ഒരു കേരള കെട്ടുകഥ
s‘ദ കേരള സ്റ്റോറി’ ലക്ഷണമൊത്ത പ്രോപഗണ്ട ഫിലിമാണ് എന്ന് ഒരുകൂട്ടർ. പലരും മൂടിവെച്ച സത്യങ്ങളുടെ തുറന്നുപറച്ചിലെന്ന് അതിന്റെ പ്രവർത്തകർ.
വൈകാരികവാദങ്ങൾ മാറ്റിവെച്ച്, വസ്തുതകൾ മാത്രം വെച്ചുനോക്കിയാൽ എന്താണ് അതിലുള്ളത്? ഫാക്ട് ചെക്കിങ് സൈറ്റായ ആൾട്ട് ന്യൂസിൽ ഷിഞ്ജിനി മജുംദാറും അർച്ചിതും അതൊന്ന് പരിശോധിച്ചു. യഥാർഥ സംഭവങ്ങളെ ആധാരമാക്കിയുള്ള കഥ എന്നാണ് സിനിമയുടെ ടീസർ ഇറങ്ങിയതു മുതൽ ഒരുവിഭാഗം അവകാശപ്പെടുന്നത്. കഴിഞ്ഞ നവംബറിൽ ടീസർ പുറത്തുവന്നപ്പോൾതന്നെ വസ്തുതാ പരിശോധനക്ക് അതിൽ ധാരാളം വകയുണ്ടായിരുന്നു.
ബുർഖയിട്ട ഒരു യുവതി. ശാലിനി ഉണ്ണികൃഷ്ണൻ എന്ന് പേരുള്ള ഹിന്ദുവായിരുന്നു; നഴ്സ് ആകാനാണ് ആഗ്രഹിച്ചത്. പക്ഷേ, മുസ്ലിമായി ഫാത്തിമ ബാ എന്ന പേര് സ്വീകരിച്ചു. ‘ഐസിസ്’ എന്ന സംഘടനയിൽ പ്രവർത്തിക്കുന്നു; ഇപ്പോൾ അഫ്ഗാൻ ജയിലിലാണ്. തന്നെപ്പോലെ 32,000 സ്ത്രീകളെ ഇസ്ലാമിലേക്ക് മതംമാറ്റി സിറിയയിലേക്കും യമനിലേക്കും അയച്ചു. ഫാത്തിമ ബാ പറയുന്നു: ‘‘കേരളത്തിലൊരു ആപത്കരമായ കളി നടക്കുന്നു, എല്ലാവരുടെയും കൺമുന്നിൽ. പെൺകുട്ടികളെ മതംമാറ്റി ഭീകരരാക്കുന്നു.’’
സിനിമയുടെ സംവിധായകനായ സുദീപ്തോ സെൻ 32,000 പെൺകുട്ടികളുടെ കഥ പറയുന്നത്, അത് നടന്നതാണ് എന്ന പ്രസ്താവനയോടെയാണ്. 2022 മാർച്ചിൽ അദ്ദേഹം എ.
എൻ.ഐ വാർത്ത ഏജൻസിയോട് അവകാശപ്പെട്ടത് ഇങ്ങനെയാണ്: ‘‘അടുത്തകാലത്ത് നടന്ന ഒരു അന്വേഷണത്തിൽ കണ്ടത്, 2009 മുതൽ 32,000ത്തോളം പെൺകുട്ടികൾ കേരളത്തിൽനിന്നും മംഗലാപുരത്തുനിന്നുമായി ഹിന്ദു, ക്രിസ്ത്യൻ സമുദായങ്ങൾ വിട്ട് ഇസ്ലാമിേലക്ക് മതംമാറി എന്നും, അവരിൽ മിക്കവരും സിറിയ, അഫ്ഗാനിസ്താൻപോലുള്ള ഐസിസ്, ഹഖ്ഖാനി സ്വാധീന പ്രദേശങ്ങളിൽ എത്തിപ്പെട്ടു എന്നുമാണ്. ഈ വസ്തുതകൾ അംഗീകരിച്ചിട്ടും സർക്കാർ ഈ അന്താരാഷ്ട്ര ഗൂഢാലോചനകൾക്കെതിരെ ഒരു നടപടിയും ആലോചിക്കുന്നില്ല.’’
