Begin typing your search above and press return to search.
proflie-avatar
Login

പരിഹാസം ഒരു ഭരണഘടനാ പ്രശ്നമാകുമ്പോൾ

പരിഹാസം ഒരു ഭരണഘടനാ   പ്രശ്നമാകുമ്പോൾ
cancel

പാറ്റ സമരത്തിൽ അടിമുടി പരിഹാസം ശക്തമായ വികാരവും നിലപാടുമായി മാറുന്നുണ്ട്. ഭരണാധികാരികളെ മയമില്ലാതെ അവർ വിമർശിച്ചു. പരിഹാസവും ന്യൂജെൻ സമരവും കൂട്ടിവായിക്കുന്ന ലേഖകൻ ചില ​ശ്രദ്ധേയ നിരീക്ഷണങ്ങളും നടത്തുന്നു. ജൂലൈ മാസത്തെ ഈർപ്പം നിറഞ്ഞ സായാഹ്നങ്ങളിൽ ജന്തർമന്തർ പതിവ് പ്രതിഷേധങ്ങൾക്കുള്ള ഇടം എന്നതിലുപരി ഭരണഘടനാ ഭാവുകത്വം ആഘോഷിക്കപ്പെടുന്ന ഒരു കാർണിവൽ പോലെയായിരുന്നു. ഭരണഘടന കൈയിലേന്തിയ മുതിർന്ന അഭിഭാഷകർക്കൊപ്പം, പാറ്റയുടെ മുഖംമൂടിയണിഞ്ഞ വിദ്യാർഥികൾ അണിനിരന്നു. ചിലർ ഭരണഘടനയുടെ ആമുഖം ഉറ​െക്ക വായിച്ചു, മറ്റു ചിലർ കാർട്ടൂൺ വരച്ചു. വൈദ്യുതിബന്ധം വിച്ഛേദിച്ചപ്പോൾ, വെള്ളവും...

Your Subscription Supports Independent Journalism

View Plans
പാറ്റ സമരത്തിൽ അടിമുടി പരിഹാസം ശക്തമായ വികാരവും നിലപാടുമായി മാറുന്നുണ്ട്. ഭരണാധികാരികളെ മയമില്ലാതെ അവർ വിമർശിച്ചു. പരിഹാസവും ന്യൂജെൻ സമരവും കൂട്ടിവായിക്കുന്ന ലേഖകൻ ചില ​ശ്രദ്ധേയ നിരീക്ഷണങ്ങളും നടത്തുന്നു.

ജൂലൈ മാസത്തെ ഈർപ്പം നിറഞ്ഞ സായാഹ്നങ്ങളിൽ ജന്തർമന്തർ പതിവ് പ്രതിഷേധങ്ങൾക്കുള്ള ഇടം എന്നതിലുപരി ഭരണഘടനാ ഭാവുകത്വം ആഘോഷിക്കപ്പെടുന്ന ഒരു കാർണിവൽ പോലെയായിരുന്നു. ഭരണഘടന കൈയിലേന്തിയ മുതിർന്ന അഭിഭാഷകർക്കൊപ്പം, പാറ്റയുടെ മുഖംമൂടിയണിഞ്ഞ വിദ്യാർഥികൾ അണിനിരന്നു. ചിലർ ഭരണഘടനയുടെ ആമുഖം ഉറ​െക്ക വായിച്ചു, മറ്റു ചിലർ കാർട്ടൂൺ വരച്ചു.

വൈദ്യുതിബന്ധം വിച്ഛേദിച്ചപ്പോൾ, വെള്ളവും ഭരണഘടനയുടെ പ്രസക്തഭാഗങ്ങളുടെ പകർപ്പും ഒരേ ഗൗരവത്തോടെ വിതരണം ചെയ്തുകൊണ്ടിരുന്ന വളന്‍റിയർമാർക്ക്, ഫോണിന്‍റെ ടോർച്ചുകൾ വെളിച്ചം പകർന്നു. ഭരണഘടനയുടെ അനുഛേദം 19ഉം 21ഉം ആലേഖനം ചെയ്ത ബാനറിന്റെ വശങ്ങളിൽ അംബേദ്കറുടെ ഛായാചിത്രവും ദേശീയചിഹ്നവും കാണാം. പാറ്റകളുടെ പരിഹാസത്തിനും ഭരണഘടനാധാർമികതയുടെ ശാന്ത ഗാംഭീര്യത്തിനും ഇടയിൽ ചാഞ്ചാടുന്ന പ്രതീകാത്മകത. അത് ഒരേസമയം ഒരു ഭരണഘടനാ സദസ്സും ആഘോഷവേദിയും ആയിരുന്നു.

ആദ്യഘട്ടത്തിൽ അതിനെ ക്ഷണികമായ ഒരു സൈബർ പ്രതിഭാസം എന്നനിലക്ക് തള്ളിക്കളയാമായിരുന്നു. കോക്രോച്ച് ജനത പാർട്ടി എന്ന് സ്വയം വിശേഷിപ്പിക്കുന്ന പ്രസ്ഥാനം ഒറ്റനോട്ടത്തിൽ, രാഷ്ട്രീയ പ്രശ്നങ്ങൾക്കുപരി കേവലം സൈബർ തമാശകൾക്കുവേണ്ടി സൃഷ്ടിച്ച ഒരു അസംബന്ധ ബിംബ കൽപന മാത്രമാണ്. വിമർശകർ അതിനെ വെറും പ്രദർശനപരതയായും പിന്തുണക്കുന്നവർ അന്യവത്കരിക്കപ്പെട്ട തലമുറയുടെ യഥാർഥ ശബ്ദമായും വിലയിരുത്തി. എന്നാൽ, സംഭവിക്കുന്നതിന്റെ ഭരണഘടനാപരമായ പ്രാധാന്യം ഇരു കൂട്ടരും മനസ്സിലാക്കിയില്ല.

സോനം വാങ്ചുക്കിന്റെ നിരാഹാരം, ഒപ്പം ഐസയുടെയും എസ്.എഫ്.ഐയുടെയും എ.ഐ. എസ്.എഫിന്റെയും വിദ്യാർഥി നേതാക്കൾ, രാജ്യമെമ്പാടുനിന്നും ഒഴുകിയെത്തിയ യുവതലമുറ. സമരം അക്ഷരാർഥത്തിൽ ബി.ജെ.പി സംവിധാനത്തെ സ്തബ്ധമാക്കി. ചോദ്യംചെയ്യപ്പെടാത്ത ധാർഷ്ട്യത്തിന്റെ ഗോപുരങ്ങൾ ഇളകി. പുതിയ നിയമനിർമാണം എന്ന കാപട്യം വിദ്യാർഥികൾ തിരിച്ചറിഞ്ഞു. അർധരാത്രിയിലെ ഇൻസ്റ്റഗ്രാം റീൽ കൊണ്ട് ജെൻസിയെ കൈയിലെടുക്കാനുള്ള പ്രധാനമന്ത്രിയുടെ ശ്രമം ആയിരക്കണക്കിന് പരിഹാസ റീലുകളായി തിരിഞ്ഞുകൊത്തി.

ഒടുവിൽ യൂനിയൻ വിദ്യാഭ്യാസ മന്ത്രി ധർമേന്ദ്ര പ്രധാന്റെ രാജിയിലേക്ക് കാര്യങ്ങൾ നീങ്ങി. പ്രക്ഷോഭകാരികൾക്കെതിരെ കേസുകൾ ചാർജ് ചെയ്യില്ല എന്ന് ഉറപ്പുനൽകി. അങ്ങനെ താൽക്കാലികമായി സി. ജെ.പി ഡൽഹിയിലെ സമരവേദിയിൽനിന്നും പിരിഞ്ഞുപോയി. പ്രധാനമന്ത്രി മോദിയും സംഘപരിവാര രാഷ്ട്രീയവും പതിറ്റാണ്ടുകൾകൊണ്ട് പടുത്തുയർത്തിയ ഭീതിയുടെ മതിലുകൾ തകർത്തു തരിപ്പണമാക്കിയിട്ടാണ് പാറ്റകൾ തലസ്ഥാനം വിട്ടത്.

