Begin typing your search above and press return to search.
proflie-avatar
Login

ഇടതു വർഗ ബഹുജന സംഘടനകൾ ഇങ്ങനെ മതിയോ?

ഇടതു വർഗ ബഹുജന   സംഘടനകൾ ഇങ്ങനെ മതിയോ?
cancel

കേരളത്തിൽ ഇടതുപക്ഷത്തെ സജീവമായ സർവിസ്​ സംഘടനകൾ എന്തുതരം പ്രവർത്തനമാണ്​ നടത്തുന്നത്​? കേവലം സാമ്പത്തിക നേട്ടങ്ങൾ സ്വന്തമാക്കാനുള്ള സംഘടനകളായി ഇവ മാറിയോ? സമൂഹത്തി​ന്റെ മൊത്തം വികാസ​െമന്ന സങ്കൽപത്തിന്​ ഒപ്പം സർവിസ്​ സംഘടനകൾക്ക്​ മുന്നേറാൻ കഴിയുന്നുണ്ടോ? –ചരിത്രകാരനും മുൻ ചരിത്രാധ്യാപകനുമായ ലേഖകൻ ചില വിമർശനങ്ങൾ മുന്നോട്ടുവെക്കുന്നു.‘‘To work, then, Comrades! We are faced with a new and difficult task. But it is a noble and grateful one…” പാർട്ടി സംഘടനയും പാർട്ടി സാഹിത്യവും എന്ന വിഷയത്തെക്കുറിച്ച് ലെനിൻ എഴുതിയ വരികളാണിത്. അക്ഷരാർഥത്തിൽ ഈ വാക്കുകൾ കേരളത്തിലെ ഇടതുപക്ഷ വർഗ ബഹുജന സംഘടനകളുടെ കാര്യത്തിൽ അനിവാര്യമായിരിക്കുന്ന...

Your Subscription Supports Independent Journalism

View Plans

കേരളത്തിൽ ഇടതുപക്ഷത്തെ സജീവമായ സർവിസ്​ സംഘടനകൾ എന്തുതരം പ്രവർത്തനമാണ്​ നടത്തുന്നത്​? കേവലം സാമ്പത്തിക നേട്ടങ്ങൾ സ്വന്തമാക്കാനുള്ള സംഘടനകളായി ഇവ മാറിയോ? സമൂഹത്തി​ന്റെ മൊത്തം വികാസ​െമന്ന സങ്കൽപത്തിന്​ ഒപ്പം സർവിസ്​ സംഘടനകൾക്ക്​ മുന്നേറാൻ കഴിയുന്നുണ്ടോ? –ചരിത്രകാരനും മുൻ ചരിത്രാധ്യാപകനുമായ ലേഖകൻ ചില വിമർശനങ്ങൾ മുന്നോട്ടുവെക്കുന്നു.

‘‘To work, then, Comrades! We are faced with a new and difficult task. But it is a noble and grateful one…”

പാർട്ടി സംഘടനയും പാർട്ടി സാഹിത്യവും എന്ന വിഷയത്തെക്കുറിച്ച് ലെനിൻ എഴുതിയ വരികളാണിത്. അക്ഷരാർഥത്തിൽ ഈ വാക്കുകൾ കേരളത്തിലെ ഇടതുപക്ഷ വർഗ ബഹുജന സംഘടനകളുടെ കാര്യത്തിൽ അനിവാര്യമായിരിക്കുന്ന കാലമാണ് കടന്നുപോയിക്കൊണ്ടിരിക്കുന്നത്.

ജീവനത്തിന്റെയും അതിജീവനത്തിന്റെയും പ്രത്യയശാസ്ത്രമായ കമ്യൂണിസ്റ്റ് പ്രസ്ഥാനത്തിന് കേരളത്തി​ന്റെ പൊതുമണ്ഡലത്തിൽ വേരോട്ടം ഉണ്ടായത് ഇരുപതാം നൂറ്റാണ്ടിന്റെ മധ്യ ദശകങ്ങളിലാണ്. അതിന് ചരിത്രപരമായ ഒട്ടേറെ കാരണങ്ങളുണ്ട്. കൊളോണിയൽ കാലഘട്ടത്തിലെ ചൂഷണാധിഷ്ഠിത സാമൂഹിക സാമ്പത്തിക വ്യവസ്ഥിതിയും ജാത്യാധിഷ്ഠിത ഫ്യൂഡൽ വ്യവസ്ഥിതിയും അവക്കെതിരെ നടന്ന ചെറുത്തുനിൽപ്പുകളും ആധുനിക വിദ്യാഭ്യാസത്തി​ന്റെ വ്യാപനവും ജാതിപരിഷ്കരണ പ്രസ്ഥാനങ്ങൾ സൃഷ്ടിച്ച സാമൂഹിക മാറ്റവും ഉൽപതിഷ്ണുക്കളുടെ പ്രവർത്തനങ്ങളിലൂടെ സംജാതമായ സാമൂഹിക സാംസ്കാരിക രാഷ്ട്രീയ അവബോധവുമൊക്കെ കേരളത്തിൽ അക്കാലത്ത് സോഷ്യലിസ്റ്റ്-കമ്യൂണിസ്റ്റ് ആശയങ്ങൾ സ്വാധീനം ഉറപ്പിക്കുന്നതിന് സാഹചര്യം ഒരുക്കിയ കാര്യങ്ങളിൽ പ്രധാനപ്പെട്ടവയാണ്. അത്തരം ചാലകശക്തികളുടെ പരിണതഫലമായിട്ടാണ് ലോകത്തെ അത്ഭുതപ്പെടുത്തിക്കൊണ്ട് തെരഞ്ഞെടുപ്പിലൂടെ കമ്യൂണിസ്റ്റ് പാർട്ടി 1957ൽ കേരളത്തിൽ അധികാരത്തിലെത്തിയത്.

ഇ.എം.എസ് നമ്പൂതിരിപ്പാടിന്റെ നേതൃത്വത്തിൽ പ്രവർത്തിച്ച അന്നത്തെ കമ്യൂണിസ്റ്റ് പാർട്ടി നേതൃത്വസർക്കാർ ബൂർഷ്വാ ജനാധിപത്യ വ്യവസ്ഥിതിയുടെ പരിമിതിക്കുള്ളിൽനിന്നു തന്നെ ചുരുങ്ങിയ കാലംകൊണ്ട് വിപ്ലവകരമായ ഒട്ടേറെ ഭരണപരിഷ്കരണങ്ങൾ നടപ്പാക്കി. പ്രതിലോമശക്തികളുടെ രണോത്സുകമായ പ്രതിഷേധ സമരങ്ങളും വിധ്വംസക പ്രവർത്തനങ്ങളുംകൊണ്ട് ആ സർക്കാർ കാലാവധി പകുതിപോലുമാകും മുമ്പേ പുറത്താക്കപ്പെട്ടു. എങ്കിൽപോലും കേവലം 28 മാസത്തെ ഹ്രസ്വമായ കാലയളവിൽ ആ സർക്കാർ ആവിഷ്കരിച്ച നടപടികൾ കേരളത്തിലുളവാക്കിയ രാഷ്ട്രീയ-സാമൂഹിക പ്രഭാവം അഭൂതപൂർവമാണ്​.

കേരളം ഇന്ന് ഇന്ത്യയിൽ ധനാത്മകമായ ഒട്ടേറെ കാര്യങ്ങളിൽ മുന്നിൽ നിൽക്കുന്നതിന്റെ അടിസ്ഥാന കാരണം, ഇവിടത്തെ ഇടതുപക്ഷ രാഷ്ട്രീയത്തിന്റെ സ്വാധീനവും ജനകീയ സർക്കാറുകളുടെ പ്രവർത്തനങ്ങളുമാണ്. അതിൽതന്നെ കമ്യൂണിസ്റ്റ് പാർട്ടി നേതൃത്വം നൽകിയ ആദ്യ സർക്കാറിന്റെ വിപ്ലവകരമായ ഭരണ പരിഷ്കരണ നടപടികൾ ആധുനിക കേരളത്തി​ന്റെ വികസനത്തിനും പുരോഗതിക്കും അടിത്തറ പാകി എന്ന കാര്യത്തിൽ ആർക്കും വിയോജിപ്പുണ്ടാകില്ല.

സാമ്പത്തികമായ വേലിക്കെട്ടുകൾ തകർക്കുന്നതിൽ വിജയിച്ചില്ലെങ്കിലും ആദ്യ കമ്യൂണിസ്റ്റ് സർക്കാർ ദുർബല വിഭാഗങ്ങളെ കൊടിയ സാമ്പത്തിക ചൂഷണത്തിൽനിന്ന് കരകയറ്റുന്നതിനുള്ള നടപടികൾ സ്വീകരിച്ചു. ‘കുടിയൊഴിപ്പിക്കൽ നിരോധന നിയമം’ വഴി അടിയാന്മാരുടെയും കുടികിടപ്പുകാരുടെയും ജീവിത സാഹചര്യങ്ങൾ മെച്ചപ്പെടുത്തി. ‘തൊഴിൽ നിയമങ്ങൾ’ ആവിഷ്കരിച്ചതും ‘മിനിമം കൂലി’ ഉറപ്പുവരുത്തിയതും തൊഴിൽ തർക്കങ്ങൾ പരിഹരിക്കുന്നതിന് ആവിഷ്കരിച്ച നടപടികളും പുതിയ പൊലീസ് നയവുമെല്ലാം തൊഴിലാളികളുടെയും പാവപ്പെട്ടവരുടെയും അതിജീവന സാഹചര്യങ്ങൾ മെച്ചപ്പെടുത്തി.

