Begin typing your search above and press return to search.
proflie-avatar
Login

ഛായാപടങ്ങളുടെ പ്രളയജലത്തിൽ

ഛായാപടങ്ങളുടെ പ്രളയജലത്തിൽ
cancel

മഹാമാരിയുടെ മൂർധന്യവേളയിൽ, 2021 ആഗസ്റ്റ് 15നാണ് പുനലൂർ രാജേട്ടൻ വിടപറഞ്ഞത്. ഏതാനും മാസങ്ങൾക്കുശേഷം മലേഷ്യയിൽനിന്ന്​ രാജേട്ടന്റെ മകൾ ഡോ. പോപ്പി പഴയ ഒരു കോഴിക്കോടൻ സൗഹൃദത്തിന്റെ ഒരു ഗ്രൂപ് ഫോട്ടോ അയച്ചു തന്നു. രാജേട്ടനും ദാമോദരൻ മാഷും ഒന്നിച്ചുള്ള കാലത്തിന്റെ ഒരു സൗഹൃദചിത്രം. വർഷം 1970. അതിൽ ബാക്കിയുള്ളവരെ അറിയുമോ എന്നായിരുന്നു ചോദ്യം. ചിത്രത്തിലെ പല പേരുകളും ഇന്നിന്റെ ഓർമകൾക്ക് അപ്പുറത്തായിരുന്നു. മൺമറഞ്ഞ ഏതോ ചരിത്രത്തിലേക്കുള്ള പിടിവള്ളിയാകാം ആ ദൃശ്യം എന്നതുകൊണ്ട് അത് ഫേസ്ബുക്കിൽ പങ്കുവെച്ചു. അതുകണ്ട് പലരും വിളിച്ചു. സന്ദേശമയച്ചു. ഫോട്ടോയിൽ ഇടത്തേ അറ്റത്ത് നിൽക്കുന്നതാണ് പുനലൂർ രാജൻ....

Your Subscription Supports Independent Journalism

View Plans

മഹാമാരിയുടെ മൂർധന്യവേളയിൽ, 2021 ആഗസ്റ്റ് 15നാണ് പുനലൂർ രാജേട്ടൻ വിടപറഞ്ഞത്. ഏതാനും മാസങ്ങൾക്കുശേഷം മലേഷ്യയിൽനിന്ന്​ രാജേട്ടന്റെ മകൾ ഡോ. പോപ്പി പഴയ ഒരു കോഴിക്കോടൻ സൗഹൃദത്തിന്റെ ഒരു ഗ്രൂപ് ഫോട്ടോ അയച്ചു തന്നു. രാജേട്ടനും ദാമോദരൻ മാഷും ഒന്നിച്ചുള്ള കാലത്തിന്റെ ഒരു സൗഹൃദചിത്രം. വർഷം 1970. അതിൽ ബാക്കിയുള്ളവരെ അറിയുമോ എന്നായിരുന്നു ചോദ്യം.

ചിത്രത്തിലെ പല പേരുകളും ഇന്നിന്റെ ഓർമകൾക്ക് അപ്പുറത്തായിരുന്നു. മൺമറഞ്ഞ ഏതോ ചരിത്രത്തിലേക്കുള്ള പിടിവള്ളിയാകാം ആ ദൃശ്യം എന്നതുകൊണ്ട് അത് ഫേസ്ബുക്കിൽ പങ്കുവെച്ചു. അതുകണ്ട് പലരും വിളിച്ചു. സന്ദേശമയച്ചു.

