Begin typing your search above and press return to search.
proflie-avatar
Login

ജനാധിപത്യം അവശേഷിപ്പിക്കുന്ന പ്രതീക്ഷകൾ

ജനാധിപത്യം   അവശേഷിപ്പിക്കുന്ന   പ്രതീക്ഷകൾ
cancel

‘പ്രതിപക്ഷ മുക്ത’മായ ഒരു രാഷ്ട്രീയ സാഹചര്യത്തിലാണ് നരേന്ദ്ര മോദി ഒരു ദശകക്കാലം രാജ്യം ഭരിച്ചത്. തെരഞ്ഞെടുപ്പ്​ അതിൽ മാറ്റം സാധ്യമാക്കുമോ? ആണെങ്കിൽ എന്തു മാറ്റമാണ്​ കൊണ്ടുവരുക? ഇന്ത്യയിൽ ഇന്ന് സജീവമായി നിലനിൽക്കുന്ന ഏതാനും ജനകീയ പ്രതിപക്ഷ മുന്നേറ്റങ്ങൾ പരിശോധിച്ച്​ ഇന്ത്യൻ ജനാധിപത്യത്തി​ന്റെ ഉള്ളിലുറങ്ങിക്കിടക്കുന്ന ചില സാധ്യതകൾ തുറന്നുകാട്ടുകയാണ്​ ലേഖകൻ.സാമാന്യ രാഷ്ട്രീയ സമീകരണങ്ങളിൽ പ്രതിപക്ഷം എന്നത് രാഷ്ട്രീയ പാർട്ടികളാൽ നയിക്കപ്പെടുന്ന പ്രതിപക്ഷമാണ്. ഭരണപക്ഷത്തി​ന്റെ രാഷ്ട്രീയ നയതീരുമാനങ്ങളെ വിശകലന വിധേയമാക്കി നിയമനിർമാണ സഭകളിലും പുറത്തും അവയോടുള്ള...

Your Subscription Supports Independent Journalism

View Plans
‘പ്രതിപക്ഷ മുക്ത’മായ ഒരു രാഷ്ട്രീയ സാഹചര്യത്തിലാണ് നരേന്ദ്ര മോദി ഒരു ദശകക്കാലം രാജ്യം ഭരിച്ചത്. തെരഞ്ഞെടുപ്പ്​ അതിൽ മാറ്റം സാധ്യമാക്കുമോ? ആണെങ്കിൽ എന്തു മാറ്റമാണ്​ കൊണ്ടുവരുക? ഇന്ത്യയിൽ ഇന്ന് സജീവമായി നിലനിൽക്കുന്ന ഏതാനും ജനകീയ പ്രതിപക്ഷ മുന്നേറ്റങ്ങൾ പരിശോധിച്ച്​ ഇന്ത്യൻ ജനാധിപത്യത്തി​ന്റെ ഉള്ളിലുറങ്ങിക്കിടക്കുന്ന ചില സാധ്യതകൾ തുറന്നുകാട്ടുകയാണ്​ ലേഖകൻ.

സാമാന്യ രാഷ്ട്രീയ സമീകരണങ്ങളിൽ പ്രതിപക്ഷം എന്നത് രാഷ്ട്രീയ പാർട്ടികളാൽ നയിക്കപ്പെടുന്ന പ്രതിപക്ഷമാണ്. ഭരണപക്ഷത്തി​ന്റെ രാഷ്ട്രീയ നയതീരുമാനങ്ങളെ വിശകലന വിധേയമാക്കി നിയമനിർമാണ സഭകളിലും പുറത്തും അവയോടുള്ള വിയോജിപ്പുകൾ വ്യക്തമാക്കിയും, ഭേദഗതികൾ ആവശ്യപ്പെട്ടും, തീർത്തും റദ്ദുചെയ്യേണ്ടവയാണെന്ന് തോന്നുന്നവക്കെതിരെ ജനങ്ങളെ അണിനിരത്തി പ്രതിഷേധങ്ങൾ സംഘടിപ്പിച്ചും അവർ തങ്ങളുടെ പ്രതിപക്ഷ ധർമം നിർവഹിക്കുകയാണ് പതിവ്. എന്നാൽ, കഴിഞ്ഞ ഒരു ദശകക്കാലമായി ഇന്ത്യൻ രാഷ്ട്രീയ മണ്ഡലം ഈയൊരു പ്രതിപക്ഷത്തി​ന്റെ അഭാവം അനുഭവിച്ചുകൊണ്ടിരിക്കുകയാണ്.

ഏതാണ്ട് ആറ് പതിറ്റാണ്ടുകാലം രാജ്യം ഭരിച്ച ഇന്ത്യൻ നാഷനൽ കോൺഗ്രസ് ഔദ്യോഗിക പ്രതിപക്ഷ സ്​ഥാനത്തിനുപോലും യോഗ്യത നേടാൻ സാധിക്കാത്തവിധം ശോഷിച്ചുപോയ തെരഞ്ഞെടുപ്പ് ഫലമായിരുന്നു 2014ലേത്. പതിനാറാം ലോക്സഭയിൽ കോൺഗ്രസിന്റെ അംഗബലം കേവലം 44 ആയിരുന്നു. പ്രാദേശിക പാർട്ടിയായ എ.ഐ.ഡി.എം.കെപോലും 37 സീറ്റുകൾ നേടിയെന്ന് ഓർക്കണം. പതിനേഴാം ലോക്സഭയിൽ കോൺഗ്രസ് 52 സീറ്റു നേടി തങ്ങളുടെ നില അൽപമൊന്ന് മെച്ചപ്പെടുത്തിയെങ്കിലും ഔദ്യോഗിക പ്രതിപക്ഷമായിരിക്കാനുള്ള മിനിമം അംഗബലമായ 55 സീറ്റിലേക്കെത്താൻ അപ്പോഴും അവർക്ക് സാധിച്ചില്ല.

ഈ രീതിയിൽ പ്രതിപക്ഷ മുക്തമായ ഒരു രാഷ്ട്രീയ സാഹചര്യത്തിലാണ് നരേന്ദ്ര മോദി ഒരു ദശകക്കാലം രാജ്യം ഭരിച്ചത്. ഇക്കാലയളവിൽ പാർലമെന്റിലെ മൃഗീയ ഭൂരിപക്ഷം ഉപയോഗപ്പെടുത്തി സാമ്പത്തിക-സാമൂഹിക നയ മേഖലകളിൽ നിരവധി ഭേദഗതികൾ മോദിസർക്കാർ നടത്തിയത് നാം കണ്ടു. പൗരത്വ നിയമം, കശ്മീരി​ന്റെ പ്രത്യേക പദവി എടുത്തുകളയൽ, കാർഷിക-തൊഴിൽ നിയമങ്ങൾ തുടങ്ങി സമസ്​ത മേഖലകളിലും ഗൗരവമായ ഭേദഗതികൾ വരുത്താൻ ഈ പ്രതിപക്ഷ അഭാവം മോദിക്ക് തുണയായി.

