Begin typing your search above and press return to search.
proflie-avatar
Login

മെഡിസെപ് ഐ.സി.യുവിൽ

മെഡിസെപ് ഐ.സി.യുവിൽ
cancel

സർക്കാർ ജീവനക്കാർക്കും പെൻഷൻകാർക്കും ആശ്രിതർക്കുമുള്ള ആരോഗ്യ പരിരക്ഷ പദ്ധതിയായ മെഡിസെപ് ഒന്നരവർഷം പൂർത്തിയാക്കുന്നു. എന്നാൽ, പദ്ധതിയുടെ പോരായ്​മകൾ ഇപ്പോൾ ചർച്ചയാവുകയാണ്​. എന്താണ്​ മെഡിസെപ്പുമായി ബന്ധപ്പെട്ട്​ നടക്കുന്നത്​? ആരോഗ്യ പരിരക്ഷ പദ്ധതിയെന്ന നിലയിൽ ഇത്​ എത്രമാത്രം തൃപ്​തികരമാണ്​?- അന്വേഷണവും വിശകലനവും.ഏറെ പ്രതീക്ഷയോടെയാണ് തുടങ്ങിയതെങ്കിലും പ്രഖ്യാപിത വാഗ്ദാനങ്ങളെല്ലാം അട്ടിമറിക്കപ്പെട്ടതിന്‍റെ അനുഭവങ്ങളുമായാണ് സർക്കാർ ജീവനക്കാർക്കും പെൻഷൻകാർക്കും ആശ്രിതർക്കുമുള്ള ആരോഗ്യ പരിരക്ഷ പദ്ധതിയായ മെഡിസെപ് ഒന്നരവർഷം പൂർത്തിയാക്കുന്നത്. കാഷ്ലെസ് മുതൽ പാക്കേജുകൾ വരെ...

Your Subscription Supports Independent Journalism

View Plans

സർക്കാർ ജീവനക്കാർക്കും പെൻഷൻകാർക്കും ആശ്രിതർക്കുമുള്ള ആരോഗ്യ പരിരക്ഷ പദ്ധതിയായ മെഡിസെപ് ഒന്നരവർഷം പൂർത്തിയാക്കുന്നു. എന്നാൽ, പദ്ധതിയുടെ പോരായ്​മകൾ ഇപ്പോൾ ചർച്ചയാവുകയാണ്​. എന്താണ്​ മെഡിസെപ്പുമായി ബന്ധപ്പെട്ട്​ നടക്കുന്നത്​? ആരോഗ്യ പരിരക്ഷ പദ്ധതിയെന്ന നിലയിൽ ഇത്​ എത്രമാത്രം തൃപ്​തികരമാണ്​?- അന്വേഷണവും വിശകലനവും.

ഏറെ പ്രതീക്ഷയോടെയാണ് തുടങ്ങിയതെങ്കിലും പ്രഖ്യാപിത വാഗ്ദാനങ്ങളെല്ലാം അട്ടിമറിക്കപ്പെട്ടതിന്‍റെ അനുഭവങ്ങളുമായാണ് സർക്കാർ ജീവനക്കാർക്കും പെൻഷൻകാർക്കും ആശ്രിതർക്കുമുള്ള ആരോഗ്യ പരിരക്ഷ പദ്ധതിയായ മെഡിസെപ് ഒന്നരവർഷം പൂർത്തിയാക്കുന്നത്. കാഷ്ലെസ് മുതൽ പാക്കേജുകൾ വരെ നീളുന്ന മെഡിസെപ് ഹാൻഡ്ബുക്കിലെയും പോർട്ടലിലെയും മധുരമേറിയ വാഗ്ദാനങ്ങൾക്ക് ഇത്രയേറെ കയ്പുണ്ടെന്ന് ഓരോ ഗുണഭോക്താവും തിരിച്ചറിയുന്നത് ആശുപത്രികളിലെ ഇൻഷുറൻസ് കൗണ്ടറുകളിലെത്തുമ്പോഴാണ്.

പൊതുസേവനങ്ങളിൽനിന്നും സംരംഭങ്ങളിൽനിന്നുമുള്ള സർക്കാർ പിന്മാറ്റത്തെക്കുറിച്ച് ട്രേഡ് യൂനിയനുകളും യുവജനസംഘടനകളും തൊണ്ടപൊട്ടിപ്പറയുമ്പോഴും നാടുനീളെ പ്രതിഷേധമുയരുമ്പോഴും ഒരുപക്ഷേ സംസ്ഥാനത്തെ സർക്കാർ ജീവനക്കാരും പെൻഷൻകാരും അതേക്കുറിച്ച് കാര്യമായി ഗൗനിക്കുന്നുണ്ടായിരുന്നില്ല. ഗവൺമെന്‍റ് ഉദ്യോഗത്തിന് കാലാകാലങ്ങളായി ലഭ്യമായിപ്പോരുന്ന സുരക്ഷിതത്വത്തിന്‍റെ തണലായിരുന്നു ഇത്തരമൊരു അശ്രദ്ധക്ക് ബോധപൂർമോ അല്ലാതെയോ വളമിട്ടത്.

എന്നാൽ, മെഡിസെപ്പിന്‍റെ പേരിലെ ഇരുട്ടടികൾ നേരിടാൻ തുടങ്ങിയതോടെ തെരുവുകളിലെ മുദ്രാവാക്യങ്ങൾ സ്വന്തം അനുഭവങ്ങളിൽ പ്രതിധ്വനിക്കുന്നുവെന്നതിന്‍റെ പൊള്ളുന്ന തിരിച്ചറിവിലേക്ക് ജീവനക്കാരും എത്തിയിരിക്കുന്നു.

