Begin typing your search above and press return to search.
proflie-avatar
Login

ഒറ്റക്കോളത്തിൽ ഒതുങ്ങാത്ത ജീവിതങ്ങൾ

ഒറ്റക്കോളത്തിൽ   ഒതുങ്ങാത്ത ജീവിതങ്ങൾ
cancel

കോഴിക്കോട് അബ്ദുൽ ഖാദറി​ന്റെയും നജ്മൽ ബാബുവി​ന്റെയും പാട്ടുകൾ മറവിയിലേക്ക് മായാതെ മലയാളിയുടെ ഓർമയിൽ നിലനിർത്തിയ ബീരാൻക്ക എന്ന ബീരാൻ കൽപ്പുറത്ത് കഴിഞ്ഞയാഴ്ച വിടവാങ്ങി. അദ്ദേഹത്തെയും കോഴിക്കോ​െട്ട സംഗീതപാരമ്പര്യത്തെയും പറ്റിയാണ്​ ഇൗ ലക്കം.ബീരാൻ കൽപ്പുറത്ത്. അങ്ങനെയൊരു പേരു കേട്ടാൽ സാംസ്കാരിക കേരളത്തിന് എന്തെങ്കിലും തോന്നുമോ? ഇല്ല. മാധ്യമങ്ങളെ കുറ്റം പറയാനാവില്ല. വിഗ്രഹപൂജയുടെ സംസ്കാരം പിന്നിടാൻ നമുക്കിനിയും എത്രയോ കാതം മുന്നോട്ടു പോകേണ്ടതുണ്ട്. ഇക്കഴിഞ്ഞ ജനുവരി 31ന് പുലർച്ചെ ആ മനുഷ്യൻ കോഴിക്കോട് സിവിൽ സ്റ്റേഷനടുത്തുള്ള വീട്ടിനടുത്തു​െവച്ച് നടന്നുപോകുമ്പോൾ ...

Your Subscription Supports Independent Journalism

View Plans

കോഴിക്കോട് അബ്ദുൽ ഖാദറി​ന്റെയും നജ്മൽ ബാബുവി​ന്റെയും പാട്ടുകൾ മറവിയിലേക്ക് മായാതെ മലയാളിയുടെ ഓർമയിൽ നിലനിർത്തിയ ബീരാൻക്ക എന്ന ബീരാൻ കൽപ്പുറത്ത് കഴിഞ്ഞയാഴ്ച വിടവാങ്ങി. അദ്ദേഹത്തെയും കോഴിക്കോ​െട്ട സംഗീതപാരമ്പര്യത്തെയും പറ്റിയാണ്​ ഇൗ ലക്കം.

ബീരാൻ കൽപ്പുറത്ത്. അങ്ങനെയൊരു പേരു കേട്ടാൽ സാംസ്കാരിക കേരളത്തിന് എന്തെങ്കിലും തോന്നുമോ? ഇല്ല. മാധ്യമങ്ങളെ കുറ്റം പറയാനാവില്ല. വിഗ്രഹപൂജയുടെ സംസ്കാരം പിന്നിടാൻ നമുക്കിനിയും എത്രയോ കാതം മുന്നോട്ടു പോകേണ്ടതുണ്ട്. ഇക്കഴിഞ്ഞ ജനുവരി 31ന് പുലർച്ചെ ആ മനുഷ്യൻ കോഴിക്കോട് സിവിൽ സ്റ്റേഷനടുത്തുള്ള വീട്ടിനടുത്തു​െവച്ച് നടന്നുപോകുമ്പോൾ സ്കൂട്ടറിടിച്ചുണ്ടായ ഒരു അപകടത്തിൽ മരിച്ചു. ഒറ്റക്കോളത്തിൽ ഒരു മരണം.

ഫെബ്രുവരി ഒന്നിന് രാവിലെ കണ്ണ് തുറന്ന് ഫേസ്ബുക്കിലൂടെ കണ്ണോടിക്കുമ്പോഴാണ് സുഹൃത്ത് രവി മേനോ​ന്റെ പോസ്റ്റ് കണ്ടത്: ‘‘കോഴിക്കോട് അബ്ദുൽ ഖാദറി​ന്റെയും മകൻ നജ്മൽ ബാബുവി​ന്റെയും ഓർമകൾ സംഗീതമനസ്സുകളിൽ നിലനിർത്താൻ യത്നിച്ച പ്രിയപ്പെട്ട ബീരാൻക്ക ഇനി ഓർമ. ഇരുവരെയും കുറിച്ചെഴുതാൻ ഓർമപ്പെടുത്തിക്കൊണ്ടുള്ള ഫോൺവിളികൾ ഇനി ഉണ്ടാവില്ല എന്നോർക്കുമ്പോൾ ദുഃഖം... ആദരാഞ്ജലികൾ.’’

