പിണറായിക്ക് ബദലാകുമോ സതീശൻ?

നിയമസഭ തെരഞ്ഞെടുപ്പിൽ എന്താണ് ഭരണ-പ്രതിപക്ഷ സാധ്യതകൾ? ജനം എന്താണ് ആഗ്രഹിക്കുന്നത്? തുടർഭരണം ഗുണംചെയ്യുമോ? ബദൽ മുന്നിലുണ്ടോ? –മുതിർന്ന മാധ്യമപ്രവർത്തകനും ജനപ്രതിനിധിയുമായിരുന്ന ലേഖകന്റെ നിരീക്ഷണങ്ങൾ.രാക്കോഴി രണ്ടു പ്രാവശ്യം കൂവുന്നതിനുമുമ്പ് പ്രിയശിഷ്യൻ മൂന്നു പ്രാവശ്യം ഗുരുവിനെ നിഷേധിക്കുമെന്നായിരുന്നു നൽകപ്പെട്ട മുന്നറിയിപ്പ്. സംഖ്യാശാസ്ത്രപരമായി മൂന്ന് സവിശേഷമായ സംഖ്യയാണെങ്കിലും ഒന്നിൽ പിഴച്ചാലാണ് മൂന്നിന് പ്രാധാന്യമുണ്ടാകുന്നത്. ഒന്നിൽ പിഴച്ചാൽ മൂന്ന് എന്നാണ് പ്രമാണം. പിണറായി ഒന്നിൽ പിഴക്കാതിരുന്നതുകൊണ്ട് രണ്ടുണ്ടായി. രണ്ടാമൂഴം എപ്പോഴും ഭീമന്റെ ഊഴംപോലെ...
Your Subscription Supports Independent Journalism
View Plansനിയമസഭ തെരഞ്ഞെടുപ്പിൽ എന്താണ് ഭരണ-പ്രതിപക്ഷ സാധ്യതകൾ? ജനം എന്താണ് ആഗ്രഹിക്കുന്നത്? തുടർഭരണം ഗുണംചെയ്യുമോ? ബദൽ മുന്നിലുണ്ടോ? –മുതിർന്ന മാധ്യമപ്രവർത്തകനും ജനപ്രതിനിധിയുമായിരുന്ന ലേഖകന്റെ നിരീക്ഷണങ്ങൾ.
രാക്കോഴി രണ്ടു പ്രാവശ്യം കൂവുന്നതിനുമുമ്പ് പ്രിയശിഷ്യൻ മൂന്നു പ്രാവശ്യം ഗുരുവിനെ നിഷേധിക്കുമെന്നായിരുന്നു നൽകപ്പെട്ട മുന്നറിയിപ്പ്. സംഖ്യാശാസ്ത്രപരമായി മൂന്ന് സവിശേഷമായ സംഖ്യയാണെങ്കിലും ഒന്നിൽ പിഴച്ചാലാണ് മൂന്നിന് പ്രാധാന്യമുണ്ടാകുന്നത്. ഒന്നിൽ പിഴച്ചാൽ മൂന്ന് എന്നാണ് പ്രമാണം. പിണറായി ഒന്നിൽ പിഴക്കാതിരുന്നതുകൊണ്ട് രണ്ടുണ്ടായി. രണ്ടാമൂഴം എപ്പോഴും ഭീമന്റെ ഊഴംപോലെ അയഥാർഥമോ അപ്രാപ്യമോ ആയിരിക്കും. രാജ്യസഭയായാലും മന്ത്രിസ്ഥാനമായാലും കാലാവധി പപ്പാതിയാക്കിയാൽ ആദ്യപാദക്കാരനാണ് അനുഭവയോഗമുണ്ടാകുന്നത്. ഒന്നും രണ്ടും കഴിഞ്ഞ് മൂന്നുതരം പറഞ്ഞു നിൽക്കുകയാണ് കേരളത്തിലെ തെരഞ്ഞെടുപ്പ് ഗോദയിൽ ഇടതുപക്ഷ ജനാധിപത്യ മുന്നണി. 2024ൽ നരേന്ദ്ര മോദിക്ക് ലഭിച്ചതുപോലെ മൂന്നാമൂഴം 2026ൽ പിണറായി വിജയനു ലഭിച്ചാൽ എന്തായിരിക്കും തങ്ങളുടെ അവസ്ഥ എന്നകാര്യത്തിൽ കോൺഗ്രസിനും യു.ഡി.എഫ് ഘടകങ്ങൾക്കും ന്യായമായ ഉത്കണ്ഠയുണ്ട്. അവരുടെ പ്രവൃത്തിയിൽ അത് പ്രതിഫലിക്കുന്നില്ലെന്നു മാത്രം.