കേരള സ്റ്റേറ്റ് സബോർഡിനേറ്റ് ആൻഡ് സർവീസ് റൂൾ (കെ.എസ്.എസ് ആൻഡ് എസ്.ആർ), 1960ലെ മെഡിക്കല്‍ അറ്റന്‍ഡന്‍സ് റൂള്‍സ് എന്നിവപ്രകാരം സര്‍ക്കാര്‍ ജീവനക്കാരുടെയും പെന്‍ഷന്‍കാരുടെയും ആരോഗ്യപരിപാലനം സര്‍ക്കാറിന്‍റെ ഉത്തരവാദിത്തമാണ്. ഇതിന്‍റെ ഭാഗമായാണ് സര്‍ക്കാര്‍ ജീവനക്കാരുടെ ചികിത്സാ ചെലവുകള്‍ തിരികെ ലഭിക്കുന്ന മെഡിക്കല്‍ റീഇംബേഴ്സ്മെന്റ് സ്കീം നടപ്പാക്കിയത്. റീഇംബേഴ്സ്മെന്റ് സ്കീമിനായി വര്‍ഷംതോറും കോടിക്കണക്കിന് രൂപ ബജറ്റ് വിഹിതമായി വകയിരുത്തുകയും ചെയ്തിരുന്നു. കാലാകാലങ്ങളിൽ വന്ന സർക്കാറുകൾ ഇത് കൃത്യമായി പാലിക്കുകയും ചെയ്തുപോന്നു. അതേ സമയം മെഡിക്കൽ റീഇംബേഴ്സ്മെന്‍റിൽ പണം ലഭിക്കാനുള്ള കാലതാമസമുൾപ്പെടെ വലിയ ആക്ഷേപങ്ങള്‍ ഉയർന്നിരുന്നു.

മെഡിസെപ്​ പദ്ധതി ഉദ്​ഘാടനം മുഖ്യമന്ത്രി പിണറായി വിജയൻ നിർവഹിക്കുന്നു

മെഡിസെപ്​ പദ്ധതി ഉദ്​ഘാടനം മുഖ്യമന്ത്രി പിണറായി വിജയൻ നിർവഹിക്കുന്നു

വര്‍ഷങ്ങള്‍ കഴിഞ്ഞാണ് പല ബില്ലുകളും പാസായിരുന്നത്. പെന്‍ഷന്‍കാര്‍ക്ക് നല്‍കിയിരുന്ന മെഡിക്കല്‍ അലവന്‍സാകട്ടെ ഒരുതവണ ഡോക്ടറെ കാണാന്‍ പോലും തികയുന്നതായിരുന്നില്ല. റീഇംബേഴ്സ്മെന്‍റിലെ കാലതാമസങ്ങളും പെൻഷൻകാരുടെ പ്രശ്നങ്ങളുമെല്ലാം ചൂണ്ടിക്കാട്ടിയാണ് സർക്കാർ മേൽനോട്ടത്തിൽ സ്വകാര്യ ഇൻഷുറൻസ് ഏജൻസിക്ക് നടത്തിപ്പ് ചുമതല നൽകി മെഡിസെപ് എന്നപേരിൽ പുതിയ ഇൻഷുറൻസ് പദ്ധതിക്ക് ഒന്നര വർഷം മുമ്പ് തുടക്കമിട്ടത്. ജീവനക്കാരിൽനിന്നും പെൻഷൻകാരിൽനിന്നും പ്രതിമാസം 500 രൂപ വീതം ഈടാക്കും വിധത്തിലാണ് മെഡിസെപ്പിന്‍റെ ഘടന. ഫലത്തിൽ 1960ലെ മെഡിക്കല്‍ അറ്റന്‍ഡന്‍സ് റൂള്‍സ് പ്രകാരമുള്ള ബാധ്യതയിൽനിന്ന് സർക്കാർ പിന്മാറി.

പകരം സ്വകാര്യ കമ്പനികളെ ഏൽപിച്ചുനൽകി എന്നതാണ് സംഭവിച്ചത്. പങ്കാളിത്ത പെൻഷൻ വഴി ബാധ്യതയിൽനിന്ന് സർക്കാർ തലയൂരിയതിന്‍റെ മറ്റൊരു പതിപ്പാണ് ആരോഗ്യ ഇൻഷുറൻസിലും ആവർത്തിച്ചത്. ജീവനക്കാരില്‍നിന്ന് പണം ഈടാക്കി ഇന്‍ഷുറന്‍സ് കമ്പനികള്‍ക്ക് ലാഭം നേടാനുള്ള അവസരമാണ് സര്‍ക്കാര്‍ സൃഷ്ടിക്കുന്നതെന്നാണ് വിമർശനം.

അംഗങ്ങൾ 10 ലക്ഷം, ഗുണഭോക്താക്കൾ 30 ലക്ഷം

2022 ജൂലൈ ഒന്നിന് ആരംഭിച്ച് 2025 ജൂണ്‍ 30ന് അവസാനിക്കുന്ന മൂന്നു വര്‍ഷ കാലയളവിലേക്കാണ് സ്വകാര്യ ഇന്‍ഷുറന്‍സ് കമ്പനിയുമായി സര്‍ക്കാര്‍ ധാരണാപത്രം ഒപ്പിട്ടത്. ഈ ധാരണാപത്ര പ്രകാരം എംപാനല്‍ ചെയ്യപ്പെട്ട ആശുപത്രികളില്‍, കിടത്തി ചികിത്സക്ക് എത്തുന്നവർക്ക് പണം അടക്കാതെ ചികിത്സ ലഭ്യമാകുന്ന കാഷ് ലെസ് സൗകര്യം എന്നതായിരുന്നു പ്രധാന വാഗ്ദാനവും ആകർഷണവും. എംപാനല്‍ ചെയ്യപ്പെട്ട ആശുപത്രികളിലൂടെ ഒരു കുടുംബത്തിന് പ്രതിവര്‍ഷം മൂന്നു ലക്ഷം രൂപയുടെ അടിസ്ഥാന പരിരക്ഷ ലഭിക്കും. മെഡിക്കല്‍ ചെക്കപ്പ് ഇല്ലാതെയാണ് ജീവനക്കാരെയും ആശ്രിതരെയും പദ്ധതിയില്‍ ഉള്‍പ്പെടുത്തുന്നത്. മൂന്നു ലക്ഷം രൂപയിൽ ഒന്നരലക്ഷം രൂപ ഓരോ വര്‍ഷത്തേക്ക് നിശ്ചയിച്ചിട്ടുള്ളതും സമയപരിധിക്കുള്ളിൽ ഉപയോഗിച്ചില്ലെങ്കില്‍ നഷ്ടമാവുന്നതുമാണ്.