ഹൃദയം നുറുങ്ങുന്ന ഒരു വേദനയായിരുന്നു ആ വേർപാട്. പാട്ടോർമയുടെ ചരിത്രകാരനാണ് രവി മേനോനെങ്കിൽ അതി​ന്റെ സഞ്ചരിക്കുന്ന ഒരു ചരിത്രമായിരുന്നു ബീരാൻക്ക. യേശുദാസിനും ചിത്രക്കുംപോലും അവർ പാടിയ പാട്ടുകളുടെ ഓർമകൾക്കായി ആശ്രയിക്കാവുന്ന പേരാണ് രവി മേനോൻ. എന്നാൽ, രവിക്കുപോലും കോഴിക്കോട് അബ്ദുൽ ഖാദറി​ന്റെയും നജ്മൽ ബാബുവി​ന്റെയും പാട്ടോർമകൾക്ക് ആശ്രയിക്കാൻ എന്നും ബീരാൻക്ക ഒരു വിളിപ്പുറത്തുണ്ടായിരുന്നു. ചരിത്രത്തിന് വളമായി മാറിയ ഒരദൃശ്യ കർമമായിരുന്നു ആ ഓർമകളുടെ സൂക്ഷിപ്പ് എന്നു മാത്രം.

ഖാദർക്കയുടെയും ബാബുക്കയുടെയും പാട്ടുകൾ മറവിയിലേക്ക് മായാതെ മലയാളിയുടെ ഓർമയിൽ നിലനിർത്തിയ സംരക്ഷകരിൽ ഒരാളായിരുന്നു ബീരാൻക്ക എന്ന ബീരാൻ കൽപ്പുറത്ത്. സാങ്കേതികമായി പറഞ്ഞാൽ ഒരു സ്വയം നിർമിത ‘മ്യൂസിക് ക്യൂറേറ്റർ’. എവിടെ പാട്ടുണ്ടോ അവിടെ ബീരാൻക്കയുണ്ട്. പാട്ടോർമയുടെ സഞ്ചരിക്കുന്ന ഒരു ലൈബ്രറിയായിരുന്നു അദ്ദേഹം.

 

ശോഭീന്ദ്രൻ മാസ്റ്റർ, ജമാൽ കൊച്ചങ്ങാടി, ബീരാൻ കൽപ്പുറത്ത്,ഷഹബാസ് അമൻ, ബീരാൻ കൽപ്പുറത്ത്

ശോഭീന്ദ്രൻ മാസ്റ്റർ, ജമാൽ കൊച്ചങ്ങാടി, ബീരാൻ കൽപ്പുറത്ത്,ഷഹബാസ് അമൻ, ബീരാൻ കൽപ്പുറത്ത്

ഒരാത്മകഥ എഴുതിയിട്ടില്ലെങ്കിലും നജ്മൽ ബാബുവിനെക്കുറിച്ചും കോഴിക്കോട് അബ്ദുൽ ഖാദറിനെക്കുറിച്ചും നദീം നൗഷാദ് എഡിറ്റ് ചെയ്ത ഓർമപ്പുസ്തകങ്ങളിൽ വലിയൊരു കാലം തന്നെ ബീരാൻക്ക രേഖപ്പെടുത്തിയിട്ടുണ്ട്. 1964ൽ കോഴിക്കോട് ഗവ. ആർട്സ് കോളജിലെ പഠനകാലമാണ് ബീരാനെ നജ്മൽ ബാബുവി​ന്റെ ആത്മമിത്രമാക്കി മാറ്റുന്നത്. കോളജിൽ പഠിക്കുന്ന കാലത്തുതന്നെ ബീരാ​ന്റെ ജന്മനാടായ തിരൂരിലെ ഇരിങ്ങാവൂർ കലാസമിതിക്കു വേണ്ടി ഖാദർക്കയുടെ ഗാനമേള സംഘടിപ്പിക്കുന്നുണ്ട്.

1966ലാണ് ഖാദർക്കയുടെ മൂത്തമകൾ സുരയ്യയുടെ വിവാഹം. മാപ്പിളപ്പാട്ടി​ന്റെ ഇതിഹാസമായ പി.എം. കാസിമി​ന്റെ മകൻ പി.എം.എ. സമദ് ആയിരുന്നു വരൻ. അതേ ദിവസം തന്നെയായിരുന്നു ടി. ദാമോദരൻ മാഷി​ന്റെയും വിവാഹം. അക്കാലത്ത് മാഷി​ന്റെ നാടകങ്ങൾക്ക് ബാബുരാജ് ഈണം പകർന്ന് കോഴിക്കോട് അബ്ദുൽ ഖാദർ പാടുന്നത് പതിവായിരുന്നു. രണ്ട് വിവാഹങ്ങളിലും അന്നത്തെ കോഴിക്കോട്ടെ നാടക സംഗീത ലോകത്തെ സുഹൃത്തുകൾക്ക് ഒരുപോലെ പങ്കെടുക്കേണ്ടതുള്ളതുകൊണ്ട് ഒന്ന് രാവിലെയും മറ്റൊന്ന് വൈകുന്നേരവും നടത്താൻ സൗഹൃദസംഘം തീരുമാനിക്കുകയാണുണ്ടായത്.

സുരയ്യയുടെ കല്യാണത്തിന് പാടാനാണ് യേശുദാസ് ആദ്യമായി കോഴിക്കോട് ടൗൺഹാളിലെത്തുന്നത്. ബാബുരാജ്, സി.എം വാടിയിൽ തുടങ്ങിയവരുടെ ഓർക്കസ്ട്രയിൽ പാടാൻ കോഴിക്കോട്ടെ സകല ഗായികാഗായകന്മാർക്കുമൊപ്പം നജ്മൽ ബാബുവും ഉണ്ടായിരുന്നു. തുടർന്ന്, കുറച്ചുകാലം ബീരാനും നജ്മലും ബോംബെയിൽ പ്രവാസജീവിതം പരീക്ഷിച്ചു. ‘‘ഒന്നിച്ചു ചെലവഴിക്കുന്ന സായാഹ്നങ്ങളിൽ ഞങ്ങൾ രണ്ടുപേരും പലതിനെക്കുറിച്ചും ചർച്ചചെയ്യും.

