Begin typing your search above and press return to search.
proflie-avatar
Login

‘രാഷ്ട്രീയ ജനാധിപത്യത്തെക്കുറിച്ച് മാത്രം ചിന്തിക്കുന്നത് അർഥശൂന്യമാണ്’

‘രാഷ്ട്രീയ ജനാധിപത്യത്തെക്കുറിച്ച്   മാത്രം ചിന്തിക്കുന്നത് അർഥശൂന്യമാണ്’
cancel

മോദിയുടെ അധികാരത്തിനു കീഴിൽ രാജ്യത്ത്​ എന്താണ്​ സംഭവിച്ചുകൊണ്ടിരിക്കുന്നതെന്ന്​വിശകലനംചെയ്യുന്ന ലേഖനത്തിന്റെ കഴിഞ്ഞ ലക്കം തുടർച്ച. ബാബരി മസ്​ജിദ്​ തകർത്ത്​ രാമക്ഷേത്രം ഉയരുന്ന വേളയിൽ എന്താണ്​ ദലിതരുടെയും മറ്റു കീഴാള ജനതകളുടെയുംഅവസ്ഥ? മതേതരത്വത്തിനും ജനാധിപത്യത്തിനും എന്താണ്​ നിലനിൽപ്​? ഉത്തർപ്രദേശിലെ കാൺപൂരിൽ ക്ഷേത്രത്തിൽ കയറിയ വൃദ്ധനായ ദലിതനെ സഹോദരന്റെയും ഭാര്യയുടെയും മകന്റെയും മുന്നിൽ കോടാലികൊണ്ട് വെട്ടിക്കൊന്ന് കത്തിച്ചു. മഹാരാഷ്ട്രയിലെ സാംഗ്ലി ജില്ലയിൽ ഒരു ദലിതന്റെ ജീവിതത്തിലുണ്ടായ ഉയർച്ചയിൽ അസൂയയും അസഹിഷ്ണുതയും മൂത്ത്, 2015 ജൂൺ 20ന് തന്റെ...

Your Subscription Supports Independent Journalism

View Plans

മോദിയുടെ അധികാരത്തിനു കീഴിൽ രാജ്യത്ത്​ എന്താണ്​ സംഭവിച്ചുകൊണ്ടിരിക്കുന്നതെന്ന്​വിശകലനംചെയ്യുന്ന ലേഖനത്തിന്റെ കഴിഞ്ഞ ലക്കം തുടർച്ച. ബാബരി മസ്​ജിദ്​ തകർത്ത്​ രാമക്ഷേത്രം ഉയരുന്ന വേളയിൽ എന്താണ്​ ദലിതരുടെയും മറ്റു കീഴാള ജനതകളുടെയുംഅവസ്ഥ? മതേതരത്വത്തിനും ജനാധിപത്യത്തിനും എന്താണ്​ നിലനിൽപ്​? 

ഉത്തർപ്രദേശിലെ കാൺപൂരിൽ ക്ഷേത്രത്തിൽ കയറിയ വൃദ്ധനായ ദലിതനെ സഹോദരന്റെയും ഭാര്യയുടെയും മകന്റെയും മുന്നിൽ കോടാലികൊണ്ട് വെട്ടിക്കൊന്ന് കത്തിച്ചു. മഹാരാഷ്ട്രയിലെ സാംഗ്ലി ജില്ലയിൽ ഒരു ദലിതന്റെ ജീവിതത്തിലുണ്ടായ ഉയർച്ചയിൽ അസൂയയും അസഹിഷ്ണുതയും മൂത്ത്, 2015 ജൂൺ 20ന് തന്റെ കൃഷിസ്ഥലത്ത് പണിയെടുത്തുകൊണ്ടിരുന്നപ്പോൾ അയാളുടെ ഉയർച്ചയെ പരിഹസിച്ചുകൊണ്ട് തങ്ങളെ നമസ്കരിക്കാതിരുന്നതിന്റെ പേരിൽ സവർണർ തല്ലിക്കൊന്നു. രാജസ്ഥാനിലെ ജയ്പൂരിൽ ഭൂമി കൈയേറാനുള്ള ശ്രമത്തിന്റെ ഭാഗമായി നാലു ദലിതരെ ട്രാക്ടർ കയറ്റി കൊന്നു. മധ്യപ്രദേശിലെ ഗുണ ജില്ലയിൽ തീപ്പെട്ടി ചോദിച്ചപ്പോൾ ഇല്ലെന്നുപറഞ്ഞ മധ്യവയസ്കനായ ദലിതനെ തല്ലിക്കൊന്നു.

തമിഴ്നാട്ടിലെ പെരാങ്ങല്ലൂർ ജില്ലയിൽ വെളിസ്ഥലത്ത് മലവിസർജനം നടത്തിയ രണ്ട് ദലിത് കുട്ടികളെ മലം കോരിച്ചപ്പോൾ മധ്യപ്രദേശിലെ ശിവപ്പൂരിൽ റോഡരികിലിരുന്ന് മലവിസർജനം നടത്തിയ രണ്ട് ദലിത് കുട്ടികളെ തല്ലിക്കൊന്നു. ഉത്തർപ്രദേശിലെ സോൻ ബക്ര ജില്ലയിൽ മൂന്ന് സ്ത്രീകളടക്കം 10 ആദിവാസികളെ അവരുടെ ഭൂമി കൈയേറിയ ഗ്രാമമുഖ്യൻ യോഗി ആദിത്യനാഥ് സർക്കാറിന്റെ അറിവോടെ വെടിവെച്ചു കൊന്നു. നരേന്ദ്ര മോദി വാഗ്ദാനം നൽകിയ ദലിതരുടെയും പിന്നാക്കക്കാരുടെയും ദശകമാണിത്. മറ്റൊരു സമൂഹത്തിനും നേരിടേണ്ടിവരാത്ത ദുരന്തങ്ങളുടെ ദശകം. ദലിതരിലും ആദിവാസികളിലും ജാതിഹിന്ദുക്കൾ കാണുന്നത് മനുഷ്യരെയല്ല, രാക്ഷസരെയാണ്.

ഇത്തരം സംഭവങ്ങളെ ഹിന്ദുത്വവാദികളായ ഭരണാധികാരികൾ എങ്ങനെയാണ് നോക്കിക്കാണുന്നത് എന്നതിന്റെ ദൃഷ്ടാന്തമായിരുന്നു 2015 ഒക്ടോബറിൽ മേൽജാതിക്കാർ ഹരിയാനയിലെ ഫരീദാബാദിൽ വീടിന് തീവെച്ചപ്പോൾ വെന്തുമരിച്ച രണ്ട് ദലിത് കുട്ടികളുടെ മരണത്തെക്കുറിച്ച് കേന്ദ്രമന്ത്രി വി.കെ. സിങ്ങിന്റെ പ്രതികരണം: ‘‘ആരെങ്കിലും പട്ടിയെ കല്ലെറിഞ്ഞാൽ അതിന്റെ ഉത്തരവാദിത്തം സർക്കാർ ഏറ്റെടുക്കണമോ?’’

ഹിന്ദുത്വവാദികൾ അധികാരത്തിലെത്തിയതോടെ ദലിതർക്കും ആദിവാസികൾക്കുമെതിരെ രാജ്യത്ത് വർധിച്ചുവന്ന അവഹേളനങ്ങളും അക്രമങ്ങളും ചോദ്യംചെയ്യപ്പെട്ടു തുടങ്ങിയത് 2016 ജനുവരി 17ന് ഹൈദരാബാദ് സെൻട്രൽ യൂനിവേഴ്സിറ്റിയിലെ രോഹിത് വെമുലയെന്ന 25 വയസ്സുകാരനായ പ്രതിഭാശാലിയായൊരു ദലിത് ഡോക്ടറൽ വിദ്യാർഥിയുടെ ദാരുണമായ അന്ത്യത്തോടെയാണ്. ‘‘എന്റെ ജന്മംതന്നെയാണ് എന്റെ മരണകാരണ’’മെന്ന വെമുലയുടെ ആത്മഹത്യക്കുറിപ്പ് ജനാധിപത്യവ്യവസ്ഥയുടെ ദൗർബല്യത്തെയും ജാതിവ്യവസ്ഥയുടെ കരുത്തിനെയുമാണ് എടുത്തുകാട്ടിയത്.

അംബേദ്കർ ചിന്ത ഉയർത്തിപ്പിടിച്ചുകൊണ്ട് വിദ്യാർഥി സംഘടന ഉണ്ടാക്കിയതും ബീഫ് നിരോധനത്തെ ചോദ്യംചെയ്തതും വധശിക്ഷ നിർത്തലാക്കണമെന്നാവശ്യപ്പെട്ടതും യു.പിയിലെ മുസഫർനഗർ വർഗീയ കലാപത്തെ ചോദ്യംചെയ്തതും ജാതിസംവരണം നിർത്തലാക്കാനുള്ള സംഘ്പരിവാർ നീക്കത്തോട് വിയോജിച്ചതുമെല്ലാം ആർ.എസ്.എസ് വിദ്യാർഥി സംഘടനയായ എ.ബി.വി.പിയുടെയും കേന്ദ്ര ഭരണാധികാരികളുടെയും വെറുപ്പിനും ഇടപെടലിനും കാരണമായി. വെമുലയുടെയും സഹപ്രവർത്തകരുടെയും പ്രവർത്തനങ്ങളെ നിരന്തരം തടയാൻ ശ്രമിച്ച എ.ബി.വി.പിയോടൊപ്പം യൂനിവേഴ്സിറ്റി ഭരണത്തെയും സംസ്ഥാന ഭരണത്തെയും സ്വാധീനിച്ചുകൊണ്ട് സെക്കന്തരാബാദ് എം.പിയും കേന്ദ്ര തൊഴിൽമന്ത്രിയുമായ ബണ്ഡാരു ദത്താത്രേയ വിഷയത്തിൽ ഇടപെട്ടു.

