Begin typing your search above and press return to search.
proflie-avatar
Login

ഉപസംവരണത്തെ എതിർക്കുന്നത്​ ആര്​?

ഉപസംവരണത്തെ   എതിർക്കുന്നത്​ ആര്​?
cancel

പട്ടികജാതി-വർഗങ്ങൾക്കുള്ളിൽ ഉപസംവരണം ഏർപ്പെടുത്തുന്നത് ഭരണഘടനാനുസൃതമാണെന്ന 2024 ആഗസ്റ്റ് ഒന്നിലെ സുപ്രീംകോടതി വിധിയും അനന്തര പ്രതികരണങ്ങളെയും വിശകലനം ചെയ്യുകയാണ്​ ചിന്തകനും സാമൂഹികപ്രവർത്തകനുമായ ലേഖകൻ. സാമൂഹിക ജനാധിപത്യത്തെക്കുറിച്ചുള്ള അംബേദ്കറിന്റെ കാഴ്ചപ്പാടിൽനിന്ന് ഉപസംവരണം അംഗീകരിച്ചുകൊണ്ടുള്ള സുപ്രീംകോടതി വിധി സൂക്ഷ്മപരിശോധനക്ക് വിധേയമാക്കുന്നു. കഴിഞ്ഞ ലക്കം തുടർച്ച. സംവരണത്തിന്റെ നേട്ടങ്ങൾ യഥാർഥത്തിൽ അനുഭവിക്കാൻ കഴിഞ്ഞവരും അനൗപചാരികമായി മാത്രം അനുഭവിക്കാൻ കഴിഞ്ഞവരും തമ്മിലുള്ള അന്തരം 2011ലെ അഖിലേന്ത്യാ സെൻസസ് വെളിപ്പെടുത്തുന്നുണ്ട്. ഈ സെൻസസ് റിപ്പോർട്ടിന്റെ...

Your Subscription Supports Independent Journalism

View Plans
പട്ടികജാതി-വർഗങ്ങൾക്കുള്ളിൽ ഉപസംവരണം ഏർപ്പെടുത്തുന്നത് ഭരണഘടനാനുസൃതമാണെന്ന 2024 ആഗസ്റ്റ് ഒന്നിലെ സുപ്രീംകോടതി വിധിയും അനന്തര പ്രതികരണങ്ങളെയും വിശകലനം ചെയ്യുകയാണ്​ ചിന്തകനും സാമൂഹികപ്രവർത്തകനുമായ ലേഖകൻ. സാമൂഹിക ജനാധിപത്യത്തെക്കുറിച്ചുള്ള അംബേദ്കറിന്റെ കാഴ്ചപ്പാടിൽനിന്ന് ഉപസംവരണം അംഗീകരിച്ചുകൊണ്ടുള്ള സുപ്രീംകോടതി വിധി സൂക്ഷ്മപരിശോധനക്ക് വിധേയമാക്കുന്നു. കഴിഞ്ഞ ലക്കം തുടർച്ച.

സംവരണത്തിന്റെ നേട്ടങ്ങൾ യഥാർഥത്തിൽ അനുഭവിക്കാൻ കഴിഞ്ഞവരും അനൗപചാരികമായി മാത്രം അനുഭവിക്കാൻ കഴിഞ്ഞവരും തമ്മിലുള്ള അന്തരം 2011ലെ അഖിലേന്ത്യാ സെൻസസ് വെളിപ്പെടുത്തുന്നുണ്ട്. ഈ സെൻസസ് റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ, ഡേറ്റാ പോയന്റിൽ, പ്രഫ. സജീർ ആലം എഴുതിയ പട്ടികജാതി ലിസ്റ്റിനുള്ളിലും പട്ടികവർഗ ലിസ്റ്റിനുള്ളിലും നിലനിൽക്കുന്ന സാമൂഹിക, സാമ്പത്തിക വ്യത്യാസങ്ങൾ എന്ന പഠനക്കുറിപ്പിൽ വടക്കേ ഇന്ത്യയിലെ ചില സംസ്ഥാനങ്ങളിൽ സാമൂഹികരംഗത്തും വിദ്യാഭ്യാസരംഗത്തും പട്ടികജാതി-പട്ടികവർഗ വിഭാഗങ്ങൾക്കുള്ളിൽ നിലനിൽക്കുന്ന വ്യത്യാസങ്ങൾ എടുത്തുകാട്ടുന്നുണ്ട്. ലിസ്റ്റിലുള്ളവരെ രണ്ട് ഗ്രൂപ്പുകളായി വിഭജിച്ച് ഓരോ ഗ്രൂപ്പിലുമുള്ള എത്ര ശതമാനം പേർക്ക് നഗരവത്കരണത്തിന്റെ ഭാഗമാകാൻ കഴിഞ്ഞുവെന്നും, കോളജ് വിദ്യാഭ്യാസത്തിനുള്ള യോഗ്യത നേടാനായെന്നും ബിരുദധാരികളാകാൻ കഴിഞ്ഞുവെന്നും എത്ര ശതമാനം പേർ കർഷകത്തൊഴിലാളികളായി നിലനിൽക്കുന്നുവെന്നും പരിശോധിക്കുന്നു. ആന്ധ്രപ്രദേശിൽ ആദി ദ്രാവിഡ ഉൾപ്പെടുന്ന ഗ്രൂപ് ഒന്നിൽ 16 ശതമാനം വിദ്യാർഥികൾ കോളജ് പ്രവേശനത്തിന് യോഗ്യത നേടുകയും 6.47 ശതമാനം പേർ ബിരുദധാരികളായി മാറുകയും ചെയ്തപ്പോൾ ബയഗാര ഉൾപ്പെടുന്ന ഗ്രൂപ് രണ്ടിൽ 10.5 ശതമാനം മാത്രം കോളജ് പ്രവേശനത്തിന് യോഗ്യത നേടുകയും 3.4 ശതമാനം പേർ മാത്രം ബിരുദധാരികളായി മാറുകയും ചെയ്തു.

സമാനമായി ബിഹാറിലെ പാസികൾ അടങ്ങുന്ന ഒന്നാമത്തെ ​ഗ്രൂപ്പിൽ 9.4 ശതമാനം പേർ കോളജിലെത്തുകയും 4.9 ശതമാനം പേർ ബിരുദധാരികളായി മാറുകയും ചെയ്തപ്പോൾ മുസാഹർ ഉൾപ്പെടുന്ന രണ്ടാമത്തെ ഗ്രൂപ്പിൽനിന്ന് 0.9 ശതമാനം പേർ മാത്രം കോളജിലെത്തുകയും 0.1 ശതമാനം പേർ മാത്രം ബിരുദധാരികളായി മാറുകയും ചെയ്തു. മഹാരാഷ്ട്രയിലെ ബാംബിസ് ഉൾപ്പെടുന്ന ഒന്നാമത്തെ ഗ്രൂപ്പിൽനിന്ന് 16.3 ശതമാനം പേർ കോളജിലെത്തുകയും 6.4 ശതമാനം പേർ ബിരുദധാരികളായി മാറുകയും ചെയ്തപ്പോൾ മാംഗ് ഉൾപ്പെടുന്ന രണ്ടാമത്തെ ഗ്രൂപ്പിൽനിന്ന് 11.3 ശതമാനം പേർ മാത്രം കോളജിലെത്തുകയും 3.7 ശതമാനം പേർ മാത്രം ബിരുദധാരികളാകുകയും ചെയ്തു.

