Begin typing your search above and press return to search.
proflie-avatar
Login

കലങ്ങിമറിഞ്ഞ മഹാരാഷ്​​ട്രയിൽ പ്രവചനം എളുപ്പമല്ല

കലങ്ങിമറിഞ്ഞ മഹാരാഷ്​​ട്രയിൽ  പ്രവചനം എളുപ്പമല്ല
cancel

മഹാരാഷ്​ട്രയിൽ 48 ലോക്​സഭാ മണ്ഡലങ്ങളുള്ളതിനാൽതന്നെ ബി.ജെ.പി അടക്കമുള്ള കക്ഷികൾ തങ്ങളുടെ ഉൗർജവും പണവും സന്നാഹങ്ങളും അവിടെ കൂടുതലായി ചെലവഴിക്കുന്നു. നിരവധി രാഷ്​ട്രീയ നാടകങ്ങൾ അടുത്തിടെ അരങ്ങേറിയ മഹാരാഷ്​ട്രയിൽ ശരിക്കും എന്താണ്​ നടക്കുന്നത്​?ഡൽഹിയിൽ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ അധികാര തുടർച്ച ഉറപ്പുവരുത്താൻ ബി.ജെ.പി മഹാരാഷ്ട്രയിൽ ചെലുത്തുന്ന ശ്രദ്ധ ചെറുതല്ല. 48 മണ്ഡലങ്ങളുള്ള പടിഞ്ഞാറൻ സംസ്ഥാനമായ മഹാരാഷ്ട്രയിൽനിന്ന് 45 സീറ്റുകളാണ് അവർ ലക്ഷ്യമിടുന്നത്. മറാത്തി മണ്ണിൽ ഇന്നോളം കാണാത്ത രാഷ്ട്രീയ നാടകങ്ങളാണ് കഴിഞ്ഞ രണ്ടര വർഷത്തിനിടെ അരങ്ങേറിയത്. ശിവസേനയും എൻ.സി.പിയും...

Your Subscription Supports Independent Journalism

View Plans
മഹാരാഷ്​ട്രയിൽ 48 ലോക്​സഭാ മണ്ഡലങ്ങളുള്ളതിനാൽതന്നെ ബി.ജെ.പി അടക്കമുള്ള കക്ഷികൾ തങ്ങളുടെ ഉൗർജവും പണവും സന്നാഹങ്ങളും അവിടെ കൂടുതലായി ചെലവഴിക്കുന്നു. നിരവധി രാഷ്​ട്രീയ നാടകങ്ങൾ അടുത്തിടെ അരങ്ങേറിയ മഹാരാഷ്​ട്രയിൽ ശരിക്കും എന്താണ്​ നടക്കുന്നത്​?

ഡൽഹിയിൽ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ അധികാര തുടർച്ച ഉറപ്പുവരുത്താൻ ബി.ജെ.പി മഹാരാഷ്ട്രയിൽ ചെലുത്തുന്ന ശ്രദ്ധ ചെറുതല്ല. 48 മണ്ഡലങ്ങളുള്ള പടിഞ്ഞാറൻ സംസ്ഥാനമായ മഹാരാഷ്ട്രയിൽനിന്ന് 45 സീറ്റുകളാണ് അവർ ലക്ഷ്യമിടുന്നത്. മറാത്തി മണ്ണിൽ ഇന്നോളം കാണാത്ത രാഷ്ട്രീയ നാടകങ്ങളാണ് കഴിഞ്ഞ രണ്ടര വർഷത്തിനിടെ അരങ്ങേറിയത്. ശിവസേനയും എൻ.സി.പിയും പിളരുകയും പിളർത്തിയവർക്ക് ആ പാർട്ടികളുടെ അവകാശങ്ങൾ പതിച്ചുനൽകുകയും ചെയ്യുന്ന അസാധാരണ കാഴ്ച. പ്രമുഖരെ അടർത്തി കോൺഗ്രസിനെ ദുർബലമാക്കാനും ശ്രമിക്കുന്നു. പ്രവചിക്കാൻ കഴിയാത്ത വിധം കലങ്ങിമറിഞ്ഞു കിടക്കുകയാണ് മഹാരാഷ്ട്ര.

ഭരണപക്ഷ സഖ്യമായ മഹായൂത്തിയും (ദേശീയതലത്തിൽ എൻ.ഡി.എ) പ്രതിപക്ഷ സഖ്യമായ മഹാ വികാസ് അഘാഡിയും (എം.വി.എ -ദേശീയതലത്തിൽ ഇൻഡ്യ) പ്രകാശ് അംബേദ്കറുടെ വഞ്ചിത് ബഹുജൻ അഘാഡിയും (വി.ബി.എ) തമ്മിൽ ത്രികോണ പോരിനാണ് ഇവിടം കളമൊരുങ്ങുന്നത്. ഉദ്ധവ് പക്ഷ ശിവസേന, കോൺഗ്രസ്, ശരദ് പവാർപക്ഷ എൻ.സി.പി എന്നിവരടങ്ങിയതാണ് എം.വി.എ. മുഖ്യമന്ത്രി ഏക്നാഥ് ഷിൻഡെ പക്ഷ ശിവസേന, ഉപമുഖ്യമന്ത്രി അജിത് പവാർ പക്ഷ എൻ.സി.പി, ബി. ജെ.പി കൂട്ടുകെട്ടാണ് മഹായൂത്തി. പ്രതിപക്ഷത്തെ എത്ര കണ്ടു ദുർബലമാക്കാൻ കഴിയുമോ അത്രയും ദുർബലമാക്കുകയാണ് ബി.ജെ.പി.

