ജൂലി ബ്രൗൺ: എപ്സ്റ്റീനെ തളച്ച റിപ്പോർട്ടർ

ഒമ്പതു വർഷം മുമ്പ് കേരളത്തിലൊരു നടി ക്രൂരമായ അതിക്രമങ്ങൾക്കിരയായ സംഭവം ലോകമറിഞ്ഞത് അവളിലൂടെതന്നെയാണ്. മാധ്യമങ്ങളും വനിതാ കൂട്ടായ്മകളും ഇടപെടുന്നത് പിന്നീടാണ്. സ്ത്രീകളുടെ അന്തസ്സ് ഉയർത്തിപ്പിടിക്കാൻ സിനിമയിൽ വനിതാ കൂട്ടായ്മ രൂപപ്പെടുന്നതും അതിനെ തുടർന്നായിരുന്നു. ഡബ്ല്യു.സി.സി എന്ന ആ സംഘടനയുടെ മുന്നണിപ്പോരാളിയായ ഡോ. ആശ ആച്ചി ജോസഫ് ഇപ്പോൾ തനിക്ക് നേരിടേണ്ടിവന്ന അനുഭവം സമൂഹവുമായി പങ്കുവെക്കാൻ മുന്നോട്ടുവന്നിരിക്കുന്നു. മുൻ എം.എൽ.എയും സിനിമാ പ്രവർത്തകനുമായ പി.ടി. കുഞ്ഞുമുഹമ്മദിൽനിന്ന് ഏൽക്കേണ്ടിവന്ന അതിക്രമത്തെപ്പറ്റി അവർതന്നെയാണ് മലയാള മനോരമ (ഫെബ്രുവരി 13)യിലെ ലേഖനത്തിലൂടെ...
Your Subscription Supports Independent Journalism
View Plansഒമ്പതു വർഷം മുമ്പ് കേരളത്തിലൊരു നടി ക്രൂരമായ അതിക്രമങ്ങൾക്കിരയായ സംഭവം ലോകമറിഞ്ഞത് അവളിലൂടെതന്നെയാണ്. മാധ്യമങ്ങളും വനിതാ കൂട്ടായ്മകളും ഇടപെടുന്നത് പിന്നീടാണ്. സ്ത്രീകളുടെ അന്തസ്സ് ഉയർത്തിപ്പിടിക്കാൻ സിനിമയിൽ വനിതാ കൂട്ടായ്മ രൂപപ്പെടുന്നതും അതിനെ തുടർന്നായിരുന്നു. ഡബ്ല്യു.സി.സി എന്ന ആ സംഘടനയുടെ മുന്നണിപ്പോരാളിയായ ഡോ. ആശ ആച്ചി ജോസഫ് ഇപ്പോൾ തനിക്ക് നേരിടേണ്ടിവന്ന അനുഭവം സമൂഹവുമായി പങ്കുവെക്കാൻ മുന്നോട്ടുവന്നിരിക്കുന്നു. മുൻ എം.എൽ.എയും സിനിമാ പ്രവർത്തകനുമായ പി.ടി. കുഞ്ഞുമുഹമ്മദിൽനിന്ന് ഏൽക്കേണ്ടിവന്ന അതിക്രമത്തെപ്പറ്റി അവർതന്നെയാണ് മലയാള മനോരമ (ഫെബ്രുവരി 13)യിലെ ലേഖനത്തിലൂടെ തുറന്നു പറഞ്ഞത്.
ഒരുപക്ഷേ, സ്ത്രീകളുടെ മുൻകൈയിൽതന്നെയാവും ഇത്തരം ദുർവൃത്തികൾ മാധ്യമങ്ങളുടെയും സമൂഹത്തിന്റെയും ഇടപെടലിലൂടെ ഇല്ലാതാക്കാനും കഴിയുക. ഇന്ന് ലോകമെങ്ങും ഭരണകൂടങ്ങളുടെയും വരേണ്യ പ്രഭുക്കളുടെയും ഉറക്കം കെടുത്തുന്ന ‘എപ്സ്റ്റീൻ ഫയൽസ്’ സ്ഫോടകശേഷിയുള്ള വാർത്തകൾ കൂടിയാണ്. അവ വാർത്തകളിലേക്ക് എത്തിയതിനു പിന്നിലും ഒരു വനിതയുടെ കൈയുണ്ട്. മുമ്പ് ചെറിയ ആരോപണങ്ങളും കേസും മാത്രമായി ഒതുങ്ങിയിരുന്ന സംഭവങ്ങൾ വലിയൊരു കൊടുങ്കാറ്റായി വീശിത്തുടങ്ങിയത് ജൂലി കെ. ബ്രൗൺ ചെയ്ത അന്വേഷണാത്മക റിപ്പോർട്ടിങ്ങിലൂടെയാണ്.