ഫോട്ടോയിൽ ഇടത്തേ അറ്റത്ത് നിൽക്കുന്നതാണ് പുനലൂർ രാജൻ. തൊട്ടടുത്ത് അന്നത്തെ മാതൃഭൂമി ആഴ്ചപ്പതിപ്പിലെ വിഖ്യാത ചിത്രകാരൻ എ.എസ്. നായർ. അതിന്റെയടുത്തത് മിഠായിതെരുവിലെ കച്ചവടക്കാരൻ ബിച്ചാക്കയാണെന്ന് രാജേട്ടന്റെ ജീവിതപങ്കാളി തങ്കമണി ചേച്ചി അറിയിച്ചു. മുൻനിരയിൽ ആദ്യം പ്രഫ. പി.കെ. ശരത്കുമാറാണെന്ന് ‘മാതൃഭൂമി’ മുൻ ഡെപ്യൂട്ടി എഡിറ്റർ ഗോപി സാക്ഷ്യപ്പെടുത്തി. മുകളിലത്തെ നിലയിൽ ഇടത്തുനിന്നും ആറാമത് ടി. ദാമോദരൻ, ഏഴാമത് ടൂറിങ് ബുക്ക് സ്റ്റാൾ ഉടമ എൻ.ഇ. ബാലകൃഷ്ണമാരാർ. താഴെ ഇരിക്കുന്നവരിൽ വലത്തേ അറ്റത്ത് ‘മരം’ എന്ന പരിസ്ഥിതി മാഗസിന്റെ ഉപജ്ഞാതാവും മൂരിയാട്ടിലെ മരക്കച്ചവടക്കാരനുമായ വടേരി ഹസ്സൻ ആണെന്ന് നിശ്ചല ഛായാഗ്രാഹകൻ പി. മുസ്തഫ ഏകദേശം ഉറപ്പിച്ചു. ഇടത്തുനിന്നും ഒന്നാമത് പ്രഫ. പി.കെ. ശരത്കുമാർ, രണ്ടാമത് രാധാകൃഷ്ണക്കുറുപ്പ്, മൂന്നാമത്തേത് കറന്റ് ബുക്സ് മാനേജർ തോമസ്, അഞ്ചാമത് ഐ.ജി. ഭാസ്കരപ്പണിക്കർ, നാലാമത് ഡോ. ജിം ചാക്കോയാണെന്ന് ബാലു മേലേതിൽ തിരിച്ചറിഞ്ഞു.

ജിം ചാക്കോ അഞ്ചു പതിറ്റാണ്ട് സൂക്ഷിച്ചതുകൊണ്ട് മാത്രമാണ് ഈ ചിത്രം വെളിച്ചം കണ്ടത്. ‘‘നീന സ്റ്റുഡിയോയിൽ 1970ൽ നീന ബാലൻ എടുത്ത ചിത്രം. ഗുരുവായൂരപ്പൻ കോളജ് റിട്ട. പ്രഫസർ ജീം ചാക്കോയുടെ ശേഖരത്തിൽനിന്നും അയച്ചുതന്നത്. അദ്ദേഹത്തിനും ചാലപ്പുറത്തെ കൃഷ്ണേട്ടനും നന്ദി’’ എന്ന കുറിപ്പോടെ നീന ബാലന്റെ (1919-2008) മകൻ കെ. അനേഷ് കുമാർ ചിത്രം ഫേസ്ബുക്കിൽ പങ്കുവെച്ചപ്പോഴാണ് അത് പോപ്പി കണ്ട് എനിക്കയച്ചുതന്നത്.

 

എഴുപതുകളുടെ കോഴിക്കോടിന്റെ ഓർമകൾ ബാക്കിനിൽക്കുന്നവർ ആരെങ്കിലും ഉണ്ടെങ്കിൽ ഈ കൂട്ടായ്മക്ക് നിമിത്തം എന്തെന്ന് അറിയാനാവുമായിരുന്നു. എന്നാലത് കിട്ടിയില്ല. ചരിത്രവും ഇങ്ങനെയാണ്. അത് വിട്ടുപോയ കണ്ണികൾ കൊണ്ടുകൂടിയാണ് നിർമിക്കപ്പെടുന്നത്.

ആ ചിത്രത്തിന്റെ അപൂർണ അടിക്കുറിപ്പ് ഇങ്ങനെയാണ്: ഇടത്തുനിന്ന് (നിൽക്കുന്നവർ): 1. പുനലൂർ രാജൻ, 2. എ.എസ്. നായർ, 3. ബിച്ചാക്ക, 4. .... 5. ഹാഷിം, 6. ടി. ദാമോദരൻ, 7. എൻ.ഇ. ബാലകൃഷ്ണമാരാർ, 8...( ഇരിക്കുന്നവർ ): 1. പ്രഫ. പി.കെ. ശരത് കുമാർ. 2. രാധാകൃഷ്ണക്കുറുപ്പ്, 3. കറന്റ് തോമസ്, 4. ഡോ. ജിം. ചാക്കോ, 5. പ്രഫ. ഐ.ജി. ഭാസ്കരപ്പണിക്കർ, 6. വടേരി ഹസൻ [മറ്റാരെയും തെറ്റിപ്പോയിട്ടില്ലെങ്കിൽ രണ്ടുപേരെ ഇനിയും അറിയാനുണ്ട്]

