Begin typing your search above and press return to search.
proflie-avatar
Login

അടൂർ ഭാസി, നെടുമുടി, ഭീമൻ രഘു

അടൂർ ഭാസി, നെടുമുടി, ഭീമൻ രഘു
cancel

തീർത്തും ആകസ്​മികമായാണ് നെടുമുടി വേണുവിനെ പരിചയപ്പെടുന്നത്. ഞാൻ കോട്ടയം ഈസ്റ്റ് പൊലീസ്​ സ്റ്റേഷനിൽ എസ്​.ഐയാണ്. വൈ.എം.സി.എയിലെ സുഹൃത്ത് കോട്ടയം ആര്യാട്ടുപറമ്പിലെ ബിനോയ് ഒരാളെയും കൂട്ടി സ്റ്റേഷനിൽ പാഞ്ഞെത്തി. ‘‘ഒരു മണിക്കൂർ നേരത്തേക്ക് എസ്​.ഐയുടെ യൂനിഫോം വേണം.’’ കൂടെയുള്ളയാൾ നെടുമുടി വേണുവായിരുന്നു. അദ്ദേഹത്തി​ന്റെ ആദ്യ സിനിമയാണെന്നാണ് കേട്ടത്. ജോൺ എബ്രഹാം സംവിധാനം ചെയ്യുന്ന ‘ചെറിയാച്ച​ന്റെ ക്രൂരകൃത്യങ്ങൾ’. നെടുമുടി നാടകനടൻ എന്നനിലയിൽ മാത്രം അറിയപ്പെട്ടിരുന്ന കാലം. ജോണി​ന്റെ ചിത്രത്തിൽ നെടുമുടിക്ക് എസ്​.ഐയുടെ റോൾ ആണ്. അടൂർ ഭാസിയാണ് ചെറിയാച്ചൻ. ചെറിയാച്ചനെ ഒരു തെങ്ങിനു മുകളിൽ...

Your Subscription Supports Independent Journalism

View Plans

തീർത്തും ആകസ്​മികമായാണ് നെടുമുടി വേണുവിനെ പരിചയപ്പെടുന്നത്. ഞാൻ കോട്ടയം ഈസ്റ്റ് പൊലീസ്​ സ്റ്റേഷനിൽ എസ്​.ഐയാണ്. വൈ.എം.സി.എയിലെ സുഹൃത്ത് കോട്ടയം ആര്യാട്ടുപറമ്പിലെ ബിനോയ് ഒരാളെയും കൂട്ടി സ്റ്റേഷനിൽ പാഞ്ഞെത്തി. ‘‘ഒരു മണിക്കൂർ നേരത്തേക്ക് എസ്​.ഐയുടെ യൂനിഫോം വേണം.’’

കൂടെയുള്ളയാൾ നെടുമുടി വേണുവായിരുന്നു. അദ്ദേഹത്തി​ന്റെ ആദ്യ സിനിമയാണെന്നാണ് കേട്ടത്. ജോൺ എബ്രഹാം സംവിധാനം ചെയ്യുന്ന ‘ചെറിയാച്ച​ന്റെ ക്രൂരകൃത്യങ്ങൾ’. നെടുമുടി നാടകനടൻ എന്നനിലയിൽ മാത്രം അറിയപ്പെട്ടിരുന്ന കാലം. ജോണി​ന്റെ ചിത്രത്തിൽ നെടുമുടിക്ക് എസ്​.ഐയുടെ റോൾ ആണ്. അടൂർ ഭാസിയാണ് ചെറിയാച്ചൻ. ചെറിയാച്ചനെ ഒരു തെങ്ങിനു മുകളിൽ കയറ്റി ഇരുത്തി ഷൂട്ടിങ് തുടങ്ങിയപ്പോഴാണ് ജോൺ എബ്രഹാമിന് ഓർമവന്നത് ചെറിയാച്ചനെ തെങ്ങിൻ മുകളിൽനിന്ന് ഇറക്കി അറസ്റ്റ് ചെയ്യേണ്ട എസ്​.ഐ ആയി അഭിനയിക്കുന്ന നെടുമുടിക്ക് യൂനിഫോം ഇല്ലെന്ന്.

കോട്ടയത്ത് താഴത്തങ്ങാടിയിലാണ് ഷൂട്ടിങ്. നെടുമുടി യൂനിഫോമിട്ട് ചെല്ലാതെ ജോൺ അടൂർ ഭാസിയെ തെങ്ങിൻ മുകളിൽനിന്ന് ഇറക്കില്ല. എങ്ങനെയും സഹായിക്കണം. ബിനോയ് പറഞ്ഞു. ഞാൻ ഇട്ടിരിക്കുന്ന യൂനിഫോം ഊരിക്കൊടുക്കാൻ കഴിയില്ലല്ലോ? അന്നു ഞാൻ കാരാപ്പുഴയിലാണ് താമസം. അങ്ങോട്ടുവരാൻ പറഞ്ഞു.