അന്വേഷണത്തിൽ കണ്ടതാണെന്ന്. ഏത് അന്വേഷണം? സർക്കാർ അംഗീകരിച്ച സത്യമാണെന്ന്. രേഖകൾ?
തെളിവോ രേഖയോ നോക്കാതെതന്നെ, സമൂഹത്തിൽ ആപത്കരമായ ധ്രുവീകരണം ഉണ്ടാക്കാൻ കെൽപുള്ള ഈ ‘‘വിവരം’’ മാധ്യമങ്ങൾ ഏറ്റെടുത്തു. ‘‘ലവ് ജിഹാദും’’ ‘‘32,000 പേരുടെ മതപരിവർത്തന’’വും വസ്തുതാപരമായ തോന്നലുണ്ടാക്കുന്നതിൽ സിനിമയേക്കാൾ പങ്കുവഹിച്ചത് ഈ മാധ്യമങ്ങളുടെ നിരുത്തരവാദപരമായ റിപ്പോർട്ടിങ് രീതിയാവണം.
സീ ന്യൂസ് ടി.വിക്ക് അത് വലിയ വാർത്തയായി. ‘ദ കേരള സ്റ്റോറി’യുടെ ടീസർ ഇറങ്ങിയപ്പോൾ ആ ചാനൽ തലക്കെട്ടിൽ കുറിച്ചു: ‘‘ആദാ ശർമ നായികയായുള്ള സിനിമ പറയുന്നത്, ദൈവത്തിന്റെ സ്വന്തംനാട്ടിൽ നടന്ന പെൺ കടത്തിന്റെ ഞെട്ടിക്കുന്ന കഥ.’’ ഓപ് എഡ് തലക്കെട്ട്: ‘‘ ‘നഴ്സ് ആകാനാഗ്രഹിച്ച ഞാനിപ്പോൾ ടെററിസ്റ്റാണ്’ –കേരളത്തിൽനിന്നുള്ള 32,000 സ്ത്രീകൾ ഐസിസിൽ ചേർന്ന കഥ.’’
ടൈംസ് ഓഫ് ഇന്ത്യ: ‘‘സ്ത്രീകളെ നിർബന്ധിച്ച് മതപരിവർത്തനം നടത്തിയ ഹൃദയഭേദകമായ കഥ...’’ ഔട്ട്ലുക്കിന്റെ ഓൺലൈൻ പതിപ്പിലും അതേ തലക്കെട്ട്.
മറ്റനേകം മാധ്യമങ്ങളിൽ വന്ന സിനിമാ ടീസറിന്റെ വാർത്തയിലും 32,000 പെൺകുട്ടികളെ മതംമാറ്റി ഐസിസിൽ ചേർത്തു എന്ന സ്തോഭജനകമായ കഥ വെറും സിനിമാ കഥയായിട്ടല്ല, നടന്ന സംഭവമെന്ന മട്ടിലാണ് പരിചയപ്പെടുത്തിയത്.
ഈയിടെ അന്തരിച്ച താരിഖ് ഫതഹ് അടക്കമുള്ള കുറെ ജേണലിസ്റ്റുകളും അതിന് വിശ്വാസ്യത പകരുന്ന തരത്തിൽ സമൂഹമാധ്യമ പ്രചാരണം നൽകി.
ഇവരെല്ലാം കഥക്കു പിന്നിലെ സത്യമെന്തെന്ന് അന്വേഷിച്ചിരുന്നെങ്കിൽ കണ്ടെത്തുമായിരുന്ന ചിലതുണ്ട്. ആൾട്ട് ന്യൂസിൽ ഷിഞ്ജിനി മജുംദാറും അർച്ചിതും എഴുതുന്നു:
ഈ 32,000 എന്ന കണക്ക് തനിക്ക് എങ്ങനെ കിട്ടിയെന്ന് സുദീപ്തോ സെൻ തന്റെ യൂ ട്യൂബ് ചാനലിൽ വിവരിച്ചിട്ടുണ്ട്. 2012ൽ അന്നത്തെ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടി കേരള നിയമസഭയിൽ വെച്ച ഒരു റിപ്പോർട്ടിൽ, ഓരോ വർഷവും ഏകദേശം 2800-3200 പെൺകുട്ടികൾ വീതം ഇസ്ലാം സ്വീകരിക്കുന്നുണ്ടെന്ന് പറഞ്ഞു. ഒരുവർഷം 3200 എന്നത് പത്തുവർഷത്തേക്ക് കണക്കാക്കിയാൽ 32,000 -ഇതാണ് സുദീപ്തോയുടെ ലളിതമായ അങ്കഗണിതം.