റൊളാങ് ബാർത്തിന്റെ ഫോട്ടോഗ്രഫിയെക്കുറിച്ചുള്ള ഒരുൾക്കാഴ്ച ഓർക്കുന്നു: കാലം തുളുമ്പുന്ന ഏത് ഛായാപടത്തിലും നാം കാണുന്നത് ആ കാലത്ത് ആ ദൃശ്യം കണ്ട കണ്ണുകളെക്കൂടിയാണ്. ഈ ചിത്രം എടുത്ത കണ്ണുകൾ നീന ബാലേട്ടന്റേതാണ് എന്ന് അപ്പോൾ വിസ്മയത്തോടെ ഓർക്കാം. കോഴിക്കോടിന്റെ നിശ്ചല ഛായാഗ്രഹണ രംഗത്ത് ഏറ്റവും ദീർഘകാലം ഒരു കണ്ണായി നിന്ന മറ്റൊരു പ്രഫഷനൽ ഫോട്ടോഗ്രാഫർ വേറെയുണ്ടാകില്ല. 1937ൽ, തന്റെ പതിനെട്ടാം വയസ്സിൽ തുടങ്ങിയ ഛായാഗ്രഹണ കലയിൽ വന്ന നീന ബാലൻ 2008ൽ മരണം വരെയും കോഴിക്കോടിന്റെ സാന്നിധ്യമായിരുന്നു. നീണ്ട ഏഴ് പതിറ്റാണ്ടുകൾ. ബ്ലാക്ക് ആൻഡ് ചിത്രങ്ങളുടെ ഒരു ബൃഹദ് ശേഖരം ‘നീന’യിൽ ഇപ്പോഴും ഭദ്രമാണ്. അത് മിഠായിത്തെരുവിന്റെയും കോഴിക്കോടിന്റെയും കാണാചരിത്രമാണ്. നെഗറ്റിവിൽനിന്നും മോചിപ്പിക്കപ്പെട്ട് ഫോട്ടോ ആയി കാണപ്പെടുമ്പോഴേ അത് ഓർമയുടെ ഭാഗമാകൂ. ചരിത്രമാകൂ. മറവികൾ തിരുത്തപ്പെടൂ. അങ്ങനെയൊരു സമഗ്രശ്രമം ഇനിയും ഉണ്ടായിട്ടില്ല.

വെളിച്ചം കാണുന്നതുവരെ ഒരു ചിത്രവും ചരിത്രം പറയാറില്ല. ഫോട്ടോഗ്രാഫർമാരുടെ തിരഞ്ഞെടുപ്പുകൾതന്നെ എത്രയോ ചിത്രങ്ങളെയും ഇരുട്ടിലാഴ്ത്തുന്നുണ്ട്. നീന ബാലന്റെ ചിത്രശേഖരത്തിൽ ആരൊക്കെ ഏതൊക്കെ കാലമായി മറഞ്ഞിരിക്കുന്നുണ്ടെന്ന് ഇപ്പോഴും നമുക്കറിയില്ല.

 

പീതാംബർ സ്റ്റുഡിയോയുടെ ബൈലൈൻ ഉള്ള ചിത്രം -കാലം 1913. (ഫോട്ടോ ● ചെറൂളി കുട്ടി. കടപ്പാട്:  കൊയിലാണ്ടി ഡോട്ട് കോം)

പീതാംബർ സ്റ്റുഡിയോയുടെ ബൈലൈൻ ഉള്ള ചിത്രം -കാലം 1913. (ഫോട്ടോ ● ചെറൂളി കുട്ടി. കടപ്പാട്:  കൊയിലാണ്ടി ഡോട്ട് കോം)

