Begin typing your search above and press return to search.
proflie-avatar
Login

സന്ദേശമായി മാറുന്ന ജീവിതങ്ങൾ

സന്ദേശമായി  മാറുന്ന   ജീവിതങ്ങൾ
cancel

ഫെബ്രുവരി 5ന്​ വിടവാങ്ങിയ മുതിർന്ന മാധ്യമപ്രവർത്തകൻകൂടിയായ റഹീം പൂവാട്ടുപറമ്പി​െന ഒാർമിക്കുന്നു: ‘‘സിനിമയുടെ 110 വർഷത്തിൽ അത്രമേൽ ചലച്ചിത്രപ്രതിഭകളെ ഓർത്ത് ആദരിച്ച മറ്റൊരു മനുഷ്യൻ കേരളത്തിലുണ്ടാകില്ല. അത് അന്വേഷിച്ചു കണ്ടുപിടിക്കാൻ ഒരസാധാരണ കഴിവ് റഹീമിനുണ്ടായിരുന്നു.’’“ഞങ്ങളുടെ ഡാഡി ഇന്ന് (05/02/2024) പുലർച്ച 2 മണിക്ക് ഞങ്ങളെ വിട്ടുപോയ വിവരം അറിഞ്ഞു കാണുമല്ലോ. മൃതദേഹം ഇന്ന് ടൗൺഹാളിൽ 4 മണി മുതൽ പൊതുദർശനത്തിനു വെക്കുന്നതാണ്. ശേഷം ബന്ധുക്കൾക്കും നാട്ടുകാർക്കും അന്ത്യോപചാരം അർപ്പിക്കുവാൻ ചെറൂപ്പ അക്ഷരം വീട്ടിൽ കൊണ്ടുവരുകയും, ശേഷം അദ്ദേഹത്തി​ന്റെ വിൽപത്രം പ്രകാരം ശരീരം കോഴിക്കോട് മെഡിക്കൽ കോളജിനു...

Your Subscription Supports Independent Journalism

View Plans

ഫെബ്രുവരി 5ന്​ വിടവാങ്ങിയ മുതിർന്ന മാധ്യമപ്രവർത്തകൻകൂടിയായ റഹീം പൂവാട്ടുപറമ്പി​െന ഒാർമിക്കുന്നു: ‘‘സിനിമയുടെ 110 വർഷത്തിൽ അത്രമേൽ ചലച്ചിത്രപ്രതിഭകളെ ഓർത്ത് ആദരിച്ച മറ്റൊരു മനുഷ്യൻ കേരളത്തിലുണ്ടാകില്ല. അത് അന്വേഷിച്ചു കണ്ടുപിടിക്കാൻ ഒരസാധാരണ കഴിവ് റഹീമിനുണ്ടായിരുന്നു.’’

“ഞങ്ങളുടെ ഡാഡി ഇന്ന് (05/02/2024) പുലർച്ച 2 മണിക്ക് ഞങ്ങളെ വിട്ടുപോയ വിവരം അറിഞ്ഞു കാണുമല്ലോ. മൃതദേഹം ഇന്ന് ടൗൺഹാളിൽ 4 മണി മുതൽ പൊതുദർശനത്തിനു വെക്കുന്നതാണ്. ശേഷം ബന്ധുക്കൾക്കും നാട്ടുകാർക്കും അന്ത്യോപചാരം അർപ്പിക്കുവാൻ ചെറൂപ്പ അക്ഷരം വീട്ടിൽ കൊണ്ടുവരുകയും, ശേഷം അദ്ദേഹത്തി​ന്റെ വിൽപത്രം പ്രകാരം ശരീരം കോഴിക്കോട് മെഡിക്കൽ കോളജിനു വിട്ടുനൽകുകയും ചെയ്യുന്നതാണ്…” മതമില്ലാത്ത ജീവനായി ജീവിച്ച റഹീം പൂവാട്ടുപറമ്പി​ന്റെ ഫേസ്ബുക്ക് പേജിൽ അദ്ദേഹത്തി​ന്റെ പ്രിയപ്പെട്ട മക്കൾ കുറിച്ചിട്ടിരുന്നു. നേരത്തേ മരണവിവരവും മക്കൾ ഫേസ്ബുക്കിലൂടെ പങ്കിട്ടതനുസരിച്ചാണ് ലോകം അറിഞ്ഞത്. ടൗൺഹാളിൽ നഗരത്തി​ന്റെ അന്തിമ പ്രണാമമേറ്റു വാങ്ങി വൈകിട്ടോടെ കോഴിക്കോട്ടുനിന്ന് ചെറൂപ്പയിലുള്ള വീട് വഴി റഹീം മെഡിക്കൽ കോളജിലേക്കുള്ള അന്തിമയാത്ര പുറപ്പെട്ടു.