പഞ്ചാബിൽ ചമാർ ഉൾപ്പെടുന്ന ഒന്നാമത്തെ ഗ്രൂപ്പിൽ 17.8 ശതമാനം പേർ കോളജിലെത്തുകയും 5 ശതമാനം പേർ ബിരുദധാരികളായി മാറുകയും ചെയ്തപ്പോൾ മഡാബി ഉൾപ്പെടുന്ന രണ്ടാമത്തെ ഗ്രൂപ്പിൽനിന്ന് 12.7 ശതമാനം പേർ മാത്രം കോളജിലെത്തുകയും 3 ശതമാനം മാത്രം ബിരുദധാരികളാകുകയുംചെയ്തു. ഉത്തർപ്രദേശിലെ ചമാർ ഉൾപ്പെടുന്ന ഒന്നാമത്തെ ഗ്രൂപ്പിൽനിന്ന് 9.5 ശതമാനം പേർ കോളജിലെത്തുകയും 5.3 ശതമാനം പേർ ബിരുദധാരികളായി മാറുകയും ചെയ്തപ്പോൾ മുസാഹർ ഉൾപ്പെടുന്ന രണ്ടാമത്തെ ഗ്രൂപ്പിൽനിന്ന് 1.1 ശതമാനം പേർ മാത്രം കോളജിലെത്തുകയും 0.2 ശതമാനം മാത്രം ബിരുദധാരികളാകുകയുംചെയ്തു.

പശ്ചിമ ബംഗാളിൽ നാമശുദ്ര ഉൾപ്പെടുന്ന ഒന്നാമത്തെ ​ഗ്രൂപ്പിൽനിന്ന് 7.6 ശതമാനം പേർ കോളജിലെത്തുകയും 5.9 ശതമാനം പേർ ബിരുദധാരികളാകുകയും ചെയ്തപ്പോൾ ബാഗ് ഡി, ദൂലെ ഉൾപ്പെടുന്ന രണ്ടാമത്തെ ഗ്രൂപ്പിൽനിന്ന് 2.9 ശതമാനം പേർ മാത്രം കോളജിലെത്തുകയും ഒരു ശതമാനം മാത്രം ബിരുദധാരികളാകുകയുംചെയ്തു. ഈ വ്യത്യാസങ്ങൾക്ക് മൗലികമായൊരു കാരണമായിചൂണ്ടിക്കാട്ടപ്പെടുന്നത് നഗരവത്കരണമാണ്. നഗരവത്കരിക്കപ്പെട്ടവരുടെ പിന്മുറക്കാർക്ക് സ്വാഭാവികമായും വിദ്യാഭ്യാസ രംഗത്ത് മുന്നേറാൻ കഴിഞ്ഞു. സർവിസ് മേഖലയിലും അതിന്റെ പ്രതിഫലനമുണ്ടാകും.

സമാനമായൊരു സ്ഥിതിയാണ് പട്ടികവർഗ ലിസ്റ്റിലും കാണപ്പെടുന്നത്. ഛത്തിസ്ഗഢിലെ പട്ടികവർഗ ലിസ്റ്റിൽ മാൽബ ട്രൈബ്സ് ഉൾപ്പെടുന്ന ഒന്നാമത്തെ ഗ്രൂപ്പിൽനിന്ന് 9.2 ശതമാനം വിദ്യാർഥികൾ കോളജ് വിദ്യാഭ്യാസം നേടുകയും 4.6 ശതമാനം വിദ്യാർഥികൾ ബിരുദധാരികളാകുകയും ചെയ്തപ്പോൾ ബൈഗ ഉൾപ്പെടുന്ന രണ്ടാമത്തെ ഗ്രൂപ്പിൽനിന്ന് 14 ശതമാനം വിദ്യാർഥികൾമാത്രം കോളജിലെത്തുകയും 0.27 ശതമാനം വിദ്യാർഥികൾ മാത്രം ബിരുദധാരികളാകുകയുംചെയ്തു. ഝാർഖണ്ഡിൽ ഒറാവോൺ ഉൾപ്പെടുന്ന ഒന്നാമത്തെ ഗ്രൂപ്പിൽനിന്ന് 11.8 ശതമാനം വിദ്യാർഥികൾ കോളജിലെത്തുകയു 6.1 ശതമാനം വിദ്യാർഥികൾ ബിരുദധാരികളാകുകയും ചെയ്തപ്പോൾ മാൽപഹാരിയ ഉൾപ്പെടുന്ന രണ്ടാമത്തെ ഗ്രൂപ്പിൽനിന്ന് 2 ശതമാനം വിദ്യാർഥികൾ മാത്രം കോളജിലെത്തുകയും 0.3 ശതമാനം മാത്രം ബിരുദധാരികളാകുകയുംചെയ്തു.

ഒഡിഷയിലെ ഒറാവോൺ ഉൾപ്പെടുന്ന ഒന്നാമത്തെ ഗ്രൂപ്പിൽപെട്ട 11.5 ശതമാനം വിദ്യാർഥികൾ കോളജിലെത്തുകയും 3.1 ശതമാനം പേർ ബിരുദധാരികളാകുകയും ചെയ്തപ്പോൾ ബുഖിയ ഉൾപ്പെടുന്ന രണ്ടാമത്തെ ഗ്രൂപ്പിൽപെട്ട 1.2 ശതമാനം പേർമാത്രം ബിരുദധാരികളാകുകയുംചെയ്തു. രാജസ്ഥാനിലെ വീണ ഉൾപ്പെടുന്ന ഒന്നാമത്തെ ഗ്രൂപ്പിൽനിന്ന് 8.5 ശതമാനം വിദ്യാർഥികൾ കോളജിലെത്തുകയും 7.2 ശതമാനം ബിരുദധാരികളാകുകയും ചെയ്തപ്പോൾ ഗരാസിയ ഉൾപ്പെടുന്ന രണ്ടാമത്തെ ഗ്രൂപ്പിൽനിന്ന് 1.5 ശതമാനം പേർ മാത്രം കോളജിലെത്തുകയും 0.5 ശതമാനം മാത്രം ബിരുദധാരികളാകുകയും ചെയ്തു. പശ്ചിമ ബംഗാളിലെ ബുട്ടിയ ഉൾപ്പെടുന്ന ഒന്നാമത്തെ ഗ്രൂപ്പിൽനിന്ന് 10.77 ശതമാനം വിദ്യാർഥികൾ കോളജിലെത്തുകയും 6.5 ശതമാനം വിദ്യാർഥികൾ ബിരുദധാരികളായി മാറുകയും ചെയ്തപ്പോൾ ബുമിങ് ഉൾപ്പെടുന്ന രണ്ടാമത്തെ ഗ്രൂപ്പിൽ​പ്പെട്ട 3.4 ശതമാനം പേർ മാത്രം കോളജിലെത്തുകയും 1.2 ശതമാനം മാത്രം ബിരുദധാരികളാകുകയും ചെയ്തു.

