Begin typing your search above and press return to search.
proflie-avatar
Login

നിർമിതബുദ്ധിക്ക് പിഴച്ചാൽ...

നിർമിതബുദ്ധിക്ക് പിഴച്ചാൽ...
cancel

വിവര വിനിമയ രംഗത്ത് കടന്നുവന്നിരിക്കുന്ന നിർമിതബുദ്ധി (എ.ഐ)ക്ക് ജേണലിസത്തിൽ എന്താണ് ചെയ്യാനുള്ളത്? അതിനോടുതന്നെ ചോദിച്ചു.

എ.ഐ ബോട്ടുകൾ കുറേയെണ്ണം ഇപ്പോൾ പ്രചാരത്തിലുണ്ട്. ചാറ്റ്ജിപിടി (ഓപൺ എ.ഐ കമ്പനിയുടേത്), ബിങ് (മൈക്രോസോഫ്റ്റ്) എന്നിവ നൽകിയ പട്ടികയിൽ, വാർത്തയും മറ്റും സ്വയം എഴുതാനുള്ള കഴിവ്, റിപ്പോർട്ടർമാർക്ക് വിവര ഉറവിടങ്ങളും വസ്തുതകളും കണക്കുകളും നൽകാനുള്ള കഴിവ്, ഓരോ വായനക്കാരന്റെയും അഭിരുചി അറിഞ്ഞ് വാർത്ത തിരഞ്ഞെടുക്കാനുള്ള കഴിവ് എന്നിവ ഉൾപ്പെടുന്നു. ബ്ലൂം ബർഗ് എന്ന ധനകാര്യ പത്രം ‘സൈബോർഗ്’ എന്ന ബോട്ടിനെക്കൊണ്ട് ആയിരക്കണക്കിന് ലേഖനങ്ങൾ എഴുതിക്കുന്നുണ്ട്. വാഷിങ്ടൺ പോസ്റ്റ് ‘ഹീലിയോഗ്രാഫ്’ എന്ന ബോട്ടും ഫോബ്സ് മാഗസിൻ ‘ബെർട്ടി’ എന്ന ബോട്ടും ഉപയോഗിക്കുന്നു. വിവരങ്ങൾ ശേഖരിക്കാൻ ബി.ബി.സി ‘നിയമിച്ച’ എ.ഐ ബോട്ടാണ് ‘ജൂസർ’. വാൾസ്ട്രീറ്റ് ജേണലിന് ‘റെഡ് ബേഡും’ റോയിട്ടേഴ്സിന് ‘ലിൻക്സും’ ഉണ്ട്. വായനക്കാരുടെ അഭിരുചി അറിഞ്ഞ് വായനക്കുള്ള വിഭവങ്ങൾ തയാറാക്കാൻ ന്യൂയോർക് ടൈംസ് ഉപയോഗിക്കുന്നത് ‘യുവർ വീക്‍ലി എഡിഷൻ’ എന്ന് പേരുള്ള ഡിജിറ്റൽ ഉപകരണമാണ്. ഗാർഡിയൻ ഉപയോഗിക്കുന്നത് ‘ഒഫാൻ’ എന്ന ബോട്ടിനെയും.

ഗൂഗ്ൾ എ.ഐയുടെ ‘ബാർഡ്’ പറയുന്നത് ലഭ്യമായ അസംഖ്യം ഡേറ്റ വിശകലനംചെയ്ത് പുതിയ പ്രവണതകളും വാർത്തകളും കണ്ടെത്താൻ എ.​ഐ ബോട്ടുകൾക്ക് കഴിയുമെന്നാണ്.

ചാറ്റ്ജിപിടിയും ബാർഡും എടുത്തുപറയുന്ന പ്രയോജനങ്ങളിൽ ഒന്ന്, ഫാക്ട് ചെക്കിങ് അഥവാ വസ്തുതാ പരിശോധനയാണ്. ലഭ്യമായ വാർത്തയുടെ ഉള്ളടക്കവും ഉറവിടവും അടക്കം പരിശോധിച്ച്, വൈരുധ്യങ്ങൾ വിശകലനംചെയ്ത്, വ്യാജ വിവരങ്ങളെപ്പറ്റി സൂചന നൽകാൻ എ.ഐ ബോട്ടുകൾക്ക് കഴിയും. ന്യൂയോർക് ടൈംസ് ഉൾപ്പെടെ പല മാധ്യമങ്ങളും വാർത്തയിലെ വ്യാജങ്ങൾ കണ്ടെത്താൻ നിർമിതബുദ്ധി ഉപയോഗിച്ചുവരുന്നുണ്ട്.