നീന ബാലന്റെ ഗുരു ചെറൂളികുട്ടിയാണ് കോഴിക്കോടിന്റെ ആദ്യ ഫോട്ടോഗ്രാഫർമാരിൽ ഒരാൾ. അദ്ദേഹത്തിന്റെ കുട്ടീസ് പിക്ചർ പാലസിലാണ് നീന ബാലൻ ഫോട്ടോഗ്രാഫറായി ചേരുന്നത്, 1937ൽ. കുട്ടീസ് പിക്ചർ പാലസിൽ ടൈപ് റൈറ്റിങ് പഠിക്കാനെത്തിയ തന്റെ ബന്ധുവായ നീന ബാലൻ അവിടത്തെ ഫോട്ടോഗ്രാഫുകളുടെ പിറവിയിൽ ആകൃഷ്ടനായി നിൽക്കുന്നത് ശ്രദ്ധിച്ച ചെറൂളി കുട്ടി നീന ബാലനെ ഒപ്പം കൂട്ടുകയായിരുന്നു. അന്നൊക്കെ നല്ല സൂര്യവെളിച്ചമില്ലെങ്കിൽ ഫോട്ടോ എടുക്കാനാവില്ലായിരുന്നു. ഫോട്ടോ എടുക്കാൻ വരുന്നവരെ തിരിച്ചയക്കുകയാണ് ചെയ്യുക. ആ സ്ഥിതി പരിഷ്കരിച്ചാണ് കുട്ടീസ് പിക്ചർ പാലസ് പീതാംബർ ഇലക്ട്രിക് സ്റ്റുഡിയോ ആയി മാറുന്നത്. അതിന്റെ അക്കാലത്ത് പത്രങ്ങളിൽ വന്ന പരസ്യം ഇന്ന് ചരിത്രമാണ്.

നീന ബാലൻ എന്ന് വിക്കിപീഡിയയിൽ ചികഞ്ഞുനോക്കൂ. ആ നിർമിതചരിത്രത്തിൽ അദ്ദേഹം ഒരു പൊടി മാത്രം. സമൂഹമാധ്യമങ്ങളിൽ ആരാഞ്ഞാൽ ആകെ കിട്ടുക 1975ൽ ജി. അരവിന്ദൻ സംവിധാനംചെയ്ത ‘ഉത്തരായന’ത്തിൽ അദ്ദേഹം അഭിനയിച്ചിട്ടുണ്ട് എന്നുമാത്രമാണ്. അതും എം3ഡിബിയിൽ (മലയാളം മൂവീസ് ആൻഡ് മ്യൂസിക് ഡേറ്റാബേസ്) മാത്രം. ഒരു ഒറ്റവരി ചരിത്രം: ‘‘അഭിനേതാവും ഫോട്ടോഗ്രാഫറും കലാ സാംസ്കാരിക പ്രവർത്തകനുമാണ്’’ -തീർന്നു. അതാണ് ഇന്ന് നാം ആപത്തിന്റെ നിമിഷത്തിൽ കൈയെത്തിപ്പിടിക്കുന്ന ചരിത്രജ്ഞാനം.

 

നീന ബാലന് ഫോട്ടോഗ്രഫിയിൽ ദേശീയ പുരസ്കാരം കിട്ടിയ ചിത്രം

നീന ബാലന് ഫോട്ടോഗ്രഫിയിൽ ദേശീയ പുരസ്കാരം കിട്ടിയ ചിത്രം

കുട്ടീസ് പിക്ചർ പാലസ്, ചെറൂളികുട്ടി, പീതാംബർ സ്റ്റുഡിയോ എന്നൊക്കെ ചികഞ്ഞാലും വലിയ ഫലം കിട്ടില്ല. പീതാംബരേട്ടന്റെ മകൻ സി.പി. അനി ഇപ്പോഴും മിഠായിത്തെരുവിൽ പീതാംബർ സ്റ്റുഡിയോ നടത്തുന്നുണ്ട്. നീന സ്റ്റുഡിയോ ബാലേട്ടന്റെ മകൻ കെ. അനേഷ് കുമാറും കൊണ്ടുനടക്കുന്നു. ഡിജിറ്റൽ യുഗം പിറന്നപ്പോഴേ പഴയ സ്റ്റുഡിയോകൾ മിക്കതും വംശനാശം വന്നുകഴിഞ്ഞു. നെഗറ്റിവുകളിൽ നിന്നും ചിത്രങ്ങൾ കഴുകി ഉണക്കിയെടുത്തിരുന്ന ഡാർക്ക്റൂമുകൾ ഓർമയായി.

1962ലാണ് ചെറൂളി കുട്ടിയുടെ മരണം. മകൻ പീതാംബരൻ 1978ൽ പക്ഷാഘാതം വന്ന് കിടപ്പിലാകുന്നതുവരെ പീതാംബർ സ്റ്റുഡിയോ എന്നത് കോഴിക്കോടിന്റെ ചരിത്രത്തിൽ വലിയ സൗഹൃദ ശക്തികേന്ദ്രം കൂടിയായിരുന്നു. അഞ്ചു വർഷത്തോളം കിടപ്പിലായിരുന്നു. 1983ൽ പീതാംബരന്റെ മരണത്തോടെ രണ്ടു തലമുറ കാത്തുസൂക്ഷിച്ച ചിത്രശേഖരവും കാലത്തിലേക്ക് മറഞ്ഞു.