നിയമനിർമാണ സഭകളിലെന്നപോലെ പൊതുസമൂഹ മണ്ഡലങ്ങളിലും രാജ്യത്തി​ന്റെ പൊതുവായ മതേതര ഭാവനക്കും ബഹുസ്വര സങ്കൽപങ്ങൾക്കും എതിരായ നിലപാടുകൾ മോദി ഭരണകൂടവും ഭാരതീയ ജനതാ പാർട്ടിയും സ്വീകരിച്ചുകൊണ്ടിരുന്നപ്പോഴും അവക്കെതിരെ ജനങ്ങളെ മുൻനിർത്തി പ്രതിരോധം തീർക്കുന്നതിലും പ്രതിപക്ഷ പാർട്ടികൾ പരാജയപ്പെട്ടുകൊണ്ടിരുന്നു. പ്രതിപക്ഷ രാഷ്ട്രീയ പാർട്ടികൾ മാത്രമല്ല, അവയോടൊപ്പം ചേർന്നുനിൽക്കുന്ന േട്രഡ് യൂനിയനുകളും സമാനമായ പരാജയത്തെ നേരിട്ടുകൊണ്ടിരുന്നു. തൊഴിൽമേഖലയിലെ നൂറുകണക്കായ നിയമങ്ങൾ റദ്ദുചെയ്തുകൊണ്ട്, അവയെ നാല് ലേബർ കോഡുകളായി ഭേദഗതി ചെയ്യുകയും സമരം ചെയ്യാനുള്ള തൊഴിലാളി സംഘടനകളുടെ അവകാശങ്ങൾ ഇല്ലാതാക്കി മോദി ത​ന്റെ ‘ഈസ്​ ഓഫ് ഡൂയിങ് ബിസിനസ്​’ നയം നടപ്പാക്കിയപ്പോൾ കോടിക്കണക്കിന് അംഗങ്ങളുള്ള പ്രതിപക്ഷ േട്രഡ് യൂനിയനുകൾക്ക് ശക്തമായ പ്രതിരോധം തീർക്കാൻ സാധിക്കാഞ്ഞതും ഇത്തരുണത്തിൽ ഓർക്കുക.

ശുഷ്കമായ പ്രതിപക്ഷ സാന്നിധ്യമുണ്ടായിരുന്ന പതിനേഴാം ലോക്സഭയിൽനിന്നും രാജ്യസഭയിൽനിന്നുമായി 146ഓളം അംഗങ്ങളെ സസ്​പെൻഡ് ചെയ്തുകൊണ്ട് ഇന്ത്യയുടെ പാർലമെന്റ് ചരിത്രത്തിൽ കേട്ടുകേൾവി പോലുമില്ലാത്ത ജനാധിപത്യവിരുദ്ധ നടപടികൾ മോദിസർക്കാർ നടത്തിയപ്പോഴും ഒരുമിച്ച് നിന്നുകൊണ്ട് അതിനെ നേരിടാൻ ഇന്ത്യയിലെ പ്രതിപക്ഷ രാഷ്ട്രീയ പാർട്ടികൾക്ക് സാധിച്ചില്ല.

ഛത്തി​സ്​​ഗ​ഢി​ലെ ഹാ​സ്​​ദേ​വ് അ​ര​ന്ദ് വ​ന​മേഖലയിലെ ആദിവാസി ജനതയുടെ​ പ്രക്ഷോഭം

ഛത്തി​സ്​​ഗ​ഢി​ലെ ഹാ​സ്​​ദേ​വ് അ​ര​ന്ദ് വ​ന​മേഖലയിലെ ആദിവാസി ജനതയുടെ​ പ്രക്ഷോഭം

പ്രതിപക്ഷരഹിത ഇന്ത്യയിൽ, രാജ്യത്തി​ന്റെ പുതുഭാവി നരേന്ദ്ര മോദിയുടെയും ഭാരതീയ ജനതാ പാർട്ടിയുടെയും കൈകളിൽ ഭദ്രമാണെന്ന ധാരണ ജനങ്ങളിൽ പടർത്താൻ വാർത്താമാധ്യമങ്ങളടക്കമുള്ള പ്രചാരണസംവിധാനങ്ങളുടെ കടിഞ്ഞാൺ കൈക്കലാക്കിയ ബി.ജെ.പിക്ക് സാധിച്ചു. രാഷ്ട്രീയ സംവാദങ്ങളുടെ അജണ്ടകൾ നിശ്ചയിക്കുന്നതിലും അവയിൽ മേൽക്കൈ നേടുന്നതിനും ഇക്കാലയളവിൽ ബി.ജെ.പിക്ക് സാധിച്ചു. ദേശീയത, ദേശസുരക്ഷ തുടങ്ങിയ വിഷയങ്ങളെ ജ്വലിപ്പിച്ച് നിർത്താനും ഏത് നേരവും ആക്രമണത്തിന് തയാറെടുത്തുനിൽക്കുന്ന അപരനെ (അത് അയൽരാജ്യമോ സമുദായമോ ആകാം) സൃഷ്​ടിച്ചും ദേശീയതയുടെ സംരക്ഷക പദവി സ്വയം ഏറ്റെടുക്കാൻ എല്ലായ്പോഴും ബി.ജെ.പി ശ്രമിക്കുകയും ഒരു പരിധിവരെ അതിൽ അവർ വിജയിക്കുകയും ചെയ്തു.

സംസ്​ഥാനങ്ങളുടെ അധികാര പരിധികളിലേക്ക് കൈകടത്തിക്കൊണ്ട് നിയമനിർമാണങ്ങൾ നടത്തുമ്പോഴോ (വിദ്യാഭ്യാസ-കാർഷിക നിയമ ഭേദഗതികൾ ഉദാഹരണം), സംസ്​ഥാനങ്ങൾക്ക് ചരിത്രപരമായി ലഭിച്ച സവിശേഷ പദവികൾ എടുത്തുകളയുമ്പോഴോ (കശ്മീർ), നികുതിയിനത്തിൽ സംസ്​ഥാനങ്ങൾക്ക് ന്യായമായ രീതിയിൽ ലഭിക്കേണ്ടുന്ന വിഹിതങ്ങളിൽ വെട്ടിക്കുറവ് വരുത്തുമ്പോഴോ, ഗവർണർമാരെ ഉപയോഗിച്ച് സംസ്​ഥാന ഭരണത്തിൽ അസ്വസ്​ഥതകൾ സൃഷ്​ടിക്കുമ്പോഴോ (തമിഴ്നാട്, കേരളം) പ്രതിപക്ഷ രാഷ്ട്രീയ പാർട്ടികളെ ഒരു കുടക്കീഴിൽ അണിനിരത്തി കേന്ദ്രസർക്കാറിനെതിരായി ശക്തമായ പ്രതിരോധനിര പടുത്തുയർത്താൻ മുഖ്യ രാഷ്ട്രീയ പാർട്ടിയായ കോൺഗ്രസിന് സാധിച്ചിട്ടില്ലെന്നതും യാഥാർഥ്യമാണ്.

