ഉച്ചകോടിയെ നാണംകെടുത്തിയതാര്? വിദേശ മാധ്യമങ്ങൾ പറയുന്നത്

ന്യൂഡൽഹിയിൽ നടന്ന ‘എ.ഐ ഇംപാക്ട് ഉച്ചകോടി’യുടെ അരങ്ങിൽ യൂത്ത് കോൺഗ്രസ് പ്രവർത്തകർ നടത്തിയ ‘ഷർട്ടൂരൽ പ്രകടനം’ വലിയ വാർത്താപ്രാധാന്യം നേടി. യു.എസുമായി മോദിസർക്കാർ ഉണ്ടാക്കിയ വ്യാപാരക്കരാറിനെതിരെ പ്രതിഷേധിക്കുകയായിരുന്നു അവർ. ട്രംപിന് പൂർണമായും കീഴടങ്ങിയതു വഴി ഇന്ത്യൻ കർഷകർക്കും സമ്പദ്‍വ്യവസ്ഥക്കും സർക്കാർ വലിയ തിരിച്ചടിയാണുണ്ടാക്കിയത്. റഷ്യൻ എണ്ണ വാങ്ങില്ലെന്ന് സമ്മതിച്ചതിലൂടെ രാജ്യത്തിന്റെ ഊർജരംഗത്തെ സ്വയംനിർണയാവകാശവും അടിയറവെച്ചു. ഈ കാര്യങ്ങൾ ഉയർത്തിയായിരുന്നു പ്രതിഷേധം. പ്രതിഷേധത്തിന്റെ സ്വഭാവം ഔചിത്യപൂർണമായില്ലെങ്കിലും ഉന്നയിച്ച വിഷയങ്ങൾ ഇന്ത്യൻ ജനതയുടെ ക്ഷേമവും...
Your Subscription Supports Independent Journalism
View Plansന്യൂഡൽഹിയിൽ നടന്ന ‘എ.ഐ ഇംപാക്ട് ഉച്ചകോടി’യുടെ അരങ്ങിൽ യൂത്ത് കോൺഗ്രസ് പ്രവർത്തകർ നടത്തിയ ‘ഷർട്ടൂരൽ പ്രകടനം’ വലിയ വാർത്താപ്രാധാന്യം നേടി. യു.എസുമായി മോദിസർക്കാർ ഉണ്ടാക്കിയ വ്യാപാരക്കരാറിനെതിരെ പ്രതിഷേധിക്കുകയായിരുന്നു അവർ. ട്രംപിന് പൂർണമായും കീഴടങ്ങിയതു വഴി ഇന്ത്യൻ കർഷകർക്കും സമ്പദ്‍വ്യവസ്ഥക്കും സർക്കാർ വലിയ തിരിച്ചടിയാണുണ്ടാക്കിയത്. റഷ്യൻ എണ്ണ വാങ്ങില്ലെന്ന് സമ്മതിച്ചതിലൂടെ രാജ്യത്തിന്റെ ഊർജരംഗത്തെ സ്വയംനിർണയാവകാശവും അടിയറവെച്ചു. ഈ കാര്യങ്ങൾ ഉയർത്തിയായിരുന്നു പ്രതിഷേധം.
പ്രതിഷേധത്തിന്റെ സ്വഭാവം ഔചിത്യപൂർണമായില്ലെങ്കിലും ഉന്നയിച്ച വിഷയങ്ങൾ ഇന്ത്യൻ ജനതയുടെ ക്ഷേമവും അതിജീവനവുമായി ബന്ധപ്പെട്ടതായിരുന്നു. പക്ഷേ, സർക്കാർപക്ഷം മാധ്യമങ്ങളിലൂടെ ചർച്ച വഴിതിരിച്ചു. ഉച്ചകോടിയുടെ നേട്ടകോട്ടങ്ങളേക്കാൾ ഷർട്ടൂരൽ പ്രതിഷേധമായി അന്തിച്ചർച്ചകൾക്ക് വിഷയം. അർണബ് ഗോസ്വാമിയെപ്പോലുള്ളവർ ശരിക്കും ആഘോഷിച്ചു. പ്രധാനമന്ത്രിയും അത് നന്നായി മുതലെടുത്തു. വളരെ വേഗം പുതിയൊരു ആഖ്യാനം അതിനെ ചുറ്റിപ്പറ്റി ഉടലെടുത്തു. അതിൽ ജുഡീഷ്യറി വരെ പങ്കെടുത്തു എന്നത് ഇന്നത്തെ അവസ്ഥ എന്തെന്ന് കാണിച്ചുതന്നു.