ഐ.വി. ശശി ‘അവളുടെ രാവുകൾ’ (1978) എടുത്ത കാലത്ത് കിടപ്പിലായിരുന്ന അച്ഛനെ ആത്മമിത്രമായിരുന്ന ടി. ദാമോദരൻ മാഷ് ഒരു കസേരയിൽ ഇരുത്തി സിനിമ കാണാൻ എടുത്തുകൊണ്ടുപോയത് പഴയ കോഴിക്കോടൻ സൗഹൃദത്തിന്റെ ഓർമയായി ഇപ്പോഴും അനിയുടെ മനസ്സിലുണ്ട്. ‘‘ഒരുകാലത്ത് പീതാംബർ സ്റ്റുഡിയോ എന്നാൽ, സിനിമക്കാരുടെയും എഴുത്തുകാരുടെയും താവളമായിരുന്നു. എന്നാൽ, അച്ഛൻ കിടപ്പിലായതോടെ എല്ലാം അപ്രത്യക്ഷമായി. കാത്തുസൂക്ഷിച്ച നെഗറ്റിവുകളുടെ ശേഖരം മഴവെള്ളം ചോർന്നൊലിച്ച് ഒട്ടിപ്പിടിച്ച് ഉപയോഗശൂന്യമായി’’ -മൂന്നാം തലമുറയിലെ ഫോട്ടോഗ്രാഫറായ അനി ഓർക്കുന്നു.

 

മാതൃഭൂമി സ്ഥാപക പത്രാധിപർ കെ.പി. കേശവമേനോൻ, പ്രധാനമന്ത്രി നെഹ്റുവിന്റെ കോഴിക്കോടൻ സന്ദർശനം (ഫോട്ടോ ●  നീന ബാലൻ)  

മാതൃഭൂമി സ്ഥാപക പത്രാധിപർ കെ.പി. കേശവമേനോൻ, പ്രധാനമന്ത്രി നെഹ്റുവിന്റെ കോഴിക്കോടൻ സന്ദർശനം (ഫോട്ടോ ●  നീന ബാലൻ)  

ഗൂഗിളിൽ ചികഞ്ഞപ്പോൾ 1913ൽ പീതാംബർ സ്റ്റുഡിയോയുടെ ബൈലൈൻ രേഖപ്പെടുത്തിയ ഒരു ഫോട്ടോ തപ്പിയെടുക്കാനായി. കൊയിലാണ്ടി ഡോട്ട് കോം എന്ന പ്രാദേശിക ചരിത്രം രേഖപ്പെടുത്തുന്ന ഒരു വെബ്സൈറ്റിലാണുള്ളത്. കൊയിലാണ്ടി പയ്യനാട് മുൻസിഫ് കോടതിക്ക് പുതിയ കെട്ടിടമുണ്ടായ വർഷമാണത്. മുൻസിഫും ജീവനക്കാരും ഒന്നിച്ച് കോടതിമുറ്റത്ത് നിൽക്കുന്ന ചിത്രം. ഒരു സ്ത്രീപോലും അക്കാലത്ത് കോടതിയുമായി ബന്ധപ്പെട്ട് ജോലി ചെയ്തിരുന്നില്ല എന്നതിന്റെ ചരിത്രസാക്ഷ്യമാണ് ഇന്നാ ചിത്രം. അഭിഭാഷകനായ കെ.ടി. ശ്രീനിവാസൻ ചെങ്ങോട്ട്കാവ് കീരൻകുന്നാരി ഗംഗാധരൻ നായരുടെ വീട്ടിൽനിന്നും ശേഖരിച്ചതാണിത്. അതിനിപ്പോൾ 110 വയസ്സായി. ഒരുപക്ഷേ കോഴിക്കോടിന്റെ ഫോട്ടോ ഇതിഹാസം ചെറൂളി കുട്ടി എടുത്തതിൽ അവശേഷിക്കുന്ന ഏക ചിത്രം.

