നേരുകൊണ്ട് അധികാരത്തെ പൂട്ടിയ വാർത്തയെഴുത്ത്

അജണ്ടയും മിനിറ്റ്സും നാട്ടിൻപുറങ്ങളിലെ നിസ്സാരയോഗങ്ങളുടെ പോലും ഭാഗമാണ്. പക്ഷേ ഇന്ത്യയുടെ പരമോന്നത തെരഞ്ഞെടുപ്പ് സമിതിയായ ഇലക്ഷൻ കമീഷന് അത് രണ്ടും വേണമെന്ന് തീരുമാനിക്കാൻ ഒരു പത്രവാർത്തയും തുടർക്കമ്പനങ്ങളും വേണ്ടിവന്നു. ഇന്ത്യൻ എക്സ്പ്രസ് റിപ്പോർട്ടർ ഋതിക ചോപ്ര തയാറാക്കിയ അന്വേഷണാത്മക റിപ്പോർട്ട് സെപ്റ്റംബർ 23ന് പുറത്തുവന്നതിൽപ്പിന്നെ തുടങ്ങിയ ഇളക്കങ്ങൾ ഇന്നും തുടരുകയാണ്. വിദേശ മാധ്യമങ്ങളടക്കം ഈ രാഷ്ട്രീയ ഭൂകമ്പം ശ്രദ്ധിച്ചു....
Your Subscription Supports Independent Journalism
View Plansഅജണ്ടയും മിനിറ്റ്സും നാട്ടിൻപുറങ്ങളിലെ നിസ്സാരയോഗങ്ങളുടെ പോലും ഭാഗമാണ്. പക്ഷേ ഇന്ത്യയുടെ പരമോന്നത തെരഞ്ഞെടുപ്പ് സമിതിയായ ഇലക്ഷൻ കമീഷന് അത് രണ്ടും വേണമെന്ന് തീരുമാനിക്കാൻ ഒരു പത്രവാർത്തയും തുടർക്കമ്പനങ്ങളും വേണ്ടിവന്നു. ഇന്ത്യൻ എക്സ്പ്രസ് റിപ്പോർട്ടർ ഋതിക ചോപ്ര തയാറാക്കിയ അന്വേഷണാത്മക റിപ്പോർട്ട് സെപ്റ്റംബർ 23ന് പുറത്തുവന്നതിൽപ്പിന്നെ തുടങ്ങിയ ഇളക്കങ്ങൾ ഇന്നും തുടരുകയാണ്.
വിദേശ മാധ്യമങ്ങളടക്കം ഈ രാഷ്ട്രീയ ഭൂകമ്പം ശ്രദ്ധിച്ചു. “സ്ഫോടക വെളിപ്പെടുത്തൽ” എന്ന് ന്യൂയോർക് ടൈംസ്. ഇന്ത്യയിൽ തെരഞ്ഞെടുപ്പിൽ അവിശ്വാസമുയരുന്നു എന്ന് അൽ ജസീറ. ഇലക്ഷൻ കമീഷൻ വീണ്ടും വിവാദത്തിലെന്ന് ബി.ബി.സി. ബ്ലൂംബെർഗ്, സ്ട്രെയ്റ്റ് ടൈംസ്, റോയിറ്റേഴ്സ് തുടങ്ങിയവയും വാർത്ത ചെയ്തു. ഇന്ത്യയിൽ വിവിധ പത്രങ്ങൾ മുഖപ്രസംഗങ്ങളിലൂടെ എക്സ്പ്രസ് റിപ്പോർട്ടിന്റെ പ്രാധാന്യത്തിന് അടിവരയിട്ടു. ഒരൊറ്റ അന്വേഷണ റിപ്പോർട്ടിന് ഇത്ര വലിയ ഫലം ഉണ്ടാക്കാൻ എങ്ങനെ കഴിഞ്ഞു? യഥാർത്ഥ ജേണലിസത്തിന്റെ കരുത്ത് എന്നാണുത്തരം. ജേണലിസം വിദ്യാർഥികൾക്ക് മാതൃകയാക്കാവുന്ന ഒന്നാണ് ഋതികയും ടീമും കാഴ്ചവച്ചത്.