അഭിപ്രായ സ്വാതന്ത്ര്യം, ജനാധിപത്യ പ്രതിഷേധങ്ങൾ, മുന്നേറ്റങ്ങൾ എന്നിവയെല്ലാംതന്നെ പലതരത്തിലുള്ള ഭീഷണികൾ നേരിട്ടുകൊണ്ടിരുന്ന കാലംകൂടിയായിരുന്നു മോദിക്കാലം. നിരവധി സാമൂഹികപ്രവർത്തകർ –സ്റ്റാൻ സ്വാമി മുതൽ സുധാ ഭരദ്വാജ് അടക്കമുള്ളവർ–ജയിലഴികൾക്കുള്ളിലാവുകയും സാമൂഹിക മുന്നേറ്റങ്ങൾ സമ്പൂർണമായ അവഗണനയെ നേരിട്ടുകൊണ്ടിരിക്കുകയും ചെയ്ത കാലം.എന്നാൽ, ഈയൊരു പ്രതിപക്ഷരാഹിത്യവുമായി അധികകാലം മുന്നോട്ടുപോകാൻ ഇന്ത്യൻ ജനാധിപത്യത്തിന് സാധിക്കുമായിരുന്നില്ല. നോട്ട് നിരോധനം, ഭരണകൂടം കോവിഡ് മഹാമാരി കൈകാര്യംചെയ്ത രീതി, വിവിധ നിയമനിർമാണങ്ങൾ സൃഷ്​ടിച്ച അസ്വസ്​ഥതകൾ, വർധിച്ചുവരുന്ന തൊഴിലില്ലായ്മ, വിഭവക്കൊള്ള എന്നിവ​യോടൊക്കെ പ്രതികരിക്കാതെ മുന്നോട്ടുപോകാൻ ഇന്ത്യൻ ജനതക്ക് സാധിക്കുമായിരുന്നില്ല.

ഇത്തരത്തിൽ സാമ്പ്രദായിക പ്രതിപക്ഷത്തി​ന്റെ ജഡാവസ്​ഥയിൽനിന്നാണ് കർഷക പ്രക്ഷോഭമടക്കമുള്ള വിവിധങ്ങളായ ജനകീയ പ്രതിഷേധങ്ങൾ ഇന്ത്യൻ ജനാധിപത്യത്തിന് പ്രതീക്ഷ പകർന്ന് പിറവിയെടുക്കുന്നത്. 2020ൽ ആരംഭിച്ച് ഒരുവർഷം നീണ്ടുനിന്ന കർഷകപ്രക്ഷോഭം തൊട്ട് പൗരത്വ ഭേദഗതി നിയമത്തിനെതിരായും ചോദ്യപേപ്പർ ചോർച്ചകൾക്കെതിരായും രാഷ്ട്രീയ പാർട്ടികളുടേതല്ലാത്ത മുന്നേറ്റങ്ങൾ രാജ്യത്ത് കൂടുതൽ ശക്തിയോടെ ഉയർന്നുവരാൻ തുടങ്ങി.

ജനാധിപത്യത്തെ ഒട്ടുമേ മാനിക്കാത്ത ഒരു ഭരണകൂടത്തെക്കൊണ്ട് അവർ പാസാക്കിയെടുത്ത നിയമനിർമാണം പിൻവലിപ്പിക്കാൻ കർഷകപ്രക്ഷോഭത്തിന് സാധിച്ചുവെന്നത് പുത്തൻ ജനകീയ പ്രതിപക്ഷത്തി​ന്റെ സാധ്യതകളെ സംബന്ധിച്ച പ്രതീക്ഷകൾ വിപുലമാക്കിയെന്ന് പറയാവുന്നതാണ്. ഇന്ത്യയിൽ ഇന്ന് സജീവമായി നിലനിൽക്കുന്ന ഏതാനും ജനകീയ പ്രതിപക്ഷ മുന്നേറ്റങ്ങളെക്കുറിച്ച് ചെറുതായൊന്ന് പരിശോധിക്കുന്നത് ഇന്ത്യൻ ജനാധിപത്യത്തി​ന്റെ ഉള്ളിലുറങ്ങിക്കിടക്കുന്ന ചില സാധ്യതകളെ മനസ്സിലാക്കുന്നതിന് സഹായിക്കും.

സ്വയംഭരണത്തിനും പരിസ്​ഥിതിക്കും ലഡാക് ജനതയുടെ പ്രക്ഷോഭം

2024 ഏപ്രിൽ 7ന് ലഡാക്കിലെ ജനങ്ങൾ ‘പശ്മിന’ (അതിർത്തി) മാർച്ചിന് തയാറെടുത്തു. ക്ലൈമറ്റ് ആക്ടിവിസ്റ്റ് സോനം വാങ്ചുക്കി​ന്റെ നേതൃത്വത്തിൽ ലഡാക്കി​ന്റെ പരിസ്​ഥിതിയും സമ്പദ് വ്യവസ്ഥയും സംരക്ഷിക്കണമെന്നും ഇന്ത്യൻ മണ്ണിലേക്കുള്ള ചൈനീസ്​ അതിക്രമം തടയണമെന്നും ആവശ്യപ്പെട്ട് ആരംഭിച്ച നിരാഹാരം 21 ദിവസം പൂർത്തിയാക്കിയതിനുശേഷമാണ് ഇന്ത്യയുടെ ചൈനീസ്​ അതിർത്തിയിലേക്ക് പതിനായിരക്കണക്കിന് പ്രവർത്തകരുമായി മാർച്ച് ചെയ്യാൻ സോനം വാങ്ചുക്കും അദ്ദേഹം നയിക്കുന്ന പ്രസ്​ഥാനവും തീരുമാനിച്ചത്.

