Begin typing your search above and press return to search.
proflie-avatar
Login

ഹംഗറി: ഈ തെരഞ്ഞെടുപ്പിൽ മാധ്യമങ്ങൾക്കും പങ്കുണ്ട്

ഹംഗറി: ഈ തെരഞ്ഞെടുപ്പിൽ   മാധ്യമങ്ങൾക്കും പങ്കുണ്ട്
cancel

തെരഞ്ഞെടുപ്പ് സംവിധാനമുപയോഗിച്ച് വോട്ടർപട്ടിക മാറ്റിയെഴുതുക, ജുഡീഷ്യറിയെ സ്വാധീനിക്കുക, മാധ്യമങ്ങളെ വിലക്കെടുക്കുക... അങ്ങനെ ജനാധിപത്യംകൊണ്ടുതന്നെ ജനാധിപത്യത്തെ കശാപ്പ് ചെയ്യുക. പറയുന്നത് ഇന്ത്യയെപ്പറ്റിയല്ല, ഹംഗറിയെപ്പറ്റിയാണ്. 16 വർഷം ഹംഗറിയെ വരിഞ്ഞുമുറുക്കി ഭരിച്ച, ഭരണത്തുടർച്ചയിൽ ഹരംപൂണ്ടുനടന്ന വിക്ടർ ഒർബാനെ ഒടുവിൽ മലർത്തിയടിച്ചത്, ഒരുകാലത്ത് പാർട്ടിയിൽ അദ്ദേഹത്തിന്‍റെ സ്വന്തക്കാരനായിരുന്ന പീറ്റർ മജാർ ആണ്. പക്ഷേ, ഒർബാനെ തറപറ്റിച്ചതിൽ നിർണായകമായ പങ്കുവഹിച്ചത് ആക്ടിവിസ്റ്റുകളും സ്വതന്ത്ര മാധ്യമങ്ങളുമാണ്. ഇന്ത്യക്ക് നേരിട്ടൊരു പാഠം ഹംഗറി നൽകുന്നുണ്ട്.അധികാരം...

Your Subscription Supports Independent Journalism

View Plans

തെരഞ്ഞെടുപ്പ് സംവിധാനമുപയോഗിച്ച് വോട്ടർപട്ടിക മാറ്റിയെഴുതുക, ജുഡീഷ്യറിയെ സ്വാധീനിക്കുക, മാധ്യമങ്ങളെ വിലക്കെടുക്കുക... അങ്ങനെ ജനാധിപത്യംകൊണ്ടുതന്നെ ജനാധിപത്യത്തെ കശാപ്പ് ചെയ്യുക.

പറയുന്നത് ഇന്ത്യയെപ്പറ്റിയല്ല, ഹംഗറിയെപ്പറ്റിയാണ്.

16 വർഷം ഹംഗറിയെ വരിഞ്ഞുമുറുക്കി ഭരിച്ച, ഭരണത്തുടർച്ചയിൽ ഹരംപൂണ്ടുനടന്ന വിക്ടർ ഒർബാനെ ഒടുവിൽ മലർത്തിയടിച്ചത്, ഒരുകാലത്ത് പാർട്ടിയിൽ അദ്ദേഹത്തിന്‍റെ സ്വന്തക്കാരനായിരുന്ന പീറ്റർ മജാർ ആണ്. പക്ഷേ, ഒർബാനെ തറപറ്റിച്ചതിൽ നിർണായകമായ പങ്കുവഹിച്ചത് ആക്ടിവിസ്റ്റുകളും സ്വതന്ത്ര മാധ്യമങ്ങളുമാണ്. ഇന്ത്യക്ക് നേരിട്ടൊരു പാഠം ഹംഗറി നൽകുന്നുണ്ട്.

അധികാരം നിലനിർത്താൻ മാധ്യമങ്ങളെ ഒതുക്കണമെന്ന് ഒർബാൻ തിരിച്ചറിഞ്ഞു. വൻ ഭൂരിപക്ഷത്തിന്‍റെ ബലത്തിൽ വലിയ എതിർപ്പില്ലാതെ തന്നെ ഭരണഘടന ഭേദഗതി ചെയ്തു; കരിനിയമങ്ങളുണ്ടാക്കി. വൻകിട മാധ്യമങ്ങളുടെ ഉടമസ്ഥത സ്വന്തമാക്കാൻ അടുപ്പക്കാരായ മുതലാളിമാരെ ഉപയോഗിച്ചു; വഴങ്ങാത്ത സ്വതന്ത്രസ്ഥാപനങ്ങൾക്ക് സർക്കാർ പരസ്യങ്ങൾ നിഷേധിച്ചും മറ്റും സാമ്പത്തിക ഞെരുക്കമുണ്ടാക്കി. 80 ശതമാനം മാധ്യമങ്ങളും സർക്കാറിന്‍റെ ഉച്ചഭാഷിണികളാകുന്ന അവസ്ഥയുണ്ടായി. എല്ലാം ഇന്ത്യയിലെപ്പോലെ. ഒർബാൻ ഭരണത്തിൽ ഹംഗറിയുടെ മാധ്യമ സ്വാതന്ത്ര്യ സൂചിക 23ാം സ്ഥാനത്തുനിന്ന് 68ാം സ്ഥാനത്തേക്ക് ഇടിഞ്ഞു.

