Begin typing your search above and press return to search.
proflie-avatar
Login

അപേക്ഷിക്കാതെ കിട്ടിയ ജീവിതത്തിന്റെ ഘോഷങ്ങൾ

അപേക്ഷിക്കാതെ കിട്ടിയ   ജീവിതത്തിന്റെ ഘോഷങ്ങൾ
cancel
camera_alt

എ. സോമൻ

‘‘ഗൂഗിൾ തലമുറക്ക് എ. സോമൻ എന്ന് പറഞ്ഞാൽ ഒന്നും കിട്ടില്ല. അവിടെ സോമനില്ല. വിക്കിപീഡിയയിലും സോമനില്ല. മരണാനന്തരം അവന്റെ കൂട്ടുകാർ സമാഹരിച്ച ‘ചോദ്യങ്ങൾ ഇടപെടലുകൾ - എ. സോമന്റെ രചനകൾ’ എന്ന ഒരേയൊരു പുസ്തകം ഇപ്പോൾ കമ്പോളത്തിലില്ല.’’ –സുഹൃത്തായിരുന്ന എ. സോമനെക്കുറിച്ചാണ്​ ഇത്തവണ.

“ഇതൊരു കിട്ടലാണ്, വലിയ കിട്ടൽ’’ –ഒരു അപേക്ഷപോലും എഴുതി അയക്കാതെ കിട്ടിയ ജീവിതത്തിന്റെ ഘോഷം – ‘ഘോഷിക്കുക, ജീവിതത്തെ’ എന്ന ലേഖനത്തിൽ എ. സോമൻ എഴുതി. മുന്നിൽ കൈവന്ന അനിശ്ചിത സൗന്ദര്യത്തിന്റെ ഘോഷമായിരുന്നു സഖാവ് എ. സോമന്റെ ജീവിതവും.

ഗൂഗിൾ തലമുറക്ക് എ. സോമൻ എന്നു പറഞ്ഞാൽ ഒന്നും കിട്ടില്ല. അവിടെ സോമനില്ല. വിക്കിപീഡിയയിലും സോമനില്ല. മരണാനന്തരം അവന്റെ കൂട്ടുകാർ സമാഹരിച്ച ‘ചോദ്യങ്ങൾ ഇടപെടലുകൾ – എ. സോമന്റെ രചനകൾ’ എന്ന ഒരേയൊരു പുസ്തകം ഇപ്പോൾ കമ്പോളത്തിലില്ല. ആരും പിന്നെ അതിനൊരു പുതിയ പതിപ്പ് പുറത്തിറക്കിയിട്ടില്ല. മുഖ്യധാര അത് ശ്രദ്ധിച്ചിട്ടില്ല. വായനയുടെ കമ്പോളലഹരിയിൽ ആ പുസ്തകം ഉൾപ്പെട്ടിട്ടില്ല. അത് പുറത്തിറക്കിയ മൾബറി ബുക്സ് ഇപ്പോൾ നിലവിലില്ല. മൾബറിയുടെ സാരഥി ഷെൽവിയും മൺമറഞ്ഞു. സംസ്കാരം എന്നത് ‘വൈറൽ’ ആയ ‘റീലു’കളായി പരിണമിച്ച പുതിയ മാധ്യമകാലത്തിന് മുമ്പായിരുന്നു അതെല്ലാം.

എങ്കിലും എ. സോമൻ ഇന്നും ഒപ്പം നടന്നവരാൽ എന്നും ഓർക്കപ്പെടുന്നുണ്ട്. ‘പോരാട്ടം’ എന്ന വാക്കിന്റെ അർഥം തേഞ്ഞുപോകാത്ത കാലംവരെയും മലയാളിയുടെ പോരാട്ടചരിത്രങ്ങളിൽ ആ പേരുണ്ടാകും. അടിയന്തരാവസ്ഥക്കുശേഷമുള്ള സാംസ്കാരിക, രാഷ്ട്രീയ ചിന്ത ചികയുമ്പോൾ സോമന്റെ ഇടപെടലുകൾ ഒഴിവാക്കി ആർക്കും മുന്നോട്ടുപോകാനാവില്ല. അത്രമേൽ പ്രസക്തമായ ഒരധ്യായമാണത്.

എൺപതുകളുടെ ആദ്യപാദത്തിലെ, ജനകീയ സാംസ്കാരിക വേദിയുടെ ആഭിമുഖ്യത്തിൽ മെഡിക്കൽ കോളജിലെ അഴിമതിക്കാരനായ ഡോക്ടറെ തെരുവിൽ ജനകീയ വിചാരണ ചെയ്തപ്പോൾ ജനകീയ ജഡ്ജി ആയിരുന്നു എ. സോമൻ. 1981 മാർച്ച് 23ന് ‘‘അനീതിക്കെതിരെ കലാപം ചെയ്യുന്നത് ന്യായമാണ്’’ എന്ന മുദ്രാവാക്യമുയർത്തി തെരുവിലെത്തിയ നീതിയുടെ ശബ്ദമായിരുന്നു എ. സോമൻ.