രാജ്യത്തിന്‍റെ രാഷ്ട്രീയ ചരിത്രത്തിൽ കോക്രോച്ച് ജനത പാർട്ടിയുടെ അത്യന്തികമായ സ്ഥാനം എന്തായിരിക്കും എന്നത് നമുക്ക് ഇപ്പോൾ പറയാൻ കഴിയില്ല. പരിഹാസ രൂപേണ ആരംഭിച്ച കൂട്ടായ്മക്ക് സർക്കാറിനു മുന്നിൽ അതീവ ഗൗരവതരമായ ഭരണഘടന പ്രശ്നങ്ങൾ ഉയർത്തിപ്പിടിക്കുന്ന പ്രസ്ഥാനമായി മാറാൻ കഴിഞ്ഞതെങ്ങനെ എന്ന ചോദ്യം ചരിത്രത്തിൽ മുഴങ്ങുമെന്നു തീർച്ച. സൈബർ പരിഹാസങ്ങളിൽനിന്ന് ഭരണഘടനയുടെ ഭാഷയിലേക്കുള്ള ഈ പരിവർത്തനം, കേവലം വിജയാഘോഷങ്ങൾക്കും വിമർശനങ്ങൾക്കും അപ്പുറമുള്ള പരിശോധന ആവശ്യപ്പെടുന്നുണ്ട്.

സുപ്രീംകോടതി ചീഫ് ജസ്റ്റിസ് സൂര്യകാന്തിന്റെ ഒരു പരാമർശത്തിൽനിന്നാണ് കോക്രോച്ച് ജനത പാർട്ടി രൂപംകൊള്ളുന്നത്. ചീഫ് ജസ്റ്റിസ് വളരെ വൈകി ചില വിശദീകരണങ്ങളൊക്കെ നൽകിയെങ്കിലും യുവതക്കെതിരെയുള്ള അധിക്ഷേപം വെറുതെ വിടാൻ സൈബറിടം ഒരുക്കമായിരുന്നില്ല. പാറ്റകൾ എന്നും പരാന്നഭോജികൾ എന്നുമുള്ള പരാമർശങ്ങൾക്ക് വലിയ പ്രതീകാത്മക പ്രാധാന്യം കൈവന്നു. അഭിജിത് ദീപ്കെ, ആ ഭാഷയെ ഓൺലൈൻ ആക്ഷേപഹാസ്യമാക്കി മാറ്റിയപ്പോൾ അപ്രതീക്ഷിതമായ വേഗത്തിൽ പ്രചാരം നേടുകയും ദേശവ്യാപകമായി യുവതയുടെ കൂട്ടായ്മയായി മാറുകയും ചെയ്തു. തൊഴിലില്ലായ്മയും പരീക്ഷാ പേപ്പർ ചോർച്ചയും ഭരണഘടനാ സ്ഥാപനങ്ങളുടെ വിശ്വാസ്യതയും പരക്കെ ചർച്ചചെയ്യപ്പെട്ടു. ഉന്നയിച്ച ആരോപണങ്ങളുടെ നിജസ്ഥിതി ചരിത്രപരമായി നിലനിൽക്കുന്നതാണോ എന്നതിലുപരിയാണ് അത് ഉണ്ടാക്കിയ ഫലം. ബാലിശമെന്ന് തോന്നിയ ഒരു രൂപകം ദേശവ്യാപകമായ വിയോജിപ്പുകളുടെ സംഘാടക വേദിയായി മാറി.

ചരിത്രപരമായ അവധാനതയോടെ വിശകലനം ചെയ്യേണ്ട വിഷയമാണിത്. സാമൂഹിക പ്രവർത്തകരുടെ വാക്ചാതുരിയിൽ, പ്രക്ഷോഭകാരികളുടെ വ്യാഖ്യാനങ്ങളിൽ, ന്യായവാദങ്ങളിൽ എല്ലാം നിറയുന്ന വൈകാരികമായ ഒരു ആഖ്യാനമുണ്ട്. തിരിച്ചെടുക്കാൻ കഴിയാത്ത വിധം അധഃപതിച്ച ഒരു രാഷ്ട്രത്തിന്റെ ചിത്രം. ചരിത്രകാരന്റെ ശബ്ദം അതുമാത്രമാവരുത്. പകരം, പൗരൻ തന്റെ രാജ്യത്തെ രാഷ്ട്രീയ യാഥാർഥ്യത്തെ അനുഭവിക്കുന്നത് എങ്ങനെയാണെന്നുള്ളതിന്റെ തെളിവായി അതിനെ കണ്ടാൽ മതി. ആരോപണങ്ങൾക്കും അവകാശവാദങ്ങൾക്കും ഇടയിൽ വസ്തുതകളും വിരുദ്ധ അഭിപ്രായമുള്ള സന്ദർഭങ്ങളും ഏകപക്ഷീയമായ ആഖ്യാനങ്ങളും വ്യതിരിക്തമായി മനസ്സിലാക്കേണ്ടതുണ്ട്.

വസ്തുതകളും ആരോപണങ്ങളും തമ്മിലുള്ള വേർതിരിവ്, ചരിത്രാന്വേഷണത്തിന്റെ രീതിശാസ്ത്രം എന്നതിലുപരി നമ്മുടെ ഭരണഘടനയുടെ അടിസ്ഥാന സങ്കൽപനങ്ങളുടെ ഭാഗവുമാണ്. ആരോപണങ്ങളും വസ്തുതകളും വാചാടോപങ്ങളും തെളിവുകളും നിയമപരതയും ധാർമിക സാധുതയും തമ്മിലുള്ള വേർതിരിവ് ജനാധിപത്യ പ്രക്രിയയുടെ ഭാഗമാണ്. ഭരണകൂട സ്ഥാപനങ്ങൾക്കകത്ത്, ഇവ തമ്മിലുള്ള വേർതിരിവ് ഇല്ലാതായിക്കൊണ്ടിരിക്കുന്നുവെന്ന് വലിയൊരു വിഭാഗം പൗരന്മാർ വിശ്വസിച്ചിരുന്നതു കൊണ്ടാണ് കോക്രോച്ച് ജനത പാർട്ടി ഉദയം കൊണ്ടതുതന്നെ.

മുഖ്യധാരാ ആഖ്യാനങ്ങൾ സി.ജെ.പിയെ രണ്ട് കളങ്ങൾക്കുള്ളിൽ നിർത്താനാണ് ശ്രമിക്കുന്നത്. ഒരു കൂട്ടർ അത് ജനാധിപത്യത്തിന്‍റെ പിൻനടത്തത്തിന്റെ സൂചനയായി മനസ്സിലാക്കുന്നു. അധികാരത്തിന്റെ കേന്ദ്രീകരണവും ജനാധിപത്യ സ്ഥാപനങ്ങളുടെ സ്വാതന്ത്ര്യം നഷ്ടപ്പെടുന്നതും വിയോജിപ്പുകൾക്കുള്ള ഇടങ്ങൾ ചുരുങ്ങിവരുന്നതുമായ സാഹചര്യത്തെ സൂചിപ്പിക്കുന്നു. മറ്റൊരു കൂട്ടർ പ്രാതിനിധ്യ ജനാധിപത്യത്തിന്റെ ആധികാരികതയില്ലാത്ത, വിഭാഗീയ ആശയധാരകൾ കൈയക്കാൻ സാധ്യതയുള്ള, തെരഞ്ഞെടുപ്പ് പ്രക്രിയയെ സ്വാധീനിക്കാൻ ഇടയില്ലാത്ത, തെരുവുകാഴ്ചയായി ഇതിനെ ചുരുക്കിക്കാണുന്നു. ഇരു വ്യാഖ്യാനങ്ങളിലും ഭാഗികമായ ശരികളുണ്ടെങ്കിലും, കേവല രാഷ്ട്രീയത്തിനപ്പുറം ഭരണഘടനാപരമായ പ്രസക്തി ഈ പ്രസ്ഥാനം കൈവരിച്ചത് എങ്ങനെയെന്ന് വിശദീകരിക്കാൻ ഇവ പര്യാപ്തമല്ല.

ഇതുപോലെയുള്ള കളങ്ങൾക്കപ്പുറം, സമൂഹത്തിൽ ഭരണഘടനാപരമായ ആധികാരികത സൃഷ്ടിക്കപ്പെടുന്ന പ്രക്രിയയിൽ ഉണ്ടാകുന്ന മാറ്റത്തെയാണ് കോക്രോച്ചുകൾ പ്രതിനിധാനംചെയ്യുന്നത്. അതിന്റെ പ്രാധാന്യം പ്രക്ഷോഭങ്ങളുടെ വലുപ്പമോ പ്രതീകങ്ങളുടെ മൗലികതയിലോ ഭരണകൂട പ്രതികരണത്തിന്റെ രൂക്ഷതയിലോ അല്ല. മറിച്ച്, ഭരണഘടനാപരമായ വ്യാഖ്യാനങ്ങൾ, ഔദ്യോഗിക സ്ഥാപനങ്ങളിൽ നിന്നും പൊതു ഇടങ്ങളിൽ ഒത്തുചേരുന്ന മനുഷ്യരുടെ കൂട്ടായ്മയിലേക്ക് വിതരണം ചെയ്യപ്പെടുന്നത് എങ്ങനെയെന്ന് വരച്ചുകാട്ടുന്നു എന്നുള്ളിടത്താണ്.