വടക്കേ ഇന്ത്യയിൽ മാത്രമല്ല, രാജ്യത്തെമ്പാടും പട്ടികജാതി-പട്ടികവർഗ ലിസ്റ്റുകളിലുള്ളവർക്കിടയിൽ നിലനിൽക്കുന്ന ഘടനാപരമായ അന്തരങ്ങളിലേക്കാണ് ഈ വസ്തുതകൾ വിരൽചൂണ്ടുന്നത്. മൗലികമായൊരു കാര്യം ലിസ്റ്റിലുള്ളവർ സജാതീയമായ ഒരു വർഗമല്ല, ജാതിവൈജാത്യങ്ങളുടെ ഒന്നിച്ചുചേർക്കലാണ് എന്നതാണ്. അതിനുള്ളിൽ ചില ജാതികൾ മുകളിലാകുന്നതും ചില ജാതികൾ താഴെയാകുന്നതും ഘടനയു​ടെ സ്വാഭാവിക യുക്തിമാത്രമാണ്. അവിടെ പ്രവർത്തിക്കുന്നത് ഭരണഘടനാ തത്ത്വങ്ങളോ മൂല്യങ്ങളോ അല്ല. ജാതി നിയമങ്ങളാണ്. ഭരണഘടനാപരമായി മാത്രമേ ഈ സ്ഥിതി മറികടക്കാനാകൂ.

സജാതീയമായ ഒരു സമൂഹത്തെയല്ല, ഭിന്നജാതീയമായ (heterogeneous) ഒരു സമൂഹത്തെയാണ് അംബേദ്കർ അധഃസ്ഥിത വർഗം എന്ന് വിശേഷിപ്പിച്ചത്. 1950ലെ ഭരണഘടന (പട്ടികജാതി) ഉത്തരവിൽതന്നെ പട്ടികജാതി ലിസ്റ്റിലെ ഭിന്നജാതീയത വ്യക്തമാണെന്നാണ് ജസ്റ്റിസ് ചന്ദ്രചൂഡ് വിലയിരുത്തുന്നത്. പട്ടികജാതി ലിസ്റ്റിൽ വിജ്ഞാപനം ചെയ്തിരിക്കുന്ന ചില ജാതികൾ ചില പ്രദേശങ്ങളിൽ മാത്രം ഉള്ളവരാണെന്നും. മധ്യപ്രദേശിലെ 25 പട്ടികജാതികളിൽ 9 ജാതികൾക്ക് മാത്രമേ സംസ്ഥാന സ്വഭാവമുള്ളൂവെന്നും ഒരേ രൂപത്തിലുള്ള അയിത്തം അനുഭവിച്ച എല്ലാവരെയും ലിസ്റ്റിൽ ഉൾപ്പെടുത്താനുള്ള ശ്രമമായിരുന്നില്ല നടന്നതെന്നുമാണ് പട്ടികജാതിക്കാരെ തിരിച്ചറിയുന്നതിനുള്ള മാനദണ്ഡം വ്യക്തമാക്കുന്നതെന്നും ചൂണ്ടിക്കാട്ടി. ജസ്റ്റിസ് ചന്ദ്രചൂഡ് പറയുന്നത് പട്ടികജാതിക്കാർ ഹോമോജിനിയസ് ആയ ഒരു വർഗമല്ലെന്നാണ്. അതിനുള്ള തെളിവുകൾക്കായി അദ്ദേഹം ആശ്രയിക്കുന്നത് പട്ടികജാതിക്കാരെ നേരിട്ടുകണ്ട് നടത്തിയ ഫീൽഡ് റിസർച്ചുകളെയാണ്.

ഈ പഠനങ്ങൾ വ്യക്തമാക്കുന്നത് സാമൂഹിക​ശാസ്ത്രപരമായി ലിസ്റ്റിലുള്ളവർ മുന്നാക്ക ജാതികളുമായി മുഖാമുഖം നേരിടുന്ന പിന്നാക്കാവസ്ഥ ലിസ്റ്റിലുള്ള ചില ജാതികൾക്ക് തങ്ങൾക്കിടയിൽതന്നെ അനുഭവിക്കേണ്ടിവരുന്നുവെന്നതാണ്. പട്ടികജാതിക്കാർക്കിടയിൽ ആഴത്തിൽ നിലനിൽക്കുന്ന ജാതി വ്യത്യാസങ്ങൾ പഠനവിധേയമാക്കിയ എ.എം. ഷായുടെ The Dalit Category and its differentiation/ Untouchability, The untouchables Social change in Gujarat in Dimensions of Social life എന്നീ ഗവേഷണ ഗ്രന്ഥങ്ങളിൽനിന്ന് ജസ്റ്റിസ് ചന്ദ്രചൂഡ് നിരീക്ഷിക്കുന്ന സുപ്രധാനമായൊരു കാര്യം ഹൈന്ദവ സാമൂഹികക്രമത്തിന്റെ മാതൃകയിൽ ഗുജറാത്തിലെ ദലിതർക്കിടയിൽ വളർന്നുവന്നിരിക്കുന്ന കാസ്റ്റ് ഹയറാർക്കിയാണ്.

പൂജാരികളും ഗുരുക്കന്മാരുമായി ചെറിയൊരു ജാതി ഘടനയുടെ മേൽത്തട്ടായും അതി പിന്നാക്കക്കാരും തോട്ടിപ്പണിക്കാരുമായ ബാങ്ങികൾ അടിത്തട്ടായും മധ്യത്തിൽ നെയ്ത്തുകാരായ വാൻകാറുകളുടെയും തോൽപ്പണിക്കാരായ ചമാറുകളുടെയും കയറുണ്ടാക്കുന്നവരായ സെർവാസകളുടെയും വിപുലമായൊരു വിഭാഗം ഇടത്തട്ടായും പ്രവർത്തിക്കുന്നു. എല്ലാ രൂപത്തിലുള്ള അടിച്ചമർത്തലുകൾക്കും വിധേയരാകുന്നവർ ബാങ്ങികളാണ്. പരമ്പരാഗതമായി തങ്ങൾ അനുഭവിച്ചുകൊണ്ടിരിക്കുന്ന ജാതി മർദനങ്ങളോടൊപ്പം തങ്ങൾക്കിടയിലെ ജാതി മർദനങ്ങളും അവർ അനുഭവിക്കേണ്ടിവരുന്നു.

​ഞെട്ടിക്കുന്നൊരു കാര്യം ഗുജറാത്തിലെ ദലിതർക്കിടയിൽ നിലനിൽക്കുന്ന അയിത്തമാണ്. റോബർട്ട് എഫ്. കെന്നഡി സെന്റർ ഫോർ ജസ്റ്റിസ് ആൻഡ് ഹ്യൂമൻ റൈറ്റ്സും ദലിത് അവകാശങ്ങളെ പിന്താങ്ങുന്ന നവ് സർജൻ എന്ന സംഘടനയും സംയുക്തമായി ഗുജറാത്തിലെ 1589 വില്ലേജുകളിലെ ദലിതർക്കിടയിൽ നിലനിൽക്കുന്ന ജാതി ​വിവേചനങ്ങളെക്കുറിച്ച് നടത്തിയ വിപുലമായ പഠനത്തിലാണ് ഈ കാര്യം വ്യക്തമാകുന്നത്. കാസ്റ്റ് ഹയറാർക്കിയിൽ നിലനിൽക്കുന്ന ലംബമാനമായ വിവേചനങ്ങൾക്കു പുറമെ ദലിതർക്കിടയിലെ ചില ജാതികൾ മറ്റു ചില ജാതികൾക്കു മുകളിൽ നിലനിർത്തിയിരിക്കുന്ന തിരശ്ചീനമായ (horizontal) വിവേചനങ്ങൾ അവർ കണ്ടെത്തി. കാസ്റ്റ് ഹയറാർക്കിയെ മാതൃകയാക്കി ഉയർന്ന ജാതിക്കാരായ ദലിതർ താഴ്ന്ന ജാതിക്കാരോടൊപ്പമിരുന്ന് ഭക്ഷണം കഴിക്കുന്നില്ല.