വിദ്യാഭ്യാസ മന്ത്രി പ്രഫസർ ജോസഫ് മുണ്ടശ്ശേരി ആവിഷ്കരിച്ച വിദ്യാഭ്യാസ പരിഷ്കരണ നടപടി കേരളീയ സമൂഹത്തിൽ ഗൗരവതരമായ മാറ്റം ഉളവാക്കി. ആദ്യ കമ്യൂണിസ്റ്റ് സർക്കാർ പൊതു വിദ്യാഭ്യാസത്തി​ന്റെ സംഘാടനത്തെയും ഭൂപരിഷ്കരണ പ്രവർത്തനങ്ങളെയും സാമൂഹികമായ അനിവാര്യതകൾ ആയി തിരിച്ചറിഞ്ഞ്​ ക്രിയാത്മകമായ പ്രവർത്തന പദ്ധതികൾ ആവിഷ്കരിച്ചു. ഭൂപരിഷ്കരണവും കൃഷിയുടെ ആധുനികവത്കരണവും വിദ്യാഭ്യാസ പരിഷ്കരണവും ജനകീയ ആവശ്യങ്ങളായിരുന്നു. കാർഷിക പരിഷ്കരണത്തിനും മെച്ചപ്പെട്ട പൊതുവിദ്യാഭ്യാസം എല്ലാവർക്കും ലഭ്യമാകുന്നതിനും വേണ്ടി ആദ്യ കമ്യൂണിസ്റ്റ് സർക്കാർ ആവിഷ്കരിച്ച നടപടികൾ അടിസ്ഥാന ജനവിഭാഗങ്ങളുടെ ജീവിത സാഹചര്യങ്ങൾ മെച്ചപ്പെടുത്തി.

കുടിയൊഴിപ്പിക്കലിന് എതിരെയും ജന്മിത്തം അവസാനിപ്പിക്കുന്നതിനും കർഷകരുടെ അവകാശ സംരക്ഷണത്തിനുമായി പൊരുതിയ കമ്യൂണിസ്റ്റ് പ്രസ്ഥാനം കേരളത്തി​ന്റെ രാഷ്ട്രീയ പ്രബുദ്ധതയുടെ വഴിവിളക്കായി വർത്തിച്ചു. കൊളോണിയൽ ആധുനികതയുടെ സ്വാധീനത്താൽ ഉയർന്നുവന്ന സാമൂഹിക പരിഷ്കർത്താക്കളുടെയും ദേശീയ പ്രസ്ഥാനത്തിന്റെയും പ്രവർത്തനങ്ങളും സോഷ്യലിസ്റ്റ് കമ്യൂണിസ്റ്റ് ആശയഗതിക്കാരുടെ സക്രിയമായ ഇടപെടലുകളുംകൊണ്ട് ശക്തമായി വന്ന നവോത്ഥാന പ്രവർത്തനങ്ങളുടെ സ്വാധീനം ഏറ്റവും അധികം പ്രകടമായത് ജനമനസ്സുകളിൽ വിദ്യാഭ്യാസത്തെ കുറിച്ചുള്ള അവബോധം സൃഷ്ടിക്കുന്ന കാര്യത്തിലായിരുന്നു.

അടിയാന്മാരും കുടിയാന്മാരും അധഃസ്ഥിതരുമായി കഴിഞ്ഞിരുന്നവരുടെയും കുലത്തൊഴിലിന്റെ ചക്രവ്യൂഹത്തിൽനിന്നും മോചനം എളുപ്പമല്ലാതിരുന്നവരുടെയും തലമുറ തങ്ങളുടെ പിൻഗാമികൾ മാസശമ്പളക്കാരാകുന്നതിനായുള്ള സ്വപ്നങ്ങൾ നെയ്തു. സാമാന്യ ജനവിഭാഗങ്ങളിലേക്ക് ആവേശിച്ച സോഷ്യലിസ്റ്റ് ആശയങ്ങൾ കേരളത്തിൽ രചനാത്മകവും ശക്തവുമായ തനതായ ഒരു പൊതുബോധം പരിണമിച്ചു വരാൻ ഇടയൊരുക്കി. ആ പൊതുബോധം ഇടതു പൊതുബോധമായാണ് വികസിച്ചുവന്നത്.

കൊളോണിയൽ നിയന്ത്രണത്തിന്റെയും ഫ്യൂഡൽപാരമ്പര്യത്തെയും സ്വാധീനമുണ്ടായിരുന്ന ആധുനിക കേരളത്തിലെ മുതലാളിത്ത സാമൂഹിക വ്യവസ്ഥിതിയിൽ വെള്ളക്കോളർ തൊഴിലിലെ സാമ്പത്തിക സുനിശ്ചിതത്വം അടിസ്ഥാന ജനവിഭാഗങ്ങളിലെ പുതുതലമുറയുടെ സ്വപ്നമായി മാറി. കമ്യൂണിസ്റ്റ് പ്രസ്ഥാനത്തി​ന്റെ പ്രവർത്തനങ്ങളുടെ ഫലമായി അടിസ്ഥാന ജനവിഭാഗത്തിന്റെ ജീവിത സാഹചര്യങ്ങൾ മെച്ചപ്പെട്ടു തുടങ്ങിയത് ഈ പ്രക്രിയയെ ത്വരിതപ്പെടുത്തി.

പ്രാന്തവത്കൃത ജനവിഭാഗങ്ങൾക്കിടയിൽനിന്നും കമ്യൂണിസ്റ്റ് പാർട്ടിയുടെ പ്രവർത്തനങ്ങൾകൊണ്ട് മധ്യവർഗ ജീവിതസാഹചര്യങ്ങളിലേക്ക് എത്തിപ്പെട്ട പുതുതലമുറ ഇടതുപക്ഷ പൊതുബോധം പിന്തുടർന്നത് വെള്ളക്കോളർ തൊഴിലാളി സംഘടനകളുടെ ശാക്തീകരണത്തിന് സാഹചര്യമൊരുക്കി. കമ്യൂണിസ്റ്റ് പ്രസ്ഥാനത്തി​ന്റെ സ്വാധീനവൃത്തത്തിനകത്തുള്ള ചില വർഗ-ബഹുജന സംഘടനകളുടെയും ഇടതുപക്ഷ നയത്തോട് ഒപ്പം ചേർന്നുനിൽക്കുന്ന ഏതാനും സർവിസ് സംഘടനകളുടെയും രാഷ്ട്രീയ അവബോധവും രാഷ്ട്രീയവത്കരണവും പുതിയകാലത്ത് സംഭവിച്ചുകൊണ്ടിരിക്കുന്ന അപചയവും മൂല്യശോഷണവും അരാഷ്ട്രീയ പ്രവണതകളും പരിശോധന അർഹിക്കുന്ന വിഷയങ്ങളാണ്.

വേണം സംരക്ഷണ യജ്ഞം, കെ.എസ്​.ടി.എയിലും

കേരളത്തിലെ പൊതുവിദ്യാഭ്യാസ മേഖലയിലെ ഏറ്റവും സംഘടിതമായ അധ്യാപക പ്രസ്ഥാനം കെ.എസ്​.ടി.എയാണ്. സർക്കാർ മേഖലയിലും എയ്ഡഡ് മേഖലയിലും ഉള്ള വിദ്യാലയങ്ങളിലെ പാഠ്യപാഠ്യേതര പ്രവർത്തനങ്ങളും പരീക്ഷ നടത്തിപ്പും കലാകായിക മത്സരങ്ങളും പരമാവധി കുറ്റമറ്റ രീതിയിൽ സംഘടിപ്പിക്കുന്നതിന് മുന്നിൽ നിൽക്കുന്ന കെ.എസ്​.ടി.എ തീർച്ചയായും അധ്യാപകരുടെ അവകാശസംരക്ഷണത്തിനായും പൊതുവിദ്യാഭ്യാസത്തിന്റെ ഉന്നമനത്തിനുവേണ്ടിയും നിരന്തരമായി പൊരുതുന്ന പ്രസ്ഥാനമാണ്. കൃത്യമായ സാമൂഹിക രാഷ്ട്രീയ അവബോധം ആർജിക്കുന്നതിൽ ആവേശക്കുറവുള്ളവരും, കരിയറിസത്തിന്റെ കയത്തിൽപെട്ടവരുമായ പുതുതലമുറ അധ്യാപകരും ധാരാളമായി കെ.എസ്​.ടി.എ അംഗത്വത്തിലേക്ക് സമീപകാലത്ത് എത്തിച്ചേർന്നിട്ടുണ്ട്.

ഉദാരവത്കരണ- ഉപഭോഗ സംസ്കാരത്തിന്റെയും വിവരസാങ്കേതിക വിനിമയ വിനോദ ഉപാധികളുടെയും പ്രയോക്താക്കൾ കൂടിയായ കരിയറിസ്റ്റ് അധ്യാപകർ ഉപരിപ്ലവമായി കെ.എസ്​.ടി.എയുടെ പ്രവർത്തനങ്ങളിലും സമ്മേളനങ്ങളിലും സാന്നിധ്യം അറിയിക്കാറുമുണ്ട്. പുതിയകാലത്ത് അധ്യാപകരിൽ ഏറെപ്പേരിൽ സാരമല്ലാത്ത വിധത്തിൽ ഉണ്ടായിക്കൊണ്ടിരിക്കുന്ന പ്രതിബദ്ധതയിലെ ശോഷണവും പ്രവർത്തനങ്ങളിലെ യാന്ത്രികതയും ഗൗരവക്കുറവും ഉന്നതമായ ഉദ്ദേശ്യലക്ഷ്യങ്ങളും പ്രവർത്തന പരിപാടികളുമായി മുന്നോട്ടുപോകുന്ന കെ.എസ്.ടി.എയിലും പരിഗണനാർഹമായ വിധത്തിൽ അപചയത്തിന് കാരണമായിട്ടുണ്ട്.