ലഡാക് ജനതയുടെയും അവിടത്തെ പരിസ്​ഥിതിയുടെയും സംരക്ഷണത്തിന് ഷെഡ്യൂൾ 6ന്റെ പ്രത്യേക പദവി ആവശ്യപ്പെട്ടാണ് ലഡാക് ജനത പ്രക്ഷോഭം നടത്തുന്നത്. വളരെ സമാധാനപരമായി തുടർന്നുപോരുന്ന ലഡാക് പ്രക്ഷോഭത്തിൽ ‘ആക്രമണസാധ്യത മുന്നിൽക്കണ്ട്’ അതിർത്തി മാർച്ച് തടയാനായി ലഡാക്കിൽ നിരോധനാജ്ഞ പ്രഖ്യാപിച്ചു കേന്ദ്ര ഭരണകൂടം. പതിവുപോലെ ഇന്റർനെറ്റ് അടക്കമുള്ള വാർത്താവിനിമയ സൗകര്യങ്ങളും വിച്ഛേദിച്ചു. ലഡാക് ജനത ഉന്നയിക്കുന്ന സംസ്​ഥാന പദവി, ആറാം ഷെഡ്യൂൾ എന്നീ ആവശ്യങ്ങൾക്കു പിന്നിൽ പ്രദേശത്തി​ന്റെ പാരിസ്​ഥിതിക ഉത്കണ്ഠകളാണ്. ആദിവാസി മേഖലകൾക്ക് ഭൂസംരക്ഷണവും സ്വയംഭരണവും ഉറപ്പാക്കുന്ന ആറാം ഷെഡ്യൂൾ പദവി അതുകൊണ്ടുതന്നെ ലഡാക്കിനെ സംബന്ധിച്ചിടത്തോളം സുപ്രധാനമാണെന്ന് അവർ കരുതുന്നു.

ലഡാക്കി​ന്റെ തെക്കും വടക്കും അതിർത്തി പ്രദേശങ്ങൾ പലവിധത്തിൽ ഭീഷണികളെ നേരിടുന്നുണ്ടെന്നാണ് അവർ ആരോപിക്കുന്നത്. തെക്കൻ മേഖലയിലെ വൻകിട വ്യവസായ പ്ലാന്റുകൾമൂലവും വടക്കൻ മേഖലയിൽ ചൈനയുടെ കടന്നുകയറ്റം കാരണവും തദ്ദേശീയരുടെ മേച്ചിൽപ്പുറങ്ങൾ നഷ്ടപ്പെടുന്നുവെന്ന് സമരനേതൃത്വത്തിലുള്ള സോനം വാങ്ചുക്ക് പറയുന്നു. ജനസമ്മതിയില്ലാതെ 13 ജിഗാവാട്ട് പദ്ധതി, പാരിസ്​ഥിതികമായി ദുർബലമായ ലഡാക് മേഖലയിൽ അടിച്ചേൽപ്പിക്കുന്നത് ജനങ്ങളിൽ ഉത്കണ്ഠ ഉയർത്തിയിട്ടിട്ടുണ്ട്.

ഈയൊരു യാഥാർഥ്യം രാജ്യത്തിന് കാട്ടിക്കൊടുക്കുന്നതിനായാണ് ലഡാക് ജനത പശ്മിന മാർച്ച് നടത്താൻ പദ്ധതിയിട്ടിരിക്കുന്നത്. ലേ, കാർഗിൽ എന്നിവക്ക് വെവ്വേറെ ലോക്സഭാ സീറ്റുകൾ, തദ്ദേശവാസികൾക്ക് തൊഴിലവസരങ്ങൾ, ലഡാക്കിലെ ലേ, കാർഗിൽ ജില്ലകൾക്ക് പബ്ലിക് സർവിസ്​ കമീഷൻ എന്നിവയും പ്രക്ഷോഭകരുടെ ആവശ്യങ്ങളിൽ ഉൾപ്പെടുന്നു. നേരത്തേ ജമ്മു-കശ്മീരിന്റെ ഭാഗമായിരുന്ന ലഡാക് ഇപ്പോൾ അസംബ്ലി ഇല്ലാത്ത ഒരു കേന്ദ്ര ഭരണ പ്രദേശമായി നിലകൊള്ളുന്നു. നിലവിൽ ലഡാക്കിൽ ഒരൊറ്റ ലോക്സഭാ മണ്ഡലമാണുള്ളത്.

 

കർഷക പ്രക്ഷോഭം

കർഷക പ്രക്ഷോഭം

വിഭവക്കൊള്ളക്കും വനഭൂമി ഏറ്റെടുക്കലിനും എതിരെ ഹാസ്​ദേവ് അരന്ദിലെ ഗോത്രജനത

2024 ജനുവരി 7 ഞായറാഴ്ച, ഛത്തിസ്​ഗഢിലെ ഹാസ്​ദേവ് അരന്ദ് വനമേഖലയിലെ ഖനനപ്രവർത്തനങ്ങളിൽ പ്രതിഷേധിച്ച് ആയിരക്കണക്കിന് ആദിവാസികൾ റായ്പൂരിലേക്ക് മാർച്ച് നടത്തുകയുണ്ടായി. പ്രതിഷേധത്തിനിടയിലും അതിനുമുമ്പും ആദിവാസി നേതാക്കളിൽ പലരെയും പൊലീസ്​ കസ്റ്റഡിയിലെടുക്കുകയും സമരപ്പന്തലുകൾ തീയിട്ട് നശിപ്പിക്കുകയും ചെയ്തു. എങ്കിൽക്കൂടിയും ‘‘അദാനി തിരികെ പോകുക, ഞങ്ങളുടെ വനങ്ങൾ വിട്ടുതരിക’’ എന്ന മുദ്രാവാക്യമുയർത്തി ഹാസ്​ദേവിലെ ലക്ഷക്കണക്കായ ആദിവാസികൾ പോരാട്ടഭൂമിയിൽ ഉറച്ചുനിൽക്കുകയാണ്. മധ്യേന്ത്യയിൽ 1500 കിലോമീറ്ററിലധികമായി, ഛത്തിസ്​ഗഢിൽ തെക്ക് കോർബ ജില്ലയിലും വടക്ക് സർഗുജയിലും വ്യാപിച്ചുകിടക്കുന്ന വനമേഖല ഗോണ്ട്, ഒറോൺ ഗോത്രങ്ങൾ ഉൾപ്പെടുന്ന ആദിവാസി ഗോത്രജനതയുടെ ആവാസകേന്ദ്രമാണ്.

ഹാസ്​ദേവ് അരന്ദ് എന്നറിയപ്പെടുന്ന ഈ വനമേഖലക്കു താഴെ അഞ്ച് ബില്യൺ (അഞ്ഞൂറ് കോടി) ടൺ കൽക്കരി നിക്ഷേപം ഉള്ളതായി കണക്കാക്കപ്പെടുന്നു. പരിസ്​ഥിതി നിയമങ്ങളിൽ വെള്ളംചേർത്തതി​ന്റെ ഫലമായി ഒരു ദശാബ്ദത്തിലേറെയായി ഈ മേഖലയിൽ നടന്നുകൊണ്ടിരിക്കുന്ന ഖനന പ്രവർത്തനങ്ങൾ തുടർച്ചയായ വിവാദങ്ങൾക്ക് കാരണമായിട്ടുണ്ട്. വനനിയമങ്ങളും പെസ നിയമങ്ങളും ലംഘിച്ചാണ് ഗൗതം അദാനിയുടെ കമ്പനി ഇവിടെ ഖനനം നടത്തിക്കൊണ്ടിരിക്കുന്നത്.