അതിനർഥം രാഷ്ട്രത്തിന്‍റെ പരമാധികാരം പാർലമെന്‍റിൽ നിന്നും തെരുവുകളിലേക്ക് മാറിയിരിക്കുന്നു എന്നല്ല. അങ്ങനെ ഒരു നിഗമനം ഭരണഘടനാ സിദ്ധാന്തത്തിന്റെയും ജനാധിപത്യ പ്രക്രിയയുടെയും തെറ്റായ മനസ്സിലാക്കലാണ്. പാർലമെന്റ് തെരഞ്ഞെടുപ്പുകളിലൂടെ അതിന്റെ ജനാധിപത്യപരമായ ആധികാരികത നിലനിർത്തുന്നുണ്ട്, കോടതികൾ ഇപ്പോഴും ജുഡീഷ്യൽ പരിശോധനകൾ നടത്തുന്നുണ്ട്, ഗവൺമെന്‍റുകൾക്ക് ഇപ്പോഴും ഭരണഘടനാപരമായ ഔപചാരികതയുണ്ട്. എന്നിരിക്കെയും, ഇന്ത്യൻ ഭരണഘടനാ ചരിത്രം പലതവണ തെളിയിച്ചിട്ടുള്ളതുപോലെ, ഭരണഘടനാജനാധിപത്യ രാജ്യങ്ങൾ ഔദ്യോഗിക സ്ഥാപനങ്ങൾക്ക് പുറമെ, രാഷ്ട്രീയ പ്രവർത്തനങ്ങളിലൂടെ ഭരണഘടനാപരമായ ചുമതലകളെ വ്യാഖ്യാനിക്കാൻ കഴിയുന്ന പൗരർകൂടി ഉൾപ്പെടുന്നതാണ്.

 

ജന്തർമന്തറിൽ നിരാഹാരമനുഷ്ഠിക്കുന്ന സോനം വാങ്ചുക്

നമ്മുടെ സ്വാതന്ത്ര്യ പ്രസ്ഥാനം തന്നെ രാഷ്ട്രീയ അധികാരത്തിന് വേണ്ടിയുള്ള സമരം മാത്രമായിരുന്നില്ല, ഭരണഘടനപോലും നിലവിൽ വരുന്നതിനു മുമ്പേ, ഭരണഘടനാപരമായ സങ്കൽപനങ്ങൾക്കുവേണ്ടിയുള്ള പരിശ്രമം കൂടിയായിരുന്നു.

അടിയന്തരാവസ്ഥാവിരുദ്ധ പ്രക്ഷോഭങ്ങൾ സർക്കാർ തീരുമാനങ്ങൾക്കെതിരെയുള്ള സമരം മാത്രമായിരുന്നില്ല, ഭരണഘടനാപരമായ അധികാരത്തിന്റെ വ്യത്യസ്ത വ്യാഖ്യാനങ്ങളുടെ മാറ്റുരക്കൽകൂടിയായിരുന്നു. വിവരാവകാശ നിയമത്തിനു വേണ്ടിയുള്ള സമരം, സുതാര്യതയെ ഒരു ഭരണ പരിഷ്കാരം എന്നതിൽനിന്ന് ഭരണഘടനാപരമായ അഭിലാഷമാക്കി മാറ്റി. അടുത്തകാലത്ത് നടന്ന ശാഹീൻ ബാഗ്, കർഷക പ്രക്ഷോഭങ്ങൾ പൊതുവിടങ്ങളിലെ സാമൂഹിക കൂട്ടായ്മകൾ ഗവൺമെന്റ് നയങ്ങളെക്കുറിച്ച് മാത്രമല്ല ഭരണഘടനാമൂല്യങ്ങളെ കുറിച്ചുള്ള സംവാദംകൂടിയായി മാറുന്നത് എങ്ങനെയെന്ന് നമുക്ക് കാണിച്ചുതന്നു.

കോക്രോച്ച് സമരത്തിന്‍റെ ജനിതക വേരുകളും കഴിഞ്ഞകാല പ്രക്ഷോഭങ്ങളുടെ തുടർച്ചയിലാണ്. എന്നിരുന്നാൽപോലും ഇത് അവയിൽനിന്ന് വ്യത്യസ്തമാണെന്ന് കാണാതിരിക്കരുത്. ജെ.പി പ്രസ്ഥാനം പോലെ ഒരു ദേശീയ നേതാവിന്റെ നേതൃത്വത്തിലല്ല ഇതുയർന്നുവന്നത്, ഇന്ത്യ എഗൻസ്റ്റ് കറപ്ഷൻ പോലെ ഏതെങ്കിലും ഒരു ഒറ്റ നിയമനിർമാണത്തെ ചുറ്റിപ്പറ്റിയല്ല വിദ്യാർഥികൾ ഒത്തുചേർന്നത്, ശാഹീൻ ബാഗിലെ സമരത്തെപ്പോലെ ഏതെങ്കിലും ഒരു പ്രത്യേക മതവിഭാഗത്തെ പ്രതിനിധാനം ചെയ്യുന്നതായിരുന്നില്ല ഇതിന്റെ പ്രാഥമിക ആവശ്യങ്ങൾ, കർഷക സമരങ്ങൾക്ക് ഉണ്ടായിരുന്നതു പോലുള്ള വ്യതിരിക്തമായ വർഗസ്വഭാവവും ഇവിടെ ഉണ്ടായിരുന്നില്ല. പകരം പൗരത്വ സങ്കൽപത്തിന്റെ ഭരണഘടനാപരമായ ആശങ്കകളിലാണ് അതു കേന്ദ്രീകരിച്ചത്. ഭരണഘടനയുടെ അനുഛേദം 5 മുതൽ 11 വരെയുള്ള ഭാഗങ്ങളിൽ വിവരിക്കുന്ന പൗരത്വത്തിന്റെ നിയമപരതയിലല്ല, വിശ്വാസ്യതയുള്ള സ്ഥാപനങ്ങൾ ഉൾച്ചേർന്ന രാഷ്ട്രീയ സമൂഹത്തിലെ അംഗത്വം എന്ന നിലയിൽ പൗരത്വത്തിന്റെ മൂല്യമാണ് സംവാദ ബിന്ദുവായി മാറിയത്.

ഭരണകൂടത്തിന്റെ അസംസ്കൃതമായ അധികാരത്തിന് ഉപരിയായി, സ്ഥാപനങ്ങളുടെ വിശ്വാസ്യതയിൽ അധിഷ്ഠിതമായിട്ടാണ് ഭരണഘടനാജനാധിപത്യം നിലനിൽക്കുന്നത്. ഭരണഘടന വിവിധ സ്ഥാപനങ്ങൾക്കായി അധികാരം വിഭജിച്ചു നൽകുകയും നടപടിക്രമങ്ങൾ നിശ്ചയിക്കുകയും അവകാശങ്ങളെ സംരക്ഷിക്കുകയും ചെയ്യുന്നു എന്നാൽ, ഈ സ്ഥാപനങ്ങൾ ഭരണഘടനാമൂല്യങ്ങളോട് പ്രതികരിക്കുന്നില്ല എന്ന് പൗരസമൂഹം വിശ്വസിച്ചു തുടങ്ങിയാൽ പിന്നെ അവക്ക് ദീർഘകാലം നിലനിൽക്കാനാവില്ല. രാജ്യത്തിന്റെ അഖണ്ഡതയെയും ജനാധിപത്യത്തെയും സാമൂഹിക വിപ്ലവത്തെയും സമതുലിതമായി കൊണ്ടുപോകുന്ന ഇഴപൊട്ടാത്ത വല എന്നാണ്, ഗ്രാൻവിൽ ഓസ്റ്റിൽ ഇന്ത്യൻ ഭരണഘടനയെ വിശേഷിപ്പിച്ചത്.