2019ലെ നിയമസഭാ തെരഞ്ഞെടുപ്പിനു ശേഷം മുഖ്യമന്ത്രിപദം പങ്കുവെക്കുന്നതുമായി ബന്ധപ്പെട്ട തർക്കത്തിന്റെ പേരിൽ ബി.ജെ.പിയുമായി വഴിപിരിയുകയായിരുന്നു ശിവസേന. ആ വഴിപിരിയലിനു പിന്നിലെ കാതലായ കാരണം മുഖ്യമന്ത്രി കസേര മാത്രമായിരുന്നില്ല; ശിവസേനയുടെ നിലനിൽപുകൂടി ആയിരുന്നു. ഒരിക്കലും സാധ്യമാകുമെന്ന് കരുതിയിട്ടില്ലാത്ത ഒരു സഖ്യം രൂപപ്പെടുന്നതാണ് പിന്നെ കണ്ടത്. അതിനു പിന്നിലെ ശിൽപി ‘ദ മറാത്ത സ്ട്രോങ് മാൻ’ എന്ന വിശേഷണമുള്ള ശരദ് പവാർ ആയിരുന്നു. മഹാരാഷ്ട്രയിൽ മാത്രമല്ല അങ്ങ് ഡൽഹിയിലും ഭരണം പിടിക്കുന്നതിന് എം.വി.എ തടസ്സമാകുമെന്ന് ഉറപ്പ്. ബി.ജെ.പി നടത്തിയതായി പറയുന്ന സർവേകളിൽ അത് പ്രകടമായിരുന്നുവത്രേ. എം.വി.എയുടെ ചുവടുപിടിച്ചാണ് പിന്നീട് ദേശീയതലത്തിൽ ഇൻഡ്യ സഖ്യം രൂപംകൊണ്ടത്.

മണ്ണിന്റെ മക്കൾ വാദവുമായി അക്രമാസക്തമായി പ്രവർത്തിച്ച ശിവസേന അതിന്റെ ആദ്യകാലങ്ങളിൽ വസന്ത്റാവു നായിക്, വസന്ത്ദാദാ പാട്ടീൽ തുടങ്ങിയ കോൺഗ്രസിലെ മറാത്തി നേതാക്കളുടെ ചട്ടുകമായിരുന്നു. കമ്യൂണിസ്റ്റ് പാർട്ടിയുടെ ട്രേഡ് യൂനിയനിസത്തെ ടെക്സ്റ്റൈൽസ് മേഖലയിൽനിന്ന് കുടിയിറക്കുന്നതിനും ശിവസേനയായിരുന്നു അവരുടെ ആയുധം. അക്കാലങ്ങളിൽ വസന്തസേന എന്ന് ശിവസേനയെ പരിഹസിച്ചിരുന്നു. പിന്നീട് ഹിന്ദുത്വയിലേക്ക് തിരിഞ്ഞ ശിവസേന 1984 മുതൽ മഹാരാഷ്ട്രയിൽ ബി.ജെ.പിയുമായി സഖ്യത്തിലായി.

എന്നാൽ, ബാബരി മസ്ജിദ് തകർക്കപ്പെട്ടതിനും മുംബൈയിലെ വർഗീയ ലഹളക്കും ശേഷം 1995ൽ മാത്രമാണ് ശിവസേന-ബി.ജെ.പി സഖ്യത്തിന് ഭരണം കിട്ടിയത്. സഖ്യത്തിന്റെ നായകസ്ഥാനത്ത് ശിവസേനയായിരുന്നു. ഭരണമില്ലാത്തപ്പോൾ പ്രധാന പ്രതിപക്ഷവും അവരായിരുന്നു. ദേശീയ പാർട്ടിയായ ബി.ജെ.പിക്ക് അത് മറികടക്കാനായത് 2014ലെ മോദി തരംഗത്തിലാണ്. അന്നത്തെ ലോക്സഭാ തെരഞ്ഞെടുപ്പിലെ വിജയം നൽകിയ ആത്മവിശ്വാസത്തിൽ ബി.ജെ.പി ശിവസേനയുമായുള്ള സഖ്യം അവസാനിപ്പിച്ചു.

ഒറ്റക്ക് മഹാരാഷ്ട്ര ഭരിക്കുകയായിരുന്നു ബി.ജെ.പിയുടെ ലക്ഷ്യം. തൊട്ടുപിറകെ വന്ന നിയമസഭാ തെരഞ്ഞെടുപ്പിൽ അന്നാദ്യമായി 288 സീറ്റിൽ നൂറു കടക്കാൻ ബി.ജെ.പിക്ക് കഴിഞ്ഞു. എന്നാൽ, കേവല ഭൂരിപക്ഷമായ 145 തികക്കാൻ ബി.ജെ.പിക്ക് കഴിഞ്ഞില്ല. അന്ന് വിശ്വാസ വോട്ടെടുപ്പിൽ ദേവേന്ദ്ര ഫഡ്നാവിസ് മുഖ്യമന്ത്രിയായ ബി.ജെ.പി സർക്കാറിനെ എൻ.സി.പി ശബ്ദവോട്ടിലൂടെ സഹായിച്ചു. ശരദ് പവാറിന്റെ ഉള്ളിലിരിപ്പ് എന്തെന്ന് ആർക്കും പ്രവചിക്കാനാകില്ല. അതിനാൽ, ശിവസേനയുമായി വീണ്ടും സഖ്യത്തിലായി ഭരണം തുടരുകയായിരുന്നു.