മൃതദേഹം മെഡിക്കൽ കോളജ് വിദ്യാർഥികളുടെ പഠന ആവശ്യങ്ങൾക്കായി വിട്ടുകൊടുക്കാൻ മുൻകൂട്ടി തീരുമാനമെടുക്കുക –അത്രത്ര പരിചയമില്ലാത്ത ഒരാചാരമാണ് നഗരത്തിന്. എന്നും വേറിട്ടവഴികളിലൂടെ സഞ്ചരിച്ച റഹീമി​ന്റെ ആ തിരഞ്ഞെടുപ്പിനൊപ്പം കുടുംബം ഉറച്ചുനിന്നു. ഡോ. പ്രിയങ്കയും രാഹുൽ റഹീമും (സബ് എഡിറ്റർ, സുപ്രഭാതം) മക്കൾ. നിധിൻ മരുമകനാണ്. റീനയാണ് ജീവിതപങ്കാളി. മതേതരത്വം ജീവിതവ്രതമാക്കിയ അത്തരം കുടുംബങ്ങൾ വലിയ സന്ദേശമാണ് പകരുന്നത്.

 

കോഴി​ക്കോട്​ ടൗൺഹാളിൽ റഹീം പൂവാട്ടുപറമ്പി​ന്റെ മൃതദേഹത്തിൽ എഴുത്തുകാരി കെ.പി. സുധീര ആദരം അർപ്പിക്കുന്നു

കോഴി​ക്കോട്​ ടൗൺഹാളിൽ റഹീം പൂവാട്ടുപറമ്പി​ന്റെ മൃതദേഹത്തിൽ എഴുത്തുകാരി കെ.പി. സുധീര ആദരം അർപ്പിക്കുന്നു

കോഴിക്കോട് ടൗൺഹാളിൽനിന്ന് റഹീമിന് അവസാന യാത്ര പറയുമ്പോൾ പണ്ടെപ്പോഴോ ഇതുപോലെ മറ്റാരെയോ യാത്രയാക്കാൻ മെഡിക്കൽ കോളജ് മോർച്ചറി വരെ പോയിരുന്നത് ഓർത്തു. പെട്ടെന്ന് ആ പേര് ഓർമയിൽ വന്നില്ല. മുന്നിൽ വർഷങ്ങൾ ഒരു മൂടലായി നിന്നു. അത് നീങ്ങിയപ്പോൾ ആ പേര് മറവിയിൽനിന്ന് പുറത്തേക്കു വന്നു: ഉണ്ണി നാരായണൻ. സംവിധായകൻ ഹരിഹര​ന്റെ സന്തതസഹചാരിയായിരുന്ന മലയാള സിനിമയിലെ തലമുതിർന്ന അസോസിയറ്റ് ഡയറക്ടറായിരുന്ന ഉണ്ണി നാരായണ​ന്റെ മൃതദേഹം മെഡിക്കൽ കോളജിലേക്ക് കൊണ്ടുപോയപ്പോഴായിരുന്നു ആ യാത്ര.