2005-06 കാലത്താണ് എപ്സ്റ്റീന്റെ പെൺവാണിഭത്തെപ്പറ്റി എഫ്.ബി.ഐ അന്വേഷണം നടന്നത്.തെളിവുകൾ ധാരാളമുണ്ടായിരുന്നു. പക്ഷേ, അറ്റോണിയായിരുന്ന അലക്സാണ്ടർ അകോസ്റ്റയുടെ നേതൃത്വത്തിൽ ഭരണകൂടം എപ്സ്റ്റീനുമായി ഒത്തുതീർപ്പുണ്ടാക്കി. നിസ്സാര കുറ്റങ്ങൾ എപ്സ്റ്റീൻ സമ്മതിച്ചു; നിസ്സാര ശിക്ഷ നൽകുകയും ചെയ്തു. മറ്റെല്ലാ കുറ്റങ്ങളിൽനിന്നും എപ്സ്റ്റീനെ മുക്തനാക്കി.
ജോർജ് ബുഷായിരുന്നു അന്ന് പ്രസിഡന്റ്. പിന്നീട് ട്രംപിന്റെ കാബിനറ്റിൽ തൊഴിൽകാര്യ സെക്രട്ടറിയായി അകോസ്റ്റ നിയമിക്കപ്പെട്ടപ്പോൾ ജൂലി ബ്രൗൺ അന്വേഷണത്തിനിറങ്ങി. 2016 ഒടുവിലായിരുന്നു അത്. അന്ന് ജൂലി മയാമി ഹെറൾഡ് പത്രത്തിന്റെ റിപ്പോർട്ടറാണ്.
അകോസ്റ്റ മുഖേന നീതിനിഷേധിക്കപ്പെട്ട ഇരകളെ കണ്ടെത്തുകയായിരുന്നു ആദ്യ ലക്ഷ്യം. എൺപതോളം പെൺകുട്ടികളെ രണ്ടു വർഷത്തിനകം കണ്ടെത്തി. ആയിരക്കണക്കിന് കോടതി രേഖകളും ഇ-മെയിൽ സന്ദേശങ്ങളും എഫ്.ബി.ഐ ഫയലുകളും പരിശോധിച്ചു. 2018ൽ മയാമി ഹെറൾഡ് ജൂലി ബ്രൗണിന്റെ റിപ്പോർട്ടുകൾ പ്രസിദ്ധപ്പെടുത്തിത്തുടങ്ങി. രാജ്യം ഞെട്ടി. കുറ്റവാളികളും ഭരണകൂടവും നീതിന്യായ വ്യവസ്ഥയും ഒത്തുകളിച്ച് അനേകം പെൺകുട്ടികൾക്ക് നീതി നിഷേധിച്ചതിന്റെ കഥകൾ കോളിളക്കമുണ്ടാക്കി.
ഒരു വർഷത്തിനുള്ളിൽ അത് സർക്കാറിന്റെ മുഖ്യ തലവേദനയായി. അകോസ്റ്റ രാജിവെച്ചു. 2019ൽ എപ്സ്റ്റീൻ വീണ്ടും അറസ്റ്റ് ചെയ്യപ്പെട്ടു. ജൂലിയുടെ അന്വേഷണ പരമ്പര 2021ൽ Perversion of Justice: The Jeffrey Epstein Story എന്ന പേരിൽ പുസ്തകമായി. പെൺകുട്ടികളെ കെണിയിലാക്കാൻ എപ്സ്റ്റീനും മറ്റും ചെയ്ത നീചവും കുടിലവുമായ രീതികൾ ജൂലി പുറത്തെത്തിച്ചതോടെ രാജ്യാന്തര മാഫിയയുടെ ദുർമുഖം വെളിപ്പെട്ടു. മുമ്പ് ഒന്നും പറയാനാകാതെ നിശ്ശബ്ദരായി ഇരുന്ന ഇരകൾ ഓരോരുത്തരും തങ്ങളുടെ അനുഭവങ്ങൾ ജൂലിയോട് തുറന്നു പറഞ്ഞു. ചിലർ കാമറക്കു മുന്നിലുമെത്തി. അതിജീവിതകളുടെ ധീരതയെ ജൂലി പുകഴ്ത്തുന്നുണ്ട്.