ബി.ജെ.പിയിൽ ചേർന്ന പ്രഫുൽ പ​േട്ടൽ ബി.ജെ.പി നേതാവ്​ ദേവേന്ദ്ര ഫഡ്​നാവിസിനൊപ്പം

ബി.ജെ.പിയിൽ ചേർന്ന പ്രഫുൽ പ​േട്ടൽ ബി.ജെ.പി നേതാവ്​ ദേവേന്ദ്ര ഫഡ്​നാവിസിനൊപ്പം

അതുവരെ ഉള്ളതുപോലെ ആയിരുന്നില്ല ശിവസേനയോടുള്ള ബി.ജെ.പിയുടെ സമീപനം. 2014ൽ വഴിപിരിയുന്നതുവരെ സഖ്യത്തിൽ വല്യേട്ടന്റെ റോളിലായിരുന്നു ശിവസേന. ബാൽ താക്കറെയുടെ മരണശേഷം സഹോദരപുത്രൻ രാജ് താക്കറെയുടെ മഹാരാഷ്ട്ര നവനിർമാണ സേന (എം.എൻ.എസ്) വളരുമെന്നാണ് രാഷ്ട്രീയ നിരീക്ഷകർ കരുതിയത്. ഉദ്ധവ് താക്കറെക്ക് ശിവസേനയെ മുന്നോട്ടുകൊണ്ടുപോകാൻ കഴിയില്ലെന്നും കരുതി. എന്നാൽ, സംഭവിച്ചത് തിരിച്ചാണ്. ഉദ്ധവും ശിവസേനയും വളർന്നു. രാജ് താക്കറെയും എം.എൻ.എസും തളർന്നു. എം.എൻ.എസിന് സംസ്ഥാന പാർട്ടി എന്ന പദവിപോലും നഷ്ടമായി. 2019ലെ ലോക്സഭ തെരഞ്ഞെടുപ്പിലും മഹാരാഷ്ട്ര നിയമസഭാ തെരഞ്ഞെടുപ്പിലും ശിവസേനയുമായി സഖ്യമില്ലാതെ നേട്ടമുണ്ടാക്കാനാവില്ലെന്ന് ബി.ജെ.പി തിരിച്ചറിഞ്ഞു. രണ്ടര വർഷം വീതം മുഖ്യമന്ത്രിപദം പങ്കുവെക്കാം എന്ന കരാറിൽ അവർ ഒറ്റക്കെട്ടായി. അമിത് ഷാ നേരിട്ടാണ് വാക്കു കൊടുത്തതത്രേ. 48 ലോക്സഭാ സീറ്റുകളിൽ 41 സീറ്റുകൾ അവർ പിടിച്ചു.

23 ബി.ജെ.പിയും 18 ശിവസേനയും. തൊട്ടുപിറകെ വന്ന മഹാരാഷ്ട്ര നിയമസഭാ തെരഞ്ഞെടുപ്പിൽ കേവല ഭൂരിപക്ഷവും കടന്ന ജനവിധിയാണ് ശിവസേന-ബി.ജെ.പി സഖ്യത്തിനുണ്ടായത്. എന്നാൽ, ശിവസേന ഉടക്കി. മുഖ്യമന്ത്രിപദം പങ്കുവെക്കാൻ ബി.ജെ.പി തയാറായിരുന്നില്ല. അങ്ങനെ ഒരു വാഗ്ദാനം നൽകിയിട്ടേ ഇല്ലെന്ന നിലപാടിലായിരുന്നു ബി.ജെ.പി. ബി.ജെ.പിയെ അധികാരത്തിൽനിന്ന് അകറ്റാൻ ശരദ് പവാർ ശിവസേനയെയും ചേർത്ത് സഖ്യത്തിന് സാധ്യത തേടി. ഹിന്ദുത്വ അജണ്ടയുള്ള ശിവസേനയുമായി കൈകോർക്കാൻ കോൺഗ്രസ് മടിച്ചു.

ശരദ് പവാറിന്റെ നിരന്തരശ്രമത്തിനും മഹാരാഷ്ട്ര കോൺഗ്രസ് നേതാക്കളുടെ സമ്മർദത്തിനും ഒടുവിൽ ഹൈകമാൻഡിന് വഴങ്ങേണ്ടിവന്നു. സഖ്യം തകരാതിരിക്കാൻ ഉദ്ധവ് താക്കറെയെ മുഖ്യമന്ത്രി ആക്കിയത് പവാറിന്റെ തന്ത്രമായിരുന്നു. വീട്ടിലിരുന്നു ഭരിക്കുന്നു എന്ന് പരിഹസിക്കപ്പെട്ടെങ്കിലും മികച്ച മുഖ്യമന്ത്രിയായി ഉദ്ധവ് താക്കറെ. സംഘ്പരിവാർ ഹിന്ദുത്വയിൽനിന്ന് എല്ലാ ജനവിഭാഗങ്ങളെയും ചേർത്തുപിടിക്കുന്ന ഹിന്ദുത്വയിലേക്ക് ശിവസേനയെ ഉദ്ധവ് പുനരാവിഷ്കരിച്ചു.

ഉദ്ധവ് താക്കറെ സർക്കാർ നീണാൾ വാഴുന്നതും എം.വി.എ സഖ്യം ഉലയാതെ തുടരുന്നതും തങ്ങൾക്ക് അപകടകരമാണെന്ന് തിരിച്ചറിഞ്ഞ ബി.ജെ.പി കരുനീക്കങ്ങൾ ആരംഭിച്ചു. ഉദ്ധവ് താക്കറെയുടെ വിശ്വസ്തനായ ഏക്നാഥ് ഷിൻഡെയിലൂടെ ആദ്യം ശിവസേനയെ പിളർത്തി. ഉദ്ധവ് സർക്കാർ വീണു. തൊട്ടുപിറകെ ശരദ് പവാറിന്റെ ജ്യേഷ്ഠപുത്രൻ അജിത് പവാറിലൂടെ എൻ.സി.പിയെയും പിളർത്തി. രണ്ട് പിളരലുകൾക്കും ഒരേ ഡിസൈനായിരുന്നു. തുടർന്നുള്ള അവകാശവാദങ്ങൾക്കും ഒരേ സ്വരം. മുമ്പെങ്ങും കേൾക്കാത്ത വിധം പാർട്ടി വിട്ടവർക്ക് പാർട്ടിയെ പതിച്ചുനൽകി കേന്ദ്ര തെരഞ്ഞെടുപ്പ് കമീഷനും നിയമസഭാ സ്പീക്കറും.

വിഷയം നിലവിൽ സുപ്രീംകോടതിയുടെ പരിഗണനയിലാണ്. രണ്ട് പാർട്ടികളിലെയും പിളർപ്പുകൾക്ക് പിന്നാലെ മുൻ മുഖ്യമന്ത്രിയും പ്രമുഖനുമായ അശോക് ചവാൻ കോൺഗ്രസ് വിട്ടു ബി.ജെ.പിയിൽ ചേർന്നു. ഭോപാലിലെ ചടങ്ങിൽ എൻ.സി.പി മഹാരാഷ്ട്രയിൽ നടത്തിയ എഴുപതിനായിരം കോടി രൂപയുടെ അഴിമതിയെക്കുറിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി പരാമർശിക്കുകയും നടപടി പ്രവചിക്കുകയും ചെയ്തതിനു തൊട്ടുപിറകെയാണ് അജിത് എൻ.സി.പിയെ പിളർത്തി ബി.ജെ.പി പാളയത്തി​േലക്ക് പോയത്. സർക്കാറിൽ ഉപമുഖ്യമന്ത്രിയായി. നിർമല സീതാരാമൻ ലോക്സഭയിൽ അവതരിപ്പിച്ച ധവളപത്രത്തിൽ അശോക് ചവാൻ ഉൾപ്പെട്ട ആദർശ് ഫ്ലാറ്റ് കുംഭകോണവും പരാമർശിക്കപ്പെട്ടിരുന്നു.