പരമ്പരാഗത സമരപ്രക്ഷോഭ രീതികളോടൊപ്പംതന്നെ പുതിയ കാലത്തിന്റെ സാഹചര്യങ്ങളും സാധ്യതകളും തിരിച്ചറിഞ്ഞുള്ള പ്രവർത്തനം അവലംബിക്കേണ്ടത് കെ.എസ്​.ടി.എയുടെ മുന്നേറ്റത്തിന് മാത്രമല്ല കേരളത്തിലെ പൊതുവിദ്യാഭ്യാസത്തിന്റെ സംരക്ഷണത്തിനും ശാക്തീകരണത്തിനും അനിവാര്യമാണ്. 2016 എൽ.ഡി.എഫ്​ അധികാരത്തിലെത്തിയതിനുശേഷം ആ സംഘടനയിൽ അംഗത്വ വർധന ഉണ്ടായെങ്കിലും ഉത്തരവാദിത്തമുള്ള പ്രവർത്തകരുടെ ഇടയിൽപോലും ഉണ്ടായിക്കൊണ്ടിരിക്കുന്ന ആശയപരമായ അപചയം കെ.എസ്​.ടി.എ ഉയർത്തിപ്പിടിക്കുന്ന മൂല്യങ്ങൾക്ക് അഭിലഷണീയമല്ല. അത് ആ സംഘടനയുടെ കുറ്റമായിട്ട് മാ​ത്രം കണക്കാക്കുന്നത് അത്രകണ്ട് ശരിയാകണമെന്നുമില്ല.

പുതിയകാലത്തെ സാമൂഹികമായ അപചയം പൊതു വിദ്യാഭ്യാസ മേഖലയിലെ പുതുതലമുറ അധ്യാപകരെ സാരമായ വിധത്തിൽ ബാധിച്ചിട്ടുണ്ട്. 2016ലെ എൽ.ഡി.എഫ്​ സർക്കാറിന്റെ കാലത്ത് ആരംഭിച്ച പൊതുവിദ്യാഭ്യാസ സംരക്ഷണയജ്ഞം വൻവിജയമാകുന്നതിന് പിന്നിൽ കെ.എസ്​.ടി.എ വഹിച്ച പങ്ക് സമാനതകളില്ലാത്തതാണ്. അടച്ചുപൂട്ടലിന്റെ വക്കിലെത്തിയ വിദ്യാലയങ്ങളിൽ മാത്രമല്ല കേരളത്തിലെ ഒട്ടുമിക്ക സർക്കാർ എയ്ഡഡ് മേഖലകളിലെ സ്കൂളുകളിലും വിദ്യാർഥി പ്രവേശനം വർധിക്കുകയും ഡിവിഷനുകൾ വർധിക്കുകയുമുണ്ടായി.

സ്വാഭാവികമായും അൺ എയ്ഡഡ് വിദ്യാലയങ്ങളിലെ കുട്ടികളുടെ എണ്ണം ഗണ്യമായി കുറയുന്ന അവസ്ഥയും സംജാതമായിരുന്നു. മുമ്പൊക്കെ ഡിവിഷൻ കുറഞ്ഞിട്ട് എയ്ഡഡ് മേഖലയിൽ അധ്യാപകരുടെ ജോലി തെറിക്കുന്ന സാഹചര്യമുണ്ടായിരുന്നുവെങ്കിൽ എൽ.ഡി.എഫ്​ സർക്കാറിന്റെ ഭരണത്തിൻ കീഴിൽ പതിനായിരക്കണക്കിന് അധ്യാപക തസ്തികകൾ സൃഷ്ടിക്കപ്പെടുകയും നിയമനം നടത്തപ്പെടുകയും ചെയ്തു. കേരളത്തിൽ കുറച്ചു വർഷങ്ങളായി പൊതുമേഖലയിൽ നിയമനം നേടിയ അധ്യാപകരെ സംബന്ധിച്ചിടത്തോളം തങ്ങൾ ജോലിക്കാര്യത്തിൽ സേഫ് സോണിൽ എത്തിയ പ്രതീതിയാണ് പ്രകടിപ്പിക്കുന്നത്.

ഡിവിഷൻ ഫാൾ ഒന്നും ഉണ്ടാവുകയില്ലെന്നും ഉണ്ടായാൽ തന്നെയും എൽ.ഡി.എഫ്​ സർക്കാറിന്റെ നയങ്ങൾ കാരണം ജോലി നഷ്ടപ്പെടുകയില്ലെന്നും ഏതുതരം സാമ്പത്തിക പ്രതിസന്ധി വന്നാലും മുടക്കം കൂടാതെ ശമ്പളം കിട്ടുമെന്ന തരത്തിലുമൊക്കെയുള്ള ചിന്താഗതിയും ആത്മവിശ്വാസവും പ്രബലമാണ്. തീർച്ചയായും അധ്യാപകർ അടക്കമുള്ള വെള്ളക്കോളർ തൊഴിലാളികളെ സംബന്ധിച്ചിടത്തോളം കേരളം ഇന്ന് സുരക്ഷിത മേഖലയാണ്. ഭരണകൂടത്തിൽനിന്നോ പൊതുസമൂഹത്തിൽനിന്നോ കാര്യമായ വെല്ലുവിളി നേരിടുന്നില്ല. പൊതുമേഖലയിൽ ജോലി കിട്ടിക്കഴിഞ്ഞാൽ ഉണ്ടാകുന്ന സുരക്ഷിതത്വബോധം ചിലരെയെങ്കിലും അലസരാക്കുന്നു എന്നതും വസ്തുതയാണ്.

കുറെ വർഷങ്ങൾക്കുമുമ്പ് എയ്ഡഡ് മേഖലയിലെ അധ്യാപകരിൽ പലർക്കും ഡിവിഷൻ കുറഞ്ഞുപോകുന്നതിലൂടെ ജോലി നഷ്ടപ്പെട്ടേക്കാവുന്ന അരക്ഷിതബോധം ഉണ്ടായിരുന്നതുകൊണ്ട് തന്നെ കുട്ടികളെ ചേർക്കുന്നതിലും പഠനനിലവാരം മെച്ചപ്പെടുത്തുന്നതിലും അവർ ബദ്ധശ്രദ്ധരായിരുന്നു. പ്രാദേശിക അടിസ്ഥാനത്തിൽ സ്കൂളുകൾ തമ്മിൽപോലും അക്കാദമിക നിലവാരം ഉയർത്തുന്ന കാര്യത്തിൽ മത്സരമുണ്ടായിരുന്നു.

മധ്യവർഗ ജീവിതശൈലിക്കും അതിനനുസൃതമായ ചിന്താരീതികൾക്കും കരിയറിസത്തിനും ശക്തമായ വേരോട്ടം ഉണ്ടായ കേരള സമൂഹത്തിൽ ഇക്കാലത്ത് രക്ഷിതാക്കൾ തങ്ങളുടെ മക്കളുടെ വിദ്യാഭ്യാസ കാര്യത്തിൽ മുൻതലമുറയേക്കാൾ കൂടുതൽ ശ്രദ്ധാലുക്കളാണ്. മുൻകാലങ്ങളിലൊക്കെ ഉണ്ടായിരുന്ന സബ് ജില്ലാതലത്തിലും ജില്ലാതലത്തിലുമുള്ള അധികാരികൾ സമയാസമയങ്ങളിൽ സ്കൂളുകളിൽ നടത്തിയിരുന്ന പരിശോധനാ രീതികൾക്ക് മാറ്റംവന്നു.

അതിനുപകരം ശക്തമാക്കേണ്ടിയിരുന്ന ജനകീയ വിദ്യാഭ്യാസ സമിതികൾ ഫലപ്രദമായി രൂപപ്പെടുത്താതിരുന്നതും സോഷ്യൽ ഓഡിറ്റിങ് കൃത്യമായി നടത്താത്തതും തദ്ദേശ ഭരണ സ്ഥാപനങ്ങൾക്ക് അവയുടെ പ്രവർത്തനപരിധിക്കുള്ളിലുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ ഉന്നമനത്തിനുവേണ്ടി കാര്യക്ഷമതയോടുകൂടി ഇടപെടാൻ കഴിയാത്തതും സൂക്ഷ്മമായി പരിശോധന അർഹിക്കുന്ന വിഷയങ്ങളാണ്.

പുതുതലമുറ അധ്യാപകരിൽ നല്ലൊരു ശതമാനത്തി​ന്റെ നവമാധ്യമ ഇടപെടലുകളിൽ അക്കാദമിക കാര്യങ്ങളെക്കാളുപരിയായി ആനുകൂല്യങ്ങൾക്കുവേണ്ടിയുള്ള വെപ്രാളവും സ്വാർഥതയുമാണ് ഇടംപിടിച്ചിരിക്കുന്നത്. പൊതുവിദ്യാഭ്യാസത്തി​ന്റെ നിലവാരം ഉയർത്തുന്നതിനെ കുറിച്ചുള്ള ആലോചനകൾ പാർശ്വവത്കരിക്കപ്പെടുന്നു.

ഡി.എ കുടിശ്ശിക ലഭിക്കേണ്ടതും ശമ്പളം വർധന വരുത്തേണ്ടതും എൻ.പി.എസ് പ്രശ്നങ്ങളുമൊക്കെ ഉൾ​െക്കാണ്ട വിഷയങ്ങളാകുമ്പോൾ തങ്ങൾ പ്രവർത്തിക്കുന്ന മേഖലയുടെ ഉന്നമനവും അധ്യാപക സമൂഹത്തി​ന്റെ സാമൂഹിക പ്രതിബദ്ധതയും സമൂഹത്തി​ന്റെ മൊത്തത്തിലുള്ള പുരോഗതി അടക്കമുള്ള കാര്യങ്ങളുടെയും ആലോചനകൾക്കുള്ള സ്​പേസ് ചുരുങ്ങുന്നു. എൽ.ഡി.എഫ്​ ഭരണകാലത്ത് സർക്കാറിന്റെ ക്രിയാത്മകമായ ഭരണരീതികളാൽ ഉരുവംകൊണ്ട തൊഴിൽപരമായ സുരക്ഷിതത്വത്തിന് കീഴിൽ അധ്യാപകർ തൊഴിലിനോടൊപ്പം സാമൂഹിക പുനർനിർമാണ പ്രക്രിയയിൽകൂടി ഭാഗമാകേണ്ടതിന് പകരം അരാഷ്ട്രീയ പ്രവണതകളിലേക്കാണ് വ്യതിചലിക്കുന്നത്.

