Begin typing your search above and press return to search.
proflie-avatar
Login

ചോദ്യം പ്രധാനമന്ത്രിയോട്; ഉത്തരം പറഞ്ഞത് മുഖ്യമന്ത്രി

ചോദ്യം പ്രധാനമന്ത്രിയോട്; ഉത്തരം പറഞ്ഞത് മുഖ്യമന്ത്രി
cancel
camera_alt

സബ്രീന സിദ്ദീഖ്

വാർത്തകളുടെ ഉള്ളടക്കത്തെപ്പറ്റിയല്ല മോദി അനുകൂലികളുടെ പ്രതികരണങ്ങൾ വന്നത്. അതേസമയം, സബ്രീനയുടെ ചോദ്യത്തിന്റെയും ഒബാമയു​ടെ അഭിമുഖത്തിന്റെയും മർമം കൂടുതൽ വ്യക്തതയോടെ ലോകമറിയാൻ അവ ​ഹേതുവായി.

പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ യു.എസ് സന്ദർശനം വാർത്തയിൽ ഇടംപിടിച്ചതിന് പല കാരണങ്ങളുണ്ട്. അവയിൽ ഒന്ന്, അദ്ദേഹം ഒരു വാർത്തസമ്മേളനത്തിൽ പ​ങ്കെടുത്തതാണ്.

പ്രധാനമന്ത്രി പദത്തിലെത്തി ഒമ്പത് വർഷമായിട്ടും വാർത്താ ലേഖകരെ അഭിമുഖീകരിച്ചിട്ടില്ലാത്ത മോദി വൈറ്റ്ഹൗസിൽ പ്രസിഡന്റ് ജോ ബൈഡനൊത്ത് മാധ്യമപ്രവർത്തകരെ കണ്ടു. മോദിയോട് ചോദിക്കാൻ ഒരേയൊരു അവസരമുണ്ടായിരുന്നു അമേരിക്കൻ മാധ്യമങ്ങളിലെ ഒരൊറ്റയാൾക്ക്. അവസരം കിട്ടിയത് വാൾസ്ട്രീറ്റ് ജേണലിന്റെ വൈറ്റ്ഹൗസ് റിപ്പോർട്ടർ സബ്രീന സിദ്ദീഖിക്കാണ്.

അവർ തൊടുത്ത ചോദ്യം ഇതായിരുന്നു: ലോകത്തെ ഏറ്റവും വലിയ ജനാധിപത്യ രാജ്യമെന്ന് അഭിമാനിക്കുന്ന നാടാണ് ഇന്ത്യയെങ്കിലും താങ്കളുടെ സർക്കാർ മതന്യൂനപക്ഷങ്ങളോട് വിവേചനം കാട്ടുന്നതായും വിമർശകരെ നിശ്ശബ്ദരാക്കാൻ നോക്കുന്നതായും അനേകം മനുഷ്യാവകാശ ഗ്രൂപ്പുകൾ പറയുന്നുണ്ടല്ലോ... താങ്കളും താങ്കളുടെ സർക്കാറും താങ്കളുടെ നാട്ടിൽ മുസ്‍ലിംകളുടെയും മറ്റു ന്യൂനപക്ഷങ്ങളുടെയും അവകാശ സംരക്ഷണത്തിന് എന്തെല്ലാം നടപടികളാണ് എടുക്കാനുദ്ദേശിക്കുന്നത്?

ഇതിന്റെ തലേന്ന് മുൻ അമേരിക്കൻ പ്രസിഡന്റ് ബറാക് ഒബാമ സി.എൻ.എന്നിലെ ക്രിസ്ത്യാൻ ആമൻ പുറിന് നൽകിയ ഒരു അഭിമുഖത്തിൽ ഇങ്ങനെ പറഞ്ഞു: ഞാനായിരുന്നെങ്കിൽ ഇന്ത്യയിലെ ന്യൂനപക്ഷങ്ങളുടെ സുരക്ഷാവിഷയം മോദിക്ക് മുമ്പാകെ ഉന്നയിക്കും. ന്യൂനപക്ഷ വേട്ട തുടരുന്നത് ഇന്ത്യയെ ശിഥിലമാക്കാനിടയാക്കും. അത് മുസ്‍ലിംകൾക്ക് മാത്രമല്ല, ഹിന്ദുക്കൾക്കും ദോഷം ചെയ്യും.