ആ സന്തുലനം നിലനിൽക്കുന്നത് കേവലം തെരഞ്ഞെടുപ്പുകൾകൊണ്ട് മാത്രമല്ല, പൊതുസംവാദങ്ങളിലൂടെയും ഉത്തരവാദിത്ത നിർണയങ്ങളിലൂടെയും ഭരണഘടനാ സംസ്കൃതിയിലൂടെയും സ്ഥാപനങ്ങളും പൗരനും തമ്മിൽ നിലനിൽക്കുന്ന പാരസ്പര്യത്തിന്റെ നൈരന്തര്യത്തിലൂടെയുമാണ്. അതുകൊണ്ടുതന്നെ ഇവിടെ ഉയരുന്ന പ്രധാനപ്പെട്ട ചോദ്യം കോ​േക്രാച്ച് ജനത പാർട്ടിക്ക് പ്രക്ഷോഭം നടത്താൻ നിയമപരമായ അനുമതി ഉണ്ടായിരുന്നോ എന്നതല്ല. ഭരണഘടനാപരമായ ആധികാരികത നിലനിൽക്കുന്നത് വ്യവസ്ഥാപിത അനുശാസനങ്ങൾക്ക് ഉപരിയായി പൊതുപ്രകടനങ്ങളിൽ അധിഷ്ഠിതമായാണോ എന്നതാണ്.

പ്രാതിനിധ്യ ജനാധിപത്യ സംവിധാനങ്ങൾ തെരഞ്ഞെടുപ്പിലൂടെ ഉയർന്നുവന്നതല്ലാത്ത പ്രസ്ഥാനങ്ങളുടെ ഭരണഘടനാപരമായ ആധികാരികതയെ പരിമിതപ്പെടുത്താറുണ്ട്. നിയമനിർമാണ സഭകളും എക്സിക്യൂട്ടിവും കോടതികളും അടങ്ങുന്ന ത്രിത്വത്തെയാണ് ഇന്ത്യൻ ഭരണഘടന ജനാധിപത്യത്തിന്റെ ഘടകങ്ങളായി സ്ഥാപിച്ചിട്ടുള്ളത്, അല്ലാതെ പൊതുയിടങ്ങളിലെ കൂട്ടായ്മകളല്ല. പാതയോരത്തെ പ്രക്ഷോഭങ്ങൾ മറ്റൊരു ഭരണഘടന ആയിക്കൂടാ; മതിയായത്ര വലുപ്പമുള്ള പ്രക്ഷോഭങ്ങൾ ഉയർന്നുവന്നാൽ ഗവൺമെന്റ് രാജിവെക്കണം എന്ന സാഹചര്യം ജനാധിപത്യത്തിന്റെ സ്ഥിരതയെ അപകടപ്പെടുത്തും.

നമ്മുടെ ഭരണഘടന നേരിട്ടുള്ള ജനാധിപത്യത്തിനു പകരം പ്രാതിനിധ്യ ജനാധിപത്യമാണ് തെരഞ്ഞെടുത്തത്. ദേശീയ നയങ്ങൾ തീരുമാനിക്കുന്ന പ്രധാനപ്പെട്ട ഫോറം പാർലമെന്റ് ആണ്, പൊതുപ്രകടനങ്ങളിലൂടെയല്ല തെരഞ്ഞെടുപ്പുകളിലൂടെയാണ് ഗവൺമെന്റ് അധികാരത്തിലേറുന്നത്, ഹിത പരിശോധനകളിലൂടെ അല്ല കോടതി നടപടിയിലൂടെയാണ് നിയമപോരാട്ടങ്ങൾ തീരുമാനിക്കപ്പെടുന്നത്. രാജ്യത്തിന്റെ ഭരണഘടനാ പദ്ധതിയെ സമ്പൂർണമായി ഉടച്ചുവാർക്കാതെ പൊതുപ്രക്ഷോഭങ്ങൾ വ്യവസ്ഥാപിത സംവിധാനങ്ങൾക്കു പകരമാവില്ല.

എന്നാൽ, ഇവിടെ ഒരു വ്യത്യാസം നമ്മൾ തിരിച്ചറിയേണ്ടതുണ്ട്. പ്രതിഷേധങ്ങളെല്ലാം പ്രാതിനിധ്യ ജനാധിപത്യ സംവിധാനങ്ങളെ അട്ടിമറിക്കണമെന്ന ഉദ്ദേശ്യത്തോടുകൂടി ഉള്ളതല്ല. ഈ സംവിധാനങ്ങൾ അവഗണിച്ചുവെന്ന് കരുതപ്പെടുന്ന ഭരണഘടനാ വാഗ്ദാനങ്ങളെക്കുറിച്ച് സ്ഥാപനങ്ങളെ ഓർമപ്പെടുത്തുകയാണ് പ്രക്ഷോഭങ്ങൾ ചെയ്യുന്നത്. വ്യവസ്ഥയെ അട്ടിമറിക്കുന്നതും വ്യവസ്ഥിതിയോട് ഭരണഘടനാപരമായ ബാധ്യതകളിലേക്ക് തിരിച്ചുവരാൻ ആവശ്യപ്പെടുന്നതും തമ്മിലുള്ള വ്യത്യാസം മനസ്സിലാക്കിയാലേ കോക്രോച്ച് ജനത പാർട്ടിയെ വിലയിരുത്താൻ കഴിയൂ.

ഭരണഘടനയെ തള്ളിക്കളയുകയല്ല നിരന്തരം ഓർമപ്പെടുത്തുകയാണ് ഈ യുവാക്കൾ ചെയ്യുന്നത്. വിപ്ലവത്തിന്റെ ഭാഷയിലല്ല, ഭരണഘടനയുടെ പകർപ്പുകൾ കൈയിലേന്തി, ആമുഖം ഉറ​െക്ക വായിച്ച്, ഭരണഘടനാപരമായ ഭാഷയിലാണ് അവരുടെ ആവശ്യങ്ങൾ ഉന്നയിച്ചത്. ആ ആവശ്യങ്ങളോട് വിയോജിപ്പുള്ളവർക്ക് പോലും അവ ഉന്നയിക്കപ്പെട്ടത് ഭരണഘടനാപരമായ രീതിയിലാണ് എന്ന കാര്യത്തിൽ തർക്കം ഉന്നയിക്കാൻ കഴിയില്ല. ഭരണഘടനക്ക് വെളിയിലല്ല, ഭരണഘടനയിലൂടെയുള്ള ആധികാരികതയാണ് അവർ ആവശ്യപ്പെട്ടത്.

ചരിത്രത്തിലുടനീളം വിപ്ലവ പ്രസ്ഥാനങ്ങൾ നിലവിലുള്ള ഭരണസംവിധാനങ്ങൾക്ക് വെളിയിലാണ് അവരുടെ ആവശ്യങ്ങളെ സ്ഥാപിച്ചത്. രാജഭരണത്തിന് പകരം ജനങ്ങളുടെ സർവാധികാരമാണ് ഫ്രഞ്ച് വിപ്ലവം മുന്നോട്ടു​െവച്ചത്, ലിബറൽ ഭരണഘടനാ സംവിധാനത്തെ ആകെ തള്ളിക്കളയുകയാണ് റഷ്യൻ വിപ്ലവം ചെയ്തത്, ഇംപീരിയൽ ഭരണഘടനാ സംവിധാനങ്ങളെ നിഷേധിച്ചുകൊണ്ട് സ്വയം നിർണയാവകാശം ആവശ്യപ്പെടുകയാണ് സ്വാതന്ത്ര്യ പ്രസ്ഥാനങ്ങൾ ചെയ്തത്. അതുപോലെ ഭരണഘടനയുടെ ആധികാരികതയെ ചോദ്യം ചെയ്യുകയല്ല, ഭരണഘടനാപരമായ വാഗ്ദാനങ്ങൾ സാക്ഷാത്കരിക്കപ്പെട്ടില്ലെന്ന പരാതിയാണ് കോക്രോച്ചുകൾ ഉന്നയിച്ചത്. അവരുടെ ആവശ്യങ്ങൾ വ്യാഖ്യാനപരമാണ്, വിപ്ലവാത്മകമല്ല. ഭരണഘടനയെ നിരസിക്കുന്നതിനു പകരം ഭരണഘടനയുടെ വ്യാഖ്യാനമാണ് പ്രക്ഷോഭങ്ങളുടെ പ്രവർത്തന ചട്ടക്കൂടെങ്കിൽ, സമരങ്ങൾ ഭരണഘടനയുടെ തകർച്ചയല്ല ഭരണഘടനയുടെ കാര്യക്ഷമമായ പ്രവർത്തനത്തെയാണ് സൂചിപ്പിക്കുന്നത്. ഇത് വളരെ പ്രധാനപ്പെട്ട കാര്യമാണ്.