ശേഷിക്കുന്ന ഒന്നരലക്ഷം രൂപ വിനിയോഗിച്ചില്ലെങ്കിലും ഇൻഷുറൻസ് അക്കൗണ്ടിലുണ്ടാകും. ഈ തുക പോളിസിയുടെ തുടര്‍ന്നുള്ള വര്‍ഷങ്ങളിലേക്ക് കൈമാറ്റം ചെയ്യപ്പെടുമെന്നതാണ് വ്യവസ്ഥ. ഇതിന് പുറമെ 12 മാരകരോഗങ്ങള്‍ക്കും അവയവമാറ്റ ശസ്ത്രക്രിയക്കും അധികപരിരക്ഷ നല്‍കുന്നതിനായി 35 കോടിയുടെ ഒരു കോർപസ് ഫണ്ടും രൂപവത്കരിച്ചിരുന്നു. ചികിത്സകള്‍ക്കുള്ള അടിസ്ഥാന പരിരക്ഷയാണ് തുടക്കത്തിൽ മെഡിസെപ്പിൽ ലഭ്യമാക്കിയിരുന്നത്. ഒരുദിവസം മുതല്‍ നിശ്ചിത കാലയളവ് വരെ ദൈര്‍ഘ്യമുള്ള കിടത്തിച്ചികിത്സയാണ് മെഡിസെപ് പരിരക്ഷയിലുള്ളത്.

സംസ്ഥാന സര്‍ക്കാര്‍ ജീവനക്കാര്‍, പാര്‍ട്ട് ടൈം കണ്ടിൻജന്റ് ജീവനക്കാര്‍, പാര്‍ട്ട് ടൈം അധ്യാപകര്‍, എയ്ഡഡ് സ്‌കൂളുകളിലേതുൾപ്പെടെയുള്ള അധ്യാപക-അനധ്യാപക ജീവനക്കാര്‍, പെന്‍ഷന്‍കാര്‍, കുടുംബപെന്‍ഷന്‍കാര്‍, ഇവരുടെയെല്ലാം ആശ്രിതർ, സംസ്ഥാന സര്‍ക്കാറിന്റെ ധനസഹായം സ്വീകരിക്കുന്ന സര്‍വകലാശാലകളിലെയും തദ്ദേശ സ്ഥാപനങ്ങളിലെയും ജീവനക്കാര്‍, പെന്‍ഷന്‍കാര്‍, കുടുംബപെന്‍ഷന്‍കാര്‍, മുഖ്യമന്ത്രി, മറ്റ് മന്ത്രിമാര്‍, പ്രതിപക്ഷ നേതാവ്, ചീഫ് വിപ്, സ്പീക്കര്‍, ഡെപ്യൂട്ടി സ്പീക്കര്‍, ധനകാര്യ കമ്മിറ്റികളുടെ ചെയര്‍മാന്‍മാര്‍ എന്നിവരുടെ നേരിട്ട് നിയമിതരായ പേഴ്സനല്‍ സ്റ്റാഫ്, പെന്‍ഷന്‍കാര്‍, കുടുംബ പെന്‍ഷന്‍കാര്‍, ഇവരുടെയെല്ലാം ആശ്രിതർ എന്നിവരാണ് മെഡിസെപ് പദ്ധതിയുടെ ഗുണഭോക്താക്കള്‍.

സർക്കാർ ജീവനക്കാരും പെൻഷൻകാരുമടക്കം പത്ത് ലക്ഷത്തോളം പേരാണ് സംസ്ഥാനത്തുള്ളത്. നിബന്ധനകൾക്ക് വിധേയമായി ഇവരുടെ ആശ്രിതർ കൂടിയാകുമ്പോൾ ഗുണഭോക്താക്കളുടെ എണ്ണം 30 ലക്ഷത്തോളമാണ്. ഗുണഭോക്താക്കള്‍ക്ക് പ്രായപരിധി നിലവിലില്ല. ആശ്രിതരായ കുട്ടികള്‍ക്ക് ജോലിയില്‍ പ്രവേശിക്കുന്നതുവരെയോ വിവാഹം കഴിക്കുന്നതുവരെയോ അല്ലെങ്കില്‍ 25 വയസ്സ് പൂര്‍ത്തിയാകുന്നതുവരെയോ ഇവയിലേതാണോ ആദ്യം സംഭവിക്കുന്നത് അതുവരെ പദ്ധതിയുടെ ഗുണഭോക്താക്കളായിരിക്കുമെന്നതാണ് വ്യവസ്ഥ.

കാഷ് ലെസിലാകട്ടെ കത്രികപ്പൂട്ട്

വാഗ്ദാനങ്ങളുടെ പെരുമഴയായിരുന്നെങ്കിലും സംഭവിച്ചത് മറ്റൊന്നായിരുന്നു. പ്രധാന സ്വകാര്യ ആശുപത്രികളെല്ലാം മെഡിസെപ്പിനെ കൈ ഒഴിഞ്ഞതായിരുന്നു ആദ്യ തിരിച്ചടി. ഗുണഭോക്താക്കൾ 30 ലക്ഷമാണെങ്കിലും അതിനനുസരിച്ചുള്ള ആശുപത്രികള്‍ മെഡിസെപ് പദ്ധതിയിൽ എംപാനല്‍ ചെയ്തിരുന്നില്ല. മാത്രമല്ല സർക്കാറുമായി കരാറിൽ ഒപ്പുവെച്ച ആശുപത്രികൾ പലരും മെഡിസെപ് വ്യവസ്ഥകൾ കാറ്റിൽപറത്തി. പിന്നാലെ കാഷ്ലെസ് ചികിത്സ സംവിധാനം ഭാഗികമായോ പൂർണമായോ അട്ടിമറിച്ചതോടെ ഗുണഭോക്താക്കൾക്ക് പ്രഹരം ഇരട്ടിയാവുകയാണ്.

ഓരോ ജില്ലയിലും എംപാനൽ ചെയ്ത ആശുപത്രികളുടെ എണ്ണം വളരെ കുറവാണെന്ന് നേരത്തേതന്നെ പരാതി ഉയർന്നിരുന്നു. കരാറിൽ ഏർപ്പെട്ട ആശുപത്രികളിലാകട്ടെ മെഡിസെപ് മാർഗരേഖയിൽ പറയുന്ന എല്ലാ രോഗങ്ങൾക്കും ചികിത്സ ലഭ്യമാക്കുന്നുമില്ല. രോഗിക്ക് ലഭിക്കേണ്ട ചികിത്സകളിൽ പലതും പാക്കേജിൽ ഉൾപ്പെടുന്നില്ലെന്ന് പറഞ്ഞ് ചികിത്സാ ചെലവിന്റെ നല്ലൊരു ഭാഗം രോഗികളിൽനിന്ന് ഈടാക്കുന്ന സംഭവങ്ങളും വ്യാപകമാകുന്നു.