ഞാൻ എത്ര നിർബന്ധിച്ചിട്ടും നെടുമുടി വേണു വീട്ടിൽ കയറിയില്ല. ‘‘വേണ്ട, ഞാൻ ഇവിടെനിന്നോളാം. യൂനിഫോം കിട്ടിയാൽ മതി.’’ യൂനിഫോമും വാങ്ങി നെടുമുടിയും ബിനോയിയും പോയി. പിന്നീട് നെടുമുടി അറിയപ്പെടുന്ന നടനായശേഷം ഞങ്ങൾ സൗഹൃദം പുതുക്കി. എം.ജി. രാധാകൃഷ്ണൻ ചേട്ട​ന്റെ മേടയിൽ വീടി​ന്റെ മട്ടുപ്പാവിൽ ജലസേചനവും നാടൻപാട്ടും മൃദംഗവുമൊക്കെയായി ഞങ്ങൾ പലതവണ ഒത്തുകൂടി. മരണത്തിന് ഏതാനും മാസങ്ങൾക്കുമുമ്പ് നെടുമുടി കോട്ടയത്ത് ഒളശ്ശയിൽ വിജയരാഘവ​ന്റെ വീട്ടിലെത്തി. അന്നാണ് ഞങ്ങൾ അവസാനം കണ്ടത്.

 

ഭീമൻ രഘുവുമൊത്ത്ഗാനമേള

ഭീമൻ രഘു ഭീമനാകുംമുമ്പ് വെറും രഘുവായിരുന്നപ്പോൾ ഉടലെടുത്തതാണ് ഞങ്ങളുടെ സൗഹൃദം. പൊലീസ്​ െട്രയ്നിങ് കാലഘട്ടമായിരുന്നു അത്. രഘു പേരൂർക്കട എസ്​.എ.പി ക്യാമ്പിലും ഞാൻ ജഗതി പൊലീസ്​ െട്രയ്നിങ് കോളജിലും സബ് ഇൻസ്​പെക്ടർമാരാകാൻ പരിശീലനം നടത്തുന്നു. ഞായറാഴ്ചകളിൽ രഘു ഞങ്ങളുടെ ക്യാമ്പിൽ എത്തും. നടൻ ജയനെ അനുകരിക്കുകയാണ് അന്നു രഘുവി​ന്റെ പ്രധാന വിനോദം.

ഞങ്ങൾ രണ്ടുപേരും മസിൽമാൻമാരും ഭക്ഷണപ്രിയരുമായിരുന്നു. ഒരുനാൾ ഞങ്ങൾ രണ്ടുപേരുംകൂടി തിരുവനന്തപുരത്ത് റെയിൽവേ റിട്ടയറിങ് റൂമിൽ താമസമൊരുക്കി. രാത്രിയായപ്പോൾ റൂം ബോയിയെ വിളിച്ച് താഴത്തെ തട്ടുകടയിൽനിന്ന് ആഹാരത്തിന് ഓർഡർ കൊടുത്തു. ‘‘നൂറു ദോശ, പത്ത് ഓംലെറ്റ്, ഒരു തൊട്ടി ചമ്മന്തി.’’ റൂം ബോയ് അന്ധാളിച്ചുനിൽക്കുകയാണ്. ‘‘സാറന്മാർ രണ്ടാളുമല്ലാതെ ഇനി വല്ലവരും വരാനുണ്ടോ?’’ അവൻ മുറിയിലേക്ക് സൂക്ഷിച്ചുനോക്കി നിൽക്കുകയാണ്.

ഞങ്ങൾ പറഞ്ഞു: ‘‘നീ കൂടുതലൊന്നും തിരക്കേണ്ട. പോയി വാങ്ങിച്ചുകൊണ്ടുവരുന്നതിനു ബുദ്ധിമുട്ടുണ്ടോ?’’

‘‘ഇല്ല സർ, ഉടൻ വരാം.’’ അവൻ പോയി. ഈ കഥ പല വേദികളിലും പിന്നീട് ചർച്ചയായി. കഥ കേട്ട എൻ.എൽ. ബാലകൃഷ്ണൻപോലും ഞെട്ടി.

െട്രയ്നിങ് കഴിഞ്ഞ് ഞങ്ങൾ രണ്ടുപേരും ജോലിയിൽ പ്രവേശിച്ചു. കുറച്ചുകാലം കഴിഞ്ഞു. രഘുവിന് തിരുവനന്തപുരം വിമാനത്താവളത്തിലാണ് ഡ്യൂട്ടി. ഒരുദിവസം രഘു വളരെ സന്തോഷത്തോടെ എന്നെ കാണാൻ വന്നു. ‘‘എടാ, ഞാൻ സിനിമയിൽ അഭിനയിക്കാൻ പോകുകയാണ്.’’ ആദ്യം ഞാൻ വിശ്വസിച്ചില്ല. കാരണം, അഭിനയവും രഘുവും രണ്ടു തട്ടിലാണ്. ജയനെ അനുകരിച്ചിരുന്നതൊക്കെ ശരി. പക്ഷേ, സിനിമാ അഭിനയം വ്യത്യസ്​തമാണല്ലോ.

