Begin typing your search above and press return to search.
proflie-avatar
Login

മാധ്യമ സ്വാതന്ത്ര്യം ഇത്രത്തോളം ഇടിഞ്ഞിട്ടില്ല

മാധ്യമ സ്വാതന്ത്ര്യം ഇത്രത്തോളം ഇടിഞ്ഞിട്ടില്ല
cancel

സ്വാതന്ത്ര്യ സൂചിക മാത്രമല്ല, മാധ്യമ സ്വാതന്ത്ര്യദിനംതന്നെയും ആചരിക്കാതെപോയി. എന്തുകൊണ്ടാണ്, മറ്റു പ്രത്യേക ദിനങ്ങളെപ്പോലെ ഓർത്തുവെച്ച് ആചരിക്കേണ്ടതാണെന്ന് മാധ്യമ സ്വാതന്ത്ര്യദിനത്തെപ്പറ്റിമാത്രം തോന്നാതിരുന്നത്?കലണ്ടറിലെ ഒട്ടെല്ലാ പ്രത്യേക ദിനങ്ങളും ആചരിക്കാറുണ്ട് മലയാള പത്രങ്ങൾ. ആചരിക്കാനുള്ള ദിവസങ്ങളുടെ പട്ടിക നോക്കി ഡെസ്കുകൾ ഓരോ ദിനത്തിനും വേണ്ടി മുൻകൂട്ടി തയാറാകും. സ്വന്തമായി കുറിപ്പുകളും പടങ്ങളും ഒരുക്കിവെക്കും. ദിവസമെത്തിയാൽ പത്രത്തിൽ ഇതെല്ലാം പ്രാധാന്യപൂർവം അവതരിപ്പിച്ച് ആചരണം കേമമാക്കും. വാർത്ത 'മിസ്' ചെയ്താലും ദിനാചരണങ്ങൾ മറക്കാറില്ല. പക്ഷേ, സ്വന്തം കാര്യം വന്നപ്പോൾ...

Your Subscription Supports Independent Journalism

View Plans
സ്വാതന്ത്ര്യ സൂചിക മാത്രമല്ല, മാധ്യമ സ്വാതന്ത്ര്യദിനംതന്നെയും ആചരിക്കാതെപോയി. എന്തുകൊണ്ടാണ്, മറ്റു പ്രത്യേക ദിനങ്ങളെപ്പോലെ ഓർത്തുവെച്ച് ആചരിക്കേണ്ടതാണെന്ന് മാധ്യമ സ്വാതന്ത്ര്യദിനത്തെപ്പറ്റിമാത്രം തോന്നാതിരുന്നത്?

ലണ്ടറിലെ ഒട്ടെല്ലാ പ്രത്യേക ദിനങ്ങളും ആചരിക്കാറുണ്ട് മലയാള പത്രങ്ങൾ. ആചരിക്കാനുള്ള ദിവസങ്ങളുടെ പട്ടിക നോക്കി ഡെസ്കുകൾ ഓരോ ദിനത്തിനും വേണ്ടി മുൻകൂട്ടി തയാറാകും. സ്വന്തമായി കുറിപ്പുകളും പടങ്ങളും ഒരുക്കിവെക്കും. ദിവസമെത്തിയാൽ പത്രത്തിൽ ഇതെല്ലാം പ്രാധാന്യപൂർവം അവതരിപ്പിച്ച് ആചരണം കേമമാക്കും. വാർത്ത 'മിസ്' ചെയ്താലും ദിനാചരണങ്ങൾ മറക്കാറില്ല.

പക്ഷേ, സ്വന്തം കാര്യം വന്നപ്പോൾ അവ ദിനാചരണവും പ്രധാന വാർത്തയും ശരിക്കുമങ്ങ് മറന്നുപോയി.

മേയ് 3 മാധ്യമസ്വാതന്ത്ര്യ ദിനമാണെന്ന് അവരോർത്തത് ആ ദിവസം കഴിഞ്ഞാണ്. അന്ന് റിപ്പോർട്ടേഴ്സ് വിതൗട്ട് ബോർഡേഴ്സ് (ആർ.എസ്.എഫ്) പുറത്തുവിട്ട ലോക മാധ്യമ സ്വാതന്ത്ര്യ സൂചിക (Press Freedom Index) ഒരു വാർത്തയാണെന്ന് അവർ തിരിച്ചറിയുന്നതാകട്ടെ ഒന്നും രണ്ടും മൂന്നും ദിവസം കഴിഞ്ഞും.

