Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightWeeklychevron_rightColumnchevron_rightFade Inchevron_right'ആദ്യം വോട്ടിങ്​​...

'ആദ്യം വോട്ടിങ്​​ യ​ന്ത്രം വലിച്ചെറിയണം'; ജനാധിപത്യത്തെ എങ്ങനെ അട്ടിമറിക്കുന്നുവെന്ന്​ ഐ.എ.എസ്​ രാജിവെച്ച കണ്ണൻ ഗോപിനാഥൻ വിശദീകരിക്കുന്നു

text_fields
bookmark_border
ആദ്യം വോട്ടിങ്​​ യ​ന്ത്രം വലിച്ചെറിയണം; ജനാധിപത്യത്തെ എങ്ങനെ അട്ടിമറിക്കുന്നുവെന്ന്​ ഐ.എ.എസ്​ രാജിവെച്ച കണ്ണൻ ഗോപിനാഥൻ വിശദീകരിക്കുന്നു
cancel
ജമ്മു- കശ്മീരി​െൻറ പ്രത്യേക ഭരണഘടനാ പദവി കേന്ദ്രസർക്കാർ എടുത്തുകളയുകയും മനുഷ്യാവകാശ ലംഘനങ്ങൾ നടത്തുകയും ചെയ്​തതിൽ പ്രതിഷേധിച്ച്​ IAS പദവി രാജിവെച്ച വ്യക്​തിയാണ്​ കണ്ണൻ ഗോപിനാഥൻ. രാജ്യത്തെ ജനാധിപത്യ സംവിധാനങ്ങൾ മെച്ചപ്പെടുത്താനായി ഒറ്റയാൾ ​പ്രതിപക്ഷമായി പോരാടുന്ന അദ്ദേഹം തെരഞ്ഞെടുപ്പ് പ്രക്രിയ വിശകലനംചെയ്യുന്നു. ​ നമ്മുടെ ജനാധിപത്യത്തെ അട്ടിമറിക്കുന്നതിൽ വോട്ടിങ്​ യന്ത്രം എങ്ങനെയൊക്കെ ​ പങ്കാളിയാകുന്നുവെന്ന്​ വിശദീകരിക്കുന്നു.

2019ലെ ലോക്‌സഭാ തെരഞ്ഞെടുപ്പ് വരെ, ജില്ല കലക്ടർ ആയിരിക്കുമ്പോൾ റിട്ടേണിങ്​ ഓഫിസർ എന്ന നിലയിൽ സജീവമായി തെരഞ്ഞെടുപ്പ് പ്രവർത്തനങ്ങളിൽ ഞാൻ മുഴുകിയിരുന്നു. 2017വരെയെങ്കിലും വോട്ടിങ്​ യന്ത്രത്തിനെ ശക്തമായി പ്രതിരോധിക്കുന്ന ഒരു നിലപാടാണ്​ ഞാൻ എടുത്തിരുന്നത്. അതിന് കാരണങ്ങളുമുണ്ടായിരുന്നു. എന്നാൽ 2019ലെ ലോക്സഭാ തെരഞ്ഞെടുപ്പിനോടനുബന്ധിച്ച് ഡൽഹിയിൽ ഇലക്​ഷൻ കമീഷൻ നടത്തിയിരുന്ന പരിശീലനത്തിൽ സംബന്ധിക്കുമ്പോഴാണ് എനിക്ക് തെരഞ്ഞെടുപ്പ് പ്രക്രിയയിലെ പല പോരായ്മകളെക്കുറിച്ചും സംശയങ്ങൾ തോന്നാൻ തുടങ്ങിയത്. IIIDEM (India International Institute of Democracy and Election Management) എന്ന സ്ഥാപനമായിരുന്നു തെരഞ്ഞെടുപ്പ് കമീഷ​െൻറ നേരിട്ടുള്ള നിയന്ത്രണത്തിൽ, ഞാൻ ഉൾപ്പെടെയുള്ള റിട്ടേണിങ്​ ഓഫിസേഴ്​സിനുള്ള ട്രെയിനിങ് നൽകിയിരുന്നത്. ആ തെരഞ്ഞെടുപ്പിലായിരുന്നു എല്ലാ ബൂത്തുകളിലും വി.വി.പി.എ.ടി (Voter Verifiable Paper Audit Trail) ഉപയോഗിച്ച് തെരഞ്ഞെടുപ്പ് നടത്താനുള്ള തീരുമാനമുണ്ടായത്. അതുമായി ബന്ധപ്പെട്ട്​ എനിക്ക് ചില സംശയങ്ങൾ ഉണ്ടാവുകയും അത് ആ വേദിയിൽ ഉന്നയിക്കാൻ മുതിരുകയും ചെയ്തു.