ഹുർമുസ് കടന്നെത്തുമെന്ന് പ്രതീക്ഷിക്കപ്പെടുന്ന കപ്പലിനുവേണ്ടിയുള്ള കാത്തിരിപ്പ് നീളുന്നതുപോലെ അധികാരത്തിന്റെ അരമനവാതിൽക്കൽ കോൺഗ്രസിന്റെ കാത്തിരിപ്പ് തുടങ്ങിയിട്ട് കാലമേറെയായി. ജനാധിപത്യത്തിൽ പൊതുവെയും കേരളത്തിൽ പ്രത്യേകിച്ചും കാണപ്പെടുന്ന കാലികമായ ഭരണമാറ്റം ഇപ്പോൾ ഇടതുപക്ഷത്തിന്റെ തുടർഭരണമെന്ന ആർപ്പുവിളിയിൽ അശ്രാവ്യമാകുന്നു. തെരഞ്ഞെടുപ്പ് പ്രഖ്യാപനമായാൽ 24 മണിക്കൂറിനകം സ്ഥാനാർഥികൾ എന്നു പറഞ്ഞ കോൺഗ്രസിന് പത്രികാസമർപ്പണത്തിനുള്ള അന്തിമവിനാഴികയിലും പ്രതിഷേധമില്ലാതെ സ്ഥാനാർഥിപ്പട്ടിക പൂർത്തിയാക്കാൻ കഴിഞ്ഞില്ല. 1957ൽ മഞ്ചേശ്വരത്ത് എം. ഉമേഷ് റാവുവിന്റെ ഒരേയൊരു പത്രിക മാത്രമാണുണ്ടായിരുന്നത്. അദ്ദേഹം വോട്ടെടുപ്പില്ലാതെ ജയിച്ചു. തെരഞ്ഞെടുപ്പിന് പത്രിക ഒന്നായാലും മതി. ഒന്നെങ്കിലും വേണം. വോട്ടെടുപ്പ് നിർബന്ധവുമല്ല. ഒറ്റത്തിരഞ്ഞെടുപ്പ് ഒറ്റ സ്ഥാനാർഥി എന്നത് നരേന്ദ്ര മോദിക്ക് സ്വീകാര്യമായ ആശയമാണ്.
ഭരണത്തുടർച്ചയും ആജീവനാന്ത അധികാരവും ചരിത്രവീക്ഷണത്തിൽ ജനാധിപത്യത്തിന് ഹാനികരമായ അവസ്ഥയാണ്. പരമമായ അധികാരം പരമമായി ദുഷിക്കുമെന്ന് ആക്ടൻ പ്രഭു പറഞ്ഞു. ഇതൊഴിവാക്കുന്നതിനാണ് അധികാരം നിയന്ത്രിതവും കാലാവധി പരിമിതവും ആക്കുന്നത്. യു.എസ് പ്രസിഡന്റിന്റെ പരമാവധി കാലാവധി നാലുവർഷം വീതം രണ്ട് ടേമാണ്. ബുഷുമാർക്കും ട്രംപുമാർക്കും ആജീവനാന്തം അധികാരം കൈയാളാൻ അവസരമുണ്ടായാൽ ലോകത്തിന്റ അവസ്ഥ എന്തായിരിക്കും? നമ്മുടെ പ്രധാനമന്ത്രിയുടെയും മുഖ്യമന്ത്രിയുടെയും കാലാവധി അഞ്ചു വർഷമാണ്. അയ്യഞ്ചു വർഷം കൂടുമ്പോഴോ അല്ലെങ്കിൽ ആവശ്യം വരുമ്പോഴോ പുതുക്കുന്ന ജനവിധിയുടെ അടിസ്ഥാനത്തിൽ എത്രകാലം വേണമെങ്കിലും അധികാരത്തിൽ തുടരാം. നരേന്ദ്ര മോദി മൂന്നാമൂഴത്തിലേക്ക് കടന്നത് അധികാരം ഏറ്റെടുക്കാൻ സജ്ജമായ പ്രതിപക്ഷം ഇല്ലാതിരുന്നതുകൊണ്ടാണ്. പിണറായി വിജയൻ മൂന്നാമൂഴത്തിലേക്ക് ആത്മവിശ്വാസത്തോടെ മുന്നേറുന്നത് പ്രതിരോധിക്കാൻ പ്രതിപക്ഷമില്ലാത്തതുകൊണ്ടാണ്.