ആൾട്ട് ന്യൂസ് ലേഖകൻ സുദീപ്തോ സെന്നിനെ നേരിട്ട് വിളിച്ചു. അദ്ദേഹം പറഞ്ഞു: മുഖ്യമന്ത്രി ഉമ്മൻ ചാണ്ടി അസംബ്ലിയിൽ വെച്ച റിപ്പോർട്ടിനെപ്പറ്റി ഞാൻ ടൈംസ് ഓഫ് ഇന്ത്യയിൽ വായിച്ചതാണ്.
എന്നാൽ, ആൾട്ട് ന്യൂസുകാർ എത്ര പരതിയിട്ടും 32,000 കേരള സ്ത്രീകൾ ‘ഐസിസി’ൽ ചേർന്നു എന്നൊരു വാർത്ത കണ്ടെത്താനായില്ല. ഇത്ര വലിയ ഒരു സംഖ്യ വാർത്തയാകാതെ പോകില്ലല്ലോ.
അതായത്, 32,000 എന്ന കണക്ക് സുദീപ്തോ തന്നെ 3200 എന്ന ഒരു വർഷത്തെ കണക്ക് പത്തുകൊണ്ട് ഗുണിച്ചുണ്ടാക്കിയതാണ്. എന്നാൽ, ഇപ്പറഞ്ഞ 3200 എന്ന കണക്കോ? ഉമ്മൻ ചാണ്ടിയുടെ റിപ്പോർട്ടിലുണ്ടെന്ന് പറയുന്ന കണക്ക്?
2012ൽ ഇന്ത്യ ടുഡേയിലും ന്യൂ ഇന്ത്യൻ എക്സ്പ്രസിലും വന്ന ഒരേതരം റിപ്പോർട്ട് ഇങ്ങനെ: സംസ്ഥാനത്ത് 2006 മുതൽ 2667 യുവതികൾ ഇസ്ലാമിലേക്ക് മതംമാറിയിട്ടുണ്ട് എന്ന് മുഖ്യമന്ത്രി ഉമ്മൻ ചാണ്ടി നിയമസഭയെ അറിയിച്ചു. അതായത് 2006 മുതൽ 2012 ജൂൺ വരെ ഇസ്ലാം സ്വീകരിച്ച യുവതികൾ 2667.
-നിർബന്ധിത മതപരിവർത്തനം എന്ന് മുഖ്യമന്ത്രി പറഞ്ഞതല്ല.
-ഐസിസിൽ ചേർന്നു എന്ന് അദ്ദേഹം പറഞ്ഞില്ല.
-ഒരുവർഷം ഇത്രപേർ എന്ന കണക്ക് അദ്ദേഹം പറഞ്ഞില്ല.
-നിർബന്ധിത മതപരിവർത്തനത്തിന് തെളിവില്ല എന്ന് മുഖ്യമന്ത്രി പറഞ്ഞു.
-ലവ് ജിഹാദിനെപ്പറ്റിയുള്ള ആശങ്കകൾ അടിസ്ഥാനമില്ലാത്തതാണെന്നും അദ്ദേഹം പറഞ്ഞു.