 

വൈക്കം മുഹമ്മദ് ബഷീർ കല്ലായിപ്പുഴയോരത്ത് (ഫോട്ടോ ●  നീന ബാലൻ)

വൈക്കം മുഹമ്മദ് ബഷീർ കല്ലായിപ്പുഴയോരത്ത് (ഫോട്ടോ ●  നീന ബാലൻ)

1919ലാണ് നീന ബാലന്റെ ജനനം. 1937ൽ, തന്റെ 18ാം വയസ്സിൽ കുട്ടീസ് പിക്ചർ പാലസിൽ ഫോട്ടോഗ്രാഫറായി രണ്ടുവർഷം അവിടെ പണിയെടുത്ത് ഫോട്ടോഗ്രഫി പഠിക്കാൻ അദ്ദേഹം ബോംബെക്ക് പോയി. തന്റെ അച്ഛച്ഛൻ ചെറൂളികുട്ടിയാണ് നീന ബാലനെ മുംബൈക്ക് അയച്ചതെന്ന് അച്ഛൻ പറഞ്ഞു കേട്ടിട്ടുണ്ടെന്ന് പീതാംബരേട്ടന്റെ മകൻ അനി ഓർക്കുന്നു. മൂന്നുവർഷം ബോംബെയിൽനിന്നും മോഡേൺ ഫോട്ടോഗ്രഫി പഠിച്ച് 1942ൽ കോഴിക്കോട്ട് തിരിച്ചെത്തി. വന്നത് കുട്ടീസ് പിക്ചർ പാലസിലേക്ക് തന്നെയായിരുന്നു.

1942 എന്നാൽ ക്വിറ്റ് ഇന്ത്യാ സമരം കത്തിയാളിയ കാലമാണ്. മാതൃഭൂമി അന്ന് സ്വാതന്ത്ര്യ സമരത്തിന്റെ നെടുനായകത്വം വഹിച്ചിരുന്നു. സ്വന്തമായി ഫോട്ടോഗ്രാഫറെ നിയമിക്കുന്ന അവസ്ഥയിലേക്ക് മാതൃഭൂമി എത്തുന്നത് പിന്നെയും വർഷങ്ങൾ കഴിഞ്ഞാണ്. അതുവരെ സ്വന്തമായി കാമറ ഉള്ളവരെ അതത് സന്ദർഭത്തിൽ വാടകക്ക് എടുക്കുന്നതായിരുന്നു അക്കാലത്തെ പതിവുരീതി.

ബോംബെയിൽ പോകുന്നതിനുമുമ്പ്, 1937 കാലത്തുതന്നെ കുട്ടീസ് പിക്ചർ പാലസിനുവേണ്ടി നീന ബാലൻ മാതൃഭൂമിക്കായി ഫോട്ടോ എടുത്ത് കൊടുക്കാറുണ്ടായിരുന്നു. ബോംബെയിൽനിന്നും തിരിച്ചെത്തിയപ്പോഴും അത് തുടർന്നു. നെഹ്റുവിന്റെ കോഴിക്കോടൻ സന്ദർശനവും എ.കെ.ജിയുടെയും ഇ.എം.എസിന്റെയും പ്രസംഗവുമൊക്കെ അങ്ങനെ നീന ബാലേട്ടന്റെ കാമറക്കണ്ണുകൾ കണ്ടു.

 

കോഴിക്കോടൻ പ്രസംഗങ്ങൾ -എ.കെ.ജി, ഇ.എം.എസ് (ഫോട്ടോ ●  നീന ബാലൻ)

കോഴിക്കോടൻ പ്രസംഗങ്ങൾ -എ.കെ.ജി, ഇ.എം.എസ് (ഫോട്ടോ ●  നീന ബാലൻ)

1928ലാണ് ബോംബെയിൽ ആദ്യത്തെ മോഡേൺ ഫോട്ടോഗ്രഫി സ്റ്റുഡിയോ ആയ ഹാമിൽട്ടൺ സ്റ്റുഡിയോ തുറക്കുന്നത് എന്ന് സമൂഹമാധ്യമങ്ങളിൽ കാണാം. എന്നാൽ, അവിടെയാണോ നീന ബാലേട്ടൻ പഠിച്ചത് എന്നറിയില്ല. കോഴിക്കോട്ടെത്തി അധികം വൈകാതെ 1942ൽ തന്നെ ഉണ്ണിമേനോൻ മിഠായിത്തെരുവിൽ അത്യാധുനിക സൗകര്യങ്ങളോടെ നാഷനൽ സ്റ്റുഡിയോക്ക് തുടക്കമിട്ടപ്പോൾ നീന ബാലൻ അവിടെ ഫോട്ടോഗ്രാഫറായി. നീന ബാലൻ തന്നെയായിരുന്നു അതിനു പിറകിലെ പ്രേരകശക്തി. അക്കാലവും കഴിഞ്ഞാണ് നീന സ്റ്റുഡിയോ സ്ഥാപിച്ച് സ്വതന്ത്രനാകുന്നത്.

