ചിത്രശലഭത്തിന്റെ ഭാരം

ജനുവരി രണ്ടിന് വിടവാങ്ങിയ മുതിർന്ന മാധ്യമപ്രവർത്തകനും മുൻ പത്രാധിപരും എഴുത്തുകാരനുമായ എസ്. ജയചന്ദ്രൻ നായർ അയച്ചുതന്ന കുറിപ്പാണിത്. ഒരുപക്ഷേ, അദ്ദേഹം അവസാനമെഴുതിയ ലേഖനവും ഇതാകാം. ദർവീശിന്റെ വിസ്മയകരമായ കാവ്യപ്രപഞ്ചത്തെക്കുറിച്ചാണ് അദ്ദേഹം എഴുതുന്നത്.ഫലസ്തീനികളുടെ നിലവിളിയോ ആത്മരോദനമോ ആണ് മഹ്മൂദ് ദർവീശ്. ഒഴുക്കു നിലച്ച ജലശ്രേണിയിൽ വീണ ഇല കാറ്റിൽ ആടുകയും ഉലയുകയും ചെയ്യുന്നതുപോലെ ആറാമത്തെ വയസ്സിൽ ജന്മദേശം വിടേണ്ടിവന്ന അദ്ദേഹം ഹൃദ്രോഗസംബന്ധമായ ശസ്ത്രക്രിയയിൽ സംഭവിച്ച...
Your Subscription Supports Independent Journalism
View Plansജനുവരി രണ്ടിന് വിടവാങ്ങിയ മുതിർന്ന മാധ്യമപ്രവർത്തകനും മുൻ പത്രാധിപരും എഴുത്തുകാരനുമായ എസ്. ജയചന്ദ്രൻ നായർ അയച്ചുതന്ന കുറിപ്പാണിത്. ഒരുപക്ഷേ, അദ്ദേഹം അവസാനമെഴുതിയ ലേഖനവും ഇതാകാം. ദർവീശിന്റെ വിസ്മയകരമായ കാവ്യപ്രപഞ്ചത്തെക്കുറിച്ചാണ് അദ്ദേഹം എഴുതുന്നത്.
ഫലസ്തീനികളുടെ നിലവിളിയോ ആത്മരോദനമോ ആണ് മഹ്മൂദ് ദർവീശ്. ഒഴുക്കു നിലച്ച ജലശ്രേണിയിൽ വീണ ഇല കാറ്റിൽ ആടുകയും ഉലയുകയും ചെയ്യുന്നതുപോലെ ആറാമത്തെ വയസ്സിൽ ജന്മദേശം വിടേണ്ടിവന്ന അദ്ദേഹം ഹൃദ്രോഗസംബന്ധമായ ശസ്ത്രക്രിയയിൽ സംഭവിച്ച പിഴമൂലം അറുപത്തേഴാമത്തെ വയസ്സിൽ ടെക്സസിലെ ഒരു ആശുപത്രിയിൽ വെച്ച് അന്തരിക്കുമ്പോൾ കാലുറപ്പിച്ചുനിർത്താൻ സ്വന്തമായി ഇത്തിരി മണ്ണില്ലാതെ ഓടിക്കൊണ്ടിരിക്കുകയായിരുന്നു.