കാഷ്ലെസ് അട്ടിമറിച്ചതോടെ മെഡിസെപ് വഴി ചികിത്സ കിട്ടണമെങ്കിൽ ഗുണഭോക്താക്കൾ പണവുമായി ആശുപത്രിയിലെത്തേണ്ട ഗതികേടിലാണിപ്പോൾ. രണ്ട് ലക്ഷം രൂപ ബിൽ ആകുമെങ്കിൽ 50 ശതമാനത്തോളമേ ആശുപത്രികൾ കാഷ്ലെസ് ആയി അനുവദിക്കൂ. ശേഷിക്കുന്ന തുക രോഗി അടക്കണം. ചികിത്സച്ചെലവ് മുൻകൂർ നൽകി ചികിത്സ തേടുന്നവർക്കാകട്ടെ നൽകിയ പണത്തിനുള്ള ബിൽപോലും പല ആശുപത്രികളും തയാറാകുന്നില്ലെന്ന പരാതിയുമുണ്ട്.

ഡോക്ടർ ഡിസ്ചാർജ് എഴുതിയ ശേഷമാണ് ഇൻഷുറൻസ് ​െക്ലയിമിനുള്ള നടപടികൾ ആരംഭിക്കുന്നത്. ഇൻഷുറൻസ് കമ്പനി ബില്ലുകളും രേഖകളും പരിശോധിച്ച് ക്ലെയിം പാസാക്കാൻ വൈകിയാൽ ഡിസ്ചാർജ് ലഭിക്കണമെങ്കിൽ രോഗി മുഴുവൻ തുകയും അടക്കണം. ഇനി അടക്കാൻ കൈവശം പണമില്ലെങ്കിൽ ​െക്ലയിം പാസാകുന്നതുവരെ ആശുപത്രിയിൽ തുടരണം. നേരത്തേ സാങ്കേതികപ്രശ്നം മൂലം മാത്രമായിരുന്നു പാസാക്കൽ വൈകുന്നതെങ്കിൽ ഇപ്പോൾ ഇത്തരം പ്രവണത പതിവാകുകയാണ്.

 

ചില ആശുപത്രികളാകട്ടെ സർജറിയടക്കം നിശ്ചയിക്കുമ്പോൾതന്നെ മെഡിസെപ് വഴിയാണെങ്കിൽ മുഴുവൻ തുകയും ഇൻഷുറൻസ് വഴി കിട്ടില്ലെന്ന് മുൻകൂട്ടി രോഗിയുടെ ബന്ധുക്കളെ അറിയിക്കുകയാണ്. മെഡിസെപ് ഹാൻഡ് ബുക്ക് വായിച്ച് മനപ്പാഠമാക്കിയും ചികിത്സച്ചെലവുകളും പാക്കേജും കൂട്ടിക്കിഴിച്ചുമെല്ലാം ആശുപത്രികളിലെത്തുമ്പോഴാണ് ഈ കൈമലർത്തൽ. ചികിത്സ വേണമെങ്കിൽ നിശ്ചിത ശതമാനം തുക രോഗി കൈയിൽനിന്നടക്കണം. ഈ നിശ്ചിത തുകക്ക് കൃത്യമായ മാനദണ്ഡവുമില്ല. പല ആശുപത്രികളിൽ പല ശതമാനത്തിലാണ് കണക്ക്. സ്വകാര്യ കണ്ണാശുപത്രികളിൽ മുഴുവൻ തുകയും ഇൻഷുറൻസ് ആയി ലഭിച്ചിരുന്നെങ്കിൽ ഇപ്പോൾ അതിലും വെട്ടിക്കുറവ് വരുത്തുകയാണ്. തിമിര ശസ്ത്രക്രിയക്ക് നേരത്തേ 22,500 രൂപ അനുവദിച്ചിരുന്നെങ്കിൽ ഇപ്പോഴത് 15,000 രൂപയായി പരിമിതപ്പെടുത്തി.

ലളിതവും അത്യാധുനികവും വേഗം രോഗമുക്തി ലഭിക്കുന്നതുമായ മൈക്രോ ഇൻസിഷൻ കാറ്ററാക്ട് സർജറി (എം.ഐ.സി.എസ്) എന്ന തിമിര ശസ്ത്രക്രിയയാണ് 99‌ ശതമാനം ആശുപത്രികളും ചെയ്തിരുന്നത്. എന്നാൽ, ചെലവ് കൂടുതലാണെന്ന കാരണത്താൽ ഈ രീതിക്കു പകരം പഴയരീതിയിലുള്ള ശസ്ത്രക്രിയയാണ് കമ്പനി നിഷ്കർഷിക്കുന്നത്.

ഒന്നിലധികം രോഗമെങ്കിലും പരിരക്ഷ ഒന്നിനുമാത്രം

പാക്കേജ് അടിസ്ഥാനത്തിലാണ് മെഡിസെപ്പിൽ വിവിധ രോഗങ്ങൾക്കുള്ള ചികിത്സ അനുവദിക്കുന്നത്. ഒന്നിലധികം അസുഖങ്ങൾക്ക് ഒരേസമയം ചികിത്സ അനുവദിക്കില്ലെന്നതാണ് ഇതിന്‍റെ മറുവശം. ശസ്ത്രക്രിയക്കായി ചികിത്സ തേടുന്നയാളിന് ഹൃദയാഘാതമുണ്ടായി അതേ ആശുപത്രിയിൽ ചികിത്സ ലഭ്യമാക്കിയാൽ ശസ്ത്രക്രിയക്ക് മാത്രമേ ഇൻഷുറൻസ് പരിരക്ഷ ലഭിക്കൂ. ഹൃദയാഘാതത്തിനുള്ള ചികിത്സച്ചെലവ് രോഗി വഹിക്കണം. ഒരുസമയം ഒരു രോഗത്തിനു മാത്രമേ ഇൻഷുറൻസ് തുക ലഭിക്കൂ എന്ന നിബന്ധനയാണ് ഇതിന് കാരണം. നേരത്തേ ഇത്തരം രോഗികൾക്കു തുക പൂർണമായി അനുവദിച്ചിരുന്നു. പിന്നീട് ഇൻഷുറൻസ് വ്യവസ്ഥകൾ മാറ്റുകയായിരുന്നു.