കാലം കടന്നുപോയി. എസ്​.ഐ രഘു ഭീമൻ രഘുവെന്ന് അറിയപ്പെടുന്ന ചലച്ചിത്ര താരമായി. ഇട​ക്കൊക്കെ കാണാൻ എത്തും. പലപ്പോഴും ഹ്രസ്വ സന്ദർശനം. ഞാൻ ചെങ്ങന്നൂർ ഡിവൈ.എസ്.​പി ആയിരുന്നപ്പോൾ എ​ന്റെ ഭരണാതിർത്തിയിലായിരുന്നു രഘുവി​ന്റെ വീട്. രഘു വീട്ടിൽ ഉള്ളപ്പോഴൊക്കെ ഞങ്ങൾ വീട്ടിൽ കണ്ടുമുട്ടും. രഘുവി​ന്റെ മക്കളുടെ വിവാഹങ്ങളിൽ ഞാൻ കുടുംബസമേതം പങ്കെടുത്തു. പക്ഷേ, അഭിനയത്തിരക്കു കാരണം എ​ന്റെ മക്കളുടെ വിവാഹത്തിന് രഘുവിന് എത്താൻ കഴിഞ്ഞില്ല. എന്തെങ്കിലും സാധ്യതയുണ്ടായിരുന്നെങ്കിൽ രഘു വരാതിരിക്കില്ലെന്ന് എനിക്കറിയാം.

തിരുവനന്തപുരത്ത് പങ്കജ് ഹോട്ടലിലും മറ്റും സമ്മേളിക്കുമ്പോൾ എനിക്കും രഘുവിനുമൊപ്പം ഞങ്ങളുടെ സുഹൃത്ത് രമേശും കാണുക പതിവായിരുന്നു. ഇടക്ക് രമേശി​ന്റെ വീട്ടിൽ ഞാൻ എത്തുമ്പോൾ ഞങ്ങൾക്കു സമീപം നിന്നു കഥകൾ കേൾക്കുന്ന നിക്കറിട്ടൊരു പയ്യനായിരുന്നു രമേശി​ന്റെ മകൻ മിഥുൻ. ഇപ്പോൾ അറിയപ്പെടുന്ന ആങ്കറും റേഡിയോ ജോക്കിയുമാണ് മിഥുൻ രമേശ്. ഇന്നു ഞാനും കുടുംബവും രമേശി​ന്റെ ഓർമകൾ താലോലിക്കുന്നത് മിഥുനിലൂടെയാണ്.

ഭീമൻ രഘു സിനിമയിൽ എത്തിയ കാലം. രഘു ഈരാറ്റുപേട്ടയിലെ ക്ഷേേത്രാത്സവത്തിന് ഒരു ഗാനമേളക്ക് സമ്മതിച്ചു. സംഘാടകരിൽനിന്ന് കാശും വാങ്ങി. രഘു അത്ര വലിയ പാട്ടുകാരനൊന്നുമല്ല. എന്നെവിളിച്ചു. ‘‘എടാ, നീയും കൂടെ വന്നു പാടണം.’’ പൊലീസ്​ ഓഫിസറായ ഞാനെങ്ങനെയാണ് ക്ഷേേത്രാത്സവത്തിന് ഗാനമേളയിൽ ഭാഗഭാക്കാകുന്നത്?

രഘു കാശു വാങ്ങിയതുകൊണ്ടും ഒരുവീതം എനിക്കു തരാമെന്നു പറഞ്ഞിരുന്നതിനാലും ഞാൻ സമ്മതിച്ചു. ഞാൻ ആരെന്ന് വെളിപ്പെടുത്താതെ ഗായകനായി സ്റ്റേജിൽ കയറി. രഘുവിനൊപ്പമെത്തിയ ഏതോ ഗായകൻ എന്നേ ഭക്തജനങ്ങൾ കരുതിയുള്ളൂ.

ഗാനമേള തുടങ്ങി. ഞങ്ങൾ തകർത്തു പാടുകയാണ്. ഒാർക്കസ്​ട്രയും ഗംഭീരം. ആളുകൾ ആസ്വദിക്കുന്നുണ്ട്. ഞങ്ങൾക്ക് ആവേശമായി. പക്ഷേ, പെട്ടെന്ന് സദസ്സി​ന്റെ പിന്നറ്റത്ത് അടിപിടി തുടങ്ങി. ആളുകൾ രണ്ടു സംഘമായി അടിക്കുന്നു. അടിച്ചടിച്ച് പിന്നിൽനിന്നു സ്റ്റേജിനടുത്തെത്തി. പലരും നല്ല ലഹരിയിലുമാണെന്ന് വ്യക്തം. അടി മൂത്ത് സ്റ്റേജിലേക്കു കയറിയാൽ ഞങ്ങൾക്കും അടി കിട്ടും. അടി സ്റ്റേജിനടുത്തെത്തിയപ്പോൾ ഞങ്ങൾ പറഞ്ഞു.

