡിപ്പിച്ചതായ ഒരു വ്യാജവാർത്തയായിരുന്നു. ഈ സാഹചര്യത്തിൽ, പ്രകോപനപരമായ മറ്റൊരു വ്യാജം പ്രസിദ്ധപ്പെടുത്താതിരിക്കാൻ പതിവിലേറെ ജാഗ്രത പാലിക്കേണ്ടിയിരുന്ന ന്യൂസ് ഏജൻസിയാണ് പ്രാഥമിക പരിശോധനപോലും നടത്താതെ ആപൽക്കരമായ കള്ളവാർത്ത പുറത്തേക്ക് വിട്ടത് – എന്നിട്ട് 12 മണിക്കൂർ അത് തിരുത്താതെ നിർത്തിയത്.

എ.എൻ.ഐ ഇത് ആദ്യമായിട്ടല്ല ഇത്തരം വർഗീയ ചായ് വോടെ വ്യാജവാർത്ത പ്രചരിപ്പിക്കുന്നത്. കോവിഡ് 19 കാലത്ത് തബ്‍ലീഗ് ജമാഅത്തിനെ കുറ്റക്കാരാക്കി അവർ ചെയ്ത വാർത്ത ഡൽഹി നോയ്ഡ പൊലീസിന് തള്ളിപ്പറയേണ്ടിവന്നു; തമിഴ്നാട്ടിൽ കോവിഡ് പകർച്ചയുമായി ബന്ധപ്പെട്ട് തബ്‍ലീഗിനെപ്പറ്റി ദുസ്സൂചനയോടെ എ.എൻ.ഐ മറ്റൊരു വ്യാജമിറക്കിയത് തമിഴ്നാട് ആരോഗ്യകാര്യ സെക്രട്ടറിയെ തെറ്റായി ഉദ്ധരിച്ചുകൊണ്ടായിരുന്നു.

എ.എൻ.ഐ ആണ് റോയിട്ടേഴ്സിന്റെ ഇന്ത്യൻ ഉറവിടം. ഇന്ത്യയിൽതന്നെ അനേകം മാധ്യമങ്ങൾ എ.എൻ.ഐയെ ആശ്രയിക്കുന്നു. ഇത്ര വലിയൊരു വാർത്ത ശൃംഖലയിലേക്ക് ഈ ‘‘ന്യൂസ് ഏജൻസി’’ നൽകിക്കൊണ്ടിരിക്കുന്ന വാർത്തകളുടെ ഒരു സാമ്പിൾ മാത്രമാണിത്.

സാമ്പിളുകൾ വേറെയും അനേകമുണ്ട്. ആൾട്ട് ന്യൂസ്, ബൂം ലൈവ് തുടങ്ങിയ ഫാക്ട് ചെക്കർ സൈറ്റുകളും കാരവൻ, ക്വിന്റ് പോലുള്ള മറ്റനേകം മാധ്യമങ്ങളും എ.എൻ.ഐയുടെ അസംഖ്യം കള്ളവാർത്തകൾ തെളിവുസഹിതം പുറത്തുകൊണ്ടുവന്നിട്ടുണ്ട്.

ശ്രീവാസ്തവ ഗ്രൂപ്പ് എന്നറിയപ്പെട്ട ഒരു കമ്പനി പടച്ചുവിട്ട ഒട്ടനേകം വ്യാജ വാർത്തകളുടെ വിതരണക്കാരായി എ.എൻ.ഐ പ്രവർത്തിച്ചതിന്റെ തെളിവുകൾ ‘ഇ.യു ഡിസിൻഫോലാബ്’ എന്ന യൂറോപ്യൻ ഗവേഷണ സ്ഥാപനത്തിന്റെ അന്വേഷണത്തിൽ പുറത്തുവന്നത് 2020ലാണ്. പാകിസ്താനും ചൈനക്കുമെതിരായ കള്ളവാർത്തകളാണ് ഇത്തരത്തിൽ പരത്തിയതിൽ ഏറെയും.

ബി.ജെ.പി സർക്കാറിനുവേണ്ടി പ്രചാരണം നടത്തുക എ.എൻ.ഐയുടെ പ്രവർത്തനങ്ങളിൽ ഉൾപ്പെടുന്നതായി ദ കാരവൻ, ദ കെൻ മുതലായ ഒരുപാട് മാധ്യമ നിരീക്ഷക കേന്ദ്രങ്ങൾ നേരത്തേ കണ്ടെത്തിയതാണ്.

അപ്പോൾ എന്ത് അടിസ്ഥാനത്തിലാണ് റോയിട്ടേഴ്സും ഇന്ത്യയിലെ അനേകം മാധ്യമങ്ങളും വിശ്വാസ്യതയില്ലാത്ത എ.എൻ.ഐ റിപ്പോർട്ടുകൾ വാങ്ങി വാർത്തയാക്കുന്നത്?

ചരമ സപ്ലിമെന്റുകൾ

ജൂലൈ 19, 20, 21 തീയതികളിൽ മലയാള പത്രങ്ങൾ ഉമ്മൻ ചാണ്ടി ചരമസപ്ലിമെന്റുകളായി.