എന്നാൽ ചോദ്യങ്ങൾ ഉന്നയിക്കലല്ല താങ്കളുടെ ജോലി എന്നും മറിച്ച് തെരഞ്ഞെടുപ്പ് പ്രക്രിയയിൽ ജനങ്ങളുടെ വിശ്വാസമാർജിക്കാൻ പരിശ്രമിക്കുകയാണ് വേണ്ടതെന്ന മറുപടിയാണ്​ എനിക്ക് ലഭിച്ചത്. തെരഞ്ഞെടുപ്പ് തൊട്ടടുത്ത് എത്തിയതിനാൽതന്നെ ചോദ്യങ്ങൾ ഉന്നയിക്കുക എന്നതിലുപരി ക്രിയാത്മകമായി എന്തെങ്കിലും ചെയ്യാൻ അന്ന് സാധിക്കുകയില്ലായിരുന്നു.

ഞാൻ അന്നുയർത്തിയ പ്രധാന ചോദ്യം വോട്ടിങ്​ യന്ത്രത്തിന്​ ഒരു ബാഹ്യ ഉപകരണവുമായി ബന്ധമില്ല എന്നാണ് ഇലക്​ഷൻ കമീഷൻ അവകാശപ്പെടുന്നത്. എന്നാൽ തെരഞ്ഞെടുപ്പിന് പതിനഞ്ചോ ഇരുപതോ ദിവസത്തിന് മുന്നേ മാത്രം നിർണയിക്കപ്പെടുന്ന സ്ഥാനാർഥിയും അവരുടെ ചിഹ്നങ്ങളും എങ്ങനെയാണ് വി.വി.പി.എ.ടി വഴി പ്രിൻറ്​ ചെയ്യപ്പെടുന്നത് എന്നതായിരുന്നു ഞാൻ ഉന്നയിക്കാൻ ശ്രമിച്ച പ്രശ്​നം.

പ്രിൻറ്​ ചെയ്യണമെങ്കിൽ ബാലറ്റ് യൂനിറ്റും കൺട്രോൾ യൂനിറ്റും വി.വി.പി.എ.ടി മെഷീനും തമ്മിൽ പരസ്പര ബന്ധമുണ്ടാകണമല്ലോ? അങ്ങനെയെങ്കിൽ സ്ഥാനാർഥിയുടെ പേരും ചിഹ്നങ്ങളും എവിടെയെങ്കിലും സ്​​േറ്റാർ ചെയ്ത് സൂക്ഷിച്ചുവെക്കേണ്ടതായും വരും. അങ്ങനെ സ്​റ്റോർ ചെയ്യണമെങ്കിൽ ആരെങ്കിലും ഇത്തരം വിവരങ്ങൾ ഫീഡ് ചെയ്യേണ്ടിവരും. ഫീഡ് ചെയ്യാതെ സ്​റ്റോർ ചെയ്യാനാവില്ല. അങ്ങനെ ഫീഡ് ചെയ്യണമെങ്കിൽ മറ്റൊരു ഇലക്ട്രോണിക്​ ഉപകരണമില്ലാതെ സാധിക്കില്ല. അങ്ങനെ വരുമ്പോൾ ഉയരേണ്ട ചോദ്യം മറ്റൊരു ഉപകരണവുമായി ഒരു ബന്ധവുമില്ലാത്ത വോട്ടിങ്​​ യന്ത്രത്തിന് ആ മണ്ഡലത്തിലെ സ്ഥാനാർഥിയുടെ പേരും ചിഹ്നങ്ങളും എങ്ങനെ അറിയാൻ സാധിച്ചു എന്നതായിരിക്കണം. 2019ലെ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ടു പ്രവർത്തിക്കുന്ന സമയത്താണ് ഞാൻ ഈ ചോദ്യം ആദ്യം ചോദിച്ചത് എന്ന് മുന്നേ പറഞ്ഞല്ലോ. അന്ന് എനിക്ക് കിട്ടിയ മറുപടി വോട്ടിങ്​​ യന്ത്രത്തി​െൻറ നിർമാതാക്കളായ BEL ​െൻറയോ ECIL ​െൻറയോ ഉദ്യോഗസ്ഥർ ഈ വിവരങ്ങൾ അപ്‌ലോഡ് ചെയ്യും എന്നാണ്.

അപ്‌ലോഡ് ചെയ്യണമെങ്കിൽ വോട്ടിങ്​​ യന്ത്രത്തിനെ മറ്റൊരു ഉപകരണവുമായി ബന്ധിപ്പിക്കേണ്ടിവരില്ലേ എന്ന സ്വാഭാവിക ചോദ്യമാണ് പിന്നീട് ഉയർന്നത്. കാരണം, ഒരു മെഷീനിൽ ഡാറ്റ ഫീഡ് ചെയ്യണമെങ്കിൽ മറ്റൊരു ഉപകരണത്തി​െൻറ സഹായത്തോടെ മാത്രമേ സാധിക്കുകയുള്ളൂ.

അങ്ങനെ വന്നാൽ, വോട്ടിങ്​​ യന്ത്രം ഒരു സ്വതന്ത്ര ഉപകരണമാണ് (stand alone device) എന്ന ഇലക്​ഷൻ കമീഷ​െൻറ നാളിതുവരെയുള്ള വാദം പൊളിയും. അതുകൊണ്ട് തന്നെ അത്തരം ചോദ്യങ്ങളിൽനിന്ന്​ തെരഞ്ഞെടുപ്പ് കമീഷൻ ഒഴിഞ്ഞുമാറുകയാണ് പതിവ്.