മൃതദേഹം മെഡിക്കൽ കോളജിലേക്ക് കൈമാറൽ ഒരു ചടങ്ങാണ്. അവസാന സംസ്കാര കർമം അതുതന്നെ. എന്നാൽ, ശേഷമായിരുന്നു മദിരാശിയിൽനിന്നും സംവിധായകൻ ഹരിഹരൻ കുതിച്ചെത്തിയത്. മെഡിക്കൽ കോളജ് പ്രിൻസിപ്പലി​ന്റെ പ്രത്യേക അനുമതിയോടെ അദ്ദേഹത്തിന് അന്തിമോപചാരമർപ്പിക്കാൻ വീണ്ടും അവസരമുണ്ടാക്കി. അസാധാരണ നടപടിയായിരുന്നു അത്. അകത്തേക്ക് കൊണ്ടുപോയിക്കഴിഞ്ഞാൽ പിന്നെ പുറത്തേക്കില്ല എന്നാണ്.

‘ഒരു വടക്കൻ വീരഗാഥ’, ‘ഒളിയമ്പുകൾ’, ‘മയൂഖം’, ഏഴാമത്തെ വരവ്’... തുടങ്ങി നീണ്ടകാലം ഹരിഹരൻ സിനിമകളുടെയൊക്കെ അസോസി​േയറ്റ് ഡയറക്ടറായിരുന്നു ഉണ്ണി നാരായണൻ. അവസാനം ഒരു സിനിമ സംവിധാനം ചെയ്യുക സ്വപ്നം കണ്ട് തുടങ്ങിയപ്പോഴാണ് എല്ലാം അർബുദത്തിൽ തട്ടി നിശ്ചലമാകുന്നത്. മരണത്തി​ന്റെ ഏതറ്റത്ത് എത്തി നിൽക്കുമ്പോഴും സിനിമ സ്വപ്നം കാണുന്നവർ ആ സ്വപ്നം ഉപേക്ഷിക്കില്ല.

 

റഹീം പൂവാട്ടുപറമ്പി​ന്റെ അന്ത്യയാത്രക്ക്​ കോഴിക്കോട്​ ടൗൺഹാളിൽ എത്തിയവർ

റഹീം പൂവാട്ടുപറമ്പി​ന്റെ അന്ത്യയാത്രക്ക്​ കോഴിക്കോട്​ ടൗൺഹാളിൽ എത്തിയവർ

‘‘ഒന്ന് എഴുന്നേൽക്കാനായിട്ടു വേണം ഒരു സിനിമ ചെയ്യാൻ, നീയെനിക്ക് ഒരു തിരക്കഥ എഴുതിത്തരണം” എന്ന് മരണക്കിടക്കയിൽ കാണാൻ ചെന്നപ്പോൾ ദീദിയോട് ആവശ്യപ്പെട്ടിരുന്നു. സ്വപ്നം കത്തിനിന്നിരുന്നു ആ മനസ്സിലപ്പോഴും. സ്വന്തം മൃതദേഹം മെഡിക്കൽ കോളജിന് പഠനോപകരണമായി നൽകാനുള്ള തീരുമാനമെടുക്കുന്നതിന് അതൊന്നും ഒരു തടസ്സവുമല്ലായിരുന്നു എന്നു മാത്രം. 2014 സെപ്റ്റംബർ 25ന് ഉണ്ണിയേട്ടൻ മെഡിക്കൽ കോളജിലേക്ക് എന്നെന്നേക്കുമായി വിടപറഞ്ഞു.