അന്താരാഷ്ട്ര പരിപാടിയിലെ ‘‘ഷർട്ടൂരൽ’’ പ്രകടനം ഇന്ത്യയുടെ ആഗോള പ്രതിച്ഛായക്ക് ക്ഷതമുണ്ടാക്കി എന്നതാണ് ആ ആഖ്യാനം. വ്യാപാരക്കരാർ ഇന്ത്യക്ക് ഗുണകരമോ, എ.ഐ ഉച്ചകോടിയിലെതന്നെ നാണക്കേടുകൾ നാട്ടിന് അഭിമാനം പകർന്നോ തുടങ്ങിയവക്ക് പകരം, ഏതാനും പേർ ഷർട്ടിനകത്തെഴുതിയ പ്രതിഷേധ സന്ദേശം കാണിക്കാനായി അത് ഊരിയത് രാജ്യത്തെ അപമാനിക്കലായില്ലേ എന്ന ചർച്ചയാണ് മുറുകിയത്.
മറ്റൊരു വിഷയംകൂടി പ്രസക്തമായിരുന്നു. പ്രതിഷേധിച്ച യൂത്ത് കോൺഗ്രസുകാരെ പൊലീസ് അറസ്റ്റുചെയ്തു. ‘‘സുരക്ഷ പ്രശ്ന’’ങ്ങളും ‘‘ഗൂഢാലോചനാ സാധ്യതയു’’മൊക്കെ ചൂണ്ടിക്കാട്ടി അവരെ കസ്റ്റഡിയിൽ വേണമെന്ന് കോടതിയിൽ വാദിച്ചു.
ഡൽഹി ജുഡീഷ്യൽ മജിസ്ട്രേറ്റ് കോടതി അതെല്ലാം അംഗീകരിച്ചെന്നു മാത്രമല്ല, വിദേശികൾക്കിടയിൽ രാജ്യത്തിന്റെ കീർത്തി കെടുത്തുകയാണ് പ്രതിഷേധക്കാർ ചെയ്തതെന്നും പറഞ്ഞു.
‘‘ഇന്ത്യ-യു.എസ് കരാർ ഒരു കീഴടങ്ങലാണ്’’എന്ന അർഥത്തിലുള്ള മുദ്രാവാക്യം അവഹേളനപരമാണെന്ന അഭിപ്രായവും കോടതി പ്രകടിപ്പിച്ചു. പ്രതിഷേധത്തിന്റെ രീതിയെയല്ല, അതിന്റെ വിഷയത്തെതന്നെ കോടതി കുറ്റപ്പെടുത്തിയത്, രാജ്യാന്തര പ്രതിച്ഛായക്ക് ദോഷം വരുത്തിയെന്നു പറഞ്ഞാണ്.
മറിച്ച്, എ.ഐ ഉച്ചകോടിയുടെ ഉള്ളടക്കത്തേക്കാൾ പല മാധ്യമങ്ങളും അത് രാജ്യത്തിന്റെ പ്രതിച്ഛായക്കുണ്ടാക്കിയ ‘‘തിളക്ക’’ത്തെച്ചൊല്ലി ഊറ്റംകൊണ്ടു. ഷർട്ടൂരലിനെ ഫ്രെയിം ചെയ്തതുതന്നെ രാജ്യത്തിന്റെ അന്തസ്സിനോട് ചേർത്താണ്- പ്രതിഷേധ വിഷയത്തിന്റെ ദേശീയ പ്രസക്തിയുമായി ബന്ധപ്പെടുത്തിയല്ല. ‘‘ഇന്ത്യ ഒരിക്കലും ഇന്ത്യയുടെ മാത്രം വികസനത്തിൽ ശ്രദ്ധിക്കുന്ന രാജ്യമല്ല’’എന്ന് കേരള കൗമുദി (എഡിറ്റോറിയൽ, ഫെബ്രു. 24). ഇന്ത്യയുടെ താൽപര്യം ഒട്ടും പരിഗണിക്കാതെ യു.എസിന് വഴങ്ങിയ വ്യാപാരക്കരാറിനെ മറച്ചുകൊണ്ട് തുടർന്ന് ഇങ്ങനെ: ‘‘സമസ്ത ലോകത്തിന്റെയും വികസനത്തിനായാണ് ഇന്ത്യ നിലനിൽക്കുന്നതും പ്രാർഥിക്കുന്നതും. ഇത്രയും പ്രധാനപ്പെട്ട ഉച്ചകോടി നടക്കുന്ന വേളയിൽ ഉടുപ്പൂരിയുള്ള ചില പ്രകടനങ്ങൾ നടന്നത് നമ്മുടെ രാജ്യത്തിന്റെ അന്തസ്സ് കെടുത്തുന്നതായി. രാഷ്ട്രീയത്തിന്റെ പേരിൽ തുണിയുരിയൽ നടത്തുന്നത് നമ്മുടെ സംസ്കാരത്തിന്റെ ഭാഗമല്ല.’’