അങ്ങനെയുള്ള ചർച്ചകളിൽ ഒരിക്കൽ ബാബുവി​ന്റെ കുടുംബത്തെക്കുറിച്ചും കല്യാണം കഴിയാത്ത സഹോദരികളെക്കുറിച്ചും സാമ്പത്തിക പരാധീനതകളെക്കുറിച്ചും നെടുവീർപ്പോടെ സംസാരിച്ചു. സ്നേഹത്തി​ന്റെ ആഴത്തെക്കുറിച്ച് നന്നായി മനസ്സിലാക്കിയിരുന്ന ഞാൻ അന്നു ബാബുവിന് കൊടുത്ത വാക്കാണ് പിന്നീട് ബാബുവി​ന്റെ അനിയത്തിയായ മോളി എ​ന്റെ ജീവിത പങ്കാളിയാവാൻ കാരണമായത്’’ എന്ന് ബീരാൻക്ക ‘സൗഹൃദത്തി​ന്റെ കാല’ത്തിൽ (നജ്മൽ ബാബു –ജീവിതവും സംഗീതവും –എഡിറ്റർ നദീം നൗഷാദ്) ഓർക്കുന്നുണ്ട്.

 

നദീം നൗഷാദ്,കോഴിക്കോട്​ അബ്​ദുൽ ഖാദറിനെക്കുറിച്ച ഒാർമ പുസ്​തകം

നദീം നൗഷാദ്,കോഴിക്കോട്​ അബ്​ദുൽ ഖാദറിനെക്കുറിച്ച ഒാർമ പുസ്​തകം

1968ലാണ് ബീരാൻക്കയുടെ ഗൾഫ് പ്രവാസം തുടങ്ങുന്നത്. 1973ലാണ് ആത്മമിത്രമായ നജ്മലി​ന്റെ സഹോദരിയും ഖാദർക്കയുടെ മകളുമായ മോളിയെ ജീവിതപങ്കാളിയാക്കിയത്. ഗൾഫിൽ മെഹ്ഫിലുകളുടെ സംഘാടകനായിരുന്നു ബീരാൻക്ക. അങ്ങനെ 1974ൽ അബൂദബി കേരള സോഷ്യൽ സെന്റർ മുഖേന ഖാദർക്കയുടെയും നജ്മലി​ന്റെയും ഗാനമേള ആദ്യമായി ഗൾഫിൽ അരങ്ങേറി. ഖാദർക്ക ഒന്ന് തളർന്നപ്പോൾ കുടുംബത്തിന് അത്താണിയാകാൻ സൗദിയിൽ ബീരാൻക്ക ജോലി ചെയ്തിരുന്ന ബാങ്ക് ഡി പാരിബായിൽ (ബി.എൻ.പി. പാരിബാ) നജ്മൽ ബാബുവിന് ജോലി ശരിയാക്കിക്കൊടുത്തു. നജ്മലി​ന്റെ നീണ്ട പ്രവാസ സംഗീതജീവിതത്തിന് അടിത്തറ പണിതത് അതാണ്.

1977 െഫബ്രുവരി 13നാണ് ഖാദർക്ക വിടപറയുന്നത്. എന്നാൽ, അദ്ദേഹത്തിനുവേണ്ടി കോഴിക്കോട് നഗരത്തിൽ ഒരു സ്മാരകമുണ്ടാകാൻ 35 വർഷമെടുത്തു. 2013 ​െഫബ്രുവരി 13ന് കോഴിക്കോട് ഖാദർക്ക വിടപറഞ്ഞ് 36 വർഷം പിന്നിടുന്ന ദിവസം അദ്ദേഹം ജീവിച്ചു മരിച്ച നഗരത്തിലെ കൂരിയാൽ റോഡ് കോഴിക്കോട് അബ്ദുൽ ഖാദർ റോഡ് എന്ന് നാമകരണം ചെയ്യപ്പെട്ടു. മറവി പറ്റാത്ത ബീരാൻക്കയുടെയും കൂട്ടുകാരുടെയും നിതാന്ത പ്രയത്നത്തി​ന്റെ ബാക്കിപത്രമായിരുന്നു അത്. കമ്യൂണിസ്റ്റ് പ്രസ്ഥാനത്തി​ന്റെ വളർച്ചക്ക് പാട്ടുകൊണ്ട് തറക്കല്ലിട്ട ഗായകനെ ലോകത്തിലാദ്യമായി തെരഞ്ഞെടുപ്പിലൂടെ അധികാരത്തിൽ വന്ന പാർട്ടിയുള്ള നാടിന് ഓർക്കാൻ അത്ര നീണ്ടകാലം വേണ്ടിവന്നു. എല്ലാ ചരിത്രങ്ങളും മറവിയുടെ കൂടി ചരിത്രമാണ്.