1991 മേയ് 3ന് ആഫ്രിക്കൻ മാധ്യമപ്രവർത്തകർ വിൻഡ്ഹോകിൽ യോഗം ചേർന്ന് അംഗീകരിച്ച മാധ്യമസ്വാതന്ത്ര്യ തത്ത്വങ്ങളെ (വിൻഡ് ഹോക് പ്രഖ്യാപനം) പിന്തുടർന്നാണ് ആ ദിവസം മാധ്യമസ്വാതന്ത്ര്യ ദിനമായി യു.എൻ പൊതുസഭ നിശ്ചയിച്ചത്. ഓരോ വർഷവും ഓരോ പ്രമേയത്തിലാണ് ദിനാചരണം നടക്കുക. ഇക്കൊല്ലം അത് 'ഡിജിറ്റൽ ഉപരോധത്തിൽപ്പെട്ടുപോയ ജേണലിസം' എന്നതായിരുന്നു. ഈ പ്രമേയത്തിന്മേൽ ഉറുഗ്വായിയിൽ യുനെസ്കോ ത്രിദിന സെമിനാർ സംഘടിപ്പിച്ചു.

ഇതിനുപുറമെ, മാധ്യമപ്രവർത്തനത്തിനിടെ കൊല്ലപ്പെട്ട കൊളംബിയൻ പത്രപ്രവർത്തകന്റെ പേരിലുള്ള ഗിയർമോ കാനോ ഇസാസ പുരസ്കാരം യുനെസ്കോ പ്രഖ്യാപിക്കുന്നതും ഈ ദിനത്തിലാണ്. ഇക്കൊല്ലത്തെ പുരസ്കാരം വ്യക്തിക്കല്ല, ബെലറൂസ് ജേണലിസ്റ്റുകളുടെ സംഘടന (ബി.എ.ജി)ക്കാണ് ലഭിച്ചത്.

ഇതൊന്നും വാർത്തയല്ലെങ്കിൽ, ആർ.എസ്.എഫിന്റെ മാധ്യമസ്വാതന്ത്ര്യ സൂചിക തീർച്ചയായും വാർത്തയാകേണ്ടതായിരുന്നു. കാരണം, ലോകത്തെ 180 രാജ്യങ്ങളിലെ മാധ്യമസ്വാതന്ത്ര്യം കൃത്യമായ അഞ്ച് മാനദണ്ഡങ്ങൾ വെച്ച് അളന്ന് നോക്കിയതിൽ ഇന്ത്യ ദയനീയമായ 150ാം സ്ഥാനത്ത് നിൽക്കുന്നു എന്ന് റിപ്പോർട്ടിലുണ്ട്. കഴിഞ്ഞവർഷം 142ാം സ്ഥാനത്തായിരുന്നു; എട്ടു സ്ഥാനം താഴോട്ടാണ് ഇക്കൊല്ലത്തെ വീഴ്ച.

സ്വാതന്ത്ര്യം ഇത്രയൊക്കെ ഇടിഞ്ഞെങ്കിലും ആ വാർത്ത പ്രസിദ്ധപ്പെടുത്താനുള്ള സ്വാതന്ത്ര്യം ഇന്ത്യയിൽ ഇല്ലാതായിട്ടില്ല. എന്നിട്ടും മിക്ക മലയാള പത്രങ്ങളും അത് പ്രസിദ്ധപ്പെടുത്തിക്കണ്ടില്ല.

മലയാള പത്രങ്ങളുടെ കൂട്ടത്തിൽ ദേശാഭിമാനിയും ജനയുഗവുമാണ് മേയ് 3ന് പുറത്തുവിട്ട സൂചിക പിറ്റേന്ന് വാർത്തയാക്കിയത്. മാതൃഭൂമി, മലയാള മനോരമ എന്നിവ 5നാണ് വാർത്ത കൊടുത്തത്- മനോരമ ഉൾപ്പേജിൽ ഒറ്റക്കോളത്തിൽ പരമാവധി ഒതുക്കിക്കൊണ്ട്. 6നാണ് മാധ്യമം വാർത്ത റിപ്പോർട്ട് ചെയ്യുന്നത്. മാധ്യമസ്വാതന്ത്ര്യ സൂചികയുടെ വിവരമേ വായനക്കാർക്കു നൽകാത്ത മലയാള പത്രങ്ങളുമുണ്ട്.