2020ൽ കോർബ ജില്ലയിലെ പോഡി ഉപോദ പഞ്ചായത്തിലെ ഒമ്പത് സർപഞ്ചുമാർ ചേർന്ന് 16 കൽക്കരി പാടങ്ങളുടെ ലേലം നിർത്തിവെക്കണമെന്ന് ആവശ്യപ്പെട്ട് പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് കത്തയക്കുകയുണ്ടായി. ഖനനത്തിന് ഗ്രാമസഭകൾ സമ്മതം നൽകിയിട്ടില്ലെന്ന് കത്തിൽ സൂചിപ്പിക്കുകയുണ്ടായി. 1,70,000 ഹെക്ടറിൽ വ്യാപിച്ചുകിടക്കുന്ന 98 വനഭൂമിയുള്ള ഹാസ്​ദേവ് അരന്ദിലെ ഖനനപ്രവർത്തനങ്ങൾ തങ്ങളുടെ ആവാസവ്യവസ്​ഥയെയും ഉപജീവനമാർഗങ്ങളെയും സാംസ്​കാരിക സ്വത്വങ്ങളെയും ഇല്ലാതാക്കുമെന്ന് വളരെ ന്യായമായും അവർ സംശയിക്കുന്നു.

ഇന്ത്യൻ ഭരണഘടനയുടെ അഞ്ചാം ഷെഡ്യൂളിന് കീഴിലുള്ള ഗോത്ര ഭൂരിപക്ഷ പ്രദേശമാണ് ഹാസ്​ദേവ്. ആദിവാസി ജനതയുടെ താൽപര്യങ്ങളും അവകാശങ്ങളും സംരക്ഷിക്കുന്നതിനായി ഗോത്ര ഭൂരിപക്ഷ പ്രദേശങ്ങൾക്ക് സവിശേഷ നിയമ-ഭരണ പരിരക്ഷ നൽകുന്ന അഞ്ചാം ഷെഡ്യൂൾ അനുസരിച്ചും പെസ നിയമം അനുസരിച്ചും ഭൂമി ഏറ്റെടുക്കൽ, പുനരധിവാസം തുടങ്ങിയവക്ക് ഗ്രാമസഭയുടെ അനുവാദം ആവശ്യമായിവരുന്നു. എന്നാൽ, അദാനി നോട്ടമിട്ടു കഴിഞ്ഞ ഹാസ്​ദേവ് അരന്ദിൽ മേൽപറഞ്ഞ നിയമങ്ങളെല്ലാം ജലരേഖകൾ മാത്രമായി മാറുന്നതാണ് കാണുന്നത്.

രാജ്യം ഞങ്ങളെ മറന്നുവെന്ന് മണിപ്പൂരിലെ സ്​ത്രീകൾ

2024 ഏപ്രിൽ 3. ഇംഫാലിലെ ‘ഇമാ കെയ്തേൽ’ (അമ്മമാരുടെ മാർക്കറ്റ്) ഒരിക്കൽകൂടി ശക്തമായ പ്രതിഷേധത്തിന് സാക്ഷ്യം വഹിക്കുകയുണ്ടായി. മണിപ്പൂർ കലാപം ആരംഭിച്ച് വർഷം ഒന്നാകാറായിട്ടും അവിടത്തെ കലാപത്തീ അണക്കാൻ കേന്ദ്ര-സംസ്​ഥാന സർക്കാറുകൾക്ക് സാധിക്കാത്തതിൽ സ്​ത്രീകളുടെ പ്രതിഷേധം രേഖപ്പെടുത്തുന്നതിനാണ് ഇമാ കെയ്തേലിലെ കച്ചവടക്കാരായ സ്​ത്രീകൾ രംഗത്തിറങ്ങിയത്. ഇമാ കെയ്തേൽ, സ്​ത്രീകൾ മാത്രം കച്ചവടക്കാരായ, ലോകത്തിലെ ഏക മാർക്കറ്റാണ്. ‘മണിപ്പൂർ കെയ്തേൽ ഫാംബി അപുൻബാ ലൂപ്’ വനിതാ വ്യാപാരി സംഘടന സർക്കാറുകളുടെ അവഗണനയിൽ പ്രതിഷേധിച്ച് തെരഞ്ഞെടുപ്പ് ബഹിഷ്കരണത്തിന് ആഹ്വാനം നൽകിയിരിക്കുകയാണ്.

മെയ്തേയ് വിഭാഗത്തിന് പ്രാമുഖ്യമുള്ള ഈ സംഘടന കലാപം ആരംഭിച്ചതിനുശേഷം ഇംഫാൽ താഴ്വരക്കകത്ത് മാത്രമായി വ്യാപാരം ചുരുങ്ങിപ്പോയതി​ന്റെ കെടുതികൾ നേരിട്ട് അനുഭവിച്ചുവരുകയാണ്. കലുഷിതമായ സാമുദായികാന്തരീക്ഷം അവരുടെ കച്ചവടത്തെ പൂർണമായും തകർത്തുകഴിഞ്ഞിരിക്കുന്നു. ഭരണകൂടവുമായി നേരിട്ട് ബന്ധപ്പെട്ടു നിൽക്കുന്ന മെയ്തേയ് സമ്പന്ന വിഭാഗത്തി​ന്റെ താൽപര്യങ്ങൾ മെയ്തേയ് സമുദായത്തി​ന്റെ പൊതുതാൽപര്യങ്ങളുമായി ഒത്തുപോകുന്നതല്ലെന്ന തിരിച്ചറിവ് ഇന്ന് മണിപ്പൂരിൽ സജീവമാണ്. തെരഞ്ഞെടുപ്പ് ബഹിഷ്കരണത്തിനുള്ള ഇമാ കെയ്തേലി​ന്റെ ആഹ്വാനം വ്യക്തമാക്കുന്നത് ഇതാണ്.