ഒരൽപം വോട്ടിങ്​ യന്ത്ര ചരിത്രം

ലോകത്ത് വളരെ ചുരുക്കം രാജ്യങ്ങൾ മാത്രമേ ഇപ്പോൾ വോട്ടിങ്​​ യന്ത്രം ഉപയോഗിക്കുന്നുള്ളൂ. ഉപയോഗിച്ച പല രാജ്യങ്ങളും ബാലറ്റ് പേപ്പറിലേക്ക് തിരിച്ചുപോയി. ഇപ്പോൾ ഉപയോഗിക്കുന്നവരിൽതന്നെ പലരും ഭാവിയിൽ വോട്ടിങ്​​ യന്ത്രം ഉപയോഗം നിർത്തണം എന്ന ആലോചനയിലുമാണ്. ഇന്ത്യയിലെ വോട്ടിങ്​​ യന്ത്രം ഉപയോഗത്തി​െൻറ പരീക്ഷണശാല കേരളമായിരുന്നു. എന്നാൽ പിന്നീട് തുടർച്ചയായി അവ ഉപയോഗിച്ചില്ല. കാരണം, എന്താണ് വോട്ട് എന്ന ചോദ്യം ഉയരുകയും ഇലക്ട്രോണിക് വോട്ടിന് നിയമസാധുത ഇല്ല എന്ന വാദത്തിന് പ്രചാരം കൂടുകയും വോട്ടിങ്​യന്ത്രം ഉപയോഗിച്ചുള്ള തെരഞ്ഞെടുപ്പി​െൻറ നിയമസാധുതതന്നെ ചോദ്യംചെയ്യപ്പെടുകയും ചെയ്തിരുന്നു. പിന്നീട് തെരഞ്ഞെടുപ്പ് നിയമ ഭേദഗതി പാർലമെൻറിൽ പാസായതിന് ശേഷം മാത്രമാണ് വോട്ടിങ്​​ യന്ത്രം രാജ്യത്ത് വീണ്ടും പ്രാബല്യത്തിൽ കൊണ്ടുവന്നത്.

അന്നും ഇലക്ട്രോണിക് വോട്ടിങ്​ മെഷീെൻറ വിശ്വാസ്യത വ്യാപകമായി ചോദ്യം ചെയ്യപ്പെട്ടിരുന്നു. ഇന്നത്തെ ഭരണപക്ഷം വോട്ടിങ്​​ യന്ത്രത്തി​െൻറ വിശ്വാസ്യതയെ ചോദ്യം ചെയ്യുകയും അവരുടെ വക്താക്കളിലൊരാളും രാജ്യസഭാ മെംബറുമായ GVL. നരസിംഹറാവു അതേക്കുറിച്ച് ഒരു പുസ്തക (Democracy at Risk) മെഴുതുകയും ചെയ്തിരുന്നു. എന്നാൽ അവയെ പ്രതിരോധിക്കാൻ തെരഞ്ഞെടുപ്പ് കമീഷൻ മുന്നോട്ട് വെച്ചത് ത്രിതല പ്രതിരോധ സിസ്​റ്റം ആയിരുന്നു.

1.സാങ്കേതിക സുരക്ഷിതത്വം (Technological Safeguard): ഇ.വി.എം ഹാക്ക് ചെയ്യപ്പെടാൻ ഒരിക്കലും സാധ്യതയില്ല. കാരണം, അത് കാൽകുലേറ്റർ പോലെയുള്ള ഒരു സ്വതന്ത്ര ഉപകരണമാണ്. അതുകൊണ്ട് മറ്റൊരു ഉപകരണത്തിനോ സോഫ്റ്റ് വെയറിനോ ഇ.വി.എമ്മിനുള്ളിൽ കടക്കാനോ അതിനെ ഹാക്ക് ചെയ്യാനോ സാധിക്കില്ല. ഇവയായിരുന്നു ഈ വാദങ്ങളുടെ അടിസ്ഥാനം.

2. പ്രവർത്തനമികവ്: പല തലത്തിലുള്ള ഓപറേറ്റിങ്​ പ്രൊസീജിയറിൽകൂടിയാണ് ഇ.വി.എം ബൂത്തുകളിൽ എത്തുന്നത്.

അതായത്​ A. ഏത് ഇ.വി.എം, ഏത് മണ്ഡലത്തിലാണ് ഉപയോഗിക്കപ്പെടുന്നത് എന്ന് ആർക്കും മുൻകൂട്ടി അറിയാൻ സാധിക്കില്ല. കാരണം, randomisationനെ അടിസ്ഥാനമാക്കിയാണ് വിതരണം. മാത്രമല്ല, ഏത് ബൂത്തിലേക്കാണ് ഒരു വോട്ടിങ്​​ യന്ത്രം പോകുന്നത് എന്നും മുൻകൂട്ടി അറിയാൻ സാധിക്കില്ല. മാത്രവുമല്ല വോട്ടിങ്​ യന്ത്ര യൂനിറ്റി​െൻറ വിതരണം തീരുമാനിക്കപ്പെടുന്നത് രാഷ്​​ട്രീയ പാർട്ടികളുടെ സാന്നിധ്യത്തിലുമാണ്.