ഓരോ ചികിത്സക്കും പാക്കേജാണെങ്കിലും, പാക്കേജിന്‍റെ പരിധിയിൽ വരുന്ന അവകാശപ്പെട്ട തുക മുഴുവനായും രോഗിക്ക് അനുവദിക്കുന്നില്ലെന്നതാണ് മറ്റൊരു പ്രശ്നം. എം.ആർ.ഐ, സി.ടി സ്കാൻ എന്നിവയെല്ലാം ചേർന്നതാണ് പാക്കേജ്. എന്നാൽ, ആശുപത്രികൾ ഇവക്ക് പ്രത്യേകം ബിൽ നൽകും. ഇത് ഇൻഷുറൻസ് കമ്പനി വെട്ടുമെന്നതിനാൽ ഈ ചെലവുകൾ രോഗിയുടെ ചുമലിലാകും. സർക്കാർ ആശുപത്രികളിലെ ചികിത്സക്ക് പലപ്പോഴും പാക്കേജ് പ്രകാരമുള്ള തുക വേണ്ടിവരില്ല. ആശുപത്രി അധികൃതർ യഥാർഥ ബിൽ തുക ​െക്ലയിമിനായി അയക്കുമെങ്കിലും പാക്കേജിൽ ഉൾപ്പെട്ടിട്ടുള്ള മുഴുവൻ തുകയും ഉപഭോക്താവിന്‍റെ ഇൻഷുറൻസ് അക്കൗണ്ടിൽനിന്ന് കുറവുവരുത്തുകയാണ്.

ഈ സാഹചര്യത്തിൽ പാക്കേജ് സംവിധാനം ഒഴിവാക്കി ചികിത്സക്ക് ചെലവാകുന്ന തുക അനുവദിക്കുന്ന രീതിയിലേക്ക് പദ്ധതി പുനഃക്രമീകരിക്കണമെന്ന ആവശ്യംതന്നെ ശക്തമായിരിക്കുന്നു. ആശുപത്രികളിൽനിന്ന് ബിൽ പ്രകാരം സമർപ്പിച്ച ​െക്ലയിമിലെ തുകയെക്കാൾ കൂടുതൽ ഉപഭോക്താവിന്‍റെ ഇൻഷുറൻസ് അക്കൗണ്ടിൽനിന്ന് ഈടാക്കുന്ന പ്രവണതയും വ്യാപകമാണ്.

ആശുപത്രിവാസം കഴിഞ്ഞുള്ള 15 ദിവസത്തേക്കുള്ള എല്ലാവിധ ആശുപത്രി ചികിത്സച്ചെലവുകൾക്കും മെഡിസെപ് പരിരക്ഷയുണ്ടാകുമെന്നായിരുന്നു പദ്ധതി തുടങ്ങുമ്പോഴുള്ള പ്രഖ്യാപനം. എന്നാൽ, ഇത് ഇപ്പോൾ പലയിടങ്ങളിലും അനുവദിക്കുന്നില്ല. ചികിത്സ പൂർത്തിയാക്കുന്ന മുറക്ക് ആശുപത്രി അധികൃതർ തയാറാക്കി അയക്കുന്ന ​െക്ലയിമിൽ പിശകുണ്ടായാൽ അത് പരിഹരിച്ച് വീണ്ടും അയച്ചാൽ ആ ​െക്ലയിം ഒന്നാകെ നിരസിക്കപ്പെടും. ആശുപത്രികളുടെ പിഴവാണെങ്കിലും നഷ്ടം ഗുണഭോക്താവിനാണ്. രോഗം മാറുന്നതിന് മുമ്പ് ചികിത്സ കാലയളവ് കഴിഞ്ഞു എന്ന പേരിൽ നിർബന്ധിച്ച് ഡിസ്ചാർജ് ചെയ്യിക്കുന്ന അനുഭവങ്ങളും റിപ്പോർട്ട് ചെയ്യപ്പെടുന്നുവെന്നതാണ് ഏറെ ഖേദകരം.

 

മെഡിസെപ്​ ഉദ്​ഘാടന വേളയിലെ സദസ്സ്​

മെഡിസെപ്​ ഉദ്​ഘാടന വേളയിലെ സദസ്സ്​

വെബ്സൈറ്റിലും ആപ്പിലുമെല്ലാം എംപാനൽ ചെയ്ത ആശുപത്രികളുടെ നീണ്ട പട്ടികകളുണ്ടെങ്കിലും ഇത് പലതും കബളിപ്പിക്കലാണെന്നാണ് ഉപഭോക്താക്കൾ പറയുന്നത്. ഒരു ആശുപത്രിയിലെ ഒന്നോ രണ്ടോ വിഭാഗത്തിൽ മാത്രമാണ് മെഡിസെപ് എങ്കിലും ആശുപത്രിയിൽ മുഴുവൻ വിഭാഗത്തിലും മെഡിസെപ് ആനുകൂല്യമെന്ന നിലയിലാണ് പട്ടികയിൽ പേര് ഉൾപ്പെടുത്തുക. ഇത് വിശ്വസിച്ച് ചികിത്സക്ക് ചെല്ലുന്നവരാകട്ടെ ശരിക്കും കുരുക്കിലുമാകും. കുടിശ്ശികയുടെ പേരിൽ പദ്ധതിയിൽനിന്ന് പിന്മാറിയ ആശുപത്രികളുടെ േപരുപോലും പട്ടികയിലുണ്ട്.

പരാതികൾ വ്യാപകമാവുമ്പോഴും ഇക്കാര്യത്തിൽ കൃത്യമായ ഇടപെടലോ പരിഹാരമോ നടത്താൻ ധനവകുപ്പ് തയാറാകുന്നില്ല. നിയമസഭയിൽ ഭരണ-പ്രതിപക്ഷ വ്യത്യാസമില്ലാതെ രേഖാമൂലവും അല്ലാതെയും ഇതിനെക്കുറിച്ച് ചോദ്യങ്ങളുന്നയിച്ചെങ്കിലും ഇൻഷുറൻസ് കമ്പനിയുമായുള്ള ദ്വൈവാര യോഗത്തിൽ ഇക്കാര്യം ചർച്ചചെയ്യാമെന്ന ഒഴുക്കൻ മറുപടിയാണ് ധനവകുപ്പിൽനിന്നുണ്ടാകുന്നത്. 500 രൂപ പ്രീമിയം ഈടാക്കുന്ന കേരളത്തിൽ മൂന്ന് ലക്ഷമാണ് ഇൻഷുറൻസ് കവറേജ്. എന്നാൽ, 300 രൂപ പ്രീമിയം വാങ്ങുന്ന തമിഴ്നാട് 10 ലക്ഷം രൂപയുടെ കവറേജാണ് നൽകുന്നത്.