സുപ്രീംകോടതി ചീഫ് ജസ്റ്റിസ് ചന്ദ്രചൂഡിന്റെ വരെ പ്രത്യേക പരാമർശത്തിന് വഴിയൊരുക്കിയ രാഷ്ട്രീയ ഇടപെടലായി മാറി തെരുവിലെ ജനകീയ വിചാരണ. അർഹമായ നീതി ലഭ്യമാക്കാനായില്ലെങ്കിൽ, പൊറുതിമുട്ടിയ ജനം നിയമം കൈയിലെടുക്കുന്ന സമാന സാഹചര്യങ്ങൾ ആവർത്തിച്ചേക്കുമെന്ന് ചീഫ് ജസ്റ്റിസ് അധികാര കസേരകളിൽ ഇരിക്കുന്നവർക്ക് മുന്നറിയിപ്പ് നൽകി.

ജനകീയ സാംസ്കാരിക വേദിയെ രാജ്യം ശ്രദ്ധിച്ച സംഭവമായിരുന്നു അത്. എട്ടോളം ദേശീയ പത്രങ്ങൾ ആ വിഷയത്തിൽ എഡിറ്റോറിയലുകൾ എഴുതി. ദേശീയതലത്തിൽ പ്രവർത്തിക്കുന്ന നിരവധി മാധ്യമപ്രവർത്തകർ കേരളത്തിലേക്ക് കുതിച്ചെത്തി. പ്രഫ. കാട്ടുമാടം നാരായണൻ ‘കലാകൗമുദി’യിൽ ജനകീയ വിചാരണയെ വിശകലനംചെയ്ത് ദീർഘ ലേഖനമെഴുതി. കോഴിക്കോട് മെഡിക്കൽ കോളജിലെ പല തലമുറകളിൽപെട്ട മെഡിക്കൽ വിദ്യാർഥികളുടെ അദൃശ്യ പങ്കാളിത്തത്തോടെയാണ് വിചാരണ നടന്നത്. സാംസ്കാരിക വേദി സംസ്ഥാന കമ്മിറ്റി അംഗങ്ങളായിരുന്ന സേതുവും എ. സോമനുമായിരുന്നു വിചാരണക്ക് ചുക്കാൻപിടിച്ചിരുന്നത്. ഗ്രോ വാസുവിനായിരുന്നു പാർട്ടിയുടെ ചുമതല. എന്നാൽ, പാർട്ടിയെ കവച്ചുവെച്ച് വേദി മുന്നോട്ടുപോയ രാഷ്ട്രീയ ഇടപെടലായിരുന്നു മെഡിക്കൽ കോളജ് ജനകീയ വിചാരണ.

ജനകീയ വിചാരണയുടെ മുന്നോടിയായി മെഡിക്കൽ കോളജിലെ രോഗാതുരമായ ഡോക്ടർ-രോഗി ബന്ധത്തിലെ അന്യായങ്ങൾ ജനകീയ സാംസ്കാരിക വേദിയുടെ അന്വേഷണ റിപ്പോർട്ട് വേദിയുടെ മുഖപത്രമായ ‘പ്രേരണ’യിൽ പ്രസിദ്ധീകരിച്ചിരുന്നു. എല്ലുരോഗ വിദഗ്ധനായ ഡോ. കെ.എം. ജോർജിനെയാണ് ചെരിപ്പുമാല അണിയിച്ച് തെരുവിലേക്ക് ആനയിച്ച് മെഡിക്കൽ കോളജ് പരിസരത്തുവെച്ച് ജനകീയ വിചാരണ ചെയ്യുന്നത്. സാംസ്കാരിക വേദി നേരത്തേ തയാറാക്കിയ കുറ്റപത്രം സോമൻ വായിച്ച് ജനങ്ങളോട് ശിക്ഷ വിധിക്കാൻ ആവശ്യപ്പെടുകയായിരുന്നു.

ഉന്മൂലന സമരത്തിന്റെ പാതയിൽനിന്നും രാഷ്ട്രീയപ്രയോഗത്തെ മോചിപ്പിക്കുകയായിരുന്നു അത്. അതൊരു വലിയ മുന്നറിയിപ്പായി മാറി. കൊലയല്ല വഴി എന്ന തിരുത്തും അതിലുണ്ടായിരുന്നു. ജനകീയ വിചാരണയുടെ സമഗ്രചരിത്രം മലയാളത്തിൽ ഇനിയും എഴുതപ്പെട്ടിട്ടില്ല. ഒരാൾക്ക് ഒറ്റക്ക് എഴുതാനാവുന്ന ചരിത്രമല്ല അത്. വേദിയുടെ അന്നത്തെ സംസ്ഥാന സെക്രട്ടറി കവിയൂർ ബാലന്റെ ഓർമക്കുറിപ്പുകളിൽ അതിന്റെ ഒരു പാർശ്വവീക്ഷണം മാത്രമേയുള്ളൂ. എ. സോമന്റെ പേരുപോലും അതിൽ ബാലൻ വിട്ടുപോയിട്ടുണ്ട്. ജനകീയ വിചാരണ കോഴിക്കോട്ട് നടന്ന അതേ ദിവസം തിരുവനന്തപുരത്ത് കണ്ണൂരിലെ ചൂതാട്ടവിരുദ്ധ സമരത്തിൽ രക്തസാക്ഷിയായ രമേശന്റെ മരണത്തിൽ പ്രതിഷേധിക്കാൻ നിയമസഭയുടെ സന്ദർശക ഗാലറി വേദിയാക്കിയതിന്റെ പണിപ്പുരയിലായിരുന്നു ബാലനപ്പോൾ.