മേയ് 4നു തന്നെ വാർത്ത റിപ്പോർട്ട് ചെയ്തു ഇംഗ്ലീഷ് പത്രങ്ങൾ- ടെലിഗ്രാഫ് ഒഴിച്ചുള്ളവ അപ്രധാനമായാണ് അത് കൊടുത്തതെങ്കിലും.

എന്തുകൊണ്ടാണ് ഭൂരിപക്ഷം മലയാള പത്രങ്ങൾക്കും ഈ വാർത്ത ഉൾപ്പെടുത്താൻ കഴിയാതെപോയത്? മാധ്യമസ്വാതന്ത്ര്യ സൂചികയുടെ വാർത്ത മേയ് 3ന് വൈകുന്നേരത്തോടെ ലോകമെങ്ങും അറിഞ്ഞുകഴിഞ്ഞിരുന്നു. ആർ.എസ്.എഫിന്റെ വെബ്സൈറ്റിൽ സമഗ്രമായും ആധികാരികമായും അത് പ്രസിദ്ധപ്പെടുത്തിയിരുന്നു. എന്നിട്ടും പത്രങ്ങൾ വാർത്താ ഏജൻസികളെ കാത്തുനിന്നതാകുമോ കാരണം? അങ്ങനെയെങ്കിൽപ്പോലും രണ്ടു പത്രങ്ങൾക്ക് കിട്ടിയ വാർത്ത മറ്റുള്ളവർക്ക് കിട്ടാതെപോയതെന്ത്?

സ്വാതന്ത്ര്യസൂചിക മാത്രമല്ല, മാധ്യമസ്വാതന്ത്ര്യദിനം തന്നെയും ആചരിക്കാതെപോയി. എന്തുകൊണ്ടാണ്, മറ്റു പ്രത്യേക ദിനങ്ങളെപ്പോലെ ഓർത്തുവെച്ച് ആചരിക്കേണ്ടതാണെന്ന് മാധ്യമസ്വാതന്ത്ര്യദിനത്തെപ്പറ്റി മാത്രം തോന്നാതിരുന്നത്? നേരത്തേ സൂചിപ്പിച്ചപോലെ, മുമ്പേ അറിയാവുന്ന ഇത്തരം ദിനങ്ങൾക്കായി പത്രങ്ങൾ കാലേക്കൂട്ടി ഒരുങ്ങാറുണ്ട്. പ്രത്യേക റിപ്പോർട്ടുകളും ലേഖനങ്ങളും ചിലപ്പോൾ എഡിറ്റോറിയലും ഉണ്ടാകും. മുൻപേജിൽ മാസ്റ്റ്ഹെഡ് അലങ്കരിച്ചും സവിശേഷ ഫോട്ടോകൾ ചേർത്തും ദിനാചരണം കേമമാക്കും. മാധ്യമസ്വാതന്ത്ര്യദിനത്തിന് രണ്ടുനാൾ മുമ്പത്തെ മേയ്ദിനത്തിനും അഞ്ചുനാൾ ശേഷം വന്ന മാതൃദിനത്തിനും പത്രങ്ങൾ നെറ്റിപ്പട്ടം അലങ്കരിച്ചു; എക്സ് ക്ലൂസിവ് പടങ്ങളും കുറിപ്പുകളും ചേർത്തു. വേറെ താരതമ്യേന നിസ്സാരമായ ദിനങ്ങൾ വരെ ഗംഭീരമായി ആചരിക്കുന്ന പത്രങ്ങൾക്ക് മാധ്യമസ്വാതന്ത്ര്യദിനം ഓർമവന്നില്ല എന്നതുതന്നെ ഒരു സൂചനയല്ലേ?

ദിനാചരണവും അന്നത്തെ സ്വാതന്ത്ര്യസൂചിക റിപ്പോർട്ടും ശ്രദ്ധിക്കാതിരിക്കുകവഴി മാധ്യമങ്ങൾ സ്വന്തം പ്രസക്തിയെയാണ് ചോദ്യംചെയ്തത്.

ഭാഷയിലെ അപരവത്കരണം

സ്വസമൂഹത്തിലെ ഒരു മതവിഭാഗത്തിന്റെ ദിനാചരണവും മാസാചരണവും പതിവായി തെറ്റിച്ചെഴുതുന്ന രീതി ആ വിഭാഗത്തോടുള്ള അവഗണനയുടെ ലക്ഷണമാണെന്നു പറയുന്നതാവും ന്യായം.