രോഹിത് വെമുല മനോരോഗിയും വെമുലയും സഹപ്രവർത്തകരും ജാതിവാദികളും രാജ്യദ്രോഹികളുമാണെന്ന് കേന്ദ്രമന്ത്രി സ്മൃതി ഇറാനിയും പറഞ്ഞു. കമ്യൂണിസ്റ്റ് ഗൂഢാലോചനക്കാരും മാവോവാദികളുമായി അവരെ ചിത്രീകരിച്ചു. വെമുല ദലിതനല്ലെന്ന കുപ്രചാരണമഴിച്ചുവിട്ടു. ‘‘ഭാരതമാതാവിന്റെ പുത്രനാണ് വെമുല’’ എന്നാണ് പ്രധാനമന്ത്രി പറഞ്ഞത്.

 

ഒരു ദലിത്​ അനുകൂല ​പ്രകടനത്തിൽനിന്ന്​

ഒരു ദലിത്​ അനുകൂല ​പ്രകടനത്തിൽനിന്ന്​

എന്നാൽ, ഇന്ത്യൻ അക്കാദമിക് സമൂഹത്തിൽനിന്നും വിദ്യാർഥി സമൂഹത്തിൽനിന്നും ഹിന്ദുത്വേതര രാഷ്ട്രീയ സമൂഹത്തിൽനിന്നും ദലിതർക്കും ആദിവാസികൾക്കുമിടയിൽനിന്നും ദേശവ്യാപകമായി വെമുലക്കനുകൂലമായി വീശിയ കാറ്റ് സംഘ്പരിവാറിനെ പ്രതിസന്ധിയിലാക്കി. വെമുലയുടെ ദലിത് ഐഡന്റിറ്റിയാണ് ഹിന്ദുത്വവാദികളെ ഭയപ്പെടുത്തിയത്. ദലിതരിലേക്കും ആദിവാസികളിലേക്കും എളുപ്പത്തിൽ പ്രവേശിക്കുന്നതിനായി ഹിന്ദുത്വത്തിൽ വിള്ളലുണ്ടാക്കാൻ കഴിഞ്ഞെന്നതായിരുന്നു വെമുലയുടെ മരണത്തിന്റെ പ്രത്യേകത.

മോദിസർക്കാർ അധികാരത്തിലേറിയതോടെ ഹിന്ദു രാഷ്ട്രനിർമാണത്തിന്റെ ഭാഗമായി ആർ.എസ്.എസ് അജണ്ടകൾ ഒന്നൊന്നായി നടപ്പാക്കാൻ തുടങ്ങി. അതിലൊന്നായിരുന്നു ഡിസംബർ 14ന് കേന്ദ്ര വിദേശകാര്യമന്ത്രി സുഷമ സ്വരാജ് മുന്നോട്ടുവെച്ച ‘ഭഗവദ് ഗീത ദേശീയ ഗ്രന്ഥമാക്കണ’മെന്ന ആവശ്യം. അതേറ്റെടുക്കാൻ ഹിന്ദുക്കൾ വേണ്ടത്ര താൽപര്യം കാണിച്ചില്ല. ഘർവാപസിയും വേണ്ടത്ര ചലനമുണ്ടാക്കിയില്ല. എന്നാൽ, സമ്പൂർണ ഗോവധ നിരോധനം ഹിന്ദുക്കളെ വൈകാരികമായി ചലിപ്പിച്ചു.

പശുവിനെ രാഷ്ട്രമാതാവാക്കണമെന്ന് ആവശ്യപ്പെട്ട് 2016 മാർച്ച് 14ന് ഗുജറാത്തിലെ രാജ്കോട്ടിൽ പശു ആരാധകർ നടത്തിയൊരു റാലിയിൽ ആരാധന ഭ്രാന്തായിമാറിയൊരു വിശ്വാസി വിഷം കഴിച്ച് ജീവൻ വെടിഞ്ഞു. തൊട്ടടുത്ത ദിവസം പ്രതിപക്ഷ നേതാവ് ശങ്കർസിങ് വഗേല ഈ ആവശ്യത്തിന് പിന്തുണ പ്രഖ്യാപിച്ചു. ബി.ജെ.പിക്കും കോൺഗ്രസിനും ഇക്കാര്യത്തിൽ ഒരേ നിലപാടായിരുന്നു. ഇതേ വിശ്വാസത്തിന്റെ തീവ്രതയിൽനിന്നാണ് 2015 സെപ്റ്റംബർ 28ന് ഉത്തർപ്രദേശിലെ ദാദ്രിക്കടുത്തുള്ള ബിസാര ഗ്രാമത്തിൽ ഒരു പൂജാരി വിളിച്ചുണർത്തിയ ആൾക്കൂട്ടം വീട്ടിൽ ഗോമാംസം പാകം ചെയ്തുവെന്നാരോപിച്ച് മുഹമ്മദ് അഖ്‍ലാക് എന്ന മധ്യവയസ്കനായ മുസ്‍ലിമിനെ തല്ലിക്കൊന്നത്.

ഭരണഘടന നിർമാണസമയത്ത് സാധ്യമാകാതെ പോയ കാര്യം സാധ്യമാകുമെന്ന പ്രതീക്ഷയിലേക്ക് പശു ആരാധകർ മാറി. ദേശത്തിന്റെ പ്രതീകമായും മാതാവായും ഉയർത്തപ്പെട്ട പശുവിനെ ഇക്കാലത്ത് ദേശവാസികളായ മുഴുവൻ മനുഷ്യർക്കും മേൽ പ്രതിഷ്ഠിക്കാനുള്ള സാഹചര്യമൊരുക്കി. ബ്രാഹ്മണമതത്തിന്റെ ബിംബമായിരുന്ന പശു ഹിന്ദുസമൂഹത്തിന്റെ പൊതുബോധവും വികാരവുമായി. പശുവിന്റെ ജീവൻ മനുഷ്യന്റെ ജീവനേക്കാൾ വിലപ്പെട്ടതാണെന്ന പ്രാകൃതചിന്ത സവർണരിൽനിന്ന് മറ്റു ഹൈന്ദവ വിഭാഗങ്ങളിലേക്കും വ്യാപിച്ചു.

‘പശു നമ്മുടെ മാതാവാണ്’ എന്ന് കരുതുന്നതുപോലെ ‘പശുവിനെ കൊല്ലുന്നവർ നമ്മുടെ മാതാവിനെയാണ് കൊല്ലുന്നത്’ എന്ന പൊതുബോധവും സൃഷ്ടിക്കപ്പെട്ടു. പശുവിനെ പൂജിക്കുന്നവർ മാത്രമല്ല, പശുവിനുവേണ്ടി മരിക്കാനും കൊല്ലാനും തയാറുള്ള മനുഷ്യരുമുണ്ടായി.

പശുവിന്റെ പേരിൽ മനുഷ്യരെ കൊല്ലുന്നവർ മോദി ഭരണകാലത്തിന്റെ മാത്രം പ്രത്യേകതയായിരുന്നില്ല. എന്നാൽ, 2016ൽ നടന്നതിന്റെ ഇരട്ടിയിലേറെ ആക്രമണങ്ങൾ 2017ന്റെ ആദ്യ പകുതിയിൽതന്നെ നടന്നുവെന്ന് ‘ഇന്ത്യ സ്​പെൻഡ്’ എന്ന സൈറ്റ് വെളിപ്പെടുത്തിയപ്പോൾ അത് ബി.ജെ.പി ഭരണത്തിന്റെ മാത്രം പ്രത്യേകതയായി. ബി.ജെ.പി ഭരിക്കുന്ന സംസ്ഥാനങ്ങളിലായിരുന്നു ഇത്തരം അക്രമങ്ങളിൽ സിംഹഭാഗവും. മാപ്പുപറഞ്ഞ് പിൻവാങ്ങിയെങ്കിലും ഹരിയാന മുഖ്യമന്ത്രി മനോഹർലാൽ ഖട്ടർ 2015 ഒക്ടോബർ 16ന് പറഞ്ഞത്, ‘‘ബീഫ് കഴിക്കുന്നത് നിർത്തിയാൽ മുസ്‍ലിംകൾക്ക് ഇന്ത്യയിൽതന്നെ ജീവിക്കാ’’മെന്നാണ്.

മുസ്‍ലിംകൾക്ക് മാത്രമല്ല, ബീഫ് കഴിക്കുന്ന മുഴുവൻ ഇന്ത്യക്കാർക്കും ബാധകമായിരുന്നു ഈ പ്രസ്താവന. എന്നാൽ, ഒറ്റപ്പെട്ട സംഭവങ്ങളെന്നും ക്രമസമാധാന പ്രശ്നമെന്നും സംസ്ഥാന വിഷയമെന്നുമെല്ലാം പറഞ്ഞുകൊണ്ടിരുന്ന കേന്ദ്ര സർക്കാറിന് പശുവിന്റെ പേരിൽ മുസ്‍ലിംകൾക്കെതിരെ നടന്നുകൊണ്ടിരിക്കുന്ന അക്രമങ്ങൾ ദലിതർക്കും ആദിവാസികൾക്കുമെതിരെ തിരിഞ്ഞപ്പോൾ നിലപാട് മാറ്റേണ്ടിവന്നു.