പരാതിരഹിതമായ സ്ഥാനാർഥിപ്പട്ടിക സമയബന്ധിതമായി പരസ്യപ്പെടുത്താൻ കഴിയാത്ത പ്രതിപക്ഷമാണ് കേരളത്തിലെ ഏറ്റവും വലിയ വിസ്മയം. ആ വിസ്മയത്തുമ്പത്താണ് വി.ഡി. സതീശന്റെ സ്വപ്നലോകത്തെ യാത്ര. എല്ലാ തെരഞ്ഞെടുപ്പുകളും ഒരുമിച്ച് നടത്തുകയെന്ന നരേന്ദ്ര മോദിക്ക് പ്രിയങ്കരമായ ആശയത്തെ അനുകൂലിക്കുന്നതിന് ഒരേയൊരു പോയന്റ് ഞാൻ കണ്ടെത്തിയത് കെ. സുധാകരന്റെ ദുശ്ശാഠ്യത്തിൽനിന്നാണ്. നിയമസഭയിലേക്ക് മത്സരിക്കണമെന്ന കോൺഗ്രസ് എം.പിമാരുടെ ആവശ്യം ഹൈകമാൻഡ് അംഗീകരിക്കുകയും അവരെല്ലാം വിജയിക്കുകയും ചെയ്താൽ ഒരു എം.പിക്ക് ഏഴ് നിയമസഭ മണ്ഡലം എന്ന കണക്കിൽ കേരളത്തിൽ ഒരു മിനി പൊതുതെരഞ്ഞെടുപ്പ് നടക്കുമായിരുന്നു. എം.പി സ്ഥാനം രാജിവെച്ചതിനുശേഷം നിയമസഭയിലേക്ക് മത്സരിക്കാൻ അനുവാദം നൽകിയിരുന്നുവെങ്കിൽ കെ. സുധാകരന്റെയും അടൂർ പ്രകാശിന്റെയും ശാഠ്യത്തിനു ശമനമുണ്ടാകുമായിരുന്നു. സർക്കാറിന്റെ ആനുകൂല്യം സ്വീകരിക്കുന്ന പദവികൾ വഹിക്കുന്നവർ പത്രികാ സമർപ്പണത്തിനുമുമ്പ് അവ ഒഴിയണമെന്ന നിബന്ധനയിൽനിന്ന് ജനപ്രതിനിധികളെ ഒഴിവാക്കേണ്ട കാര്യമില്ല. അവരും ശമ്പളം ഉൾപ്പെടെ സർക്കാറിൽനിന്ന് ആനുകൂല്യങ്ങൾ സ്വീകരിക്കുന്നവരാണ്.

വി.ഡി. സതീശൻ
സിറ്റിങ് എം.എൽ.എമാരുടെയും എം.പിമാരുടെയും കാര്യത്തിൽ തീരുമാനമായതിനുശേഷം പട്ടിക തയാറാക്കാനിരുന്നാൽ പരിചയസമ്പന്നരായ നേതാക്കൾക്ക് പണി എളുപ്പമാകുമായിരുന്നു. അവിഹിതവും അനാശാസ്യവുമായ ഇടപെടലുകൾ ഉണ്ടാകുന്നതുകൊണ്ടാണ് കാര്യങ്ങൾ കുഴയുന്നത്. പാർലമെന്ററി മോഹം അതിൽത്തന്നെ ഒരു തെറ്റല്ല. സുധാകരന്മാരുടേത് പാർലമെന്ററി അതിമോഹമാണ്. വാർധക്യസഹജമായ കാരണങ്ങളാൽ മാത്രമേ അതിനെ ന്യായീകരിക്കാനാകൂ. പാർലമെന്ററി ജനാധിപത്യത്തിലെ സോഷ്യൽ എൻജിനീയറിങ്ങിൽ ജാതികൾക്കു നൽകുന്ന പരിഗണനയും പ്രാതിനിധ്യവും പ്രധാനപ്പെട്ടതാണ്. എന്നാൽ, അതിനപ്പുറം ജാതിസമവാക്യങ്ങൾ മാത്രം സ്ഥാനാർഥി നിർണയത്തെ സ്വാധീനിക്കുന്ന ദാരുണമായ കാഴ്ച എല്ലാ പാളയങ്ങളിലും കണ്ടു.