കോക്രോച്ച് ജനത പ്രസ്ഥാനത്തിന്റെ ഏറ്റവും മൗലികമായ പ്രത്യേകത ഇവിടെയാണ്. ഒരു വൈറൽ പഞ്ച് ലൈൻ എന്നതിലുപരി തിരക്കഥയിലെ തന്ത്രപരമായ ഒരു തെന്നിമാറലായിരുന്നു അത്. തങ്ങൾക്ക് നേരെ വന്ന അധിക്ഷേപത്തെ സ്വയംവരിക്കുക വഴി, യുവാക്കൾ പരിഹാസത്തെ പരസ്പരം പങ്കിടുന്ന ഭാഷയാക്കി മാറ്റി. കൂടുതൽ ഗൗരവതരമായ ഭരണഘടനാ പ്രശ്നങ്ങളെ ദേശീയതലത്തിലേക്ക് വീണ്ടും കൊണ്ടുവരുന്നതിന് അവർ ഹാസ്യത്തെ ഉപയോഗപ്പെടുത്തി. ആക്ഷേപഹാസ്യത്തിന്റെ സാധ്യതകളെ ക്ഷണികമായ ഉത്സവാഘോഷമായി ചുരുക്കാതെ ഭരണഘടനാപരമായ ഉത്തരവാദിത്തനിർണയത്തിലേക്ക് ഗതിമാറ്റി വിടുകയാണ് ചെയ്തത്.

ഭരണഘടനയുടെ അനുഛേദം 19(1)(എ) പ്രകാരം പരിഹാസം സംരക്ഷിക്കപ്പെടുമോ എന്നുള്ളതല്ല (തീർച്ചയായും 19(2)ലെ നിയന്ത്രണങ്ങൾക്ക് വിധേയമായി ഹാസ്യത്തിന് ഭരണഘടനാപരമായ സംരക്ഷണമുണ്ട്). സാമ്പ്രദായിക രാഷ്ട്രീയ കക്ഷികൾ ചേർത്തുപിടിക്കാൻ തയാറാകാത്ത ഭരണഘടനാപരമായ ആവശ്യങ്ങൾ ഉന്നയിക്കുന്നതിനുള്ള ഭാഷയായി നർമം മാറിയിരിക്കുന്നോ എന്നതാണ് കൂടുതൽ പ്രധാനപ്പെട്ട ചോദ്യം. പരിഹാസം സാംസ്കാരികമായ ഒരു ആവിഷ്കാരം എന്നതിനപ്പുറത്തേക്ക് ഭരണഘടനാ സംവാദമായി മാറുകയാണോ?

 

സാധാരണ രാഷ്ട്രീയ ചട്ടക്കൂടുകൾകൊണ്ട് ഈ പ്രസ്ഥാനത്തെ വിലയിരുത്താൻ സാധിക്കാത്തതിന്റെ കാരണം ഇതാണ്. ജാതിയുടെയോ മതത്തിന്റെയോ ഭാഷയുടെയോ പ്രാദേശികതയുടെ അടിസ്ഥാനത്തിൽ ഒത്തുചേർന്നവർ ആയിരുന്നില്ല ഈ പ്രക്ഷോഭകാരികൾ. വിദ്യാഭ്യാസ മേഖലയിലെ അനിശ്ചിതത്വം, പരീക്ഷ നടത്തിപ്പിലുള്ള വിവാദങ്ങൾ, തൊഴിലില്ലായ്മ, വിശ്വാസ്യത ഇടിഞ്ഞുകൊണ്ടേയിരിക്കുന്ന ഔദ്യോഗിക സ്ഥാപനങ്ങൾ, അങ്ങനെയുള്ള പൊതു അനുഭവങ്ങളാണ് അവരെ ഒന്നിപ്പിച്ചത്. ഈ അനുഭവസാക്ഷ്യങ്ങളുടെ നിഷ്പക്ഷമായ വിലയിരുത്തലുകൾ അനിവാര്യമായിരിക്കാം. പക്ഷേ, അത് മുന്നോട്ടുവെക്കുന്ന വിശാല സാമൂഹികശാസ്ത്ര മാതൃക ശ്രദ്ധേയമാണ്. പാരമ്പര്യമായി വന്നുചേർന്ന സ്വത്വബോധത്തിൽ ഉപരി, പൊതുവായ അനുഭവങ്ങളുടെ പശ്ചാത്തലത്തിൽ ഉരുവംകൊണ്ട ആവലാതി രാഷ്ട്രീയവാദമെന്ന് നമുക്കിതിനെ വിശേഷിപ്പിക്കാം.

വഴിയോരങ്ങൾ ഭരണഘടനാ വേദിയാകുമ്പോൾ

ഇന്ത്യൻ ഭരണഘടന ജനാധിപത്യത്തെ തെരഞ്ഞെടുപ്പ് രാഷ്ട്രീയത്തിലേക്ക് മാത്രമായി ചുരുക്കുന്നില്ല. പൊതുപ്രക്ഷോഭങ്ങളെ പരമാധികാരത്തിന്റെ മറ്റൊരു സ്രോതസ്സായി കണക്കാക്കുന്നുമില്ല. പകരം, പ്രാതിനിധ്യ ജനാധിപത്യവും നീതിന്യായ പരിശോധനയും പാർലമെന്ററി ഉത്തരവാദിത്തവും മൗലിക സ്വാതന്ത്ര്യങ്ങളും അന്യോന്യം ഇടപെടുന്ന രൂപഘടനയാണ് ഒരുക്കിയിട്ടുള്ളത്. അതുകൊണ്ടുതന്നെ ഇന്ത്യയിലെ ജനാധിപത്യ അധികാരം ഏതെങ്കിലും ഒരൊറ്റ സ്ഥാപനത്തിൽനിന്നല്ല, വ്യവസ്ഥിതിയും പൗരനും ഭരണഘടനാ പ്രമാണങ്ങളും തമ്മിലുള്ള ബന്ധത്തിൽനിന്നും ഉരുവംകൊള്ളുന്നതാണ്.

സങ്കീർണമായ ആ ബാന്ധവത്തിനുള്ളിലെ സംഘർഷങ്ങളെ തുറന്നുകാണിച്ചു എന്നതാണ് കോക്രോച്ച് ജനത പാർട്ടിയുടെ ഭരണഘടനാപരമായ പ്രാധാന്യം. തെരഞ്ഞെടുപ്പുകളിൽ ഇല്ലാതായതുകൊണ്ടോ ഭരണഘടനാപരമായ അവകാശങ്ങൾ ഔപചാരികമായി നഷ്ടപ്പെട്ടതുകൊണ്ടോ അല്ല ഈ പ്രസ്ഥാനം രൂപംകൊണ്ടത്. ജനങ്ങളുടെ ആവലാതികളോട് വേണ്ടവിധം പ്രതികരിക്കാൻ ഭരണഘടനാ സ്ഥാപനങ്ങൾക്ക് കഴിയാതെപോകുന്നു എന്ന സന്ദർഭത്തിലാണ് കോക്രോച്ച് ജനത പാർട്ടിയുടെ ജനനം. സംവിധാനത്തിന്റെ അളവുകോൽ ആകേണ്ടത് തെരഞ്ഞെടുപ്പ് ഫലങ്ങൾ മാത്രമല്ല, ജനാധിപത്യ സ്ഥാപനങ്ങളുടെ പ്രതികരണശേഷിയും കൂടിയാണ് എന്നനിലയാണ് ഈ പ്രസ്ഥാനം സ്വീകരിച്ചത്.

ജനാധിപത്യത്തിന്റെ അധഃപതനത്തെ കുറിച്ചുള്ള ചർച്ചകൾ പൊതുവേ, ഫലപ്രദമായി പ്രവർത്തിക്കുന്ന വ്യവസ്ഥിതിയെയും തെരുവ് സമരങ്ങളെയും വിരുദ്ധ ദ്വന്ദ്വങ്ങളായിട്ടാണ് കണക്കാക്കുന്നത്; ഒന്നുകിൽ ഈ സംവിധാനം കൃത്യമായി പ്രവർത്തിക്കും, അല്ലെങ്കിൽ ജനം തെരുവിലേക്കിറങ്ങും. എന്നാൽ, നമ്മുടെ ജുഡീഷ്യറിയുടെ ചരിത്രം കൂടുതൽ സങ്കീർണമാണ്. ഭരണഘടനാപരമായ സംവിധാനത്തെ നിഷേധിക്കുന്നതിനു പകരം അതിനെ പുനഃസ്ഥാപിക്കുന്നതിനുള്ള ക്രമമായി പ്രതിഷേധങ്ങൾ മാറുന്ന ചരിത്രമാണ് നമുക്കുള്ളത്.