B. ബാലറ്റ് യൂനിറ്റിൽ സ്ഥാനാർഥിയുടെ പേരും ചിഹ്നവും പതിപ്പിക്കുന്നത് അക്ഷരമാല ക്രമത്തിലും പാർട്ടികളുടെ സംസ്ഥാന, ദേശീയ അംഗീകാരത്തി​െൻറ അടിസ്ഥാനത്തിലുമാണ്. അത് ഈ പ്രക്രിയയിൽ സ്ഥാനാർഥികളുടെ ലിസ്​റ്റിെൻറ മുൻഗണനാ ക്രമം മുൻകൂട്ടി നിശ്ചയിക്കാൻ സാധിക്കില്ല. അതുകൊണ്ട് തന്നെ അതിലും ആർക്കും സ്വാധീനം ചെലുത്താൻ കഴിയണമെന്നില്ല.

C. തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട ഫോറം 7 A

പൂർണമാവുന്നത് തെരഞ്ഞെടുപ്പ് തീയതിക്ക് പത്തോ പതിനഞ്ചോ ദിവസം മുന്നേ മാത്രമാണ്. 7 A യിലുള്ള ക്രമത്തിലാണ് ബാലറ്റ് യൂനിറ്റിൽ സ്ഥാനാർഥിയുടെ പേരും ചിഹ്നവും പതിപ്പിക്കുന്നത്. അതുകൊണ്ട്, മുൻകൂട്ടി നിശ്ചയിച്ച ഒരു തിരിമറിയും ബാലറ്റ് യൂനിറ്റിൽ നടത്താൻ പറ്റില്ല (Candidate Agnostic Behaviour).

D. മൂന്ന് ഘട്ടങ്ങളിലായി വിവിധ സ്ഥലങ്ങളിൽ നടത്തപ്പെടുന്ന മോക് പോൾ.

1. സ്ഥാനാർഥി നിർണയത്തിന് മുന്നേ രാഷ്​​ട്രീയ പാർട്ടി പ്രതിനിധികളെ പങ്കെടുപ്പിച്ച് അഞ്ചു ശതമാനം വോട്ട് ചെയ്ത് ടെസ്​റ്റ്​ചെയ്യുകയും ഇ.വി.എമ്മി​െൻറ പ്രവർത്തനക്ഷമതയും സ്വതന്ത്രതയും ഉറപ്പ് വരുത്തുന്നു.

2. സ്ഥാനാർഥി നിർണയത്തിന് ശേഷം സ്ഥാനാർഥികളുടെ പേരും ചിഹ്നവും പതിപ്പിച്ച് വീണ്ടും അഞ്ചു ശതമാനം വോട്ട് പോൾ ചെയ്ത് ടെസ്​റ്റ്​ചെയ്യുന്നു.

3. തെരഞ്ഞെടുപ്പ് ദിവസം പോളിങ്​ തുടങ്ങുന്നതിന് മുന്നേ രാഷ്​​ട്രീയ പാർട്ടികളുടെ ബൂത്ത് ഏജൻറുമാരെക്കൊണ്ട് 50 വീതം വോട്ട് ചെയ്യിക്കുകയും എണ്ണിതിട്ടപ്പെടുത്തി വീണ്ടും വോട്ടിങ്​​ യന്ത്രം മെഷീെൻറ നിഷ്പക്ഷത ഉറപ്പ് വരുത്തുകയും ചെയ്യുന്നു.

3. ഭൗതിക സുരക്ഷിതത്വം (Physical Security):

മെഷീനുകൾ സുരക്ഷാ ഉദ്യോഗസ്ഥരുടെ കൃത്യമായ സുരക്ഷാവലയത്തിലാണ് സൂക്ഷിക്കപ്പെട്ടിരിക്കുന്നത്. മെഷീെൻറ ചലനം GPS സംവിധാനം വഴി തെരഞ്ഞെടുപ്പ് കമീഷൻ നേരിട്ട് നിരീക്ഷിക്കുന്നുമുണ്ട്.

വി.വി.പി.എ.ടിയുടെ കടന്നുവരവ്

ഇ.വി.എം സുരക്ഷയെ സംബന്ധിച്ചും നിഷ്പക്ഷതയെക്കുറിച്ചും ഉള്ള മേൽപറഞ്ഞ വാദഗതികളും തെരഞ്ഞെടുപ്പ് കമീഷ​െൻറ ഉറപ്പുകളും നിലനിൽക്കുമ്പോഴാണ് വി.വി.പി.എ.ടി മെഷീെൻറ കടന്നുവരവ്.