മുറിവാടക മുതൽ ബില്ലിൽ വരെ കബളിപ്പിക്കൽ കണ്ണികൾ

ബില്ലുകളിലെ തട്ടിപ്പുകൾ മുതൽ മുറിയുടെ കാര്യത്തിലും ​െക്ലയിമുകളിലുംവരെ കബളിപ്പിക്കലിന്റെ കണ്ണികളുണ്ടെന്നതാണ് മറ്റൊരു വസ്തുത. ഇൻഷുറൻസുമായി ചെല്ലുന്ന രോഗിക്ക് 3000 രൂപയിൽ കുറഞ്ഞ മുറിയുണ്ടാകില്ല. മെഡിസെപ്പിൽ പ്രതിദിനം 2000 രൂപ ക്ലെയിം ചെയ്യാൻ വ്യവസ്ഥയുണ്ട്. ഇതിൽ കൂടുതൽ വാടകയുള്ള മുറിയെടുത്താൽ വ്യത്യാസമുള്ള തുക രോഗി വഹിക്കേണ്ടി വരും. മുറി വാടകക്ക് അധികമാകുന്ന തുക അടച്ചാൽ പോരേ എന്നാണെങ്കിൽ തെറ്റി. 2000 രൂപക്ക് മുകളിലുള്ള മുറിയാെണങ്കിൽ ആനുപാതികമായി നഴ്സിങ് ഫീസും മറ്റ് സർവിസ് ചാർജുകളുമെല്ലാം വർധിക്കും. ഇതൊന്നും ഇൻഷുറൻസിൽപെടില്ല. രോഗി കൈയിൽനിന്ന് കെട്ടണം.

രോഗിക്ക് നൽകുന്ന ബിൽ തുകയുടെ ഇരട്ടിയിലധികം തുകക്കുള്ള ബിൽ ചില ആശുപത്രികൾ ക്ലെയിമിനായി ഇൻഷുറൻസ് കമ്പനിയിലേക്ക് നൽകുന്നുണ്ടെന്നും പരാതികളുണ്ട്. ഇതൊന്നും രോഗി അറിയുകപോലും ചെയ്യുന്നുണ്ടാവില്ല. ബില്ലിൽ രോഗി ഒപ്പിട്ട് നൽകണമെന്ന വ്യവസ്ഥയുണ്ടെങ്കിലും അതൊന്നും പാലിക്കപ്പെടാറുമില്ല.

അവയവമാറ്റം ഉൾപ്പെടെയുള്ള ചികിത്സകൾക്കായി മാറ്റിവെച്ച 35 കോടിയുടെ കോർപസ് ഫണ്ട് തീർന്നതിനാൽ മാസങ്ങളോളം ഇത്തരം ചികിത്സകൾക്ക് മെഡിസെപ് കവറേജ് നിർത്തിവെച്ചിരുന്നു. പിന്നീട് ഇത് സർക്കാർ ആശുപത്രികളിൽ മാത്രമായി പരിമിതപ്പെടുത്തി. രണ്ടാമതും തുക അനുവദിച്ചെങ്കിലും അതും തീർന്നു. ശസ്ത്രക്രിയക്കു വിധേയമായശേഷം ഫണ്ട് അനുവദിക്കുന്ന രീതിയും അവസാനിപ്പിച്ചു.

ശസ്ത്രക്രിയക്ക് ഡോക്ടർ ശിപാർശ ചെയ്താൽ ഇനി ഇൻഷുറൻസ് കമ്പനിയെ അറിയിക്കണമെന്നതായി പിന്നെ വ്യവസ്ഥ. രേഖകൾ പരിശോധിച്ചശേഷം ധനവകുപ്പിനെ വിവരം അറിയിക്കും. അനുമതി ലഭിച്ചാൽ മാത്രം കവറേജ് എന്നതായി പിന്നീട്. ഇപ്പോഴാകട്ടെ എന്താണ് മാനദണ്ഡമെന്നത് ഏറക്കുറെ അജ്ഞാതം. നിബന്ധനകളിൽ അടിക്കടി ഇങ്ങനെയുണ്ടാകുന്ന മാറ്റങ്ങൾക്കൊപ്പം പരാതിപരിഹാരത്തിലെ മെല്ലെപ്പോക്ക് കൂടിയാകുേമ്പാൾ മെഡിസെപ് ശരിക്കും ഗുണഭോക്താക്കളെ വട്ടം കറക്കുകയാണ്.

അനാവശ്യമായി മുട്ട് മാറ്റിവെക്കൽ ശസ്ത്രക്രിയകൾ നടത്തുന്നു എന്നതാണ് സ്വകാര്യ ആശുപത്രികളിലെ ശസ്ത്രക്രിയകൾ അവസാനിപ്പിക്കുന്നതിനു കാരണമായി സർക്കാർ ചൂണ്ടിക്കാട്ടുന്നത്. മുട്ടു മാറ്റിവെക്കലിനാണ് കോർപസ് ഫണ്ടിൽനിന്ന് ഏറ്റവും കൂടുതൽ തുക ചെലവായതെന്നാണ് സർക്കാർ വാദം. തിമിര ശസ്ത്രക്രിയകളുടെ എണ്ണം ക്രമാതീതമായി വർധിച്ചുവെന്ന കാരണം ചൂണ്ടിക്കാട്ടി സ്വകാര്യ കണ്ണാശുപത്രികളെ മെഡിസെപ്പിൽ ഉൾപ്പെടുത്തുന്നതും നിർത്തിവെച്ചിരിക്കുകയാണ്.

വിരമിച്ച സൈനികർക്കും പറയാനുണ്ട്

വിമുക്ത ഭടന്മാർക്ക് എക്സ് സർവിസ്മെൻ കോൺട്രിബ്യൂട്ടറി ഹെൽത്ത് സ്കീം (ഇ.സി.എച്ച്.എസ്) എന്ന വിപുലമായ ഇൻഷുറൻസ് പദ്ധതിയുണ്ട്. വിരമിക്കുമ്പോൾ ഒറ്റത്തവണ പ്രീമിയമായി നല്ലൊരു തുക ഇവരിൽനിന്ന് ഈടാക്കുന്നുണ്ട്. സൈനികർക്കും ആശ്രിതർക്കും മികച്ച ആശുപത്രികളിലെല്ലാം ഇതിന്റെ ആനുകൂല്യം ലഭിക്കും. എന്നാൽ, ഇവർ പിന്നീട് സംസ്ഥാന സർക്കാർ സർവിസിലെത്തിയാൽ നിർബന്ധിതമായി മെഡിസെപ്പിൽ ചേർക്കപ്പെടും.