ഭരണഘടനാ നിർമാണ സഭ തന്നെ ഈ സാധ്യത മുന്നിൽ കണ്ടിരുന്നു. ഓരോ അഞ്ചു വർഷം കൂടുമ്പോഴും നടക്കുന്ന എന്തോ പദ്ധതി ആയിട്ടല്ല ഭരണഘടനാ ശിൽപികൾ ജനാധിപത്യത്തെ മനസ്സിലാക്കിയിരുന്നത്. ഭരണഘടന സ്ഥാപനങ്ങൾ നിലവിൽ വന്നു കഴിഞ്ഞാൽ പിന്നെ, ആവശ്യങ്ങൾക്കുവേണ്ടി ഭരണഘടനാപരമായ സാധ്യതകൾ തേടുന്നതിനു പകരം ഭരണഘടനാതീതമായ പ്രക്ഷോഭ പരിപാടികളിലേക്ക് പോകുന്നതിനെതിരെ ഡോ. ബി.ആർ. അംബേദ്കർ മുന്നറിയിപ്പ് നൽകിയിരുന്നു. ഇപ്പോൾ നടക്കുന്ന പ്രക്ഷോഭങ്ങൾക്കെതിരെ നിരന്തരം ഉദ്ധരിക്കാറുള്ള ഒരു പ്രസ്താവനയാണത്.

എന്നാൽ, അത് അംബേദ്കറുടെ ജനാധിപത്യ കാഴ്ചപ്പാടിന്റെ പകുതി മാത്രമേ ആകുന്നുള്ളൂ. സ്വാതന്ത്ര്യവും സമത്വവും സാഹോദര്യവും സാമൂഹികനീതിയും ഉയർത്തിപ്പിടിച്ചുകൊണ്ട് ഭരണഘടനാ സ്ഥാപനങ്ങൾ സമൂഹത്തിന്റെ വിശ്വാസ്യത നേടിയെടുക്കുന്ന തരത്തിൽ പ്രവർത്തിക്കേണ്ടതുണ്ട് എന്ന കാഴ്ചപ്പാടും അദ്ദേഹത്തിനുണ്ടായിരുന്നു. ഭരണഘടനാ ധാർമികത പൗരർക്കു മേൽ മാത്രമല്ല, അധികാര സ്ഥാനത്ത് ഇരിക്കുന്നവർക്കുമേലും കടമകൾ നിർണയിച്ചുനൽകുന്നുണ്ട്.

1949 നവംബർ 25ന് ഭരണഘടനാ നിർമാണസഭയിലെ തന്റെ അവസാന പ്രസംഗത്തിൽ ഇക്കാര്യവും അദ്ദേഹം വ്യക്തമാക്കുന്നുണ്ട്. ‘അരാജകത്വത്തിന്റെ വ്യാകരണ’ത്തിനെതിരെ നിരന്തരം ഉദ്ധരിക്കപ്പെടുന്ന അദ്ദേഹത്തിന്റെ പ്രസംഗത്തിൽ, പലപ്പോഴും അവഗണിക്കപ്പെടുന്ന മറ്റൊരു താക്കീത് കൂടിയുണ്ട്. ഭരണഘടനയുടെ വാക്കുകൾകൊണ്ടു മാത്രം ഭരണഘടനാ ധാർമികത സംരക്ഷിക്കപ്പെടുകയില്ല എന്നതാണത്. “ഭരണഘടന എത്രകണ്ട് നല്ലതാണെങ്കിലും, അത് പ്രയോഗിക്കാൻ ഉത്തരവാദിത്തപ്പെട്ടവർ മോശക്കാരാണെങ്കിൽ, ഭരണഘടനയും മോശമായി തീരാം. ഭരണഘടന എത്രമേൽ മോശമായിരുന്നാലും, അത് കൈയാളുന്നവർ നല്ലവരെങ്കിൽ, ഭരണഘടനയും ഫലത്തിൽ നല്ലതായി മാറാം.” അതുകൊണ്ടുതന്നെ, ഭരണഘടനാ ജനാധിപത്യത്തിന്റെ നിലനിൽപ് ഭരണഘടനയിലെ വാചകങ്ങളെ മാത്രമല്ല, ഭരണനിർവഹണത്തെക്കൂടി ആശ്രയിച്ചിരിക്കും.

ഭരണഘടനാ ധാർമികത പൗരരുടെ മാത്രം ബാധ്യതയല്ല. രാഷ്ട്രീയ മാറ്റങ്ങൾക്ക് ഭരണഘടനാപരമായ മാർഗങ്ങൾ മാത്രം സ്വീകരിക്കണമെന്ന് ജനങ്ങളോട് പറയുമ്പോൾ, തങ്ങളുടെ അധികാരത്തിന്റെ അടിസ്ഥാനമായ ഭരണഘടനയുടെ, മൂല്യങ്ങളോട് വിശ്വസ്തത പുലർത്താൻ അധികാരികളും ബാധ്യസ്ഥരാണ്. ജനാധിപത്യത്തിന്റെ നിലനിൽപിന് ഇരുകൂട്ടർക്കും ബാധ്യതയുണ്ടെന്നാണ് അംബേദ്കർ പറയുന്നത്. ഇതിൽ ആരുടെ ഭാഗത്തുനിന്നു വീഴ്ച ഉണ്ടായാലും ഭരണഘടനാ പദ്ധതിയെ അത് അസ്ഥിരമാക്കും.

സുദീർഘവും ദുർഘടവും ആയ പോരാട്ടത്തിലൂടെ നാം നേടിയെടുത്ത രാഷ്ട്രീയ സ്വാതന്ത്ര്യം എന്നെന്നേക്കും നിലനിൽക്കുമെന്ന ഒരു ഗാരന്റിയുമില്ലെന്ന് അംബേദ്കർ പ്രസ്താവിക്കുന്നുണ്ട്. ഭരണഘടനാധിഷ്ഠിത ജനാധിപത്യങ്ങൾ നശിച്ചു പോയത് വൈദേശിക അധിനിവേശത്തിലൂടെ മാത്രമല്ല, ഭരണഘടനാപരമായ സ്ഥാപനങ്ങൾ നിലനിൽക്കവേ തന്നെ, ഭരണഘടനാമൂല്യങ്ങൾ ക്രമേണ ചോർന്നു പോകുന്ന സാഹചര്യത്തിൽ രാജ്യങ്ങൾ ഉള്ളിൽനിന്നുതന്നെ തകരാൻ ആരംഭിക്കും, അദ്ദേഹം വിശദീകരിച്ചു. അദ്ദേഹത്തിന്റെ ആശങ്ക ജനങ്ങൾക്കുള്ളിലെ അക്ഷമമായ വിപ്ലവബോധത്തെ ഓർത്തു മാത്രമായിരുന്നില്ല, അതിലുപരി, പൗരാനുഭവങ്ങളുടെ രാഷ്ട്രീയ യാഥാർഥ്യത്തിൽ ഭരണഘടനാപരമായ അവകാശങ്ങളും വാഗ്ദാനങ്ങളും വ്യർഥമാകുന്ന നാളെയെ കുറിച്ചായിരുന്നു.

ഭരണഘടനാ സ്ഥാപനങ്ങൾ വിമർശനങ്ങളോട് തുറന്ന സമീപനം സ്വീകരിക്കുമെന്നും ഭരണഘടനാപരമായ ആവശ്യങ്ങളോട് പ്രതികരിക്കുമെന്നും ഭരണഘടനയുടെ അടിസ്ഥാനമൂല്യങ്ങളോട് വിശ്വസ്തത പുലർത്തുമെന്നുമുള്ള വിശ്വാസത്തിന്റെ പുറത്താണ് രാഷ്ട്രീയമാറ്റത്തിനായി ഭരണഘടനാപരമായ മാർഗങ്ങൾ സ്വീകരിക്കണമെന്ന് പറയുന്നത്. മേൽപ്പറഞ്ഞ മുന്നുപാധികൾ നിലനിൽക്കുന്നില്ല എന്ന് ജനങ്ങൾക്ക് തോന്നിയാൽ, സ്ഥാപനങ്ങളെ അവയുടെ ഭരണഘടനാപരമായ ചുമതലകളിലേക്ക് തിരിച്ചുകൊണ്ടുവരുന്നതിനുള്ള മാർഗമായി പ്രക്ഷോഭങ്ങൾ മാറും. ഇത് ഭരണഘടനാപരമായി നിലവിൽ വന്ന ഗവൺമെന്റിനെ പരിപൂർണമായി തള്ളിക്കളയുന്നതിൽനിന്നും തികച്ചും വ്യത്യസ്തമാണ്.