രണ്ടു പ്രമുഖ പാർട്ടികളെ പിളർത്തി അതിലെ ഭൂരിപക്ഷ ജനപ്രതിനിധികളും പിളർത്തിയവർക്കൊപ്പമാണെന്ന് ഉറപ്പും വരുത്തി ബി.ജെ.പി. എന്നാൽ, ജനങ്ങൾ ആരുടെ പക്ഷത്തെന്നത് ആശങ്കയായി തുടരുന്നു. എം.വി.എ സഖ്യത്തിന് ഗുണകരമായേക്കാവുന്ന ഘടകങ്ങളെയെല്ലാം കണ്ടെത്തി തങ്ങൾക്ക് അനുകൂലമാക്കാനുള്ള ശ്രമങ്ങളും ബി.ജെ.പി നടത്തുന്നു. എൻ.സി.പിയെ പിളർത്തുക മാത്രമല്ല പവാര്‍ കുടുംബത്തിൽതന്നെ വിള്ളലുണ്ടാക്കി ബി.ജെ.പി. പവാറിനെ രാഷ്ട്രീയമായി ഇല്ലാതാക്കുക എന്നത് ബി.ജെ.പിയുടെ ആവശ്യമാണ്.

 

രാഹുൽ ഗാന്ധി, എൻ.സി.പി നേതാവ്​ ശരദ്​ പവാർ, ശിവസേന നേതാവ്​ ഉദ്ധവ്​ താക്കറെ എന്നിവർ പൊതുവേദിയിൽ 

രാഹുൽ ഗാന്ധി, എൻ.സി.പി നേതാവ്​ ശരദ്​ പവാർ, ശിവസേന നേതാവ്​ ഉദ്ധവ്​ താക്കറെ എന്നിവർ പൊതുവേദിയിൽ 

കഴിഞ്ഞ ലോക്സഭാ തെരഞ്ഞെടുപ്പുകളിലും പവാറിന്റെ കുടുംബ തട്ടകമായ ബാരാമതി പിടിക്കാൻ ബി.ജെ.പി പതിനെട്ടടവുകളും പഴറ്റി തോറ്റതാണ്. മകൾ സുപ്രിയ സുലെയാണ് സിറ്റിങ് എം.പി. മൂന്നാമൂഴത്തിനിറങ്ങിയ സുപ്രിയക്കെതിരെ അജിത് പവാറിന്റെ ഭാര്യ സുനേത്ര പവാറാണ് മത്സരിക്കുന്നത്. അജിത്തിനും പവാറിനുമിടയിൽ യഥാർഥത്തിൽ വീർപ്പുമുട്ടുന്നത് മണ്ഡലത്തിലെ ജനങ്ങളാണ്. അവർക്ക് ‘സാബും’ (പവാർ) ‘ദാദ’യും (അജിത്) അത്രമേൽ പ്രിയപ്പെട്ടവരാണ്. അജിത് പവാറിന്റെ ജ്യേഷ്ഠനടക്കം കുടുംബത്തിലെ ഭൂരിപക്ഷം പേരും കുടുംബ കാരണവരായ പവാറിനൊപ്പമാണ്.

ബാരാമതിയിൽ സുപ്രിയ പരാജയപ്പെട്ടാൽ അത് പവാറിനെ കീഴടക്കിയതിന് തുല്യമാണ്. അതിനാൽ ഈ തെരഞ്ഞെടുപ്പ് ഉദ്ധവിന് എന്നപോലെ ശരദ് പവാറിനും ഏറെ നിർണായകമാണ്. നിലവിലെ സഹതാപ തരംഗങ്ങളെ മറികടക്കാൻ ബാരാമതിയിലെ പോരാട്ടത്തിന് മറ്റൊരു ആഖ്യാനം നെയ്യുകയാണ് ബി.ജെ.പി. മത്സരം പവാറും അജിത്തും തമ്മിലല്ല; പ്രധാനമന്ത്രി നരേന്ദ്ര മോദിയും കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധിയും തമ്മിലാണെന്ന് അവർ പ്രചരിപ്പിക്കുന്നു. ‘മോദി vs ഗാന്ധി’ എന്ന പ്രചാരണത്തിനാണ് ബി.ജെ.പി ഉന്നൽനൽകുന്നത്.

ഉദ്ധവ് താക്കറെക്കും അദ്ദേഹത്തിന്റെ പാർട്ടിക്കും കൂടുതൽ പ്രാധാന്യം നൽകിയാണ് എം.വി.എ ലോക്സഭാ തെരഞ്ഞെടുപ്പിന് തയാറെടുക്കുന്നത്. ഉദ്ധവ് താക്കറെയാണ് മഹാ വികാസ് അഘാഡിയുടെ മുഖം. അത് അങ്ങനെയായിരിക്കണം എന്നത് ശരദ് പവാറിന്റെ നിഷ്കർഷയാണ്. പ്രകാശ് അംബേദ്കറേക്കാൾ ന്യൂനപക്ഷ, കമ്യൂണിസ്റ്റ്, ദലിത്​ വിഭാഗങ്ങൾക്കിടയിൽ സ്വീകാര്യനാണ് താക്കറെ എന്നത് കൗതുകമായി തോന്നാം. ബാൽ താക്കറെയുടെ കാലത്തെ സംഘ്പരിവാർ ഹിന്ദുത്വയിൽനിന്ന് ശിവസേനയെ എല്ലാവരെയും ഉൾക്കൊള്ളുന്ന ഹിന്ദുത്വയിലേക്ക് പരിവർത്തിപ്പിച്ചതിന്റെ അനന്തരഫലമാണത്. അത് അദ്ദേഹം മുഖ്യമന്ത്രിയായിരിക്കെ അനുഭവപ്പെട്ടതുമാണ്. ഉദ്ധവിനെ മുന്നിൽ നിർത്തുന്നതിന് പല കാരണങ്ങൾ ഉണ്ട്‌. പവാർ കഴിഞ്ഞാൽ സംസ്ഥാനത്തും പുറത്തും അറിയപ്പെടുന്ന മാസ് ലീഡർ ഉദ്ധവാണ്. അതുപോലെ മറ്റൊരാൾ എം.വി.എയിൽ ഇല്ല. മറാത്തികൾക്കിടയിലെ സഹതാപമാണ് മറ്റൊരു കാരണം. അതു അനുകൂലമാക്കാൻ മുന്നിൽ ഉദ്ധവ് വേണം.