സാംസ്കാരിക വേദിയിൽ വിചാരണയുടെ ചുമതല ഉണ്ടായിരുന്ന സേതു ആ ചരിത്രം എഴുതിയിരുന്നെങ്കിൽ എന്ന് ആഗ്രഹിച്ചിട്ടുണ്ട്. എന്നാലത് സംഭവിച്ചില്ല. ഗ്രാംഷിയുടെ ഭാഷയിൽ ജനകീയ സാംസ്കാരിക വേദിയുടെ ഏറ്റവും പ്രധാനപ്പെട്ട ‘ജൈവ ബുദ്ധിജീവി’കളിൽ ഒരാൾ സേതു ആയിരുന്നു. എന്നാൽ, സേതുവിന്റേതായി പൊതുവേദിയിൽ ലഭ്യമായ ഏക ഡോക്യുമെന്റ് എൻ. സന്തോഷ് കുമാർ എഡിറ്റ് ചെയ്ത ‘ജോൺ എബ്രഹാമിന്റെ കയ്യൂർ’ എന്ന പുസ്തകത്തിലെ ‘കെട്ടുപോയ അടുപ്പിലെ കനൽ’ എന്ന ലേഖനം മാത്രമാണ്.

അത് പ്രധാനമായും വേദിയുടെ പതനം സൃഷ്ടിച്ച പല പ്രസ്ഥാനങ്ങളിൽ ഒന്നായി എങ്ങനെ ജോൺ എബ്രഹാമിന്റെ പരാജയപ്പെട്ട സിനിമാ സംരംഭമായ ‘കയ്യൂർ’ രൂപംകൊണ്ടു എന്നതിന്റെ അടയാളപ്പെടുത്തലാണ്. ‘ഒരു ജനകീയ വിചാരണയുടെ ഓർമ’ എന്നൊരു ലേഖനം മാത്രമാണ് സോമന്റേതായി കാലം ബാക്കിവെച്ചത്. സേതുവും സോമനും പറഞ്ഞുെവച്ചത് ജനകീയ വിചാരണയുടെ തുടർചലനങ്ങൾ എന്തൊക്കെയായിരുന്നു എന്നതാണ്. ആ സമര ചരിത്രത്തിന്റെ ഭാഗമായിരുന്ന ഡോ. ബ്രഹ്മപുത്രനോ പൂവാട്ട്പറമ്പ് വേണുവോ ഇനിയും ആ ചരിത്രം രേഖപ്പെടുത്തിയിട്ടില്ല. നൂറ്റി അമ്പതിലേറെ പേർ പങ്കെടുത്ത വിചാരണയായിരുന്നു അത്. ഏതു ചരിത്രത്തിലും പിന്നീട് അദൃശ്യരായി മാറുന്നവർ ഏറെയാണ്. അവരുടെ പക്ഷം ആരുമറിയാതെ പോകുന്നു.

ഉന്മൂലന സമരത്തിന്റെ നീണ്ട പാരമ്പര്യമുള്ള രാഷ്ട്രീയ പ്രയോഗത്തിൽനിന്നുള്ള ഒരു വിടുതൽ മെഡിക്കൽ കോളജ് ജനകീയ വിചാരണയുടെ സിദ്ധാന്തത്തിലും പ്രയോഗത്തിലും ഉണ്ടായിരുന്നു. പാർട്ടിയുടെ പഴയ പാരമ്പര്യത്തെ സൂക്ഷ്മമായി തിരുത്തിയ വിധമായിരുന്നു അത്. എന്നാൽ, അതുതന്നെ അതിന്റെ മരണമായും മാറി എന്നത് ചരിത്രപരമായ ഒരു വൈപരീത്യമാണ്.