അംബേദ്കറുടെ ഏറ്റവും വലിയ ചിന്ത ഭരണഘടനാധിഷ്ഠിത ജനാധിപത്യം നിലനിർത്തുന്നതിനെക്കുറിച്ചായിരുന്നു. അതിന് നിതാന്ത ജാഗ്രത അനിവാര്യമാണ്. ഭരണഘടനാപരമായ ജാഗ്രത. അത് ഭരണകൂടത്തിന്റെ മാത്രം ഉത്തരവാദിത്തമല്ല. പൗരന്റെയും ഭരണകൂടത്തിന്റെയും നിരന്തരമായ കൂട്ടുത്തരവാദിത്തമാണ്. പൊതുബോധത്തിൽ ഭരണസംവിധാനത്തിന്റെ വിശ്വാസ്യത ഇല്ലാതാവുമ്പോൾ, സമൂഹം പ്രതികരിക്കുക തന്നെ വേണം. ഇത്തരം രാഷ്ട്രീയ വിയോജിപ്പുകൾ ഭരണഘടനാപരമായി അനുവദനീയമാണ് എന്ന കാര്യത്തിൽ സംശയമൊന്നുമില്ല. എന്നാൽ, തുടർന്നുപോകുന്ന പൊതുപ്രക്ഷോഭങ്ങൾക്ക് ഭരണഘടനാ വ്യാഖ്യാനങ്ങളെ രൂപപ്പെടുത്താൻ കഴിയുമോ എന്നുള്ളതാണ് ചോദ്യം. വിപ്ലവകരം എന്ന് തോന്നുമെങ്കിലും ഇന്ത്യൻ ഭരണഘടനയുടെ പ്രവർത്തനത്തിൽ ദീർഘകാലമായി രൂഢമൂലമായ ഒരു പ്രതിഭാസമാണിത്.

സമൂഹത്തിൽനിന്നും പൂർണമായും മാറിനിന്നുകൊണ്ടുള്ള ചരിത്രമല്ല നമ്മുടെ ജുഡീഷ്യറിക്കുള്ളത്. പൊതുസമൂഹവുമായുള്ള നിരന്തര സമ്പർക്കങ്ങളിലൂടെ സുപ്രീംകോടതി പലതവണ ഭരണഘടന അവകാശങ്ങളെ വിപുലീകരിച്ചിട്ടുണ്ട്. എൽ.ജി.ബി.ടി.ക്യൂ+ അവകാശങ്ങളുടെ ഭരണഘടനാപരമായ പരിണാമം ഇതിന് ഏറ്റവും മികച്ച ഉദാഹരണമാണ്. 2009ൽ, നാസ് ഫൗണ്ടേഷൻ v ഗവൺമെന്റ് ഓഫ് ഡൽഹി കേസിൽ, ഡൽഹി ഹൈകോടതിയിലെ ജസ്റ്റിസ് എ.പി. ഷാ, ജസ്റ്റിസ് എസ്. മുരളീധർ എന്നിവരുടെ ​െബഞ്ച് ഇന്ത്യൻ ശിക്ഷാനിയമത്തിലെ 377ാം വകുപ്പ്, പരസ്പര സമ്മതത്തോടെയുള്ള സ്വവർഗ ലൈംഗികതയെ ക്രിമിനലൈസ് ചെയ്യുന്നു എന്ന അർഥത്തിൽ, ഭരണഘടനാവിരുദ്ധമെന്ന് വിധിയെഴുതി.

ഭരണഘടനയുടെ അനുഛേദം 14, 15, 21 എന്നിവ ഉറപ്പുനൽകുന്ന സമത്വം, അന്തസ്സ്, വ്യക്തിസ്വാതന്ത്ര്യം എന്നിവയെ പ്രസ്തുത വകുപ്പ് ലംഘിക്കുന്നു എന്നായിരുന്നു കോടതി കണ്ടത്. 19ാം നൂറ്റാണ്ടിലെ ധാർമികമൂല്യങ്ങൾകൊണ്ട് ഭരണഘടനാപരമായ തുല്യതയെ തടവറയിലാക്കാൻ കഴിയില്ല എന്ന നിലപാട് ഇന്ത്യൻ നിയമ വൈജ്ഞാനികതയിലെ വലിയൊരു മുന്നേറ്റമായിരുന്നു. അന്താരാഷ്ട്ര മനുഷ്യാവകാശ തത്ത്വങ്ങളെയും ശാസ്ത്രീയ പഠനങ്ങളെയും മനഃശാസ്ത്രപരമായ അറിവുകളെയും അടിസ്ഥാനപ്പെടുത്തിയുള്ള ഈ വിധി ലൈംഗിക ന്യൂനപക്ഷങ്ങൾക്കെതിരെ, ദീർഘകാലമായി നിലനിന്നിരുന്ന മുൻവിധികളെ നിരാകരിക്കുന്നതായിരുന്നു.

 

നീറ്റ് വിഷയത്തിൽ കേന്ദ്ര വിദ്യാഭ്യാസ മന്ത്രി രാജിവെക്കണമെന്നാവശ്യപ്പെട്ട് ഡൽഹിയിലെ ജന്തർമന്തറിൽ സി.ജെ.പി പ്രവർത്തകർ നടത്തിയ മുന്നേറ്റം 

എന്നാൽ, നിയമവൈജ്ഞാനികതയുടെ യാത്ര എപ്പോഴും മുന്നോട്ടു മാത്രമായിരുന്നില്ല. 2013ൽ സുരേഷ് കുമാർ കൗശൽ v നാസ് ഫൗണ്ടേഷൻ കേസിൽ സുപ്രീംകോടതി ഡൽഹി ഹൈകോടതിവിധി റദ്ദു ചെയ്തു. ഐ.പി.സി 377 വളരെ ചെറിയ ഒരു വിഭാഗത്തെ മാത്രമേ ദോഷകരമായി ബാധിക്കുന്നുള്ളൂ, അതുകൊണ്ട് ജുഡീഷ്യൽ ഇടപെടലല്ല നിയമനിർമാണസഭയുടെ ഇടപെടലാണ് വേണ്ടത് എന്നതായിരുന്നു കോടതിയുടെ പ്രധാന യുക്തി. പൗരസമൂഹത്തിൽ നിന്നും ഭരണഘടനാ വിദഗ്ധരിൽ നിന്നും മനഃശാസ്ത്രജ്ഞരിൽനിന്നും മനുഷ്യാവകാശ സംഘടനകളിൽ നിന്നും വിരമിച്ച ന്യായാധിപരിൽ നിന്നുമൊക്കെ വലിയ വിമർശനമാണ് ആ വിധി വരുത്തിവെച്ചത്. യൂനിവേഴ്സിറ്റികളും മാധ്യമങ്ങളും സംഘടനകളും സാധാരണ പൗരന്മാരും ലൈംഗിക ന്യൂനപക്ഷങ്ങളുടെ അവകാശത്തെക്കുറിച്ച് മാത്രമല്ല അന്തസ്സ്, സമത്വം, പൗരത്വം എന്നിവയുടെ ഭരണഘടനാപരമായ അർഥത്തെക്കുറിച്ചും ചർച്ചകൾ നടത്തി. കോടതികളിൽനിന്ന് പൊതുവിടങ്ങളിലേക്ക് ഭരണഘടനാ സംവാദങ്ങൾ മാറുന്നത് നമ്മൾ കണ്ടു.

അഞ്ചു വർഷങ്ങൾക്കുശേഷം നവ്തേജ് സിങ് ജോഹാർ v യൂനിയൻ ഓഫ് ഇന്ത്യ കേസിൽ സുപ്രീംകോടതി സുരേഷ് കുമാർ കൗശലിന്റെ വിധി തിരുത്തി. പരസ്പര സമ്മതത്തോടെയുള്ള ബന്ധങ്ങളെ കുറ്റകരമാക്കുന്നിടത്തോളം, വകുപ്പ് 377 ഭരണഘടനാ വിരുദ്ധമാണെന്ന് വിലയിരുത്തി. ഭരണഘടനാപരമായ വിലയിരുത്തലുകളിൽ ഉണ്ടായ വലിയ മാറ്റത്തെയാണ് കോടതിയുടെ ന്യായവാദം സൂചിപ്പിക്കുന്നത്. ഭൂരിപക്ഷ ധാർമികതയെ നിരാകരിച്ചുകൊണ്ട്, വ്യക്തിയുടെ അന്തസ്സിനെയും സ്വയംനിർണയാവകാശത്തെയും ഭരണഘടനാ ധാർമികതയെയും തുല്യ പൗരത്വത്തെയും ഉയർത്തിപ്പിടിച്ചു. മാറുന്ന പൊതുജനാഭിപ്രായത്തെയും സാമൂഹിക പരിഷ്കരണ ഇടപെടലുകളെയും വെറുതെ പ്രതിഫലിപ്പിക്കുകയല്ല കോടതി ചെയ്തത്.

