ജനാധിപത്യം എന്ന കോർപറേറ്റ് ഉൽപന്നം

തെരഞ്ഞെടുപ്പ് പ്രചാരണത്തിൽ പാർട്ടികളുടെ നയങ്ങൾക്കും സ്ഥാനാർഥികളുടെ ഗുണദോഷങ്ങൾക്കും മീതെ പി.ആർ (പബ്ലിക് റിലേഷൻസ്) സങ്കേതങ്ങൾ നിർണായക സ്ഥാനം നേടിയതാണ് ഇത്തവണ നാം കണ്ടത്. മുമ്പില്ലാത്ത വ്യാപ്തിയിലും വലുപ്പത്തിലും തെരുവോര ഹോഡിങ്ങുകൾ, പത്രപരസ്യങ്ങൾ, ജാക്കറ്റ് കവറുകൾ, ‘‘മാർക്കറ്റിങ്’’ ഫീച്ചറുകൾ, ചാനൽ പരസ്യങ്ങൾ, റീലുകൾ തുടങ്ങിയവ ഇത്തവണ കണ്ടു. മാർക്കറ്റിങ് വിദഗ്ധർ പരസ്യങ്ങളും മുദ്രാവാക്യങ്ങളും നിർമിച്ചുനൽകുക മാത്രമല്ല, ദൈനംദിന ചർച്ചകളും വികാസങ്ങളും വിവാദങ്ങളും ശ്രദ്ധിച്ച് അപ്പപ്പോൾ സൂക്ഷ്മമായ മാറ്റങ്ങൾ വരെ വരുത്തിക്കൊണ്ടുള്ള ‘‘ഡൈനാമിക് മാർക്കറ്റിങ്’’ ശൈലി സ്വീകരിച്ചു. അതായത്,...
Your Subscription Supports Independent Journalism
View Plansതെരഞ്ഞെടുപ്പ് പ്രചാരണത്തിൽ പാർട്ടികളുടെ നയങ്ങൾക്കും സ്ഥാനാർഥികളുടെ ഗുണദോഷങ്ങൾക്കും മീതെ പി.ആർ (പബ്ലിക് റിലേഷൻസ്) സങ്കേതങ്ങൾ നിർണായക സ്ഥാനം നേടിയതാണ് ഇത്തവണ നാം കണ്ടത്. മുമ്പില്ലാത്ത വ്യാപ്തിയിലും വലുപ്പത്തിലും തെരുവോര ഹോഡിങ്ങുകൾ, പത്രപരസ്യങ്ങൾ, ജാക്കറ്റ് കവറുകൾ, ‘‘മാർക്കറ്റിങ്’’ ഫീച്ചറുകൾ, ചാനൽ പരസ്യങ്ങൾ, റീലുകൾ തുടങ്ങിയവ ഇത്തവണ കണ്ടു. മാർക്കറ്റിങ് വിദഗ്ധർ പരസ്യങ്ങളും മുദ്രാവാക്യങ്ങളും നിർമിച്ചുനൽകുക മാത്രമല്ല, ദൈനംദിന ചർച്ചകളും വികാസങ്ങളും വിവാദങ്ങളും ശ്രദ്ധിച്ച് അപ്പപ്പോൾ സൂക്ഷ്മമായ മാറ്റങ്ങൾ വരെ വരുത്തിക്കൊണ്ടുള്ള ‘‘ഡൈനാമിക് മാർക്കറ്റിങ്’’ ശൈലി സ്വീകരിച്ചു. അതായത്, ഉൽപാദകർ തങ്ങളുടെ ഉൽപന്നങ്ങൾ വിറ്റഴിക്കാൻ ഇറക്കുന്ന സൂത്രങ്ങളും പാർട്ടികൾ തങ്ങളുടെ നയനിലപാട് വിശദീകരണങ്ങൾക്കുപയോഗിക്കുന്ന രീതികളും തമ്മിലുണ്ടായിരുന്ന അന്തരം ഇത്തവണ ഇല്ല. നിലപാട് പറയുന്നിടത്ത് ചർച്ചക്കും തിരുത്തലിനും ഇടമുണ്ടാകും; പക്ഷേ, ഉൽപന്നങ്ങൾ വിൽപനക്ക് വെക്കുന്നിടം അത്യുക്തിയുടെയും വ്യാജ അവകാശവാദങ്ങളുടെയും ഇടം കൂടിയാണ്.