ജനകീയ വിചാരണക്കു ശേഷമുള്ള കാലം സേതു അടയാളപ്പെടുത്തുന്നത് ഇങ്ങനെയാണ്: “വർധിച്ചുവന്നിരുന്ന പിന്തുണ വേദിയെ വിഷമിപ്പിക്കുന്ന വിരോധാഭാസമാണ് പിന്നെ അരങ്ങേറിയത്. അതെങ്ങനെ സംഭവിച്ചുവെന്ന് പരിശോധിക്കേണ്ടതുണ്ട്. സാമ്പ്രദായിക ശൈലിയിലുള്ള ഒരു മാർക്സിസ്റ്റ് ലെനിനിസ്റ്റ് പ്രസ്ഥാനത്തിന്റെ ഭാഗമായാണ് ആവിർഭവിച്ചതെങ്കിലും വേദി ആ പാർട്ടിയുടെ വെറും അനുബന്ധ സംഘടന മാത്രമായിരുന്നില്ല. അതിന് ഒരാപേക്ഷിക സ്വാതന്ത്ര്യമൊക്കെയുണ്ടായിരുന്നു. ഞങ്ങളുടെ സംഘം പുതിയ നേതൃത്വത്തിലേക്ക് വന്നപ്പോൾ അത് കൂടുതൽ ഉറപ്പിക്കുകയുംചെയ്തു. വേണുവിനെപ്പോലെ പാർട്ടി നേതൃത്വത്തിലുള്ള ചിലരെങ്കിലും ഈ ബന്ധത്തെ ഒരു പരീക്ഷണമായിക്കാണാൻ തയാറുമായിരുന്നു.

പക്ഷേ, സാംസ്കാരിക വേദിയുടെ വളർച്ച പാർട്ടിയെ കവച്ചുവെക്കുന്ന രീതിയിലായപ്പോൾ വേദിയുടെ വിശകലനരീതികളും പ്രവർത്തനശൈലിയുമൊക്കെ ലിബറൽ പ്രവണതകൾ നിറഞ്ഞതാണെന്നും ജീവകാരുണ്യപരമാണെന്നും വർഗാധിഷ്ഠിതമല്ലെന്നും ആരോപിച്ച് പാർട്ടിയിലെ ഡോഗ്മാറ്റിസ്റ്റുകൾ വേദി നേതൃത്വത്തിനെതിരെ പരസ്യമായി രംഗത്തുവന്നു. തുടർന്ന് വേദിക്കുള്ളിൽ നടന്ന ആശയസമരത്തിന്റെ പരിസമാപ്തിയിൽ ഞങ്ങളൊക്കെ വേദിയിൽനിന്ന് പുറത്തേക്ക് വരുകയും ചെയ്തു’’ (കെട്ടുപോയ അടുപ്പിലെ കനൽ). ഉന്മൂലന സമരത്തെ പാർട്ടി തിരിച്ചുകൊണ്ടുവന്ന വയനാട്ടിലെ മഠത്തിൽ മത്തായി വധത്തോടെ ആ വിടവ് പൂർണമാവുകയും അത് വേദിയുടെയും തുടർന്ന് കെ. വേണു നയിച്ച പാർട്ടിയുടെതന്നെയും അവസാനത്തിലേക്ക് നയിക്കുകയുംചെയ്തു.

എ. സോമൻ അതിങ്ങനെ രേഖപ്പെടുത്തി: “ഒരു പ്രകാരത്തിൽ, പുത്തൻ നീതിബോധത്തെ സംബന്ധിച്ച വ്യാകുലതകളായിരുന്നു ജനകീയ സാംസ്കാരിക വേദി തൊട്ടറിയാൻ ശ്രമിച്ചത്. രാഷ്ട്രീയം, കല, സാഹിത്യം, ആരോഗ്യവ്യവസ്ഥ, സ്ത്രീവിമോചനം എന്നീ പല തുറകളിലും പുതിയ മൂല്യബോധം മുളപ്പിച്ചെടുക്കുക എന്നതായിരുന്നു അത് സ്വയം കണ്ടെത്തിയ ഭാഗധേയം. “അനീതിക്കെതിരെ കലാപം നടത്താൻ ജനങ്ങൾക്കവകാശമുണ്ട്’’ എന്ന മുദ്രാവാക്യം പലപ്പോഴും ആത്മബോധത്തിന്റെ അദൃശ്യധമനികളിൽ ചോരയോട്ടമുണ്ടാക്കി.

ഇതിന്റെ പരിണതി എന്നോണം ഒട്ടനവധി പ്രതിഷേധരൂപങ്ങൾ ഉയർന്നുവരുകയുണ്ടായി. അവയിൽ പലതും സാത്മപ്രചോദിതമായ സമരശ്രമങ്ങൾതന്നെയായിരുന്നു. ഡോക്ടറുടെ ജനകീയ വിചാരണ ഒരു പരിധിവരെ ജനങ്ങളുടെ മുൻകൈയിൽ നിന്ന സമരരൂപങ്ങളായിരുന്നു. മാനുഷികതയറ്റ നമ്മുടെ ആരോഗ്യവ്യവസ്ഥാ രംഗത്ത് അത് ഒരിടവേളയിലെങ്കിലും ജലസ്രോതസ്സ് പോലെ സുഖം തന്നു’’ – (ഒരു ജനകീയ വിചാരണയുടെ ഓർമ).