ഗുജറാത്തിലെ സൗരാഷ്ട്രയിൽ ഉന ടൗണിൽനിന്ന് ഏറെ അകലെയല്ലാത്ത ഗ്രാമത്തിൽ ചത്ത പശുവിന്റെ തൊലിയുരിഞ്ഞതിന്റെ പേരിൽ നാലു ദലിത് യുവാക്കളെ ഗോസംരക്ഷകരായ ആൾക്കൂട്ടം കെട്ടിയിട്ട് മൃഗീയമായി മർദിക്കുകയും വിവസ്ത്രരാക്കി നഗരത്തിലൂടെ നടത്തുകയും ചെയ്തതിന്റെ ദൃശ്യം സമൂഹ മാധ്യമങ്ങളിലൂടെ നേരിട്ട് കാണാനിടയായ ഗുജറാത്തിലെ വിദ്യാസമ്പന്നരും സ്വാഭിമാനികളുമായ ദലിതർ കുറച്ചൊന്നുമല്ല പ്രകോപിതരായത്.

ഈ അക്രമത്തിൽ പ്രതിഷേധിച്ച് 23കാരനായ യോഗേഷ് സരിക്കാഡെ എന്ന ദലിത് യുവാവ് ആത്മഹത്യചെയ്തു. തൊട്ടുപിന്നാലെ ദലിത് സംഘടനകളുടെയും ജിഗ്നേഷ് മേവാനിയെപ്പോലുള്ള ദലിത് ആക്ടിവിസ്റ്റുകളുടെയും നേതൃത്വത്തിൽ 2016 ജൂലൈ 16ന് അഹ്മദാബാദിൽ നടന്ന റാലിയിലും പൊതുസമ്മേളനത്തിലും 10,000ത്തിലേറെ ദലിതർ പ​ങ്കെടുക്കുകയും ചത്ത മൃഗങ്ങളെ കുഴിച്ചിടുന്നതിനും തോട്ടിപ്പണിക്കും ഇനി തങ്ങളില്ലെന്ന് പ്രഖ്യാപിക്കുകയും ജീവിക്കാനാവശ്യമായ ഭൂമിവേണമെന്ന ആവശ്യം ഉന്നയിക്കുകയും ചെയ്തു.

ഒരാഴ്ചക്കുശേഷം 2016 ആഗസ്റ്റ് ഏഴിന് പ്രധാനമന്ത്രി നരേന്ദ്ര മോദി ഡൽഹിയിൽ പറഞ്ഞത് ഗോ സംരക്ഷണത്തിന്റെ പേരിൽ അക്രമം വേണ്ടെന്നാണ്. പശുവിന്റെ പേരിൽ മുസ്‍ലിംകൾ ആക്രമിക്കപ്പെട്ടപ്പോൾ മൗനിയായിരുന്ന മോദിക്ക് ദലിതരും ആദിവാസികളും ആക്രമിക്കപ്പെട്ടപ്പോൾ മൗനം വെടിയേണ്ടിവന്നു. ആഗസ്റ്റ് എട്ടിന് തെലങ്കാനയിൽ ബി.ജെ.പി പ്രവർത്തകരെ അഭിസംബോധന ചെയ്തുകൊണ്ട് പറഞ്ഞത് ഗോ സംരക്ഷകരിൽ ഭൂരിഭാഗവും സാമൂഹികവിരുദ്ധരാണെന്നാണ്.

ഗോസംരക്ഷണത്തിന്റെ പേരിൽ ദലിതർക്കെതിരെ നടക്കുന്ന അക്രമങ്ങൾ അവസാനിപ്പിക്കാനും അതിന്മേലുള്ള രാഷ്ട്രീയം നിർത്താനും ദലിതരെ വെടിവെക്കാനാണെങ്കിൽ തന്നെ വെടിവെക്കാനുമാണ്. ഗുജറാത്തിൽ പൊട്ടിപ്പുറപ്പെട്ട ദലിത് പ്രക്ഷോഭങ്ങൾക്കു മുന്നിൽ മുഖ്യമന്ത്രി ആനന്ദിബെൻ പട്ടേലിന് രാജിവെക്കേണ്ടിവന്നു. ഗോവധം പൂർണമായി നിരോധിക്കണമെന്നാവശ്യപ്പെട്ടുകൊണ്ട് തങ്ങളുടെ മുന്നിലെത്തിയ ഒരു പൊതുതാൽപര്യ ഹരജി 2017 ജനുവരി 27ന് സുപ്രീംകോടതി തള്ളിക്കളഞ്ഞു. ഇതൊന്നും ഗോവധ നിരോധനം എന്ന അജണ്ട മുന്നോട്ടുകൊണ്ടുപോകുന്നതിന് സംഘ്പരിവാറിന് തടസ്സമായിരുന്നില്ല. ബി.ജെ.പി അധ്യക്ഷനായ അമിത്ഷാ 2017 ഫെബ്രുവരി 26ന് പറഞ്ഞത് ‘‘അറവുശാലകൾ ഇല്ലാതാക്കു’’മെന്നാണ്.

 

ഉത്തർപ്രദേശിൽ യോഗി ആദിത്യനാഥിനെതിരെ നടന്ന ഒരു പ്രതിഷേധം

ഉത്തർപ്രദേശിൽ യോഗി ആദിത്യനാഥിനെതിരെ നടന്ന ഒരു പ്രതിഷേധം

പശുവിനെ ദേശീയമൃഗമാക്കി പ്രഖ്യാപിക്കണമെന്നും പശുവിനെ കൊല്ലുന്നവർക്കുള്ള ശിക്ഷ പത്തു കൊല്ലമെന്നത് ജീവപര്യന്തമാക്കിമാറ്റണമെന്നും 2017 ജനുവരി ഒന്നിന് രാജസ്ഥാൻ ഹൈകോടതി വിധിച്ചു. ബി.ജെ.പി നേതാവ് സാക്ഷി മഹാരാജ് പറഞ്ഞത് ‘‘പശുവിനെ കൊല്ലുന്നവർക്ക് വധശിക്ഷ നൽകണ’’മെന്നാണ്. പശുവുമായി ബന്ധപ്പെട്ട് മുസ്‍ലിംകളും ദലിതരും ആക്രമിക്കപ്പെട്ടതിനെതിരെ വാഷിങ്ടണിൽ നടന്ന പ്രതിഷേധത്തിന് പിന്നാലെ ഇത്തരം അക്രമങ്ങൾ രാജ്യത്തിന് അപമാനകരമാണെന്ന് പ്രധാനമന്ത്രിക്ക് പറയേണ്ടിവന്നു. ‘‘എല്ലാവർക്കും ബീഫ് കഴിക്കുവാൻ അവകാശമുണ്ടെന്നും അക്രമം നടത്തുന്ന പശുസംരക്ഷകർക്കെതിരെ കടുത്ത നടപടിയുണ്ടാകു’’മെന്നും ആർ.പി.ഐ നേതാവും കേന്ദ്രമന്ത്രിസഭാംഗവുമായ രാംദാസ് അത്താവലെ പറഞ്ഞപ്പോൾ മന്ത്രിസഭക്കുള്ളിൽതന്നെ ഇക്കാര്യത്തിൽ രണ്ടഭിപ്രായമായി.

അത്താവലെക്ക് പിന്നാലെ മന്ത്രിസഭയുടെ ട്രൈബൽ മുഖമായ കിരൺ റിജിജുവും സമാനമായൊരു നിലപാടുമായി മുന്നോട്ടുവന്നു. തങ്ങൾ പ്രതിനിധാനംചെയ്യുന്ന ജനസമൂഹങ്ങളുടെ ഭക്ഷ്യശീലങ്ങളെയും സംസ്കാരത്തെയും തള്ളിപ്പറഞ്ഞ് ദലിതരും ആദിവാസികളുമായ മന്ത്രിമാർക്ക് അവരിലേക്ക് മടങ്ങിച്ചെല്ലുക എളുപ്പമായിരുന്നില്ല. ദലിതരുടെയും ആദിവാസികളുടെയും രാഷ്ട്രീയ പ്രാതിനിധ്യം തങ്ങളോടൊപ്പമാണെന്ന അഹന്തയിൽ തങ്ങളുടെ ഭക്ഷ്യസംസ്കാരത്തെ അവർക്കുമേൽ അടിച്ചേൽപിക്കാനും ഭരണഘടന തിരുത്തി എഴുതി മതാധിഷ്ഠിത രാഷ്ട്രമാക്കി ഇന്ത്യയെ മാറ്റാനുമുള്ള ശ്രമത്തിൽനിന്ന് ഹിന്ദു ഭരണാധികാരികൾക്ക് പിന്മാറേണ്ടിവന്നു.

ജാതിസംവരണം നിർത്തലാക്കുകയെന്നത് ആർ.എസ്.എസിന്റെ മറ്റൊരു അജണ്ടയാണ്. ഒ.ബി.സി സംവരണം ആവശ്യപ്പെട്ടുകൊണ്ട് 2015 ആഗസ്റ്റിൽ ഗുജറാത്തിലെ മുന്നാക്കക്കാരായ പട്ടേലുകൾ പ്രക്ഷോഭത്തിലേക്ക് കടന്നുവന്നതിന്റെ പിന്നാലെ ആർ.എസ്.എസ് സൈദ്ധാന്തികനായ എം.ജി. വൈദ്യ എസ്.സി, എസ്.ടി, ഒ.ബി.സി സംവരണം നിർത്തലാക്കാൻ രാഷ്ട്രത്തോട് ആവശ്യപ്പെട്ടു. എസ്.സി, എസ്.ടി സംവരണത്തിന് പത്തുകൊല്ലംകൂടി സാവകാശം നൽകി. സുപ്രീംകോടതിയുടെ മേൽനോട്ടത്തിൽ സംവരണനയം പുനഃപരിശോധിക്കുന്നതിന് ഒരു കമീഷനെ നിയോഗിക്കണമെന്നും സാമ്പത്തിക സംവരണം നടപ്പാക്കണമെന്നും ആവശ്യപ്പെട്ടുകൊണ്ട് ആർ.എസ്.എസിന്റെ മറ്റൊരു മുഖമായ വിശ്വഹിന്ദു പരിഷത്തും രംഗത്തുവന്നു.

