ഓർമകളിലേക്ക് നീളുന്ന മുഷ്ടികൾ...


ബോക്സിങ് ഇതിഹാസം മുഹമ്മദ് അലിയെ കണ്ട ഓർമ എഴുതുകയാണ് മുതിർന്ന മാധ്യമപ്രവർത്തകൻ കൂടിയായ ലേഖകൻ. ഒന്ന് കൈനീട്ടിയാൽ തൊടാൻ പറ്റും ആളെ. പക്ഷേ, ധൈര്യമില്ല. ചുരുട്ടിപ്പിടിച്ച മുഷ്ടികൾ ഏത് നിമിഷവും നീണ്ടുവരാം മൂക്കിനു നേരെ. വെറും മുഷ്ടികളല്ല. പതിറ്റാണ്ടുകളോളം ലോകത്തെ വിറപ്പിച്ച മുഷ്ടികൾ. ചില്ലറക്കാരനല്ല അവയുടെ ഉടമ: ബോക്സിങ് ഇതിഹാസം മുഹമ്മദ് അലി.കണ്മുന്നിൽ കാണുന്നത് സത്യമോ മിഥ്യയോ എന്ന ആശയക്കുഴപ്പത്തിലായിരുന്നു ഞാൻ. കോഴിക്കോട്ടെ സീ ക്വീൻ ഹോട്ടലിലേക്ക് കൂട്ടുകാർക്കൊപ്പം ഉച്ചഭക്ഷണത്തിനായി കടന്നുചെല്ലുമ്പോൾ അങ്ങനെയൊരു കൂടിക്കാഴ്ച സ്വപ്നത്തിൽ പോലുമുണ്ടായിരുന്നില്ലല്ലോ. ഹോട്ടൽ...
Your Subscription Supports Independent Journalism
View Plansബോക്സിങ് ഇതിഹാസം മുഹമ്മദ് അലിയെ കണ്ട ഓർമ എഴുതുകയാണ് മുതിർന്ന മാധ്യമപ്രവർത്തകൻ കൂടിയായ ലേഖകൻ.
ഒന്ന് കൈനീട്ടിയാൽ തൊടാൻ പറ്റും ആളെ. പക്ഷേ, ധൈര്യമില്ല. ചുരുട്ടിപ്പിടിച്ച മുഷ്ടികൾ ഏത് നിമിഷവും നീണ്ടുവരാം മൂക്കിനു നേരെ. വെറും മുഷ്ടികളല്ല. പതിറ്റാണ്ടുകളോളം ലോകത്തെ വിറപ്പിച്ച മുഷ്ടികൾ. ചില്ലറക്കാരനല്ല അവയുടെ ഉടമ: ബോക്സിങ് ഇതിഹാസം മുഹമ്മദ് അലി.
കണ്മുന്നിൽ കാണുന്നത് സത്യമോ മിഥ്യയോ എന്ന ആശയക്കുഴപ്പത്തിലായിരുന്നു ഞാൻ. കോഴിക്കോട്ടെ സീ ക്വീൻ ഹോട്ടലിലേക്ക് കൂട്ടുകാർക്കൊപ്പം ഉച്ചഭക്ഷണത്തിനായി കടന്നുചെല്ലുമ്പോൾ അങ്ങനെയൊരു കൂടിക്കാഴ്ച സ്വപ്നത്തിൽ പോലുമുണ്ടായിരുന്നില്ലല്ലോ. ഹോട്ടൽ വരാന്തയുടെ അങ്ങേയറ്റത്തുനിന്ന് പതുക്കെ നടന്നുവരുന്നു ആറടി മൂന്നിഞ്ചുകാരനായ മുൻ ലോക ഹെവിവെയ്റ്റ് ബോക്സിങ് ചാമ്പ്യൻ. എം.ഇ.എസിന്റെയും ജെ.ഡി.ടി ഇസ്‍ലാമിന്റെയും ക്ഷണപ്രകാരം നഗരത്തിലെത്തിയതാണ് അലി; 1989ൽ. ജോലിയെടുക്കുന്ന പത്രത്തിനുവേണ്ടി ഇന്റർവ്യൂവിന് ശ്രമിച്ചിരുന്നെങ്കിലും സോറി എന്നായിരുന്നു സംഘാടകരുടെ മറുപടി. പാർക്കിൻസൺസ് രോഗത്തിന്റെ അസ്കിതകളുണ്ട് മുൻ ലോക ചാമ്പ്യന്. അധികം സംസാരിക്കാൻ വയ്യ.