സബ്രീനയുടെ ചോദ്യവും ഒബാമയുടെ പ്രസ്താവനയും അതിവേഗം പ്രചരിച്ചു. രണ്ടും ഇന്ത്യയിലെ സംഘ്പരിവാർ വൃത്തങ്ങളെ ചൊടിപ്പിച്ചു. മോദിയുടെ സന്ദർശനത്തിന്റെ മറ്റു വശങ്ങളെ കവച്ചുവെക്കുന്ന തരത്തിൽ ഇത് രണ്ടും മാധ്യമങ്ങളിൽ പ്രാമുഖ്യം നേടുന്നതാണ് പിന്നീട് കണ്ടത്. അതാകട്ടെ, മോദിവിരുദ്ധരുടെ പ്രവർത്തനംകൊണ്ടല്ല, മോദി അനുകൂലികളുടെ രൂക്ഷമായ പ്രതികരണങ്ങൾ കാരണം.

നരേന്ദ്ര മോദിയും ജോ ബൈഡനും

വാർത്തകളുടെ ഉള്ളടക്കത്തെപ്പറ്റിയല്ല മോദി അനുകൂലികളുടെ പ്രതികരണങ്ങൾ വന്നത്. അതേസമയം, സബ്രീനയുടെ ചോദ്യത്തിന്റെയും ഒബാമയു​ടെ അഭിമുഖത്തിന്റെയും മർമം കൂടുതൽ വ്യക്തതയോടെ ലോകമറിയാൻ അവ ​ഹേതുവായി.

സബ്രീന അമേരിക്കയിൽ ജനിച്ച അമേരിക്കക്കാരിയാണ്. എങ്കിലും അവരുടെ പൂർവികർ ജനിച്ചത് ഇന്നത്തെ പാകിസ്താനിൽപെടുന്ന പ്രദേശത്താണ്. അതുകൊണ്ട്, ‘‘പാകിസ്താൻകാരി ഇന്ത്യയെ അധിക്ഷേപിച്ചു’’ എന്ന രീതിയിലാണ് സമൂഹമാധ്യമങ്ങളിൽ കുറെപേർ മോദിയോടുള്ള അവരുടെ ചോദ്യത്തെ വിശേഷിപ്പിച്ചത്. വ്യക്തിപരമായ അധിക്ഷേപങ്ങളും ഭീഷണികളുമൊക്കെ പതിവുപോലെ ഇറങ്ങി.

ഒബാമയെ ‘‘നേരിടാൻ’’ ആദ്യമിറങ്ങിയത് ഒരു മുഖ്യമന്ത്രിയാണ് – അസമിലെ ബി.ജെ.പി മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശർമ.

ഒബാമയുമായുള്ള അഭിമുഖം പുറത്തുവന്നതിന് പിന്നാലെ, ഇന്ത്യയിലെ ‘മോദി ഭക്ത’രെ ഉന്നമിട്ട് രോഹിണി സിങ് എന്ന ജേണലിസ്റ്റ് ട്വിറ്ററിൽ ഒരു പരിഹാസക്കുറിപ്പ് ഇട്ടിരുന്നു: ‘‘വികാരം വ്രണപ്പെടുത്തിയ ഒബാമക്കെതിരെ എഫ്.ഐ.ആർ ഫയൽ ചെയ്തില്ലേ? ഏതെങ്കിലും വിമാനത്തിൽനിന്ന് അദ്ദേഹത്തെ താഴെ ഇറക്കി അറസ്റ്റ് ചെയ്യാൻ വേണ്ടി അസം പൊലീസ് വാഷിങ്ടണിലേക്ക് വിട്ടിട്ടുണ്ടാവും.’’