2010ൽ തന്നെ മാധ്യമ മാരണ നിയമങ്ങൾ നിർമിച്ചു തുടങ്ങി. നാഷനൽ മീഡിയ ആൻഡ് ഇൻഫോ കമ്യൂണിക്കേഷൻസ് അതോറിറ്റി, അഞ്ചംഗ മീഡിയ കൗൺസിൽ എന്നീ മേൽനോട്ട സംവിധാനങ്ങൾ നിലവിൽ വന്നു –നിർണായക സ്വാധീനം ഭരണപക്ഷത്തിനുതന്നെ. ‘‘അസന്തുലിത’’മെന്നും ‘‘പൊതു സദാചാരത്തിന് നിരക്കാത്തതെ’’ന്നുമൊക്കെ കുറ്റപ്പെടുത്തിക്കൊണ്ട് മീഡിയ കൗൺസിൽ സ്വതന്ത്ര മാധ്യമങ്ങൾക്കുമേൽ പലപ്പോഴും കനത്ത പിഴ ചുമത്തി.

ടി.വി ചാനലുകളും റേഡിയോ സ്റ്റേഷനുകളും ഔദ്യോഗിക വാർത്ത ഏജൻസിയുമെല്ലാം ഒർബാൻ ഒറ്റ അധികാരകേന്ദ്രത്തിനു കീഴിലാക്കി. എന്നിട്ട് ആ മാധ്യമസ്ഥാപനങ്ങളിൽ വൻ

തോതിൽ ‘‘ശുദ്ധീകരണം’’ നടത്തി –1600ലധികം മാധ്യമപ്രവർത്തകർ പുറത്താക്കപ്പെട്ടു; പകരം സർക്കാർ പക്ഷക്കാർ വന്നു. എം.ടി.ഐ എന്ന ഔദ്യോഗിക വാർത്ത ഏജൻസി കുത്തകാധികാരം കൈക്കലാക്കി.

സർക്കാറിനെ വിമർശിക്കുന്ന മാധ്യമങ്ങൾക്ക് പരസ്യം കിട്ടാതായി; സ്തുതിപാഠകരുടെ പരസ്യവരുമാനം കൂടിക്കൂടി വന്നു.

പ്രാദേശിക ടി.വി, റേഡിയോ ചാനലുകളും പത്രങ്ങളും വെബ്സൈറ്റുകളും ഒർബാൻ അനുകൂലികൾ വാങ്ങിക്കൂട്ടി.

പലപ്പോഴും നാടകീയവും അട്ടിമറി സ്വഭാവത്തിലുമായിരുന്നു ഈ ‘‘ഏറ്റെടുക്കലു’’കൾ. ഒരു ഉദാഹരണം, ഹംഗറിയിലെ ഏറ്റവും പഴക്കമേറിയതും വായനക്കാരുടെ എണ്ണത്തിൽ ഒന്നാംസ്ഥാനത്തുണ്ടായിരുന്നതുമായ നെപ്സബാദ്സാഗ് (Nepszabadsag) തന്നെ.

2016 ഒക്ടോബർ എട്ടിന് പത്രത്തിന്‍റെ ഓൺലൈൻ പതിപ്പുകളടക്കം പെട്ടെന്ന് സ്തംഭിച്ചു. കമ്പ്യൂട്ടറുകളിലേക്ക് ലോഗോൺ ചെയ്യാനാവുന്നില്ല. പരിഭ്രാന്തരായ ജീവനക്കാർ അന്വേഷിച്ചപ്പോഴാണറിയുന്നത്, സ്ഥാപനത്തിന് പുതിയ മുതലാളി ഉണ്ടായിരിക്കുന്നു എന്ന്. ഒർബാന്‍റെ ബാല്യകാലസുഹൃത്താണ് അത് വാങ്ങിയിരിക്കുന്നത്.