'റമസാൻ' ഒരു ഉദാഹരണം. മുസ്‍ലിംകൾ വ്രതമനുഷ്ഠിക്കുന്ന ഈ മാസം (റംസാൻ/റമദാൻ/റമസാൻ) കേരള സമൂഹത്തിന് പരിചിതമാണ്. ഈ വ്രതമാസം കഴിഞ്ഞാണ് 'ശവ്വാൽ' മാസം. ശവ്വാലിന്റെ ആദ്യദിവസമാണ് പെരുന്നാൾ.

പക്ഷേ, പെരുന്നാൾ ദിനത്തെ (റമദാൻ കഴിഞ്ഞു മാത്രം വരുന്ന ശവ്വാൽ ഒന്നിനെ) ഇന്നും സർക്കാർ 'റംസാൻ' എന്നാണ് വിളിക്കുന്നത്. പെരുന്നാൾ അവധിക്ക് റംസാൻ അവധി എന്ന പേര് ബ്രിട്ടീഷ് കാലത്ത് തുടങ്ങിയതാണെന്ന് തോന്നുന്നു. ഇന്നും ആ തെറ്റ് തുടരുന്നു; ഇന്നും ആ തെറ്റ് മാധ്യമങ്ങൾ അതേപടി ആവർത്തിക്കുന്നു.

മേയ് 6ലെ മനോരമ റിപ്പോർട്ട് (''അജൻഡ നോട്ടുകൾ തയാറായില്ല...'' എന്ന ഒന്നാം പേജ് വാർത്ത) ഇങ്ങനെ:

''...ബുധനാഴ്ച ചേരേണ്ടിയിരുന്ന മന്ത്രിസഭാ യോഗം, റമസാൻ പ്രമാണിച്ചുതിങ്കളും ചൊവ്വയും അവധിയായിരുന്നതിനാൽ വ്യാഴാഴ്ചത്തേക്ക് മാറ്റാനാണ് ആദ്യം തീരുമാനിച്ചിരുന്നത്...''

'റമസാൻ' പ്രമാണിച്ചല്ല, 'ശവ്വാൽ' പ്രമാണിച്ചാണ് അവധി- കാരണം, റമദാൻ കഴിഞ്ഞാലേ പെരുന്നാൾ (ശവ്വാൽ ഒന്ന്) വരൂ.

സർക്കാർ മാത്രമല്ല ഈ അബദ്ധം വരുത്തുന്നത്. മനോരമയുടെ വനിത മാസികയായ വനിത 'റമസാൻ സ്പെഷൽ' എന്നപേരിൽ പ്രത്യേക പതിപ്പ് ഇറക്കിയത് റമദാൻ ഏതാണ്ട് തീർന്നിട്ടാണ്; എന്നുവെച്ചാൽ, അത് റമദാൻ സ്പെഷലല്ല, ശവ്വാൽ സ്പെഷലാണ് എന്നർഥം. ഇവിടെയും മുസ്‍ലിം മാസാചരണത്തെയും പെരുന്നാളിനെയും പറ്റി ഏറെക്കാലം നിലനിൽക്കുന്ന അറിവില്ലായ്മ ഭാഷയിലൂടെ ആവർത്തിച്ചിരിക്കുന്നു (മാതൃഭൂമിയുടെ റംസാൻ പതിപ്പ് കൃത്യമായിരുന്നു- ഒരുമാസം മുമ്പ്, റമദാൻ തുടങ്ങുമ്പോഴായിരുന്നു അത് പുറത്തിറങ്ങിയത്).

തെറ്റെന്ന് അറിഞ്ഞാലും ചിലത് തിരുത്തപ്പെടാതെ പോയാൽ സംഭവിക്കുക ആ തെറ്റിനെ ചിലർ ശരിയെന്ന് തെറ്റിദ്ധരിക്കുമെന്നതാണ്; അപരവത്കരണത്തിന് ആക്കംകൂട്ടുന്നതാണ് ഇത്.

തലക്കെട്ടിലെ (അ)വ്യക്തത

വാർത്തയെഴുത്ത് ലളിതമാകണം. സാധാരണക്കാരനുവരെ മനസ്സിലാകുംവിധം സരളമാക്കി അവതരിപ്പിക്കലാണ് ഡെസ്കിന്റെ മുഖ്യ ജോലി.

തലക്കെട്ടും അങ്ങനെത്തന്നെ. ഒറ്റനോട്ടത്തിൽ കാര്യം പിടികിട്ടണം. അലങ്കാരത്തലക്കെട്ടുപോലും മനസ്സിലാകുന്നതിന് തടസ്സമാകരുത്.