നിർമിതബുദ്ധിയുടെ പ്രയോജനങ്ങൾ ഇനിയുമുണ്ട്. എന്നാൽ, മാധ്യമപ്രവർത്തനത്തിൽ അത് കൊണ്ടുവന്നേക്കാവുന്ന വിപത്തുകൾ വല്ലതുമുണ്ടോ?

മാധ്യമമേഖലയിലെ തൊഴിൽനഷ്ടം, മനുഷ്യ ഇടപെടലും വിലയിരുത്തലും ഇല്ലാതിരിക്കുന്നതിലെ പ്രശ്നങ്ങൾ, വാർത്തകൾ സെൻസർ ചെയ്യുന്നത് എ.ഐ വിദ്യ കൂടുതൽ എളുപ്പമാക്കും, പക്ഷപാതിത്വവും ചായ്‍വുമെല്ലാം അവയെയും ബാധിക്കാമെന്നത്, ഉത്തരവാദിത്തം ഇല്ലാതിരിക്കുന്ന അവസ്ഥ, ധാർമിക പ്രശ്നങ്ങൾ, ഗുണനിലവാരത്തിന്റെ കുറവ്, സ്വകാര്യത അസാധ്യമാകും എന്നത്, അധികാര കേന്ദ്രീകരണം എന്നിവ മാധ്യമരംഗത്ത് എ.ഐയുടെ വരവോടെ സംഭവിക്കാവുന്ന വിപത്തുകളത്രെ: ചുരുക്കത്തിൽ വിവര ശേഖരണം, വിശകലനം തുടങ്ങിയ രംഗങ്ങളിലെ വമ്പിച്ച വേഗതയാണ് എ.ഐയുടെ യഥാർഥ പ്രയോജനം. മറ്റു കാര്യങ്ങളിൽ മനുഷ്യന്റെ ദോഷങ്ങൾ എ.ഐയിലും ഉണ്ടാകാം.

വ്യാജവാർത്ത കുറയുമോ കൂടുമോ?

ഇക്കൂട്ടത്തിൽ ഏറ്റവും പ്രകടമായത് വ്യാജവാർത്തകളുടെ കാര്യമാണ്. വ്യാജ വിവരങ്ങൾ കണ്ടെത്താനുള്ള കഴിവ് എ.ഐ ബോട്ടുകൾക്കുണ്ട് എന്ന് അവകാശപ്പെടുന്ന അവതന്നെ, വ്യാജവിവരം പരത്താനുള്ള അവയുടെ കഴിവിനെ ഒരു വിപത്തായും എണ്ണുന്നുണ്ട്. ‘ഡീപ് ഫെയ്ക്’ (deep fake) വിദ്യ രംഗത്തുവന്നതോടെ വ്യാജ വിവരങ്ങൾ ജനങ്ങൾ വിശ്വസിക്കാനുള്ള സാധ്യത പതിന്മടങ്ങായിട്ടുണ്ട്. ആരുടെയും രൂപം എന്തും ചെയ്യുന്നതും പറയുന്നതുമെല്ലാം യഥാർഥമെന്ന് തോന്നിപ്പിക്കാൻ ഡീപ് ഫെയ്ക് വിഡിയോകൾക്ക് കഴിയും. ഈ രംഗത്തേക്ക് നിർമിതബുദ്ധികൂടി എത്തുന്നതോടെ അനന്തസാധ്യതകളാണ് തുറക്കുന്നത്. മറുവശത്ത്, വ്യാജം കണ്ടെത്താനുള്ള വസ്തുതാവിശകലന സൂത്രങ്ങളും ഉണ്ട്.

വ്യാജ വാർത്തപ്രചാരണത്തിന് പുറമെ, സെൻസർഷിപ് പ്രാവർത്തികമാക്കാനുള്ള കഴിവും നിർമിതബുദ്ധിക്ക് ഉണ്ടാകും. അതിനെല്ലാമപ്പുറമാണ്, ഏകാധിപത്യ-സമഗ്രാധിപത്യ ശക്തികൾക്ക് ഇത് അധികാര കേന്ദ്രീകരണത്തിനുള്ള ആയുധമാക്കാനാകുമെന്നത്. 1984 എന്ന നോവലിൽ ജോർജ് ഓർവൽ ചിത്രീകരിച്ചത് യാഥാർഥ്യമായി പുലരുമെന്നർഥം. ഭരണകക്ഷി സകല മാധ്യമങ്ങളെയും നിയന്ത്രിക്കുന്നു; എതിർശബ്ദങ്ങൾ കേൾപ്പിക്കാതാക്കുന്നു. ചരിത്രം മാറ്റിയെഴുതുന്നു. വിവരവും വാർത്തയും സ്വന്തമായി ശേഖരിക്കാവുന്ന എല്ലാ മാർഗവും അടക്കുന്നു: സെൻസർഷിപ്പും ഭയപ്പെടുത്തലും നിരീക്ഷണസൂത്രങ്ങളും അതിനുള്ള മാർഗങ്ങളാകുന്നു.