താഴ്ന്ന ജാതിക്കാരായ ദലിതരുടെ വീടുകളിൽനിന്ന് ഉയർന്ന ജാതിക്കാരായ ദലിതർ ഭക്ഷണം കഴിക്കുകയോ വെള്ളം കുടിക്കുകയോ ചെയ്യാറില്ല. ഗുജറാത്തിലെ 12 ശതമാനം ഗ്രാമങ്ങളിൽ മാത്രമേ ഉയർന്ന ജാതിക്കാരായ ദലിതർ താഴ്ന്ന ജാതിക്കാരായ ദലിതർക്ക് വെള്ളം നൽകാറുള്ളൂ. 7.9 ശതമാനം ഗ്രാമങ്ങളിലും താഴ്ന്ന ജാതിക്കാരായ ദലിതരെ ഉയർന്ന ജാതിക്കാരായ ദലിതർ തങ്ങളുടെ ക്ഷേത്രങ്ങളിൽ കയറുന്നതിന് അനുവദിക്കാറില്ല. തമിഴ്നാട്ടിലെ പട്ടികജാതിക്കാർക്കിടയിൽ നിലനിൽക്കുന്ന ജാതി വിഭജനത്തിന്റ തീവ്രത ജസ്റ്റിസ് ചന്ദ്രചൂഡ് എടുത്തുകാണിക്കുന്നത് പട്ടികജാതിക്കാരനായ അരുന്ധതിയാർ യുവാവും പട്ടികജാതിക്കാരിയായ പറയ യുവതിയും ഒന്നിച്ചു ജീവിക്കാൻ തീരുമാനിച്ചപ്പോൾ യുവതിയുടെ വീട്ടുകാർ യുവാവിന്റെ വീട്ടുകാരോട് സ്വീകരിച്ച സമീപനത്തിലൂടെയാണ്. ദലിതർക്കെതിരെ ജാതി ഹിന്ദുക്കൾ നടത്തിക്കൊണ്ടിരിക്കുന്ന ആ​ക്രമണങ്ങളുടെ മാതൃകയിൽ യുവതിയുടെ വീട്ടുകാർ യുവാവിന്റെ വീട്ടിലെ സ്ത്രീകളെ ബലാത്സംഗംചെയ്തു.

ആന്ധ്രപ്രദേശിലെ പട്ടികജാതിക്കാരായ മാലകളും മഡികകളും തമ്മിലുള്ള വ്യത്യാസം വ്യക്തമാകുന്നതിന് ജസ്റ്റിസ് ചന്ദ്രചൂഡ് ആധാരമാക്കിയ രേഖകളിൽ ഒന്ന് 1986 മാർച്ചിൽ ‘ഇക്കണോമിക് ആൻഡ്​ പൊളിറ്റിക്കൽ വീക്കിലി’യിൽ ഉമാ രാമസ്വാമി എഴുതിയ പിന്നാക്കക്കാർക്കിടയിലെ സമത്വവും സംരക്ഷണവും (protection and equality among backward group) എന്ന പഠനമാണ്. മാലകൾ നെയ്ത്തുകാരും മഡികകൾ തോൽപ്പണിക്കാരുമാണ്. നെയ്ത്തുകാരുടെ സാമൂഹികസ്ഥാനം തോൽപ്പണിക്കാർക്ക് മുകളിലാണ്. വിദ്യാഭ്യാസരംഗത്തും സർവിസ് രംഗത്തും രാഷ്ട്രീയ രംഗത്തുമെല്ലാം ഈ വ്യത്യാസം പ്രകടമാണ്. 1961ൽ 10 ശതമാനം മാലകൾ സാക്ഷരരായിരുന്നപ്പോൾ 5 ശതമാനം മഡികകളേ സാക്ഷരരായിരുന്നുള്ളൂ. 1971ൽ മാലകളുടെ വിദ്യാഭ്യാസ നിലവാരം 12.9 ശതമാനമായി ഉയർന്നപ്പോൾ മഡികകളുടേത് 6.2 ശതമാനം മാത്രമായിരുന്നു.

മാലകളും മഡികകളും തമ്മിലുള്ള ഈ വ്യത്യാസം മാല-മഡിക ജാതികൾക്കകത്തുമുണ്ട്. മാല ജാൻഗവും മാല ദസാരിയും മാലകൾക്കിടയിലെ പുരോഹിത ജാതികളാണ്. മാല ഉപജാതികളുടെ ആത്മീയ നേതൃത്വമാണിവർ. കാസ്റ്റ് ഹയറാർക്കിയിലെ ബ്രാഹ്മണ ​മേൽക്കോയ്മയുടെ മാതൃകയിൽ മാല ഉപജാതികൾക്ക് മുകളിലാണ് ഇവരുടെ സാമൂഹികസ്ഥാനം. ഏറ്റവും മുകളിൽ മാല ജാൻഗമാണ്. അവർക്ക് താഴെ മാലപാംബാല, വാസ്തി, ഗുരാമാലാസ് എന്നിങ്ങനെ ഉപജാതികൾ. ജാതി നിയമങ്ങളുടെ അടിസ്ഥാനത്തിലാണ് മാലകൾ തങ്ങൾക്കിടയിലെ ബന്ധങ്ങൾ ക്രമീകരിച്ചിരിക്കുന്നത്. ഈ നിയമങ്ങൾ പാലിക്കാൻ ഘടനക്കുള്ളിലെ എല്ലാവരും ബാധ്യസ്ഥരാണ്. അയിത്തവും ഘടനക്കുള്ളിലെ നിയമമാണ്. ഉപവിഭാഗീകരണ പ്രശ്നം പരിശോധിച്ച ദേശീയ കമീഷനെക്കുറിച്ച് ജസ്റ്റിസ് ഉഷ മിശ്ര റിപ്പോർട്ടിന്റെ പ്രസക്തഭാഗം ഉദ്ധരിച്ചുകൊണ്ട് മാലകൾക്കും മഡികകൾക്കും ഇടയിലും അവർക്കുള്ളിലും നിലനിൽക്കുന്ന അയിത്തത്തിന്റെ തീവ്രത ജസ്റ്റിസ് ചന്ദ്രചൂഡ് വ്യക്തമാക്കുന്നുണ്ട്.