ഒരു ജാതിയും പിന്നാക്കമല്ലാത്തതുകൊണ്ട് ജാതിസംവരണത്തിന് പ്രസക്തിയില്ലെന്നും മുഖ്യമന്ത്രിമാരുടെയും കലക്ടർമാരുടെയും മക്കൾക്ക് എന്തിനാണ് സംവരണമെന്നും ജാതിയുടെ അടിസ്ഥാനത്തിലുള്ള പിന്നാക്കാവസ്ഥയല്ല സാമ്പത്തിക പിന്നാക്കാവസ്ഥയാണ് നിലനിൽക്കുന്നതെന്നും ജാതിസംവരണം നിലനിൽക്കുമ്പോൾ ജാതി ഇല്ലാതാക്കാൻ എങ്ങനെയാണ് കഴിയുകയെന്നുമെല്ലാം വൈദ്യ ചോദിച്ചു.

ഇതേ വാദഗതിയിൽനിന്നുകൊണ്ട് 2015 ഒക്ടോബർ 14ന് ഉത്തർപ്രദേശിലെ ഗൊരഖ്പൂരിൽ നടന്ന ആർ.എസ്.എസ് പ്രവർത്തകയോഗത്തിൽ സംഘടനയുടെ സർസംഘ് ചാലക് മോഹൻ ഭാഗവത് രാഷ്ട്രത്തോട് ആവശ്യപ്പെട്ടത് സംവരണനയം പുനഃപരിശോധിക്കാനാണ്. പിന്നാക്കക്കാരനായ നരേന്ദ്ര മോദിയെ പ്രധാനമന്ത്രിയാക്കിയതിന്റെയും പട്ടികജാതിക്കാരനായ രാംനാഥ് കോവിന്ദിനെ രാഷ്ട്രപതിയാക്കിയതിന്റെയും പിന്നിലെ ആർ.എസ്.എസിന്റെ മുഖ്യമായൊരു ലക്ഷ്യം ഇതുതന്നെയായിരുന്നു; ജാതിസംവരണം ഇല്ലാതാക്കുക.

എന്നാൽ, സംഭവം വലിയ വിവാദമായതോ​ടെ ആർ.എസ്.എസിന് നിലപാടിൽ ഉറച്ചുനിൽക്കാനായില്ല. മറ്റു പലകാര്യങ്ങളും ചെയ്യുന്നതുപോലെ ഒരു പാതിരാത്രിക്ക് നരേന്ദ്ര മോദിക്ക് ഒറ്റക്ക് ചെയ്യാവുന്ന കാര്യമായിരുന്നില്ല, ജാതിസംവരണം ഇല്ലാതാക്കൽ. അതിന് ബി.ജെ.പിയുടെ പാർലമെന്റിലെ കേവല ഭൂരിപക്ഷം പോരായിരുന്നു. രാജസ്ഥാനിലെ പുഷ്കറിൽ 2019 സെപ്റ്റംബറിൽ നടന്ന ആർ.എസ്.എസ്-ബി.ജെ.പി ഏകോപന യോഗത്തിനുശേഷം ആർ.എസ്.എസ്​ ജോയന്റ് ജനറൽ സെക്രട്ടറി ദത്താത്രേയ ഹൊസാബാള പറഞ്ഞത് ‘‘ആവശ്യമുള്ള കാലംവരെ സംവരണം തുടരു’’മെന്നാണ്. പിന്നാലെ 2019 ഒക്ടോബർ 22ന് നിയമസഭ തെരഞ്ഞെടുപ്പിന്റെ പശ്ചാത്തലത്തിൽ ബസ്കറിൽ നടന്ന എൻ.ഡി.എ റാലിയിൽ പ്രധാനമന്ത്രി പറഞ്ഞത് ‘‘ദലിതർക്കും പിന്നാക്കക്കാർക്കും അർഹതപ്പെട്ട സംവരണത്തിനുവേണ്ടി ജീവൻ നൽകാൻ തയാറാണെ’’ന്നാണ്.

 

ഹാ​ഥ്റ​സ്​ കേസിലെ പ്രതികൾ 

ഹാ​ഥ്റ​സ്​ കേസിലെ പ്രതികൾ 

ആർ.എസ്.എസിന്റെ സംവരണ നയത്തിനെതിരെ ജീവൻ നൽകാൻ തയാറാണെന്ന് പറയുന്ന ആർ.എസ്.എസ് നോമിനിയായ പിന്നാക്കക്കാരനായ പ്രധാനമന്ത്രി! നിസ്സംഗനായിരിക്കുന്ന പട്ടികജാതിക്കാരനായ രാഷ്ട്രപതി! ഒരു കാര്യം ചെയ്യുന്നതിൽ അവർ സമ്പൂർണമായി വിജയിച്ചു. ജാതി സംവരണം നിർത്തലാക്കുന്നതിന്റെ മുന്നോടിയായി 2019 ജനുവരിയിൽ ഭരണഘടന ഭേദഗതി ചെയ്യുകയും സാമ്പത്തിക സംവരണം വ്യവസ്ഥ ചെയ്യുകയും ചെയ്തു. സാമൂഹികനീതിയിലൂടെ ദുർബലപ്പെടുന്ന ജാതിഘടനയെ സാമ്പത്തിക സംവരണത്തിലൂടെ പ്രബലപ്പെടുത്തി.

ദലിത് എന്ന പദം നിരോധിക്കുകയെന്നത് ഒരു ഹിന്ദുത്വ അജണ്ടയാണ്. 2018 സെപ്റ്റംബറിൽ കേന്ദ്ര വാർത്താ വിതരണ മന്ത്രാലയം ഇന്ത്യയിലെ മാധ്യമ ലോകത്തിന് നൽകിയൊരു നിർദേശമായിരുന്നു ദലിത് എന്ന പദം ഉപയോഗിക്കരുത് എന്നത്. മുംബൈ ​ഹൈകോടതി നാഗ്പൂർ ബെഞ്ച് 2018 ജൂൺ ആറിന് പുറപ്പെടുവിച്ചൊരു വിധിയുടെ അടിസ്ഥാനത്തിലായിരുന്നു ഈ നിർദേശം. സമാനമായൊരു സർക്കുലർ കേന്ദ്ര സാമൂഹിക ക്ഷേമ ശാക്തീകരണ മന്ത്രാലയം 2018 മാർച്ച് 15ന് സംസ്ഥാന സർക്കാറുകൾക്കും നൽകിയിരുന്നു. ഔദ്യോഗിക കാര്യങ്ങൾക്കായി പട്ടികജാതിക്കാർ എന്നേ ഉപയോഗിക്കാവൂ എന്നായിരുന്നു അതിലെ നിർദേശം. ഒറ്റനോട്ടത്തിൽ ഈ നിർദേശത്തിന് എന്തെങ്കിലും അപാകതയുണ്ടെന്ന് ആർക്കും പറയാനാകില്ല.

ഭരണഘടനാപരമായൊരു പദപ്രയോഗത്തിന്റെ ഉപയോഗം എടുത്തുകാണിക്കുക മാത്രമാണ് ചെയ്യുന്നത്. എന്നാൽ, ദലിത് എന്ന പദത്തിന്റെ നിരോധനത്തിലൂടെ സംഘ്പരിവാർ ലക്ഷ്യംവെച്ചത്, ആ പദത്തിന്റെ വിപുലമായ ആവിഷ്കാരങ്ങളിലൂടെ ഇന്ത്യയുടെ സാമൂഹിക രാഷ്ട്രീയ രംഗത്തേക്ക് കടന്നുവന്ന ഒരു ജനതയെ പ്രതിരോധിക്കുകയാണ്. ദലിത് എന്നത് കേവലം ഒരു നാമപദമല്ല, അടിച്ചമർത്തപ്പെട്ട ഒരു ജനത ലോകത്തെ നോക്കിക്കാണുന്ന ഒരു കാഴ്ചപ്പാടാണ്. അവരുടെ സാമൂഹിക വിശകലനോപാധിയാണ്. ബ്രാഹ്മണിസത്തിനെതിരായ കരുത്തുറ്റൊരു ദർശനവും പ്രത്യയശാസ്ത്രവുമാണ്. അതൊരാശയ ലോകമാണ്. ഈ ആശയലോകത്തുനിന്നാണ് ഇന്ത്യക്കകത്തും പുറത്തുമുള്ള ദലിതർ ജാത്യാധിപത്യത്തിനെതിരെ പോരാടുന്നത്.

തങ്ങൾക്കെതിരായ വിവേചനങ്ങളെയും ആക്രമണങ്ങളെയും നേരിടുന്നത്. രാഷ്ട്രത്തിന്റെ ജനാധിപത്യവത്കരണ പ്രക്രിയയിൽ പങ്കാളികളാകുന്നത്. രാഷ്ട്രത്തിൽ ഇടം നേടുന്നത്. ഈ ആശയലോകം പട്ടികജാതി-വർഗ വിഭാഗങ്ങൾക്കിടയിലെ എല്ലാ വൈവിധ്യങ്ങളും നിലനിൽക്കെത്തന്നെ തങ്ങൾ ഒരു ജനതയും സംസ്കാരവുമാണെന്ന തിരിച്ചറിവിലേക്ക് അവരെ നയിക്കുന്നു. ബ്രാഹ്മണ്യശക്തിയും ഇന്ന് രാജ്യത്ത് ഏറ്റവുമധികം ഭയപ്പെടുന്നത് ദലിതരുടെ ഈ തിരിച്ചറിവിനെയാണ്.