ഖാദർക്കയുടെ മൂത്ത മരുമകൻ സമദ് പ്രൂഫ് റീഡറായി ‘മാതൃഭൂമി’യിലെത്തിയത് 2005ലാണ്. മലബാറിൽ കമ്യൂണിസ്റ്റ് പാർട്ടി പിച്ച​െവച്ച കാലത്ത് പ്രസ്ഥാനത്തിന് ജീവൻ നൽകിയ ആയിരക്കണക്കിന് പാട്ടുകളെഴുതിയ പി.എം. കാസിം എന്ന മാപ്പിളപ്പാട്ടി​ന്റെ ഇതിഹാസകാര​ന്റെ മകനായിരുന്നു സമദ് എന്ന് അപ്പോഴാണ് ഞാനറിയുന്നത്. ഇ.എം.എസിന്റെയും എ.കെ.ജിയുടെയും സൈദ്ധാന്തിക പ്രഭാഷണങ്ങളെക്കാൾ ഖാദർക്കയുടെയും കാസിംക്കയുടെയും പാട്ടുകൾക്കായി ജനം കാത്തുനിന്ന കാലം മലബാറിലുണ്ടായിരുന്നു എന്നത് അക്കാലത്തെ യുവ കമ്യൂണിസ്റ്റായിരുന്ന സമദി​ന്റെ മായാത്ത ഓർമയാണ്.

കവി പി.എം. കാസിം മിഠായിത്തെരുവിൽ നടത്തിയ ചായപ്പീടിക പി. കൃഷ്ണപിള്ള, ഇ.എം.എസ്, വി.എസ്, കേരളീയൻ, എ.കെ.ജി, പി.ആർ. നമ്പ്യാർ, ഇ.സി. ഭരതൻ, ചന്ദ്രോത്ത് തുടങ്ങിയ കമ്യൂണിസ്റ്റ് നേതാക്കന്മാരുടെയും ഖാദർക്ക, ബാബുക്ക, രാമു കാര്യാട്ട്, പി. ഭാസ്കരൻ, എസ്.കെ. പൊറ്റെക്കാട്ട് തുടങ്ങിയ കലാ സാംസ്കാരിക പ്രവർത്തകരുടെയും ഒരു സങ്കേതമായിരുന്നു. ഇന്നത്തെ മിഠായിത്തെരുവി​ന്റെ ഓർമയിൽ എവിടെയും അത് കാണാനാവില്ല. മാപ്പിളപ്പാട്ടുകൊണ്ട് ഹൃദയങ്ങൾ കീഴ്മേൽ മറിച്ച പി.എം. കാസിമിനെയും കാലം മറന്നു.

ആഷിഖ് അബുവി​ന്റെ ഫഹദ് ഫാസിൽ ചിത്രമായ ‘അന്നയും റസൂലി’ലും (2013) ഷഹബാസ് അമൻ പണ്ട് ‘ചുഴി’യിൽ മെഹബൂബ് പാടിയ പാട്ട് പാടിയപ്പോൾ കാസിംക്ക എത്രമാത്രം ‘ന്യൂജെൻ’ ആണെന്ന് ആ പാട്ട് പാടിയ ഒരു ന്യൂജെനും ഒരിക്കലും ഓർത്തു കാണില്ല. പാട്ടോർമയുടെ ചരിത്രങ്ങളിൽ കാസിംക്ക ഇന്നും അദൃശ്യനാണ്. തിരസ്കാരങ്ങൾ വരുന്ന വഴികൾ പ്രവചനാതീതമാണ്.

‘‘കണ്ട് രണ്ട് കണ്ണ്...

കണ്ട് രണ്ട് കണ്ണ്...

കതകിന്‍ മറവില് നിന്ന്

കരിനീലക്കണ്ണുള്ള പെണ്ണ്...

കുറുനിര പരത്തണ പെണ്ണ്

കണ്ട് രണ്ട് കണ്ണ് കണ്ട് രണ്ട് കണ്ണ്

കണ്ട് രണ്ട് കണ്ണ് കണ്ട് രണ്ട് കണ്ണ്

കതകിന്‍ മറവില് നിന്ന്

കരിനീലക്കണ്ണുള്ള പെണ്ണ്

കുറുനിര പരത്തണ പെണ്ണ്

കണ്ട് രണ്ട് കണ്ണ്...

ആപ്പിളു പോലത്തെ കവിള്

നോക്കുമ്പക്കാണണ് കരള്

ആപ്പിളു പോലത്തെ കവിള്

ഹാ... നോക്കുമ്പം കാണണ് കരള്...

പൊന്നിന്‍കുടം മെല്ലെ കുരുക്കും

പൊന്നിന്‍കുടം മെല്ലെ കുരുക്കും

അന്നപ്പിട പോലെ അടിവച്ചു നടക്കും

കണ്ട് രണ്ട് കണ്ണ് കണ്ട് രണ്ട് കണ്ണ്...

കതകിന്‍ മറവില് നിന്ന്

കുനുചില്ലിക്കൊടി കാട്ടി വിളിക്കും

കുടമുല്ലമൊട്ടു കാട്ടി ചിരിക്കും

കുനുചില്ലിക്കൊടി കാട്ടി വിളിക്കും

കുടമുല്ലമൊട്ടു കാട്ടി ചിരിക്കും

കുണുങ്ങിക്കുണുങ്ങിക്കൊഞ്ചിക്കുഴഞ്ഞാടി

കുണുങ്ങിക്കുണുങ്ങിക്കൊഞ്ചിക്കുഴഞ്ഞാടി

പിണങ്ങിയും ഇണങ്ങിയും

മനസ്സിനെ കുടുക്കും

(കണ്ട് രണ്ട് കണ്ണ്)...’’