‘‘ഇനി അടി പിന്നിലേക്ക് പോകട്ടെ.’’ മുന്നിൽ മൈക്കുള്ളതൊക്കെ ഞങ്ങൾ മറന്നു. ഞങ്ങൾ പറഞ്ഞത് കേട്ടിട്ടോ എന്തോ അടി സ്റ്റേജിനു തൊട്ടു മുന്നിൽനിന്ന് പിന്നോട്ടായി. ഏതാനും നിമിഷം ഇതു കണ്ടുനിന്ന ശേഷം ഞങ്ങൾ സ്റ്റേജിൽനിന്നു രക്ഷപ്പെട്ടു. പിന്നീടാണ് അറിയുന്നത് ഈ ക്ഷേത്രത്തിൽ എല്ലാ വർഷവും ഉത്സവത്തിന്​ കൂട്ടയടി പതിവാണെന്ന്.

പാലാ സ്റ്റേഷനിൽ എസ്​.ഐ ആയിരിക്കുമ്പോൾ സസ്​പെൻഷൻ ലഭിച്ച കാര്യം ഞാൻ മുമ്പ് സൂചിപ്പിച്ചിരുന്നല്ലോ. അന്ന് എം.കെ. ജോസഫാണ്​ ഡി.ജി.പി. വോളിബാൾ താരങ്ങളായ ഡോ. ജോർജ് മാത്യുവിനെയും മാണി സി. കാപ്പനെയും കൂട്ടി ഞാൻ തിരുവനന്തപുരത്ത് ജോസഫ് സാറിനെ കാണാൻ പോയി. സാർ വലിയ സ്​പോർട്സ്​ േപ്രമിയാണല്ലോ. തെറ്റിദ്ധരിക്കപ്പെട്ടതാണെന്നും ഞാൻ നിരപരാധിയാണെന്നും അവർ സാറിനെ ബോധ്യപ്പെടുത്തി. സസ്​പെൻഷൻ റദ്ദാക്കാമെന്നു സാർ സമ്മതിച്ചു.

 

ജയ-വിജയന്മാർ

ജയ-വിജയന്മാർ

കാര്യം സാധിച്ചതി​ന്റെ സന്തോഷത്തിലാണ് മടക്കയാത്ര. അതു ഞങ്ങൾ ആഘോഷമാക്കി. അടൂരിൽ എത്തിയപ്പോൾ വണ്ടി നിർത്തി പുറത്തിറങ്ങി. വഴിവക്കിൽനിന്നു പ്രസംഗവും പാട്ടും. ‘‘അടൂർ ഭാസിയെ അറിയാം, അടൂർ ഗോപാലകൃഷ്ണനെ അറിയാം, അടൂർ പങ്കജത്തെയും അടൂർ ഭവാനിയെയും അറിയാം.’’

ഇപ്പോൾ ഓർക്കുമ്പോൾ ചിരി വരും. അന്നായതുകൊണ്ട് രക്ഷപ്പെട്ടു. ഇന്നായിരുന്നെങ്കിൽ ആരെങ്കിലും കാമറയിൽ പകർത്തി വാട്സ്ആപ്പിൽ വൈറൽ ആയേനെ. സസ്​പെൻഷൻ നീണ്ടുപോയേനെ. അന്ന് അത്രക്കൊന്നും ചിന്തിച്ചില്ല.

വിജയരാഘവൻ, ജയ-വിജയന്മാർ പിന്നെ മനോജും

സിനിമയിലെ സുഹൃത്തുക്കളിൽ ഭൂരിഭാഗവും കുടുംബസുഹൃത്തുക്കൾതന്നെയായിരുന്നു. പക്ഷേ, നടൻ വിജയരാഘവനുമായുള്ള ബന്ധത്തിന് എന്തോ പ്രത്യേകതയുള്ളതായി പലപ്പോഴും അനുഭവപ്പെട്ടിട്ടുണ്ട്. പിതാവ് നാടകാചാര്യൻ എൻ.എൻ. പിള്ള മകനെ വിളിക്കുന്നത് കുട്ടൻ എന്നാണ്. അതുതന്നെയാണ് ഞാനും വിളിച്ചുപോരുന്നത്. എടാ കുട്ടാ എന്നു ഞാനും എടാ വേണുവെന്നു കുട്ടനും വിളിക്കുന്ന ബന്ധം. കുട്ടൻ എ​ന്റെ സുഹൃത്താണോ സഹോദരനാണോയെന്നു പലപ്പോഴും സംശയം തോന്നിയിട്ടുണ്ട്.

വിജയരാഘവനുമായുള്ള ബന്ധത്തിന് എ​ന്റെ പൊലീസ്​ പശ്ചാത്തലമില്ല. കോട്ടയത്ത് ബസേലിയസ്​ കോളജിനു മുന്നിലെ ഈസ്റ്റേൺ റിഫ്രഷ്​​മെന്റ് സ്റ്റാൾ (ഇപ്പോൾ ഇല്ല) ബസേലിയസിലെ മാത്രമല്ല, കോട്ടയത്തെ കോളജ് വിദ്യാർഥികളുടെയെല്ലാം വിഹാരകേന്ദ്രമാണ്. ചായ, കാപ്പി, സിഗരറ്റ്, സ്വീറ്റ്സ്​ അതിനപ്പുറമൊന്നും അവിടെയില്ല. പക്ഷേ, അത്യാവശ്യം ഉഴപ്പൻമാരായ എല്ലാവരും സ്​ഥിരമായി അവിടെയെത്തും. ഇടക്കൊക്കെ പഠിപ്പിസ്റ്റുകളും വരും.