പരസ്യമായ അവകാശവാദങ്ങളും വിലപേശലുകളും കണ്ടു. ലീഡറായാലും ക്യാപ്റ്റനായാലും വിജയിക്കുമെന്ന് ഉറപ്പുള്ളിടത്താണ് നിലയുറപ്പിക്കുന്നത്. ആരെ വേണമെങ്കിലും വിജയിപ്പിക്കാൻ പ്രാപ്തിയുള്ള കെ. കരുണാകരൻ പരാജയ സാധ്യതയില്ലാത്ത രണ്ടു മണ്ഡലങ്ങളിലാണ് മത്സരിച്ചിരുന്നത്. മുഖ്യമന്ത്രിയെന്ന നിലയിൽ പത്തു വർഷം താമസിച്ച തിരുവനന്തപുരത്ത്, എൽ.ഡി.എ.ഫിന് സ്ഥാനാർഥി ഇല്ലാതിരുന്നിട്ടും, മത്സരിക്കാമെന്ന ആലോചന പിണറായി വിജയനുണ്ടാകുന്നില്ല. അദ്ദേഹത്തിന് ധർമടംതന്നെ വേണം. തലശേരി വരെ പോയി ഒരു ഒപ്പിട്ടാൽ ധർമടത്ത് ജയിച്ചിരിക്കും. അങ്ങനെയുള്ള മണ്ഡലം ടേം വ്യവസ്ഥയനുസരിച്ച് ഒഴിയുകയും നിയമസഭയിൽ അവശ്യം വേണ്ടതായ ഒരാളെ അവിടെ നിർത്തി ജയിപ്പിക്കുകയും ചെയ്യാമായിരുന്നു.
കെ.പി.സി.സി അധ്യക്ഷനെതിരെ ശൈലജയെ ഇറക്കി സി.പി.എം കരുത്ത് കാണിക്കുന്നതുപോലെ പിണറായി വിജയനെ എതിരിടാൻ ഒരു ദാവീദിനെ യു.ഡി.എഫ് കണ്ടെത്തണമായിരുന്നു. ഇങ്ങനെയൊക്കെയാണ് ജനപിന്തുണയുടെ അടിസ്ഥാനത്തിൽ അണികളിൽ ആത്മവിശ്വാസം വളർത്തിയെടുക്കേണ്ടത്. സ്വന്തമായി മണ്ഡലമില്ലാത്ത എ.കെ. ആന്റണി തിരൂരങ്ങാടിയിൽനിന്നാണ് ഒരിക്കൽ നിയമസഭയിലെത്തിയത്. ആ അങ്ങാടിയിൽ സുറിയാനി ക്രിസ്ത്യാനികളോ കോൺഗ്രസുകാരോ നിറയെ ഉള്ളതുകൊണ്ടല്ല ആന്റണി ജയിച്ചത്. തിരുവനന്തപുരം പിടിക്കാൻ മുന്നേറ്റം തിരുവനന്തപുരം വഴി തന്നെയാകണമെന്നില്ല.