മഡികകളിൽനിന്നു മാലകൾ ഭക്ഷണം വാങ്ങിക്കഴിക്കുന്നതും വെള്ളം വാങ്ങി കുടിക്കുന്നതും വിലക്കപ്പെട്ടിരിക്കുന്നു. മാലകൾക്കും മഡികകൾക്കും ഒരേ കിണറ്റിൽനിന്ന് വെള്ളം കോരാൻ അനുവാദമില്ല. മാലകളുടെ ക്ഷേത്രങ്ങളിൽനിന്ന് വെള്ളംകോരാൻ അനുവാദമില്ല. മഡികകൾക്കിടയിലും സിൻകാരിയെന്ന അവരുടെ പുരോഹിത വർഗത്തിന് മഡികകളോ അവർക്കിടയിലോ ഉപജാതികളോ ഉണ്ടാക്കുകയോ തൊടുകയോ ചെയ്ത ഭക്ഷണം കഴിക്കുന്നതിന് വിലക്കുണ്ട്. ബ്രാഹ്മണ പുരോഹിതന്മാരെ പോലെ ദലിത് പുരോഹിതന്മാരും വിശുദ്ധരാണ്. ആന്ധ്രപ്രദേശിലെ പട്ടികജാതിക്കാർക്കിടയിൽ, നിലനിൽക്കുന്ന പഞ്ചമ ഹയറാർക്കിയും അവക്കിടയിലെ പിളർപ്പുകളുടെ തീവ്രതയും എടുത്തുകാട്ടി പട്ടികജാതിക്കാർ ഭിന്നജാതീയരായ ഒരു വർഗമാണെന്നാണ് ജസ്റ്റിസ് ഉഷ മിശ്ര റിപ്പോർട്ട് വ്യക്തമാക്കുന്നത്.

 

ഡോ. ബി.ആർ. അം​േബദ്കർ,ജസ്റ്റിസ് ഡി.വൈ. ച​ന്ദ്രചൂഡ്

ഇന്ത്യൻ സ്റ്റാറ്റ്യൂട്ടറി കമീഷൻ മുമ്പാകെ തെളിവ് നൽകുന്നതിനായെത്തിയപ്പോൾ 1928 ഒക്ടോബർ 23ന് ഡോ. ബി.ആർ. അംബേദ്കർ സമൂഹത്തിന്റെ പദവിയെക്കുറിച്ച് നടത്തുന്ന ഒരു നിരീക്ഷണമുണ്ട്. ‘‘ഒരു സമൂഹത്തിന്റെ പദവി അർഥമാക്കേണ്ടത് സാമൂഹികസമരത്തിൽ സ്വയം സംരക്ഷിക്കാനുള്ള അതിന്റെ കഴിവിനെയാണ്. ആ കഴിവ് പ്രകടമായും സമുദായത്തിന്റെ വിദ്യാഭ്യാസപരവും സാമ്പത്തികപരവുമായ നിലയെ ആശ്രയിച്ചിരിക്കുന്നു.’’ ഈ സമീപനത്തിൽനിന്നാണ് അംബേദ്കർ സംവരണത്തിന്റെ വക്താവായി മാറിയത്.

സമുദായത്തിന്റെ പദവി താഴ്ന്നിരിക്കുന്നതനുസരിച്ച് മറ്റുള്ളവരേക്കാൾ കൂടുതൽ ആനുകൂല്യങ്ങൾക്ക് അർഹതയുള്ളവരാണ് അധഃസ്ഥിത വർഗമെന്ന് വാദിച്ചത്. ഈ സമീപനത്തിൽനിന്ന് നോക്കുമ്പോൾ സുപ്രീംകോടതിവിധി വന്ന് മാസങ്ങൾ കഴിഞ്ഞിട്ടും അതിന്റെ ഗുണഭോക്താക്കളായി മാറേണ്ട പട്ടികജാതി-പട്ടികവർഗക്കാർ അതറിയാനോ അതിനുവേണ്ടി പൊരുതാനോ വൈകുന്നത് അംബേദ്കർ ചൂണ്ടിക്കാണിച്ചതുപോലെ സാമൂഹികസമരത്തിൽ സ്വയം സംരക്ഷിക്കുന്നതിനുള്ള അവരുടെ കഴിവുകേടാണ് എടുത്തു കാണിക്കുന്നത്. സാമൂഹികവും വിദ്യാഭ്യാസപരവും സാമ്പത്തികവുമായ പിന്നാക്കാവസ്ഥയുടെ പ്രതിഫലനമാണിത്.

രൂപവത്കരണഘട്ടത്തിൽ താരതമ്യേന സമാനമായ സാമൂഹികഗ്രൂപ്പുകളെയാണ് പട്ടികജാതി-പട്ടികവർഗ ലിസ്റ്റുകളിൽ ഉൾപ്പെടുത്തിയിരുന്നതെങ്കിലും ലഭ്യമായ സംവരണത്തിന്റെ ആനുകൂല്യം തുല്യമായി അനുഭവിക്കാൻ അവർക്ക് കഴിയാതെ പോയി എന്നത് ഐക്യകേരളത്തിലും ഒരു സാമൂഹിക യാഥാർഥ്യമാണ്. സാമൂഹികവും വിദ്യാഭ്യാസപരവും സാമ്പത്തികവുമായി അന്തരങ്ങൾ അത്രമേൽ പട്ടികജാതി-പട്ടികവർഗ ലിസ്റ്റുകളിൽ ഉൾപ്പെടുത്തിയിരുന്നതെങ്കിലും ലഭ്യമായ സംവരണത്തിന്റെ ആനുകൂല്യം തുല്യമായി അനുഭവിക്കുവാൻ അവർക്ക് കഴിയാതെ പോയി എന്നത് ഐക്യ കേരളത്തിലും ഒരു സാമൂഹിക യാഥാർഥ്യമാണ്. സാമൂഹികവും വിദ്യാഭ്യാസപരവും സാമ്പത്തികവുമായ അന്തരങ്ങൾ അത്രമേൽ പട്ടികജാതി-പട്ടികവർഗ ലിസ്റ്റുകളിലുള്ളവർക്കിടയിൽ ഉണ്ടെന്നാണ് ഇതിനർഥം. ഒരു രാഷ്ട്രപതിയെയും ഒരു സുപ്രീംകോടതി ചീഫ് ജസ്റ്റിസിനെയും സംഭാവന ചെയ്യാൻ കഴിഞ്ഞ ജാതികൾ കേരളത്തിലെ പട്ടികജാതിക്കാർക്കിടയിലുണ്ട്. പ്രമുഖരായ രാഷ്ട്രീയ നേതാക്കളും മന്ത്രിമാരും എം.എൽ.എമാരും എം.പിമാരും ഐ.എ.എസ്- ഐ.പി.എസ് ഉദ്യോഗസ്ഥന്മാരുമെല്ലാം വളർന്നുവന്ന ജാതികളുണ്ട്.