ഡോ. എം.ആർ. രാജഗോപാലിന്റെയും ഡോ. സുരേഷ് കുമാറിന്റെയും അശോക് കുമാറിന്റെയും നേതൃത്വത്തിൽ പിൽക്കാലത്ത് രൂപംകൊണ്ട സാന്ത്വന പരിചരണ പ്രസ്ഥാനവും മാനസികാരോഗ്യരംഗത്ത് ഡോ. പി. കൃഷ്ണകുമാറിന്റെ നേതൃത്വത്തിൽ മെഡിക്കൽ കോളജ് കാമ്പസിൽ രൂപംകൊണ്ട ഇംഹാൻസും ഒക്കെ വിശാല അർഥത്തിൽ ജനകീയ വിചാരണയുടെ തുടർചലനങ്ങളിൽ ഉൾപ്പെടും. രണ്ടും ഇക്കഴിഞ്ഞ മൂന്ന് പതിറ്റാണ്ടിൽ നമ്മുടെ ആരോഗ്യസംവിധാനത്തെ മുന്നോട്ടു കൊണ്ടുപോയ സർക്കാർ ഇതര സംരംഭങ്ങളാണ്.

പുസ്തകപ്രളയത്തിൽ മുങ്ങിപ്പോകാത്ത ചിന്താപുസ്തകം

ജനകീയ സാംസ്കാരിക വേദിക്കാലത്തെ സൈദ്ധാന്തികപ്പോരാട്ടങ്ങളുടെ പ്രശസ്തമായ മുഖങ്ങൾ സച്ചിദാനന്ദന്റെയും ബി. രാജീവന്റെയും ചിന്താപുസ്തകങ്ങളാണ്. ബാലചന്ദ്രൻ ചുള്ളിക്കാടിന്റെ കവിതകളും അതിന്റെ വൈകാരികമായ ആഴം കാട്ടിത്തരുന്നവയാണ്. എന്നാൽ, അതിന്റെ സൈദ്ധാന്തിക സംഘർഷങ്ങൾ ഏറ്റവും വികാരതീവ്രമായി ആവിഷ്കരിക്കപ്പെട്ടത് എ. സോമന്റെ ‘ചോദ്യങ്ങൾ ഇടപെലുകൾ’ എന്ന പുസ്തകത്തിലൂടെയാണ്. മരണാനന്തരം എൻ.കെ. രവീന്ദ്രന്റെ മുൻകൈയിൽ സമാഹരിക്കപ്പെട്ട ഈ ചിന്താ പുസ്തകം ഒട്ടേറെ മുന്നറിയിപ്പുകളുമായി കാലത്തിന് മുമ്പേ സഞ്ചരിച്ചു. എന്നാൽ, ചുറ്റുമുള്ള ലോകം അത് കണ്ടില്ല എന്ന് നടിച്ച് മുന്നോട്ടുപോയി. അതിലുള്ളടങ്ങിയ ദുരന്തദർശനം സോമൻ ജീവിച്ചുതീർത്തു.

1996ൽ എഴുതിയ ‘ഒരു ജനകീയ വിചാരണയുടെ ഓർമ’യിൽ തന്റേതായ രീതിയിൽ ആ ദുരന്തം സോമൻ തുറന്നുപറയുന്നുണ്ട്: “കസാൻഡ്ര ഗ്രീക് പുരാണത്തിലെ ദുരന്തനായികയാണ്. ഭവിഷ്യൽകാലത്തെ മുൻകൂട്ടി കാണാനാവുക, എന്നാൽ തന്റെ പ്രവചനങ്ങൾ ജനതയാൽ വിശ്വസിക്കപ്പെടാതെ പോവുക – ഇതായിരുന്നു കസാൻഡ്രയുടെ നിത്യദുരന്തം. കഴിഞ്ഞ ദശകങ്ങളിൽ സമൂഹത്തിന്റെ അഴിവിനെക്കുറിച്ച്, അതിന്റെ നീതിയില്ലായ്മയെക്കുറിച്ച് ഒരുപറ്റം ചെറുപ്പക്കാർ മുന്നറിയിപ്പുകൾ തന്നുകൊണ്ടിരിക്കുകയായിരുന്നു.

മൃതമായ ഒരു സാമൂഹിക ശരീരത്തിനുമേൽ ആന്റിഗണിയെപ്പോലെ അവർ ഒരുപിടി മണ്ണുവാരിയിടാൻ ആഗ്രഹിച്ചു. എന്നാൽ അഴുകുകയാണ് സുഖദം എന്ന് തീരുമാനിച്ച സാമാന്യജനത, സ്വാതന്ത്ര്യമുള്ളതും സർഗാത്മകവുമായ ജീവിതം എന്ന സങ്കൽപത്തെ അധികാര സ്വരൂപങ്ങളുടെ ഹിതങ്ങൾക്കുവേണ്ടി തർപ്പണംചെയ്യാൻ തിടുക്കപ്പെട്ടു. ചോദ്യങ്ങളും സംശയങ്ങളും ഉയർത്തിയ ചെറുപ്പക്കാരാകട്ടെ കാലംതെറ്റി പിറന്നവരായി. അല്ലെങ്കിൽ അകാല വാർധക്യത്തിലും ആത്മഹത്യയിലും ഉന്മാദത്തിലും സ്വയമൊടുങ്ങി. ബാക്കി വന്നവരാകട്ടെ നമ്മുടെയൊക്കെ ഗ്രഹദോഷമായ അപ് വേഡ് മൊബിലിറ്റിയിൽ സ്വർഗാരോഹണം നടത്തുകയുംചെയ്തു’’– ജീവിച്ചിരുന്ന കാലത്തെ അത്രമേൽ കൃത്യതയോടെയാണ് സോമൻ ഒപ്പിയെടുത്തത്. “നാം ഒരു തോറ്റ ജനതയാണ്’’ എന്നെഴുതി​െവച്ച് ആത്മഹത്യചെയ്ത സുബ്രഹ്മണ്യദാസ് മുമ്പേ പറന്നു എന്നുമാത്രം.