വിദ്യാർഥികൾക്കെല്ലാം പ്രിയപ്പെട്ട ബേബിച്ചായൻ ആണ് സ്​ഥാപന ഉടമ. സത്യത്തിൽ വിജയരാഘവനെ പരിചയപ്പെടുന്നത് അവിടെയാണ്. കുട്ടൻ ബസേലിയസിലും ഞാൻ സി.എം.എസിലും ഏതാണ്ട് ഒരേ കാലഘട്ടത്തിലാണ് പഠിച്ചത്. സംവിധായകൻ ജോഷി മാത്യു അവിടെയല്ല പഠിച്ചതെങ്കിലും ജോഷിയും ‘ഈസ്റ്റേൺ’ താരം. ജോഷിയുടെ സഹോദരങ്ങൾ സോമുവും ജോസഫും ബസേലിയസ്​ വിദ്യാർഥികളായിരുന്നു.

 

സൗഹൃദം വളർന്നപ്പോൾ ഞാനും കുട്ടനും ഞങ്ങളുടെ വീടുകളിൽ ഒത്തുചേരുക പതിവായി. കുട്ട​ന്റെ അച്ഛൻ എൻ.എൻ. പിള്ളയുമായുള്ള സംഭാഷണങ്ങൾ വലിയ അനുഭവമായിരുന്നു. ജീവിതത്തിൽതന്നെ മുതൽക്കൂട്ട്. സൂര്യനു താഴെ എന്തിനെക്കുറിച്ചും അച്ഛൻ സംസാരിക്കുമായിരുന്നു. അത്യാദരവോടെ മാത്രം ഓർമിക്കാൻ കഴിയുന്ന വ്യക്തിത്വം. കുട്ട​ന്റെ ഭാര്യ സുമയും എ​ന്റെ ഭാര്യ കവിതയും ആത്മസുഹൃത്തുക്കളായി. ഭാര്യയുടെ ആത്മമിത്രം എന്നാണ് ഞാൻ സുമയെക്കുറിച്ചു പറയാറുള്ളത്.

ആ വീട്ടിലെ സൗഹൃദം അവിടത്തെ തീൻമേശയിലും പ്രതിഫലിച്ചിരുന്നു. അവിടെയെത്തുന്ന കലാകാരന്മാർക്കെല്ലാം അതൊരു രുചി അനുഭവമായിരുന്നു. എല്ലാവർക്കും മനസ്സു നിറഞ്ഞു ഭക്ഷണം വിളമ്പുന്ന ആതിഥേയർ. കുട്ട​ന്റെ അച്ഛനെ ഞാനും അച്ഛാ എന്നാണു വിളിച്ചുപോന്നത്. അച്ഛ​ന്റെ വേർപാട് മനസ്സിനെ പിടിച്ചുകുലുക്കിയ സംഭവമായിരുന്നു.

ജയ-വിജയന്മാർ എന്ന ഇരട്ടകൾ സംഗീതക്കച്ചേരികളുമായി തിളങ്ങിനിൽക്കുന്ന കാലത്ത് ഞാൻ കോട്ടയം ടൗൺ വെസ്റ്റ് പൊലീസ്​ സ്റ്റേഷനിൽ ജോലിനോക്കുന്നു. സംഗീതക്കച്ചേരികൾ ആസ്വദിക്കുന്നതു പതിവായി. ആരാധന സൗഹൃദമായി. ഞാൻ അവരുടെ കുടുംബസുഹൃത്തായി. ഇടക്കൊക്കെ ജയ-വിജയന്മാരുടെ വീട്ടിലെത്തും. അക്കാലത്ത് വള്ളിനിക്കറുമായി ഞങ്ങൾക്കിടയിൽ ഓടിനടന്നിരുന്ന മനോജ് ആണ് പിന്നീട് മനോജ് കെ. ജയൻ എന്ന ശ്രദ്ധേയ നടനായത്. അന്നവൻ ഞങ്ങൾക്ക് ഡിസ്​കോ ബോയ് ആയിരുന്നു. മനോജ് എന്നിലെ പൊലീസ്​ ഓഫിസറുടെ ഒരു ആരാധകനായിരുന്നെന്ന് ഒരിക്കൽ എന്നോടു പറഞ്ഞു. ഞാൻ ഇതു പറഞ്ഞിട്ട് എ​ന്റെ ഭാര്യ കവിത വിശ്വസിച്ചില്ല. ഒടുവിൽ ഒരുനാൾ മനോജി​ന്റെ വാക്കുകളിൽനിന്നു തന്നെ കവിത അതു കേട്ടു. താൻ വിദ്യാർഥിയായിരുന്നപ്പോൾ വേണുച്ചേട്ടൻ പൊലീസ്​ യൂനിഫോമിൽ നിൽക്കുന്നത് മാറിനിന്ന് ആരാധനയോടെ നോക്കിയിട്ടുണ്ടെന്ന് മനോജ് കവിതയോട് പറഞ്ഞു. തലയുയർത്തിപ്പിടിച്ചു തന്നെ ഞാൻ ആ കോംപ്ലിമെന്റ്സ്​ കേട്ടു.