കാസിംക്കയുടെ ഈ പാട്ടി​ന്റെ പുനരവതരണം കേൾക്കാൻ സമദ്ക്ക ഇല്ലായിരുന്നു. സമദ്ക്കയെക്കൊണ്ട് ത​ന്റെ ബാപ്പ കാസിമി​ന്റെ കാവ്യലോകത്തെക്കുറിച്ച് ‘ചിത്രഭൂമി’യിൽ എഴുതിക്കാൻ ഞാൻ ശ്രമിച്ചിരുന്നു. എഴുതാം എന്ന വാക്ക് പക്ഷേ അർബുദം തട്ടിയെടുത്തു. അർബുദത്തോട് പൊരുതി ഐ.സി.യുവിലേക്ക് പോകുമ്പോഴാണ് ബാബുരാജിനെക്കുറിച്ച് എഴുതിയ അവസാന ലേഖനം സമദ്ക്ക മക​ന്റെ കൈയിൽ ചിത്രഭൂമിയിലേക്ക് കൊടുത്തയക്കുന്നത്. പിന്നെ അതച്ചടിച്ചു വന്നിട്ടുണ്ടാകുമെന്നു പറഞ്ഞ് ഐ.സി.യുവിൽനിന്നും മക്കളെ ചിത്രഭൂമി വാങ്ങിക്കാനും പറഞ്ഞുവിട്ടു.

 

കണ്ണംപറമ്പ് ശ്മശാനം

കണ്ണംപറമ്പ് ശ്മശാനം

കോഴിക്കോട് അബ്ദുൽ ഖാദറിനെക്കുറിച്ചും അദ്ദേഹത്തി​ന്റെ പാട്ടുകളെക്കുറിച്ചും വിശദമായ ഒരു ലേഖനം സമദ്ക്കയെക്കൊണ്ട് ചിത്രഭൂമിയിൽ എഴുതിച്ചിരുന്നു. വലിയ കാലത്തി​ന്റെ ഓർമകൾ മറക്കാതെ കൊണ്ടുനടന്ന മനുഷ്യന്മാരായിരുന്നു സമദ്ക്കയും ഖാദർക്കയും. ഖാദർക്കയുടെ പാട്ടുകളുടെ ഒരു സീഡി പുറത്തിറക്കുക എന്ന ലക്ഷ്യം രണ്ടു മരുമക്കൾക്കുമുണ്ടായിരുന്നു. എന്നാൽ, കോപ്പിറൈറ്റ് സംബന്ധിച്ച അന്വേഷണങ്ങളിൽ അത് വഴിമുട്ടി. ആകാശവാണിക്കും ഇല്ലാതായിപ്പോയ നിർമാണ കമ്പനികൾക്കും കാസറ്റ് കമ്പനിക്കുമൊക്കെ ആയിരുന്നു അവയുടെ കോപ്പിറൈറ്റ്. നമ്മുടെ കാസറ്റ്, സീഡി വ്യവസായം തഴച്ചുവളർന്ന കാലത്തൊന്നും കോഴിക്കോട് അബ്ദുൽ ഖാദറി​ന്റെ പാട്ടുകളുടെ സീഡി പുറത്തിറക്കാൻ ആരും മുൻകൈയെടുത്തതുമില്ല.

‘‘പരിതാപമിതേ ഹാ ജീവിതമേ

നീ കരയൂ മാനസമേ

നീ കരയൂ മാനസമേ

വിധിയേന്തിയ ഭീകരലോകമിതേ

നീ കേഴുക കോകിലമേ

നീ കരയൂ മാനസമേ...’’

എന്ന പാട്ടുമായാണ് സമദ് എപ്പോഴും നടക്കുക. ഖാദർക്ക പാടിയ പാട്ടാണത്. ‘ലോകനീതി’ എന്ന സിനിമയിൽ അഭയദേവ് എഴുതി ദക്ഷിണാമൂർത്തി ഈണം നൽകിയ പാട്ട്. ആ പാട്ടിൽ രണ്ടു പേരുടെയും ജീവിതവും അലിഞ്ഞുകിടക്കുന്നു. സ്വന്തം വിവാഹത്തി​ന്റെ നാൽപതാം വാർഷികനാളിലാണ് സമദ്ക്ക വിടപറയുന്നത്, 2006ൽ.

ഖാദർക്കയുടെ ‘‘പാടാനോർത്തൊരു മധുരിതഗാനം പാടിയതില്ലല്ലോ ഞാൻ പാടിയതില്ലല്ലോ’’ എന്ന പാട്ട് മക്കളായ നജ്മൽ ബാബുവും സത്യജിത്തും പാടിയത് ഞാൻ കേട്ടിട്ടുണ്ടായിരുന്നു. എന്നാൽ, ഒറിജിനൽ ഖാദർക്കയുടെ ശബ്ദത്തിൽ തന്നെയുള്ള പാട്ട് എനിക്ക് കൊണ്ടുത്തന്നത് സമദ്ക്കയാണ്. കാസറ്റും ടേപ്പ് റെക്കോഡറുമുള്ള കാലമായിരുന്നു അത്. ആ കേൾവി വേറൊരു അനുഭവം തന്നെയായിരുന്നു.