ഒന്നര നൂറ്റാണ്ടുമുമ്പു തന്നെ അക്ഷരത്തിന്റെ ലോക​ത്തേക്ക് പ്രവേശിക്കുകയും സ്വന്തമായി കോളജുകൾ സ്ഥാപിക്കുകയും ഐ.എ.എസുകാരെയും ഐ.പി.എസുകാരെയുമെല്ലാം സൃഷ്ടിക്കുകയും ചെയ്ത ജാതികൾ പട്ടികവർഗങ്ങൾക്കിടയിലുമുണ്ട്. ഈ മാറ്റങ്ങൾ നേരിൽ കാണുകയും അതിൽ സന്തോഷിക്കുകയും അഭിമാനിക്കുകയും ചെയ്യുമ്പോൾ ദുഃഖകരമായൊരു കാര്യം ഇത്തരമൊരു വളർച്ച സ്വപ്നം കാണാൻപോലും കഴിയാത്ത നിരവധി ജാതികൾ രണ്ട് ലിസ്റ്റുകളിലുമുണ്ട് എന്നതാണ്. ചിലർ തെറ്റിദ്ധരിക്കുകയും തെറ്റായി പ്രചരിപ്പിക്കുകയും ചെയ്യുന്നതുപോലെ പട്ടികജാതി ലിസ്റ്റിലുള്ളവരോ പട്ടികവർഗ ലിസ്റ്റിലുള്ളവരോ ഹോമോജിനിയസ് ആയ വർഗങ്ങളല്ല, ഭിന്നജാതീയ വർഗങ്ങളാണ്. സുപ്രധാനമായ കാര്യം രണ്ട് ലിസ്റ്റുകളിലും ദൃശ്യവും അദൃശ്യവുമായ വിഭാഗങ്ങൾ ഉണ്ടെന്നതാണ്. ഈ വിഭാഗങ്ങൾക്കിടയിലെ വ്യത്യാസങ്ങൾ കേരളത്തിലും ഉപവർഗീകരണം അനിവാര്യമാക്കുന്നു.

പട്ടികജാതി ലിസ്റ്റിൽ 2003 ജനുവരി എട്ടിലെ കണക്കനുസരിച്ച് 53 ജാതികളും പട്ടികവർഗ ലിസ്റ്റിൽ 35 ജാതികളുമുണ്ട്. പിന്നാക്കവർഗ കമീഷൻ ശേഖരിച്ചതും 2024 ജൂൺ 25ന് സംസ്ഥാന സർക്കാർ നിയമസഭയിൽ വെളിപ്പെടുത്തിയതുമായ സർക്കാർ സർവിസിലെ പട്ടികജാതി-പട്ടികവർഗ ഉദ്യോഗസ്ഥരുടെ പ്രാതിനിധ്യം വെളിപ്പെടുത്തുന്നത് 8 ശതമാനം സംവരണമുള്ള പട്ടികജാതിക്കാർക്ക് 9.49 ശതമാനം സംവരണവും 2 ശതമാനം സംവരണമുള്ള പട്ടികവർഗക്കാർക്ക് 1.92 ശതമാനം സംവരണവും ലഭിക്കു​ന്നു​െണ്ടന്നതാണ്. സർക്കാർ സർവിസിൽ പട്ടികജാതി-പട്ടികവർഗ വിഭാഗങ്ങൾക്ക് നിയമാനുസൃതമായ പ്രാതിനിധ്യം ഉറപ്പാക്കാൻ ഐക്യകേരളത്തിന് കഴിഞ്ഞുവെന്നാണ് ഇതിനർഥം. എന്നാൽ, ലിസ്റ്റിലുള്ള ഏത് ജാതികൾക്കാണ് അതിന്റെ പ്രയോജനം ലഭിച്ചത് എന്നതും ഏത് ജാതികൾക്കാണ് ലഭിക്കാതെ പോയതെന്നതും നിർണായകമായൊരു സാമൂഹികപ്രശ്നമാണ്. സർവിസ് മേഖലയിലുള്ളവരുടെ കണക്കിന്റെ സ്വഭാവം നോക്കൂ. പുലയ വിഭാഗങ്ങൾ 19,627, മണ്ണാർ തുടങ്ങിയ വിഭാഗങ്ങൾ 6816, പറയ സാംബവ വിഭാഗങ്ങളും 5247, ചെറുമർ 3619, കണക്കൻ, പടന്ന, പടന്നൻ 3337, കുറവർ, സിദ്ധനാർ, കുറവൻ 2843, തണ്ടാർ 2570, ഭരതൻ പരവൻ 1339, വേട്ടുവർ പുലയ​വേട്ടുവർ 1273 എന്നിങ്ങനെ സർവിസ് രംഗത്തുള്ള ജാതികളുടെയും അവരുടെ പ്രാതിനിധ്യത്തിന്റെയും എണ്ണം കുറഞ്ഞുകൊണ്ടിരിക്കുന്നതാണ് കാണുന്നത്.

അത് അദൃശ്യമാകുന്നൊരു ബിന്ദു ലഭ്യമായില്ലെങ്കിലും ഏറെ താഴേക്ക് പോകുന്നില്ലെന്ന് ഉറപ്പാണ്. അതുപോലെതന്നെ മല അരയൻ 270, കാണിക്കാർ 1051 എന്നിവക്ക് പുറമെ കുറുമർ, കുറിച്യർ, മാവിലൻ എന്നിങ്ങനെ ചില ജാതികൾ പട്ടിക വർഗ സംവരണത്തിന്റെയും ഗുണഭോക്താക്കളായി മുൻനിരയിലുണ്ട്. അവർക്കു പിന്നിൽ നാമമാത്രമായി മാത്രം സർവിസിൽ എത്തിച്ചേരുകയോ എത്തിച്ചേരാൻ കഴിയാതെ പോകുകയോ ചെയ്ത നീണ്ടൊരു നിര പട്ടികവർഗ ലിസ്റ്റിലുമുണ്ട്. സംവരണമുണ്ടായിട്ടും ദൃശ്യരാകാൻ കഴിയാ​െതപോയ പട്ടികവർഗക്കാർ കാസ്റ്റ് ഹയറാർക്കിയുടെ അടിത്തട്ടിൽ പട്ടികജാതിക്കാർക്കിടയിലും പട്ടികവർഗക്കാർക്കിടയിലും വളർന്നുവന്ന ഘടനാപരമായ മേൽക്കോയ്മയാണിത് –ജാതിഘടനയുടെ അടിത്തട്ടിലെ കാസ്റ്റ് ഹയറാർക്കി.

പട്ടികജാതി ലിസ്റ്റിലുള്ളവർക്കും പട്ടികവർഗ ലിസ്റ്റിലുള്ളവർക്കും ഇടയിലെ അന്തരങ്ങൾ വിദ്യാഭ്യാസ രംഗത്തും സർവിസ് രംഗത്തുമുള്ള, അവരുടെ പ്രാതിനിധ്യത്തിൽ പ്രതിഫലിക്കുന്നതു കാണാം. 2022, 23, 24 വർഷങ്ങളിൽ കേരള പബ്ലിക് സർവിസ് കമീഷൻ പ്രസിദ്ധീകരിച്ച 12 റാങ്ക് ലിസ്റ്റുകൾ പരിശോധിച്ചപ്പോൾ പട്ടികജാതി-പട്ടികവർഗ പ്രാതിനിധ്യവുമായി ബന്ധപ്പെട്ട് കാണാൻ കഴിഞ്ഞ ചില വസ്തുതകളാണ് താഴെ പറയുന്നത്. സുപ്രധാനമായൊരു കാര്യം 53 ജാതികളുള്ള പട്ടികജാതി ലിസ്റ്റിൽനിന്ന് 27 ജാതികൾക്കു മാത്രമാണ് ഈ റാങ്ക് ലിസ്റ്റുകളിൽ പ്രവേശിക്കാനായത് എന്നതാണ്. അതിൽതന്നെ ഭാരതീയർ, പള്ളൻ, പടന്ന, കവറ എന്നീ ജാതികളിൽനിന്ന് ഓരോരുത്തർക്കുമാത്രമാണ് ലിസ്റ്റിലെത്താനായത്.