ജയ-വിജയന്മാരിൽ ഇപ്പോൾ ജയൻ മാത്രമേയുള്ളൂ. ഞങ്ങളുടെ സൗഹൃദം തുടരുന്നു. കറിയാച്ചൻ എന്നു ഞങ്ങൾ വിളിക്കുന്ന േപ്രം പ്രകാശും കോട്ടയത്തെ സിനിമാ സൗഹൃദങ്ങളിൽ മറക്കാനാവാത്ത വ്യക്തിത്വമാണ്. സിനിമാ നടനായും നിർമാതാവായും േപ്രംപ്രകാശിനെ അവതരിപ്പിക്കാം. കാശിന് എപ്പോഴും പിശുക്കു കാട്ടുന്ന സിനിമാ നിർമാതാവ് എന്നു പറഞ്ഞാൽ തെറ്റില്ല.

ഞാൻ പൊലീസിൽ ചേരും മുമ്പേ സന്തോഷ് േട്രാഫി ഫുട്ബാൾ താരം ചെറിയാനും രാജ്യാന്തര ബാസ്​കറ്റ് ബാൾ താരം മുഹമ്മദ് ഇക്ബാലുമായുള്ള സൗഹൃദം തുടങ്ങിയിരുന്നു. അക്കാലത്താണ് േപ്രം പ്രകാശും ഞങ്ങൾക്കൊപ്പം കൂടുന്നത്. ഇവരെല്ലാം േപ്രമങ്ങളിൽ കുടുങ്ങിയിരിക്കുകയാണ്. ഇവരിൽ ‘കറിയാച്ച​ന്റെ േപ്രമ’മാണ് ആദ്യം പൂവണിഞ്ഞത്. തുടർന്ന് ചെറിയാനും ഇക്ബാലും ലക്ഷ്യം കണ്ടു.

കോട്ടയം സി.എം.എസ് കോളജിലെ പൂർവ വിദ്യാർഥി സംഗമങ്ങളിലും ചെറിയാനും ഞാനും േപ്രംപ്രകാശും ഒത്തുകൂടി. ഇക്ബാലും വിജയരാഘവനും ബസേലിയസ്​ താരങ്ങളായിരുന്നു. പൂർവവിദ്യാർഥി സംഗമങ്ങളിൽ ഗാനം ആലപിക്കാനും മറ്റും പലരും വലിയ തയാറെടുപ്പുകൾ നടത്തുമ്പോൾ ഞങ്ങൾക്കു റിഹേഴ്സൽ ഒന്നും പ്രശ്നമല്ലായിരുന്നു. നേരിട്ടു സ്റ്റേജിൽ കയറുകയായിരുന്നു പതിവ്.


 



നിർമാണത്തിൽ പങ്കാളി; കഷ്​ടിച്ചു തടിതപ്പി

സിനിമാരംഗവുമായി ബന്ധപ്പെടുന്നവർ കാണിക്കുന്ന സാഹസത്തിൽ ഞാനും ഒരിക്കൽ പങ്കാളിയായി. സിനിമാ നിർമാണം. പക്ഷേ, ഞാൻ ഒറ്റക്കല്ലായിരുന്നു. മാത്രമല്ല, സർക്കാർ ഉദ്യോഗസ്​ഥനായ ഞാൻ എ​ന്റെ അടുത്ത സുഹൃത്തു വഴിയാണ് പണം മുടക്കിയത്. പ്രത്യക്ഷത്തിൽ ഞാൻ ഒരിടത്തും ഇല്ലായിരുന്നു. പ്രമോഷനോടെ തിരുവനന്തപുരത്തു തന്നെ കാട്ടാക്കട സ്റ്റേഷനിലേക്കു സ്​ഥലംമാറ്റം ഉണ്ടായി. പക്ഷേ, നഗരത്തിലെ സിനിമാ സൗഹൃദങ്ങൾക്കു പോറലേൽക്കാതിരിക്കാൻ ഞാൻ ശ്രമിച്ചു. ഒടുവിൽ, കോട്ടയത്ത് മടങ്ങിയെത്തിയപ്പോഴാണ് സിനിമാ നിർമാണത്തിൽ നാട്ടിലെ കൂട്ടുകാർ എന്നെയും നിശ്ശബ്ദ പങ്കാളിയാക്കിയത്.