അതെ, ഇതിഹാസ നായകനെ യാദൃച്ഛികമായി തൊട്ടുമുന്നിൽ കണ്ടപ്പോൾ നെഞ്ചിടിപ്പ് ഇരട്ടിയായത് സ്വാഭാവികം. സങ്കൽപങ്ങളിൽ പോലുമുണ്ടായിരുന്നില്ലല്ലോ ഇതുപോലൊരു സമാഗമം. ഓർമവന്നത് ജീവിതത്തിൽ ആദ്യമായി സ്വന്തം പേരിൽ അച്ചടിച്ചുവന്ന സ്പോർട്സ് ലേഖനമാണ്. ഒമ്പതാം ക്ലാസുകാരൻ എഴുതിയ ആ ലേഖനത്തിന്റെ തലക്കെട്ട് ‘അലി- റിങ്ങിലെ അത്ഭുതപ്രതിഭാസം’ എന്നായിരുന്നു. ലേഖനം കവർ സ്റ്റോറിയായി അടിച്ചുവന്നത് കണ്ണൂരിലെ ഫുട്ബാൾ ഫ്രണ്ട് മാസികയിലും. കെൻ നോർട്ടനെ ഇടിച്ചിട്ട് ലോക ഹെവി വെയ്റ്റ് കിരീടം നിലനിർത്തിയിരുന്നതേയുള്ളൂ അപ്പോൾ അലി.
ആദ്യ ലേഖനത്തിലെ സൂപ്പർ ഹീറോ ഒരു വ്യാഴവട്ടത്തിനിപ്പുറം ഇതാ കണ്മുന്നിൽ കൈയെത്തും ദൂരെ. എന്ത് ചോദിക്കും അദ്ദേഹത്തോട്?
സീ ക്വീനിലേക്ക് കയറിച്ചെല്ലുമ്പോൾ രണ്ടു സുഹൃത്തുക്കളുമുണ്ട് കൂടെ. പത്രപ്രവർത്തകനായ എൻ. രാജേഷും ബിസിനസുകാരൻ രാജ്‌കുമാർ ഉണ്ണി എന്ന ഉണ്ണിയേട്ടനും. അലിയെ കണ്ടതോടെ വിശപ്പ് അതിന്റെ പാട്ടിന് പോയി. ഭാഗ്യവശാൽ വരാന്തയിൽ അധികമാരുമില്ല. ഉള്ള ചുരുക്കം പേർക്കാവട്ടെ മുൻ ലോക ചാമ്പ്യനെ പിടികിട്ടിയ ലക്ഷണവുമില്ല.
മുന്നിൽ ചെന്നുനിന്ന് സ്വയം പരിചയപ്പെടുത്തിയപ്പോൾ ചിരിക്കാതെ, ഒരക്ഷരം ഉരിയാടാതെ മുഷ്ടികൾ എന്റെ മുഖത്തിനു നേരെ നീട്ടി അലി. ഇടിക്കൂട്ടിൽ പ്രതിയോഗിക്കെതിരെ ബോക്‌സർ ‘സ്റ്റാൻസ്’ എടുക്കും പോലെ. ചെറിയൊരു വിറയലുണ്ട് കൈകൾക്ക്. എങ്കിലും അവയുടെ ഭീകര പരിവേഷത്തിന് തെല്ലും കുറവില്ല. കാഴ്ചയിൽ പാറ്റൺ ടാങ്കിനെ അനുസ്മരിപ്പിക്കുന്ന ആ മുഷ്ടികൾക്ക് മുന്നിൽ ഉൾക്കിടിലത്തോടെ നിന്നു ഞാനാം അശു. അപ്പോഴത്തെ എന്റെ മുഖഭാവം കണ്ട് ചിരിവന്നുപോയെന്ന് പിന്നീട് രാജേഷ് പറഞ്ഞുകേട്ടിട്ടുണ്ട്. (ഇന്ന് നമുക്കൊപ്പമില്ല മാധ്യമത്തിലെ മുതിർന്ന പത്രപ്രവർത്തകനായിരുന്ന ഈ പ്രിയസുഹൃത്ത്.)