 

കണ്ണൂരിൽ നടന്ന കെ.എസ്​.ടി.എ സംസ്ഥാന സമ്മേളന വേദി

കണ്ണൂരിൽ നടന്ന കെ.എസ്​.ടി.എ സംസ്ഥാന സമ്മേളന വേദി

സമ്മേളനങ്ങളും പ്രവർത്തക ക്യാമ്പുകളും നടക്കുമ്പോൾ ആളെണ്ണം ഏറെയുണ്ടെങ്കിലും ചർച്ചകളിലും ആശയ വ്യവഹാരങ്ങളിലും താൽപര്യമില്ലാതെ മൊബൈൽ ഫോൺ ലോകത്ത് വ്യവഹരിക്കുന്നവർ നിർജീവ അണികളായി തുടരുന്നു. നേതൃത്വത്തിലെ വിവിധ കമ്മിറ്റികളിൽ സ്ഥാനം ഉറപ്പിക്കണമെന്ന മോഹത്തോടെ പ്രവർത്തിക്കുന്നവരുടെ ആധിക്യം തീർച്ചയായും ഇടതുപക്ഷ ബഹുജന സംഘടനകൾ ശീലിച്ചുപോന്നിട്ടുള്ള പ്രവർത്തന ശൈലികളെ ദുർബലമാക്കുന്നുണ്ട്.

സ്വയം വിമർശനവും ഇടതുപക്ഷ ബഹുജന സംഘടനകളുടെ പ്രവർത്തന ശൈലിയുടെ കാതലായിരുന്നപ്പോൾ സംഘടനകൾക്ക്, ഘടകങ്ങൾക്ക്, കമ്മിറ്റികൾക്ക് അംഗബലത്തേക്കാൾ ശക്തമായ ആത്മബലമുണ്ടായിരുന്നു. ആന്തരികമായ ഒരു സത്തയും ദൃഢതയും ഉണ്ടായിരുന്നു. പുതിയ കാലത്ത് അടിസ്ഥാന ഘടകങ്ങളുടെ കമ്മിറ്റികൾ മുതൽ പരമോന്നത തലംവരെയുള്ള വിമർശനവും സ്വയം വിമർശനവും വെറും ചടങ്ങുകൾ മാത്രമാകുമ്പോൾ പകരമായി പുകഴ്ത്തലുകളും സുഖിപ്പിക്കൽ വാചകക്കസർത്തുകളും പ്രാമുഖ്യം നേടുന്നു.

പൊതു വിദ്യാഭ്യാസത്തിന്റെ നിലവാര സൂചികകളിൽ ദേശീയതലത്തിൽ ഉയർന്ന ഗ്രേഡ് പോയന്റോടെ ഒന്നാം സ്ഥാനത്തുണ്ടായിരുന്ന കേരളം പിന്നാക്കം പോയിരിക്കുന്നു. മുൻ വർഷങ്ങളിൽ രണ്ടും മൂന്നും സ്ഥാനങ്ങളിൽ ഉണ്ടായിരുന്ന സംസ്ഥാനങ്ങളെക്കാൾ ഗ്രേഡ് പോയന്റിൽ വളരെ മുന്നിലായിരുന്നു കേരളം. നഷ്ടപ്പെട്ടുപോയ ഒന്നാം സ്ഥാനം അത്ര വേഗത്തിൽ തിരിച്ചുപിടിക്കാൻ കഴിയാത്ത തരത്തിലാണ് നിലവിൽ ബന്ധപ്പെട്ട മേഖലയിൽ പ്രവർത്തിക്കുന്നവരുടെ പ്രവർത്തന രീതികൾ.

ജീവനക്കാരുടെ ജീവൽപ്രശ്നങ്ങൾ

കേരളത്തിലെ ഇടതുപക്ഷാഭിമുഖ്യ സർവിസ് സംഘടനകളിലെ ഏറ്റവും പ്രബല സംഘടനയാണ് കേരള എൻ.ജി.ഒ യൂനിയൻ. സംസ്ഥാന സിവിൽ സർവിസിലെ ഏറ്റവും ശക്തമായ വിഭാഗമായ നോൺ ഗസറ്റഡ് ജീവനക്കാരെ ട്രേഡ് യൂനിയൻ രീതിയിൽ സംഘടിപ്പിച്ച കേരള എൻ.ജി.ഒ യൂനിയൻ രൂപവത്കരിക്കപ്പെട്ടത് 1962ലാണ്. ജീവനക്കാരുടെ അവകാശങ്ങളും ആനുകൂല്യങ്ങളും നേടിയെടുക്കുന്നതിനും സംരക്ഷിക്കുന്നതിനുമായി നിലയുറപ്പിച്ച് സർക്കാർ ഉദ്യോഗസ്ഥരിലെ പ്രബലമായ വിഭാഗത്തെ ഇടതുപക്ഷ രാഷ്ട്രീയധാരയുടെ ഭാഗമാക്കി നിലനിർത്തുന്ന എൻ.ജി.ഒ യൂനിയ​ന്റെ കേഡർ സ്വഭാവത്തോടുകൂടിയ ചിട്ടയായ പ്രവർത്തനങ്ങൾ തീർച്ചയായും കേരളത്തിലെ ഇടതുപക്ഷ രാഷ്ട്രീയത്തിന് മുതൽക്കൂട്ടാണ്.

ഉമ്മൻ ചാണ്ടി സർക്കാറി​ന്റെ കാലത്തുണ്ടായിരുന്ന നിയമന നിരോധനം പിൻവലിപ്പിക്കുന്നതിനും ഒഴിഞ്ഞുകിടന്നിരുന്ന തസ്തികകൾ നികത്തുന്നതിനും ശമ്പളവും മറ്റാനുകൂല്യങ്ങളും സംരക്ഷിക്കുന്നതിനുമായി നിലകൊണ്ട എൻ.ജി.ഒ യൂനിയ​ന്റെ അംഗസംഖ്യയിൽ പുതിയകാലത്ത് വർധനയുണ്ട്. ഒരു പതിറ്റാണ്ടിനുള്ളിൽ അംഗത്വം എടുത്തവരിൽ ഗണ്യമായ ഒരു വിഭാഗത്തിന്റെ സവിശേഷമായ രാഷ്ട്രീയബോധം അരാഷ്ട്രീയതയാണ്. പുതുതലമുറ ജീവനക്കാരെ സംബന്ധിച്ചിടത്തോളം തങ്ങൾ പഠിച്ച് പരീക്ഷയെഴുതി സ്വന്തം കഴിവുകൊണ്ട് ജോലി നേടിയെന്ന വിചാരമുള്ളത് തെറ്റൊന്നുമല്ല.

എന്നാൽ, അതോടൊപ്പം എൽ.ഡി.എഫ്​ സർക്കാറിന്റെ പുരോഗമനപരമായ ഭരണനയം–ക്ഷേമ സമൂഹ നിർമിതി എന്ന ലക്ഷ്യത്തിന്റെ ഭാഗമായ – പരമാവധി പേർക്ക് സാധ്യമാകുന്ന മേഖലകളിലൊക്കെ തൊഴിൽ ലഭ്യമാക്കുക എന്ന നയം –നടപ്പാക്കപ്പെടുന്നതുകൊണ്ടുകൂടിയാണ് തങ്ങൾക്ക് നിയമനം ലഭിക്കുന്നത് എന്ന ബോധം കൂടി ഉണ്ടാകേണ്ടതുണ്ട്. പുതുതലമുറ ഉദ്യോഗസ്ഥരിൽ പലരും സാമൂഹിക പ്രതിബദ്ധതക്ക് പ്രാധാന്യം കൊടുക്കാത്തവരാണ് എന്ന ആരോപണം ശക്തമാണ്.

അങ്ങനെയുള്ളവരെ സംബന്ധിച്ചിടത്തോളം രാഷ്ട്രീയബോധവും സംഘടനാ പ്രവർത്തനങ്ങളും ഒന്നും ഗൗരവമുള്ള കാര്യങ്ങളല്ല. സർക്കാർ സർവിസിൽ ജോലി സുരക്ഷിതത്വമുണ്ട് എന്നതുകൊണ്ടുതന്നെ എങ്ങനെയായാലും വേതനം ലഭിക്കും എന്ന ചിന്തയുള്ളപ്പോൾ യൂനിയൻ പ്രവർത്തനങ്ങളിൽ ഏർപ്പെടുന്നത് സ്ഥാപിത താൽപര്യക്കാരുടെ കാര്യമാണ് എന്ന ചിന്തയുള്ളവർ ഏറെയുണ്ട്.

തങ്ങളുടെ മുൻഗാമികൾ ത്യാഗനിർഭരമായ സമരങ്ങളിലൂടെ നേടിയെടുത്ത സേവന വേതന ആനുകൂല്യങ്ങളാണ് ഇന്ന് അനുഭവിക്കുന്നത് എന്ന സംഘടനാപരമായ ഓർമയെ മറവിയുടെ ഏടുകളിലേക്ക് മാറ്റിക്കൊണ്ട് ഉദാരവത്കരണ നയങ്ങളുടെ ഭാഗമായി അവതരിപ്പിക്കപ്പെട്ട എൻ.പി.എസ് വലിയ പ്രശ്നമാക്കി കൊണ്ടുനടക്കുന്നു. തീർച്ചയായും കോൺട്രിബ്യൂട്ടറി പെൻഷൻ സ്കീം പരിശോധന അർഹിക്കുന്ന, മാറ്റങ്ങൾ ആവശ്യമായ ഒരു സങ്കീർണമായ പ്രശ്നംതന്നെയാണ്.