സിനിമക്കാർക്ക് സിനിമ മാത്രമായിരുന്നു എങ്കിലും തിരുവണ്ണൂർക്കാർക്ക് ഉണ്ണി നാരായണൻ അനീതിക്കെതിരെ കലാപംചെയ്യുന്ന ഒരു സഖാവ് കൂടിയായിരുന്നു. കേരളത്തിൽ കമ്യൂണിസ്റ്റ് പാർട്ടിക്ക് വിത്തിട്ട സഖാവ് പി. കൃഷ്ണപിള്ളയുടെ ഓർമകൾ സൂക്ഷിക്കുന്ന തിരുവണ്ണൂർ കോട്ടൺമിൽ അടച്ചുപൂട്ടിയ പ്രശ്നത്തിലും മാവൂർ ഗ്വാളിയർ റയോൺസിലെ മലിനീകരണം അർബുദം പരത്തുന്നു എന്ന വിഷയത്തിലുമൊക്കെ ഉണ്ണി നാരായണൻ നയിക്കുന്ന ഉജ്ജ്വലപ്രകടനങ്ങൾക്ക് ഞാൻ സാക്ഷിയായിരുന്നിട്ടുണ്ട്.

ഇതെഴുതുമ്പോൾ ഉണ്ണി നാരായണ​ന്റെ ഫേസ്ബുക്ക് പേജിൽ ഒന്ന് ചെന്നു നോക്കി. കഴിഞ്ഞ പത്തു വർഷമായി അവിടെ ഇപ്പോഴും പിറന്നാളിന് ആശംസ അർപ്പിക്കുന്ന സുഹൃത്തുക്കളുണ്ട്. മരിച്ചിട്ടില്ലെന്നപോലെ അദ്ദേഹത്തെ ടാഗ് ചെയ്യുന്നവർ ഇപ്പോഴുമുണ്ട്. പത്ത് വർഷത്തിനപ്പുറത്തേക്ക് തിരിച്ചുപോയാലേ ഉണ്ണിയേട്ട​ന്റെ ഒരു പോസ്റ്റ് കാണാനാവൂ. ത​ന്റെ ഗുരു ഹരിഹരനുമൊത്തുള്ള വർക്കിങ് സ്റ്റില്ലുകളാണ് അദ്ദേഹത്തി​ന്റെ വിലപിടിപ്പുള്ള ഓർമകൾ. കാലാന്തരത്തിൽ മെഡിക്കൽ കോളജ് വിദ്യാർഥികളുടെ പാഠപുസ്തകമായി എന്ന് ആ ഓർമപ്പുസ്തകത്തിൽ എവിടെയും രേഖപ്പെടുത്തിക്കണ്ടില്ല. നിറവേറ്റപ്പെടാത്ത സ്വപ്നങ്ങളുടെ സ്മാരകമായി ആ പേര് ആരുടെയെല്ലാമോ ഓർമകളിൽ അലിഞ്ഞുചേർന്നു കിടപ്പുണ്ടാകും.

 

മൊ​യ്തു മൗ​ല​വി​ക്കൊ​പ്പം റ​ഹീം പൂ​വാ​ട്ടുപ​റ​മ്പ്

മൊ​യ്തു മൗ​ല​വി​ക്കൊ​പ്പം റ​ഹീം പൂ​വാ​ട്ടുപ​റ​മ്പ്

റഹീം പൂവാട്ടുപറമ്പും അന്തിമയാത്ര ചൊല്ലിയത് കോഴിക്കോട് മെഡിക്കൽ കോളജ് വിദ്യാർഥികൾക്ക് പഠനോപകരണമാകാനാണ്.‘‘പ്രിയ സഹോദരാ വിട –ഇന്നാണല്ലോ അങ്ങ് യാത്രയാവുന്നത്– ശ്മശാനത്തിലേക്കല്ല, പള്ളിയിലേക്കല്ല നിത്യനിദ്രക്കായി പോയത്. മെഡിക്കൽ വിദ്യാർഥികൾക്ക് പഠനോപകരണമാവാനാണ്. എത്ര ഉൽകൃഷ്ടമായ ദീർഘദർശിത്വമാണ് ഈ തീരുമാനം! നല്ലവനായ അങ്ങേക്ക് കണ്ണീരോടെ വിട... വിട” എന്ന് എഴുത്തുകാരി കെ.പി. സുധീര ആ മരണത്തെ ത​ന്റെ ഫേസ്ബുക്ക് പേജിൽ രേഖപ്പെടുത്തിെവച്ചിട്ടുണ്ട്.