തെരഞ്ഞെടുപ്പ് ജനാധിപത്യത്തിലെ ഉത്സവമാണ്. ഉത്സവപ്പറമ്പിൽ കൺകെട്ടും അഭ്യാസപ്രകടനങ്ങളും ഉണ്ടാകും. ചതിയും തല്ലുമുണ്ടാകും. എല്ലാം നടക്കുമ്പോഴും ശ്രീകോവിൽ ഭദ്രമായിരിക്കും. പ്രതിഷ്ഠയുടെ നവീകരണത്തിനുവേണ്ടിയാണ് നട തുറക്കുന്നത്. മൂന്നു പേരൊഴികെ എല്ലാ സിറ്റിങ് എം.എൽ.എമാർക്കും ടിക്കറ്റ് നൽകാൻ തീരുമാനമായിട്ടും 92 സ്ഥാനാർഥികളുടെ ലിസ്റ്റുണ്ടാക്കാൻ കോൺഗ്രസ് ഇത്രമാത്രം സമയമെടുത്തത് സിറ്റിങ് എം.എൽ.എമാരുടെ എണ്ണം അത്ര കുറവായിരുന്നതുകൊണ്ടാണ്. മോഹിക്കുന്നവരും വ്യാമോഹിക്കുന്നവരും കുറവല്ലാത്തതുകൊണ്ട് സമ്മർദവും ഭീഷണിയും വർധിക്കും. നോർമൽ ഡെലിവറി വൈകിയപ്പോൾ സിസേറിയൻ വേണ്ടിവരുമോയെന്ന് ഒരു ഘട്ടത്തിൽ സന്ദേഹമുണ്ടായി.
പാണക്കാട്ടുവരെ പോയപ്പോൾ രണ്ടത്താണിയും ആന്റണി വിളിച്ചപ്പോൾ സുധാകരനും അയഞ്ഞു. അനുനയിപ്പിക്കാൻ മുഖ്യമന്ത്രി നടത്തിയ ശ്രമം സുധാകരന്റെ നിസ്സഹകരണം നിമിത്തം നടന്നില്ല. മൂന്നുതവണയാണ് മുഖ്യമന്ത്രി വിളിച്ചത്. ക്യാപ്റ്റനെ തള്ളി ആഴത്തിലേക്ക് ചാടിയ സുധാകരൻ ഒന്നും കേട്ടില്ല. കയ്യാഫാസിന്റെ മുറ്റത്തെ കോഴിയുടെ കൂവലായിരുന്നു റിങ് ടോണെങ്കിൽ സുധാകരൻ കേൾക്കുമായിരുന്നു. കേൾക്കുന്നതെല്ലാം ശരിയാകണമെന്നില്ല. പണ്ടത്തെ അത്രയും വരില്ല ഇന്നത്തെ പൊട്ടിത്തെറികൾ എന്ന് ആന്റണി പറഞ്ഞതിൽ കാര്യമുണ്ട്. പണ്ട് 24 മണിക്കൂറിന്റെ ഇടവേളകളിലാണ് വാർത്താവിതരണം നടന്നിരുന്നത്. ഓരോ വിനാഴികയിലും വാർത്ത ബ്രേക്ക് ചെയ്തിരുന്നില്ല. ഇന്നത്തെ ചാനൽ പ്രേക്ഷകർ ബകനെപ്പോലെയാണ്. കിട്ടിക്കൊണ്ടേയിരിക്കണം. നിർത്തിയാൽ അവർ സംവാഹകനെയും തിന്നും.
ഈ അത്യാഹിതം ഒഴിവാക്കാൻ വേണ്ടിക്കൂടിയാണ് കെ. സുധാകരൻ എന്ന തന്തുവിൽ കഥകളുണ്ടായത്. നരേഷനിൽ പല ട്വിസ്റ്റുകളുണ്ടായി. ആദ്യന്തം ഉദ്വേഗജനകമായ കഥയായിരുന്നു അത്. സുധാകരൻ സീറ്റ് ആഗ്രഹിച്ചിട്ടുണ്ടാകാം. നിഷേധിച്ചതിന്റെ കാരണം അദ്ദേഹത്തിനു ബോധ്യമായിട്ടുണ്ടാകും. അദ്ദേഹം ഡൽഹിയിലായിരുന്നത് എം.പി എന്ന നിലയിൽ പാർലമെന്റ് സമ്മേളിക്കുമ്പോൾ അദ്ദേഹം ആയിരിക്കേണ്ടത് അവിടെ ആയതുകൊണ്ടാണ്. പാർട്ടിയാണ് വലുത് എന്ന പാഠം പണ്ട് വി.എസിനെ പിണറായി പഠിപ്പിച്ചതുപോലെ ഇപ്പോൾ സുധാകരൻ മാധ്യമപ്രവർത്തകരെ ഓർമിപ്പിച്ചു.