ഫലസ്തീൻ കവിയായ ഫേഡി ജൂഡായേ വിവർത്തനംചെയ്ത ‘ദ ബട്ടർ ൈഫ്ലസ് ബേർഡൻ’ (The butterfly's Burden) എന്ന സമാഹാരം ദർവീശിന്റെ കണ്ണീരും കിനാവും ശ്വസിക്കുന്ന അമൂല്യമായ ഗ്രന്ഥമാണ്. ‘ദ സ്ട്രേഞ്ചേഴ്സ് ബെഡ്’ (The Stranger's Bed -1998), ‘ദ സ്റ്റേറ്റ് ഓഫ് സീജ്’ (State of Siege -2003), ‘ഡോണ്ട് അപ്പോളജൈസ് ഫോർ വാട്ട് യു ഹാവ് ഡൺ’ (Don't Apologize for What You Have Done -2003) തുടങ്ങിയ കവിതാസമാഹാരങ്ങൾക്ക് പുറമെ ഒറ്റപ്പെട്ട കവിതകളും ഉൾക്കൊള്ളുന്നതാണ് ഈ സമാഹാരം. ഈ ഭൂമിയുടെയും ആകാശത്തിന്റെയും യാഥാർഥ്യത്തിന്റെയും യഥാർഥതയുടെയും സ്നേഹത്തിന്റെയും അഭയാർഥിത്വത്തിന്റെയും കവിതയുടെയും ഗദ്യത്തിന്റെയും അതിരിൽ നിൽക്കുന്നവരാണ് ദർവീശിന്റെ രചനകളെന്ന് വിശേഷിപ്പിക്കപ്പെടാറുണ്ട്.
ആക്രിലിലെ ബിർവാ എന്ന സ്ഥലത്ത് ഒരു കൃഷീവല കുടുംബത്തിൽ ജനിച്ച ദർവീശ് മുത്തച്ഛന്റെ സംരക്ഷണത്തിലാണ് വളർന്നത്. ആറു വയസ്സുള്ളപ്പോൾ ഇസ്രായേലിന്റെ ആക്രമണത്തെ തുടർന്ന് പലായനംചെയ്ത ഫലസ്തീനികളായ കുടുംബത്തോടൊപ്പം ലബനാനിൽ പോയി. ഒരു കൊല്ലത്തിനുശേഷം ജന്മദേശത്ത് മടങ്ങിവന്ന അവരെ സ്വാഗതംചെയ്തത് ആക്രമണത്തിൽ എല്ലാം നശിച്ച ഗ്രാമത്തിന്റെ അവശിഷ്ടങ്ങളായിരുന്നു. തുടർന്ന് ഗലീലിയിൽ വാസം ഉറപ്പിച്ച ദർവീശ് കവിതയുമായി അനുരാഗത്തിലാവുന്നത് ഇസ്രായേലി സൈന്യത്തിന്റെ പിടിയിലാവാതെ ഒളിച്ചോടുന്ന സഞ്ചാരിയായ ഗായകന്റെ പാട്ടുകളിലൂടെയായിരുന്നു. ആ അനുഭവത്തിന്റെ പശ്ചാത്തലത്തിൽ അദ്ദേഹം എഴുതി:
‘‘ചങ്ങലകൾകൊണ്ട് അവന്റെ അധരങ്ങളെ അവർ ബന്ധിച്ചു
മൃതങ്ങളായ പാറക്കല്ലിൽ അവന്റെ കൈകൾ കെട്ടിയിട്ടു.
അവർ ആക്രോശിച്ചു, നീയൊരു കൊലപാതകിയാണ്.
അവന്റെ ഭക്ഷണ പദാർഥങ്ങളും വസ്ത്രങ്ങളും കൊടികളും അവർ അപഹരിച്ചു. എന്നിട്ട് മരിച്ചവരുടെ കിണറ്റിൽ അവരെ എടുത്തെറിഞ്ഞു.
അവർ ആക്രോശിച്ചു, നീയൊരു യോദ്ധാവാണ്. എല്ലാ തുറമുഖങ്ങളിലുംനിന്ന് അവനെ അവർ വലിച്ചെറിഞ്ഞു.
അവന്റെ പ്രിയപ്പെട്ടവരെ അവർ അപഹരിച്ചു കൊണ്ടുപോയി. എന്നിട്ട് അവർ പറഞ്ഞു, നീയൊരു അഭയാർഥിയാണ്.