ചലച്ചിത്ര ചിന്ത, മാധ്യമവിമർശനം എന്നീ ധാരകളെ ചിന്ത രവീന്ദ്രനിൽനിന്നും മുന്നോട്ടുകൊണ്ടുപോയത് എ. സോമനാണ്. ‘പാവം പിടിച്ച കമ്യൂണിസ്റ്റുകാരെ’ മുഷിപ്പിക്കണ്ട എന്നൊരു വിചാരത്താൽ ചിന്ത രവീന്ദ്രൻ ഒരിക്കലും തുറന്നുപറയാത്ത കാര്യങ്ങൾ നിരവധിയാണ്. തകർന്നുകൊണ്ടിരിക്കുന്ന സോവിയറ്റ് യൂനിയൻ നേരിൽ കണ്ടു മടങ്ങിവന്നിട്ടും ആ സത്യങ്ങൾ ലോകത്തോട് പറയാൻ അദ്ദേഹം വിസമ്മതിച്ചുനിന്നു. എന്നാൽ, എ. സോമൻ അവിടന്നും ചിന്തയെ മുന്നോട്ടു കൊണ്ടുപോയി. അതുകൊണ്ടുതന്നെ വ്യവസ്ഥാപിത ഇടതുപക്ഷത്തിന്റെ തിരസ്കാരം അവസാനംവരെ നേരിട്ടു. അതിൽ ഒരു ഒത്തുതീർപ്പിനും തയാറല്ലായിരുന്നു സോമൻ.

ജനകീയ സാംസ്കാരിക വേദിക്കാലത്തെ ഏറ്റവും നല്ല സൗഹൃദങ്ങളിലൊന്നായിരുന്നു സോമൻ. ചിന്താ പ്രവർത്തനത്തിന് വേദിയുടെ ഒരു മാനാഞ്ചിറ സമിതി സേതു രൂപംകൊടുത്തപ്പോൾ അതിൽ സോമനെയും എന്നെയും ഒപ്പം നിർത്തി. വേദിക്കാലം കഴിഞ്ഞുണ്ടായ ചിങ്ങോലിയിലെ അന്റോണിയോ ഗ്രാംഷി ഇൻസ്റ്റിറ്റ്യൂട്ടിലേക്കും അത് നീണ്ടു. പിന്നെ പരമശൂന്യതയുടെ ദിനരാത്രങ്ങൾ പിറന്നു. എന്നും അസ്വസ്ഥമായ ഒരാത്മാവായിരുന്നു സോമൻ. 1984ലെ മെഡിക്കൽ കോളജ് മാഗസിനിൽ – ‘ചതുരങ്ങൾ’ എന്നു പേരിട്ട് ഞാനെഴുതിയ ഒരു കഥയിൽ ചുറ്റുമുള്ള ചതുരങ്ങളോട് മല്ലടിക്കുന്ന യുവാവിനെ എഴുതുമ്പോൾ മനസ്സ് നിറയെ എ. സോമൻ എന്ന കൂട്ടുകാരനായിരുന്നു. സേതുവും സോമനുമായിരുന്നു അതിന്റെ ആദ്യ വായനക്കാർ.

തത്ത്വചിന്തയും സാഹിത്യവും –ആവിഷ്കാരത്തിന്റെ രണ്ട് രൂപങ്ങൾ എന്നല്ല, തത്ത്വചിന്തയുടെ സംവർഗങ്ങൾ അതിസൂക്ഷ്മമായി ഭാഷയിൽ, സാഹിത്യത്തിൽ പണിയെടുക്കുന്നത് എങ്ങനെ എന്ന അന്വേഷണമായിരുന്നു അന്നത്തെ ചിന്തകൾ. ‘ഖസാക്കിന്റെ ഇതിഹാസ’ത്തിന്റെ കടുത്ത ആരാധകനായിരുന്ന സോമൻ അതിന്റെ ഭാഷയെ ആഘോഷമാക്കിയ കാലമുണ്ടായിരുന്നു. എന്നാൽ, പിന്നീട് അതിന്റെ ഫെമിനിസ്റ്റ് വായനകളെ മുൻനിർത്തി രവിയെ റദ്ദാക്കി മുന്നോട്ടുപോയി.