വി.വി.പി.എ.ടി മെഷീെൻറ പ്രധാന ജോലി വോട്ടു രേഖപ്പെടുത്തുന്ന ഘട്ടത്തിൽ സ്ഥാനാർഥിയുടെ പേരും ചിഹ്നവും പ്രിൻറ്​ചെയ്യുകയാണ്. തങ്ങൾ വോട്ടു ചെയ്തത് ആർക്കാണ് എന്നത് വോട്ടർമാരെ കൃത്യമായി രേഖപ്പെടുത്തി ബോധ്യപ്പെടുത്തുകയാണ് ഇതി​െൻറ ലക്ഷ്യം. ആർക്കാണോ വോട്ട് രേഖപ്പെടുത്തിയത് എന്നും അത് കൃത്യമായിരുന്നു എന്നും ബോധ്യപ്പെടുത്തുകയാണ് ഉദ്ദേശ്യം. എന്നാൽ ഒരു യന്ത്രത്തിന് എന്തെങ്കിലും പ്രിൻറ്​ ചെയ്യണമെങ്കിൽ അതിന് അടിസ്ഥാനമായ ഒരു 'ഡാറ്റാഫീഡ്' നടന്നിരിക്കണം. ഉദാഹരണത്തിന് ഒരു സ്ഥാനാർഥിയുടെ പേരും ചിഹ്നവും അടയാളപ്പെടുത്തിയ ബാലറ്റ് യൂനിറ്റിൽ ഒരു വോട്ടർ വിരൽ അമർത്തുമ്പോൾ ആ വിവരം സ്ഥാനാർഥിയുടെ പേരും ചിഹ്നവും അടക്കം മറ്റൊരു യന്ത്രത്തിലൂടെ (വി.വി.പി.എ.ടി) പ്രിൻറ്​ ചെയ്യണമെങ്കിൽ ആ വിവരങ്ങൾ എവിടെയെങ്കിലും സുരക്ഷിതമായി സ്​റ്റോർ ചെയ്യുകയും അതിൽ പ്രിൻറ്​ ചെയ്യുന്ന യന്ത്രത്തിന് നിയന്ത്രണമുണ്ടായിരിക്കുകയും ചെയ്യണം. അങ്ങനെയെങ്കിൽ ബാലറ്റ് യൂനിറ്റിലോ കൺട്രോൾ യൂനിറ്റിലോ സ്ഥാനാർഥിയുടെ പേരും ചിഹ്നവും ഫീഡ് ചെയ്യപ്പെട്ടിട്ടുണ്ട് എന്ന് ഉറപ്പിച്ച് പറയേണ്ടിവരും. അപ്പോൾ ആര്, എപ്പോൾ, എവിടെ വെച്ച് എന്തൊക്കെ വിവരങ്ങൾ എങ്ങനെ ഫീഡ് ചെയ്യുന്നു എന്ന ചോദ്യങ്ങൾക്കും ഉത്തരം ലഭിക്കേണ്ടതുണ്ട്.

അങ്ങനെ വരുമ്പോൾ ഫീഡിങ്​ നടക്കുന്നത് 'കമീഷനിങ്​' (വോട്ടിങ്​ യന്ത്രം നിയോജക മണ്ഡലങ്ങൾക്ക് നിശ്ചയിക്കപ്പെടുന്ന പ്രക്രിയ) സമയത്താണ് എന്ന് ഉറപ്പിച്ച് പറയാൻ സാധിക്കും. കാരണം, അപ്പോൾ മാത്രമേ നിയോജക മണ്ഡലത്തിലെ സ്ഥാനാർഥികളുടെ പേരും ചിഹ്നവും ലഭ്യമാവുകയുള്ളൂ.

എന്ന് മാത്രമല്ല വോട്ടിങ് യന്ത്രം മെഷീനിലേക്ക് ഒരു ബാഹ്യ സോഫ്​റ്റ്​വെയർ (സിമ്പൽ ലോഡിങ്​ സോഫ്​റ്റ്​വെയർ,) സിമ്പൽ ലോഡിങ്​ യൂനിറ്റിലൂടെ ലാപ്ടോപ് ഉപയോഗിച്ച് ഈ ഡാറ്റ ലോഡ് ചെയ്യുകയാണ് പതിവ് എന്നും ഇതിനകം വ്യക്തമായിട്ടുണ്ട്.

അപ്പോൾ, വോട്ടിങ്​ യന്ത്രം ഒരു സ്വതന്ത്ര മെഷീനാണെന്നും ബാഹ്യ യന്ത്രങ്ങൾക്ക് വോട്ടിങ് യന്ത്രവുമായി ഇടപെടാൻ സാധിക്കില്ലെന്നും ഒന്നും സ്​റ്റോർ ചെയ്യാൻ സാധിക്കാത്ത മെമ്മറിയില്ലാത്ത കാൽകുലേറ്റർ പോലുള്ള യന്ത്രമാണ് എന്നും ഒക്കെയുള്ള വാദങ്ങൾ സ്വാഭാവികമായും പൊളിയുകയാണ്.