1970ൽ മോസ്കോയിലേക്ക് പോകുമ്പോഴേക്കും മൂന്ന് കവിതാ സമാഹാരങ്ങൾ അദ്ദേഹം പ്രസിദ്ധീകരിച്ചിരുന്നു. അതോടെ ആരംഭിക്കുകയാണ് അദ്ദേഹത്തിന്റെ അഭയാർഥി ജീവിതം. ‘പാട്ടിന്റെ പരമാധികാരം’ അനുധാവനംചെയ്ത് സഞ്ചാരിയായ ദർവീശ് മെഡിറ്ററേനിയൻ തീരരാജ്യങ്ങളായ ഗ്രീസിലും സൈപ്രസിലും തുനീഷ്യയിലും സന്ദർശകനായി താമസിക്കുകയുണ്ടായി. ആ അനുഭവങ്ങളാണ് ‘എ സീജ് ടു ദ യുളോജീസ് ഓഫ് ദ സീ’ (A Siege to the Eulogies of the Sea) എന്ന സമാഹാരത്തിൽ, തന്റെ ആത്മമിത്രങ്ങൾ കൊല്ലപ്പെടുന്നതിൽ പരിതപിച്ചതിങ്ങനെയാണ്.
‘‘നിങ്ങൾ മരിക്കുന്നതുപോലെയല്ല
എന്റെ സ്നേഹിതന്മാർ മരിക്കുന്നത്.
നിങ്ങളോട് ഞാൻ യാചിക്കുകയാണ്
ദയവായി മരിക്കരുത്. ഒരു കൊല്ലംകൂടി കാത്തിരിക്കൂ. കഷ്ടിച്ച് ഒരു കൊല്ലംകൂടി. കൊടിയും സമയവും ഇല്ലാതെ തെരുവിലൂടെ നടക്കാനായി ആശയങ്ങൾ വിനിമയംചെയ്ത് ശവമേടകളും വിലാപഗീതങ്ങളും തേടുന്നതിനപ്പറും ഞങ്ങൾക്ക് വേറെ നിരവധി ജോലികളുണ്ട്.’’
1986ൽ പാരിസിലെത്തി കുറച്ചു നാളുകൾക്കുള്ളിൽ രണ്ടു കവിതാസമാഹാരങ്ങൾകൂടി അദ്ദേഹം പ്രസിദ്ധീകരിച്ചു. ‘െബെറൂത്തിന്റെ ഉപരോധം, മറവിയുടെ ഓർമ’ എന്ന പേരിൽ ഗദ്യത്തിലെഴുതിയ സ്മരണ കലാപരമായ അത്യുന്നതമായ രചനയായാണ് വിലയിരുത്തപ്പെടുന്നത്. അതൊരു ഗാനമാണ്. അതൊരു ഗാനമാണ് എന്ന വിശേഷിപ്പിച്ച ആ കൃതിയിൽ അദ്ദേഹം എഴുതിയതിങ്ങനെയാണ്; അതിന്റെ താളാത്മകതക്കപ്പുറം വേറൊന്നുമില്ല, ഉയർന്നു പൊങ്ങാനായി ഉയരുന്ന കാറ്റുപോലെ മനുഷ്യന്റെ അവശിഷ്ടങ്ങൾ തേടുന്നതുപോലെ... ‘‘എവിടെ എന്റെ മനുഷ്യത്വം’’ എന്ന് വിശേഷിപ്പിക്കവെ അദ്ദേഹം സ്വയം ആരായുന്നു; കവിക്ക് ആത്മഹത്യ ചെയ്യാൻ കാലമായില്ലേ?
‘‘തിരച്ചിലിൽ അലയുന്ന ചിത്രശലഭത്തിന്റെ ഉയിർത്തെഴുന്നേൽപ്’’ എന്നാണ് അക്കാലത്ത് തന്റെ കവിതകളെക്കുറിച്ച് ദർവീശ് എഴുതിയത്. പാരിസിൽ താമസിക്കുന്ന കാലത്താണ് രണ്ടാം സ്വാതന്ത്ര്യയുദ്ധം (ഇൻതിഫാദ) നടക്കുന്നത്. അപ്പോൾ ഫലസ്തീനിയൻ ലിബറേഷൻ ഓർഗനൈസേഷന്റെ (പി.എൽ.ഒ) എക്സിക്യൂട്ടിവ് കൗൺസിൽ അംഗമായ ദർവീശ് പുതിയ സമാധാന സന്ധി എഴുതാനുള്ള കമ്മിറ്റി അംഗമായി പ്രവർത്തിച്ചു. പുതിയ ഒരു അന്തരീക്ഷവുമായി പൊരുത്തപ്പെടാൻ ആ കവിമനസ്സിന് സാധിച്ചില്ല.