ആധുനിക ലോകം അറിഞ്ഞ ഏറ്റവും ശക്തവും വിപുലവും അധികാരപ്രമത്തവുമായ പീഡക സംഘം ഇന്ന് ലോകത്തിനു മുമ്പാകെ തൊലിയുരിച്ചു നിർത്തപ്പെട്ടു തുടങ്ങിയെങ്കിൽ അതിന് മുഖ്യകാരണക്കാരി ജൂലി കെ. ബ്രൗൺ എന്ന ധീരയായ മാധ്യമപ്രവർത്തകയാണ്.
ചില നേരങ്ങളിൽ ചില വാർത്തകൾ
ചില നേരങ്ങളിൽ ചില വാർത്തകൾ കൃത്യമായി ‘‘പ്ലാന്റ്’’ ചെയ്യപ്പെടും. ഇറാഖിനും സദ്ദാം ഹുസൈനുമെതിരായി പാശ്ചാത്യ മാധ്യമങ്ങളിൽ (അവ മുഖേന ലോകമെങ്ങും) പ്രചരിപ്പിക്കപ്പെട്ട വാർത്തകൾ ഓർക്കുക. ഇറാഖ് അധിനിവേശത്തിന് യു.എസ് പാർലമെന്റിന്റെയും യു.എന്നിന്റെയും ലോകസമൂഹത്തിന്റെയും സമ്മതം നേടിയെടുക്കുക എന്ന ലക്ഷ്യം അവക്കുണ്ടായിരുന്നു. അത് നേടിക്കഴിഞ്ഞതോടെ ആ വാർത്തകൾ ഇല്ലാതായി. മാത്രമല്ല, അവ തെറ്റായിരുന്നെന്ന് അമേരിക്കൻ അധികൃതർതന്നെ ‘‘സമ്മതിച്ചു’’.
കഴിഞ്ഞ ദിവസങ്ങളിൽ പെട്ടെന്ന് പൊട്ടിവീണ റഷ്യവിരുദ്ധ വാർത്തകൾ എന്തിന്റെ സൂചനയാവും? യഥാർഥ വാർത്തകളല്ല, ‘‘പ്ലാന്റു’’കളാണ് എന്ന് തോന്നിക്കുന്നവയും അക്കൂട്ടത്തിലുണ്ട്. ഫെബ്രുവരി 15ന് നമ്മുടെ പത്രങ്ങളിലടക്കം വന്ന ഒരു വാർത്ത: ‘‘നവാൽനിയുടെ ജീവനെടുത്തത് തവളവിഷം –ആരോപണവുമായി യൂറോപ്യൻ രാജ്യങ്ങൾ.’’
റഷ്യ തടവിലിട്ടിരുന്ന പുടിൻ വിരുദ്ധനും പ്രതിപക്ഷ നേതാവുമാണ് അലക്സി നവാൽനി. അദ്ദേഹം ജയിലിൽ മരിച്ചത് രണ്ടു വർഷം മുമ്പ്. ഭരണകൂടം വിഷം കൊടുത്തു കൊന്നതാണെന്ന വാർത്ത മുമ്പും വന്നിരുന്നു.
അതിനുള്ള സാധ്യത ഇരിക്കെതന്നെ, രണ്ടുകൊല്ലം കഴിഞ്ഞ് പെട്ടെന്ന് ‘‘തവളവിഷം’’ കണ്ടെത്താൻ ഇപ്പോൾ ഇടയായതെന്തുകൊണ്ടാവും? ‘‘ശരീരത്തിൽനിന്നെടുത്ത സാമ്പിളുകൾ പരിശോധിച്ചാണ’’ത്രെ മനസ്സിലായത്. പരിശോധന നടത്തിയ വിദഗ്ധരെ വാർത്തയിൽ ഉദ്ധരിക്കുന്നില്ല. ഉദ്ധരിക്കുന്നത് പേരില്ലാത്ത ‘‘യൂേറാപ്യരെ’’യാണ്.
ഒരു ‘‘പ്ലാന്റി’’ന്റെ എല്ലാ ലക്ഷണവുമുള്ള ‘‘വാർത്ത’’. പക്ഷേ എന്തിന്?