ജോസ്​കോ ജോസി​ന്റെ സഹോദരൻ ഷാലിമാർ വിൽസൻ സിനിമ നിർമിക്കുന്നു. ശശികുമാർ സംവിധായകൻ. മോഹൻലാൽ, ശോഭന, ജഗതി തുടങ്ങിയവരാണ് അഭിനേതാക്കൾ. സംവിധായകൻ ജോഷി മാത്യുവും. കോൺഗ്രസ്​ ജില്ലാ നേതാവ് അച്ചാച്ചി (ശശിധരൻ) തുടങ്ങിയവരൊക്കെ ഒപ്പമുണ്ട്. എന്നെ പ്രതിനിധാനംചെയ്യുന്നത് ഞാൻ മുമ്പ് പറഞ്ഞ, ഈസ്റ്റേൺ ബേബിച്ചായൻ എന്ന കോളജ് വിദ്യാർഥികൾക്കിടയിൽ പ്രശസ്​തനായ, ബസേലിയസ്​ കോളജിനു മുന്നിൽ കോഫിഷോപ് നടത്തിയിരുന്ന ബേബിച്ചായൻ. അങ്ങനെ വിൽസൻ, ജോഷി, അച്ചാച്ചി, ഞാൻ അഥവാ ബേബിച്ചായൻ. അങ്ങനെ സിനിമാ നിർമാണം തുടങ്ങുന്നു. ഷൂട്ടിങ്ങി​ന്റെ തുടക്കം വിൽസ​ന്റെ വീട്ടിൽ. അന്നത്തെ പ്രതിഫലത്തുക ഓർമയിലുണ്ട്. മോഹൻലാൽ 75,000 രൂപ, ശോഭന 40,000 രൂപ, ജഗതി 15,000 രൂപ.

കോട്ടയം യൂനിയൻ ക്ലബിനു സമീപം പൊലീസ്​ സ്റ്റേഷൻ, വീട് തുടങ്ങിയ സെറ്റുകൾ ഒരുക്കുന്നു. പൊലീസ്​ രീതികൾ ഞാൻ മോഹൻലാലിനെ പഠിപ്പിക്കുന്നു. എ​ന്റെ വിശ്വാസം ശരിയെങ്കിൽ, മോഹൻലാലിനെ ആദ്യമായി സല്യൂട്ട് ചെയ്യാൻ പഠിപ്പിച്ചത് ഞാനാണ്. കഞ്ഞിക്കുഴിയിൽ ജോഷിയുടെ പ്രസിൽ സ്റ്റണ്ട് സീൻ. ലാലി​ന്റെ സ്​ഥിരംനമ്പറുകൾ. ആകെ ആഘോഷമയം. ‘ഇനിയും കുരുക്ഷേത്രം’ എന്നു സിനിമക്ക് പേരിട്ടു. ഒടുവിൽ അതൊരു കുരുക്ഷേത്രമായി പരിണമിച്ചു.

മുടക്കുമുതൽ എനിക്കു തിരിച്ചുകിട്ടി. ഞാൻ പട്ടികയിൽ ഇല്ലായിരുന്നതിനാൽ ലാഭം സുഹൃത്തുക്കൾ നന്നായി കൈകാര്യംചെയ്തു. ഒടുവിൽ ടി.വി സംേപ്രഷണാവകാശം വിറ്റപ്പോഴും എന്നെ ഒഴിവാക്കി.

പണം മുടക്കില്ലെങ്കിലും മറ്റൊരു സിനിമയുടെ ചിത്രീകരണത്തിലും പങ്കാളിയായി. ഞാൻ കോട്ടയം വെസ്റ്റ് സി.ഐ ആയിരിക്കുമ്പോഴാണ് ഗാന്ധിമതി ബാല​ന്റെ ഫോൺ വന്നത്. ‘സ്​ഫടികം’ സിനിമ കോട്ടയത്തും പരിസര പ്രദേശങ്ങളിലുമായി ഷൂട്ട് ചെയ്യുന്നു. സഹായിക്കണം. സംവിധാനം ഭദ്രനാണ്. ഞാൻ പാലായിൽ എസ്​.ഐ ആയിരുന്ന കാലം മുതൽ മാട്ടേൽ ഭദ്രനെ അറിയാം. പക്ഷേ, ബാലനാണ് വിളിച്ചത്. ഒരുപക്ഷേ, ഭദ്രൻ പറഞ്ഞിട്ടാകണം.

ചങ്ങനാശ്ശേരി മാർക്കറ്റിൽ ഷൂട്ട് ഉണ്ട്. ഞാൻ ചങ്ങനാശ്ശേരി സി.ഐ നാരായണപിള്ളയെ പരിചയപ്പെടുത്തി പൊലീസ്​ സഹായങ്ങളെല്ലാം ഉറപ്പാക്കി. ഷൂട്ടിങ്ങിന് സി.ഐ നേരിട്ടെത്തി. ഷൂട്ടിങ്ങിനിടയിൽ മോഹൻലാലുമായി ഹോട്ടൽ ‘എയ്ഡ’യിൽ സമ്മേളിക്കുന്നു.