ഉദ്ധവ് ചെല്ലുന്നിടത്തെല്ലാം അത് പ്രകടവുമാണ്. മുന്നിൽ ഉദ്ധവും പിന്നിൽ പവാറും. 48ൽ ഇരുപത്തിയൊന്ന് സീറ്റുകളാണ് ഉദ്ധവ് പക്ഷത്തിന് വിട്ടുകൊടുത്തത്. 17ൽ കോൺഗ്രസും പത്തിൽ എൻ.സി.പിയും. സീറ്റ് വിഭജനവും മണ്ഡല വിഭജനവും സുഖകരമായല്ല നടന്നത്. മൂന്നോളം പരമ്പരാഗത സീറ്റുകൾ ഉദ്ധവ് പക്ഷമെടുത്തത് കോൺഗ്രസിൽ പ്രതിസന്ധി സൃഷ്ടിച്ചിട്ടുണ്ട്. പ്രാദേശിക നേതാക്കൾക്കത് സമ്മതിക്കാൻ കഴിയുന്നില്ല. ഇനി വിട്ടുവീഴ്ചക്ക് സാധ്യതയില്ലാത്ത സാഹചര്യത്തിലാണ് ഉദ്ധവ് പക്ഷം. പ്രാദേശിക നേതാക്കളെയും അണികളെയും സംസ്ഥാന നേതൃത്വം കാര്യങ്ങൾ പറഞ്ഞു ബോധ്യപ്പെടുത്തുകയാണ് പോംവഴി. കോൺഗ്രസിൽ നേതാക്കന്മാർ ഏറെയുണ്ടെങ്കിലും സർവ സ്വീകാര്യരായവർ വിരളം. രാഹുൽ ഗാന്ധി നടത്തിയ ജോഡോ യാത്രയുടെ അലയൊലികൾ മുതലാക്കാനോ സജീവമാക്കാനോ മഹാരാഷ്ട്ര കോൺഗ്രസിന് കഴിഞ്ഞിട്ടില്ല. ആരും എപ്പോഴും കൊഴിഞ്ഞുപോകാവുന്ന അവസ്ഥയിലാണ് പാർട്ടി.

മേൽനോട്ടത്തിനായി ഹൈകമാൻഡ് അയച്ചത് ദേശീയ നിർവാഹക സമിതി അംഗം രമേശ് ചെന്നിത്തലയെയാണ്. അദ്ദേഹത്തിന്റെ വരവ് പാർട്ടിയിൽ ഇളക്കം തട്ടിച്ചിട്ടുണ്ട്. പതിവ് മേൽനോട്ടക്കാരെ പോലെ പറന്നെത്തി നേതാക്കളെ കണ്ട് തിരിച്ചുപോകുകയല്ല ചെന്നിത്തല. സഖ്യകക്ഷി നേതാക്കളെ ചെന്നു കണ്ടും ജില്ലകൾതോറും സന്ദർശിച്ചും ചെന്നിത്തല തന്നാലാവും വിധം ശ്രമിക്കുന്നുണ്ട്.

 

കേന്ദ്രമന്ത്രി നിതിൻ ഗഡ്​കരി തെരഞ്ഞെടുപ്പ്​ പ്രചാരണത്തിനിടെ

കേന്ദ്രമന്ത്രി നിതിൻ ഗഡ്​കരി തെരഞ്ഞെടുപ്പ്​ പ്രചാരണത്തിനിടെ

പിളർപ്പുകളും കൂറുമാറ്റങ്ങളുമുണ്ടായിട്ടും കാറ്റ് എം.വി.എക്ക് അനുകൂലമാണെന്ന് കരുതിയിരിക്കുമ്പോഴാണ് ഭരണഘടനാ ശിൽപി ബി.ആർ. അംബേദ്കറുടെ പേരമകൻ പ്രകാശ് അംബേദ്കർ പ്രതികൂല ഘടകമായി മാറുന്നത്. സഖ്യശ്രമങ്ങളെയെല്ലാം തകിടംമറിച്ച് ഒടുക്കം ഒറ്റക്ക് മത്സരിക്കാൻ തീരുമാനിക്കുന്നു. പിന്നാക്കം നിൽക്കുന്നവരെ മാത്രമല്ല, പ്രതിസന്ധി അഭിമുഖീകരിക്കുന്ന എല്ലാ സമൂഹങ്ങളെയും സംഘടനകളെയും ഉൾക്കൊള്ളുന്നതാണ് അദ്ദേഹത്തിന്റെ വി.ബി.എ. സംവരണ ആവശ്യം ഉന്നയിച്ച് സമരത്തിലുള്ള മറാത്തകളെയും ഒപ്പം കൂട്ടാനുള്ള ശ്രമത്തിലാണ്. നാൽപതോളം സീറ്റുകളിൽ വി.ബി.എ മത്സരിക്കുന്നുണ്ട്. അകോലയിൽ പ്രകാശ് സ്ഥാനാർഥിയാണ്. 98ലും 99ലും കോൺഗ്രസ് പിന്തുണയിൽ അകോലയിൽ ജയിച്ച പ്രകാശ് അംബേദ്കർ കോൺഗ്രസ് സഖ്യം വിട്ടതിൽ പിന്നെ ജയിച്ചിട്ടേയില്ല.