‘‘കോൺഗ്രസ് രാജ്യത്തെ നാണംകെടുത്തുന്നു എന്ന് മോദി. രാഷ്ട്രീയക്കാരും കോടതിയും മാധ്യമങ്ങളും അന്താരാഷ്ട്ര ഉച്ചകോടിയെ രാജ്യത്തിന്റെ അഭിമാനമായി ഗണിക്കുന്നു. അപ്പോൾ അന്താരാഷ്ട്ര മാധ്യമങ്ങൾ ഉച്ചകോടിയെച്ചൊല്ലി ഇന്ത്യയെ പ്രകീർത്തിച്ചുകാണും എന്നല്ലേ കരുതേണ്ടത്?
ഉദാഹരണങ്ങൾ നോക്കാം.
‘‘വി.ഐ.പി സംസ്കാരം’’
വികസ്വര രാജ്യങ്ങളുടെ (‘‘ഗ്ലോബൽസൗത്ത്’’) ശബ്ദമെന്ന് ഇന്ത്യയെ വിശേഷിപ്പിക്കുന്നുണ്ട് ന്യൂയോർക് ടൈംസിന്റെ റിപ്പോർട്ടിൽ. ‘‘എ.ഐ കൊളോണിയലിസവും ടെക്നോ-ഗാന്ധിസവും തമ്മിലുള്ള പോര്’’ എന്ന് ഗാർഡിയൻ.
ഇതൊഴിച്ചാൽ, എ.ഐ ഉച്ചകോടി വിദേശങ്ങളിൽ മതിപ്പുണ്ടാക്കിയില്ല എന്നാണ് അവിടങ്ങളിലെ മാധ്യമങ്ങൾ പരിശോധിച്ചാൽ കാണാനാവുക. മികവിലല്ല അവ ഊന്നുന്നത്; വീഴ്ചകളിലാണ്. ആ വീഴ്ചകളിൽ ‘‘ഷർട്ടൂരൽ പ്രതിഷേധം’’ ഇടംപിടിച്ചിട്ടുമില്ല. റിപ്പോർട്ടുകളിൽനിന്ന് ചിലത്:
റോയിട്ടേഴ്സ്: ആദ്യദിവസംതന്നെ ‘‘നീണ്ട ക്യൂകളും ആശയക്കുഴപ്പവും’’, തിക്കിത്തിരക്ക്; സംഘാടന പാളിച്ചകൾ ധാരാളമുണ്ടായി.
ബി.ബി.സി: തിരക്കും വൻ ക്യൂകളും പ്രതിനിധികളെ വലച്ചു. പരിപാടിയുടെ ഉദ്ദേശ്യലക്ഷ്യങ്ങൾ തന്നെ മറയ്ക്കുന്നതരത്തിലായി ഇത്.
ഫിനാൻഷ്യൽ ടൈംസ്: വമ്പിച്ച ടെക് വിഭവസമ്പത്തുണ്ടെന്ന് മേനിപറയുമ്പോഴും ഇന്ത്യ ‘‘ലാർജ് ലാങ്ഗ്വജ് മോഡലുകളു’’ണ്ടാക്കുന്നതിൽ മുന്നിലില്ല.
ടൈം, ഫോർച്യൂൺ തുടങ്ങിയവയും കുറ്റങ്ങളും കുറവുകളുമാണ് ഏറെയും നിരത്തിയത്.
ദ ഇക്കോണമിസ്റ്റ് വിശദമായ വിമർശനക്കുറിപ്പ് തന്നെ എഴുതി. അതിലെ മുഖ്യവാദം തന്നെ, മഹത്തരമാകേണ്ടിയിരുന്ന ഒരു പരിപാടി മോശം സംഘാടനം കൊണ്ടും കെട്ടുകാഴ്ചകളുടെ ബാഹുല്യംകൊണ്ടും മോശമായി പരിണമിച്ചു എന്നാണ്.