ഇത്രയും കണ്ടപ്പോൾ ആൾട്ട് ന്യൂസ് ലേഖകൻ വീണ്ടും സുദീപ്തോ സെന്നുമായി ബന്ധപ്പെട്ടു. ഇന്ത്യ ടുഡേയിലും ന്യൂ ഇന്ത്യൻ എക്സ്പ്രസിലും കണ്ട വാർത്തയിലുള്ളത് ഇങ്ങനെയൊക്കെയാണ്. താങ്കളുടെ കൈയിലുണ്ടെന്ന് പറയുന്ന ടൈംസ് ഓഫ് ഇന്ത്യ റിപ്പോർട്ട് ഒന്ന് അയച്ചുതരാമോ?
സെന്നിന്റെ മറുപടി: സിനിമ ഇറങ്ങിയശേഷം എന്റെ കൈവശമുള്ള വിവരം കൈമാറാം.
അങ്ങനെയൊരു റിപ്പോർട്ട് കൈവശമുണ്ടെങ്കിൽ അദ്ദേഹം കൈമാറുമായിരുന്നില്ലേ? അപ്പോൾ സുദീപ്തോ സെൻ ചെയ്തത്, ഇല്ലാത്തതും കേട്ടറിവുള്ളതുമായ ഒരു വാർത്തയിൽ ഉണ്ടെന്ന് കേട്ട ഒരു അസംബ്ലി റിപ്പോർട്ടിൽ ഉള്ളതായി അദ്ദേഹത്തിന് തോന്നിയ ഒരു കണക്കിനെ പത്തുകൊണ്ട് പെരുക്കി, അതിനോട് പാകത്തിന് നിർബന്ധിത പരിവർത്തനവും ധാരാളം ലവ് ജിഹാദും രുചിക്ക് ഐസിസും ചേർത്ത് മസാല ഉണ്ടാക്കി യഥാർഥമെന്ന് പേരൊട്ടിച്ച് വിളമ്പുകയായിരുന്നോ?
ഈ പാചകക്കുറിപ്പ് അദ്ദേഹം മുമ്പേ പരീക്ഷിച്ചുനോക്കിയിരുന്നു. 2018ൽ ഒരു ഡോക്യുമെന്ററി അദ്ദേഹം നിർമിച്ചു – പേര് ‘ഇൻ ദ നെയിം ഓഫ് ലവ്’. അതിന്റെ ഉള്ളടക്കം ഇങ്ങനെ: ‘‘ഈയിടത്തെ ഒരു റിപ്പോർട്ടനുസരിച്ച് 2009 മുതൽ 17,000ത്തിലധികം കേരള യുവതികളും 15,000ത്തിലധികം മംഗലാപുരത്തെ യുവതികളും ഹിന്ദു, ക്രിസ്ത്യൻ സമുദായങ്ങളിൽനിന്ന് ഇസ്ലാമിലേക്ക് മതപരിവർത്തനം ചെയ്യപ്പെട്ടു.’’ തുടർന്ന്, അവരിൽ മിക്കപേരും (എ.എൻ.ഐയോട് സുദീപ്തോ സെൻ പറഞ്ഞ മട്ടിൽതന്നെ) സിറിയ, അഫ്ഗാനിസ്താൻ, ഐസിസ്, താലിബാൻ മേഖലകളിലേക്ക് അയക്കപ്പെട്ടു എന്നും.
ഇവിടെ പറഞ്ഞ ‘‘ഈയിടത്തെ’’ ആ റിപ്പോർട്ട് ഏതാണ്? ആൾട്ട് ന്യൂസ് ലേഖകൻ സുദീപ്തോയോട് തന്നെ ചോദിച്ചു. മറുപടി ഇല്ല. ഏതായാലും കണക്ക് 32,000 തന്നെ (17,000 + 15,000).