താൻ ഉൾക്കൊള്ളുന്ന സമൂഹത്തെ പ്രതിപാദിക്കുന്നതിനായി ഏകരൂപമായൊരു പദമുപയോഗിക്കുവാൻ കഴിയുമായിരുന്നുവെങ്കിൽ അതിനപ്പുറം സന്തോഷകരമായി മറ്റൊന്നുമില്ലായിരുന്നുവെന്ന് ‘കോൺഗ്രസും ഗാന്ധിയും അസ്പൃശ്യർക്കുവേണ്ടി എന്തുചെയ്തു’ എന്ന കൃതിയുടെ ആമുഖത്തിൽ ഡോ. ബി.ആർ. അംബേദ്കർ എഴുതുന്നുണ്ട്. അധഃസ്ഥിത വർഗക്കാർ, പട്ടികജാതിക്കാർ, ഹരിജനങ്ങൾ, അടിമവർഗങ്ങൾ എന്നിങ്ങനെ പല പേരുകൾ ഇടകലർത്തി ഉപയോഗിച്ചിട്ടുണ്ടെന്നും ഇത്തരമൊരു സന്ദിഗ്ധ ഘട്ടത്തിൽ ഒരു പ്രത്യേക നാമപദത്തെ ഉറപ്പിച്ചുനിർത്തുക സാധ്യമല്ലെന്നും എന്നാൽ, ഈ പദങ്ങളെല്ലാം ഒന്നിന്റെ പര്യായങ്ങളാണെന്നും അവ പ്രതിനിധാനംചെയ്യുന്നത് ഒരേ വർഗത്തെയാണെന്നും മനസ്സിലാകുമ്പോൾ ഈ ബുദ്ധിമുട്ടുകൾ ഇല്ലാതാകുമെന്നുമാണ് അംബേദ്കർ നിരീക്ഷിക്കുന്നത്.

എഴുപതുകൾക്കുശേഷം ദലിത് എന്ന പദത്തിലൂടെയാണ് ഈ പ്രതിസന്ധി മറികടക്കപ്പെട്ടത്. രസകരമായൊരു കാര്യം ദലിത് പദനിരോധനത്തെ ദലിത് പ്രസ്ഥാനങ്ങളും ചിന്തകരും ആക്ടിവിസ്റ്റുകളും മാത്രമല്ല, കേന്ദ്രമന്ത്രിസഭയിലെ അംഗങ്ങളായ രാംദാസ് അത്താവലെയും രാംവിലാസ് പാസ്വാനും തള്ളിക്കളഞ്ഞുവെന്നതാണ്. അത്താവലെ 2018 സെപ്റ്റംബർ ആറിന് പറഞ്ഞത് ദലിത് പദത്തിന് നിരോധനമേർപ്പെടുത്തിയ മുംബൈ ഹൈകോടതി വിധിക്കെതിരെ സുപ്രീംകോടതിയെ സമീപിക്കുമെന്നാണ്. ദലിത് എന്നത് ആക്ഷേപകരമായ ഒരു വാക്കല്ലെന്നും അവകാശ സമരങ്ങളുടെ മുഖത്താണ് ഈ വാക്ക് ഉപയോഗിക്കുന്നതെന്നും ഏത് വാക്കാണ് ഉപയോഗിക്കേണ്ടതെന്ന് ആ വാക്കുമായി ബന്ധപ്പെട്ടവർ തീരുമാനിക്കട്ടെയെന്നുമാണ്.

ദലിത് എന്ന പദം അക്രമാത്മകമായ (Aggressive) ഒന്നാണെന്നും പട്ടികജാതിയെന്നോ ദലിതെന്നോ ഏതു വാക്ക് വേണമെങ്കിലും ഉപയോഗിക്കാമെന്നും ഏത് വാക്ക് ഉപയോഗിച്ചാലും അടിച്ചമർത്തപ്പെട്ടവരും ചൂഷിതരുമായ വർഗങ്ങളെയാണ് അർഥമാക്കുന്നതെന്നും ഈ അടിച്ചമർത്തൽ ഇല്ലാതാകുമ്പോഴേ ഈ ചർച്ച അവസാനിക്കുകയുള്ളൂവെന്നുമാണ് കേന്ദ്രമന്ത്രി രാംവിലാസ് പാസ്വാൻ പറഞ്ഞത്.

ജിഗ്നേഷ് മേവാനി,രോഹിത് വെമുല

ജിഗ്നേഷ് മേവാനി,രോഹിത് വെമുല

ആർ.എസ്.എസ് നേതൃത്വത്തിലുള്ള പട്ടികജാതി മോർച്ച ദേശീയാധ്യക്ഷൻ വിനോദ് സോങ്കർ ഈ പദനിരോധനത്തെ സ്വാഗതം ചെയ്തപ്പോൾ മുൻഗാമിയായ സഞ്ജയ് പാസ്വാൻ പറഞ്ഞത് ദലിത് ഒരു രാഷ്ട്രീയപദമാണെന്നും അക്രമാത്മകമായ ഒരു ഊന്നൽ അതിനുണ്ടെന്നും ഓരോ പദങ്ങൾക്കും സഞ്ചാരമുണ്ടെന്നും അവയുടെ ജൈവികമായ നാശത്തിന് വിടുന്നതാണ് നല്ലതെന്നുമാണ്. ഒടുവിൽ ഈ അജണ്ടയിൽനിന്ന് മോദി സർക്കാറിനും സംഘ്പരിവാറിനും പിന്മാറേണ്ടിവന്നു.

മോദി ഭരണകാലത്ത് ദലിതർക്കും ആദിവാസികൾക്കുമെതിരായ അക്രമങ്ങൾ വർധിക്കുക മാത്രമല്ല, ഈ അക്രമങ്ങൾ തടയുന്നതിന് നിലവിലുള്ള പട്ടികജാതി-വർഗ അതിക്രമങ്ങൾ തടയൽ നിയമം (SC/ST (POA) Act) റദ്ദ് ചെയ്യണമെന്ന ആവശ്യവും ഉയർന്നുവന്നു. ലക്ഷക്കണക്കിനാളുകൾ പ​ങ്കെടുത്ത മറാത്ത റാലിയിൽ 2016 സെപ്റ്റംബർ 25ന് മഹാരാഷ്ട്രയിലെ പുണെയിൽനിന്ന് ഉയർന്നുകേട്ട ഒരു മുദ്രാവാക്യമായിരുന്നു പട്ടികവിഭാഗ അതിക്രമങ്ങൾ തടയൽ നിയമം റദ്ദു ചെയ്യുകയെന്നത്. സമാനമായൊരു മുദ്രാവാക്യം തമിഴ്നാട്ടിലെ ജാതി ഹിന്ദുക്കളും ഉയർത്തിയിരുന്നു. മുന്നാക്ക ജാതി രാഷ്ട്രീയ പാർട്ടികളുടെ പിന്തുണയുണ്ടായിരുന്നു ഈ മുദ്രാവാക്യത്തിന്.

പട്ടികവിഭാഗ അതിക്രമങ്ങൾ തടയൽ നിയമം ദുരുപയോഗം ചെയ്യുന്നുവെന്നതായിരുന്നു ഇവരുടെ ആരോപണം. ജാതിഘടനയുടെ മുകൾത്തട്ടിൽനിന്നും ഉയർന്നുവന്ന ഈ ആരോപണം ലക്ഷ്യംവെച്ചത് നൂറ്റാണ്ടുകളായി തങ്ങൾ അനുഭവിച്ചുകൊണ്ടിരുന്നതും പട്ടികവിഭാഗ അതിക്രമങ്ങൾ തടയൽ നിയമനത്തിലൂടെ തടയപ്പെട്ടതുമായ സ്വേച്ഛാധിപത്യപരമായ ജാത്യാധികാരം പുനഃസ്ഥാപിക്കുകയായിരുന്നു. ദൗർഭാഗ്യകരമായൊരു കാര്യം ഈ ആരോപണം ശരിവെച്ചുകൊണ്ട് സുപ്രീംകോടതി രണ്ടംഗ ബെഞ്ച് 2018 മാർച്ച് 30ന് പട്ടികവിഭാഗ അതിക്രമങ്ങൾ തടയൽ നിയമം ദുർബലപ്പെടുത്തിക്കൊണ്ട് നടത്തിയ വിധി പ്രഖ്യാപനമായിരുന്നു.

ഈ വിധിയുടെ ഉള്ളടക്കം പട്ടികവിഭാഗ അതിക്രമങ്ങൾ തടയൽ നിയമമനുസരിച്ചുള്ള പരാതിയിൽ ഉടനടി അറസ്റ്റ് പാടില്ലെന്നതായിരുന്നു. സുപ്രീംകോടതി ജഡ്ജിയായ എം.കെ. ഗോയലും യു.യു. ലളിതും അടങ്ങുന്ന ബെഞ്ചായിരുന്നു വിധികർത്താക്കൾ. ദലിതർക്കും ആദിവാസികൾക്കുമെതിരെ രാജ്യത്ത് വർധിച്ചുകൊണ്ടിരിക്കുന്ന അക്രമങ്ങളോ അവയുടെ സ്വഭാവമോ രജിസ്റ്റർ ചെയ്യപ്പെടാതെ പോകുന്ന ഇത്തരം അക്രമങ്ങളുടെ ബാഹുല്യമോ, രജിസ്റ്റർ ചെയ്യപ്പെടുന്നവയിൽതന്നെ പത്തോ പതിനഞ്ചോ ശതമാനമൊഴികെ വിചാരണ കാത്ത് കോടതിമുറികളിൽ കെട്ടിക്കിടക്കുന്നതോ ലക്ഷ്മൺപൂർ ബാത്തയിലും (2012) സുന്ദൂരും (2014) കണ്ടതുപോലെ ദലിത് കൂട്ടക്കൊലകളിൽപോലും കുറ്റവാളികൾ കുറ്റമുക്തരാക്കപ്പെടുന്നതോ അക്രമിക്കപ്പെടുന്ന ദലിതർക്കും ആദിവാസികൾക്കും അപൂർവമായി മാത്രം നീതി ലഭിക്കുന്നതോ ഒന്നും കോടതിയുടെ മനസ്സിലുണ്ടായിരുന്നില്ല.