അടിയന്തരാവസ്ഥയുടെ ആഘാതവും ലൈസൻസ് രാജിന്റെ സ്വാധീനവുമൊക്കെ കൊണ്ടുതന്നെ 80കളിലും 90കളിലും സാമാന്യേന ശക്തമായിരുന്ന ഉദ്യോഗസ്ഥ ദുഷ്പ്രഭുത്വത്തിന് ഒരു അറുതിവന്നത് 2002ലാണ്. അന്നത്തെ എ.കെ. ആന്റണി ഭരണം ആവിഷ്കരിക്കാൻ ശ്രമിച്ച തൊഴിലാളി വിരുദ്ധ നയങ്ങൾക്കെതിരെ 2002 ഫെബ്രുവരി, മാർച്ച് മാസങ്ങളിൽ നടന്ന 32 ദിവസത്തെ സമരവും അതിനോടുള്ള പൊതുസമൂഹത്തിന്റെ സമീപനവും കേരളത്തിലെ വെള്ളക്കോളർ തൊഴിൽ സമൂഹത്തോട് ഉണ്ടായിരുന്ന പൗരസമൂഹത്തിന്റെ മനോഭാവവും നിലപാടും പ്രതിഫലിക്കുന്നത് കൂടിയായിരുന്നു.

അന്നത്തെ ജീവനക്കാരുടെ പ്രക്ഷോഭ സമരങ്ങളോട് കേരളത്തിലെ പൗരസമൂഹവും മാധ്യമങ്ങളും പുലർത്തിയ സമീപനം കേരളത്തിലെ ജീവനക്കാർക്ക് പല തിരിച്ചറിവുകളും സമ്മാനിച്ചു. തീർച്ചയായും അതിനുശേഷം കേരളത്തിലെ സർക്കാർ ശമ്പളം പറ്റുന്ന വെള്ളക്കോളർ തൊഴിൽ സമൂഹത്തി​ന്റെ രീതികളിലും സ്വഭാവത്തിലും വലിയ മാറ്റം ഉണ്ടായിട്ടുണ്ട്. അത് സമൂഹ പുനർനിർമാണ പ്രക്രിയക്കുംവികസനത്തിനുമൊക്കെ ഗുണകരമായി ഭവിച്ചു. എന്നാൽ, ഒരുതരം തിരിച്ചുപോക്കിന്റെ പ്രവണതകളും ദർശിക്കാനാവുന്നുണ്ട്. സംസ്ഥാനത്തിന്റെ കടുത്ത സാമ്പത്തിക ഞെരുക്കങ്ങൾക്കിടയിലും ജീവനക്കാർക്ക് മുടക്കംകൂടാതെ വേതനം ലഭിക്കുന്നു. തൊഴിൽ സുരക്ഷിതത്വവുമുണ്ട്.

മറ്റു വിഭാഗങ്ങളുമായി താരതമ്യം ചെയ്യുമ്പോൾ സംശയലേശമന്യേ മനസ്സിലാക്കാൻ കഴിയുന്ന കാര്യമാണ് –സർക്കാർ /അർധസർക്കാർ/ പൊതുമേഖലാ സ്ഥാപനങ്ങൾ എന്നിവയിലെ ജീവനക്കാരാണ് തൊഴിൽ സുരക്ഷിതത്വത്തിന്റെയും വരുമാന സ്ഥിരതയുടെയും ജീവിതനിലവാരത്തിന്റെയും മറ്റും കാര്യങ്ങളിൽ ഏറ്റവും സുരക്ഷിതരെന്നത്. തങ്ങളുടെ സുരക്ഷിതജീവിതം സ്ഥായിയായി നിലനിർത്തണമെങ്കിൽ തങ്ങളോടൊപ്പം നാടിന്, പൊതുസമൂഹത്തിന് സുസ്ഥിരമായ പുരോഗതി അനിവാര്യമാണ് എന്ന തിരിച്ചറിവ് നിലനിർത്തി ജീവനക്കാർ തങ്ങളുടെ തൊഴിലിനോട് ആത്മാർഥതയും സമൂഹത്തോട് പ്രതിബദ്ധതയും പുലർത്തിയേ തീരൂ.

കേരള എൻ.ജി.ഒ യൂനിയൻ കേരളത്തിലെ സിവിൽ സർവിസിന്റെ സംരക്ഷകരായും അതുവഴി നാടി​ന്റെ പുരോഗതിയുടെ ചാലകശക്തിയായും വർത്തിക്കുന്നുണ്ട്. അതേസമയംതന്നെ ജീവനക്കാരിലെ സ്വാർഥമതികളായിട്ടുള്ളവരിലും സാമൂഹിക രാഷ്ട്രീയ അവബോധം സൃഷ്ടിക്കുന്നതിനും നിലനിർത്തുന്നതിനുള്ള കാലത്തി​ന്റെ മാറ്റത്തിന് അനുസൃതമായിട്ടുള്ള നൂതനമായ പ്രവർത്തന പദ്ധതികൾ ആവിഷ്കരിക്കേണ്ടതുണ്ട്.

സംഘടനാ പ്രവർത്തനം തങ്ങളുടെ ആനുകൂല്യങ്ങൾ നേടാൻ മാത്രമാണ് എന്നതിനേക്കാളുപരിയായി സമൂഹത്തിന്റെ മൊത്തത്തിലുള്ള പുരോഗതിക്കു വേണ്ടിയുള്ളതാവണമെന്ന ബോധമാണ് സൃഷ്ടിക്കപ്പെടേണ്ടത്. സമ്മേളനങ്ങളിലും പ്രവർത്തക ക്യാമ്പുകളിലും മറ്റും ഇടതുപക്ഷ ബഹുജന സംഘടനകളുടെ പരമ്പരാഗത ശൈലിയായ സാർവദേശീയ, ദേശീയ, സംസ്ഥാന വിഷയങ്ങളൊക്കെ അവതരിപ്പിക്കുന്നതും ചർച്ച ചെയ്യുന്നതും അനിവാര്യമായ കാര്യങ്ങൾ തന്നെ. എന്നാൽ, രാഷ്ട്രീയ സാമൂഹിക പുനർനിർമാണ പ്രക്രിയയിൽ തങ്ങൾക്ക് ഓരോരുത്തർക്കും ചട്ടപ്പടി ജോലികൾക്കപ്പുറം നിന്നുചെയ്യാൻ കഴിയുന്നത് എന്തൊക്കെയാണ് എന്ന് ആലോചനകളും പരിശോധനകളും കൂടുതൽ അനിവാര്യമായ കാലമാണിത്.

സംഘടനകളുടെ അടിമുതൽ മുടിവരെയുള്ള വിവിധ ഘടകങ്ങളിലെ ഉത്തരവാദിത്തപ്പെട്ട പ്രവർത്തകരുടെയും ഭാരവാഹികളുടെയും പ്രവർത്തനങ്ങളിലെ സ്വയംവിമർശനവും വിമർശനവുമൊക്കെ യാന്ത്രികമായ ചടങ്ങുകളാവാതെ ക്രിയാത്മകമായ പരിശോധനകളും സംവാദ-വ്യവഹാരങ്ങളുമുണ്ടാകുമ്പോൾ കൂടുതൽ ഊർജ്വസ്വലതയും പ്രവർത്തനക്ഷമതയും കൈവരിക്കാൻ കഴിയും. വിവിധ ഘടകങ്ങളിലെ നേതാക്കൾക്ക് തങ്ങളുടെ പദവികൾ സംരക്ഷിക്കപ്പെടേണ്ടതാണ് എന്ന ബോധം ശക്തമാവുമ്പോൾ സ്വാഭാവികമായും വിമർശന പരിശോധനകളുടെ സ്ഥാനത്ത് പൊലിപ്പിച്ച് പറയലുകളും സ്തുതിവചനങ്ങളും വന്നുചേരുന്നു.

വെള്ളക്കോളർ തൊഴിൽ മേഖലകളിലെ ഇടതുപക്ഷ സംഘടനകളിൽ ഉയർന്ന കാറ്റഗറികളിലല്ലാത്ത സംഘടനകളുടെ പ്രവർത്തനങ്ങളിൽ അപചയത്തിന്റെ തോത് കുറഞ്ഞ രീതിയിൽ മാത്രമുള്ളപ്പോൾ ഉന്നത തസ്തികകളിൽ നിയമിക്കപ്പെട്ട് ഉയർന്ന ശമ്പള സ്കെയിൽ ലഭിക്കുന്നവരുടെ കാറ്റഗറി സംഘടനകളിൽ, പ്രത്യേകിച്ചും – ഉന്നത വിദ്യാഭ്യാസ മേഖലയിൽ പ്രവർത്തിക്കുന്ന സംഘടനകളുടെ വിവിധ ഘടകങ്ങളിലെ പ്രവർത്തന ചുമതലകളിലും സ്ഥാനങ്ങളിലും കയറിക്കൂടുന്നവരുടെ സ്വാർഥമോഹങ്ങൾ സഫലീകരിക്കുന്നതിനും വ്യക്തിഗതനേട്ടങ്ങൾക്കും സാഹചര്യങ്ങൾ ഏറെയാണ്.

 

ഗസറ്റഡ് - സെക്രട്ടേറിയറ്റ് അന്തരം

കേരളത്തിലെ വിവിധ സർക്കാർ വകുപ്പുകളിലെ സയന്റിഫിക്, പ്രഫഷനൽ, അക്കാദമിക, സാങ്കേതിക, ഭരണപരമായ തലങ്ങളിൽ ജോലിചെയ്യുന്ന ഗസറ്റഡ് മേഖലയിലെ ബഹുഭൂരിപക്ഷം അംഗങ്ങളായിട്ടുള്ള സംഘടനയാണ് കേരള ഗസറ്റഡ് ഓഫിസേഴ്സ് അസോസിയേഷൻ. ഉയർന്ന ശമ്പള സ്കെയിൽ ഉള്ളവരാണ് ഗസറ്റഡ് ഉദ്യോഗസ്ഥർ. 1966ലാണ് കെ.ജി.ഒ.എ രൂപവത്കരിക്കപ്പെട്ടത്. തിരുവിതാംകൂർ-കൊച്ചി മേഖലയിൽ പ്രവർത്തിച്ചിരുന്ന ട്രാവൻകൂർ കൊച്ചിൻ ഗസറ്റഡ് ഓഫിസേഴ്സ് അസോസിയേഷനും മലബാറിലെ അലോട്ടഡ് ഓഫിസേഴ്സ് അസോസിയേഷനും ലയിച്ചാണ് കേരള ഗസറ്റഡ് ഓഫിസേഴ്സ് അസോസിയേഷൻ രൂപവത്കൃതമാകുന്നത്.