തെരഞ്ഞെടുപ്പ് ബഹിഷ്കരിക്കാനുള്ള തീരുമാനം മെയ്തേയ് വിഭാഗത്തിൽനിന്നു മാത്രമല്ല ഉണ്ടായിട്ടുള്ളത്. മണിപ്പൂരിലെ ഗോത്ര വിഭാഗങ്ങളിൽപെട്ട വിവിധ കുകി-സോ സ്​ത്രീ യുവ സംഘടനകളും സമാനമായ ആഹ്വാനം നൽകിക്കഴിഞ്ഞു. ഒരു വർഷക്കാലമായി തുടരുന്ന കലാപം സാമൂഹിക ജീവിതത്തി​ന്റെ താളംതെറ്റിച്ചുവെന്ന് അവർ അഭിപ്രായപ്പെടുന്നു. ഭരണകൂട സംവിധാനങ്ങൾ ഉപയോഗപ്പെടുത്തി ഗോത്രജനതയെ വംശഹത്യചെയ്യുന്ന നടപടികളാണ് തുടരുന്നതെന്നും അതിനെതിരെ ഗോത്രവിഭാഗങ്ങളുടെ കൂട്ടായ തീരുമാനമാണ് തെരഞ്ഞെടുപ്പ് ബഹിഷ്കരണാഹ്വാനമെന്നും കുകി-സോ സംഘടനകളുടെ കൂട്ടായ്മ വിശദീകരിക്കുന്നു. രാഷ്ട്രീയ പാർട്ടികളിൽനിന്ന് ഭിന്നമായ പ്രവർത്തന പരിപാടികളും പ്രതിരോധ പദ്ധതികളുമായി മുന്നോട്ടുപോകാനാണ് ഗോത്ര സംഘടനകളുടെ കൂട്ടായ്മ തീരുമാനിച്ചിരിക്കുന്നത്.

മണിപ്പൂരിലെ അതിക്രമങ്ങൾക്കു നേരെ സ്​ത്രീപക്ഷ പ്രതിഷേധം

മണിപ്പൂരിലെ അതിക്രമങ്ങൾക്കു നേരെ സ്​ത്രീപക്ഷ പ്രതിഷേധം

 

കാത്തിരിപ്പ് വയ്യ, വാഗ്ദാനങ്ങൾ പാലിക്കൂ: രണ്ടാം കർഷക പ്രക്ഷോഭം

കർഷകപ്രക്ഷോഭം ഇന്ത്യൻ ജനാധിപത്യത്തിന് നൽകിയ ഊർജം ചെറുതല്ല. ഡൽഹി അതിർത്തികളിലെ തെരുവോരങ്ങളിൽ ഒരു വർഷക്കാലം നീണ്ടുനിന്ന സത്യഗ്രഹത്തിലൂടെ മോദിയുടെ ഏകാധിപത്യഭരണത്തെ പിടിച്ചുകുലുക്കാൻ കർഷകർക്ക് സാധിച്ചു. പാർലമെന്റിൽ പാസാക്കപ്പെട്ട മൂന്ന് കാർഷിക നിയമങ്ങൾ പിൻവലിക്കപ്പെട്ടതോടൊപ്പം മിനിമം സഹായവില നിയമപരമായി നടപ്പിലാക്കുമെന്നതടക്കമുള്ള നിരവധി വാഗ്ദാനങ്ങൾ നൽകിയാണ് മോദി പ്രക്ഷോഭകരെക്കൊണ്ട് സമരം അവസാനിപ്പിച്ചത്. എന്നാൽ, പ്രക്ഷോഭം അവസാനിച്ച് ഒരു വർഷം കഴിഞ്ഞിട്ടും വാഗ്ദാനങ്ങൾ പാലിക്കാൻ സർക്കാർ തയാറാകാതെ വന്നപ്പോഴാണ് കർഷക സംഘടനകളിൽ ഒരുവിഭാഗം പ്രക്ഷോഭ രംഗത്തേക്കിറങ്ങാൻ തീരുമാനിച്ചത്.

2024 ഫെബ്രുവരി 13ന് കർഷക സംഘടനകളിൽ ഒരു വിഭാഗം –സംയുക്ത കിസാൻ മോർച്ച (നോൺ പൊളിറ്റിക്കൽ) –ഡൽഹി അതിർത്തികളിലേക്ക് മാർച്ച് നടത്തുകയുണ്ടായി. പ്രധാനമായും പഞ്ചാബ്, ഹരിയാന സംസ്​ഥാനങ്ങളിൽനിന്നുള്ള പതിനായിരക്കണക്കിന് കർഷകരാണ് ഡൽഹിയിലെ ശംഭു, ഖനൗരി അതിർത്തികൾ കേന്ദ്രീകരിച്ച് ഡൽഹി നഗരത്തിലേക്ക് മാർച്ച് നടത്താനായി എത്തിച്ചേർന്നത്. തീർച്ചയായും ഇന്ത്യൻ ഭരണകൂടം, മുൻകാലങ്ങളിലെന്നപോലെ ഏറ്റവും നിർലജ്ജമായ രീതിയിലാണ് കർഷകരുടെ സമാധാനപൂർണമായ പ്രക്ഷോഭത്തെ എതിരിട്ടതെന്ന് നാം കണ്ടു. രണ്ടാം കർഷക പ്രക്ഷോഭത്തിൽ പത്തോളം ആവശ്യങ്ങളാണ് കർഷക സംഘടനകൾ മുന്നോട്ടുവെച്ചത്.

ഡൽഹി അതിർത്തികളിൽ ഇപ്പോൾ സമരത്തിലില്ലാത്ത കർഷക സംഘടനകളും ഇതേ ആവശ്യങ്ങൾ ഉന്നയിച്ച് വ്യത്യസ്​ത രീതിയിൽ പ്രക്ഷോഭത്തിലാണെന്നതും ഇവിടെ ഓർമിക്കേണ്ടതുണ്ട്. സംയുക്ത കിസാൻ മോർച്ചയുടെ നേതൃത്വത്തിൽ ഡൽഹിയിലെ രാംലീല മൈതാനിയിൽ മാർച്ച് 14ന് പതിനായിരങ്ങളെ അണിനിരത്തി നടത്തിയ കർഷക മഹാപഞ്ചായത്തിലും ഉന്നയിക്കപ്പെട്ടത് ഇതേ ആവശ്യങ്ങൾ തന്നെയായിരുന്നു.