കെ. കരുണാകരൻ, എ.കെ. ആന്‍റണി
ജ്ഞാനസ്നാനത്തിന് എത്ര ബക്കറ്റ് വെള്ളം വേണ്ടിവന്നുവെന്നറിയില്ല. കോടതി കൽപിച്ച അയോഗ്യതയും ജനം കൽപിച്ച അയോഗ്യതയുമായി മൂന്ന് എം.എൽ.എമാർ ചീറ്റിയും പിഴിഞ്ഞും കഴിയുന്നു. അവരുടെ വേദനയോളം വരുമോ സുധാകരനിൽ ആരോപിക്കപ്പെടുന്ന വേദന! നീതിയുടെ കിരീടമണിയാൻ പ്രാർഥിക്കുന്ന പെരുമ്പാവൂരിലെ എൽദോസ് കുന്നപ്പിള്ളി തുല്യരെ തുല്യരായി കാണണമെന്ന നീതിപാഠമാണ് മുന്നോട്ടുവെച്ചത്. കോവളത്തെ വിൻസെന്റിനെയാണ് താനുമായി കുന്നപ്പിള്ളി താരതമ്യം ചെയ്യുന്നത്. മോഷ്ടാവിനെ കള്ളൻ എന്നു വിളിച്ച് ആക്ഷേപിക്കരുത്. ഇതിനർഥം കുന്നപ്പിള്ളി സ്ഥാനാർഥിയായാൽ ജയിക്കില്ല എന്നല്ല. കുന്നപ്പിള്ളിയെ മാത്രമല്ല, മാങ്കൂട്ടത്തിലിനെയും ജനം ജയിപ്പിച്ചെന്നുവരും. ജനാധിപത്യം അങ്ങനെയും ചില കുറുമ്പുകൾ ചിലപ്പോൾ കാണിച്ചെന്നിരിക്കും.
സ്ഥാനാർഥികളായാൽ പിന്നെ കളി കാര്യമാകും. യു.ഡി.എഫ് ശുഭപ്രതീക്ഷയിലാണ്. നൂറിൽ കുറഞ്ഞൊന്നും വി.ഡി. സതീശൻ പ്രതീക്ഷിക്കുന്നില്ല. കുറഞ്ഞാൽ രാഷ്ട്രീയ വനവാസത്തിനുപോകുമെന്ന ഭീഷണി അദ്ദേഹം ആവർത്തിക്കുന്നു. വനവാസം അജ്ഞാതവാസമാക്കിയാൽ പറവൂരിൽ ഉപതെരഞ്ഞെടുപ്പ് വേണ്ടിവരും. യു.ഡി.എഫിന് ഭൂരിപക്ഷം കിട്ടിയാൽ മുഖ്യമന്ത്രിയാകാൻ പരിഗണിക്കപ്പെടുന്നവരുടെ കൂട്ടത്തിൽ പ്രതിപക്ഷനേതാവ് സ്വാഭാവികമായും ഉണ്ടാകും. ജയിച്ചവരും മത്സരിക്കാത്തവരുമായി ഭൈമീകാമുകർ പലരും അണിയറയിൽ മേക്കപ്പിടുന്നുണ്ട്. അഭിലഷണീയമായ പദവിയാണ് മുഖ്യമന്ത്രിയുടേത്. അത് സ്വന്തമാക്കാൻ നന്നായി അധ്വാനിക്കണം. 1977ൽ ആന്റണി മുഖ്യമന്ത്രിയായതുപോലുള്ള സൗഭാഗ്യം എല്ലാവർക്കുമുണ്ടാവില്ല. മണ്ണുംചാരി നിന്നവർക്കും പെണ്ണിനെ കിട്ടാറുണ്ട്. അത് ചക്ക വീണ് മുയൽ ചാകുന്നതുപോലെയാണ്. മുയൽ മാത്രമല്ല മനുഷ്യനും ചിലപ്പോൾ ദുരന്തത്തിന് ഇരയാകും. ചരിത്രം ആവർത്തിക്കും -ചിലപ്പോൾ ദുരന്തമായി, ചിലപ്പോൾ പ്രഹസനമായി.