രവിയിൽനിന്നും കുഞ്ഞാമിനയിലേക്കും അപ്പുക്കിളിയിലേക്കും ചുവടുമാറ്റുന്ന ചിന്തയുടെ ഔന്നത്യം സോമന്റെ ‘കുഞ്ഞാമിനയുടെ കുട്ടികൾ’ എന്ന ലേഖനത്തിൽ കാണാം. ഒ.വി. വിജയന്റെ ഖസാക്കിൽ നിന്നും സോമൻ മുന്നോട്ടുപോയി. ഒരു നോവലും ഒരു സിനിമയും അവന്റെ സ്വപ്നങ്ങളിൽ ഉണ്ടായിരുന്നു. ‘നരിക്കുനിയിലെ കുട്ടികൾ’ എന്ന കഥ എഴുതിയത് ഓർമയുണ്ട്. ‘പ്രേരണ’യിലാണ് അത് പ്രസിദ്ധീകരിച്ചത് എന്നാണോർമ.

1986ൽ ഞാൻ ‘മാതൃഭൂമി’യിൽ ജോലിയിൽ പ്രവേശിച്ച ആദ്യ വർഷംതന്നെ ചെയ്ത ‘ഗ്രാമങ്ങളിൽ പെൺവേട്ടക്കിറങ്ങുന്ന പുരുഷ കേസരികൾ’ എന്ന ‘ഗൃഹലക്ഷ്മി’ ഫീച്ചറിന് പിറകിലെ പ്രചോദനകേന്ദ്രം എ. സോമനായിരുന്നു. സോമനും എൻ.കെ. രവീന്ദ്രനുമാണ് എന്നെ ആ വഴികളിലൂടെ നടത്തുന്നത്. ‘ഗൃഹലക്ഷ്മി’യുടെ പേജ് കീറലിലേക്കും തൊട്ടുപിറകെ നടന്ന രാഷ്ടീയ വിവാദത്തിലേക്കും നയിച്ച കാലയളവിലെ പ്രതിസന്ധിയിലുടനീളം അവർ കൂടെനിന്നു. സോമൻ അക്കാലത്ത് കൊയിലാണ്ടി ആർട്സ് കോളജിൽ അധ്യാപകനായിരുന്നു. കടുത്ത ദാരിദ്ര്യത്തോടുള്ള പൊരുതലായിരുന്നു സോമന്റെ താൽക്കാലിക അധ്യാപക ജീവിതങ്ങൾ.

ജീവിതവുമായുള്ള ആ പോരാട്ടം സോമന്റെ പുസ്തകത്തിനുള്ള ആമുഖത്തിൽ എൻ.കെ. രവീന്ദ്രൻ കൃത്യമായി വരച്ചിടുന്നുണ്ട്: “നമുക്ക് അത്രയൊന്നും പരിചയമില്ലാത്ത ഒരു സാംസ്കാരിക ദൗത്യമായിരുന്നു അവന്റേത്. അതിനവന് ആധാരഗ്രന്ഥങ്ങളുടെ ബൃഹദ് ശേഖരങ്ങളുണ്ടായിരുന്നില്ല. ഒരെഴുത്ത് മേശയുടെ ആഡംബരംപോലും ഇല്ലാതെ, ചാണകം തേച്ച വെറും നിലത്ത് കുനിഞ്ഞ് അന്തമില്ലാതെ ബീഡിയൂതി ചങ്കുപൊള്ളിച്ച് അവൻ കുനുകുനാ കുറിച്ചിട്ടതാണ് ഈ പുസ്തകത്തിലെ വലിയൊരളവോളം ലേഖനങ്ങളും.’’ ‘ചോരണ കൂര’ എന്നത് സോമന് കഥയല്ലായിരുന്നു, ജീവിതമായിരുന്നു. ഗവൺമെന്റ് കോളജ് അധ്യാപകനായതോടെയാണ് ആ ജീവിതം കുറച്ചൊന്ന് പച്ചപിടിച്ചത്. എല്ലാം പൊടുന്നനെ കയറിവന്ന അർബുദത്തിൽ ചെന്ന് മുട്ടിനിന്നു.

അർബുദവുമായി പോരടിക്കുന്ന വേളയിലാണ് ‘ആറാം തമ്പുരാൻ’ എന്ന സിനിമയെ മുൻനിർത്തി ‘തമ്പുരാക്കൾ തിരിച്ചു വരുന്നു’ എന്ന ലേഖനം സോമൻ എഴുതുന്നത്. അത് ‘മാതൃഭൂമി’യിൽ ഒരു വൻ ചർച്ചാ ലേഖനമായി അവതരിപ്പിക്കാനും എനിക്ക് കഴിഞ്ഞു. ഞാൻ ‘മാതൃഭൂമി’യിൽ താരാപഥം ഫിലിം പേജിന്റെ ചുമതലയിലിരിക്കുമ്പോഴാണത് പ്രസിദ്ധീകരിക്കുന്നത്. മലയാളത്തിന്റെ വെള്ളിത്തിരയിൽ സംഘ്പരിവാർ രാഷ്ട്രീയത്തിന്റെ കടന്നുകയറ്റത്തിന്റെ തുറന്ന വിമർശനമായിരുന്നു അത്. ‘താരാപഥ’ത്തിൽ അത് വലിയ ചർച്ചയായി.