ഇതിനോടുള്ള പ്രതികരണമെന്ന നിലക്കാണ് ഹിമന്തയുടെ ട്വീറ്റ്. അദ്ദേഹം കുറിച്ചു: ‘‘ഇന്ത്യയിൽതന്നെ ഉണ്ടല്ലോ കുറെ ഹുസൈൻ ഒബാമമാർ. അവരുടെ കാര്യം നോക്കിയിട്ടുമതി വാഷിങ്ടണിൽ പോകുന്ന കാര്യമാലോചിക്കാൻ. ഞങ്ങളുടെ ഈ മുൻഗണനപ്രകാരം അസം പൊലീസ് വേണ്ടത് ചെയ്തുകൊള്ളും.’’

ഒബാമ ക്രിസ്ത്യാനിയാണെങ്കിലും പേരിൽ ഒരു ഹുസൈൻ ഉള്ളത് പുറത്തെടുത്തിട്ടതിന്റെ ലക്ഷ്യം വ്യക്തം. ഇന്ത്യയിലെ മുസ്‍ലിംകളെ ശരിയാക്കിയശേഷം മറ്റിടങ്ങളിലേക്ക് പോകാം എന്നാണല്ലോ അസം മുഖ്യമന്ത്രി അർഥമാക്കിയത്.

അതോടെ സംഭവിച്ചത്, മോദിയുടെ വാക്കുകൾക്കും നാട്യങ്ങൾക്കും അർഥം നഷ്ടപ്പെട്ടു എന്നതാണ്.

ഇന്ത്യയിലെ മനുഷ്യാവകാശ ലംഘനങ്ങളെപ്പറ്റി പ്രധാനമന്ത്രി മോദിയോട് പ്രസിഡന്റ് ബൈഡൻ സംസാരിക്കാതിരുന്നതിനെ യു.എസ് മാധ്യമങ്ങൾ കുറ്റപ്പെടുത്തി – ടൈം മാഗസിൻ അടക്കം

ന്യൂനപക്ഷങ്ങളുടെ സുരക്ഷ ഉറപ്പാക്കാൻ എന്തെല്ലാം ചെയ്യും എന്ന പത്രപ്രവർത്തകയുടെ കൃത്യമായ ചോദ്യത്തിന് മോദി കൃത്യമായി മറുപടി പറഞ്ഞിരുന്നില്ല. ഇന്ത്യ ജനാധിപത്യ രാജ്യമാണെന്നും അമേരിക്കയുടേതെന്നപോലെ ഇന്ത്യയുടെ ഡി.എൻ.എയിലും ജനാധിപത്യമുണ്ടെന്നുമൊക്കെ ഒഴുക്കൻ മറുപടിയാണ് അദ്ദേഹം നൽകിയത്. ഉപചോദ്യങ്ങൾക്ക് അവസരമില്ലാതിരുന്നതിനാൽ മാധ്യമങ്ങൾക്ക് അവിടംകൊണ്ട് നിർത്താതെ വഴിയില്ലായിരുന്നു. എങ്കിലും ഇന്ത്യൻ പ്രധാനമന്ത്രി കൃത്യമായ ചോദ്യത്തിന് നേർക്കുനേരെ മറുപടി പറയാതെ വഴുതിമാറി എന്ന നിരീക്ഷണം പലരും നടത്തി.

ഇന്ത്യയിൽ ജാതിയുടെയോ മതത്തിന്റെയോ അടിസ്ഥാനത്തിൽ ഒരു വിവേചനവുമില്ല എന്ന് മോദി പറഞ്ഞിരുന്നു. സബ്രീനയെ ‘‘പാകിസ്താനി ഇസ്‍ലാമിസ്റ്റ്’’ ആക്കിയ സംഘ്പരിവാർ സമൂഹമാധ്യമ പോരാളികളും, ഒബാമയെ മുസ്‍ലിമാക്കുകയും മുസ്‍ലിംകളെ വകവരുത്തുമെന്ന അർഥത്തിൽ ട്വീറ്റ് ചെയ്യുകയും ചെയ്ത ഹിമന്ത ബിശ്വ ശർമയും മതിയായി, മോദിയുടെ അവകാശവാദം ലോകത്തിന് മുമ്പാകെ പൊളിച്ചുകാട്ടാൻ.