എന്തിനുവേണ്ടിയാണ് ഭരണത്തുടർച്ച എന്നകാര്യത്തിൽ നിരവധിയായ ചാനൽ അഭിമുഖങ്ങളിലൂടെ മുഖ്യമന്ത്രി വ്യക്തത വരുത്തിയിട്ടുണ്ട്. നേടിയതും നേടേണ്ടതും തുടരേണ്ടതുമായ കാര്യങ്ങൾ അണിനിരത്തിക്കൊണ്ട് മറ്റാരുണ്ട് എൽ.ഡി.എഫ് അല്ലാതെ എന്ന ചോദ്യം അദ്ദേഹം ചോദിക്കുന്നു. അതിനുള്ള ഉത്തരമാണ് രാഷ്ട്രീയ കേരളത്തിനു വേണ്ടത്. എന്തിന് യു.ഡി.എഫ് എന്ന ചോദ്യത്തിന് പിണറായിയുടെ ദുർഭരണം അവസാനിപ്പിക്കുന്നതിന് എന്ന ഉത്തരമാണ് വി.ഡി. സതീശന് നൽകാനുള്ളത്. ദുർഭരണമെന്നത് അർഥമില്ലാത്ത വാക്കാണ്. ബജറ്റ് അവതരണം പൂർത്തിയാകുന്നതിനുമുമ്പേ നിരാശജനകം എന്ന് പ്രതിപക്ഷനേതാവ് പ്രതികരിക്കുന്നതുപോലെയാണത്.

എൽദോസ് കുന്നപ്പിള്ളി,അബ്ദുറഹ്മാൻ രണ്ടത്താണി
ഭരണം അവസാനിപ്പിക്കുന്നതിനുവേണ്ടി ജനങ്ങൾ വോട്ടുചെയ്തത് 1977ൽ ആയിരുന്നു. ഇന്ദിര ഗാന്ധിയുടെ ഭീകരഭരണം അവസാനിപ്പിക്കുന്നതിന് ജനങ്ങൾ ഒന്നടങ്കം ജയപ്രകാശ് നാരായണനു വോട്ട് നൽകി. ഇടതുപക്ഷ സർക്കാറിന്റെ ഏതെല്ലാം പദ്ധതികളാണ് തങ്ങൾ റദ്ദാക്കാൻ പോകുന്നതെന്ന് സതീശൻ പറയണം. ലൈഫ്, കിഫ്ബി അതോ മറ്റു വല്ലതും. പിണറായിയെ മൂന്നാമൂഴത്തിലേക്ക് നയിക്കുന്നത് സിറ്റിങ് എം.എൽ.എമാരാണ്. തങ്ങളുടെ മണ്ഡലങ്ങളിൽ നടന്ന വിസ്മയകരമായ വികസനപ്രവർത്തനങ്ങളെക്കുറിച്ചാണ് അവർ ചാനൽ കാമറകളുടെ മുന്നിൽ വാചാലരാകുന്നത്. അതിനുള്ള പണം വന്നത് കിഫ്ബി എന്ന മാന്ത്രികച്ചെപ്പിൽനിന്നാണ്. പഴിയും പരിഹാസവും കേട്ട് ലണ്ടൻ സ്റ്റോക് എക്സ്ചേഞ്ചിന്റെ വരാന്തയിൽ മണിയടിച്ച് പിണറായി വിജയൻ നേടിയ പണമാണത്. യു.ഡി.എഫ് അതു വേണ്ടെന്നു വെക്കുമോ? എങ്കിൽ തീർന്നു എല്ലാം. പിണറായി വിജയന്റെ കണക്കും കണക്കുകൂട്ടലും അറിയാത്ത സതീശനെ എന്തുറപ്പിലാണ് ഭരണഭാരം ഏൽപിക്കുന്നത്?