‘‘ഖാദർക്കയുടെ പാട്ടി​ന്റെ ഈണത്തി​ന്റെ ചുവടുപിടിച്ചാണ് ഞാൻ ‘ഗുൽമോഹറി’ന്റെ തിരക്കഥ എഴുതിത്തീർന്നത്. സിനിമയാക്കുമ്പോൾ നിർബന്ധമായും ഉൾപ്പെടുത്തണമെന്ന് വാശിപിടിച്ചതും ആ പാട്ടായിരുന്നു’’ എന്ന് നജ്മൽ ബാബുവിനെക്കുറിച്ചുള്ള പുസ്തകത്തിൽ ‘ഒരു കുറ്റബോധത്തി​ന്റെ ഓർമക്ക്’ എന്ന ലേഖനത്തിൽ ദീദി ഓർക്കുന്നുണ്ട്. 2008ൽ ‘ഗുൽമോഹർ’ ജയരാജ് സിനിമയാക്കുമ്പോൾ ഖാദർക്കയുടെ പാട്ടി​ന്റെ കൂടുതൽ ഗുണനിലവാരമുള്ള ഒരു റെക്കോഡിങ് ആകാശവാണിയിൽനിന്നും കിട്ടുമോന്ന് നോക്കിയെങ്കിലും കിട്ടിയില്ല.

ആരെക്കൊണ്ട് ആ പാട്ട് പാടിപ്പിക്കും എന്ന അന്വേഷണം മകളുടെ മരണവും രോഗങ്ങളും തീർത്ത വേദനയിൽ പാട്ടി​ന്റെ ലോകത്തുനിന്നും വീട്ടിലേക്ക് പിന്മാറിയ ഖാദർക്കയുടെ മകൻ നജ്മൽ ബാബുവിലേക്കുതന്നെയാണ് എത്തിച്ചത്. ഡയാലിസിസ് അടക്കമുള്ള ചികിത്സകൾക്ക് നടുവിലായിരുന്നു ബാബുക്ക അന്ന്. ‘‘ഒരു നിലക്കും പാടാൻ വയ്യ. പാടുമ്പോൾ എനിക്ക് ശ്വാസം മുട്ടും. പാടാനാവുന്നില്ലല്ലോ എന്നോർത്ത് മനസ്സും വിങ്ങും. പക്ഷേ വയ്യ’’ –അതായിരുന്നു അന്ന് ബാബുക്ക. നിരാശയോടെയായിരുന്നു അന്ന് എല്ലാവരും മടങ്ങിയത്.

 

തൊട്ടടുത്ത ദിവസം രാവിലെത്തന്നെ ബാബുക്കയുടെ ​േകാൾ ദീദിയെ തേടിയെത്തി: ‘‘ഇന്നലെ ഉറങ്ങാൻ കഴിഞ്ഞില്ല. എനിക്കത് പാടാൻ കഴിയുമോ എന്നറിയില്ല, എന്നാലും ഞാൻ പാടി നോക്കാം. ദാമോദരൻ മാഷി​ന്റെ മകൾ ഒരാഗ്രഹം പറഞ്ഞുവന്നിട്ട് ഞാനതു കേട്ടില്ല എന്നു വേണ്ട.’’ കോഴിക്കോട് തിരുത്തിയാടുള്ള റെക്കോഡിങ് സ്റ്റുഡിയോവി​ന്റെ ഗോവണിപ്പടികൾ കിതച്ചുകൊണ്ട് കയറിവന്ന് ബാബുക്ക ആ പാട്ട് പാടി. പാട്ടിലേക്കുള്ള ഒരു ഗായക​ന്റെ തിരിച്ചുവരവായിരുന്നു അത്. പത്രങ്ങൾ അത് വലിയ വാർത്തയാക്കി. എന്നാൽ, സിനിമയിൽ ആ പാട്ട് കൊത്തിനുറുക്കപ്പെട്ടു പോയി. പശ്ചാത്തലത്തിൽ വെറുമൊരു ഓർമയായേ പാട്ടുണ്ടായിരുന്നുള്ളൂ. ടൈറ്റിൽ കാർഡിൽ നജ്മൽ ബാബുവിന് ക്രെഡിറ്റും നൽകിയില്ല: അത് മറ്റൊരു വേദനയുടെ കഥ.

ഓർമയുടെ നേർച്ച

സമദ്ക്ക നൽകിയ കാസറ്റ് വീട്ടിലെ ടേപ്പ് റെക്കോഡറിൽ ഓർമ മറയുംവരെ ദീദിയുടെ അമ്മ കേട്ടുകൊണ്ടേയിരുന്നു. ത​ന്റെ പാട്ടി​ന്റെ ആരാധികയാണ് എന്നറിഞ്ഞ് ഖാദർക്ക വിവാഹസമ്മാനമായി വീട്ടിലെത്തി പാടിക്കൊടുത്ത ആ പാട്ടുകൾ അമ്മയുടെ ഏറ്റവും പ്രിയപ്പെട്ട ഓർമകളിലൊന്നായിരുന്നു. സിനിമയിലല്ലാത്ത ഖാദർക്ക പാടിയ അത്യപൂർവ പാട്ടുകളുടെ ഒരു നല്ല ശേഖരം അമ്മ ഡയറിയിൽ എഴുതി സൂക്ഷിച്ചിരുന്നു. അമ്മ പോയതോടെ ആ കാസറ്റും ടേപ്പ് റെക്കോഡറും എന്നെന്നേക്കുമായി നിശ്ചലമായി.