ഒന്നാമത്, അതിന്റെ വിശ്വാസ്യത. റിപ്പോർട്ട് ആധാരമാക്കുന്നത് പ്രാഥമിക സ്രോതസ്സുകളെ (primary sources) ആണ്. ഇലക്ഷൻ കമീഷന്റെ ആഭ്യന്തര കുറിപ്പുകൾ, എഴുത്തുകുത്തുകൾ, ഔദ്യോഗിക രേഖകൾ എന്നിവയാണ് പ്രധാന ഉറവിടങ്ങൾ. പുറത്തുവരുന്ന വിവരങ്ങൾ നിഷേധിക്കാനാകാതെ കമീഷൻ കുഴങ്ങിയത് അതുകൊണ്ടാണ്. ഉദാഹരണത്തിന്, തുല്യപദവിയുള്ള മൂന്നു കമീഷണർമാരും ഒരുമിച്ചെടുക്കുന്ന തീരുമാനങ്ങൾക്കാണ് സാധുതയെന്നും, അത് സാധ്യമല്ലാതെ വന്നാൽ ഭൂരിപക്ഷാഭിപ്രായമാണ് എടുക്കേണ്ടതെന്നും നിയമം പറയുന്നു. എന്നാൽ മുഖ്യകമീഷണർ ഒറ്റക്ക് തീരുമാനങ്ങളെടുത്തു. യോഗങ്ങളില്ല; നടന്ന പല യോഗങ്ങൾക്കും അജണ്ടയോ മിനിറ്റ്സോ ഇല്ല. എക്സ്പ്രസ് റിപ്പോർട്ട് പുറത്തുവന്നശേഷം കമീഷൻ അടിയന്തരയോഗം ചേർന്ന് എടുത്ത തിരുത്തൽ തീരുമാനങ്ങൾ എക്സ്പ്രസിന്റെ കണ്ടെത്തലുകൾ ശരിവെക്കുന്നതായി. (വലിയൊരു തീരുമാനം, ഇനിയങ്ങോട്ട് യോഗങ്ങൾക്ക് അജണ്ടയും മിനിറ്റ്സും ഉണ്ടാകും എന്നതാണ്!)
രണ്ടാമത്, എക്സ്പ്രസ് ടീം കണിശതയോടെ നടത്തിയ വസ്തുതാ പരിശോധന (verification). കണ്ടെത്തിയ കാര്യങ്ങൾ സത്യവും കൃത്യവും തന്നെ എന്ന് ഒന്നുകൂടി ഉറപ്പുവരുത്താൻ മാസങ്ങൾ നീണ്ട ഫീൽഡ് പ്രവർത്തനങ്ങൾ; കമീഷൻ ആസ്ഥാനത്തും മുംബൈ, ഡൽഹി, കൊൽക്കത്ത, പനാജി (ഗോവ) തുടങ്ങിയ ഉപകേന്ദ്രങ്ങളിലും സ്ഥിരീകരണത്തിനായുള്ള അന്വേഷണങ്ങൾ; രേഖകളുടെ പരിശോധന എല്ലാം. റിപ്പോർട്ട് പ്രസിദ്ധപ്പെടുത്തും മുമ്പ് ഇലക്ഷൻ കമീഷന് വിശദമായ ചോദ്യാവലി അയച്ചു; രണ്ട് കമീഷണർമാർക്ക് ഇമെയിൽ വഴി വേറെയും അയച്ചു; പോരാത്തതിന് ഫോൺ വിളികളും. ആരെപ്പറ്റിയാണോ വാർത്ത ചെയ്യുന്നത് അവർക്ക് നിലപാടറിയിക്കാനുള്ള അവസരം കൂടിയായി അത്.
മൂന്നാമത്തെ ഘടകം, നാൾവഴിയും തീയതികളും നിയമപരമായ ഭദ്രതയും പഴുതടച്ച് കൃത്യപ്പെടുത്തിയതാണ്. “കമീഷനുള്ളിൽ കലഹം” എന്ന് സാമാന്യമായി പറഞ്ഞു പോകുന്നതിന് പകരം പത്തു മാസത്തിനുള്ളിൽ 14 തവണ (ഒരൊറ്റ ദിവസം നാല് തവണ അടക്കം) കമീഷണർമാർ രേഖാമൂലം വിയോജിപ്പറിയിച്ചത് വിശദാംശങ്ങളോടെ എടുത്തുകാട്ടി. സോഫ്റ്റ്വെയറിലെ മാറ്റം വഴി അധികാരം ഡൽഹിയിൽ കേന്ദ്രീകരിച്ചത്, ഫോം 6ലെ ചട്ടവിരുദ്ധ മാറ്റം, വോട്ട് നിഷേധിച്ചതിന്റെ വഴികൾ, കമീഷനിൽ നിന്നുണ്ടായ നാഥനില്ലാത്ത അപ്പീലുകൾ തുടങ്ങി, വ്യക്തതയോടെ അനേകം വസ്തുതകൾ. ഇത്ര ബലമുള്ള പൂട്ടുപൊളിച്ച് രക്ഷപ്പെടാൻ കമീഷന് കഴിയുമായിരുന്നില്ല.