ഇത്രയും കാര്യങ്ങൾ വ്യക്തമായതിലൂടെ ഒരു കാര്യം ഉറപ്പിച്ച് പറയാം. വീടി​െൻറ വാതിൽ തുറന്ന് കിടക്കുകയാണ്. അതുകൊണ്ട് മോഷണത്തിനുള്ള സാധ്യതയുണ്ട്. അതി​െൻറ അർഥം മോഷണം നടന്നു എന്നല്ല. മോഷണം നടന്നിട്ടുണ്ടാവാം, അല്ലെങ്കിൽ നടന്നേക്കാം എന്നൊക്കെയാണ്. ഇനി മോഷണം നടന്നിട്ടേയില്ലെങ്കിൽ അതിനർഥം ഇനി ഒരിക്കലും മോഷണം നടക്കുകയില്ല എന്നല്ല. കാരണം, വാതിൽ തുറന്നുകിടക്കുകയാണ്. എപ്പോൾ വേണമെങ്കിലും അത് സംഭവിക്കാം. ഇതാണ് ചർച്ചചെയ്യപ്പെടേണ്ടത്, ഇതിനാണ് ഉത്തരം ലഭിക്കേണ്ടത്. അതായത് വോട്ടിങ്​ യന്ത്രം ബാഹ്യ ഇടപെടലുകൾക്ക് തീർച്ചയായും സാധ്യതയുള്ളവയാണ്. അതിൽ മെമ്മറിയുണ്ട്. അതിന് ബാഹ്യ നെറ്റ് വർക്കുമായി കണക്ട് ചെയ്യാനുള്ള ശേഷിയുണ്ട്. അതുകൊണ്ട് തന്നെ ഹാക്ക് ചെയ്യപ്പെടാനും സാധ്യതയുണ്ട്.

ചുരുക്കി പറഞ്ഞാൽ, വോട്ടിങ്​ യന്ത്രത്തിനെ പ്രതിരോധിക്കാൻ തെരഞ്ഞെടുപ്പ് കമീഷൻ ഇതുവരെ പറഞ്ഞിരുന്ന സാങ്കേതിക പ്രതിരോധ ശേഷി - വോട്ടിങ്​ യന്ത്രം ഒരു സ്വതന്ത്ര മെഷീനാണ്, അതിൽ ബാഹ്യശക്തികൾക്ക് ഇടപെടാനാവില്ല എന്നീ വാദങ്ങൾ തികച്ചും പൊള്ളയായിരുന്നു.

രണ്ടാമതായി, മെഷീൻ ആർക്കും തൊടാനാവില്ല (Physical Safeguard). കാരണം, അത്രയും സുരക്ഷിതവലയത്തിലാണ് അവ സൂക്ഷിക്കപ്പെടുന്നത് എന്ന വാദമാണ്.

ബാഹ്യ സോഫ്റ്റ് വെയർ (symbol loading software) BELെൻറയോ ECILെൻറയോ എൻജിനീയറുടെ ലാപ്ടോപ്പിലൂടെ വോട്ടിങ് യന്ത്രത്തിൽ ഫീഡ് ചെയ്യുന്നതോടെ ആ വാദവും പൊളിയുന്നതായി നമുക്ക് മനസ്സിലാക്കാം. (തെരഞ്ഞെടുപ്പ് കമീഷന് ഇ.വി.എം മെഷീനുകൾ നിർമിച്ച് നൽകുന്നത് BEL (Bharat Electronics Ltd), ECIL(Electronics Corporation of India Ltd) എന്നീ പൊതുമേഖലാ സ്ഥാപനങ്ങളാണ്.)

മൂന്നാമതായി, പ്രവർത്തനമികവ് അഥവാ മോക് പോൾ ടെസ്​റ്റ്​ എന്ന വാദമാണ്. വി.വി.പി.എ.ടി വന്നതോടുകൂടി, മോക് പോളി​െൻറ പ്രസക്തി നഷ്​ടപ്പെട്ടു. കാരണം, വി.വി.പി.എ.ടിയിലെ സെഷൻ ഇൻഫർമേഷനും തീയതിയും സമയവും ആ ​െമഷീനിലെ പ്രവൃത്തികൾ (activities) പുറത്തുനിന്ന് നിയന്ത്രിക്കുന്നതിന് സാധ്യത നൽകുന്നതാണ്. ഉദാഹരണത്തിന്, കമീഷൻ സമയത്തെ അഞ്ചു ശതമാനം മോക് പോൾ എന്ന്, എപ്പോൾ, എവിടെ​െവച്ച് നടന്നു എന്ന് വി.വി.പി.എ.ടി മെഷീനിലെ തീയതിയും സമയവും സ്ഥാനാർഥിയുടെ പേരും ചിഹ്നവും ഒക്കെ വെച്ച് തിട്ടപ്പെടുത്താവുന്നതാണ്. അതിന് മുന്നേയാണ് സിമ്പൽ ലോഡിങ്​ സോഫ്റ്റ് വെയർ വോട്ടിങ്​​ യന്ത്രവുമായി പുറത്തുനിന്ന് കണക്ട് ചെയ്യപ്പെട്ടതും മെഷീനുമായി ബന്ധം സ്ഥാപിച്ചതും.


അപ്പോൾ വി.വി.പി.എ.ടി വന്നതോടുകൂടി ഇലക്​ഷൻ കമീഷൻ ഇതുവരെ ഉറപ്പു നൽകിയിരുന്ന -സ്ഥാനാർഥിയെയും ചിഹ്നത്തെയും തിരിച്ചറിയാനുള്ള കഴിവില്ലായ്മ, ബാഹ്യശക്തിക്ക് ഇടപെടാൻ സാധിക്കാത്ത, സ്വതന്ത്രമായ, മൂന്ന് ഘട്ടങ്ങളായുള്ള മോക് പോൾ എന്നിങ്ങനെയുള്ള എല്ലാ ഉറപ്പുകളും വ്യർഥങ്ങളാവുന്നു.