ഈ അട്ടിമറി നടക്കുന്ന കാലത്ത് പത്രം ഒർബാന്‍റെ അധികാരപ്പങ്കുകാരുടെ (പ്രത്യേകിച്ച് ‘‘പ്രോപഗൻഡ’’ മന്ത്രി എന്നറിയപ്പെട്ടിരുന്ന റിസർവ് ബാങ്ക് ഗവർണറുടെ) രഹസ്യ ഇടപാടുകൾ അന്വേഷിച്ചു തുടങ്ങിയിരുന്നു. ഒറ്റരാത്രികൊണ്ട് ആ സ്ഥാപനംതന്നെ ഇല്ലാതായി. സെൻസർഷിപ്പായല്ല, നഷ്ടത്തിലോടുന്ന സ്ഥാപനം അടച്ചുപൂട്ടുന്ന ബിസിനസ് തീരുമാനമായാണ് അത് വിളംബരം ചെയ്യപ്പെട്ടത്.

2018ൽ വലിയൊരു കുത്തകവത്കരണം നടന്നു. സർക്കാർ പക്ഷക്കാരായ അഞ്ഞൂറോളം മാധ്യമങ്ങളെ (ടി.വി, റേഡിയോ, ഓൺലൈൻ) അവയുടെ ഉടമകൾ ‘കെസ്മ’ (KESMA) എന്ന ഒർബാൻ അനുകൂല സന്നദ്ധസംഘത്തിന് ‘‘ദാനം’’ ചെയ്തു. തുടർന്ന്, സർക്കാർ ‘കെസ്മ’യെ ദേശീയപ്രാധാന്യമുള്ള സ്ഥാപനമായി പ്രഖ്യാപിച്ചു; അതിനെ നിയമാനുസൃത പരിശോധനകളിൽനിന്ന് മുക്തമാക്കി. രാജ്യം മുഴുവൻ നിയമങ്ങൾക്കതീതമായ, കുത്തകസ്വഭാവമുള്ള, മാധ്യമശൃംഖല അങ്ങനെ നിലവിൽ വന്നു.

ഗോദി മീഡിയ അവിടെയും

ഇത്തരമൊരു മാധ്യമ വ്യവസ്ഥിതിക്കെതിരെകൂടി പൊരുതിയാണ് ഹംഗറിയിൽ ഇപ്പോൾ ഒർബാന്റെ എതിരാളികൾ വിജയിച്ചിരിക്കുന്നത്. കുത്തകവത്കരണം, ലൈസൻസിങ് വഴിയുള്ള നിയന്ത്രണങ്ങൾ, കേസുകൾ, സാമ്പത്തിക നിയന്ത്രണങ്ങൾ തുടങ്ങിയവയിലൂടെ മാധ്യമരംഗം ഏറക്കുറെ സർക്കാറിന് സ്വന്തമായിരുന്നു ഒർബാൻ ഭരണത്തിൽ.

വാർത്താസമ്മേളനങ്ങൾ നടത്തുമ്പോഴും ഒർബാന് സംസാരിക്കാനുണ്ടായിരുന്നത് സ്തുതിപാഠകരോടായിരുന്നു. അദ്ദേഹം ഇന്റർവ്യൂ നൽകിയത് അത്തരം ചാനലുകൾക്കു മാത്രം.

എതിരാളികളെ ലക്ഷ്യമിട്ട് വ്യാജവാർത്തകൾ യഥേഷ്ടമിറങ്ങി. അധികാരത്തിൽ വന്നാൽ 33 ശതമനം നികുതിവർധനയാണ് പ്രതിപക്ഷം ഉദ്ദേശിക്കുന്നതെന്ന വ്യാജപ്രചാരണം തെരഞ്ഞെടുപ്പുകാലത്ത് വിവാദം സൃഷ്ടിച്ചു.

ഇതിനെല്ലാമിടയിലും, വെല്ലുവിളികൾ നേരിട്ട് പ്രവർത്തിച്ച ഏതാനും സ്വതന്ത്ര മാധ്യമങ്ങളുണ്ടായിരുന്നു. ജനങ്ങൾക്കിടയിൽ നല്ല വിശ്വാസ്യത അവക്കുണ്ടായിരുന്നു. മറ്റെല്ലാ പ്രതികൂല സാഹചര്യങ്ങൾക്കും മധ്യേ ധീര നിലപാടിലൂടെ ആർജിച്ച വിശ്വാസ്യത.

സർക്കാർ പിന്തുണയില്ലാത്തതിനാൽ നല്ല സാമ്പത്തിക പ്രയാസമനുഭവിക്കുന്നുണ്ട് അത്തരം മാധ്യമങ്ങൾ. വായനക്കാരിൽനിന്ന് / പ്രേക്ഷകരിൽനിന്ന് കിട്ടുന്ന വരിസംഖ്യകൊണ്ട് നടക്കുന്നവയാണ് ചിലത്. സ്വാഭാവികമായും വരിസംഖ്യ കനത്തതാകും. മറ്റുള്ളവ പൊതു സംഭാവനകളെ ആശ്രയിക്കുന്നവയും. ഇക്കൂട്ടത്തിൽ പാർട്ടിസൻ (Partizan) എന്ന യൂട്യൂബ് ചാനൽ നിർണായകശക്തിയായെന്ന് വിലയിരുത്തപ്പെടുന്നു.