പുള്ളവൻ -3, പതിയൻ -3, വള്ളവൻ -4, ചക്കലിയൻ -4, അയനവർ -6, പാണൻ-9 എന്നിങ്ങനെ വേട്ടുവരിലെത്തുമ്പോഴാണ് രണ്ടക്കമാകുന്നത് -11. പിന്നെ കാണുന്നത് പറയൻ -14, സാംബവർ 14, തണ്ടാൻ 15, പെരുവണ്ണാൻ -15, വേലൻ -15, കുറവർ 17, വണ്ണാർ -21, പരവൻ -23, ചേരമർ -24, മണ്ണാൻ -2, ചെറുമർ -58, കണക്കൻ -75 എന്നിങ്ങനെ ജാതികളുടെ പ്രാതിനിധ്യം വർധിച്ചുവർധിച്ചു പുലയരിലെത്തുമ്പോൾ 115 ആയി മാറുന്നതാണ്. ആരോഹണ ക്രമത്തിൽ പ്രാതിനിധ്യം കൂടിക്കൊണ്ടിരിക്കുകയും അവരോഹണ ക്രമത്തിൽ കുറഞ്ഞു കുറഞ്ഞു ശൂന്യതയിലെത്തുകയും ചെയ്യുന്ന ഒരു സാമൂഹികദുരന്തം ഈ ലിസ്റ്റുകളിലുണ്ട്.

ഈ ലിസ്റ്റുകളിൽനിന്ന് ഏതു ജാതികളിൽ പെട്ടവരാണ് സർവിസിൽ എത്തിച്ചേരുകയെന്നത് പകൽപോലെ വ്യക്തമാണ്. രണ്ടക്കത്തിൽ അടയാളപ്പെടുത്തപ്പെട്ട ജാതികളിൽ പെട്ടവർക്ക് മാത്രമേ അതിന് കഴിയൂ. അതിനർഥം പട്ടികജാതി ലിസ്റ്റിലുള്ളവർക്ക് ലഭിക്കുന്ന ആനുകൂല്യം ഇരുപതോ, ഇരുപത്തഞ്ചോ ജാതികളിൽ ഒതുങ്ങുന്നുവെന്നതാണ്. ഭൂരിപക്ഷം ജാതികളും പുറത്താണ്. പ്രത്യേകിച്ചും ലിസ്റ്റുകളിലേക്ക് പ്രവേശിക്കാൻപോലും കഴിയാത്ത ചണ്ഡാല, ചാമർ, കാക്കാലൻ, കള്ളാടി, മലയൻ, നായാടി, വേടർ, അരുന്ധതിയാർ, ചക്ലിയൻ, സാമ്പൻ, തോട്ടി, നെരിയൻ എന്നിങ്ങനെയുള്ള ജാതികൾ. സമാനമായൊരു കാഴ്ചയാണ് പട്ടികവർഗ ലിസ്റ്റിലുള്ളവർക്കിടയിലും കണ്ടത്.

മലപണിക്കർ, മുതുവാ, ഇരവല്ല, മലസാര, ഊരാളി, കൊറഗ, മന്നാൻ എന്നിങ്ങനെ 9 ജാതികളിൽനിന്ന് ഓരോരുത്തർ വീതം ലിസ്റ്റുകളിലെത്തുകയും പണിയ -2, മലവേട്ടുവൻ -3, ഉള്ളാടാർ -5, കരിംപാല -8 കാണിക്കാർ -9, മറാത്തി -13, മാവിലൻ -14, കുറിച്യർ -20, കുറുമർ -22, മല അരയൻ -26 എന്നിങ്ങനെ പട്ടികജാതി ലിസ്റ്റുകളിൽ കണ്ടതുപോലെ പ്രാതിനിധ്യത്തിന്റെ ഹയറാർക്കി ഇവിടെയുമുണ്ട്. ഇവിടെയും സർവിസിലേക്ക് തിരഞ്ഞെടുക്കപ്പെടുക ആദ്യത്തെ അഞ്ചോ ആറോ ജാതികളിൽപെട്ടവരാണ്. അവരോഹണ ക്രമത്തിൽ അടിയ, കാട്ടുനായ്ക്കർ, വേടുകുറുമൻ, കുറുമ്പ, ഹിൽപുലയ, പള്ളിയൻ, മലപണികർ, ചോലനായ്ക്കർ, മലപണ്ടാരം എന്നിങ്ങനെ പതി​നഞ്ചോളം ജാതികൾ ലിസ്റ്റുകളിൽ എത്താൻപോലും കഴിയാതെ പുറത്തുനിൽക്കുന്നു.

പട്ടികജാതി ലിസ്റ്റിനും പട്ടികവർഗ ലിസ്റ്റിനും ഉള്ളിൽ നിലനിൽക്കുന്ന ഈ ഹയറാർക്കി എങ്ങനെയാണ് സർവിസ് രംഗത്ത് അധികാര ശ്രേണിയുടെ മുകൾത്തട്ടിൽ പ്രവർത്തിച്ചുകൊണ്ടിരിക്കുന്നത് എന്നു നോക്കൂ. ജുഡീഷ്യറി വകുപ്പിൽ സബ് കോടതികളിലെ ശിരസ്തദാർമാരായും ജില്ല കോടതികളിലെ സീനിയർ സൂപ്രണ്ടുമാരായും 2 പട്ടികജാതിക്കാരെയും 8 പട്ടികവർഗക്കാരെയും നേരിട്ട് നിയമിക്കുന്നതിന്റെ ഭാഗമായി 2014 മാർച്ച് 13ന് കേരള പബ്ലിക് സർവിസ് കമീഷൻ പ്രസിദ്ധീകരിച്ച 21 പേരുള്ള പട്ടികജാതി റാങ്ക് ലിസ്റ്റിൽ പകുതിയിലേറെ പേർ കൃത്യമായി പറഞ്ഞാൽ 12 പേർ രണ്ട് ജാതികളിൽപെട്ടവരായിരുന്നു; പുലയരും ചേരമനും.

പുലയർ -8, ചേരമർ -4, വേലൻ, കുറവൻ എന്നീ ജാതികളിൽനിന്ന് രണ്ടു പേർ വീതവും മണ്ണാൻ, മോഗർ, പറയർ, പള്ളൻ, തണ്ടാർ എന്നീ ജാതികളിൽനിന്ന് ഓരോരുത്തരും ലിസ്റ്റിലെത്തി. പട്ടികജാതി ലിസ്റ്റിൽ നിലനിൽക്കുന്ന ഘടനാപരമായ വ്യത്യാസങ്ങളുടെ തീവ്രതമൂലമാണ് നാലിലൊന്ന് ജാതികൾക്കുപോലും ഈ റാങ്ക് ലിസ്റ്റുകളിൽ എത്തിച്ചേരാൻ കഴിയാതെ പോയത്. സമാനമായി പി.എസ്.സി പ്രസിദ്ധീകരിച്ച 7 പേരടങ്ങുന്ന പട്ടികവർഗ ലിസ്റ്റിൽ 4 പേരും ഒരു ജാതിയിൽപെട്ടവരാണ്.