ഇന്ത്യയിൽ ‘‘പിടിവിട്ടുപോയ’’ വി.ഐ.പി സംസ്കാരത്തെ കേന്ദ്രീകരിച്ചാണ് ലേഖനം (India's VIP Culture is Out of Control, ഫെബ്രു. 22).
താൻ ജനങ്ങളുടെ പ്രധാന സേവകൻ മാത്രമാണെന്ന പ്രധാനമന്ത്രി മോദിയുടെ എളിമയാർന്ന വാക്കുകളും യഥാർഥ പ്രവൃത്തിയും തമ്മിലുള്ള വിടവ് ഉച്ചകോടിയിൽ തെളിഞ്ഞുകണ്ടതായി നിരീക്ഷിക്കുന്ന ലേഖനം, അതിന്റെ ധാരാളം ഉദാഹരണങ്ങൾ നിരത്തുന്നുണ്ട്.
ലക്ഷക്കണക്കിന് പ്രതിനിധികൾ മികവുറ്റതും സമത്വപൂർണവുമായ പരിപാടി പ്രതീക്ഷിച്ചിരിക്കുന്നു; പക്ഷേ കിട്ടിയത് ‘‘വി.ഐ.പി കൾച്ചർ’’: പ്രമാണിമാർക്കായി നിരത്തുകൾ കൊട്ടിയടക്കുന്നു; സുരക്ഷാ പ്രശ്നം പറഞ്ഞ് ലോക്ഡൗൺ ചെയ്യുന്നു; ചിലർക്ക് മാത്രം പ്രത്യേക പരിഗണന കിട്ടുന്നു; സാധാരണ പ്രതിനിധികൾക്കും ഗവേഷകർക്കും പലതരം മുടക്കങ്ങൾ, അവഗണന. ഉച്ചകോടിയുടെ കാതലായ പ്രതിനിധികളെ തഴഞ്ഞ് വരേണ്യർക്ക് മുൻഗണന.
ഇത് ഒറ്റപ്പെട്ടതല്ലെന്നും, ഇന്ത്യയിലെ പ്രതിലോമ പ്രവണതകളുടെ തുടർച്ച മാത്രമാണെന്നും ദ ഇക്കോണമിസ്റ്റ് എഴുതി. ഇന്ത്യയിൽ ഇങ്ങനെയാണ്. ജനസേവകരാണെന്ന് നേതാക്കൾ പറഞ്ഞുകൊണ്ടിരിക്കും; പക്ഷേ ജനങ്ങൾ പുറംപോക്കിലാണ്. കൊളോണിയൽ ചിന്തയാണ് നേതാക്കൾക്ക്. സുരക്ഷയെന്ന വാദംപോലും പ്രത്യേക സൗകര്യങ്ങൾക്കായി ഉപയോഗിക്കുന്നു. അകമ്പടി വാഹനങ്ങൾ, ജനങ്ങൾക്ക് പ്രവേശനമില്ലാത്ത പ്രത്യേക പാതകൾ, നിയമത്തിൽ ഇളവുകൾ, ജനം തങ്ങൾക്കായി മാറിത്തരണം എന്ന ചിന്ത– ഇതൊക്കെയാണ് നേതാക്കളുടെ രീതികൾ.
എ.ഐ ഉച്ചകോടിയിൽ പ്രതീക്ഷയോടെ എത്തിയ പ്രതിനിധികൾക്ക് ‘‘വി.ഐ.പി തടസ്സങ്ങൾ’’ കാരണം തങ്ങൾ മൂന്നാംകിടക്കാരാണെന്ന് തോന്നിയതായി ലേഖനം എടുത്തുപറയുന്നു.
രാജ്യത്തിന്റെ അന്തസ്സ് ആരോ ഷർട്ട് ഊരിയതുകൊണ്ട് കെട്ടതായി വിദേശ മാധ്യമങ്ങൾ പറയുന്നില്ല. അവ പറയുന്നത്, ഗൽഗോട്യാസ് സർവകലാശാല ‘‘മോഷ്ടിച്ച’’ യന്ത്രനായ മുതൽ പ്രധാനമന്ത്രിയുടേതടക്കം സംഘാടകരുടെ ചെയ്തികൾ വരെ ഇന്ത്യയെ നാണംകെടുത്തി എന്നാണ്.
ആഖ്യാനങ്ങൾ മാത്രം ഭക്ഷിച്ച് തൃപ്തിയടയുന്ന നാം ഇടക്കൊക്കെ പുറത്തുനിന്നുള്ള കാഴ്ചകൾകൂടി കണ്ടു മനസ്സിലാക്കുന്നത് നന്നായിരിക്കും.