നാലാമത്, വാർത്തയെഴുത്തിലെ സന്തുലനവും ന്യായബോധവും സാമാന്യവൽക്കരണത്തിനെതിരായ കരുതലും. കമീഷന് പ്രതികരിക്കാൻ അവസരം നൽകി; കമീഷണർമാർ മൂവരും മോദിഭരണത്തിൽ നിയമിക്കപ്പെട്ടവരാണെന്ന് എടുത്തു പറഞ്ഞുകൊണ്ട്, രാഷ്ട്രീയ ചേരിതിരിവ് എന്ന എളുപ്പ വ്യാഖ്യാനത്തെ തടഞ്ഞു; രാഷ്ട്രീയ അനുമാനങ്ങളിലേക്ക് എടുത്തുചാടുന്നതിന് പകരം ഭരണഘടനാ സ്ഥാപനത്തിന്റെ പ്രവർത്തന രീതിയിൽ ശ്രദ്ധയൂന്നി.
അഞ്ചാമത്, വിഷയത്തിന്റെ സാമൂഹിക പ്രാധാന്യം. അത് രാഷ്ട്രീയപാർട്ടികളെയും യൂനിയൻ-സംസ്ഥാന സർക്കാറുകളെയും സ്ഥാപനങ്ങളെയും ഓരോ പൗരന്മാരെയും ബാധിക്കുന്നതാണ്. ജനാധിപത്യം കൊള്ള ചെയ്യപ്പെടുമ്പോൾ കാവൽക്കാരനായി പത്രം മാറുകയാണിവിടെ.
പത്തുവർഷത്തോളം തന്റെ റിപ്പോർട്ടിങ് മണ്ഡലമായി (“ബീറ്റ്”) ഇലക്ഷൻ കമീഷന്റെ പ്രവർത്തനങ്ങൾ എടുത്തയാളാണ് ഋതിക ചോപ്ര. രേഖകളുടെ പിൻബലം, വസ്തുതാ പരിശോധന, കൃത്യത, ന്യായബോധം, അത്യുക്തിയില്ലാത്ത, സംയമനത്തോടെയുള്ള അവതരണശൈലി, പൊതു പ്രസക്തി, സാമൂഹിക പ്രതിഫലനം തുടങ്ങി നല്ല അന്വേഷണാത്മക റിപ്പോർട്ടിന്റെ ഉപാധികളെല്ലാം അവരുടെ റിപ്പോർട്ടിൽ ഒത്തുചേർന്നിരിക്കുന്നു.
റിപ്പോർട്ടുകൾ അനേകമനേകം
എക്സ്പ്രസിന്റെ വെളിപ്പെടുത്തലുകൾ സന്ദർഭം കൊണ്ടും നാടകീയത കൊണ്ടും മികവു കൊണ്ടും ഏറെ ശ്രദ്ധ നേടി. എന്നാൽ ഇതിനു മുമ്പും മാധ്യമപ്രവർത്തകർ ധാരാളമായി തെരഞ്ഞെടുപ്പ് അഴിമതികളെപ്പറ്റി എഴുതിക്കൊണ്ടിരുന്നിട്ടുണ്ട്.
2024 ഏപ്രിലിൽ കാരവൻ മാഗസിനിൽ ഇറാം ആഗ എഴുതിയ ദീർഘ റിപ്പോർട്ട്, എങ്ങനെയാണ് മോദി സർക്കാർ ഗ്യാനേഷ് കുമാറിലൂടെ ഇലക്ഷൻ കമീഷനെ വിധേയപ്പെടുത്തിയതെന്ന് വിവരിച്ചു. 2025 ഒക്ടോബറിൽ ‘റിപ്പോർട്ടേഴ്സ് കലക്ടീവ്’ പ്രസിദ്ധപ്പെടുത്തിയ സമഗ്രമായ റിപ്പോർട്ടിൽ, സർക്കാർവിധേയത്വവും സുതാര്യതയില്ലായ്മയും ഇലക്ഷൻ കമീഷനിൽ വളർന്നുവന്നതിന്റെ രേഖാചിത്രം നൽകി. കേരളമടക്കമുള്ള ഏഴ് സംസ്ഥാനങ്ങളിലെ വോട്ടർ പട്ടികയിൽ ബി.ജെ.പിക്ക് വേണ്ടി കൃത്രിമങ്ങൾ നടത്തിയതായി വെളിപ്പെടുത്തി. അതിനുമുമ്പ് 2023ൽ, അശോക യൂനിവേഴ്സിറ്റിയിലെ പ്രഫ. സവ്യസാചി ദാസ്, സ്ഫോടകമായ മറ്റൊരു വിവരം പുറത്തുവിട്ടു. 2019ലെ ലോക്സഭ ഇലക്ഷനിൽ വോട്ടർപ്പട്ടിക കൃത്രിമങ്ങൾ വഴിയാണ് മോദി സർക്കാർ വിജയിച്ചതെന്നായിരുന്നു അദ്ദേഹത്തിന്റെ ഗവേഷണ പ്രബന്ധത്തിന്റെ ഉള്ളടക്കം. താമസിച്ചില്ല, ഐ.ബി അദ്ദേഹത്തെ തേടിയെത്തി; യൂനിവേഴ്സിറ്റിയും കൈയൊഴിഞ്ഞതോടെ അദ്ദേഹം രാജിവെച്ചു.