ദേശീയരംഗത്ത് വൻ പ്രാധാന്യമുള്ള സംഭവങ്ങൾ നടന്ന ദിവസങ്ങൾ കൂടിയായിരുന്നു ഇവ. മണിപ്പൂരിൽ സ്ത്രീകളെ നഗ്നരാക്കി നടത്തിച്ച വിഡിയോയും അനുബന്ധമായുണ്ടായ കൊടും ക്രൂരതകളുടെ വിവരങ്ങളും പുറത്തുവന്നത് 19നാണ്. മേയ് 3 മുതൽ ഇന്റർനെറ്റ് ബന്ധം തടയപ്പെട്ടിരുന്ന ആ സംസ്ഥാനത്തെ അതിനിഷ്ഠുരമായ വംശഹത്യയുടെ ഞെട്ടിക്കുന്ന വാർത്തകൾ ഈ വിഡിയോക്കു പിന്നാലെ പരമ്പരയായി ഇറങ്ങി. പ്രധാനമന്ത്രി 79 ദിവസങ്ങൾക്കുശേഷം മൗനം വെടിഞ്ഞതും വൻ വാർത്തയായി.

മറ്റൊരു സംഭവം ‘ഇൻഡ്യ’ എന്ന പ്രതിപക്ഷ കൂട്ടായ്മയുടെ രൂപവത്കരണമാണ്. അടുത്തവർഷം നടക്കാൻ പോകുന്ന തെരഞ്ഞെടുപ്പിൽ നിർണായക സ്വാധീനം ചെലുത്താനിടയുള്ള സംഭവവികാസം.

ഈ രണ്ടു വിഷയങ്ങളും കേരളത്തിന് പുറത്തുള്ള മിക്ക പത്രങ്ങളിലും ഒന്നാംപേജ് വാർത്തകളായിരുന്നു – മിക്കതും ലീഡ് തന്നെ. കരുത്തുറ്റ ലീഡ് തലക്കെട്ടുകൾകൊണ്ട് ശ്രദ്ധ നേടാറുള്ള ദ ടെലിഗ്രാഫ് പത്രം നല്ല പ്രഹരശേഷിയുള്ള ഉജ്ജ്വലമായ രീതിയിലാണ് മോദിയുടെ മൗനഭഞ്ജനം അവതരിപ്പിച്ചത്: 79 മുതലകൾ; 79ാം ദിവസം മുതല കണ്ണീരൊഴുക്കുന്നു. ഒപ്പമുള്ള കുറിപ്പ്: ‘‘ആ 56 ഇഞ്ച് തൊലിക്കകത്തേക്ക് നടുക്കവും ലജ്ജയും കടന്നെത്താൻ 79 ദിവസമെടുത്തു.’’ ഇൻഡ്യ സഖ്യം നിലവിൽവന്ന വാർത്തക്കും വലിയ പ്രാധാന്യം ലഭിച്ചു.

മലയാളത്തിൽ ഈ രണ്ടു സംഭവങ്ങളും മിക്ക പത്രങ്ങൾക്കും ഉൾപേജ് വാർത്തയായി. ഉമ്മൻ ചാണ്ടിയായിരുന്നു പത്രപ്പേജുകളുടെ മുക്കാൽഭാഗത്തും. ഇതിന് അപവാദം ജനയുഗവും ദേശാഭിമാനിയും. ചരമങ്ങളെ ആ​ഘോഷമാക്കാതെ വാർത്തകളോട് നീതി പുലർത്താൻ വഴിയില്ലേ?


വാർത്താ പ്രാധാന്യമല്ല, അവതരണക്ഷമതയും വൈകാരിക പ്രാധാന്യവുമാണ് പത്രങ്ങൾ ഇപ്പോൾ പരിഗണി​ക്കുന്നത് എന്നതിന് ഒരു തെളിവുകൂടിയാണ് ഇത്. വാർത്താ പ്രാധാന്യം വെച്ച് മത്സരിക്കാൻ പത്രങ്ങൾക്കാവില്ല. സമൂഹ മാധ്യമങ്ങളും ടെലിവിഷൻ ചാനലുകളും കഴിഞ്ഞ് മാത്രമേ പത്രങ്ങളുടെ ഊ​ഴമെത്തൂ.

പഴകിയ വാർത്തയേക്കാൾ അവക്ക് താൽപര്യം നാടകീയതയും അതിഭാവുകത്വവും ചമൽക്കാരങ്ങളും ചേർത്ത് ചരമോത്സവം നടത്തുന്നതാണ്. ഇതിൽ അൽപമൊക്കെ സംയമനമാവാം.

ഒരുനിലക്ക് നോക്കിയാൽ പത്രങ്ങളിൽ വരുന്നത് വാർത്തകളല്ല; വാർത്തകളോടുള്ള പ്രതികരണങ്ങളാണ്. നാം കാണുന്നത് വാർത്താപത്രങ്ങളല്ല, പ്രതികരണപ്പത്രങ്ങളാണ്.

Show More expand_more
News Summary - madhyamam weekly media scan