മരിക്കുമ്പോൾ അറുപത് വയസ്സായിരുന്നു റഹീമിന്. 2024 ഫെബ്രുവരി അഞ്ചിന് പുലർച്ച ഹൃദയാഘാതത്തിലായിരുന്നു ആ വേർപാട്. സീനിയർ ജേണലിസ്റ്റ്സ് ഫോറത്തി​ന്റെ സജീവ പ്രവർത്തകനായിരുന്ന റഹീം ‘അൽ അമീൻ’, ‘കേരള ടൈംസ്’ പത്രങ്ങളിൽ ലേഖകനായിരുന്നിട്ടുണ്ട്. കാലിക്കറ്റ് പ്രസ് ക്ലബിന്റെ സജീവ പ്രവർത്തകനായിരുന്നു. തിരക്കഥാകൃത്ത്, പ്രൊഡക്ഷൻ കൺട്രോളർ, വിവിധ സാംസ്കാരിക പരിപാടികളുടെ സംഘാടകൻ എന്നീ നിലകളിൽ കോഴിക്കോടി​ന്റെ സജീവസാന്നിധ്യമായിരുന്നു.

ഇരുട്ടിലാണ്ട ജീവിതങ്ങളിലേക്ക് പ്രകാശം പരത്തിയ ഒരു ജീവിതമായിരുന്നു പ്രിയ റഹീമി​ന്റേത്. ജാതിക്കും മതത്തിനും അതീതമായി ഒരു മനുഷ്യന്, ഒരു കുടുംബത്തിന് ജീവിക്കാൻ കഴിയുമെന്ന് തെളിയിച്ച മനുഷ്യൻ. സ്വാതന്ത്ര്യസമര സേനാനി മൊയ്തു മൗലവി മുഖ്യപത്രാധിപരായിരുന്ന ‘അൽ അമീൻ’ എന്ന പത്രത്തി​ന്റെ റിപ്പോർട്ടറായതാണ് റഹീമി​ന്റെ ജീവിതത്തിലെ വഴിത്തിരിവ്. മൊയ്തു മൗലവിയുടെ സന്തതസഹചാരിയുമായിരുന്നു റഹീം.

 

ഉ​ണ്ണി നാ​രാ​യ​ണ​ൻ, ന​ട​ൻ സൈ​ജു കു​റു​പ്പ്, സം​വി​ധാ​യ​ക​ൻ ഹ​രി​ഹ​ര​ൻ, ന​ടി മം​മ​്ത എന്നിവർ ‘മ​യൂ​ഖം’ സിനിമ ലൊ​ക്കേ​ഷ​നിൽ

ഉ​ണ്ണി നാ​രാ​യ​ണ​ൻ, ന​ട​ൻ സൈ​ജു കു​റു​പ്പ്, സം​വി​ധാ​യ​ക​ൻ ഹ​രി​ഹ​ര​ൻ, ന​ടി മം​മ​്ത എന്നിവർ ‘മ​യൂ​ഖം’ സിനിമ ലൊ​ക്കേ​ഷ​നിൽ

1982ൽ 18ാം വയസ്സിൽ എന്നെ പത്രപ്രവർത്തകനാക്കിയത് പ്രമുഖ സ്വാതന്ത്ര്യസമര സേനാനിയും നൂറ്റാണ്ടിന്റെ സാക്ഷിയുമായ ഇ. മൊയ്തു മൗലവി സാഹിബാണ്. അന്ന് അദ്ദേഹത്തിന് 96 വയസ്സ്. സ്വാതന്ത്ര്യസമരത്തിന് ഊർജം പകരാൻ മലബാറിന്റെ വീരപുത്രൻ മുഹമ്മദ് അബ്ദുറഹ്മാൻ സാഹിബ് കോഴിക്കോടുനിന്ന് ആരംഭിച്ച ‘അൽ അമീൻ’ പത്രം, അദ്ദേഹത്തിന്റെ അകാലവിയോഗത്തിനുശേഷം ഇ. മൊയ്തു മൗലവി സാഹിബിന്റെ നേതൃത്വത്തിൽ സായാഹ്നപത്രമായാണ് പ്രസിദ്ധീകരിച്ചിരുന്നത്. മൗലവി സാഹിബിന്റെ മകൻ വി. സുബൈർക്കയായിരുന്നു പത്രാധിപർ.