1. മിനിമം താങ്ങുവില നിയമപരമായ അവകാശമായി അംഗീകരിച്ച് നടപ്പാക്കുക, 2. 2020-21 കാലയളവിലെ കർഷക പ്രതിഷേധത്തിനിടെ പ്രക്ഷോഭകർക്കെതിരെ രാജ്യവ്യാപകമായി ചുമത്തിയ എല്ലാ കേസുകളും പിൻവലിക്കുക, 3. ലഖിംപുർ-ഖേരി കൂട്ടക്കൊലക്ക് ഇരകളായവർക്ക് നീതി ഉറപ്പാക്കുക, 4. വൈദ്യുതി (ഭേദഗതി) നിയമം -2023 റദ്ദാക്കുക, 5. സ്വാമിനാഥൻ കമീഷൻ റി​േപ്പാർട്ട് നിർദേശിക്കുന്ന സി 2 + 50 ഫോർമുലയിൽ മിനിമം സഹായവില നിയമപരമായി ഉറപ്പാക്കുക, 6. രാജ്യവ്യാപകമായി മുഴുവൻ കർഷകരുടെയും തൊഴിലാളി സമൂഹത്തി​ന്റെയും വായ്പകൾ എഴുതിത്തള്ളുക, 7. ഇന്ത്യ ലോക വ്യാപാര സംഘടനയിൽനിന്ന് പുറത്തുപോകുക, 8. കാർഷിക ഉൽപന്നങ്ങളുടെ ഇറക്കുമതി തീരുവ കുറക്കുന്നതും ഇന്ത്യൻ കർഷകരെ േദ്രാഹിക്കുന്നതും അവസാനിപ്പിക്കുക, 9. ഇറക്കുമതി തീരുവ വർധിപ്പിച്ച് ഇന്ത്യൻ കർഷകർക്ക് പ്രയോജനം ചെയ്യുമെന്ന വാഗ്ദാനം പാലിക്കുക, 10. 2013ന് മുമ്പുള്ള ഭൂമി ഏറ്റെടുക്കൽ നിയമം പുനരുജ്ജീവിപ്പിക്കുക എന്നിവയാണവ.

ഇവ കൂടാതെ ആദിവാസി വനാവകാശം നടപ്പാക്കുന്നത് സംബന്ധിച്ച ആവശ്യങ്ങളും കർഷകർ ഉന്നയിക്കുന്നുണ്ടെന്ന കാര്യം വിസ്​മരിക്കാവുന്നതല്ല. ഈ ലേഖനം തയാറാക്കുമ്പോൾ ഡൽഹി അതിർത്തികളിലെ രണ്ടാം കർഷക പ്രക്ഷോഭം 52 ദിനങ്ങൾ പിന്നിട്ടുകഴിഞ്ഞിരിക്കുകയാണ്. ഇക്കാലയളവിൽ പന്ത്രണ്ടോളം കർഷകർ സമരഭൂമിയിൽ രക്തസാക്ഷികളായി. പൊലീസ്​ വെടിവെപ്പിൽ തലക്ക് വെടിയേറ്റ് മരിച്ച യുവ കർഷകൻ ശുഭ് ചരൺ സിങ്ങിന്റെ ഓർമകളുമായി പ്രക്ഷോഭത്തിലുള്ള കർഷക സംഘടനകൾ രാജ്യം മുഴുവൻ സഞ്ചരിച്ചുകൊണ്ടിരിക്കുകയാണ്. കർഷക പ്രക്ഷോഭത്തിന് ദേശീയതലത്തിൽ പിന്തുണ ഉറപ്പാക്കുക കൂടി ഈ യാത്രയുടെ ലക്ഷ്യമാണ്. ഇതിനിടയിൽ ബി.ജെ.പിയുടെയും അവരുടെ സഖ്യകക്ഷിയായ ജെ.ജെ.പിയുടെയും സ്​ഥാനാർഥികൾ ഗ്രാമങ്ങളിൽ പ്രവേശിക്കുന്നത് കർഷകർ തടയുന്ന കാഴ്ചകളും പുറത്തുവന്നുകൊണ്ടിരിക്കുകയാണ്.

എദ്ദേളു കർണാടക തൊട്ട് മിഷൻ സേവ് കോൺസ്റ്റിറ്റ്യൂഷൻ വരെ: സിവിൽ സൊസൈറ്റി പ്രസ്​ഥാനങ്ങൾ വേദി കൈയടക്കുന്നു.ജനാധിപത്യവും ഭരണഘടനാ സ്വാതന്ത്ര്യവും സംരക്ഷിക്കുന്നതിനുവേണ്ടി രൂപംകൊണ്ട ‘മിഷൻ സേവ് കോൺസ്റ്റിറ്റ്യൂഷൻ’ പ്രസ്​ഥാനം പതുക്കെ രാജ്യത്തെ യുവജനങ്ങളെ ആകർഷിച്ചുകൊണ്ടിരിക്കുകയാണ്. രാജ്യതലസ്​ഥാനത്ത് ഇലക്േട്രാണിക് വോട്ടുയന്ത്രത്തിനെതിരായി സുപ്രീംകോടതി അഭിഭാഷകൻ മഹമൂദ് പ്രാച്ച, ഭാനുപ്രതാപ് മേഹ്ത, പ്രകാശ് അംബേദ്കർ എന്നിവരുടെ നേതൃത്വത്തിൽ രൂപവത്കരിച്ച ‘മിഷൻ സേവ് കോൺസ്റ്റിറ്റ്യൂഷൻ’ കോടതിമുറികളിലും തെരുവുകളിലും ഒരുപോലെ പ്രവർത്തിക്കുകയാണ്. ഭരണപക്ഷ പാർട്ടികൾ ഒഴികെ രാജ്യത്തെ പ്രതിപക്ഷ നിരയിലുള്ളവരെല്ലാം ഇലക്േട്രാണിക് വോട്ടുയന്ത്രത്തിൽ കൃത്രിമം കാണിക്കാനുള്ള സാധ്യത അംഗീകരിക്കുമ്പോൾതന്നെയും ‘മിഷൻ സേവ് കോൺസ്റ്റിറ്റ്യൂഷൻ’ പ്രസ്​ഥാനത്തെ അകമഴിഞ്ഞ് പിന്തുണക്കാൻ മടിക്കുന്നതും ശ്രദ്ധേയമാണ്.

ഉത്തർപ്രദേശിൽ ചോദ്യപേപ്പർ ചോർച്ചയുമായി ബന്ധപ്പെട്ട് യുവജനങ്ങൾക്കിടയിൽ ഉയർന്നുവന്ന പ്രതിഷേധം ശക്തമായൊരു മൂവ്മെന്റായി മാറിക്കൊണ്ടിരിക്കുന്ന കാഴ്ചയും നാം കണ്ടുകൊണ്ടിരിക്കുന്നു. സാമ്പ്രദായിക വിദ്യാർഥി യുവജന പ്രസ്​ഥാനങ്ങളുടെ നേതൃത്വത്തിൻ കീഴിലല്ലാതെ, വ്യത്യസ്​ത രാഷ്ട്രീയ സംഘടനകളിൽപെട്ട യുവജനങ്ങളാണ് ഈ മുന്നേറ്റത്തെ നയിക്കുന്നത്. തൊഴിലില്ലായ്മ അടക്കമുള്ള നിരവധി പ്രശ്നങ്ങൾ യുവജനങ്ങളുടെ ഇടയിൽ അസ്വസ്​ഥതകൾ വളർത്തിക്കൊണ്ടിരിക്കുകയാണ്. ഈ അസ്വസ്​ഥതകൾ കൂടുതൽ ശക്തമായ പുതിയ മുന്നേറ്റങ്ങൾക്ക് വഴിയൊരുക്കാനുള്ള സാധ്യതകൾ തള്ളിക്കളയാനാകില്ല.