ആറു വർഷത്തെ വോട്ടുകണക്കുകളിൽ കണ്ട പൊരുത്തക്കേടുകൾ കൃത്യമായി പുറത്തുകൊണ്ടുവന്നു കൊണ്ടാണ് പൂനം അഗർവാൾ 2025ൽ തന്റെ വെളിപ്പെടുത്തലുകൾ നടത്തുന്നത്. 140 സീറ്റുകളിലെങ്കിലും മൊത്തം വോട്ടർമാരെക്കാൾ കൂടുതൽ വോട്ടെണ്ണി. കൃത്രിമങ്ങളില്ലായിരുന്നെങ്കിൽ മോദി സർക്കാറിന് ഭൂരിപക്ഷം ലഭിക്കുമായിരുന്നില്ല. വോട്ട് ശതമാനവും വോട്ട് കണക്കുകളും പുറത്തുവിടുന്നത് വൈകിപ്പിക്കുക എന്ന കമീഷന്റെ തന്ത്രം സോദ്ദേശ്യമായിരുന്നു. തെരഞ്ഞെടുപ്പു കൃത്രിമങ്ങൾ നടന്നതിന്റെ തെളിവുകൾ മുൻ മുഖ്യകമീഷണർ എസ്.വൈ. ഖുറൈശി ദൈനിക് ഭാസ്കർ പത്രത്തിൽ (2024) വിവരിക്കുകയുണ്ടായി.
ഗ്യാനേഷ് കുമാറിനെപ്പറ്റി വിവിധ വെളിപ്പെടുത്തലുകൾ വന്നുകൊണ്ടിരിക്കുന്നു. ഓൺമനോരമ വാർത്ത പോർട്ടലിൽ അശ്വിൻ ജെ. കുമാർ, കേരളത്തിലെ മുൻ ചീഫ് സെക്രട്ടറി ജിജി തോംസണോട് ബി.ജെ.പി ടിക്കറ്റിൽ മത്സരിക്കാൻ ഗ്യാനേഷ് ഉപദേശിച്ചതായി പറയുന്നു. എറണാകുളത്ത് കലക്ടറായിരുന്ന ഗ്യാനേഷ് കുമാറിന്റെ പേര് ആത്മഹത്യാക്കുറിപ്പിൽ എഴുതിയ മലേഷ്യൻ കോൺട്രാക്ടറെപ്പറ്റിയും വാർത്തകളുണ്ട്.
വാർത്താ പോർട്ടലുകളിലും സമൂഹമാധ്യമങ്ങളിലും തെരഞ്ഞെടുപ്പ് സംബന്ധിച്ച് കണ്ടെത്തലുകൾ വന്നുകൊണ്ടിരിക്കുന്നു. ഇലക്ഷൻ കമീഷനിലെ വിയോജിപ്പു കാരണം പുതിയ വോട്ടർമാരെ ചേർക്കുന്നത് മാസങ്ങളായി മുടങ്ങിയതായി ഇക്കണോമിക് ടൈംസ് ലേഖിക അനുഭൂതി വൈഷ്ണോയി വെളിപ്പെടുത്തി. വോട്ടർമാരെ വി.ഐ.പികൾ എന്നും അല്ലാത്തവരെന്നും നിയമവിരുദ്ധമായി ഇലക്ഷൻ കമീഷൻ തരം തിരിച്ചത് ‘റിപ്പോർട്ടേഴ്സ് കലക്ടീവ്’ ചൂണ്ടിക്കാട്ടി. ‘ഗോദി മീഡിയ’ പത്തി താഴ്ത്തിയിരിക്കുന്നു. യഥാർത്ഥ ജേണലിസം വീണ്ടും തലയുയർത്തുന്നു.