നൂറുകണക്കിന് കത്തുകളാണ് ‘മാതൃഭൂമി’യിലേക്ക് പ്രവഹിച്ചത്. മാനേജ്മെന്റിനെയും ഫിലിം ഇൻഡസ്ട്രിയെയും അത് ഒരുപോലെ വിറളിപിടിപ്പിച്ചു. ഓഫിസിൽ ഞാനും വിചാരണ ചെയ്യപ്പെട്ടു. അധികം വൈകാതെ ‘താരാപഥം’ ഫീച്ചർ പേജിൽ ഇനി അത്തരം ലേഖനങ്ങളും ചർച്ചകളും കൊടുക്കേണ്ടെന്നും സിനിമാ അറിയിപ്പു വാർത്തകൾമാത്രം നൽകിയാൽ മതി എന്നും മുകളിൽനിന്നും ഉത്തരവ് വന്നു. ആ പേജ് തന്നെ അധികം താമസിയാതെ കാലയവനികക്കുള്ളിൽ മറഞ്ഞു. വായനക്കാരുടെ താൽപര്യങ്ങളല്ല, സിനിമയിലെ താരാധികാരത്തിന്റെ പ്രത്യയശാസ്ത്ര സംരക്ഷണമാണ് വലുത് എന്ന നിലപാടിലേക്കുള്ള ചുവടുമാറ്റം ഇന്ന് കാണുന്ന റിവ്യൂ ബോംബിങ്ങിന് എതിരായ മാധ്യമ അച്ചടക്ക നടപടികളുടെ മുന്നോടിയായിരുന്നു.

പതുക്കെപ്പതുക്കെ എല്ലാം നിശ്ശബ്ദമായി. ഒരു തിരിച്ചുവരവിന്റെ എല്ലാ പ്രതീക്ഷകളും അവസാനിപ്പിച്ച് സ്വന്തം നിശ്ശബ്ദതയിൽ സോമൻ അലിഞ്ഞു. തിരുവനന്തപുരം ആർ.സി.സിയിലേക്ക് സോമനെ യാത്രയയക്കാൻ ഞാനും റെയിൽവേ സ്റ്റേഷനിൽ പോയിരുന്നു. അവന്റെ മുന്നിലേക്ക് ചെല്ലാൻ പരുങ്ങി നിന്നപ്പോൾ ‘‘ഞാൻ തിരിച്ചുവരുമെടാ’’ എന്ന് പറഞ്ഞ് അവൻ വന്ന് കെട്ടിപ്പിടിച്ചു. അത് അവസാനത്തെ കെട്ടിപ്പിടിത്തമായിരുന്നു. തിരിച്ചുവന്നത് മരണത്തെ പുൽകാനായിരുന്നു. 2001 മാർച്ച് 7 ന്. അതൊരു വേദനയുടെ ഓർമദിവസമാണ്.

വേദനിക്കുമ്പോൾ നല്ല നാടൻപാട്ടുകൾ ഹൃദയത്തിൽ തട്ടി പാടുമായിരുന്നു സോമൻ. ഒന്നിച്ചൊരു രാത്രി ഞങ്ങൾ കോഴിക്കോട് ടൗൺ പൊലീസ് സ്റ്റേഷൻ ലോക്കപ്പിൽ ഉറക്കമിളച്ചിരുന്നപ്പോൾ സോമൻ പുലരുവോളം പാടിയത് ഓർക്കുന്നു:

“ഏരേരി ഏരേരിക ഏരേരിരേരോ…

ഏനിന്നലെ ചൊപ്പനം കണ്ടപ്പം ചൊപ്പനം കണ്ടേ…

ചാവേറിൻ നോവിനെല്ലാം നാവുമുളച്ചെന്ന്…

കൂനനുറുമ്പണി ചേർന്നൊരാനയെ കൊന്നെന്ന്...’’

1981 ജനുവരി 26നായിരുന്നു അത്. പാട്ട് പാടി സോമനൊപ്പം ഉറക്കമിളച്ച ഒരു രാത്രി. ചാവേറിന്റെ നോവിന് നാവു മുളച്ചെന്ന അവന്റെ പാട്ടിലെ ചൊപ്പനം ചൊപ്പനത്തിനകത്തെ ചൊപ്പനമായി മാത്രം അവശേഷിച്ചു. കൂനനുറുമ്പണി ചേർന്ന് ആനയെ കൊന്നില്ല. പകരം ആനകൾ ഉറുമ്പുകളെ ചവുട്ടിയരച്ച് കടന്നുപോയി.

(തുടരും)

Show More expand_more
News Summary - weekly articles