രാഷ്ട്രീയ അവകാശവാദങ്ങൾ
പൊതുപരിശോധനക്കും ഓഡിറ്റിങ്ങിനും വിധേയമാണ്; മാർക്കറ്റിങ് പരസ്യങ്ങളാകട്ടെ പാതി കള്ളമെന്ന് ആളുകൾ ആദ്യമേ മനസ്സു കൊണ്ട് അംഗീകരിച്ചതും. തെരഞ്ഞെടുപ്പ് പ്രചാരണങ്ങൾ തനി ഉൽപന്ന മാർക്കറ്റിങ് ശൈലിയിലേക്ക് ചുവടുമാറിത്തുടങ്ങി. എത്രതന്നെ ജനവിരുദ്ധ ഭരണം നടന്നാലും ഇലക്ഷൻ കാലത്ത് പി.ആർ ഏജൻസികളെകൊണ്ട് എല്ലാം ശരിയാക്കാൻ സഹായിക്കുന്ന രീതിയാണിത്. കേരളത്തിൽ ഇത്തവണ പാർട്ടികളും സ്ഥാനാർഥികളും പി.ആർ ഇനത്തിൽ ചെലവഴിച്ച യഥാർഥ തുക അതി ഭീമമാകും. ചെലവു കുറഞ്ഞ ഡിജിറ്റൽ പ്രചാരണങ്ങളും ധാരാളം നടന്നു.
മീമുകൾ (ട്രോളുകൾ), ഷോർട്ട് വിഡിയോ, പ്രതികരണ പോസ്റ്റുകൾ തുടങ്ങിയവ ഉൾപ്പെടുത്തി പ്രാദേശികതലത്തിൽ ആയിരക്കണക്കിന് വാട്സ്ആപ് ഗ്രൂപ്പുകൾ രാഷ്ട്രീയ പാർട്ടികളുടേതായി പ്രവർത്തിച്ചു. വീടകങ്ങളിലെത്തുന്ന മൈക്രോ മാർക്കറ്റിങ് ഏജൻസികളായി, ഓരോ മൊബൈൽ ഫോണും. 2021 അസംബ്ലി തെരഞ്ഞെടുപ്പിൽ തുടങ്ങിയ തരം എ.ഐ വിഡിയോകൾ മുതൽ ‘ടാർഗറ്റ് ഗ്രൂപ്പു’കൾക്കുവേണ്ടി പ്രത്യേകം രൂപപ്പെടുത്തിയ ക്ലിപ്പുകൾ വരെ മാർക്കറ്റിങ് രംഗത്തുണ്ടായിരുന്നു. രാഷ്ട്രീയ പ്രചാരണത്തിൽനിന്ന് കോർപറേറ്റ് മാർക്കറ്റിങ്ങിലേക്കുള്ള ചുവടുമാറ്റം, ഇക്കുറി പി.ആർ ഏജൻസികൾ വഹിച്ച നിർണായക പങ്കിൽ കാണാനാവും.
വൻ കോർപറേറ്റുകൾ ഉൽപന്ന മാർക്കറ്റിങ്ങിൽ സ്വീകരിക്കുന്ന അതേ ശൈലികളിലേക്ക് പാർട്ടികൾ അസന്ദിഗ്ധമായി മാറിക്കഴിഞ്ഞു. മുന്നണികൾ പ്രഫഷനൽ പി.ആർ ഏജൻസികളുടെ സേവനം വാങ്ങി. പരസ്യപ്രചാരണം, ലോഗോയും മുദ്രാവാക്യവും, വിവാദങ്ങൾ ഉണ്ടാക്കലും പ്രതിരോധിക്കലും തുടങ്ങിയവ അതിലുൾപ്പെട്ടു. ചാനൽ ചർച്ചകളെ രൂപപ്പെടുത്താനുള്ള ലോബിയിങ്, സമൂഹമാധ്യമങ്ങളും അച്ചടിമാധ്യമങ്ങളും പരമാവധി ഉപയോഗപ്പെടുത്താനുള്ള വിവിധ തന്ത്രങ്ങൾ, റാലികളും റോഡ് ഷോകളും മറ്റുമടങ്ങുന്ന ‘ഇവന്‍റ് മാനേജ്മെന്‍റ്’ പ്രചാരണ വാഹനങ്ങളും ഡിജിറ്റൽ ഷോകളും, ഓൺലൈൻ ചർച്ചകൾ ശ്രദ്ധിച്ച് ഉടൻ പ്രതികരിക്കാനുള്ള ‘‘റാപ്പിഡ് റെസ്പോൺസ് ടീമു’’കൾ എന്നിവ ഈ മാർക്കറ്റിങ്ങിന്‍റെ ഭാഗമായി.