 

ജസ്റ്റിസ് ബി.ആർ. ഗവായ്

മല അരയൻ, കുറുമർ, കുറിച്യർ, ഊരാളി എന്നീ ജാതികളിൽനിന്ന് ഓരോരുത്തർ വീതമുണ്ടായി. അതുപോലെ തന്നെ കേരള സ്റ്റേറ്റ് അസിസ്റ്റന്റ് പബ്ലിക് പ്രോസിക്യൂട്ടേഴ്സ് സർവിസിലേക്ക് നടന്ന തിരഞ്ഞെടുപ്പിന്റെ ഭാഗമായി ഇതേ വർഷംതന്നെ 2014 മാർച്ച് 30ന് പി.എസ്.സി പ്രസിദ്ധീകരിച്ച 52 പേരുള്ള പട്ടികജാതി റാങ്ക് ലിസ്റ്റിൽ ഘടനയുടെ മുകൾത്തട്ടിലുള്ള ഏതാനും ജാതികൾക്ക് മാത്രമാണ് പ്രാതിനിധ്യമുറപ്പിക്കാനായത്. പുലയൻ -13, ചേരമൻ -10, തണ്ടാൻ -6, വേലൻ -4, കുറവർ, കണക്കൻ, വേട്ടുവർ -3 വീതം, പറയ, മണ്ണാൻ, പരവർ -2 വീതം, പള്ളൻ, ചെറുമൻ -1 വീതം. പട്ടികജാതി ലിസ്റ്റിലുള്ള 53 ജാതികളിൽ 42 ജാതികളും ലിസ്റ്റിന് പുറത്താണ്. അതിൽതന്നെ ബഹുഭൂരിപക്ഷം ജാതികളും ഇത്തരമൊരു ലിസ്റ്റിലേക്ക് പ്രവേശിക്കാൻ പ്രാപ്തിയില്ലാത്തവരാണ്. പട്ടികവർഗ ലിസ്റ്റിലേക്ക് പ്രവേശനം നേടാനായത് മല അരയ വിഭാഗത്തിൽപെട്ട ഒരാൾക്ക് മാത്രമാണെന്നത് മറ്റൊരു യാഥാർഥ്യം. കാസ്റ്റ് ഹയറാർക്കിയുടെ സ്വാഭാവിക യുക്തിയാണിത്.

ഇത്തരം മൂർത്തമായ യാഥാർഥ്യങ്ങൾക്കുനേരെ കണ്ണടക്കുകയും അവ പരിഹരിക്കുന്നതിന് സുപ്രീംകോടതി നടത്തിയ ഇടപെടൽ മറികടക്കുന്നതിന് സംവരണം ഇല്ലാതാക്കാൻ അവസരം കാത്തിരിക്കുന്ന ആർ.എസ്.എസ്-ബി.ജെ.പി-സംഘ്പരിവാർ ഭരണാധികാരികളോട് നിയമനിർമാണം നടത്താൻ ആവശ്യപ്പെടുകയും ചെയ്യുന്നവർ കേരളത്തിലെ ദലിത് പ്രവർത്തന മണ്ഡലത്തെ അപഹസിക്കുകയാണ് ചെയ്യുന്നത്. ഭരണഘടനയുടെ 14, 15, 16 വകുപ്പുകൾ; പ്രത്യേകിച്ചും ഉപ വർഗീകരണം നടത്തുന്നതിന് സംസ്ഥാനങ്ങൾക്ക് അധികാരം നൽകുന്ന 16 (4) വകുപ്പ് തിരുത്തുകയാണ് ഇവരുടെ ലക്ഷ്യം. ഈ വകുപ്പിനെക്കുറിച്ചുള്ള അംബേദ്കറു​െട വാക്കുകൾ ശ്രദ്ധേയമാണ്. അധികാരത്തിലുള്ള രാഷ്ട്രീയ പാർട്ടികൾ രാഷ്ട്രീയ മുതലെടുപ്പിനായി പട്ടികജാതി-പട്ടികവർഗ ലിസ്റ്റിലുള്ള ഏതെങ്കിലും ജാതികൾക്ക് പ്രത്യേക പരിഗണന നൽകാനിടയുണ്ടെന്നിരിക്കെ അതിനെ നേരിടുന്നതിനായി കോൺസ്റ്റിറ്റ്യൂവന്റ് അസംബ്ലിയൻ ഡോ. ബി.ആർ. അംബേദ്കർ പറഞ്ഞത് ‘‘പിന്നാക്ക വിഭാഗങ്ങളെ തീരുമാനിക്കേണ്ടത് സംസ്ഥാന ഗവൺമെന്റുകളാണ്’’ എന്നാണ്. സംസ്ഥാന ഗവൺമെന്റുകളെ തിരുത്താൻ ഹൈകോടതികൾക്കും സുപ്രീകോടതിക്കും അധികാരമുണ്ടെന്നതായിരുന്നു അതിന്റെ ന്യായീകരണം.

ആർട്ടിക്ൾ 14, 15, 16 വകുപ്പുകൾ തിരുത്തുകയെന്നാൽ അംബേദ്കറെ തിരുത്തുകയെന്നാണ് അർഥം. ഈ വകുപ്പുകളെക്കുറിച്ച് തന്റെ വിധിയിൽ ജസ്റ്റിസ് ബി.ആർ. ഗവായ് പറഞ്ഞത് ‘‘ഭരണഘടന മുന്നോട്ടുവെക്കുന്ന ജാതിരഹിത-വർഗരഹിത രാഷ്ട്രീയ-സാമൂഹിക സമത്വ വാദത്തിന്റെ മാറ്റിയെടുത്ത സത്തയുടെ കോഡാണ് ആർട്ടിക്ൾ 14, 15, 16 എന്നാണ്. വിധിക്ക് ആധാരമായ രേഖകളിൽ വ്യക്തമായ ന്യൂനതകൾ ഇല്ലെന്ന് ചൂണ്ടിക്കാട്ടി 2024 സെപ്റ്റംബർ 24ന് തങ്ങളുടെ മുന്നിലെത്തിയ പുനഃപരിശോധനാ ഹരജികൾ തള്ളിക്കളയുമ്പോൾ ജസ്റ്റിസ് ചന്ദ്രചൂഡി​ന്റെ അധ്യക്ഷതയിലുള്ള ഏഴംഗ ബെഞ്ച് അംബേദ്കറുടെ ജാതിരഹിത-വർഗരഹിത രാഷ്ട്രീയ-സാമൂഹിക സമത്വവാദത്തെ ഉയർത്തിപ്പിടിക്കുകയാണ് ചെയ്തത്.

ഉപസംവരണത്തിനുവേണ്ടി സമരംചെയ്യുന്നവർ ഉയർത്തിപ്പിടിക്കേണ്ട സർഗാത്മകമായ സാമൂഹിക രാഷ്ട്രീയ ഉൾക്കാഴ്ചയാണിത്. തങ്ങൾക്കിടയിലും ജാതിമേൽക്കോയ്മയുണ്ടെന്ന തിരിച്ചറിവ് ജാതിഘടനയുടെ അടിത്തട്ടായി നിലനിൽക്കുന്നതിനുവേണ്ടിയല്ല, എല്ലാതരത്തിലുള്ള ജാതിമേൽക്കോയ്മകളും ഇല്ലായ്മചെയ്യുന്നതിനുവേണ്ടിയുള്ള പോരാട്ടങ്ങളായി രൂപാന്തരപ്പെടേണ്ടതുണ്ട്.

News Summary - weekly articles