സുദീപ്തോയുടെ വാക്കുകൾക്ക് സ്ഥിരതയില്ലെന്ന് തെളിയിക്കുന്നുണ്ട്. ഒരു ഉദാഹരണം. ദ പ്രിന്റിന് നൽകിയ അഭിമുഖത്തിൽ അദ്ദേഹം പറഞ്ഞു: ഞാൻ ഒരു കമ്യൂണിസ്റ്റ് കുടുംബത്തിൽനിന്നാണ് വരുന്നത്. ‘ലവ് ജിഹാദി’ൽ ഞാൻ വിശ്വസിക്കുന്നില്ല. എന്നാൽ, ‘ഇൻ ദ നെയിം ഓഫ് ലവ്’ എന്ന ഡോക്യുമെന്ററിയുടെ തലക്കെട്ട് പോലെ, അതിൽ സുദീപ്തോ സെൻ തന്നെ പറയുന്ന വാചകവും ഇപ്പറഞ്ഞത് നുണയാണെന്ന് കാണിക്കുന്നു. ‘‘ഞാൻ ഒരു ഫീച്ചർ ഫിലിം നിർമിക്കുന്നുണ്ട്... ലവ് ജിഹാദിനെപ്പറ്റി... പെൺകുട്ടികൾ മതം മാറ്റപ്പെടുന്നതിനെപ്പറ്റി...’’ എന്നാണ് (‘ദ കേരള സ്റ്റോറി’യെക്കുറിച്ച്) അദ്ദേഹം മുൻകൂട്ടി പറഞ്ഞുവെച്ചത്.
ആൾട്ട് ന്യൂസ് ഉദ്ധരിച്ച ഏതാനും പത്രവാർത്തകളിലെ കണക്കുകൂടി കാണുക:
2020ലെ ഒരു യു.എസ് ഔദ്യോഗിക റിപ്പോർട്ടനുസരിച്ച് 2020 നവംബർ വരെ ഇന്ത്യയിൽനിന്ന് മൊത്തം ഐസിസിൽ ചേർന്നതായി അറിവുള്ളത് 66 പേരാണ് (ഹിന്ദുസ്താൻ ടൈംസ്, ഇന്ത്യൻ എക്സ് പ്രസ്).
2021 ജൂണിലെ ഒരു റിപ്പോർട്ട്: ഭർത്താക്കന്മാരോടൊപ്പം ഐസിസിൽ ചേരാൻ പോയ നാല് ഇന്ത്യക്കാരികളാണ് അഫ്ഗാൻ ജയിലിലുള്ളത് (ദ ഹിന്ദു).
2016-2018 കാലത്ത് നാലു ഇന്ത്യൻ സ്ത്രീകൾ അഫ്ഗാനിസ്താനിലേക്ക് പോയി: ഇവർ സോണിയ സെബാസ്റ്റ്യൻ എന്ന ആയിഷ, റഫേല, മെറിൻ ജേക്കബ് എന്ന മറിയം, നിമിഷ ഫാത്തിമ എന്നിവരാണെന്ന് വിശ്വസിക്കപ്പെടുന്നു (ദ വീക്).
‘ഐസിസി’നെപ്പറ്റി വിശദമായി പഠിച്ച് തയാറാക്കിയ കണക്കുകൾ കൂടി ആൾട്ട് ന്യൂസ് ഉദ്ധരിക്കുന്നുണ്ട്. 2017ലെ ഒരു റിപ്പോർട്ടനുസരിച്ച് ഐസിസിൽ ചേരാൻ 110 മറ്റു ലോകരാജ്യങ്ങളിൽനിന്ന് എത്തിയത് മൊത്തം 40,000 പേരാണ്. അവരിൽ കൂടുതലും യൂറോപ്പിൽനിന്നും റഷ്യയിൽനിന്നും സൗദി അറേബ്യയിൽനിന്നുമുള്ളവരും. ഇന്ത്യ സർക്കാറിന്റെ കണക്കുപ്രകാരം ‘ഐസിസി’ൽ ചേർന്ന ഇന്ത്യക്കാർ 100 മുതൽ 200 വരെയാണ് – അതിന്റെ കാൽഭാഗത്തോളമേ കേരളീയർ വരൂ.
കേരളത്തെപ്പറ്റിയുള്ള ഒരു കെട്ടുകഥ വലിയ വാർത്തയാക്കപ്പെട്ടതിലും അതിനെ ചുറ്റിപ്പറ്റി ബഹളം സൃഷ്ടിക്കപ്പെടുന്നതിലും കലയോ മനുഷ്യത്വമോ അല്ല, രണ്ടുമില്ലാത്ത അധികാര രാഷ്ട്രീയത്തിന്റെ അധോലോക സൂത്രങ്ങളാണുള്ളത്.