തുടർന്നും അദ്ദേഹം മത്സരിച്ചു. ജയിക്കാനായില്ല എന്നു മാത്രമല്ല കോൺഗ്രസിന്റെ സാധ്യതകളും തകർത്തു. പ്രകാശിനും കോൺഗ്രസിനുമിടയിൽ വോട്ട് ഭിന്നിച്ചതോടെ 2004 മുതൽ ബി.ജെ.പി കൈയടക്കി വെച്ചിരിക്കുകയാണ് അകോല. ഇത്തവണ കോൺഗ്രസിലെ പ്രാദേശിക നേതാക്കൾ പ്രകാശ് അംബേദ്കർക്കെതിരെ സ്ഥാനാർഥിയെ നിർത്തരുതെന്ന് ആവശ്യപ്പെട്ടെങ്കിലും പാർട്ടി നേതൃത്വം ഡോ. അഭയ് കാശിനാഥ് പാട്ടീലിനെ സ്ഥാനാർഥിയായി പ്രഖ്യാപിച്ചിട്ടുണ്ട്. അഭയ് കാശിനാഥിന് ആർ.എസ്​.എസ്​ ബന്ധമുണ്ടെന്നാണ് പ്രകാശ് അംബേദ്കറുടെ ആരോപണം.

ശരദ് പവാറിന്റെ പിന്തുണയില്ലാതെ മഹാരാഷ്ട്രയിൽ ദലിത്​ നേതാക്കൾക്ക് തെരഞ്ഞെടുപ്പിൽ ജയിക്കാൻ കഴിഞ്ഞിട്ടില്ല എന്നാണ് നിരീക്ഷണം. പ്രകാശ് അംബേദ്കർ, രാംദാസ് അത്താവലെ, ആർ.എസ്. ഗവായ് തുടങ്ങിയവർ പവാറിന്റെ പിന്തുണയുള്ളപ്പോൾ മാത്രമാണ് ജയിച്ചതെന്നാണ് പറയപ്പെടുന്നത്. ഈ സാഹചര്യത്തെ മറികടക്കാനാണ് പ്രകാശ് അംബേദ്കറുടെ ശ്രമം. മുത്തച്ഛൻ സ്ഥാപിച്ച റിപ്പബ്ലിക്കൻ പാർട്ടി ഓഫ് ഇന്ത്യ വിട്ട് ആദ്യം ഭരിച്ച ബഹുജൻ മഹാസംഘ് എന്ന പേരിൽ പാർട്ടി ഉണ്ടാക്കിയും പിന്നീട് 2019ൽ എല്ലാ വിഭാഗക്കാരെയും ഉൾപ്പെടുത്തി വഞ്ചിത് ബഹുജൻ അഘാഡിക്ക് രൂപം നൽകിയും തന്റേതായ വഴി വെട്ടിത്തെളിക്കുകയാണ് പ്രകാശ് അംബേദ്കർ. ഭരണഘടനപോലും ഭീഷണി നേരിടുന്ന കാലത്ത് പ്രതിപക്ഷ വോട്ടുകൾ ഭിന്നിപ്പിച്ച് ബി.ജെ.പിയെ സഹായിക്കുംവിധം ഒറ്റക്ക് മത്സരിക്കുന്നത് അസഹ്യമായി തോന്നിയേക്കാം.

തെരഞ്ഞെടുപ്പിൽ ബി.ജെ.പിയാണ് മുഖ്യ എതിരാളിയെങ്കിലും കോൺഗ്രസിന് നേരെയാണ് വിമർശനങ്ങളേറെയും. 2019ലെ ലോക്സഭാ തെരഞ്ഞെടുപ്പിൽ പത്തോളം സീറ്റുകളിൽ കോൺഗ്രസ് തോറ്റത് വി.ബി.എ വോട്ട് ഭിന്നിപ്പിച്ചതുകൊണ്ടാണ്. അത്തവണ ഒരേ ഒരു സീറ്റിലാണ് കോൺഗ്രസ് ജയിച്ചത്. നാലു സീറ്റുകളിൽ എൻ.സി.പിയും. കോൺഗ്രസിലെ മുതിർന്ന നേതാവും മുൻ കേന്ദ്ര ആഭ്യന്തര മന്ത്രിയും മുൻ മഹാരാഷ്ട്ര മുഖ്യമന്ത്രിയുമായ സുശീൽ കുമാർ ഷിൻഡെ ഇങ്ങനെ തോറ്റവരിൽപെടും. ഷിൻഡെ മത്സരിച്ച സോലാപൂരിൽ പ്രകാശ് അംബേദ്കർതന്നെയായിരുന്നു വി.ബി.എ സ്ഥാനാർഥി. അകോലയിലും മത്സരിച്ചു പ്രകാശ്. അവിടെ രണ്ടാം സ്ഥാനത്തായിരുന്നു.

സഖ്യ സാധ്യതകൾ അവസാനിപ്പിച്ചതോടെ ഏഴ് സീറ്റുകളിൽ കോൺഗ്രസിനെ പിന്തുണക്കാമെന്ന് പ്രകാശ് അംബേദ്കർ പ്രഖ്യാപിച്ചു. എന്നാൽ, കോൺഗ്രസ് അതിൽ താൽപര്യം കാണിച്ചില്ല. എങ്കിലും നാഗ്പൂരിലും കോലാപൂരിലും കോൺഗ്രസ് സ്ഥാനാർഥികൾക്ക് അദ്ദേഹം പിന്തുണ പ്രഖ്യാപിച്ചു. നാഗ്പൂരിൽ കേന്ദ്രമന്ത്രിയും ബി.ജെ.പിയിലെ മുതിർന്ന നേതാവുമായ നിതിൻ ഗഡ്കരിയോട് മത്സരിക്കുന്ന കോൺഗ്രസ് എം.എൽ.എ വികാസ് താക്കറെക്കാണ് പിന്തുണ. കോൺഗ്രസ് വാക്കാൽ ആവശ്യപ്പെട്ടത് പ്രകാരമാണ് പിന്തുണ എന്നാണ് പ്രകാശ് അംബേദ്കർ അവകാശപ്പെടുന്നത്. എന്നാൽ, സംശയങ്ങളേറെ. പ്രകാശ് അംബേദ്കർ ബി.ജെ.പി നേതാവും ഉപമുഖ്യമന്ത്രിയുമായ ദേവേന്ദ്ര ഫഡ്നാവിസിന്റെ ചട്ടുകമാണെന്ന് ആരോപണമുണ്ട്.