കമ്മിറ്റിയിൽനിന്നും രാജിവെക്കാനുള്ള തീരുമാനവുമായി അധികനാൾ തുടരാനാവാതെ, ഒടുവിൽ പി.എൽ.ഒയുടെ ഔദ്യോഗിക ജീവിതത്തോട് വിടപറഞ്ഞ്, ‘‘ശിശിരകാലത്ത് മണ്ണിന്റെ നിറം മാറിത്തുടങ്ങുമ്പോൾ സ്നേഹത്തെപ്പറ്റി’’ എഴുതാൻ താൻ വിമോചിതനായിയെന്ന് അദ്ദേഹം വിശ്വസിച്ചു. ‘ഞാൻ കാണാൻ മോഹിക്കുന്നത് കാണാൻ എനിക്കായി’ (1990), ‘എന്തിന് നിങ്ങൾ കുതിരയെ ഉപേക്ഷിച്ചു’ എന്നീ ശീർഷകങ്ങളിൽ കവിതാസമാഹാരം പ്രസിദ്ധീകരിച്ചതിന് ശേഷമേ ഇരുപത്തിയാറു കൊല്ലം നീണ്ട അഭയാർഥി ജീവിതത്തോടു വിടപറഞ്ഞ് സ്വന്തം ജന്മനാട്ടിലേക്ക് (ഗലീലി) അദ്ദേഹം മടങ്ങുന്നത്. പി.എൽ.ഒയുടെ ഔദ്യോഗിക സ്ഥാനം ഉപേക്ഷിച്ചതിനെതിരെ ഉയർന്ന കുറ്റപ്പെടുത്തലുകൾക്ക് മറുപടിയായി ‘‘ജയിൽ അങ്കണത്തിൽ തടവുകാർ പൂച്ചെടികൾ നട്ടുവളർത്താറുണ്ട്.
തകരത്തട്ട മേൽക്കൂരയായ കുടിലുകൾക്ക് മുമ്പിൽ അമ്മമാർ കർപ്പൂര തുളസിച്ചെടികൾ നടുന്നു. സൃഷ്ടിപരമായ സിദ്ധിയുള്ളവർ ദേശസ്നേഹത്തിനും രാഷ്ട്രീയത്തിനും ഇടക്ക് ജീവിക്കണം. അങ്ങനെയെങ്കിൽ എന്താണ് ഞാൻ ചെയ്യുന്നത്. എക്സിക്യൂട്ടിവ് കൗൺസിലിൽ ഒരു കവിക്ക് എന്ത് പ്രസക്തി? സ്നേഹത്തെപ്പറ്റി എനിക്കെഴുതാനാവുമോ? ഈ ചോദ്യങ്ങൾ ദർവീശിനെ എത്തിച്ചത് പ്രേമത്തിന്റെ സ്തോത്രാവാകുന്നതിലായിരുന്നു. ‘അപരിചിതന്റെ കിടക്ക’ (The Stranger’s Bed) എന്ന സമാഹാരത്തിന്റെ പ്രകാശനത്തിലായിരുന്നു. ‘‘ബാബിലോണിലെ കാറ്റുമായാണ് നാം വന്നത്. ബാബിലോണിലേക്ക് നമുക്ക് മടങ്ങാം. നിങ്ങളെപ്പോലെ മറ്റൊരാളാണോ ഞാൻ? നിങ്ങൾ മറ്റൊരാളാണോ? അങ്ങനെയെങ്കിൽ നമുക്ക് ദയയുള്ളവരാകാം, അദ്ദേഹം ഓർമിപ്പിച്ചു.