മാസംതോറും 500 രൂപ വീതം ഇൗടാക്കുകയും ചെയ്യും. തങ്ങളെ മെഡിസെപ്പിൽനിന്ന് ഒഴിവാക്കണമെന്ന് ആവശ്യപ്പെട്ട് നിരവധിതവണ നിവേദനം നൽകിയിട്ടും സെക്രട്ടേറിയറ്റിന് മുന്നിൽ വിമുക്ത ഭടന്മാരുടെ സംഘടന സമരം ചെയ്തിട്ടും ഇതൊന്നും പരിഗണിച്ചിട്ടില്ല. ഇ.സി.എച്ച്.എസ് ഉള്ളതിനാൽ മറ്റൊരു ഇൻഷുറൻസിന്റെ ആവശ്യമില്ലെന്നാണ് ഇവർ പറയുന്നത്.

സർക്കാർ ഇടപെടലുണ്ടായാൽ പ്രശ്നം പരിഹരിക്കാമെന്നിരിക്കെ അതിന് മുതിരുന്നില്ലെന്നതാണ് നിലവിലെ സാഹചര്യങ്ങളെ വഷളാക്കുന്നത്. ആശുപത്രികളെ സംബന്ധിച്ച് കിേട്ടണ്ട പണത്തെക്കുറിച്ചും നിരവധി പരാതികളുണ്ട്. രോഗിയെ ഡിസ്ചാർജ് ചെയ്ത് 15 ദിവസത്തിനുള്ളിൽ ആശുപത്രികൾക്ക് പണം ലഭിക്കുമെന്നായിരുന്നു പദ്ധതിയിലെ ഉറപ്പ്. എന്നാൽ, മാസങ്ങൾ കഴിഞ്ഞിട്ടും തുക കുടിശ്ശികയായതാണ് ആശുപത്രികളുടെ പിന്മാറ്റത്തിന് പ്രധാന കാരണമായി ചൂണ്ടിക്കാട്ടുന്നത്. ആശുപത്രികൾ കാഷ്ലെസ് ചികിത്സ അവസാനിപ്പിക്കുന്നതിലേക്ക് വഴിവെച്ചതും ഇൗ സാഹചര്യങ്ങളാണ്. ചില ആശുപത്രികൾ ബ്ലാങ്ക് ചെക്ക് വാങ്ങിവെച്ചാണ് ചികിത്സ നൽകുന്നത്.

അപകടത്തിൽ പരിക്കേറ്റ് രണ്ടു കാലിനും ചികിത്സ തേടിയാൽ ഒരു കാലിനു മുഴുവൻ തുകയും മറ്റേ കാലിന് 75 ശതമാനം വരെയുള്ള തുകയുമേ ഇൻഷുറൻസ് ലഭിക്കൂ. ഒരേസമയത്തുതന്നെ ചികിത്സ നടക്കുന്നതിനാൽ നടപടിക്രമങ്ങൾക്കുള്ള ചെലവ് കുറവാണെന്നതാണ് വാദം. മെഡിസെപ് വെബ്സൈറ്റിലെ ആശുപത്രികളുടെ പട്ടിക കൃത്യമായി അപ്ഡേറ്റ് ചെയ്താൽ പല ആശയക്കുഴപ്പങ്ങളും അവ്യക്തതകളും പരിഹരിക്കാമെങ്കിലും അതിനൊന്നും സർക്കാർ തയാറാവില്ല.

17 മാസം: പ്രീമിയമായി സമാഹരിച്ചത് 956.90 കോടി, നികുതിമാത്രം 137.94 കോടി

ജീവനക്കാർക്കുള്ള ഇൻഷുറൻസ് ബാധ്യതയിൽനിന്ന് സർക്കാർ പൂർണമായി പിന്മാറി എന്നതിനൊപ്പം സർക്കാറിന് മെഡിസെപ് നികുതി നേട്ടമാകുന്നതെങ്ങനെയെന്നും കണക്കുകൾ സ്വയം തെളിവാകുകയാണ്. പ്രതിമാസം 500 രൂപയാണ് പ്രീമിയം. ഇതിൽ 400 രൂപ ഇൻഷുറൻസ് കമ്പനിക്ക് നൽകണം. ശേഷിക്കുന്ന 100 രൂപയിൽ ജി.എസ്.ടിയായി (18 ശതമാനം) 72 രൂപ ലഭിക്കും. അങ്ങനെ ആകെ 472 രൂപ. ശേഷിക്കുന്ന 28 രൂപ അവയവമാറ്റവും ഗുരുതര രോഗങ്ങൾക്കുമുള്ള കോർപസ് ഫണ്ടിലേക്കാണ്.

മെഡിസെപ് വെബ്സൈറ്റിലെ കണക്കനുസരിച്ച് ജീവനക്കാരും പെൻഷൻകാരുമായി 11,25,774 അംഗങ്ങളാണുള്ളത്. പദ്ധതി തുടങ്ങിയ 2022 ജൂലൈ മുതൽ 2023 ഡിസംബർ വരെയുള്ള കണക്കെടുത്താൽ ആകെ 17 മാസം. ഒരുമാസം ഒരാളിൽ 500 രൂപ വെച്ച് കണക്കാക്കിയാൽ 17 മാസമാകുമ്പോൾ 8500 രൂപ. 11,25,774 പേരിൽനിന്ന് 8500 രൂപവെച്ച് സർക്കാർ ഇക്കാലയളവിൽ സമാഹരിച്ചത് 956.90 കോടി (956,90,79,000) രൂപയാണ്. ഇൻഷുറൻസ് കമ്പനിക്ക് ഒരാളിൽനിന്ന് 400 രൂപ വെച്ച് 17 മാസത്തേക്ക് നൽകേണ്ടത് 6800 രൂപ. അപ്പോൾ ആകെ ഇൻഷുറൻസ് കമ്പനിക്ക് അടച്ചത് ഇക്കാലയളവിൽ അടച്ചത് 765.52 കോടി (765,52,63,200) രൂപ.

ജി.എസ്.ടിയായി 17 മാസക്കാലയളവിൽ ഒരാളിൽനിന്ന് ഇൗടാക്കിയത് 1224 രൂപയെന്ന കണക്ക് വെച്ച് ഇക്കാലയളവിൽ സർക്കാറിന്റെ അക്കൗണ്ടിലെത്തിയത് ആകെ 137.94 കോടി. കോർപസ് ഫണ്ടിലേക്ക് പോയത് 53.58 കോടിയും. ഇത്തരത്തിൽ സേവനമേഖലയില്‍നിന്ന് പിന്മാറുന്നതിലൂടെ മെഡിക്കല്‍ റീഇംബേഴ്സ്മെന്റ് സ്കീമിനായി ബജറ്റില്‍ വകയിരുത്തുന്ന തുക ലാഭിച്ചുവെന്ന് മാത്രമല്ല, നികുതിവരുമാനം സർക്കാറിന് അധികനേട്ടമാവുകയാണ്.