യുവാക്കളെ ലക്ഷ്യമിട്ട്, തൊഴിൽ മേഖലയെ സ്പർശിച്ചുള്ള പ്രചാരണങ്ങൾ ഇൻസ്റ്റഗ്രാമിലും യൂട്യൂബിലും നടന്നു. മീൻപിടിത്തക്കാർ, കർഷകർ, ന്യൂനപക്ഷങ്ങൾ തുടങ്ങിയ വിവിധ സാമൂഹിക വിഭാഗങ്ങളെ അവരവരുടെ ശൈലിയിൽ അഭിസംബോധന ചെയ്യുന്ന ‘‘ടാർഗറ്റഡ് കാമ്പയിൻ’’ ധാരാളം നടന്നു.
നേരിട്ടുള്ള സംസാരങ്ങളുടെ സ്ഥാനത്ത്, ജനക്കൂട്ടങ്ങളെ പരസ്യങ്ങൾ വഴി അഭിമുഖീകരിക്കുന്നു; വീടുതോറും നടന്നുള്ള പ്രചാരണത്തിന് പകരം സമൂഹമാധ്യമ-വാട്സ്ആപ്-ഇൻഫ്ലുവൻസർ രീതി വരുന്നു; പ്രസംഗങ്ങൾക്കും ലഘുലേഖകൾക്കുമപ്പുറം എ.ഐ വിഡിയോകളും മീമുകളും വരുന്നു; സ്വാഭാവിക പ്രതിച്ഛായയുടെ സ്ഥാനത്ത് ‘‘പ്രഫഷനൽ ബ്രാൻഡിങ്’’ വരുന്നു; പി.ആർ ഏജൻസികൾ നിശ്ചയിക്കുന്ന ‘‘നിർമിത വ്യക്തിത്വം’’ സാക്ഷാൽ വ്യക്തിത്വത്തിനു പകരം വെക്കുന്നു. ഇത് പുതിയ പ്രചാരണരീതി. രാഷ്ട്രീയം കുറഞ്ഞു, മാർക്കറ്റിങ് വർധിച്ചു.
‘ടൈംസ്’ തിരുത്തിയതും തിരുത്താത്തതും
‘‘അമേരിക്ക ഇല്ലാതെ ഒരു ‘നോർത് അമേരിക്കൻ സംഘടന’യോ?’’ –ന്യൂയോർക് ടൈംസിന്റെ ഈ ചോദ്യം ആഞ്ഞുതറച്ചത് അതിന്റെ തലയിൽതന്നെ.
സംഭവം ഇങ്ങനെ:
ഏപ്രിൽ 1ന് ദ ടെലിഗ്രാഫ് (ലണ്ടൻ) പത്രം യു.എസ് പ്രസിഡന്റ് ഡോണൾഡ് ട്രംപിനെ ഇന്റർവ്യൂ ചെയ്തു. അഭിമുഖത്തിന് ഒരു പശ്ചാത്തലമുണ്ടായിരുന്നു. ഹുർമുസ് കടലിടുക്ക് ട്രംപിന്റെതന്നെ അത്യാചാരം കാരണം ഇറാൻ അടച്ചതോടെ അത് തുറപ്പിക്കാൻ അദ്ദേഹം ‘നാറ്റോ’ എന്ന ബഹുരാഷ്ട്ര (യൂറോപ്യൻ, അമേരിക്കൻ) സൈനിക സഖ്യത്തോടഭ്യർഥിച്ചു. എന്നാൽ, മറ്റു നാറ്റോ രാജ്യങ്ങൾ വിസമ്മതിച്ചു. ഒന്ന്, ഇറാനെ നേർക്കുനേരെ പിണക്കാനുള്ള അധൈര്യം. രണ്ട്, പ്രേകാപിപ്പിച്ചാൽ ഇങ്ങനെ സംഭവിക്കുമെന്ന് ഇറാൻ നേരത്തേ മുന്നറിയിപ്പു കൊടുത്തിട്ടും ട്രംപ് ആ വിഡ്ഢിത്തം ചെയ്തത് തങ്ങളോടാലോചിച്ചിട്ടല്ലല്ലോ എന്ന ന്യായമായ പരിഭവം. ട്രംപ് പ്രശ്നം സൃഷ്ടിക്കുക, എന്നിട്ട് അത് പരിഹരിക്കാൻ ‘നാറ്റോ’യോടു പറയുക –ഇത് നടപ്പില്ല.