നിർമിതബുദ്ധിയുടെ വരവ് ഇല്ലാതെതന്നെ ഇതെല്ലാം നടക്കുന്നു എന്നിരിക്കെ, ആ വിദ്യകൂടി ഭരണകൂടത്തിന്റെ ആയുധപ്പുരയിൽ വരുന്നതോടെ ഏകാധിപത്യവും സമഗ്രാധിപത്യവും എളുപ്പമാകും; ശക്തവും.

ഭരണകൂടങ്ങളും ടെക്നോക്രാറ്റുകളും ടെക് കമ്പനികളു​മടങ്ങുന്ന ഒരു ചെറുസംഘമാണ് ഇന്ന് വാർത്തസാമ്രാജ്യത്തെ നിയന്ത്രിക്കുന്നതെന്ന് ഫോറിൻ പോളിസി മാഗസിനിൽ പോൾ ഷാർ നിരീക്ഷിക്കുന്നുണ്ട്.

ആധിപത്യം എ.ഐക്ക്?

യുവൽ നോവ ഹരീരി എന്ന ഇസ്രായേലി ഗവേഷകൻ, നിർമിതബുദ്ധി സമൂഹത്തിലേക്ക് കൊണ്ടുവരാൻ പോകുന്ന പ്രശ്നങ്ങളെപ്പറ്റി പഠനം നടത്തുകയും പുസ്തകങ്ങൾ രചിക്കുകയും ചെയ്തിട്ടുണ്ട്. മനുഷ്യനാഗരികതയുടെ ‘ഓപറേറ്റിങ് സിസ്റ്റ’മാണ് ഭാഷയെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടുന്നു. ഭാഷയെ ‘ഹാക്’ ചെയ്തും ദുരുപയോഗം ചെയ്തും വിനാശം വിതക്കാൻ എ.ഐക്ക് കഴിയുമെന്നാണ് അദ്ദേഹം കരുതുന്നത്. മാനുഷികമൂല്യങ്ങളെ നശിപ്പിക്കാനും പുതിയ അസമത്വങ്ങൾ സൃഷ്ടിക്കാനും അതിന് കഴിഞ്ഞേക്കും. ജിപിടി 4നപ്പുറത്തേക്ക് എ.ഐ വിദ്യ കടക്കുന്നതോടെ മനുഷ്യന്റെ ചോദനകളെയും ആസക്തികളെയും ചൂഷണം ചെയ്ത് വ്യക്തികളുടെയും സംഘങ്ങളുടെയും തീരുമാനങ്ങളെ അവർക്കെതിരായിപ്പോലും രൂപപ്പെടുത്താനും സാധിച്ചെന്നുവരാം.

ആര് വിവരത്തെയും വാർത്തയെയും നിയന്ത്രിക്കുന്നുവോ അയാൾ സമൂഹത്തെ ഭരിക്കും എന്നത് നിലവിലുള്ള തത്ത്വമാണ്. പരിഷ്കൃത എ.ഐ അവതാരങ്ങൾ വർധിതശേഷിയുമായി വരുമ്പോൾ വ്യക്തികളുടെ ജൈവികവും വൈകാരികവും ബൗദ്ധികവുമായ താൽപര്യങ്ങളെ വളച്ചെടുക്കാൻ അവക്ക് കഴിയും. വ്യക്തികളെ നിരീക്ഷിച്ച്, മുഴുസമയ നിയന്ത്രണത്തിലാക്കാനാവും. ആർക്ക് വോട്ട് ചെയ്യണം, ആരെ വിവാഹം ചെയ്യണം തുടങ്ങിയ തീരുമാനങ്ങളെ സ്വാധീനിക്കാനാവും.

ഈ ഫ്രാങ്കൻസ്റ്റൈൻ ഭൂതം മനുഷ്യരെ കീഴ്പ്പെടുത്തും മുമ്പ് അതിന്റെ സംവിധാനത്തിലും ഉപയോഗത്തിലും കൃത്യമായ മാർഗദർശക തത്ത്വങ്ങൾ ആഗോളതലത്തിൽ രൂപപ്പെടുത്തണമെന്ന നിർദേശം പല വിദഗ്ധരും മുന്നോട്ടുവെക്കുന്നു.