കഴിഞ്ഞദിവസം റിസർവ് ബാങ്ക് ''പണപ്പെരുപ്പം നിയന്ത്രിക്കാൻ റിപ്പോ, റിവേഴ്സ് റിപ്പോ നിരക്ക് കൂട്ടി''യതായി വാർത്ത വന്നു. ഇത് ശരാശരി വായനക്കാരന് മനസ്സിലാകുന്ന രീതിയിൽ തലക്കെട്ടെഴുതാൻ (മേയ് 5) പത്രങ്ങൾ ശ്രദ്ധിച്ചു. ''വായ്പാ പലിശ കൂടും'' (മംഗളം), ''പലിശ ഭാരം കൂടും'' (മാതൃഭൂമി, മനോരമ) എന്നിങ്ങനെ. ജനയുഗത്തിന്റെ തലക്കെട്ട് കൗതുകകരമായി. മുഖ്യതലക്കെട്ടും 'ഷോൾഡറും' 'ഹൈലൈറ്റു'മൊക്കെയായി ശീർഷകത്തിന് പലതരം തുടർച്ചകൾ വെച്ചിട്ടും അർഥം വ്യക്തമാക്കാൻ കഴിയാത്തപോലെ.

''മിന്നലാക്രമണം''എന്നാണ് മുഖ്യതലക്കെട്ട്. വായനക്കാരന്റെ ശ്രദ്ധ പിടിച്ചെടുക്കും; പക്ഷേ കാര്യമെന്തെന്ന് അവ്യക്തം.

മുകളിൽ ''അപ്രതീക്ഷിത ഇടപെടൽ'' എന്നത് വായിക്കുമ്പോൾ, ''മിന്നലാക്രമണം'' സമ്പദ്‍രംഗത്താണെന്ന് ഊഹിക്കാനാകും; അപ്പോഴും കാര്യം അവ്യക്തം. ''റിപ്പോ നിരക്ക് 4.4 ശതമാനം, 40 ബേസിസ് പോയന്റിന്റെ വർധന'' എന്നുകൂടി വായിക്കുന്നത് സാമ്പത്തിക ശാസ്ത്രം പഠിച്ചയാളെങ്കിൽ മനസ്സിലായേക്കും; സാധാരണക്കാരന് അപ്പോഴും മനസ്സിലാകില്ല. ''സാധാരണക്കാരെ പ്രതികൂലമായി ബാധിക്കും'' എന്ന ഉപശീർഷകം വായിക്കുന്നതോടെ അയാൾക്ക് ഇത് ശുഭവാർത്തയല്ല എന്ന് അറിവ് കിട്ടും; പക്ഷേ മറ്റ് ഉപതലക്കെട്ടുകൾ (''കാരണം പണപ്പെരുപ്പം'', ''ഓഹരി വിപണി കൂപ്പുകുത്തി'') വായിച്ചുകഴിഞ്ഞാലും കാര്യം പിടികിട്ടില്ല.

വാർത്ത വായിച്ചാൽ അത് മനസ്സിലാക്കാൻ കഴിയുമെങ്കിലും, തലക്കെട്ടു ഗണത്തിൽ ഇത്രയേറെ വാക്കുകൾ ഉപയോഗിച്ചിട്ടും സംഗതി വ്യക്തമാക്കാതിരിക്കുന്നതിൽ ഒരു സവിശേഷമായ പ്രാഗത്ഭ്യം ഉണ്ടെന്ന് സമ്മതിക്കണം.

മനോരമ തൃശൂർ പതിപ്പിലെ ഒരു തലക്കെട്ട് (മേയ് 8) എടുത്തുകാട്ടുന്നു കരീംലാല: ''പീഡനശ്രമം: ആറരലക്ഷം തടവും പിഴയും'' എന്നാണ് തലക്കെട്ട്. ''ആറരലക്ഷം തടവ്''? അതൽപം കൂടിപ്പോയി എന്നാണ് വായനക്കാരന്റെ അഭിപ്രായം: ''ഏത് കുറ്റകൃത്യത്തിനും തടവ് ശിക്ഷ ഒരു പ്രാവശ്യമേ ലഭിക്കൂ- അത് മാസങ്ങളോ വർഷങ്ങളോ ആകാമെന്നു മാത്രം. ഇവിടെ ഒരാൾക്ക് ആറര ലക്ഷമാണ് തടവ്.

News Summary - madhyamam weekly media scan