‘സർക്കാറിനെതിരെ പണിമുടക്ക് ഉൾപ്പെടെയുള്ള സമരപരിപാടികൾ നടത്തുകയില്ല’ എന്ന വിചിത്രമായ വ്യവസ്ഥ സർക്കാർ നിർദേശപ്രകാരം കെ.ജി.ഒ.എയുടെ ബൈലോയിൽ ഉൾപ്പെടുത്തിയതിനുശേഷം മാത്രമാണ് 1966ലെ കേരള സർക്കാർ ആ സംഘടനക്ക് അംഗീകാരം നൽകിയത്. ആദ്യ കാലത്തൊക്കെ സർക്കാറിനോട് ഒട്ടിനിന്ന കെ.ജി.ഒ.എ ക്രമേണ ജീവനക്കാരുടെ അവകാശ സംരക്ഷണത്തിനായി നിലകൊള്ളുന്ന ഒരു സമരസംഘടനയായി മാറി. 1985ലെ കൊല്ലം സമ്മേളനത്തിൽവെച്ച് ‘സർക്കാറിനെതിരെ പണിമുടക്കില്ലെന്ന വ്യവസ്ഥ’ കെ.ജി.ഒ.എയുടെ ​െബെലോയിൽനിന്ന് നീക്കംചെയ്തു.

1985ൽ കരുണാകരൻ സർക്കാറും 2002ൽ എ.കെ. ആന്റണി സർക്കാറും പണിമുടക്ക് സമരത്തിന് നേതൃത്വം നൽകിയതിന്റെ പേരിൽ കെ.ജി.ഒ.എയുടെ ഓരോ സംസ്ഥാന നേതാക്കളെ പിരിച്ചുവിട്ട്​ പ്രതികാരനടപടികൾ സ്വീകരിച്ചിട്ടുണ്ട്. സമരം ചെയ്തതിന്റെ പേരിൽ അന്യായമായി പിരിച്ചുവിടപ്പെട്ട നേതാക്കളെ പിന്നീടുവന്ന ഇടതുപക്ഷ സർക്കാറുകൾ പുനഃസ്ഥാപിക്കുകയോ ഉചിതമായ പരിഹാര പ്രക്രിയകൾ സ്വീകരിക്കുകയോ ചെയ്തിട്ടുമുണ്ട്.

ഭരണത്തിന്റെ കാര്യക്ഷമത ഉറപ്പുവരുത്തിക്കൊണ്ടുതന്നെ ഉദ്യോഗസ്ഥരുടെ അവകാശ സംരക്ഷണത്തിനുവേണ്ടിയും അതോടൊപ്പം സാമൂഹിക പ്രതിബദ്ധതയുള്ള പ്രവർത്തനങ്ങളിലും ഏർപ്പെട്ട് കെ.ജി.ഒ.എ സജീവമായി പ്രവർത്തിക്കുന്നുണ്ടെന്നാണ് സംഘടന അവകാശപ്പെടുന്നത്. തീർച്ചയായും 2016ലെ എൽ.ഡി.എഫ് സർക്കാർ സിവിൽ സർവിസിന്റെ കാര്യക്ഷമതയിൽ വിഭാവനംചെയ്ത പ്രവർത്തനങ്ങളിൽ കെ.ജി.ഒ.എ സജീവമായി ഇടപെട്ടിട്ടുണ്ട്.

യു.ജി.സി-എ.ഐ.സി.ടി.ഇ ശമ്പള സ്കെയിൽ വാങ്ങുന്ന ഉന്നത വിദ്യാഭ്യാസ മേഖലയിലെ അധ്യാപകരെ മാറ്റിനിർത്തിയാൽ വിവിധ വകുപ്പുകളിലെ ഗസറ്റഡ് ഉദ്യോഗസ്ഥരും സമാനമായ ഉദ്യോഗസ്ഥ പദവിയിലും ജോലി നിലവാരത്തിലുമുള്ള സെക്ര​േട്ടറിയറ്റ് ജീവനക്കാരും തമ്മിൽ ശമ്പളത്തിന്റെയും അലവൻസുകളുടെയും പ്രമോഷനുകളുടെയും കാര്യത്തിൽ വലിയ അന്തരം നിലനിൽക്കുന്നു. (സെക്ര​േട്ടറിയറ്റ് ജീവനക്കാരുടെ ജോലിസ്വഭാവം, ഉയർന്ന വേതനാനുകൂല്യങ്ങൾ, പ്രമോഷൻ അവസരങ്ങൾ, ഉദ്യോഗപദവി തുടങ്ങിയ കാര്യങ്ങൾ സ്വയം തീരുമാനമെടുത്ത് നടപ്പാക്കുന്നതിൽ അവർക്കുള്ള സ്വയം നിർണായകമായ പങ്കാളിത്തം ഉറപ്പിക്കുന്നതിനുള്ള സാഹചര്യങ്ങൾ എന്നിവയെക്കുറിച്ച് പ്രത്യേക പരിശോധന അർഹിക്കുന്നതിനാൽ ഇവിടെ ഉൾപ്പെടുത്തുന്നില്ല.)

അഴിമതിരഹിതരായ ഉദ്യോഗസ്ഥരാണ് കെ.ജി.ഒ.എയുടെയും എൻ.ജി.ഒ യൂനിയന്റെയും സംഘടനാ ചുമതലകളിലുള്ളതെന്ന് പറയപ്പെടുന്നു. ഉദ്യോഗസ്ഥതലത്തിലെ (പൊലീസിലേത് അല്ല) അവശേഷിക്കുന്ന അഴിമതികൂടി ഇല്ലാതാക്കാൻ കെ.ജി.ഒ.എയും എൻ.ജി.ഒ യൂനിയനും തുനിഞ്ഞിറങ്ങിയാൽ സാധിക്കാവുന്നതേയുള്ളൂ. അഴിമതിക്കാരായ ഉദ്യോഗസ്ഥരെ കണ്ടെത്താനും അഴിമതിയുടെ രീതികൾ പരിശോധിക്കാനും സംഘടനാ പ്രവർത്തകർക്ക് എളുപ്പത്തിൽ സാധിക്കും. തുടർന്ന് ഉചിതമായ നടപടിക്രമങ്ങളിലൂടെ ഉദ്യോഗസ്ഥതലത്തിലെ അഴിമതി ഇല്ലാതാക്കുകയെന്നതും കഴിയാവുന്ന കാര്യമാണ്.

നവകേരളത്തിന്റെ സൃഷ്ടിക്കായി കാര്യക്ഷമതയുള്ള സിവിൽ സർവിസിനെ കെട്ടിപ്പടുക്കുന്നതോടൊപ്പം അഴിമതി നിർമാർജനം കൂടി സർവിസ് സംഘടനകൾ ഒരു ലക്ഷ്യമായിട്ടെടുക്കണം. എൽ. ഡി.എഫ് സർക്കാറിന്റെ ജനപക്ഷ നിലപാടുകൾ വിജയിപ്പിക്കുന്നതിന് നല്ലരീതിയിൽ ഇടപെടാൻ കഴിയുന്ന മിഡിൽ ലെവൽ ഓഫിസർമാരുടെ സംഘടനയായ കെ.ജി.ഒ.എ അക്കാര്യത്തിൽ എത്രമാത്രം വിജയിക്കുന്നുവെന്നത് പരിശോധന അർഹിക്കുന്ന കാര്യമാണ്.

കെ.ജി.ഒ.എ കാര്യക്ഷമമായി പ്രവർത്തിക്കുന്നുണ്ടെങ്കിലും ഇടതുപക്ഷ -വർഗ ബഹുജന സംഘടനകളിൽ ഉണ്ടായിക്കൊണ്ടിരിക്കുന്ന അപചയം ആ സംഘടനയുടെ വിവിധ ഘടകങ്ങളുടെ ചുമതലക്കാരെയും പ്രവർത്തകരെയും ചെറിയതോതിൽ ബാധിച്ചിട്ടുണ്ട് എന്നത് വസ്തുതയാണ്. ഉന്നതമായ ഇടതുപക്ഷ മൂല്യങ്ങൾ പിന്തുടരുന്നവർ ഏറെയുണ്ടെങ്കിലും ഇടതുപക്ഷനാട്യക്കാരും ഇടതുപക്ഷവേഷധാരികളും തങ്ങളുടെ താൽപര്യ സംരക്ഷണത്തിനായി സജീവമാണ്. എന്നാൽ, ഉന്നത വിദ്യാഭ്യാസ മേഖലയിലെ അധ്യാപക സംഘടനകളിൽ പ്രത്യേകിച്ചും സർക്കാർ കോളജുകളിലെ ഏറ്റവും ശക്തമായ സംഘടനയായ എ.കെ.ജി.സി.ടിയിൽ ഉള്ളതുപോലെയുള്ള അപചയം മറ്റൊരിടത്തും കാണാൻ കഴിയില്ല.