കുമരകത്ത്, എ​ന്റെ കൂടെയുള്ള പൊലീസുകാരൻ സണ്ണിയുമായി ഒരു സീൻ. ബാല​ന്റെ നിർബന്ധം, സണ്ണിക്കു ബലമേകാൻ ഞാനും ചെല്ലണം. ഭാര്യാസമേതം ഞാൻ ഷൂട്ടിങ് വേദിയിൽ എത്തി. ഇടവേളകളിൽ മോഹൻലാൽ സൗഹൃദം പങ്കിട്ടു.

സിനിമയുടെ പാക്അപ്പിനു മുമ്പ് താരങ്ങൾ എല്ലാം കോട്ടയത്ത് ഒരു ടെറസിൽ ഒത്തുചേർന്നു. ഡിസംബർ 31 രാത്രിയായിരുന്നു അത്. സിൽക്ക് സ്​മിതയെ കാണാൻ ആരാധകർ കടൽപോലെ. അവിസ്​മരണീയമായൊരു സന്ധ്യ. പാട്ടുകൾ, ചർച്ചകൾ. രാവേറെ ആഘോഷം. പിറ്റേന്ന് എനിക്കു പേരുദോഷം. സിൽക്ക് സ്​മിതയെ രാത്രി കാണാതായെന്ന്. എന്തായാലും എ​ന്റെ ഭാര്യ അതു വിശ്വസിച്ചില്ല. ഭാഗ്യം.

ഞാൻ ഉൾപ്പെട്ട നിർമാണസംഘത്തി​ന്റെ സിനിമയിൽ മോഹൻലാൽ അഭിനയിച്ച സമയം. കുമരകത്ത് ഒരു കൂട്ടായ്മയിൽ സംവിധായകൻ ജോഷി മാത്യു പറഞ്ഞു, ‘‘ഞാൻ ഇനി 25 ദിവസം നൊയമ്പാണ്. നാളെ മുതൽ സസ്യാഹാരം മാത്രമേ കഴിക്കൂ.’’

കേട്ട ഉടനെ മോഹൻ ലാലി​ന്റെ കമന്റ്. ‘‘ഒന്നും വേസ്റ്റ് ആക്കരുത് കേട്ടോ. എനിക്കു കുറച്ചു ചാണകം ആവശ്യമുണ്ട്.’’ സന്ദർഭോചിതമായും ഉടനടിയും തമാശപറയാനുള്ള മോഹൻലാലി​ന്റെ അനിതരസാധാരണമായ കഴിവ് അന്നാണ് ഞാൻ ആദ്യമായി മനസ്സിലാക്കിയത്. പിന്നീട് പല സിനിമകളിലും മോഹൻലാലി​ന്റെ ഹാസ്യം തുളുമ്പുന്ന ഡയലോഗുകൾ കേട്ടപ്പോൾ ഞാൻ ഈ രംഗം ഓർത്തിട്ടുണ്ട്.

ആകാശവാണിയിൽ വിളിച്ചിട്ട് തിരക്കിയ പെണ്ണി​ന്റെ ഫോൺനമ്പർ കിട്ടാത്തപ്പോൾ തന്തക്ക് വിളിച്ചിട്ട് നടത്തിയ ആത്മഗതം ‘‘രാവിലെ ഒരുത്ത​ന്റെ തന്തയ്ക്കു പറഞ്ഞപ്പോൾ എന്തൊരു സുഖം’’ ഇതുപോലെ സംഭവിച്ചതാകണം. ഒരുപക്ഷേ, തിരക്കഥയിലും സംഭാഷണത്തിലും ഇല്ലാത്തത്. മോഹൻലാൽ എന്ന നട​ന്റെ അഭിനയസിദ്ധിയാണ് ഇതൊക്കെ വെളിപ്പെടുത്തുന്നത്.

ഷൂട്ടിങ് കഴിഞ്ഞു. ബാലൻ സമ്മാനപ്പൊതികളുമായെത്തി. ചങ്ങനാശ്ശേരി സി.ഐക്ക് ഒരു പവൻ സ്വർണനാണയം സമ്മാനമായി നൽകി.

പാലായിൽനിന്ന് തിരുവനന്തപുരത്തേക്കുള്ള ട്രാൻസ്ഫർ ആണ​േല്ലാ എന്നെ സിനിമാലോകവുമായി ബന്ധിപ്പിച്ചത്. പക്ഷേ, പാലായിൽ മൊട്ടിട്ടൊരു സൗഹൃദമുണ്ടായിരുന്നു. മാണി സി. കാപ്പനുമായി. മുൻ വോളിബാൾ താരമായിരുന്നു മാണിച്ചൻ. ഏറെക്കാലം ഗൾഫിലായിരുന്നു. മാണിച്ചൻ സിനിമാ നിർമാതാവും എൻ.സി.പിയെ പ്രതിനിധാനംചെയ്ത് പാലായിൽനിന്ന് എം.എൽ.എയും ഒക്കെയായി. പക്ഷേ, ഞങ്ങളുടെ സൗഹൃദം തുടർന്നു; മാറ്റമില്ലാതെ.

(അവസാനിച്ചു)

News Summary - madhyamam weekly column