അതേസമയം വി.വി.പി.എ.ടി വരുന്നതിലൂടെ ഉണ്ടാകാമായിരുന്ന നേട്ടങ്ങൾ പ്രയോജനപ്പെടുത്താൻ കമീഷന് കഴിഞ്ഞതും ഇല്ല. ഉദാഹരണത്തിന്, വി.വി.പി.എ.ടിയുടെ ഉദ്ദേശ്യലക്ഷ്യമായ, ചെയ്ത വോട്ട് ഉദ്ദേശിച്ചയാൾക്ക് തന്നെയാണ് കിട്ടിയത് എന്ന് ഉറപ്പ് വരുത്താനുള്ള പൗര​െൻറ അവകാശം (Cast as intended, Recorded as cast and Count as recorded) അത് ഇന്നും ഉറപ്പ് വരുത്തിയിട്ടില്ല എന്നതാണ് ഏറെ ഖേദകരമായ കാര്യം.

താൻ ആർക്കാണോ വോട്ട് ചെയ്തത് അത് വി.വി.പി.എ.ടി പ്രിൻറ്​ ചെയ്ത് കാണിക്കുന്നുണ്ട് എങ്കിലും അതുതന്നെയാണ് കൺട്രോൾ യൂനിറ്റിൽ രേഖപ്പെടുത്തിയിട്ടുള്ളത് എന്ന് വോട്ടർമാർക്ക് ഉറപ്പിക്കാനാവില്ല. വോട്ടുകൾ എണ്ണുന്നത് കൺട്രോൾ യൂനിറ്റിൽ രേഖപ്പെടുത്തപ്പെട്ട വിവരങ്ങളുടെ അടിസ്ഥാനത്തിലാണ്. ബാലറ്റ് യൂനിറ്റ് വോട്ട് ചെയ്യാനും വി.വി.പി.എ.ടി ചെയ്ത വോട്ട് പ്രിൻറ്​ചെയ്യാനും മാത്രമേ നിലവിൽ ഉപയോഗിക്കുന്നുള്ളൂ. (സ്ഥാനാർഥികൾക്ക് അഭിപ്രായ വ്യത്യാസമുണ്ടാകുന്ന പക്ഷം ഒരു നിശ്ചിത ശതമാനം ബൂത്തുകളിലെ വോട്ടുകൾ മാത്രം വി.വി.പി.എ.ടിയുമായി ഒത്ത് നോക്കണം എന്ന സുപ്രീം കോടതി വിധി ഇത്തരുണത്തിൽ ഓർക്കേണ്ടതാണ്). കാരണം വി.വി.പി.എ.ടി ബന്ധിപ്പിച്ചിരിക്കുന്നത് ബാലറ്റ് യൂനിറ്റിലാണ്, അല്ലാതെ കൺട്രോൾ യൂനിറ്റിലല്ല. വോട്ട് എണ്ണുന്നത് കൺട്രോൾ യൂനിറ്റിലാണ്, വി.വി.പി.എ.ടി യിലോ ബാലറ്റ് യൂനിറ്റിലോ ഉള്ളതല്ല.

അതായത് ഉദ്ദേശിച്ചയാൾക്ക് വോട്ട് രേഖപ്പെടുത്തി, പക്ഷേ രേഖപ്പെടുത്തിയത് തന്നെയാണ് എണ്ണിയത് എന്ന് ഉറപ്പാക്കാൻ നിലവിലുള്ള സംവിധാനത്തിൽ സാധിക്കില്ല. കാരണം ബാലറ്റ് യൂനിറ്റിൽ വിരൽ അമർത്തിയതും വി.വി.പി.എ.ടിയിൽ പ്രിൻറ്​ ചെയ്തതും ഒരേ സ്ഥാനാർഥിക്കും ചിഹ്നത്തിനും ആണെങ്കിലും അതുതന്നെയാണ് കൺട്രോൾ യൂനിറ്റിൽ രേഖപ്പെടുത്തിയിരിക്കുന്നത് എന്ന് വോട്ടർമാർക്ക് ഉറപ്പ് നൽകാൻ നിലവിലുള്ള സംവിധാനം പാകമല്ല. എന്ന് മാത്രമല്ല, ചെയ്ത വോട്ടിന് സ്ഥിരീകരണം നൽകുകയാണ് വി.വി.പി.എ.ടി​യുടെ പ്രഖ്യാപിത ധർമം. പക്ഷേ നിലവിൽ അത് നിർവഹിക്കുന്നത് അമർത്തിയ ബട്ട​െൻറ സ്ഥിരീകരണം മാത്രമാണ്.