ഇന്ത്യയിൽ നടക്കുന്ന മത-ജാതി വിവേചനങ്ങളുടെ ഉദാഹരണങ്ങൾ കണ്ടെത്തി പരസ്യപ്പെടുത്താൻ ഒട്ടനേകം ആ​ഗോള മാധ്യമങ്ങൾക്ക് ഇത് പ്രേരകമായി. ഇന്ത്യയിലെ മാധ്യമങ്ങളും ഇതിൽ പങ്കുചേർന്നു.

ഗുജറാത്ത് വംശഹത്യ അടക്കമുള്ള വർഗീയ അതിക്രമങ്ങൾ അനുസ്മരിച്ചുകൊണ്ട് ന്യൂയോർക് ടൈംസ് എഴുതി: എല്ലാ കുഴപ്പങ്ങളെയും അടച്ച് നിഷേധിക്കുക എന്ന തന്ത്രമാണ് മോദി എക്കാലവും പയറ്റിയിട്ടുള്ളത്. ന്യൂയോർക്കർ, ലോസ് ആഞ്ജലസ് ടൈംസ്, അത്‍ലാന്റിക്, പൊളിറ്റികോ, വാഷിങ്ടൺ പോസ്റ്റ് തുടങ്ങിയ പത്രങ്ങൾ ഇന്ത്യയിലെ അവസ്ഥ മോശമാണെന്ന് ചൂണ്ടിക്കാട്ടുകയും അതിനുനേരെ കണ്ണടക്കുന്ന ജോ ബൈഡനെ വിമർശിക്കുകയും ചെയ്തു.

പൗരത്വ നിയമങ്ങൾ, ആൾക്കൂട്ട അതിക്രമങ്ങളും സർക്കാറുകളുടെ നിഷ്ക്രിയത്വവും, ആരാധനാലയങ്ങൾക്കു നേരെയുള്ള അക്രമങ്ങൾ, കശ്മീരിനോടുള്ള സമീപനം എന്നിങ്ങനെ വിവിധ ഉദാഹരണങ്ങൾ നിരത്തിക്കൊണ്ട് മാധ്യമങ്ങൾ ഫലത്തിൽ ഇന്ത്യൻ പ്രധാനമന്ത്രിക്ക് മറുപടി നൽകി.

ഇതിനെല്ലാം അടിവരയിട്ടു, ഒബാമയെപ്പറ്റിയും സബ്രീനയെപ്പറ്റിയും ഉയർന്ന അധിക്ഷേപങ്ങൾ. ചുരുക്കത്തിൽ മോദിയുടെ മറുപടി പൊള്ളയാണെന്ന് സ്ഥാപിക്കാൻ മതിയായ കാരണങ്ങൾ മോദിപക്ഷക്കാർതന്നെ മാധ്യമങ്ങൾക്ക് നൽകി. ഒമ്പതു വർഷത്തിനുശേഷം പ്രധാനമന്ത്രി മോദി നേരിട്ട ഒരേയൊരു ചോദ്യവും ഉത്തരവും തിരിച്ചടിക്കുന്നതാണ് കണ്ടത്.

കാണാതായ പണക്കാരും ഒട്ടും കാണാതെപോയ പാവങ്ങളും

ടൈറ്റാനിക് കപ്പലിന്റെ 110 വർഷം പഴക്കമുള്ള അവശിഷ്ടം കാണാൻ അത്‍ലാന്റിക് സമുദ്രത്തിന്റെ ആഴങ്ങളിലേക്ക് പോയ അഞ്ച് കോടീശ്വരന്മാർക്ക് ജീവൻ നഷ്ടപ്പെട്ടു. ‘ഓഷൻഗേറ്റ്’ കമ്പനിയുടെ ‘ടൈറ്റൻ’ പേടകത്തിലാണ്, കമ്പനി സി.ഇ.ഒ അടങ്ങുന്ന സംഘം യാത്രതിരിച്ചത്. കടലിന്റെ ആഴങ്ങളിൽവെച്ച് ഒരു അന്തഃസ്ഫോടനത്തിൽ ടൈറ്റൻ ചിന്നിച്ചിതറി.