ഭരണമാറ്റമായാലും ഭരണത്തുടർച്ചയായാലും സങ്കീർണമായ നിരവധി ചോദ്യങ്ങൾ ഉൾക്കൊള്ളുന്നുണ്ട്. മാറിയാലും തുടർന്നാലും മാറാത്തത് നൈരന്തര്യമാണ്. ലോകയുദ്ധത്തിൽ ബ്രിട്ടനെ വിജയശ്രീലാളിതനാക്കിയ ചർച്ചിലിനെ തുടർന്നുവന്ന തെരഞ്ഞെടുപ്പിൽ ജനങ്ങൾ സ്വീകരിക്കാതിരുന്നത് അവർക്ക് ആറ്റ്ലിയുടെ സൗമ്യതയും അവധാനതയും യുദ്ധാനന്തരം ആവശ്യമായിരുന്നതുകൊണ്ടാണ്. ബ്രിട്ടീഷ് സാമ്രാജ്യത്തിന്റെ ലിക്വിഡേറ്ററാകാൻ തന്നെക്കിട്ടില്ലെന്നു പറഞ്ഞ ചർച്ചിലിനെയല്ല ഇന്ത്യക്ക് സ്വാതന്ത്ര്യം നൽകാൻ തയാറായ ആറ്റ്ലിയെയാണ് അവർക്ക് വേണ്ടിയിരുന്നത്. അതൊരു ഓപ്ഷനാണ്. ബദലിന്റെ അടിസ്ഥാനത്തിലാണ് ഓപ്ഷൻ ഉണ്ടാകുന്നത്. എന്താണ് സതീശൻ മുന്നോട്ടുവെക്കുന്ന ബദൽ? അയഥാർഥവും പ്രത്യക്ഷത്തിൽ അവിശ്വസനീയവുമായ കാര്യങ്ങളാണ് സതീശൻ ആവർത്തിച്ച് പറയുന്നത്. രാഷ്ട്രീയവിസ്മയങ്ങളെക്കുറിച്ച് സതീശൻ പറഞ്ഞു. രാജിയും കൂറുമാറ്റവുമാണ് വിസ്മയമെങ്കിൽ അത് ഇരുപക്ഷത്തും ബാധകമായി. മോഹിതരും നിരാശിതരും രണ്ട് പക്ഷത്തുമുണ്ടാകും.

കെ. സുധാകരൻ,അടൂർ പ്രകാശ്
ഡീലിനെക്കുറിച്ച് സതീശൻ പറഞ്ഞു. അതേക്കുറിച്ചുള്ള ചോദ്യത്തിന് കെ.പി.സി.സി അധ്യക്ഷൻ സണ്ണി ജോസഫ് അർഥഗർഭമായ മൗനം പാലിച്ചു. യു.ഡി.എഫിനെ പരാജയപ്പെടുത്താൻ എൽ.ഡി.എഫും ബി.ജെ.പിയും തമ്മിലുള്ള അവിശുദ്ധമായ കൂട്ടുകെട്ടാണ് ഡീൽ എന്നതുകൊണ്ട് സതീശൻ ഉദ്ദേശിച്ചതെങ്കിൽ ആർക്കാണ് അതിലൊക്കെ താൽപര്യം? വികസനം എന്ന വ്യക്തതയില്ലാത്ത വാക്കിൽപോലും ജനങ്ങൾക്ക് താൽപര്യമില്ലാതായി. സന്തുഷ്ടിയാണ് പ്രധാനം. സ്കാൻഡിനേവിയൻ രാജ്യങ്ങളെയാണ് ഇക്കാര്യത്തിൽ പിണറായി മാതൃകയാക്കുന്നത്. വികസനം ഒരു വഴിക്ക്. അതിന് കിഫ്ബി തുടങ്ങിയ സംവിധാനങ്ങളുണ്ട്. ബജറ്റിലൂടെ അദ്ദേഹം സന്തോഷദായകമായ കാര്യങ്ങൾ ചെയ്യുന്നു. ആ സന്തോഷത്തിൽ പങ്കുചേരാനാണ് എൽ.ഡി.എഫ് ക്ഷണിക്കുന്നത്. ദാരിദ്ര്യമുക്തമായ കേരളം എന്നാൽ സന്തുഷ്ടമായ കേരളം എന്നാണർഥം. അതിനപ്പുറമുള്ള കുശുമ്പും കുന്നായ്മയും ആരെയും എവിടെയും എത്തിക്കില്ല.