അതുപോലെ തന്നെ പ്രിൻറ്​ ചെയ്ത വോട്ട് ശരിയാണോ അല്ലയോ എന്ന് ഉറപ്പ് വരുത്താനും സ്ഥിരീകരിക്കാനും ഉള്ള അവകാശമോ അധികാരമോ വോട്ടർമാർക്ക് ഇല്ല താനും. അതായത് വി.വി.പി.എ.ടിയുടെ ഉദ്ദേശ്യ ലക്ഷ്യങ്ങൾ എന്താണോ അതൊന്നും ഈ പ്രക്രിയയിൽ നിർവഹിക്കപ്പെടുന്നില്ല.

പരിതാപകരമായ മറ്റൊരു കാര്യം, വോട്ടിങ്​ മെഷീനെ സംശയിച്ചുകൂടാ എന്നതാണ്. ത​െൻറ സംശയം തെളിയിക്കാൻ സാധിച്ചില്ലെങ്കിൽ നിലവിലുള്ള നിയമമനുസരിച്ച് അയാൾ നിയമ നടപടിക്ക് വിധേയമായേക്കാം. അതുകൊണ്ട് തന്നെ ത​െൻറ വോട്ട് ഹാക്ക് ചെയ്യപ്പെട്ടു എന്ന ബോധ്യമുണ്ടെങ്കിൽപോലും അത് തെളിയിക്കാൻ വോട്ടർക്ക് സാധിക്കില്ല.

എന്തുകൊണ്ടെന്നാൽ ഹാക്കിങ്​ ലോജിക്കൽ എണ്ണ ക്രമത്തിലേ ചെയ്യൂ, ഇടതടവില്ലാതെ തുടർച്ചയായി ചെയ്യാറില്ല. ഉദാഹരണത്തിന് എല്ലാ പത്താമത്തെ വോട്ടും, അല്ലെങ്കിൽ പതിനഞ്ചാമത്തെ വോട്ട് എന്നിങ്ങനെയേ ഹാക്ക് ചെയ്യപ്പെടുകയുള്ളൂ. അല്ലാതെ പതിനഞ്ചാമത്തെയും പതിനാറാമത്തെയും വോട്ട് ഹാക്ക് ചെയ്യില്ല. അങ്ങനെ വരുമ്പോൾ ത​െൻറ വോട്ടായ പതിനഞ്ചാമത്തെ വോട്ട് ഇതര സ്ഥാനാർഥിക്ക് പോയി എന്നറിഞ്ഞാലും പതിനാറാമത്തെ വോട്ടിലൂടെ അത് തെളിയിക്കാൻ അയാൾക്ക് സാധിക്കില്ല.

ചുരുക്കി പറഞ്ഞാൽ വോട്ടിങ്​ മെഷീനിലൂടെയുള്ള തെരഞ്ഞെടുപ്പ് കുറ്റമറ്റതല്ല. അത് ചൂണ്ടിക്കാണിക്കുകയും കുറവുകൾ പരിഹരിക്കാൻ സമ്മർദം ചെലുത്തുകയും ചെയ്യുക എന്നതാണ് പൗരധർമം. സ്വതന്ത്രവും നിഷ്പക്ഷവുമായ തെരഞ്ഞെടുപ്പ്, രാഷ്​ട്രത്തിെൻറ പരമാധികാരത്തെ സംബന്ധിച്ചിടത്തോളം പരമപ്രധാനമാണ്. ജനങ്ങളുടെ കൈയിലുള്ള പരമാധികാരമാണ് വോട്ടിലൂടെ നമ്മൾ നമ്മുടെ ജനപ്രതിനിധികളിലേക്ക് കൈമാറുന്നത്. അത് യഥാർഥ കൈകളിൽ എത്തിച്ചേരുന്നു എന്ന് ഉറപ്പ് വരുത്താൻ നമുക്ക് സാധിക്കണം.

സ്വതന്ത്രവും നിഷ്പക്ഷവുമായ തെരഞ്ഞെടുപ്പ് രാജ്യത്തി​െൻറ പരമാധികാരം കാത്ത് സൂക്ഷിക്കാൻ അത്യന്താപേക്ഷിതമാണ്. അത് ഉറപ്പാക്കൽ രാജ്യസ്നേഹത്തി​െൻറയും പൗരധർമത്തി​െൻറയും മകുടോദാഹരണങ്ങളുമാണ്. വ്യാപകമായ ചർച്ചകളിലൂടെയും ജനാധിപത്യപരമായ സംവാദങ്ങളിലൂടെയുമാണ് ഇത്തരം ന്യൂനതകൾ പരിഹരിക്കപ്പെടേണ്ടത്.

(മയ്യിൽ, ചേതന ഫിലിം & കൾച്ചറൽ സൊസൈറ്റിയുടെ ആഭിമുഖ്യത്തിൽ നടന്ന ഓൺലൈൻ സെമിനാറിൽ നടത്തിയ പ്രഭാഷണത്തി​െൻറ സംക്ഷിപ്ത രൂപമാണിത്.)

തയാറാക്കിയത്: രാമചന്ദ്രൻ ചേണിച്ചേരി

Show Full Article
TAGS:Kannan Gopinathan madhyamam weekly 
News Summary - Kannan Gopinathan about Electronic voting machine
Next Story