ഇന്ത്യൻ നീതിന്യായ വ്യവസ്ഥക്കുതന്നെ അപമാനകരമായ ഒരു വിധിയായിരുന്നു സുപ്രീംകോടതിയുടേത്. ഈ വിധിയുടെ പ്രത്യാഘാതം തിരിച്ചറിഞ്ഞ ദലിത് സംഘടനകൾ 2018 ഏപ്രിൽ രണ്ടിന് ഭാരത് ബന്ദ് പ്രഖ്യാപിച്ചു. രാഷ്ട്രീയാധികാരത്തെ താക്കോൽസ്ഥാനത്ത് കാണുന്ന ദലിത് രാഷ്ട്രീയ പാർട്ടികളുടെ സാന്നിധ്യമുണ്ടായിരുന്നില്ലായെന്നത് ഈ ബന്ദിന്റെ പ്രത്യേകതയായിരുന്നു. മധ്യപ്രദേശ്, ഉത്തർപ്രദേശ്, രാജസ്ഥാൻ, ഗുജറാത്ത്, ഒഡിഷ എന്നിങ്ങനെ വടക്കേ ഇന്ത്യയിലാകെ ബന്ദ് ചലനമുണ്ടാക്കി.

ബന്ദുമായി ബന്ധപ്പെട്ട സംഘർഷങ്ങളിൽ 12 പേർ കൊല്ലപ്പെട്ടു. മധ്യപ്രദേശിൽ എട്ടുപേരും യു.പിയിൽ മൂന്നുപേരും രാജസ്ഥാനിൽ ഒരാളും. രാജസ്ഥാനിലെ കരോലി ജില്ലയിൽ ദലിതനായ ബി.ജെ.പി എം.എൽ.എയുടെയും ദലിതനായ മുൻ കോൺഗ്രസ് മന്ത്രിയുടെയും വീടുകൾ ബന്ദിനെ എതിർക്കുന്ന മേൽജാതിക്കാരായ ആൾക്കൂട്ടം കത്തിച്ചു.

ഭാരതബന്ദും ബന്ദിന്റെ ഭാഗമായുണ്ടായ അനിഷ്ടസംഭവങ്ങളും ചൂണ്ടിക്കാട്ടി 2018 ഏപ്രിൽ മൂന്നിന് സുപ്രീംകോടതിയിൽ ജസ്റ്റിസ് എ.കെ. ഗോയലിന്റെയും ജസ്റ്റിസ് യു.യു. ലളിതിന്റെയും ബെഞ്ചിൽ വിധി പുനഃപരിശോധനക്കായി കേന്ദ്രസർക്കാർ സമർപ്പിച്ച ഹരജി തീർപ്പ് കൽപിക്കാതെ നീട്ടിവെക്കുകയാണ് ചെയ്തത്. പ്രതിഷേധക്കാർ വിധി വായിച്ചിട്ടില്ലെന്നും അവരെ നയിക്കുന്നത് നിക്ഷിപ്ത താൽപര്യക്കാരാണെന്നും കോടതി നിരീക്ഷിച്ചു. ഈ ഇകഴ്ത്തലിനുശേഷം നിയമം ദുരുപയോഗം ചെയ്യുന്നത് പട്ടികവിഭാഗക്കാരാണെന്ന് ഉദ്ദേശിച്ചിരുന്നില്ലെന്നും പൊലീസും ചില സ്വകാര്യവ്യക്തികളും നിക്ഷിപ്ത താൽപര്യത്തിനായി ദുരുപയോഗം ചെയ്യുന്നുവെന്നാണ് ഉദ്ദേശിച്ചതെന്നും തെറ്റ് ചെയ്യാത്തവർക്ക് അറസ്റ്റിൽനിന്ന് സംരക്ഷണം നൽകുക മാത്രമാണ് ചെയ്തതെന്നും കോടതി സ്വയം ന്യായീകരിച്ചു.

 

സുഷമ സ്വരാജ്

സുഷമ സ്വരാജ്

എന്നാൽ, ദലിത് സംഘടനകൾ പ്രക്ഷോഭവുമായി മുന്നോട്ടുപോകുകയും 2018 ആഗസ്റ്റ് ഒമ്പതിന് വീണ്ടും ഭാരത് ബന്ദ് നടത്തുവാൻ തീരുമാനിക്കുകയും ചെയ്തത് എൻ.ഡി.എ സഖ്യത്തിൽ തന്നെ പ്രതിസന്ധിയുണ്ടാക്കി. ബന്ദിന് മുമ്പ് കോടതിവിധി ഭേദഗതി ചെയ്തില്ലെങ്കിൽ തങ്ങളും ബന്ദിൽ പങ്കാളികളാകുമെന്ന് ചൂണ്ടിക്കാട്ടി രാംവിലാസ് പാസ്വാനും (എൽ.ജെ.പി) രാംദാസ് അത്താവലെയും (ആർ.പി.ഐ) ഉപേന്ദ്ര കുശ്‍വാഹയും (രാഷ്ട്രീയ ലോക് സമതാ പാർട്ടി) സംയുക്തമായി പ്രധാനമന്ത്രിക്ക് കത്തയച്ചു. മോദി സർക്കാർ ദലിത് പ്രശ്നങ്ങൾ കൈകാര്യംചെയ്യുന്ന രീതിയോട് വിയോജിച്ചുകൊണ്ട് യു.പിയിലെ ദലിത് ബി.​ജെ.പി എം.പിയായ യശ്‍വന്ത് സിങ്ങും ബിഹാറിലെ ദലിത് ബി.ജെ.പി എം.പിമാരായ ഛോട്ടാലാൽ ഖർവാർ, അശോക് കുമാർ ഹേറേ എന്നിവരും പരസ്യമായി രംഗത്തുവന്നു.

അതിനിടയിൽ, പട്ടികവിഭാഗ അതിക്രമങ്ങൾ തടയൽ നിയമം ദുർബലപ്പെടുത്തിയശേഷം വിരമിച്ച ജസ്റ്റിസ് ഗോയലിന് ഉടൻതന്നെ ദേശീയ ഹരിത ​ട്രൈബ്യൂണൽ (NGB) ചെയർമാൻ പദവി പാരിതോഷികമായി നൽകിയ സർക്കാർ നടപടിയെ മന്ത്രിമാരായ രാം വിലാസ് പാസ്വാനും രാംദാസ് അത്താവലെയും ചോദ്യംചെയ്തു. വിധി മറികടക്കുന്നതിനായി സർക്കാറിന് പാർലമെന്റിൽ ഭേദഗതി കൊണ്ടുവരേണ്ടിവന്നു. ഈ ഭേദഗതി 2019 ഒക്ടോബർ ഒന്നിന് സുപ്രീംകോടതി മൂന്നംഗ ബെഞ്ച് അംഗീകരിക്കുകയും ഒരു കൊല്ലം മുമ്പ് റദ്ദാക്കിയ പട്ടികവിഭാഗ അതിക്രമങ്ങൾ തടയൽ നിയമം പുനഃസ്ഥാപിച്ചുകൊണ്ട് വിധി പ്രഖ്യാപിക്കുകയും ചെയ്തു.

പട്ടികജാതിക്കാരുടെ സമത്വത്തിനുവേണ്ടിയുള്ള പോരാട്ടം ഇനിയും അവസാനിച്ചിട്ടില്ലെന്നും അവരിപ്പോഴും തൊട്ടുകൂടായ്മയും അവഗണനയും നേരിടുകയും അക്രമങ്ങൾക്ക് വിധേയരാകുകയും ചെയ്യുകയാണെന്നും ഭരണഘടനയുടെ 16ാം വകുപ്പ് പട്ടികവിഭാഗക്കാർക്ക് സംരക്ഷണം നൽകുന്നുണ്ടെങ്കിലും അവർ സാമൂഹികമായ വേർതിരിവിനും ദുരുപയോഗത്തിനും വിധേയരാണെന്നും കള്ളക്കേസുകൾ രജിസ്റ്റർ ചെയ്യപ്പെടുന്നതിന്റെ പേരിൽ പട്ടികവിഭാഗങ്ങളെ പൂർണമായി സംശയദൃഷ്ടിയോടെ കാണാനോ നിയമത്തിന്റെ സംരക്ഷണയിൽനിന്ന് ഒഴിവാക്കാനോ കഴിയില്ലെന്നും വിധിയിൽ ചൂണ്ടിക്കാട്ടി.

ഭരണഘടനക്കും ചട്ടങ്ങൾക്കുമെതിരെ എങ്ങനെയാണ് സുപ്രീംകോടതിക്ക് ഉത്തരവിറക്കാൻ കഴിയുക എന്ന് ചോദിച്ച മൂന്നംഗ ബെഞ്ച് എസ്.സി/എസ്.ടി അതിക്രമങ്ങളിൽ അന്വേഷണം വൈകാൻ ഇടയാക്കുന്നതാണ് രണ്ടംഗ ബെഞ്ചിന്റെ വിധിയെന്നും അത് ദുർബലവിഭാഗങ്ങൾക്ക് ദോഷകരവും ഉന്നതജാതിയിൽ പെട്ടവർക്ക് ആനുകൂല്യങ്ങൾ നൽകുന്നതുമാണെന്ന് നിരീക്ഷിച്ചു. ഹിന്ദുത്വവാദികൾ അധികാരത്തിലെത്തിയതോടെ ദലിതർക്കും ആദിവാസികൾക്കുമെതിരെ ആഞ്ഞുവീശിയ അക്രമങ്ങളുടെ പരമ്പരകൾക്ക് കവചമൊരുക്കാനുള്ള ജാതി ഹിന്ദുക്കളുടെ നീക്കം ഭരണഘടനാപരമായി പ്രതിരോധിക്കപ്പെട്ടു. നീതിപീഠങ്ങളിലെ ന്യായവാദങ്ങളിൽ പൊലിയുന്ന നീതി തെരുവുകളിലെ പോരാട്ടങ്ങളിൽ പുനർജനിക്കുന്നു.