പൗരത്വ ഭേദഗതി നിയമത്തിനെതിരായി ഡൽഹിയിലെ ശാഹീൻബാഗിൽ ഉയർന്നുവന്ന പ്രക്ഷോഭം രാജ്യത്തി​ന്റെ വിവിധ ഭാഗങ്ങളിലേക്ക് പടർന്നുവെങ്കിലും കൊറോണ മഹാമാരിയുടെ പേര് പറഞ്ഞ് അതിനെ ഇല്ലാതാക്കുന്നതിൽ ഭരണകൂടം വിജയിക്കുകയുണ്ടായി. പുതിയ പൗരത്വ ഭേദഗതി നിയമം അതി​ന്റെ ജനവിരുദ്ധത കൂടുതൽ ദൃശ്യമാക്കുന്നതോടെ പൗരത്വ പ്രക്ഷോഭം ശക്തിയാർജിക്കുമെന്നതിൽ തർക്കമൊന്നുമില്ല.

സവിശേഷ ആവശ്യങ്ങൾ ഉയർത്തിക്കൊണ്ട് സജീവമായ ജനകീയ മുന്നേറ്റങ്ങളോടൊപ്പംതന്നെ ജനാധിപത്യത്തെ സംരക്ഷിക്കാനുള്ള സിവിൽ സമൂഹ ഇടപെടലുകളും രാജ്യത്ത് സജീവമാകുന്ന കാഴ്ചകളും നാം കാണുന്നുണ്ട്. കർണാടകയിൽ ബി.ജെ.പിയുടെ പതനത്തിനും കോൺഗ്രസിന്റെ അധികാരലബ്ധിക്കും ഒരളവുവരെ കാരണമായത് എദ്ദേളു കർണാടക എന്ന സിവിൽ മൂവ്മെന്റിന്റെ ചിട്ടയായ പ്രവർത്തനംകൊണ്ടുകൂടിയാണെന്നത് തർക്കമറ്റ സംഗതിയാണ്. സമാനമായ രീതിയിൽ തെലങ്കാനയിൽ രൂപംകൊണ്ട ജാഗോ തെലങ്കാന, തെലങ്കാന സമാഖ്യ, ഭാരത് ജോഡോ അഭിയാൻ തുടങ്ങിയ സിവിൽ സമൂഹ സംഘടനകൾ അടിസ്​ഥാന ജനാധിപത്യവും മതേതരത്വവും നിലനിർത്തുന്നതിനായുള്ള ഇടപെടലുകൾ ശക്തമാക്കിക്കൊണ്ടിരിക്കുകയാണ്.

ഇലക്ടറൽ ബോണ്ട് അഴിമതി, ഇലക്േട്രാണിക് വോട്ടുയന്തത്തി​ന്റെ ഉപയോഗം തുടങ്ങിയ പ്രശ്നങ്ങൾ ഉയർത്തിക്കൊണ്ട് നീതിന്യായ വ്യവസ്​ഥയെ ജാഗ്രത്താക്കുന്ന പ്രവർത്തനങ്ങളിലെ സിവിൽ സമൂഹ ഇടപെടലുകൾ ജനാധിപത്യ വ്യവസ്​ഥയിൽ പ്രതീക്ഷ പകരുന്നവയാണ്. സുപ്രീംകോടതിയുടെ സമയോചിതമായ ഇടപെടലുകൾ ഇല്ലായിരുന്നുവെങ്കിൽ ഒരിക്കലും പുറത്തുവരാൻ സാധ്യതയില്ലാത്ത വൻ അഴിമതിയായിരുന്നു ഇലക്ടറൽ ബോണ്ട് വഴി ബി.ജെ.പി നടത്തിയത്.

2011ൽ കോൺഗ്രസിന്റെ അഴിമതിക്കെതിരായി ഉയർന്നുവന്ന ‘ഇന്ത്യ എഗൻസ്റ്റ് കറപ്ഷൻ’ പ്രസ്​ഥാനം ഇന്ത്യൻ രാഷ്ട്രീയ സാമൂഹിക മണ്ഡലത്തിൽ വലിയ ചലനങ്ങൾ സൃഷ്​ടിച്ചിരുന്നു. രാഷ്ട്രീയ പാർട്ടികളെയും നേതാക്കളെയും സംബന്ധിച്ച അവിശ്വാസം ജനങ്ങളിൽ സൃഷ്​ടിക്കുക എന്ന ദൗത്യം അണ്ണാ ഹസാരെയുടെയും അരവിന്ദ് കെജ്രിവാളി​ന്റെയും നേതൃത്വത്തിലുള്ള ഈ പ്രസ്​ഥാനം വിജയകരമായി നിർവഹിച്ചുവെന്ന് പറയാം. ഇന്ത്യയിലെ വിവിധങ്ങളായ സാമൂഹിക പ്രസ്​ഥാനങ്ങളെ ഒരുമിച്ച് ചേർത്തുകൊണ്ട് കടന്നുവന്ന ഇന്ത്യ എഗൻസ്റ്റ് കറപ്ഷൻ പ്രസ്​ഥാനം പിന്നീട് അപ്രത്യക്ഷമാകുകയും അതിൽ ഒരുവിഭാഗം ആം ആദ്മി പാർട്ടി രൂപവത്കരിച്ച് രാഷ്ട്രീയാധികാര പ്രവേശം നേടുകയുംചെയ്തു.

സമാനമായ രീതിയിൽ ഇന്ത്യയിലെ വിവിധങ്ങളായ ജനകീയ പ്രതിപക്ഷത്തെ ഒരുമിച്ച് ചേർക്കാൻ സാധിച്ചിട്ടില്ലെങ്കിൽകൂടിയും ഇന്ത്യൻ ജനാധിപത്യ ശരീരത്തിൽ ഉൾച്ചേർന്നിരിക്കുന്ന പ്രതിപക്ഷ ബോധ്യം പലരീതിയിൽ ഉയിർത്തെഴുന്നേൽക്കുന്ന കാഴ്ചകളാണ് ചുറ്റും കണ്ടുകൊണ്ടിരിക്കുന്നത്. നരേന്ദ്ര മോദിയുടെയും ഭാരതീയ ജനതാ പാർട്ടിയുടെയും സ്വേച്ഛാധിപത്യ ഭരണത്തിൽനിന്നും ഇന്ത്യൻ ജനാധിപത്യത്തെ രക്ഷിച്ചെടുക്കാൻ ഈ ജനകീയ പ്രതിപക്ഷത്തിന് സാധിക്കുമോ എന്നത് കണ്ടറിയേണ്ടതാണ്.

News Summary - weekly articles