ഇങ്ങനെയൊരു ‘‘അവാർത്ത’’ ലോകമെങ്ങും പൊലിപ്പിക്കപ്പെട്ട സമയത്തുതന്നെയാണ്, വാർത്തയാകേണ്ടിയിരുന്ന മറ്റൊന്ന് മാധ്യമങ്ങളിൽ അധികം കാണാതായത്. ഗിലേൻ മാക്സ് വെൽ എന്ന യൂറോപ്യൻ വനിത ഉറക്കെ പറഞ്ഞ കാര്യമാണത്. പെൺവാണിഭവും കുട്ടിക്കടത്തുമടക്കം എപ്സ്റ്റീന്റെ കുറ്റങ്ങളിലെല്ലാം കൂട്ടാളിയായിരുന്നു ഗിലേൻ. ജയിൽശിക്ഷ അനുഭവിക്കുന്നു. എപ്സ്റ്റീൻ ജയിലിൽവെച്ച് മരണപ്പെട്ടശേഷം, അക്കാര്യങ്ങളെപ്പറ്റി ആധികാരികമായി പറയാൻ കഴിയുന്ന വ്യക്തി.
എപ്സ്റ്റീൻ ഫയലുകൾക്ക് വലിയ രാഷ്ട്രീയപ്രാധാന്യം കൈവന്നിരിക്കെ യു.എസ് പാർലമെന്റ് (േകാൺഗ്രസ്) അന്വേഷണ സമിതിയെ വെച്ചിട്ടുണ്ട്. ഒരാഴ്ച മുമ്പ് സമിതി ഓൺലൈനായി നടത്തിയ തെളിവെടുപ്പിൽ എന്തെങ്കിലും പറയാൻ ഗിലേൻ വിസമ്മതിച്ചു.
എന്നാൽ, തെളിവെടുപ്പിനു ശേഷം അവരുടെ അഭിഭാഷകനായ ഡേവിഡ് മാർക്കസ് ഒരു പ്രസ്താവന ഇറക്കി. അതിൽ ഗിലേൻ പറഞ്ഞു: ‘‘പ്രസിഡന്റ് ട്രംപ് മാപ്പ് പ്രഖ്യാ പിച്ചാൽ എപ്സ്റ്റീൻ ഫയലുകളെപ്പറ്റിയുള്ള എല്ലാം തുറന്നുപറയാൻ ഞാൻ തയാറാണ്.’’ ഒരു കച്ചവടക്കരാറിന്റെ മട്ടുള്ള ഇതിനൊപ്പം ഇത്രകൂടി അവർ പറഞ്ഞു: ‘‘ഉദാഹരണത്തിന്, ട്രംപും ക്ലിന്റനും നിരപരാധികളാണ്.’’
ഈ ‘‘ഓഫർ’’ വരുന്നത്, ഇസ്രായേൽ പ്രധാനമന്ത്രി നെതന്യാഹു ട്രംപിനെ സന്ദർശിക്കുന്നതിന്റെ തലേന്നാണ്.
വിചിത്രമായ ഈ ‘‘ഓഫർ’’ മാധ്യമങ്ങൾ ഗൗരവത്തിലെടുത്തതായി കണ്ടില്ല. അതേസമയം, അതിൽ നിഗൂഢമായ അർഥം കണ്ടുവരുന്നുണ്ട്. അലൻ മിസ്റഹി എന്ന നിരീക്ഷകൻ അത് വായിച്ചെടുത്തത് ഇങ്ങനെ: ട്രംപ് കുറ്റകൃത്യങ്ങളിൽ പങ്കാളിയാണെന്ന കാര്യം മറച്ചുവെക്കാൻ താൻ തയാറാണ് എന്നാണ് ഗിലേൻ അർഥമാക്കുന്നത്. അതിനു പകരം, ഇറാനെ ആക്രമിക്കുന്നതിൽ നെതന്യാഹുവിനോട് ട്രംപ് സഹകരിക്കണമെന്നും.
ശരിക്കും ഇങ്ങനെയൊക്കെ അതിനർഥമുണ്ടോ? അലൻ മിസ്റഹിയുടെ അഭിപ്രായത്തിൽ, ഇറാൻ യുദ്ധത്തിൽ സഹകരിക്കാൻ റഷ്യക്കുമേൽ ചെലുത്തുന്ന സമ്മർദമാകാമത്രെ റഷ്യക്കെതിരെ ഇറക്കുന്ന വാർത്താവർഷം. വാർത്തകൾക്കു പിന്നിൽ എന്തൊക്കെ എന്ന അന്വേഷണംചിലപ്പോൾ തെറ്റാം. ചിലപ്പോൾ ശരിയാകാം. എന്തായാലും ചില നേരങ്ങളിൽ ചില വാർത്തകൾ കാണാറാകും. ചില നേരങ്ങളിൽ ചിലത് കാണാതെയുമാകും.