ഗഡ്കരി ഇത്തവണ മത്സരിക്കുന്നതിനോട്‌ ബി.ജെ.പിയിൽ ഒരു വിഭാഗത്തിന് താൽപര്യമില്ല. അദ്ദേഹത്തെ ഒഴിവാക്കാൻ കഴിയാത്തതുകൊണ്ട് വീണ്ടും സീറ്റ് നൽകിയതായാണ് പറയപ്പെടുന്നത്. നാഗ്പൂർ മണ്ഡലത്തിൽ ദലിത്​, മുസ്‍ലിം, മറ്റ് പിന്നാക്ക വിഭാഗ വോട്ടുകൾ നിർണായകമാണ്. മുസ്‍ലിംകൾക്കും ദലിതുകൾക്കും ഗഡ്കരി സ്വീകാര്യനാണ്. അതുകൊണ്ടാണ് അദ്ദേഹം കഴിഞ്ഞ രണ്ടുതവണയും ജയിച്ചത്. നാഗ്പൂർ കോൺഗ്രസിന്റെ പരമ്പരാഗത സീറ്റാണ്. സീറ്റ് തിരിച്ചുപിടിക്കാൻ കോൺഗ്രസിനെ സഹായിക്കുകയല്ല മറിച്ച് ഗഡ്കരിയെ തോൽപിക്കുകയാണ് പ്രകാശ് അംബേദ്കറുടെ ലക്ഷ്യമെന്ന് രാഷ്ട്രീയ നിരീക്ഷകർ കരുതുന്നു.

മറുപക്ഷത്ത്, മഹായൂത്തിയിൽ ബി.ജെ.പിയുടെ ആധിപത്യമാണ് നിഴലിട്ടുനിൽക്കുന്നത്. ശിവസേനയിലെ പതിനെട്ട് സിറ്റിങ് എംപിമാരിൽ പതിമൂന്ന് പേർ ഏക്നാഥ് ഷിൻഡെക്കൊപ്പമാണ്. എൻ.സി.പിയിലെ നാല് സിറ്റിങ് എം.പിമാരിൽ സുനിൽ തട്ക്കരെ മാത്രമാണ് അജിത് പവാറിനൊപ്പമുള്ളത്. സിറ്റിങ് എം.പിമാരുള്ള 23 മണ്ഡലങ്ങളിലും ബി.ജെ.പി സ്ഥാനാർഥികളെ പ്രഖ്യാപിച്ചു. ഒമ്പതിടങ്ങളിലാണ് ഇതുവരെ ഷിൻഡെ പക്ഷം സ്ഥാനാർഥികളെ പ്രഖ്യാപിച്ചത്. സീറ്റ് വിഭജനം, മണ്ഡല വിഭജനം, സ്ഥാനാർഥി നിർണയം എന്നിവയിൽ ബി.ജെ.പി ഏകപക്ഷീയമായാണ് തീരുമാനങ്ങൾ കൈക്കൊള്ളുന്നത്. ഷിൻഡെയും അജിത്തും ആരെ സ്ഥാനാർഥിയാക്കണമെന്ന് ബി.ജെ.പി തീരുമാനിക്കും. പാർട്ടി നടത്തിയ സർവേയുടെ അടിസ്ഥാനത്തിലാണ് അതത്രേ. ഷിൻഡെയുടെ മകൻ ശ്രീകാന്ത് ഷിൻഡെ സിറ്റിങ് എം.പിയായ കല്യാണമണ്ഡലംപോലും വിട്ടുകൊടുക്കാൻ ബി.ജെ.പി ആദ്യം തയാറായിരുന്നില്ല.

നിലവിൽ പത്തോളം സീറ്റുകളിൽ തർക്കം തുടരുകയാണ്. കൂടെ നിന്നിട്ടും തങ്ങളുടെ താൽപര്യങ്ങൾ ഷിൻഡെക്ക് സംരക്ഷിക്കാൻ കഴിയാത്തതിൽ നേതാക്കന്മാർ ക്ഷുഭിതരാണ്. പാർഭണി ലോക്സഭ മണ്ഡലത്തിൽ രാഷ്ട്രീയ സമാജ് പക്ഷ അധ്യക്ഷൻ മഹാദേവ് ജാൻകറിന് ബി.ജെ.പി സീറ്റ് നൽകിയത് അജിത് പവാർ പക്ഷത്തിന്റെ കണക്കിൽനിന്നാണ്. ഇടയന്മാരുടെ ധാൻഗർ സമുദായ നേതാവാണ് മഹാദേവ് ജാൻകർ. ധാൻഗർ സമുദായക്കാർക്ക് നിർണായക സ്വാധീനമുള്ള മണ്ഡലമാണ് പവാറിന്റെ തട്ടകമായ ബാരാമതി. ബാരാമതിയിൽ മുമ്പ് ജാൻകറെ ബി.ജെ.പി മത്സരിപ്പിച്ചിട്ടുണ്ട്. ഇത്തവണ ജാൻകറെ ഒപ്പം കൂട്ടാൻ ശരദ് പവാർ ശ്രമം നടത്തിയിരുന്നു. മാധ സീറ്റ് ജാൻകർക്ക് നൽകാനായിരുന്നു പവാറിന്റെ തീരുമാനം. ജാൻകർ തയാറുമായിരുന്നു. അപകടം മണത്ത ബി.ജെ.പി താമസംവിനാ ജാൻകറെ ഒപ്പംകൂട്ടി സീറ്റ് നൽകി. അതുവഴി ബാരാമതിയിൽ ധാൻഗർ സമുദായ വോട്ട് സുനേത്ര പവാറിലേക്ക് തിരിച്ചുവിടുകയാണ് ലക്ഷ്യം.

ഈ തെരഞ്ഞെടുപ്പിൽ മറാത്തകളാണ് ബി.ജെ.പി നയിക്കുന്ന മഹായൂത്തിക്ക് വെല്ലുവിളി. ഒ.ബി.സി, സവർണ നേതാക്കൾ നിറഞ്ഞ ബി.ജെ.പിയുടെ വോട്ട്ബാങ്കല്ല കാലങ്ങളായി മറാത്തകൾ. അവരെന്നും കോൺഗ്രസ്, എൻ.സി.പി, ശിവസേനക്ക് ഒപ്പമായിരുന്നു. മറാത്തകൾ ഇടഞ്ഞതോടെയാണ് കോൺഗ്രസിൽനിന്നും മറ്റും പ്രബലരായ മറാത്താ നേതാക്കളെ ബി.ജെ.പി അടർത്തിയെടുക്കുന്നത്. ഏക്നാഥ് ഷിൻഡെയും അജിത് പവാറും അശോക് ചവാനും മറാത്തകളാണ്. നിലവിലെ 29 അംഗ മന്ത്രിസഭയിൽ പകുതിയോളം മറാത്തകൾ.