വലിയ വിശ്വാസിയായിരുന്നു അമ്മ. തിരിച്ച് അച്ഛൻ മരണം വരെയും സമ്പൂർണ അവിശ്വാസിയുമായിരുന്നു. ഏതെങ്കിലും വിഗ്രഹത്തിനു മുന്നിൽ താൻ എന്നെങ്കിലും വണങ്ങിനിൽക്കുന്നതായി കണ്ടാൽ അപ്പോൾ അച്ഛന് സ്വബോധം നഷ്ടപ്പെട്ടു എന്ന് കരുതിക്കോളണം എന്ന് മാഷ് ത​ന്റെ പെൺമക്കളോട് എന്നോ പറഞ്ഞുെവച്ചിരുന്നതുമാണ്.

എന്നാൽ, അമ്മയുടെ വേർപാടിന് ശേഷമുള്ള ആദ്യത്തെ ശ്രാദ്ധത്തിന് അമ്മയുടെ വിശ്വാസമനുസരിച്ച് അകത്ത് ​െവച്ചു കൊടുക്കുക എന്ന നേർച്ചക്ക് അമ്മക്ക് ഇഷ്ടമുള്ള ഭക്ഷണപദാർഥങ്ങൾ ഓരോന്നായി കൊണ്ടുവെക്കുന്നത് നോക്കിനിൽക്കുമ്പോൾ അച്ഛൻ ദീദിയെ വിളിച്ച് ‘‘അവൾക്ക് വലിയ ഇഷ്ടമായിരുന്നല്ലോ ഖാദർക്കയുടെ പാട്ടുകൾ, അതുംകൂടി അകത്ത് ​െവച്ചേക്ക് ’’ എന്ന് നിർദേശിച്ചു. ‘‘പാടാനോർത്തൊരു മധുരിതഗാനം പാടിയതില്ലല്ലോ ഞാൻ’’ എന്ന പാട്ട് കൂടി അങ്ങനെ അമ്മക്ക് നേർച്ചയായി െവച്ചു. ഓർമയുടെ നേർച്ചകളിൽ ജീവിച്ചിരുന്ന കാലത്തി​ന്റെ സ്പന്ദനങ്ങൾ കേൾക്കാം. 2011ലാണ് അമ്മ പോയത്. 2012 മാർച്ച് 28ന് അച്ഛനും പോയി. 2013 നവംബർ അഞ്ചിന് നജ്മൽ ബാബുക്കയും വിടപറഞ്ഞു.

 

പി.എം.എ. സമദ്, രവി​ േമനോൻ

പി.എം.എ. സമദ്, രവി​ േമനോൻ

താരകം ഇരുളിൽ മായുകയോ

1987 മേയ് 30ന് കോഴിക്കോട് മിഠായിത്തെരുവിലെ ഒയാസിസ് കോമ്പൗണ്ടിലെ പണിതീരാത്ത കെട്ടിടത്തിന് മുകളിൽനിന്നും സംവിധായകൻ ജോൺ എബ്രഹാം താഴേക്ക് വീഴുമ്പോൾ പാടിയിരുന്നത് ഖാദർക്കയുടെ ‘‘താരകം ഇരുളിൽ മായുകയോ’’ എന്ന പാട്ടായിരുന്നു. 1953ൽ പി.ആർ.എസ്. പിള്ളയും വിമൽകുമാറും ചേർന്ന് സംവിധാനംചെയ്ത ‘തിരമാല’ എന്ന സിനിമയിൽ പി. ഭാസ്കരൻ മാഷ് എഴുതി വിമൽകുമാർ സംഗീതം നൽകിയ പാട്ട്. ‘ജോൺ’ സിനിമക്കുവേണ്ടി ആ പാട്ടി​ന്റെ ഒറിജിനൽ ട്രാക്ക് ശേഖരിച്ചുതന്നത് ബീരാൻക്കയായിരുന്നു.

2023 മേയ് 31ന് ജോൺ എബ്രഹാമി​ന്റെ ഓർമദിവസം ശ്രീ തിയറ്ററിൽ ആ സിനിമ പ്രദർശിപ്പിച്ചപ്പോൾ ബീരാൻക്ക ഒപ്പം നിന്നു. സിനിമക്കുശേഷം തിയറ്ററിന് പുറത്ത് നടന്ന ചടങ്ങിൽ സംസാരിച്ചു. അവസാനം ഇക്കഴിഞ്ഞ ഡിസംബർ ആറിന് കോഴിക്കോട് ടൗൺഹാളിൽ മുകുന്ദനുണ്ണിയുടെ ഹിന്ദുസ്ഥാനി സംഗീത കച്ചേരി നടന്നപ്പോൾ അവിടെ മുൻനിരയിൽതന്നെ ബീരാൻക്ക ഉണ്ടായിരുന്നു.

പാട്ടും പാട്ടുകളുടെ ഓർമയുമല്ലാതെ മറ്റൊന്നും ആ മനുഷ്യനുമായി ഇന്നുവരെ സംസാരിച്ചിട്ടില്ല. കോഴിക്കോട് അബ്ദുൽ ഖാദർ ഫൗണ്ടേഷൻ ഖാദർക്കയുടെ ഓർമക്ക് നടത്തുന്ന സംഗീത പരിപാടികൾക്ക് ക്ഷണിക്കാൻ, ഭാഗഭാക്കാകാൻ, പത്രത്തിൽ ഇന്നത്തെ പരിപാടിയിൽ ഒരിനമായി അത് ചേർക്കാൻ പറയാൻ, ഇതിനൊക്കെയാണ് ബീരാൻക്ക വിളിച്ചിരുന്നത്.