ബലാത്സംഗം ജാതിപീഡനങ്ങളുടെ മുഖ്യമായൊരു രൂപമായി മാറിയെന്നത് 21ാം നൂറ്റാണ്ടിന്റെ പ്രത്യേകതയാണ്. അവർണ ജാതിക്കാരായ സ്ത്രീകളെ തൊടാൻ കഴിയില്ലാത്തതുകൊണ്ട് മുന്നാക്ക ജാതിക്കാരായ പുരുഷന്മാർക്ക് ദലിത് സ്ത്രീകളെ ബലാത്സംഗം ചെയ്യാൻ കഴിയില്ലെന്ന് 1995ൽ രാജസ്ഥാൻ ഹൈകോടതി ബൻവാരി ദേവി കൂട്ടബലാത്സംഗ കേസിൽ വിധിപറഞ്ഞു.

ആ സ്ഥാനത്ത് ഉത്തർപ്രദേശിലെ ബ്രാഹ്മണരും ക്ഷത്രിയരും ദലിത് സ്ത്രീകളെ ബലാത്സംഗംചെയ്ത് കൊല്ലുന്നത് കണ്ട് പിന്നീട് സുപ്രീംകോടതി ഞെട്ടി. ഉന്നാവ് ബലാത്സംഗക്കേസുമായി ബന്ധപ്പെട്ട് പെൺകുട്ടിയും കുടുംബവും അനുഭവിച്ചുകൊണ്ടിരിക്കുന്ന ദുരന്തങ്ങൾ അമിക്കസ് ക്യൂറി വി. ഗിരി വിശദീകരിച്ചപ്പോൾ രാജ്യം ഭരിക്കുന്നവരോട് ചീഫ് ജസ്റ്റിസ് രഞ്ജൻ ഗൊഗോയി ചോദിച്ചത് ‘‘എന്താണ് രാജ്യത്ത് നടക്കുന്നത്’’ എന്നാണ്.

ഇത്തരമൊരു കേസ് താൻ കണ്ടിട്ടില്ലെന്ന് പറഞ്ഞ അമിക്കസ് ക്യൂറി മകളോടൊപ്പം കേസുമായി മുന്നോട്ടുപോയ പിതാവ് കള്ളക്കേസിൽ കുടുങ്ങി പൊലീസ് കസ്റ്റഡിയിൽ വധിക്കപ്പെട്ടെന്നും കുടുംബത്തോടൊപ്പം വക്കീലിനെ കാണാൻപോയ പെൺകുട്ടി സഞ്ചരിച്ചിരുന്ന വാഹനം ഇടിച്ചുതകർക്കപ്പെട്ടെന്നും അവരുടേത് ഒരു നിർധന കുടുംബമാണെന്നും പറഞ്ഞപ്പോഴായിരുന്നു കോടതിയുടെ ഈ പ്രതികരണം. പാർട്ടി അണികൾക്കും ആരാധകർക്കുമിടയിൽ ബാഹുബലി എന്നറിയപ്പെടുന്ന ക്ഷത്രിയനും നാലുതവണ യു.പിയിലെ ബി.ജെ.പി എം.എൽ.എയുമായ കുൽദീപ് സിങ് സെൻഗറും സഹോദരനും കൂട്ടാളികളുമായിരുന്നു ഉന്നാവ് കൂട്ടബലാത്സംഗ കേസിലെ പ്രതികൾ.

 

ഹാ​ഥ്റസ്

ഹാ​ഥ്റസ്

2017 ജൂൺ നാലിനാണ് 17കാരിയായ ദലിത് പെൺകുട്ടിയെ സെൻഗറും കൂട്ടാളികളും ബലാത്സംഗംചെയ്തത്. കേസുമായി മുന്നോട്ടുപോയ പെൺകുട്ടിയുടെ പിതാവ് 2018 ഏപ്രിൽ മൂന്നിന് കൊല ചെയ്യപ്പെട്ടു. പിതാവിനെ കൊലചെയ്തതിന് പിന്നാലെ ശിവൻ ത്രിവേദിയും ശുബൻ ത്രിവേദിയും തന്നെ ബലാത്സംഗം ചെയ്തതായി 2019 ഡിസംബർ അഞ്ചിന് പെൺകുട്ടി മജിസ്ട്രേറ്റിന് മൊഴി നൽകി. പിതാവില്ലാതായിട്ടും കേസുമായി മുന്നോട്ടുപോയ പെൺകുട്ടിയെ കുൽദീപ് സിങ് സെൻഗറിന്റെ കൂട്ടാളികൾ തട്ടിക്കൊണ്ടുപോകുകയും ജീവനോടെ കത്തിക്കുകയുംചെയ്തു.

90 ശതമാനം പൊള്ളലേറ്റ ​പെൺകുട്ടി 2019 ഡിസംബർ ഒമ്പതിന് ഡൽഹിയിലെ സഫ്ദർജങ് ആശുപത്രിയിൽ മരണമടഞ്ഞു. ഒരു വർഷം തികയുന്നതിന് മുമ്പ് 2020 ഒക്ടോബർ രണ്ടാം പകുതിയിൽ പെൺകുട്ടിയുടെ സഹോദരന്റെ ആറു വയസ്സുള്ള ആൺകുട്ടിയെ സെൻഗറിന്റെ കൂട്ടാളികൾ ബിഹാറിൽനിന്ന് തട്ടിക്കൊണ്ടുപോയി. അറസ്റ്റ് ചെയ്യപ്പെട്ട അഞ്ചുപേരും ക്ഷത്രിയരും ബ്രാഹ്മണരുമായിരുന്നു.

ഹാഥറസ് ഞെട്ടിച്ചുവെന്ന് പറഞ്ഞ സുപ്രീംകോടതി ഭയാനകം, അസാധാരണം എന്നീ വാക്കുകൾകൂടി ഉപയോഗിച്ചു. അമ്മക്കും സഹോദരങ്ങൾക്കുമൊപ്പം പാടത്ത് പുല്ലരിയാൻ പോയപ്പോൾ അമ്മക്ക് അൽപം അകലെയായിരുന്ന 19കാരിയായ മകളെ ഉന്നത ജാതിക്കാരായ ഒരുകൂട്ടം ക്ഷത്രിയർ പിന്നിലൂടെയെത്തി കഴുത്തിൽ ദുപ്പട്ട കുരുക്കി ചോളപ്പാടത്തേക്ക് വലിച്ചുകൊണ്ടുപോയി ക്രൂരമായി ബലാത്സംഗംചെയ്തു. കഴുത്തു ഞെരിച്ചപ്പോൾ പല്ലുകൾക്കിടയിൽ കുടുങ്ങിയ നാവിൽ ഗുരുതരമായ മുറിവുണ്ടായി.

ഇരുകാലുകളും പൂർണമായി തളർന്നു. കൈകളുടെ ചലനശേഷി ഭാഗികമായി നഷ്ടപ്പെട്ടു. ജീവൻ നിലനിർത്താനുള്ള ശ്രമത്തിൽ 2020 സെപ്റ്റംബർ 29ന് ഡൽഹിയിലെ ആശുപത്രിയിലായിരുന്നു കുട്ടിയുടെ അന്ത്യം. മരണം പോലെതന്നെ ഭയാനകമായിരുന്നു പിന്നീടുണ്ടായ സ്റ്റേറ്റിന്റെ നടപടികൾ. ഒരു സർക്കാർ എങ്ങനെ പീഡിതരായ മനുഷ്യരോട് പെരുമാറരുത് എന്നതിന്റെ ദൃഷ്ടാന്തമായിരുന്നു ഹാഥറസ്. മൃതദേഹം ഗ്രാമത്തിലെത്തിച്ചപ്പോൾ അന്തിമോപചാരം അർപ്പിക്കാനോ ആചാരാനുഷ്ഠാനങ്ങൾ നടത്താനോ അനുവദിക്കാതെ ജില്ല മജിസ്ട്രേറ്റായ പ്രവീൺ ​ലാക്സ്കറിന്റെ നേതൃത്വത്തിൽ പാതിരാത്രിതന്നെ സംസ്കരിച്ചു.

പെൺകുട്ടിയുടെ മരണവുമായി ബന്ധപ്പെട്ട പ്രസ്താവനകൾ പിൻവലിക്കാൻ മജിസ്ട്രേറ്റ് കുടുംബത്തെയും ബന്ധുക്കളെയും ഭീഷണിപ്പെടുത്തുന്ന ദൃശ്യങ്ങൾ പുറത്തുവന്നു. കുട്ടിയുടെ വീട്ടുകാരെ നുണപരിശോധനക്ക് വിധേയമാക്കാൻ യോഗി ആദിത്യനാഥിന്റെ നേതൃത്വത്തിലുള്ള ബി.ജെ.പി ഗവൺമെന്റ് ഉത്തരവിറക്കി. ബലാത്സംഗം നടന്നിട്ടില്ലെന്നും ജാതിസ്പർധ വളർത്താൻ വിഷയം വഴിതിരിച്ചുവിടുകയാണെന്നും എ.ഡി.ജി.പി പ്രശാന്ത് കുമാർ പ്രസ്താവനയിറക്കി. അഡീഷനൽ ചീഫ് സെക്രട്ടറി അവനീഷ് അവസ്തിയും ഡി.ജി.പി ഹിതേഷ് അവസ്തിയും കുട്ടിയുടെ വീട്ടിലെത്തി പൊലീസിൽ വിശ്വസിക്കാൻ അഭ്യർഥിക്കുകയും പിന്തുണ വാഗ്ദാനം നൽകുകയും ചെയ്തു.