‘‘അൽ അമീൻ’ സായാഹ്നപത്രത്തിന്റെ റിപ്പോർട്ടറും സബ് എഡിറ്ററുമായാണ് എന്റെ പത്രപ്രവർത്തനം ആരംഭിക്കുന്നത്. എറണാകുളത്തുനിന്നും പ്രസിദ്ധീകരിച്ചിരുന്ന ‘കേരള ടൈംസ്’ പ്രഭാതപത്രത്തിന്റെ കോഴിക്കോട് ജില്ലാ ലേഖകനായി പിന്നീട് രണ്ട് പതിറ്റാണ്ടോളം ജോലിചെയ്യാൻ സാധിച്ചതും അദ്ദേഹത്തിന്റെ അനുഗ്രഹം. ഇതിനിടയിൽ നിരവധി ചലച്ചിത്ര മാസികകളുടെ എഡിറ്ററായും സഹകരിച്ചു.

മുഖ്യമന്ത്രിമാരായിരുന്ന ഇ.എം.എസ്, ഇ.കെ. നായനാർ, കെ. കരുണാകരൻ, എ.കെ. ആന്റണി, സി.എച്ച്. മുഹമ്മദ്‌ കോയ തുടങ്ങിയ മഹാരഥന്മാരെ പരിചയപ്പെടാനും അവരുടെ സ്നേഹം ലഭിക്കാനും സാധിച്ചത് ഞാൻ മൊയ്തു മൗലവി സാഹിബിന്റെ ശിഷ്യനായിരുന്നതുകൊണ്ട് മാത്രമാണ്. ഇവരുമായി മാത്രമല്ല നിരവധി പ്രമുഖരുമായും ബന്ധം സ്ഥാപിക്കാനും അദ്ദേഹം സഹായിച്ചു.

 

ഉ​ണ്ണി നാ​രാ​യ​ണ​ൻ സം​വി​ധാ​യ​ക​ൻ ഹ​രി​ഹ​ര​നൊ​പ്പം

ഉ​ണ്ണി നാ​രാ​യ​ണ​ൻ സം​വി​ധാ​യ​ക​ൻ ഹ​രി​ഹ​ര​നൊ​പ്പം

സ്വാതന്ത്ര്യസമരകാലത്ത് ജയിലിലും പുറത്തുംവെച്ച് ബ്രിട്ടീഷ് പൊലീസിന്റെ ക്രൂരമർദനങ്ങൾ ഏറ്റതിനാലും പ്രായാധിക്യവും കാരണം കൈവിറച്ചിരുന്നതുകൊണ്ട് മൊയ്തു മൗലവിക്ക് എഴുതാൻ സാധിച്ചിരുന്നില്ല. അദ്ദേഹം പറഞ്ഞുതന്നതനുസരിച്ച് ചില പുസ്തകങ്ങളും ലേഖനങ്ങളും എഴുതാനും മുഖ്യമന്ത്രിമാർ, മന്ത്രിമാർ, രാഷ്ട്രീയ നേതാക്കൾ എന്നിവരുമായി കത്തിടപാടുകൾ നടത്താനുമുള്ള മഹാഭാഗ്യം എനിക്ക് ലഭിച്ചു.1886ൽ പൊന്നാനിക്കടുത്ത മാറഞ്ചേരിയിൽ ജനിച്ച മൗലവി സാഹിബ് 1995 ജൂൺ 8ന് 109ാം വയസ്സിലാണ് ഈ ലോകത്തോട് വിടപറഞ്ഞത്. എന്നെ പേരക്കുട്ടിയെപ്പോലെ സ്നേഹിച്ച ഗുരുനാഥന് സ്മരണാഞ്ജലി.