 

‘നജ്മൽ ബാബു –ജീവിതവും സംഗീതവും’ പുസ്തകം നജ്മലി​ന്റെ ജീവിതപങ്കാളി സുബൈദക്ക് കൈമാറുന്നു. പോൾ കല്ലാനോട്, വി.ആർ. സുധീഷ്, ഖദീജ മുംതാസ്, കോയ മുഹമ്മദ് എന്നിവർ സമീപം

‘നജ്മൽ ബാബു –ജീവിതവും സംഗീതവും’ പുസ്തകം നജ്മലി​ന്റെ ജീവിതപങ്കാളി സുബൈദക്ക് കൈമാറുന്നു. പോൾ കല്ലാനോട്, വി.ആർ. സുധീഷ്, ഖദീജ മുംതാസ്, കോയ മുഹമ്മദ് എന്നിവർ സമീപം

കോഴിക്കോട്ടെ ‘ഗസൽധാര’ എന്ന സംഘടനയുടെ ട്രഷറർ ആയിരുന്നു. 1987ൽ നജ്മൽ ബാബു, ലത്തീഫ് സ്റ്റെർലിങ്, അബൂബക്കർ കക്കോടി, ബീരാൻ എന്നിവരുടെ നേതൃത്വത്തിൽ രൂപംകൊണ്ട ഗസൽധാരയാണ് ബാബുരാജി​ന്റെ ഛായാപടം ടൗൺഹാളിൽ എത്തിച്ചത്. ഇന്നത്തെ പരിപാടിയിൽ കോഴിക്കോട് അബ്ദുൽ ഖാദർ സംഗീതസായാഹ്നം എന്നോ നജ്മൽ ബാബു സായാഹ്നം എന്നോ ഒരറിയിപ്പ് മാത്രം മതി കോഴിക്കോട് ടൗൺഹാൾ നിറഞ്ഞു കവിയാൻ. ഈ വരുന്ന ഫെബ്രുവരി 13നാണ് കോഴിക്കോട് അബ്ദുൽ ഖാദറി​ന്റെ ഓർമദിനം എന്ന് ഓർമിപ്പിക്കാൻ ബീരാൻക്ക ഫോൺ വിളിച്ചുതുടങ്ങിയിരുന്നു. ഇനിയതുണ്ടാവില്ല.

​െഫബ്രുവരി ഒന്നിന് നാലു മണിയോടെ സിവിൽ സ്റ്റേഷനടുത്തുള്ള കൽപ്പുറത്ത് വീട്ടിൽ ബീരാൻക്കയുടെ മൃതദേഹം പോസ്റ്റ്മോർട്ടത്തിനുശേഷം പൊതുദർശനത്തിന് ​െവച്ചു. സിവിൽ സ്റ്റേഷൻ പള്ളിയിലെ പ്രാർഥനക്കുശേഷം വൈകീട്ട് ആറുമണിയോടെ കടപ്പുറത്തെ കണ്ണംപറമ്പ് ശ്മശാനത്ത് ഖബറടക്കം നടന്നു. അതിനുശേഷം ജമാൽ കൊച്ചങ്ങാടി അടക്കമുള്ള തലമുതിർന്ന സുഹൃത്തുക്കളെല്ലാം കോഴിക്കോട് ആർട്ട് ഗാലറിയിൽ ഒത്തുചേർന്ന് ബീരാൻക്കയെ അനുസ്മരിച്ചു.

തൊട്ടടുത്ത ദിവസം വീട്ടിലെത്തിയ മാതൃഭൂമി പത്രത്തിൽ അരിച്ചുപെറുക്കിയിട്ടും ബീരാൻക്ക മരിച്ച വാർത്ത കണ്ടില്ല. വിട്ടുപോയിട്ടുണ്ട്. ചരമം പേജിൽ ഒറ്റക്കോളമായി സമദ്ക്ക മരിച്ച വാർത്ത വന്നതുകണ്ടപ്പോൾ ‘ഒറ്റക്കോളത്തിൽ ഒതുങ്ങാത്ത ജീവിതങ്ങൾ’ എന്ന് അന്ന് ചിത്രഭൂമിയിലെ ‘നോയ്സ്’ എന്ന കോളത്തിലെഴുതിയിരുന്നു. ബീരാൻക്ക മരിച്ചപ്പോൾ അതും ഇല്ലാതായി. ആ അദൃശ്യമാക്കപ്പെടലിൽ ഒരു നിരാശ തോന്നി. പിന്നെ സമാധാനിച്ചു, അങ്ങനെയൊക്കെയാണ് ‘സംസ്കാരങ്ങളുടെ’ പരിണാമം രൂപംകൊള്ളുന്നത്. ചരമപേജിലെ ഒറ്റക്കോളത്തിൽ ഒതുങ്ങാത്ത ജീവിതങ്ങൾ അതിനു പുറത്ത് ജീവിക്കുന്നു, കൂട്ടമറവി വിഴുങ്ങും വരെ ആ ജീവിതങ്ങൾ പ്രിയപ്പെട്ടവരാൽ ഓർക്കപ്പെടുന്നു. അത്രമാത്രം. അതിനുമപ്പുറം മറ്റെന്ത്?

(തുടരും)

News Summary - weekly articles