1925ലാണ് കോഴിക്കോട്ടെ ആദ്യത്തെ തിയറ്റർ ആയി ക്രൗൺ രംഗത്തുവരുന്നത്. 1928ൽ ആദ്യ മലയാള സിനിമയായ ജെ.സി. ഡാനിയേലിന്റെ ‘വിഗതകുമാരൻ’ തിയറ്ററിലെത്തി. കോഴിക്കോടിന്റെ ചരിത്രത്തിന്റെ അവിഭാജ്യഭാഗമായ മറ്റൊരു സ്റ്റുഡിയോ സംവിധായകനും കോഴിക്കോടൻ സിനിമയുടെ പിതാവുമായ എ. വിൻസന്റ് മാഷിന്റെ (1928-2015) അച്ഛൻ ജോർജ് വിൻസന്റ് സ്ഥാപിച്ച ചിത്ര സ്റ്റുഡിയോ ആയിരുന്നു. 1954 ൽ ‘നീലക്കുയിലി’ന്റെ ഛായാഗ്രാഹകനാകും മുമ്പ് തെലുങ്ക് സിനിമയിലാണ് അദ്ദേഹം ഭാഗ്യപരീക്ഷണം തുടങ്ങിയത്. 1947ലാണ് 19ാം വയസ്സിൽ വിൻസന്റ് മാഷ് മദിരാശി ജെമിനി സ്റ്റുഡിയോവിൽ ഛായാഗ്രഹണ ജീവിതം തുടങ്ങിയത്. 1953ൽ ഭരണി സ്റ്റുഡിയോ സഹസ്ഥാപകനായ ടി. രാമകൃഷ്ണ റാവു നിർമിച്ച ‘ബ്രടുക്കു തെരുവ്’ (1953) വഴി സ്വതന്ത്ര ഛായാഗ്രഹകനായി. വൈക്കം മുഹമ്മദ് ബഷീറിനെ തിരക്കഥാകൃത്താക്കിയ ‘ഭാർഗവീനിലയം’ (1964), എം.ടി. വാസുദേവൻ നായരെ തിരക്കഥാകൃത്താക്കിയ ‘മുറപ്പെണ്ണ്’ (1965) എന്നീ സിനിമകളിലൂടെ വിൻസന്റ് മാസ്റ്റർ മലയാള സിനിമയിലെ കോഴിക്കോടൻ സ്കൂളിനാണ് അടിത്തറ പാകിയത്.

ഫോട്ടോഗ്രാഫർ പീതാംബരന്റെ ആത്മമിത്രമെന്ന നിലക്ക് ഫോട്ടോഗ്രഫിയിലും ദാമോദരൻ മാഷ് കൈവെച്ച കാലമാണ്. അന്നത്തെ ഒളവണ്ണയിലെ കാളപൂട്ട് ദാമോദരൻ മാഷ് മാതൃഭൂമി ആഴ്ചപ്പതിപ്പിനുവേണ്ടി ഫോട്ടോ ഫീച്ചർ ചെയ്യുന്നുണ്ട്, എം.ടി പത്രാധിപരായിരുന്ന കാലത്ത്. ഒളവണ്ണയിലെ ദാമോദരൻ മാഷിന്റെ ബന്ധുവീടായ മാമിയിൽ തറവാട് വീട്ടിലെ പാടത്ത് കൃഷിയിറക്കുന്നതിനോടനുബന്ധിച്ചാണ് കാളപൂട്ട് ഉത്സവം നടക്കുന്നത്. മാമിയിൽ വീട് കോഴിക്കോടൻ സൗഹൃദങ്ങളുടെയും ഒരു താവളംകൂടിയായി മാറി. കാളപൂട്ട് വിൻസന്റ് മാഷിന്റെ ‘മുറപ്പെണ്ണ്’ (1964) സിനിമയുടെയും ഭാഗമാകുന്നത് അതിന്റെ തുടർച്ചയായാണ്. മാമിയിൽ തറവാട് വീട്ടിലും ‘മുറപ്പെണ്ണി’ന്റെ ചിത്രീകരണം നടന്നു. അതിന്റെ നിശ്ചല ദൃശ്യങ്ങൾ പകർത്തിയത് അപ്പോഴേക്കും കോഴിക്കോടൻ കൂട്ടായ്മയിലെത്തിയ പുനലൂർ രാജേട്ടനായിരുന്നു. ആര് എന്ത് ഫോട്ടോ എടുത്താലും സ്റ്റുഡിയോ സഹായമില്ലാതെ ഒന്നും വെളിച്ചം കാണില്ല. അതുകൊണ്ടുതന്നെ പീതാംബർ സ്റ്റുഡിയോ, നീന സ്റ്റുഡിയോ, ചിത്ര സ്റ്റുഡിയോ, നാഷണൽ സ്റ്റുഡിയോ എന്നിവ കോഴിക്കോടൻ സാംസ്കാരിക കൂട്ടായ്മയുടെയും താങ്ങും തണലുമായി നിന്നു എന്നത് ചരിത്രമാണ്.