 

സംസ്ഥാന ജനസംഖ്യയിൽ 33 ശതമാനം വരും അവർ. സംസ്ഥാനത്ത് ഇന്നോളം ഉണ്ടായ 16 മുഖ്യമന്ത്രിമാരിൽ 11 പേരും മറാത്തകളാണ്. സംസ്ഥാനത്തെ പ്രധാന വിദ്യാഭ്യാസ സ്ഥാപനങ്ങളും കർഷക സഹകരണ സ്ഥാപനങ്ങളും സഹകരണ ബാങ്കുകളും എല്ലാം മറാത്തകളുടെ കൈവശം. ഏറെയും കർഷകരാണ്. യുദ്ധകാലത്ത് യോദ്ധാക്കളുടെ വേഷമിടുകയും യുദ്ധം ഇല്ലാത്തപ്പോൾ കാർഷികവൃത്തിയിൽ ഏർപ്പെടുകയും ചെയ്തിരുന്നവരാണ് മറാത്തകൾ. മറാത്തകൾക്കിടയിൽതന്നെ ഉപ വിഭാഗങ്ങളുമുണ്ട്. മറാത്തകൾ ഉന്നതകുലരും അവരിൽപെട്ട കുൺഭി വിഭാഗക്കാർ ഒ.ബി.സിക്കാരുമാണ്.

മറാത്തകളുടെ സംവരണ ആവശ്യമാണ് ഇപ്പോൾ വെല്ലുവിളിയായി നിൽക്കുന്നത്. കരുത്തനായ മറാത്താ നേതാവ് ശരദ് പവാർ മുഖ്യമന്ത്രി ആയിരുന്നപ്പോൾപോലും മറാത്ത സംവരണത്തെ അനുകൂലിച്ചിരുന്നില്ല. ഉന്നതജാതരായവർക്ക് എന്ത് സംവരണം എന്നായിരുന്നു ചോദ്യം. ഇപ്പോൾ പവാറും നിലപാട് മാറ്റിയിട്ടുണ്ട്. കാർഷിക പ്രതിസന്ധി മറാത്തകളെ ബാധിച്ചിട്ടുണ്ടെന്നും സാമൂഹികവും വിദ്യാഭ്യാസപരവും സാമ്പത്തികവുമായി അവർ പിന്നാക്കംപോയെന്നും പവാർ പറയുന്നു. മറാത്ത സംവരണ ആവശ്യവുമായി മനോജ്‌ ജാരൻഗെ പാട്ടീൽ നിരാഹാര സമരം തുടങ്ങുകയും സമരക്കാർക്ക് എതിരെ പൊലീസ് ലാത്തിച്ചാർജ് നടത്തുകയും ചെയ്തതോടെ സ്ഥിതി രൂക്ഷമായി. തെരഞ്ഞെടുപ്പിനു മുമ്പേ പ്രശ്നം പരിഹരിക്കാൻ സർക്കാറിന് സാധിച്ചിട്ടില്ല.

ഹൈദരാബാദിലെ നിസാമുമാരുടെ ഭരണകാലത്ത് കുൺഭി സാക്ഷ്യപത്രം ഉള്ളവരുടെ പിന്മുറയിൽപെട്ടവരെ കുൺഭി മറാത്തകളായി പരിഗണിച്ച് ഒ.ബി.സി സംവരണം നൽകാൻ സർക്കാർ കരട് ബിൽ തയാറാക്കി. ബി.ജെ.പിയെ നോക്കുകുത്തിയാക്കി ഏക്നാഥ് ഷിൻഡെ ഏകപക്ഷീയമായി നടത്തിയ നീക്കമായിരുന്നു അത്. ഷിൻഡെ സർക്കാറിലെ തന്നെ ഒ.ബി.സി നേതാക്കളെ ഉപയോഗിച്ച് ബി.ജെ.പി അത് അട്ടിമറിച്ചു. ഒ.ബി.സി സംഘടനകളും നിലവിലെ കുൺഭി മറാത്തകളും മറാത്തകൾക്ക് ഒ.ബി.സി സംവരണം നൽകുന്നതിനെ ശക്തമായി എതിർത്തു. പിന്നീട് മറാത്തകൾക്ക് 10 ശതമാനം വിദ്യാഭ്യാസത്തിലും തൊഴിലിലും സംവരണമേർപ്പെടുത്തി നിയമസഭയിൽ ബിൽ പാസാക്കി. സഭയിൽ ആർക്കും എതിർപ്പുണ്ടായില്ല. എന്നാൽ, ബില്ലിലെ അപ്രായോഗികത ചൂണ്ടിക്കാട്ടി ജാരൻഗെ പാട്ടീൽ അത് തള്ളി. ഒ.ബി.സി സംവരണംതന്നെ വേണമെന്ന് നിലപാട് കടുപ്പിച്ചു.

മുമ്പ് മൂന്നുതവണ സമാനമായ സംവരണ ബിൽ കൊണ്ടുവന്നുവെങ്കിലും കോടതികളിൽ പരാജയപ്പെട്ടു. മൊത്ത സംവരണ ശതമാനത്തിന്റെ 50 ശതമാനത്തിൽ കവിയും എന്നതിനാൽ നിയമപരമായി ബിൽ നിലനിൽക്കില്ല. ഈ സാഹചര്യത്തിൽ, ബി.ജെ.പി സഖ്യം തെരഞ്ഞെടുപ്പിൽ കനത്ത വെല്ലുവിളി നേരിടുന്നുണ്ട്.

പാർട്ടിയും ചിഹ്നവും സമ്പത്തും നേതാക്കളും നഷ്ടപ്പെട്ട ഉദ്ധവ് താക്കറെക്കും ശരദ് പവാറിനും 2024ലെ ലോക്സഭാ തെരഞ്ഞെടുപ്പ് നിർണായകമാണ്. എല്ലാം നഷ്ടപ്പെട്ടെങ്കിലും അണികൾ ആർക്കൊപ്പമെന്ന് ജനവിധിയിൽ തെളിയും.

News Summary - weekly articles