ഹാഥറസിലെ പെൺകുട്ടി ജനിച്ച ബോൽഗഡി ഗ്രാമം ആയിരത്തിലേറെ ​പൊലീസുകാരുടെ നിയന്ത്രണത്തിലായി. ഗ്രാമത്തിൽ ഒരുമാസത്തേക്ക് നിരോധനാജ്ഞ പ്രഖ്യാപിച്ചു. മാധ്യമങ്ങൾക്കും ദലിത് സംഘടനകൾക്കും രാഷ്ട്രീയ നേതാക്കൾക്കും പ്രവേശന വിലക്കേർപ്പെടുത്തി. പ്രതിഷേധങ്ങൾ അലയടിച്ചപ്പോഴാണ് രണ്ടു ദിവസങ്ങൾക്കുശേഷം മാധ്യമങ്ങൾക്ക് വഴിതുറന്നത്. പ്രതിഷേധത്തിൽ ഗൂഢാലോചന ആരോപിച്ച് ഏഴു ജില്ലകളിലായി 19 കേസുകൾ രജിസ്റ്റർചെയ്തു. എസ്.പി, ആർ.എൽ.ഡി, ഭീം ആർമി നേതാക്കൾ കേസിൽ പ്രതികളായി.

സംഭവവുമായി ബന്ധപ്പെട്ട് കള്ളപ്പണം ഉപയോഗിക്കുന്നുണ്ടോ എന്നറിയാൻ കേന്ദ്രസർക്കാർ ഇ.ഡിയെ ചുമതല​പ്പെടുത്തി. കൊല്ലപ്പെട്ട പെൺകുട്ടിയുടെ വിഡിയോ സമൂഹമാധ്യമങ്ങളിലൂടെ പ്രചരിപ്പിച്ചവർക്കെതിരെ അന്വേഷണം നടത്താൻ ദേശീയ വനിത കമീഷൻ തീരുമാനിച്ചു. പെൺകുട്ടി കൊലയാളികളിലൊരാളെ വിവാഹം ചെയ്തിരുന്നുവെന്ന കള്ളക്കഥ പ്രചരിപ്പിച്ചു. 2020 ഒക്ടോബർ നാലിന് കൊലയാളികൾക്ക് പിന്തുണ പ്രഖ്യാപിച്ച് മുൻ ബി.ജെ.പി എം.എൽ.എ രാജ്‍വീർ സിങ് പെഹൽവാന്റെ വീട്ടിൽ മുന്നാക്ക ജാതിക്കാരുടെ വലിയ സമ്മേളനം നടന്നു. പെൺമക്കളെ മൂല്യങ്ങൾ പഠിപ്പിച്ചാൽ മാത്രമേ ഇത്തരം സംഭവങ്ങൾ ഒഴിവാക്കാനാവുകയുള്ളൂവെന്ന് ബി.ജെ.പി എം.എൽ.എ സുരേന്ദ്ര സിങ് പറഞ്ഞു.

ജാതിവെറി മറച്ചുവെക്കാനും ജാതിമേൽക്കോയ്മ നിലനിർത്താനുമുള്ള സംഘ്പരിവാർ ശ്രമത്തിനിടയിൽ ദലിതരായ ചില ബി.ജെ.പി എം.പിമാർ, പട്ടികവിഭാഗ ക്ഷേമ മന്ത്രാലയത്തിന്റെ പാർലമെന്ററി കാര്യസമിതി അധ്യക്ഷൻ കിരീട് സോളങ്കിയും വിനോദ് കുമാർ ശങ്കറും ഉപേന്ദ്ര സിങ് റാവത്തും പരസ്യവിമർശനവുമായി രംഗത്തുവന്നത് സർക്കാറിന് തിരിച്ചടിയായി. ബി.ജെ.പിയുടെ ദലിത് അടിത്തറയായ വാല്മീകി സമുദായാംഗമായിരുന്നു കൊല്ലപ്പെട്ട പെൺകുട്ടി. മുസ്‍ലിം അധിനിവേശ കാലത്ത് അയിത്തജാതിക്കാരാക്കപ്പെട്ട ക്ഷത്രിയരെന്ന് ഹിന്ദുത്വവാദികൾ പ്രചരിപ്പിക്കുന്ന വാല്മീകി സമുദായം. അറുനൂറോളം ക്ഷത്രിയ ബ്രാഹ്മണ കുടുംബങ്ങളുള്ള ബോൽഗഡി ഗ്രാമത്തിൽ 15 കുടുംബങ്ങൾ മാത്രമായിരുന്നു ദലിതരുടേത്.

 

ഉനയിൽ സവർണ ജാതിക്കാർ മർദിച്ച ദലിത്​ യുവാക്കൾ

ഉനയിൽ സവർണ ജാതിക്കാർ മർദിച്ച ദലിത്​ യുവാക്കൾ

ക്ഷത്രിയ ഗ്രാമത്തിൽ ജനിച്ചതാണ് മകളുടെ ഭാഗ്യക്കേടെന്ന് അമ്മയും, ഇനിയും അക്രമമുണ്ടാകുമെന്നതിനാൽ താമസം മാറ്റുകയാണെന്ന് സഹോദരനും പറഞ്ഞു. ഹാഥറസിലെ പെൺകുട്ടിയുടെ ചിതയെരിഞ്ഞു തീരുംമുമ്പേ 2020 ഒക്ടോബർ ഒന്നിന് യു.പിയിലെ ബൽറാംപൂരിൽ കൂട്ട ബലാത്സംഗത്തിനിരയായ 22കാരിയായ മറ്റൊരു ദലിത് യുവതിയുടെ ചിതക്ക് തീകൊളുത്തി.

21ാം നൂറ്റാണ്ടിലെ ഇന്ത്യൻ ജനാധിപത്യത്തിന്റെ ഒരു മുഖമാണിത്. സാമൂഹിക-സാമ്പത്തിക അസമത്വങ്ങളുടെ തീവ്രമായ മുഖം. അമേരിക്കയിലെ വംശീയവാദികളായ വെള്ളക്കാരുടെ റേസിസ്റ്റ് മുഖത്തെ വെല്ലുന്ന കാസ്റ്റിസ്റ്റ് മുഖം. ജാതി ജനാധിപത്യത്തെ വളർത്തുകയല്ല, ഇല്ലായ്മ ചെയ്യുകയാണ് ചെയ്യുന്നത്. മുക്കാൽ നൂറ്റാണ്ടുകാലത്തെ ജനാധിപത്യത്തിന്റെ ഇന്ത്യൻ അനുഭവം സമത്വമുള്ള സമൂഹത്തിലേ ജനാധിപത്യം വളരൂ എന്നതാണ്. ജനാധിപത്യത്തിന്റെ സുഗമമായ വളർച്ച തടയപ്പെട്ടിടത്താണ് 1975ൽ അടിയന്തരാവസ്ഥയിലേക്കും 2014ൽ ഹിന്ദു രാഷ്ട്രത്തിലേക്കും ഇന്ത്യ വ്യതിചലിച്ചത്. ഒന്ന് രാഷ്ട്രീയ സ്വേച്ഛാധിപത്യവും മറ്റൊന്നു മതവർഗീയ ഫാഷിസവുമാണ്.

രാഷ്ട്രീയ സ്വേച്ഛാധിപത്യത്തെ നേരിട്ട ലാഘവത്തോടെ ഹിന്ദു വർഗീയ ഫാഷിസത്തെ നേരിടാനാവില്ല. നിക്ഷിപ്ത താൽപര്യങ്ങളും കുത്തിത്തിരിപ്പുകളും മറികടക്കാനായാൽ മതനിരപേക്ഷ ജനാധിപത്യ ശക്തികളുടെ ഇൻഡ്യ സഖ്യത്തിന് 2024ലെ പാർലമെന്റ് തെരഞ്ഞെടുപ്പിൽ ഹിന്ദുത്വവാദികൾ തകർത്തെറിഞ്ഞ രാഷ്ട്രീയ ജനാധിപത്യം പുനഃസ്ഥാപിക്കാൻ കഴിയും. എന്നാൽ, ജനാധിപത്യത്തിന്റെ ജീവകോശങ്ങളോരോന്നും ഹിന്ദുത്വം കാർന്നുതിന്നുകൊണ്ടിരിക്കുന്ന വർത്തമാനകാലത്ത് ഹിന്ദുത്വവാദികളുടെ തെരഞ്ഞെടുപ്പ് പരാജയവും രാഷ്ട്രീയ ജനാധിപത്യത്തിന്റെ പുനഃസ്ഥാപനവും മാത്രം ഉറപ്പാക്കപ്പെട്ടാൽ പോരാ.

അംബേദ്കർ ചൂണ്ടിക്കാണിച്ചതുപോലെ സാമൂഹിക-സാമ്പത്തിക ജീവിതത്തിലെ ഘടനാപരമായ അസമത്വങ്ങൾ ഇല്ലാതാക്കുന്നതിന് രാഷ്ട്രീയ ജനാധിപത്യ ശക്തികൾ ഇനിയെങ്കിലും തയാറാകേണ്ടതുണ്ട്. കാരണം ഈ അസമത്വങ്ങൾക്കുള്ളിലാണ് ഹിന്ദുത്വ രാഷ്ട്രീയം വേരൂന്നിനിൽക്കുന്നത്. അതിനർഥം സാമൂഹിക ജനാധിപത്യത്തെ സംബോധന ചെയ്യാതെ രാഷ്ട്രീയ ജനാധിപത്യത്തെക്കുറിച്ച് മാത്രം ചിന്തിക്കുന്നത് അർഥശൂന്യമാണ് എന്നാണ്.

News Summary - weekly articles