അ​സോ​സി​യേ​ഷ​ൻ ഓ​ഫ് കേ​ര​ള ഗ​വ​ൺ​മെ​ന്റ് കോ​ള​ജ് ടീ​ച്ചേ​ഴ്സ് സംസ്ഥാന സമ്മേളനം- ഫയൽ ചിത്രം

അ​സോ​സി​യേ​ഷ​ൻ ഓ​ഫ് കേ​ര​ള ഗ​വ​ൺ​മെ​ന്റ് കോ​ള​ജ് ടീ​ച്ചേ​ഴ്സ് സംസ്ഥാന സമ്മേളനം- ഫയൽ ചിത്രം

 ഉന്നതവിദ്യാ മേഖലയിൽ ശുദ്ധീകരിക്കേണ്ടത് ആരെ

നാല് ട്രെയിനിങ് കോളജുകൾ ഉൾപ്പെടെ 70 സർക്കാർ കോളജുകളിലെയും 68 സർക്കാർ പോളിടെക്നിക് കോളജുകളിലെയും ഏതാനും സർക്കാർ എൻജിനീയറിങ് കോളജുകളിലെയും കോളജ് വിദ്യാഭ്യാസ വകുപ്പ് നിയമിച്ചിട്ടുള്ള അധ്യാപകരുടെ ഏറ്റവും പ്രധാനപ്പെട്ട സർവിസ് സംഘടനയാണ് അസോസിയേഷൻ ഓഫ് കേരള ഗവൺമെന്റ് കോളജ് ടീച്ചേഴ്സ്. 1958 ഒക്ടോബർ 22ന് തിരുവനന്തപുരത്തു രൂപവത്കൃതമായ എ.കെ.ജി.സി.ടിയിൽ ഇന്ന് സർക്കാർ കോളജുകളിലെ ബഹുഭൂരിപക്ഷം അധ്യാപകരും അംഗങ്ങളാണ്. തുടക്കത്തിൽ നിവേദകസംഘം ആയിരുന്ന എ.കെ.ജി.സി.ടി അടിയന്തരാവസ്ഥക്കു ശേഷം ഒരു സമരസംഘടനയുടെ സ്വഭാവം ആർജിക്കുകയുണ്ടായി.

പ്രക്ഷോഭ സമരങ്ങളിലൂടെ യു.ജി.സി ശമ്പള പരിഷ്കരണവും മറ്റു പലവിധ ആനുകൂല്യങ്ങളും നേടിയെടുത്ത എ.കെ.ജി.സി.ടി ഉന്നത വിദ്യാഭ്യാസ മേഖലയിൽ പുരോഗമനപരമായ അക്കാദമിക സംസ്കാരം കൊണ്ടുവരുന്നതിനും സർക്കാർ കോളജുകളുടെ നിലവാരം ഉയർത്തുന്നതിലും ശ്രദ്ധചെലുത്തിയിരുന്നു. ദേശീയതലത്തിൽ എ.ഐ.എഫ്.ഇ.സി.ടി.ഒയുടെ ഭാഗമായി പ്രവർത്തിച്ചുവന്ന എ.കെ.ജി.സി.ടി അക്കാദമിക കാര്യങ്ങളോടൊപ്പം തന്നെ ഉന്നത വിദ്യാഭ്യാസ മേഖലയിലെ അധ്യാപകരുടെ സേവന വേതന വ്യവസ്ഥകൾ മെച്ചപ്പെടുത്തുന്നതിനുവേണ്ടിയും നിലകൊണ്ടു.

സർവകലാശാലകളിലെ അക്കാദമികവും ഭരണപരവുമായ വിവിധ സമിതികളിലേക്ക് എത്തിപ്പെടാൻവേണ്ടി ആ സംഘടനയെ ചവിട്ടുപടിയായി കണ്ട് നിക്ഷിപ്ത താൽപര്യങ്ങളോടുകൂടി നേതൃത്വത്തിൽ എത്തിച്ചേരുന്നവരുടെ എണ്ണം കൂടിയതോടുകൂടി എ.കെ.ജി.സി.ടിയുടെ അപചയവും തുടങ്ങി. വിദ്യാർഥി പ്രസ്ഥാനത്തിലും മറ്റും പ്രവർത്തിച്ച ശീലത്തോടുകൂടിയും മറ്റു കൃത്യമായ രാഷ്ട്രീയ അവബോധത്തോടുകൂടിയും എ.കെ.ജി.സി.ടിയിൽ പ്രവർത്തിച്ചു തുടങ്ങിയവർ സംഘടനയുടെ നേതൃത്വത്തിലെ പ്രധാനികളുടെ ഇടതുപക്ഷ മൂല്യങ്ങൾക്ക് നിരക്കാത്ത തരത്തിലുള്ള പ്രവർത്തനരീതികളാൽ മടുപ്പ് അനുഭവപ്പെട്ടു നിഷ്ക്രിയരാകുന്ന പരിതോവസ്ഥ വന്നുചേർന്നിട്ടുണ്ട്.

മുമ്പൊക്കെ തുറന്ന ചർച്ചകൾ എ.കെ.ജി.സി.ടിയുടെ പ്രവർത്തനത്തിന്റെ ഊർജമായിരുന്നെങ്കിൽ കുറച്ചു വർഷങ്ങളായി, പ്രത്യേകിച്ച് 2016 മുതൽ സംസ്ഥാന പ്രവർത്തക ക്യാമ്പുകളിലും സമ്മേളനങ്ങളിലും അത്തരം കാര്യങ്ങൾ വെറും ചടങ്ങുകൾ മാത്രമാകുന്നു. ഇടതുപക്ഷത്തിന്റെ ഭരണാധികാരത്തിന്റെ ക്ലാവ് ഏറ്റവും അധികം ബാധിച്ചത് ഉന്നത വിദ്യാഭ്യാസ മേഖലയിൽ പ്രവർത്തിക്കുന്ന ഇടതുപക്ഷ അധ്യാപക സംഘടനകളെയാണ്. സമര പ്രക്ഷോഭങ്ങൾക്ക് സാഹചര്യം ഇല്ലാതിരിക്കുകയും ഫണ്ടിന് ക്ഷാമം ഉണ്ടാകാത്തതുമായ അവസ്ഥ നേതാക്കളുടെ പ്രവർത്തന ശൈലിയിൽപോലും ആഡംബരത്തിന്റെ രീതികൾ പ്രതിഫലിപ്പിക്കുന്നു.

രാഷ്ട്രീയ നേതൃത്വത്തെയും പൊതുസമൂഹത്തെയും തെറ്റിദ്ധരിപ്പിക്കുന്ന രീതിയിലുള്ള പ്രഖ്യാപനങ്ങൾപോലും ഉണ്ടാകുന്നു. പ്രവർത്തകരുടെ ഒരു മാസത്തെ ശമ്പളം മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്ക് രണ്ടാം കോവിഡ് തരംഗത്തിന്റെ സമയത്ത് നൽകുന്നു എന്നുപറഞ്ഞ് എ.കെ.ജി.സി.ടി നേതൃത്വം മുഖ്യമന്ത്രിയെക്കൊണ്ട് കോടിക്കണക്കിന് രൂപയുടെ കണക്ക് മുഖ്യമന്ത്രിയുടെ വാർത്താസമ്മേളനത്തിൽ പ്രഖ്യാപിക്കുകയുണ്ടായി. നേതാക്കന്മാർ അടക്കമുള്ള ഒട്ടേറെ പേർ കൊടുക്കും എന്ന് പ്രഖ്യാപിച്ചതല്ലാതെ ഫലത്തിൽ തുക മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിൽ എത്തിയില്ല. മുഖ്യമന്ത്രിയെക്കൊണ്ട് വാർത്താസമ്മേളനത്തിൽ പ്രഖ്യാപിപ്പിച്ച കാര്യം പ്രയോഗത്തിൽ വരുത്തുന്നതിൽ നേതൃത്വം താൽപര്യമെടുത്തില്ല.

പൊതുസമൂഹത്തെ തെറ്റിദ്ധരിപ്പിച്ച ആ കാര്യത്തിന്മേലുള്ള കണക്കെടുപ്പോ പരിശോധനയോ പിന്നീടുണ്ടായതുമില്ല. ഇത്തരം കാര്യങ്ങൾ സംഘടനക്കുള്ളിൽ സൂചിപ്പിക്കുന്നവർ നേതൃത്വത്തിന്റെ നോട്ടപ്പുള്ളികളായി മാറുകയും ചെയ്യുന്നു. എ.കെ.ജി.സി.ടി അടക്കമുള്ള ഉന്നത വിദ്യാഭ്യാസമേഖലയിലെ അധ്യാപക സംഘടനകളെ സംബന്ധിച്ചിടത്തോളം സംസ്ഥാനത്തെ ഉന്നത വിദ്യാഭ്യാസ കൗൺസിൽ മുതൽ വിവിധ സർവകലാശാലകളിലെ രജിസ്ട്രാർ, പരീക്ഷ കൺട്രോളർ, സ്റ്റുഡന്റസ് സർവിസസ് ഡയറക്ടർ, സിൻഡിക്കേറ്റിലും സെനറ്റിലും അക്കാദമിക് കൗൺസിലുകളിലും പഠന ബോർഡുകളിലും പരീക്ഷ പരിശോധനാ സ്ക്വാഡുകളിലുമായുള്ള ആയിരക്കണക്കിന് സ്ഥാനമാനങ്ങളുടെ വീതംവെപ്പും, അതിന്റെ കസ്റ്റോഡിയന്മാരെന്നപോലുള്ള ചില നേതാക്കന്മാരുടെ രീതികളും അപചയത്തിനും മൂല്യച്യുതിക്കും അരാഷ്ട്രീയതക്കും വഴിയൊരുക്കുന്നു.