‘‘ഇല്ല വല്ലിപ്പാ അങ്ങ് മരിച്ചിട്ടില്ല. എന്റെ മനസ്സിൽ അങ്ങേക്ക് മരണമില്ല. ഹൃദയാഞ്ജലി’’യെന്ന് റഹീം പൂവാട്ടുപറമ്പ് ത​ന്റെ ഫേസ്ബുക്കിൽ ഗുരുനാഥനെ ഹൃദയത്തോട് ചേർത്തുവെച്ചിട്ടുണ്ട്. പ്രേംനസീറിനെ ഇന്റർവ്യൂ ചെയ്ത മാധ്യമപ്രവർത്തകൻ, നസീറി​ന്റെ അവസാന ചിത്രങ്ങളിലൊന്നായ ‘ധ്വനി’യുടെ പി.ആർ.ഒ എന്നീ നിലകളിൽ ചലച്ചിത്ര പ്രവർത്തകർക്കിടയിൽ കോഴിക്കോട് നഗരത്തി​ന്റെ ഒരു പ്രതിഭാസമായിരുന്നു റഹീം.

പുരസ്കാരങ്ങളുടെ ഒരു ചക്രവർത്തിതന്നെയായിരുന്നു റഹീം പൂവാട്ടുപറമ്പ്. ആയിരക്കണക്കിന് മനുഷ്യരുടെ ജീവിതത്തിലേക്ക് അത് വെളിച്ചംവീശി. ഏത് പുരസ്കാരങ്ങളും ഒരു നിർമിതിയാണ്. ഒരു തിരഞ്ഞെടുപ്പാണ്. പരമോന്നത പുരസ്കാരമായ ഭാരത് രത്നയും പത്മവിഭൂഷണും പത്മശ്രീകളും ജ്ഞാനപീഠവും എല്ലാം. ആ ചരിത്രം നീണ്ടതാണ്. പറയാൻ ഏറെയുള്ളത്. സിനിമയിൽ ആ ചരിത്രം ഒറ്റക്ക് അട്ടിമറിച്ചു റഹീം പൂവാട്ടുപറമ്പ്.

എ​ന്റെ ഓർമയിൽ ഒരു മൂന്ന് പതിറ്റാണ്ടായി മലബാറിൽ റഹീമി​ന്റെ നേതൃത്വത്തിൽ എത്രയോ സിനിമാ സാഹിത്യ പുരസ്കാര മേളകൾ നടന്നു. അതിൽ ഒരിക്കലും പുരസ്കാരിതരാകാത്ത മനുഷ്യരെ തേടി നടന്ന് അവർക്കായി പുരസ്കാരത്തി​ന്റെ, അംഗീകാരത്തി​ന്റെ നിമിഷങ്ങൾ നിർമിച്ചു. തിരസ്കൃതരായ എത്രയോ പേർക്ക് അത് ഇരുട്ടിൽനിന്നും വെളിച്ചത്തിലേക്കുള്ള വഴിയായിരുന്നു. ഒരു നിമിഷം ഞങ്ങളുമുണ്ട് എന്ന് അവരെക്കൊണ്ട് തോന്നിപ്പിച്ച മനുഷ്യൻ. നൂറുകണക്കിന് പ്രതിഭകൾ അങ്ങനെ ആദരിക്കപ്പെട്ടു. സിനിമയുടെ 110 വർഷത്തിൽ അത്രമേൽ ചലച്ചിത്രപ്രതിഭകളെ ഓർത്ത് ആദരിച്ച മറ്റൊരു മനുഷ്യൻ കേരളത്തിലുണ്ടാകില്ല. അത് അന്വേഷിച്ചു കണ്ടുപിടിക്കാൻ ഒരസാധാരണ കഴിവ് റഹീമിനുണ്ടായിരുന്നു.