ചിത്രശലഭത്തിന്റെ ഭാരത്തെപ്പറ്റി ഇങ്ങനെ അദ്ദേഹമെഴുതി:
‘‘റോസാപ്പൂവിന്റെ സുഗന്ധവുമായി നിങ്ങൾ നിദ്രയിൽ ആഴ്ന്നിറങ്ങിയപ്പോൾ ചിത്രശലഭത്തിൽനിന്ന് പ്രസരിച്ച വെളിച്ചത്തിൽ നിങ്ങൾ ഉണർന്നുവോ?’’ വർത്തമാനകാലം നമുക്ക് നഷ്ടപ്പെടുന്നു എന്ന ശീർഷകത്തിലുള്ള കവിതയിൽ അദ്ദേഹം ചോദിച്ചു: ‘‘ആൽമണ്ട് മരത്തിലെ പൂക്കൾകൊണ്ട് തൃപ്തമായില്ലേ? എങ്കിൽ കൂടുതൽ പുഷ്പിക്കാനായി പുഞ്ചിരി തൂകൂ. രണ്ടു നുണക്കുഴികളുള്ള ചിത്രശലഭങ്ങൾക്കിടയിൽ തുടർന്ന് നമുക്ക് പോകാം, സ്വതന്ത്രയായ സ്ത്രീയും പുല്ലാങ്കുഴലിനോട് സ്നേഹത്തിലായ സ്നേഹിതനുമൊത്ത്. വ്യത്യസ്തമായ വഴിയിലൂടെ ആ പഴയ സ്നേഹിതനുമൊത്ത് നമുക്കൊരുമിച്ച് യാത്ര ചെയ്യാം. നമുക്കന്യോന്യം ദയയുള്ളവരാകാം.’’
‘ഗസ്സയുടെ മൗനം’ എന്ന കവിതയിൽ ദർവീശ് ഇങ്ങനെ എഴുതി. ആരോടും എനിക്ക് വിദ്വേഷമില്ല. ആരുടെയും ഒന്നും ഞാൻ അപഹരിക്കുന്നില്ല. എങ്കിൽ വിശക്കുമ്പോൾ കൈയൂക്കുകൊണ്ട് പിടിച്ചെടുത്തവന്റെ മാംസം ഞാൻ ഭക്ഷണമാക്കും. സൂക്ഷിക്കുക.

എസ്. ജയചന്ദ്രൻ നായർ
ദർവീശിന്റെ കവിതകൾ വിവർത്തനംചെയ്ത ഫേഡി ജൂഡായെയും പ്രശസ്തനായ ഫലസ്തീൻ കവിയാണ്. അപൂർവ പ്രതിഭാശാലികളായ കവികളെ ആദരിക്കാനായി പൊയറ്റ്സ് ആൻഡ് റൈറ്റേഴ്സ് എന്ന സ്ഥാപനം വർഷാവർഷം നൽകുന്ന ഒരു ലക്ഷം ഡോളർ ഉൾപ്പെടെയുള്ള പുരസ്കാരം ജാക്സൺ പോയട്രി പുരസ്കാരം എന്നാണ് വിശേഷിപ്പിക്കപ്പെടുന്നത്. ആ സമ്മാനം നേടിയ ഫേഡി ജൂഡായെ ടെക്സസിൽ ഡോക്ടറായി സേവനമനുഷ്ഠിക്കുന്നു.
ഫലസ്തീനിൽനിന്ന് അഭയാർഥികളായി അമേരിക്കയിൽ വാസമുറപ്പിച്ചവരാണ് അദ്ദേഹത്തിന്റെ മാതാപിതാക്കൾ. ‘‘പറയാൻ ഭയപ്പെടുന്ന സത്യങ്ങൾ ദൃഢതയോടെ, ഭയരഹിതമായി കവിത എന്ന മാധ്യമത്തിലൂടെ രേഖപ്പെടുത്തുന്ന പ്രതിഭാശാലിയാണ് ഫലസ്തീൻകാരനായ ഫേഡി ജൂഡായെ’’യെന്ന് പുരസ്കാരത്തിനായി അദ്ദേഹത്തെ തിരഞ്ഞെടുത്ത കമ്മിറ്റി രേഖപ്പെടുത്തി.