ഈ ദുരന്തം ദിവസങ്ങളോളം ലോകമാധ്യമങ്ങൾക്ക് പ്രധാന വാർത്തയായിരുന്നു. അനേകം രാജ്യങ്ങൾ പ​ങ്കെടുത്ത രക്ഷാദൗത്യങ്ങളും പേടകത്തിലെ ഓക്സിജന്റെ അളവുവരെയുള്ള സൂക്ഷ്മ വിവരങ്ങളും തലക്കെട്ടുകൾ പിടിച്ചു.

ആ അഞ്ചുപേരുടെ മരണവും മഹാ വാർത്തതന്നെ.

പക്ഷേ അഞ്ചല്ല, എഴുനൂറോളം വരുന്ന അഭയാർഥികളുടെ ഒരു സംഘം ഒരാഴ്ച മുമ്പ് ഗ്രീസിനടുത്ത് മെഡിറ്ററേനിയൻ കടലിൽ ബോട്ടപകടത്തിൽ മരിച്ചത് എത്ര ചെറിയ വാർത്തയായിരുന്നു!

‘ടൈറ്റൻ’ ദൗത്യം അതിസമ്പന്നരുടേതായിരുന്നു. ആ പേടകത്തിന് സുരക്ഷാ സജ്ജീകരണങ്ങൾ കുറവായിരുന്നു. എന്നിട്ടും അവർ യാത്രക്കിറങ്ങിയത് സാഹസികതയും ഗവേഷണത്വരയുംകൊണ്ടു മാത്രമായിരുന്നില്ല – ‘ടൈറ്റാനിക് ടൂറിസ’മെന്ന നിലക്ക് കൂടിയായിരുന്നു. അതായത്, നിവൃത്തിയില്ലായ്മ അവർക്കുണ്ടായിരുന്നില്ല.

രണ്ടു മാസത്തോളമായി കലാപം തുടരുന്ന മണിപ്പൂരിനെ പ്രധാനമന്ത്രി അവഗണിക്കുന്നതായി വിമർശനമുയർന്നിട്ടുണ്ട്. സതീശ് ആചാര്യ വരച്ച കാർട്ടൂൺ

അഭയാർഥികളെ നയിച്ചത് നിവൃത്തികേടുതന്നെയായിരുന്നു. ജീവിതം മുന്നോട്ടുകൊണ്ടുപോകാൻ മറ്റുവഴിയില്ലാതെ, കുട്ടികളും വൃദ്ധരുമെല്ലാമടങ്ങുന്ന കുടുംബങ്ങൾ മനുഷ്യക്കടത്തുകാരുടെ ബോട്ടുകളിൽ തിങ്ങിനിറഞ്ഞ് യാത്ര ചെയ്തത് വിനോദത്തിനായിരുന്നില്ല.

അഭയാർഥി ബോട്ടുകളെ ആട്ടിയകറ്റാനാണ് പല രാജ്യങ്ങളും ശ്രമിക്കാറ്. ഗ്രീസിനടുത്ത് മറിഞ്ഞ ബോട്ടിനെ അവിടത്തെ കോസ്റ്റ്ഗാർഡ് പിന്തുടർന്നിരുന്നു. ബോട്ട് മറിയുന്ന സമയത്തും പിന്നാലെ അവരുണ്ടായിരുന്നു. അപകടസാധ്യതയുള്ള, ശേഷിയുടെ ഇരട്ടി മനുഷ്യരെ കയറ്റിയ ബോട്ടിനെ രക്ഷിക്കാനൊന്നും അവർക്ക് തോന്നിയില്ല.

ലോകത്തിന്റെ ​പൊതുബോധം അങ്ങനെയാണ്. അതിനെ രൂപപ്പെടുത്തുന്നത് മാധ്യമങ്ങളും. അതുകൊണ്ടാണ് അഞ്ച് കോടീശ്വരന്മാർ തുടർച്ചയായി ലീഡ് വാർത്തയാകുന്നതും എഴുനൂറ് പാവങ്ങൾ ഒറ്റക്കോളത്തിൽ ഒതുക്കപ്പെടുന്നതും.

Show More expand_more
News Summary - madhyamam weekly media scan