അങ്ങനെ ‘നാറ്റോ’യിലെ യൂറോപ്യൻ രാജ്യങ്ങൾ ട്രംപിന്റെ അഭ്യർഥന തള്ളി. മാത്രമല്ല, ഇറാനെതിരായ പോരിൽ യൂറോപ് മിക്കവാറും യു.എസ്-ഇസ്രായേൽ കൂട്ടുകെട്ടിനെ അകറ്റിനിർത്തുകയാണ്. ഈ നിസ്സഹകരണത്തിൽ നീരസം തോന്നിയ ട്രംപ്, ‘നാറ്റോ’യിൽനിന്ന് അമേരിക്ക വിട്ടുപോകുമെന്ന സൂചന നൽകി.
ഇതാണ് ടെലിഗ്രാഫ് അഭിമുഖത്തിന്റെ പശ്ചാത്തലം. അതിന്റെ നെടുങ്കൻ തലക്കെട്ടാണ് ശ്രദ്ധേയമായത്: ‘‘അമേരിക്ക ഇല്ലാതെ ഒരു നോർത് അമേരിക്കൻ ട്രീറ്റി ഓർഗനൈസേഷനോ?’’ (A North American Treaty Organization without America?) സമൂഹമാധ്യമങ്ങളിൽ പിന്നെ പരിഹാസത്തിന്റെ പ്രവാഹമായിരുന്നു. കാരണം, ‘നാറ്റോ’യുടെ പൂർണരൂപത്തിലുള്ളത് North American അല്ല, North Atlantic എന്നാണ്.
മുഴുപ്പേജ് ലേഖനത്തിന്റെ മുഴുക്കോളം തലക്കെട്ടിൽ വന്നുപോയത് വെറുമൊരു അച്ചടിപ്പിശകല്ല. ‘നാറ്റോ’യുടെ പൂർണരൂപം തെറ്റായി മനസ്സിലാക്കുക മാത്രമല്ല, അതിനെ ആധാരമാക്കി ഒരു ലേഖനം രചിക്കുകകൂടിയാണ് െചയ്തിരിക്കുന്നത്. North American സംഘടനയിൽ നിന്ന് അമേരിക്ക ഒഴിവായിക്കൂടാ എന്ന യുക്തിയുടെ അടിസ്ഥാനംതന്നെ ആ അബദ്ധമാണല്ലോ.
പിന്നെയങ്ങോട്ട് പരിഹാസത്തിന്റെ അമിട്ടുകളായിരുന്നു സമൂഹമാധ്യമങ്ങളിൽ. ടൈംസ് തലക്കെട്ടിന്റെ ഷോട്ട് ‘എക്സി’ൽ പോസ്റ്റ് ചെയ്ത പൊളിറ്റികോ എഡിറ്റർ സാഷ ഇസൻബെർഗ് ചെറിയൊരു ചോദ്യവും ഒപ്പമിട്ടു: ‘‘ന്യൂയോർക് ടൈംസിന് നാറ്റോയുടെ പൂർണരൂപം അറിയില്ലെന്നോ?’’
‘‘അത്‍ലാന്റികിന്റെ വലുപ്പമുള്ള അബദ്ധ’’മെന്ന് മറ്റൊരാൾ. ഇതൊന്നും നോക്കാൻ പത്രത്തിൽ ആളില്ലേയെന്ന് അസംഖ്യം പേർ.