എങ്ങനെ നടുങ്ങാതിരിക്കും? സണ്ണി ലിസ്റ്റനെയും ജോ ഫ്രേസ്യറെയും ജോർജ് ഫോർമാനെയും ഫ്ലോയ്ഡ് പാറ്റേഴ്‌സനെയും ജോ ബുഗ്‌നറെയും പോലുള്ള ഘടാഘടിയൻ പോരാളികൾ ഇടി കാത്തു നിന്നിടത്താണല്ലോ എന്റെയും നിൽപ്. അലിയുടെ തീക്ഷ്ണമായ കണ്ണുകളിൽ അവർ കണ്ട വികാരം എന്തായിരിക്കണം? ഫോർമാന്റെ വാക്കുകളായിരുന്നു ഓർമയിൽ: ‘‘ചിരി, കുസൃതി, കോപം, പക... സർവ വികാരങ്ങളും മാറിമാറി വരും അലിയുടെ കണ്ണുകളിൽ.’’
പ്രായത്തിന്റെയും രോഗത്തിന്റെയും ഇടപെടൽ ആ കണ്ണുകളിലെ ക്രൗര്യം നല്ലൊരളവോളം ചോർത്തിക്കളഞ്ഞിരുന്നു. പത്രത്തിലെയും സ്പോർട്സ് മാസികകളിലെയും പടങ്ങളിൽ കണ്ടു മനസ്സിൽ പതിഞ്ഞ വീര ശൂര പരാക്രമിയുടെ സ്ഥാനത്ത് വിറയാർന്നു നിൽക്കുന്നു ഒരു പാവം മനുഷ്യൻ. 1975 ഒക്ടോബർ ഒന്നിന് ഫിലിപ്പീൻസിൽ അരങ്ങേറിയ ‘ത്രില്ലാ ഇൻ മനില’ എന്ന കുപ്രസിദ്ധ പോരാട്ടത്തിന്റെ പിറ്റേന്ന് മാതൃഭൂമിയുടെ ഒന്നാം പേജിൽ അടിച്ചുവന്ന അലിയുടെ ബ്ലാക്ക് ആൻഡ് വൈറ്റ് പടം എത്രയോ കാലം ഭദ്രമായി നോട്ടുബുക്കിൽ ഒട്ടിച്ചുവെച്ച ആ പഴയ എട്ടാം ക്ലാസുകാരന്റെ ആരാധക മനസ്സ് ചെറുതായൊന്ന് ഇടറിയോ? അലിയും ഫ്രേസ്യറും തമ്മിലുള്ള മൂന്നാമത്തെയും അവസാനത്തെയും ഏറ്റുമുട്ടലായിരുന്നു അത്. ന്യൂയോർക്കിൽ 1971ൽ നടന്ന ആദ്യ പോരാട്ടം പതിനഞ്ചു റൗണ്ടിൽ ഫ്രേസ്യർ ജയിച്ചു, അടുത്ത രണ്ടെണ്ണം അലിയും.

1989ൽ കോഴിക്കോട്ടെ ജെ.ഡി.ടി ഇസ്‌ലാം അനാഥാലയവും സ്കൂളും സന്ദർശിച്ച വേളയിൽ, അന്തരിച്ച കെ.പി. ഹസ്സൻ ഹാജിക്കൊപ്പം മുഹമ്മദ് അലി
അഗ്നിജ്വാലകൾ വർഷിച്ച് എതിരാളികളെ നിസ്തേജരാക്കിയിരുന്ന ആ കണ്ണുകളിലേക്ക് നോക്കാതിരിക്കാൻ കഴിഞ്ഞില്ല. നിസ്സംഗത നിഴലിക്കുന്നു അവയിൽ. ഇനിയുമൊരു അങ്കത്തിന് ബാല്യമില്ല എന്ന് നിശ്ശബ്ദമായി മന്ത്രിക്കുന്നപോലെ.