പുരസ്കാര നിർമിതിക്ക് ഒരു പുരസ്കാരം ഏർപ്പെടുത്തിയാൽ അതിന് ഏറ്റവും ആദ്യം അർഹനായ വ്യക്തി റഹീം പൂവാട്ടുപറമ്പ് ആയിരിക്കും. ജെ.സി. ഡാനിയേലി​ന്റെ മകൻ ഹാരിസ് ഡാനിയേലിനെ വരെ റഹീം അങ്ങനെ കോഴിക്കോട്ടെത്തിച്ചിട്ടുണ്ട്. തിരസ്കൃതരായ ആരെ ചൂണ്ടിക്കാട്ടിയാലും റഹീം അവരെ അടുത്ത പുരസ്കാര ചടങ്ങിൽ ആദരിക്കും. ആ പട്ടിക വളരെ നീണ്ടതാണ്. അതിൽ ആരു പെട്ടിട്ടില്ല എന്ന് മാത്രമേ അന്വേഷിക്കേണ്ടതുള്ളൂ. എനിക്കും ദീദിക്കും റഹീമി​ന്റെ പട്ടികയിൽ ഉൾപ്പെട്ട് പല തവണ പുരസ്കാരങ്ങൾ കിട്ടിയുണ്ട്.

 

ഉണ്ണി നാരായണൻ

ഉണ്ണി നാരായണൻ

ആയുഷ്കാല നേട്ടത്തിനുള്ള പുരസ്കാരവും അതിൽപെടും. വിട പറയും മുമ്പ് ടി.ദാമോദരൻ മാഷെ വിളിച്ച് അവാർഡ് കൊടുക്കാൻ ധൈര്യപ്പെട്ട ഏക മനുഷ്യൻ റഹീം പൂവാട്ടുപറമ്പാണ്. എന്നും സ്വയം പുരസ്കാരം നൽകുന്നതുകൊണ്ട് തനിക്കൊരിക്കലും പുരസ്കാരങ്ങൾക്ക് പിറകെ പോകേണ്ടിവന്നിട്ടില്ലെന്ന് പുരസ്കാരങ്ങളുടെ ചരിത്രത്തെ തന്നെ പൊളിച്ചടുക്കിയ പ്രസംഗമായിരുന്നു അന്ന് മാഷ് മഹാറാണിയിൽ നടത്തിയത്. പിന്നെ 2012ൽ, ദാമോദരൻ മാഷി​ന്റെ 10ാം ഓർമ വർഷത്തിന് ആ വർഷത്തെ മികച്ച രാഷ്ട്രീയ സിനിമക്ക് ജിയോ ബേബിക്ക് നൽകി ഒരു പുരസ്കാരം നിർമിച്ചപ്പോൾ റഹീം ആദ്യവസാനം കൂടെനിന്നു.

റഹീമി​ന്റെ ഏറ്റവും വലിയ സാമൂഹികസേവനം പുരസ്കാര നിർമിതിയാണ് എന്ന് പറയാനാവില്ല. അതിലും വലുതാണ് ജാതിക്കും മതത്തിനും അതീതമായ ഒരു ജീവിതം സാധ്യമാണെന്ന് തെളിയിച്ച ആ ജീവിതം. അതാണ് റഹീം പൂവാട്ടുപറമ്പ് എന്ന മനുഷ്യനെ ചരിത്രമാക്കുന്നത്. വലിയ സാംസ്കാരിക നായകന്മാർക്കുപോലും സാധിക്കാത്ത സന്ദേശമാണത്. ജാതിയും മതവും ഇല്ല എന്നതി​ന്റെ സ്വയംപ്രഖ്യാപിത ജീവിതമായിരുന്നു അത്. അതിന് ആരും റഹീം പൂവാട്ടുപറമ്പ് എന്ന മനുഷ്യന് ഒരു പുരസ്കാരം കൊടുത്തുപോയില്ല. റഹീമിനെ ഓർക്കുമ്പോൾ അതും ഓർക്കാതെ വയ്യ.

(തുടരും)

News Summary - weekly articles