വാഷിങ്ടൺ പോസ്റ്റ് ഈയിടെ പ്രസിദ്ധപ്പെടുത്തിയ ഒരു ലേഖനത്തിൽ, നിർമിതബുദ്ധി എഴുതിയ ചില വാർത്തകളിലെയും ലേഖനങ്ങളിലെയും അബദ്ധങ്ങൾ പോൾ ഫർഹി വിവരിച്ചിരുന്നു. കൂട്ടുപലിശയെപ്പറ്റിയുള്ള ഒരു ലേഖനത്തിലെ കണക്ക് തെറ്റിച്ചത് ഉദാഹരണം. 10,000 ഡോളർ മൂന്നുശതമാനം പലിശക്ക് നിക്ഷേപിച്ചാൽ ആദ്യവർഷത്തിന്റെ അവസാനം എത്ര വരുമാനം കിട്ടുമെന്ന ചോദ്യത്തിന് 10,300 ഡോളർ വരുമാനം എന്നാണ് എ.ഐ കണക്കുകൂട്ടി പറഞ്ഞത്. വാസ്തവത്തിൽ 10,300 മൊത്തം സമ്പാദ്യമാണ്; വരുമാനം 300 ഡോളർ മാത്രവും. സി നെറ്റ് എന്ന ധനകാര്യ സൈറ്റ് എ.​ഐയെക്കൊണ്ട് തയാറാക്കിച്ച ലേഖനങ്ങളിൽ ഇതടക്കം അനേകം തെറ്റുകൾ വന്നതും ഒടുവിൽ സി നെറ്റ് കുറ്റമേറ്റതും യു.എസ് ധനകാര്യ വൃത്തങ്ങളിൽ വലിയ വാർത്തയായിരുന്നു.

എ.ഐക്ക് ചെയ്യാവുന്ന അട്ടിമറി പക്ഷേ, ഇതായിരിക്കില്ല. മുന്നൂറിന് പകരം 10,300 എന്ന് പറയുക മാത്രമല്ല, അതാണ് ശരി എന്ന് മനുഷ്യനെ വിശ്വസിപ്പിക്കുകകൂടി ചെയ്യില്ലേ അത് എന്നതാണ് ആശങ്ക.

പകലിനെ രാത്രി എന്ന് വിളിക്കുന്നതൊഴിച്ച് ഭരണകർത്താക്കളു​ടെ സകല വ്യാജങ്ങളും ശരിയെന്ന് പറയുന്ന പ്രജകൾക്ക് അത് പുത്തനനുഭവമായിരിക്കില്ല. പക്ഷേ, ലോകസമൂഹത്തിൽ വ്യാജം പരമാധികാരത്തിലേക്ക് എത്തിപ്പെട്ടാൽ അതിന്റെ ദുരന്തം ചെറുതാവില്ല. എല്ലാ പകലും രാത്രിയായിപ്പോകും.

കെ.കെ. ഷാഹിന

കമ്മിറ്റി ടു ​െപ്രാട്ടക്ട് ജേണലിസ്റ്റ്സിന്റെ (സി.പി.ജെ) പുരസ്കാരമായ ഇന്റർനാഷനൽ പ്രസ് ഫ്രീഡം അവാർഡ് ഇന്ത്യയിൽനിന്ന് കെ.കെ. ഷാഹിന അടക്കം നാലുപേർ നേടി. കടുത്ത അപകടങ്ങളും ഭീഷണികളും നേരിട്ട് സ്വതന്ത്ര മാധ്യമപ്രവർത്തനം നടത്തുന്നവർക്കാണ് ഈ പുരസ്കാരം.

കെ.കെ ഷാഹിന

ടോഗോ, മെക്സികോ, ജോർജിയ എന്നീ രാജ്യങ്ങളിലെ ജേണലിസ്റ്റുകൾക്കൊപ്പമാണ് മലയാളിയായ ഷാഹിന പുരസ്കാരം നേടുന്നത്. അബ്ദുന്നാസിർ മഅ്ദനിയെ കള്ളക്കേസിൽപെടുത്താൻ കർണാടക പൊലീസ് നടത്തിയ കളികൾ 2010 തെഹൽക മാഗസിൻ വഴി വെളിപ്പെടുത്തിയത് ഷാഹിനയാണ്. അതിന്റെ പേരിൽ അവർ യു.എ.പി.എ പ്രകാരം കേസ് നേരിടുന്നുണ്ട്.

Show More expand_more
News Summary - madhyamam weekly media scan