വേലിതന്നെ വിളവ് തിന്നുന്ന അവസ്ഥ. കഴിഞ്ഞ എൽ.ഡി.എഫ്​ സർക്കാറിന്റെ കാലത്ത് സർവശിക്ഷ അഭിയാന്റെ ഭാഗമായി ഹയർസെക്കൻഡറി വിദ്യാർഥികൾക്കായി കോളജുകളിൽ നടത്തിയ ശാസ്ത്രയാൻ പരിപാടിയിൽ നല്ലരീതിയിലാണ് ചുമതലപ്പെട്ടവർ ഏറെയും പ്രവർത്തിച്ചത്​. പക്ഷേ, സുതാര്യമല്ലാതെ ഫണ്ട് കൈകാര്യംചെയ്തതിനെ കുറിച്ചുള്ള വിമർശനം സർവശിക്ഷ അഭിയാന്റെ സംസ്ഥാന അവലോകന യോഗത്തിൽപോലും ചർച്ചചെയ്യപ്പെട്ടു.

സാമൂഹികമായ പ്രതിബദ്ധതയില്ലാതെ സ്വാർഥതാൽപര്യങ്ങളുമായി നേതൃത്വത്തിൽ ഇരിക്കുന്നവർ എണ്ണത്തിൽ കുറവാണെങ്കിലും അത്തരക്കാരുടെ രീതികൾ കൃത്യമായ രാഷ്ട്രീയ ബോധത്തോടെ പ്രവർത്തിക്കാൻ തയാറാകുന്നവരെ നിഷ്ക്രിയരാക്കുന്ന അവസ്ഥക്ക് പരിഹാരം കണ്ടെത്തേണ്ടതുണ്ട്​. ഉന്നത വിദ്യാഭ്യാസത്തിന്റെ കുതിപ്പിന് ശ്രമിക്കുന്ന ഇടതുപക്ഷ ഭരണത്തിന് കോളജ് അധ്യാപക സമൂഹത്തിന്റെ നിസ്വാർഥവും നിർവ്യാജവുമായ പിന്തുണ ഉറപ്പുവരുത്തൽ അനിവാര്യമായ കാര്യമാണ്. പൊതുസമൂഹത്തെയും രാഷ്ട്രീയ ഭരണനേതൃത്വത്തെയും തെറ്റിദ്ധരിപ്പിക്കുന്ന രീതിയിലുള്ള കാര്യങ്ങൾ സംഘടനക്കുള്ളിൽ സൂചിപ്പിക്കുന്നവർ സ്ഥാപിത താൽപര്യക്കാരായ ചില നേതാക്കളുടെ വിദ്വേഷത്തിന് പാത്രീഭവിക്കുന്നുണ്ടെന്നതാണ്​ സത്യം.

തൊഴിലാളി ഐക്യം മുന്നോട്ട്

ഇടതു വർഗ ബഹുജന സംഘടനകളിൽ ഏറ്റവും പ്രധാനപ്പെട്ടത് സി.ഐ.ടി.യു എന്ന ശക്തമായ ട്രേഡ് യൂനിയൻ പ്രസ്ഥാനമാണ്. ഒട്ടേറെ തൊഴിലാളി യൂനിയനുകൾ കൂടിച്ചേർന്നിട്ടുള്ള സി.ഐ.ടി.യു താരതമ്യേന മറ്റ് വർഗ ബഹുജന സംഘടനകളെക്കാൾ മെച്ചപ്പെട്ട രീതിയിൽ കേഡർ സ്വഭാവത്തോടുകൂടി പ്രവർത്തിക്കുന്നു. കേരളത്തിലെ തൊഴിൽ സംസ്കാരത്തെ നിർവചിക്കാൻ സ്വാധീനശക്തിയുള്ള സി.ഐ.ടി.യു പലവിധത്തിലുള്ള ചൂഷണ സാഹചര്യങ്ങളിൽനിന്നും തൊഴിലാളികളെ സംരക്ഷിച്ചു നിർത്തുന്നു.

സമൂഹത്തി​ന്റെ മൊത്തത്തിലുള്ള അപചയത്തിന്റെ ഭാഗമായി തൊഴിലാളി സംഘടന പ്രവർത്തകർക്കിടയിലും അപൂർവമായിട്ടുണ്ടാകുന്ന മൂല്യവ്യതിയാനങ്ങളെ പർവതീകരിച്ച് പ്രചരിപ്പിക്കുന്ന വലതുപക്ഷ മാധ്യമങ്ങളുടെ സൂക്ഷ്മവിചാരണകളെ അതിജീവിച്ച് പ്രവർത്തിക്കുന്ന സി.ഐ.ടി.യു കേരളത്തിലെ ഇടതുപക്ഷ മുന്നേറ്റത്തിന് ഒരു മുതൽക്കൂട്ടുതന്നെയാണ്.

നിരന്തരം സോഷ്യൽ ഓഡിറ്റിനും വിട്ടുവീഴ്ചയില്ലാത്ത മാധ്യമ വിചാരണകൾക്കും വിധേയമാകുന്ന സി.ഐ.ടി.യു തൊഴിലാളികളുടെ അവകാശ സംരക്ഷണത്തിനുവേണ്ടിയും അതുവഴി സമൂഹ പുനർനിർമാണ പ്രക്രിയകളിലും ശക്തമായി ഇടപെട്ടുകൊണ്ടുതന്നെ മുന്നോട്ടുപോകുന്നു. സി.ഐ.ടി.യുവിന്റെ കേഡർമാരും ഭാരവാഹികളും സംഘടനയിൽ അരാഷ്ട്രീയതയും മധ്യവർഗ സാമൂഹിക സാംസ്കാരിക ദുഷിപ്പുകളും കടന്നുകൂടുന്നതിനെതിരെ ശ്രദ്ധാലുക്കളാണെങ്കിലും ഒറ്റപ്പെട്ട തെറ്റായ ചില പ്രവണതകൾ (ഉദാ. മിനികൂപ്പർ വിവാദംപോലുള്ളവ) ആ സംഘടനയുടെ സ്വഭാവത്തെ സമൂഹമധ്യത്തിൽ താറടിച്ചുകാണിക്കുന്നതിന് വഴിയൊരുക്കാറുണ്ട്.

ഈയടുത്ത നാളുകളിൽ നടന്ന കോട്ടയം തിരുവാർപ്പിലെ ബസ് തൊഴിലാളികളുടെ സമരത്തിൽ കേരളത്തിലെ മുഖ്യധാരാ മാധ്യമങ്ങളും ഓൺലൈൻ യൂട്യൂബ് ചാനലുകളും സ്വീകരിച്ച വിഷലിപ്തമായ പ്രചാരണങ്ങൾ തന്നെ ഏറ്റവും അവസാനത്തെ ഉദാഹരണം. തൊഴിലാളികളുടെ കൂലിക്കാര്യത്തിൽ ഉടമ രാഷ്ട്രീയ വിവേചനം കാണിക്കുന്നതാണ് യഥാർഥ പ്രശ്നമെന്ന് വന്നതോടെ ആ പ്രശ്നം അവസാനിച്ചു. എന്നാൽ, സമരത്തി​ന്റെ ഭാഗമായി സി.ഐ.ടി.യുവിനെതിരെ പ്രചരിപ്പിക്കപ്പെട്ട ദുഷ്പ്രചാരണങ്ങൾക്ക് പരിഹാരം ഉണ്ടാക്കുന്നതെങ്ങനെ?

സി.ഐ.ടി.യുവിനെക്കുറിച്ച് പൊതുജനങ്ങളിൽ വളരെ മോശമായ പ്രതിച്ഛായ സൃഷ്ടിക്കാനാണ് വലതുപക്ഷ മാധ്യമങ്ങൾ എന്നും ശ്രമിക്കുന്നത്. ചില ഘടകങ്ങളിലെ ചില പ്രവർത്തകരിലും ചുമതലക്കാരുടെയും രീതികളിലും പ്രവർത്തനങ്ങളിലും അപൂർവമായി ചിലപ്പോഴൊക്കെ അസ്വാഭാവികതകൾ ഉണ്ടാകാറുണ്ടെങ്കിലും (അത് സമൂഹത്തി​ന്റെ പൊതുസ്വഭാവത്തിന്റെ ഭാഗമായിട്ടുണ്ടാകുന്നതുമാണ്) വളരെ ശുഷ്കാന്തിയോടുകൂടി ഉത്തരവാദിത്തബോധത്തോടെ പ്രവർത്തിക്കുന്ന ഇടതുപക്ഷ ട്രേഡ് യൂനിയൻ സംഘടനയാണ് സി.ഐ.ടി.യു. തീർച്ചയായും സി.ഐ.ടി.യു കേരളത്തിലെ ഇടതുപക്ഷ പ്രസ്ഥാനത്തിന് ഒരു മുതൽക്കൂട്ടാണ്.

ഗൗരവമായ രീതിയിൽ ഇടതുപക്ഷ രാഷ്ട്രീയ സ്വാധീനം നിലനിൽക്കുന്ന കേരളത്തിലെ ഇടതുപക്ഷ വർഗ ബഹുജന സംഘടനകളിൽ ചിലതിലൊക്കെ ഈ അടുത്ത വർഷങ്ങളിലായി കടന്നുകൂടിയിരിക്കുന്ന പരിഗണനാർഹമായ രീതിയിലുള്ള അപചയവും അരാഷ്ട്രീയ പ്രവണതകളും തിരിച്ചറിഞ്ഞ് ഉചിതമായ പരിഹാരപ്രക്രിയകൾ സ്വീകരിക്കേണ്ടത് കേരളത്തിലെ ഇടതുപക്ഷ രാഷ്ട്രീയത്തിന്റെ ശാക്തീകരണത്തിന് അനിവാര്യമാണ്. അതേസമയം തന്നെ ഡി.വൈ.എഫ്​.​െഎ അടക്കമുള്ള ചില വർഗ ബഹുജന സംഘടനകൾ പൊതുനന്മക്കായി നടത്തുന്ന സേവനാധിഷ്ഠിതമായ മഹത്തായ പ്രവർത്തനങ്ങൾ കേരളത്തിലെ ഇടതുപക്ഷ രാഷ്ട്രീയത്തിന്റെ സ്വാധീനത്തെ പരിപോഷിപ്പിക്കുന്ന തരത്തിലുള്ളതുമാണ്.

News Summary - weekly articles