സർക്കാറിലെയും ഭരണകക്ഷിക്കാരിലെയും അഴിമതി മുതൽ റഷ്യൻ വിധേയത്വം വരെ സജീവ വിഷയങ്ങളായി അത്തരം സമാന്തര മാധ്യമങ്ങൾ കത്തിച്ചുനിർത്തി. സർക്കാറിന്റെ ഭാഗമായിരുന്ന ഉദ്യോഗസ്ഥർ (വിസ്ൽ ബ്ലോവർമാർ) പലതരം വെളിപ്പെടുത്തലുമായി അവയിലൂടെ രംഗത്തെത്തി.

അഭേദ്യമെന്ന് കരുതപ്പെട്ടിരുന്ന ഭരണകൂടത്തിന്റെ പിടിയിൽനിന്ന് ഹംഗറിയിലെ മാധ്യമങ്ങളും ജനാധിപത്യവും മോചിതരാകുമ്പോൾ ആക്ടിവിസ്റ്റുകൾക്കൊപ്പം ബഹുമതി പങ്കിടുന്നു ആ സ്വതന്ത്ര മാധ്യമങ്ങൾ.

സങ്കുചിത ദേശീയതയിലൂ​ന്നിയുള്ള അധികാരകേന്ദ്രങ്ങൾ, മാധ്യമ കുത്തകവത്കരണം, ഗോദി മീഡിയ, ഏതാനും സ്വതന്ത്ര മാധ്യമങ്ങൾ, അവക്കെതിരായ വേട്ട, ഓളങ്ങളുണ്ടാക്കുന്ന യൂ ട്യൂബ് ചാനലുകൾ... ഹംഗറിയു​ടെ ഗതി ഇന്ത്യയുടേതിനോട് വളരെ സദൃശം.

സ്ലോപ്പഗാൻഡ

‘‘എ.ഐ സ്ലോപ്പ്’’ (A.I. Slop) ഇന്റർനെറ്റിലാകെ പടർന്നുകയറുന്ന ഡിജിറ്റൽ കളയാണ്. വെറുതെ ഉണ്ടാക്കി വ്യാപകമായി പോസ്റ്റ് ചെയ്യുന്ന ഡിജിറ്റൽ ചപ്പുചവറുകൾ. നിർമിക്കാൻ അധ്വാനമില്ല, ചെലവില്ല, അർഥമോ ഗുണമോ വേണമെന്നില്ല. നിർമിതബുദ്ധി (​എ.ഐ) ഉപയോഗിച്ച് നിമിഷങ്ങൾകൊണ്ടുണ്ടാക്കി സമൂഹമാധ്യമങ്ങളടക്കം ‘നെറ്റി’ലാ​കെ ഒഴുക്കിവിടുന്ന അസംബന്ധപ്രവാഹം.

എന്നാൽ, ഇതിൽ രാഷ്ട്രീയവും നർമവും ആക്ഷേപഹാസ്യവും ചേർത്താലോ? അതൊരു ഡിജിറ്റൽ യുദ്ധവും മൂർച്ചയുള്ള പ്രോപഗാൻഡയുമായാലോ? അപ്പോൾ അതിനെ ‘‘സ്ലോപ്പഗാൻഡ’’ എന്നുവിളിക്കാം. ഇസ്രായേൽ-അമേരിക്ക കൂട്ടുകെട്ടിനെതിരെ ഇറാൻ രംഗത്തിറക്കിയ ഡിജിറ്റൽ പട്ടാളമാണ് സ്ലോപ്പഗാൻഡ വിഡിയോകൾ.

യുദ്ധം തുടങ്ങിയശേഷം അമേരിക്കക്കും പ്രസിഡന്റ് ട്രംപിനുമെതിരെ നിരന്തരം ഇറങ്ങുന്ന, കുറിക്കുകൊള്ളുന്ന ഈ ആക്ഷേപഹാസ്യ വിഡിയോകൾ ‘‘ലെഗോ’’ നിർമാണ കളിപ്പാട്ടങ്ങളെ കഥാപാത്രങ്ങളാക്കി ഉണ്ടാക്കുന്നവയാണ്. യുദ്ധം എങ്ങനെ തീർന്നാലും ഇറാന്റെ ലെഗോ വിഡിയോകൾ വിവരലോകത്തെ പ്രചാരണ ജേതാക്കളായിക്കഴിഞ്ഞു. ഇറാനിലെ എക്സ് പ്ലോസിവ് മീഡിയയാണ് ഇതിന്റെ സ്രഷ്ടാക്കൾ.


News Summary - Hungary election