എന്നാൽ, കോടതി നടപടികളും അക്കാദമിക പഠനങ്ങളും പൊതുസമൂഹത്തിന്റെ അഭിപ്രായങ്ങളും താരതമ്യ നൈയാമിക പഠനങ്ങളും പൊതുചർച്ചകളും ഒത്തുചേർന്ന് ഭരണഘടനാ ഭാവനകളെ പുനർനിർണയിക്കുന്ന സാംസ്കാരിക പരിവർത്തന സന്ധിയിൽ, ഭരണഘടനാ കേസുകൾ നിർണയിക്കപ്പെടുന്നത് എങ്ങനെയെന്ന് ഇത് വ്യക്തമാക്കുന്നു. ഭരണഘടനയുടെ ആത്യന്തികമായ വ്യാഖ്യാതാവായി തുടരുമ്പോൾതന്നെയും, അവകാശങ്ങളെ കുറിച്ചുള്ള ധാരണകളിൽ മൗലികമായ മാറ്റങ്ങൾ സംഭവിച്ച സമൂഹവുമായുള്ള സംവാദത്തിൽ നിന്ന് ഭരണഘടനാ അവകാശങ്ങളെ വ്യാഖ്യാനിക്കുകയായിരുന്നു കോടതി ചെയ്തത്.

ഇന്ത്യൻ നിയമ വൈജ്ഞാനിക ചരിത്രത്തിൽ ഇത് ഒരു അപൂർവതയല്ല. വലിയ അന്യായങ്ങളെ നേരിടാൻ പരമ്പരാഗതമായ നടപടിക്രമങ്ങൾ പോരാ എന്ന ബോധ്യം കോടതിക്ക് വന്നപ്പോഴാണ് പുതുതാൽപര്യ ഹരജികൾ ഉദയംകൊണ്ടത്. പൊതുസമൂഹത്തിന്റെ നിരന്തരമായ ഇടപെടലിന്റെ ഭാഗമായിട്ടാണ് പാരിസ്ഥിതിക നിയമവൈജ്ഞാനികത ഇന്ത്യയിൽ വികസിച്ചുവന്നത്. അനുച്ഛേദം 21ലെ ജീവിക്കാനുള്ള അവകാശം വലിയതോതിൽ വിപുലീകരിക്കപ്പെട്ടിട്ടുണ്ട്. 2017ലെ സ്വകാര്യത സംബന്ധിച്ച ജ. പുട്ടസ്വാമി v യൂനിയൻ ഓഫ് ഇന്ത്യയിലൂടെ ഡിജിറ്റൽ യുഗത്തിൽ, വലിയ സാമൂഹിക ഇടപെടലുകളുടെ ഭാഗമായി, അന്തസ്സിനെയും ജീവിക്കാനുള്ള അവകാശത്തെയും കുറിച്ചുള്ള അനിവാര്യമായ വ്യാഖ്യാനം നമ്മൾ കണ്ടു.

സ്വകാര്യത സർവൈലൻസ്, ഇൻഫർമേഷൻ ഓട്ടോണമി, തുടങ്ങി മുമ്പ് പരിചയമില്ലാതിരുന്ന പല സങ്കൽപനങ്ങളും ഭരണഘടനാ വ്യാഖ്യാനങ്ങളുടെ ഭാഗമായി. ആവിഷ്കാര സ്വാതന്ത്ര്യം സംബന്ധിച്ച അനുഛേദം 19, ഇതുപോലെ നിരന്തരമായ വ്യാഖ്യാന പുരോഗതികൾക്ക് വിധേയമായിട്ടുണ്ട്. പതിറ്റാണ്ടുകൾ നീണ്ടുനിന്ന സാമൂഹിക ഇടപെടലുകൾക്കു ശേഷമാണ് വിദ്യാഭ്യാസം ഒരു അവകാശമാക്കി അംഗീകരിച്ച ഭരണഘടനാ ഭേദഗതി വരുന്നത്. ഇവിടെയെല്ലാം ഭരണഘടനാപരമായ അർഥങ്ങൾ വിപുലീകരിക്കപ്പെട്ടത് കേവലം കോടതിമുറികളിലെയും നിയമനിർമാണ സഭകളിലെയും വാദപ്രതിവാദങ്ങളിലൂടെ മാത്രമല്ല, അതുപോലെതന്നെ പൊതുസമൂഹത്തിനും അതിന്റെ പിതൃത്വം ഏകപക്ഷീയമായി ഏറ്റെടുക്കാൻ കഴിയില്ല.

മേൽപ്പറഞ്ഞ സന്ദർഭങ്ങളൊന്നും ഭരണഘടനാ വ്യാഖ്യാനത്തെ കോടതികളിൽനിന്ന് പൗരന്മാരുടെ അവകാശമാക്കി മാറ്റുകയുണ്ടായില്ല. ഈ വ്യാഖ്യാനങ്ങൾക്കെല്ലാം ആധികാരികത കൈവന്നത്, ഭരണഘടനാപരമായ യുക്തിയിലൂടെ, ഭരണഘടനാ കോടതി തീരുമാനമെടുത്തതുകൊണ്ടാണ്. അല്ലെങ്കിൽ പാർലമെന്റിൽ നിയമനിർമാണം നടന്നതുകൊണ്ടാണ്. എന്നാൽ, കോടതിമുറികളുടെയോ നിയമനിർമാണ സഭകളുടെയോ എക്കോ ചേംബറിലല്ല തീരുമാനങ്ങള്‍ ഉണ്ടായതെന്ന യാഥാർഥ്യവുമുണ്ട്. ഭരണഘടനാപരമായ ഇത്തരം സംവാദങ്ങളുടെ നൈരന്തര്യത്തെയാണ് കോക്രോച്ച് ജനത പാർട്ടിയും സൂചിപ്പിക്കുന്നത്. ഭരണകൂടങ്ങൾ തങ്ങളുടെ ഭരണഘടനാപരമായ പ്രവർത്തനങ്ങൾ, ഭരണഘടനയുടെ ഭാഷയിൽതന്നെ നീതീകരിക്കേണ്ടതുണ്ടെന്ന പൊതുസമൂഹത്തിന്റെ ജാഗ്രതയാണത്.

ഈ സമ്പർക്കം മനസ്സിലാവുമ്പോഴാണ് എന്തുകൊണ്ടാണ് സി.ജെ. പി പ്രസ്ഥാനം ഭരണഘടനയുടെ അനുഛേദം 19നെ കുറിച്ചും 21നെ കുറിച്ചും ഊന്നിയൂന്നി പറഞ്ഞതെന്ന കാര്യത്തിൽ വ്യക്തത വരിക. അനുഛേദം 19, ന്യായമായ നിയന്ത്രണങ്ങൾക്കകത്ത് ആവിഷ്കാര സ്വാതന്ത്ര്യവും സമാധാനപരമായി ഒത്തുചേരാനുള്ള സ്വാതന്ത്ര്യവും ഉറപ്പുനൽകുന്നു. നിയന്ത്രണങ്ങൾ ബാധകമാണെന്നു പറഞ്ഞാൽ പോരാ, എല്ലാ ജനാധിപത്യരാജ്യങ്ങളിലും ഇത്തരം നിയന്ത്രണങ്ങളുണ്ട്. ആ നിയന്ത്രണങ്ങൾ ആനുപാതികമായിരിക്കണം എന്നുള്ളതാണ് പ്രസക്തമായ കാര്യം.

നിയന്ത്രണങ്ങൾ അനിവാര്യമായിരുന്നോ? പരമാവധി കുറച്ച് നിയന്ത്രണങ്ങളാണോ ഏർപ്പെടുത്തുന്നത്? ഈ നിയന്ത്രണങ്ങൾക്ക് നീതിയുക്തമായ ലക്ഷ്യമുണ്ടോ? അവകാശങ്ങളെ ഹനിക്കാത്ത മറ്റു മാർഗങ്ങൾ ഉണ്ടായിരുന്നോ? ഇക്കാര്യങ്ങളൊക്കെ പരിശോധിക്കുമ്പോഴാണ് ഗവൺമെന്റിന്റെ ഒരു ഇടപെടൽ ആനുപാതികം ആണോ എന്ന് വിലയിരുത്തപ്പെടുക. മോഡേൺ ഡെന്റൽ കോളജ്, പുട്ടസ്വാമി, അനുരാധാഭാസിൻ കേസുകൾക്കുശേഷം ആനുപാതികത ഇന്ത്യൻ നിയമവ്യവസ്ഥിതിയിലെ പരമപ്രധാന അളവുകോലായി മാറിയിട്ടുണ്ട്.

(തുടരും)

News Summary - Youth Use Satire To Defend Constitution