കഷ്ടിച്ച് മൂന്ന് ചോദ്യങ്ങളേ ചോദിക്കാൻ കഴിഞ്ഞുള്ളൂ അന്ന് അലിയോട്. അപ്പോഴേക്കും ഹോട്ടലിൽ തന്നെ ഉണ്ടായിരുന്ന സംഘാടകരിൽ ചിലർ വന്ന് അലിയെ റാഞ്ചിക്കൊണ്ടു പോയിരുന്നു. ‘അയാം ദി ഗ്രേറ്റസ്റ്റ്’ എന്ന് എക്കാലവും സ്വയം വിശേഷിപ്പിച്ചിരുന്ന ആൾ ഇപ്പോഴും അങ്ങനെ വിശ്വസിക്കുന്നുണ്ടോ എന്ന ചോദ്യത്തിന് അലിയുടെ മറുപടി ഇങ്ങനെ: ‘‘എന്താ സംശയം? അയാം സ്റ്റിൽ ദ ഗ്രേറ്റസ്റ്റ്.’’ നിലവിലുള്ള ലോക ചാമ്പ്യൻ മൈക്ക് ടൈസണെ കുറിച്ചുള്ള അഭിപ്രായമാണ് പിന്നെ അറിയേണ്ടിയിരുന്നത്. ‘‘ഹി ഈസ് ഗുഡ്. ബട്ട് നോട്ട് ആസ് ഗ്രേറ്റ് ആസ് അലി...’’ കോഴിക്കോടിനെ കുറിച്ചുള്ള ചോദ്യത്തിന് ഉത്തരം പറഞ്ഞുകൊണ്ടിരിക്കുമ്പോഴാണ് സംഘാടകർ വന്ന് അലിയെ റാഞ്ചിയത്. ‘‘ദിസ് ഈസ് എ വണ്ടർഫുൾ പ്ലേസ്. പീപ്ൾ ആർ സോ ഫണ്ണി.’’ -അലി പറഞ്ഞു.
അലിയിലെ ഇടിവീരനെ മാത്രമല്ല ‘സെൽഫ് സ്റ്റൈൽഡ്’ കവിയെയും ആരാധിച്ചിരുന്നു ഒരിക്കൽ. രസികൻ ഉദ്ധരണികൾ എടുത്തു പ്രയോഗിക്കുന്നതിൽ വേന്ദ്രൻ. റിങ്ങിൽ പൂമ്പാറ്റയെപോലെ ഒഴുകിനടക്കുകയും തേനീച്ചയെപ്പോലെ കുത്തിനോവിക്കുകയും ചെയ്യുന്ന ആളെന്നാണ് അലിയുടെ സ്വയം വിശേഷണം. ഫോർമാനെതിരായ ജയത്തിനുശേഷം അലി പറഞ്ഞ വാക്കുകളും പ്രശസ്തം: ‘‘ഇതെനിക്കൊരു ജോലി മാത്രമാണ്. പുല്ല് വളരുന്നു, പക്ഷികൾ പറക്കുന്നു, തിരമാലകൾ തീരത്ത് വന്നടിയുന്നു, ഞാൻ ആളുകളെ അടിച്ചു നിലംപരിശാക്കുന്നു...’’
2016 ജൂൺ മൂന്നിനായിരുന്നു 74ാം വയസ്സിൽ അലിയുടെ വിയോഗം. ഇന്നും അലിയെക്കുറിച്ചോർക്കുമ്പോൾ സീ ക്വീൻ ഹോട്ടലിന്റെ വരാന്തയിലൂടെ വേച്ചുവേച്ച് നടന്നുവരുന്ന പഴയ പോരാളിയുടെ രൂപം മനസ്സിൽ തെളിയും. കാലത്തിന്റെ നോക്കൗട്ട് പഞ്ചാണല്ലോ ഏറ്റവും മാരകം.