ആ ചോദ്യം പ്രസക്തമാണ്. NATOയിലെ A അമേരിക്കയാണെന്ന തെറ്റിദ്ധാരണ ലേഖനത്തിന്റെ ആധാരമാക്കുമ്പോൾ അത് തിരിച്ചറിയാനുള്ള സാമാന്യവിവരം പത്രഡെസ്കിലെ മൂന്നും നാലും തട്ടായുള്ള പരിശോധകർക്കില്ലാതെപോയോ? അതൊന്ന് ഗൂഗ്ൾ ചെയ്ത് നോക്കാനുള്ള വിവേകം, പത്രക്കാരനുണ്ടാകേണ്ട സന്ദേഹശീലം, ആർക്കുമില്ലാതായതെങ്ങനെ?
ഈ ചോദ്യങ്ങൾക്ക് കൂടുതൽ ഗൗരവത്തിലുള്ള മറുപടി നൽകുന്നുണ്ട് ജോർജ് മേസൺ യൂനിവേഴ്സിറ്റിയുടെ ലോ സ്കൂളിൽ പ്രഫസറായ ആഡം മൊസോഫ്. അദ്ദേഹത്തിന്റെ അഭിപ്രായത്തിൽ, ന്യൂയോർക് ടൈംസിലുള്ളവർക്ക് വിവരമില്ലാത്തതുകൊണ്ടൊന്നുമല്ല. അത്രയൊക്കെ മതി എന്നുവെച്ചുകൊണ്ടുള്ള അശ്രദ്ധയാണ് കാരണം. ശരിയാണ്, അറിവില്ലായ്മ പരിഹരിക്കാം. പക്ഷേ, ഈ നിസ്സംഗതക്ക് മരുന്നില്ല.
ടൈംസ് പ്രചരിപ്പിച്ച ഒരു കള്ളക്കഥ കുപ്രസിദ്ധി നേടിയതോർക്കുക. 2023 ഒക്ടോബർ 7ന് ഇസ്രായേലിൽ കടന്നാക്രമണം നടത്തിയ ഹമാസ് പോരാളികൾ അവിടത്തെ സ്ത്രീകളെ കൂട്ടമായി പീഡിപ്പിച്ചു എന്നൊരു വ്യാജം ഇസ്രായേൽ ഇറക്കിയിരുന്നു. ഇതിന്റെ ചുവടൊപ്പിച്ച്, Screams Without Words എന്ന ഒരു ‘അന്വേഷണ’ റിപ്പോർട്ട് ടൈംസ് പ്രസിദ്ധപ്പെടുത്തി. ഇസ്രായേലി ആരോപണങ്ങളെ ശരിവെക്കുന്നതായിരുന്നു അത്. പക്ഷേ, ‘അന്വേഷക ടീമി’ന് നേതൃത്വം കൊടുത്തത് ജേണലിസത്തിൽ ഒട്ടും പരിചയമില്ലാത്ത, എന്നാൽ ഇസ്രായേലി സൈന്യത്തിൽ അത്യാവശ്യം പരിചയമുള്ള, ഒരു വനിതയായിരുന്നു. റിപ്പോർട്ടാകട്ടെ നിറയെ വ്യാജങ്ങളും. അരഡസനിലധികം മാധ്യമങ്ങളും ഫാക്ട് ചെക്കിങ് കേന്ദ്രങ്ങളും ആ ‘അന്വേഷണ’ റിപ്പോർട്ടിലെ വിവരങ്ങൾ ഇഴകീറി പരിശോധിച്ച് തെറ്റാണെന്ന് സ്ഥാപിച്ചു.
ഇനിയാണ് രസം. ഇത്രയൊക്കെയായിട്ടും ന്യൂയോർക് ടൈംസ് ആ റിപ്പോർട്ട് തിരുത്തിയില്ല. 50ലേറെ ജേണലിസം പ്രഫസർമാർ പത്രം തിരുത്തണമെന്നാവശ്യപ്പെട്ട് പ്രസ്താവന ഇറക്കി. ടൈംസ് അനങ്ങിയില്ല. ഏതായാലും ‘നാറ്റോ’ അമളി അവർ ഉടൻ തിരുത്തി. ഏതൊക്കെ തിരുത്താം, ഏത് തിരുത്തിക്കൂടാ എന്നതുതന്നെ ടൈംസിന്റെ നയം വ്യക്തമാക്കുന്നുണ്ട്.