 

എസ്.കെ. പൊറ്റെക്കാട്ട്  (ഫോട്ടോ ●  നീന ബാലൻ)

എസ്.കെ. പൊറ്റെക്കാട്ട് (ഫോട്ടോ ●  നീന ബാലൻ)

1963ലാണ് പുനലൂർ രാജൻ കോഴിക്കോട്ടെത്തുന്നത്. എന്നാൽ, അതിനു മുമ്പത്തെ ബഷീറിനെ ഏറ്റവും കൂടുതൽ അടയാളപ്പെടുത്തിയത് നീന ബാലൻ ആണെന്ന് പലർക്കുമറിയില്ല. എത്രയോ കാലം അതെല്ലാം പുനലൂർ രാജൻ ചിത്രങ്ങളായാണ് കരുതിപ്പോന്നത്. കല്ലായിപ്പുഴയോരത്തെ ബഷീറും കുടുംബവും നീന ബാലന്റെ പ്രശസ്തമായ രചനകളിൽ ഒന്നാണ്. ‘‘അച്ഛന്റെ ഓർമച്ചിത്രശേഖരം മുൻനിർത്തി കോഴിക്കോടിന്റെ ഒരു പുസ്തകം തയാറാക്കാനുള്ള ഒരുക്കത്തിലാണ്’’ -ബാലേട്ടന്റെ മകൻ കെ. അനേഷ് കുമാർ പറഞ്ഞു. അച്ഛന്റെ ബ്ലാക്ക് ആൻഡ് നെഗറ്റിവുകളുടെ വലിയൊരു ശേഖരം കേടുകൂടാതെ സംരക്ഷിക്കാൻ ആ ചിത്രങ്ങളുടെ മൂല്യമറിയുന്ന ഫോട്ടോഗ്രാഫർകൂടിയായ അനേഷിന് കഴിഞ്ഞിട്ടുണ്ട്.

നമുക്ക് പബ്ലിക് ലൈബ്രറികളുണ്ട്. എന്നാൽ, പഴയ ഫോട്ടോഗ്രാഫുകൾ വീണ്ടും കാണാനോ ചികയാനോ ഒരു പൊതുസംവിധാനം നമുക്കില്ല. ബ്ലാക്ക് ആൻഡ് വൈറ്റ് ഫോട്ടോഗ്രഫിയുടെ മരണത്തോടെ അപ്രത്യക്ഷമായത് കോഴിക്കോടിന്റെ പഴയ മുഖവും പഴയ മനുഷ്യരുമാണ്. നെഗറ്റിവുകൾ ഒട്ടിപ്പിടിച്ച് നഷ്ടപ്പെട്ട ലോകം തിരിച്ചെടുക്കാനാവാത്തതാണ്. സംരക്ഷിക്കപ്പെട്ട നെഗറ്റിവുകൾ ഇപ്പോഴും സ്വകാര്യ ഇടങ്ങളിലാണ്. ഫോട്ടോഗ്രാഫർമാർക്കൊപ്പം അവരെടുത്ത ചിത്രങ്ങളും അപ്രത്യക്ഷമാകുന്നു എന്നത് ഒരു ദുരന്തമാണ്. മറയുന്നത് ഒരു കാലമാണ് എന്നുപോലും ഓർക്കപ്പെടാറില്ല. ഓർമയുടെ അതിരുകൾ മായുമ്പോൾ ചരിത്രവും അതിനനുസരിച്ച് മായും.

(തുടരും)

News Summary - Madhyamam weekly colums