മെഡിസെപ് വഴിയുള്ള ക്ലെയിം തുക കുതിച്ചുയർന്ന സാഹചര്യത്തിൽ നിലവിലെ പ്രതിമാസ പ്രീമിയമായ 500 രൂപ 550 ആയി വർധിപ്പിക്കണമെന്ന് കമ്പനി ആവശ്യമുന്നയിച്ചിരുന്നു. പദ്ധതി ഒരു വർഷം പൂർത്തിയായ സാഹചര്യത്തിലായിരുന്നു ഇൗ ആവശ്യം. എന്നാൽ, ഇത് സർക്കാർ അംഗീകരിച്ചില്ല. ഇൻഷുറൻസ് കമ്പനിയുമായി മൂന്ന് വർഷത്തെ കരാറിൽ ഏർ‌പ്പെട്ടിട്ടുള്ളതിനാൽ‌ കരാർപ്രകാരം ഇടക്കാല പ്രീമിയം വർധന നടപ്പാക്കാൻ സർക്കാറിനു നിയമപരമായി ബാധ്യതയില്ല. 2022 ജൂലൈയിൽ ആരംഭിച്ച മെഡിസെപ് പദ്ധതിയിൽ ആദ്യവർഷം 500 കോടി രൂപ ആശുപത്രികൾക്ക് കൈമാറേണ്ടിവരുമെന്നായിരുന്നു ഇൻഷുറൻസ് കമ്പനിയുടെ കണക്കുകൂട്ടൽ. എന്നാൽ, ആദ്യവർഷത്തിൽ 697 കോടി രൂപയാണ് ​െക്ലയിം നൽകേണ്ടിവന്നത്.

 ജീവനക്കാരും പെൻഷൻകാരും ചൂണ്ടിക്കാട്ടുന്ന പ്രധാന പോരായ്മകൾ

1. `ജീവനക്കാര്‍ക്കും പെന്‍ഷന്‍കാര്‍ക്കും ഈ പദ്ധതിയില്‍ ചേരാനോ ചേരാതിരിക്കാനോ ഉള്ള ഓപ്ഷന്‍ സൗകര്യമില്ല.

2. അലോപ്പതി ചികിത്സ മാത്രമേ ഈ പദ്ധതിയില്‍ ഉള്‍പ്പെടുത്തിയിട്ടുള്ളൂ. പ്രായമേറിയവര്‍ ഏറെയും ആശ്രയിക്കുന്ന ആയുര്‍വേദം, ഹോമിയോപ്പതി തുടങ്ങിയ ചികിത്സാ സമ്പ്രദായങ്ങള്‍ സ്വീകരിക്കുന്നവര്‍ക്ക് ചികിത്സാ ആനുകൂല്യം നിഷേധിക്കുന്നു.

3. പ്രധാനപ്പെട്ട ആശുപത്രികളില്‍ ബഹുഭൂരിഭാഗവും ഈ പദ്ധതിയില്‍ പങ്കാളികളല്ല.

4. ബഹുഭൂരിഭാഗം പേര്‍ക്കും ആവശ്യമായി വരുന്ന ഒ.പി ചികിത്സക്ക് മെഡിസെപ് ആനുകൂല്യം ലഭ്യമല്ല. കിടത്തി ചികിത്സക്ക് മാത്രമേ ആനുകൂല്യം ലഭിക്കുകയുള്ളൂ എന്നതിനാല്‍ ബഹുഭൂരിഭാഗം പേര്‍ക്കും അര്‍ഹതപ്പെട്ട ചികിത്സാ ആനുകൂല്യം നിഷേധിക്കപ്പെടുന്നു. (ഹൃദ്രോഗം, പ്രമേഹം, ഗ്ലൂക്കോമ, ഡയാലിസിസ് പോലുള്ളവക്ക് കിടത്തി ചികിത്സയില്ലാതെ തന്നെ ആജീവനാന്തം ചികിത്സ നടത്തേണ്ട സാഹചര്യമുണ്ട്)

5. ഒരു കുടുംബത്തില്‍ ഭാര്യ, ഭര്‍ത്താവ്, മാതാപിതാക്കള്‍, മക്കള്‍ ഇവരില്‍ ജീവനക്കാരോ പെന്‍ഷനറോ ആയിട്ടുള്ളവരുണ്ടെങ്കില്‍ അവരില്‍നിന്നെല്ലാംതന്നെ പ്രതിമാസം 500 രൂപ വീതം പ്രീമിയം വസൂലാക്കുന്നു. പ്രീമിയമായി എത്രതന്നെ തുക അടച്ചാലും ഒരു കുടുംബത്തിന് മൂന്നുലക്ഷം രൂപയുടെ ചികിത്സാ ആനുകൂല്യത്തിനു മാത്രമാണ് അവകാശമുള്ളത്.

6. ഒരു കുടുംബം അടക്കുന്ന പ്രീമിയം തുകക്ക് ആനുപാതികമായ ചികിത്സാ ആനുകൂല്യം ആ കുടുംബത്തിന് ലഭിക്കുന്നില്ല. അതായത്, ഒരാളുടെ പ്രീമിയം തുകക്ക് ലഭിക്കുന്ന മൂന്നുലക്ഷം രൂപയുടെ ചികിത്സാ ആനുകൂല്യത്തിന്റെ കണക്കില്‍ കുടുംബത്തിലെ മൂന്നോ നാലോ പേരില്‍നിന്നും പ്രീമിയം തുക ഇന്‍ഷുറന്‍സ് കമ്പനിക്ക് സൗജന്യമായി ലഭ്യമാക്കിക്കൊടുക്കുന്നു.

7. ജീവനക്കാര്‍ക്ക് അവരുടെ മാതാപിതാക്കളെ ആശ്രിതരായി ഉള്‍പ്പെടുത്താമെങ്കിലും പെന്‍ഷനര്‍ക്ക് അവരുടെ മാതാപിതാക്കളെ ആശ്രിതരായി ഉള്‍പ്പെടുത്താനുള്ള വ്യവസ്ഥയില്ല.

8. ചികിത്സക്ക് വിധേയമാകുന്നതിനു മുമ്പുള്ള 15 ദിവസത്തേക്കും ആശുപത്രിവാസം കഴിഞ്ഞുള്ള 15 ദിവസത്തേക്കുമുള്ള എല്ലാവിധ ആശുപത്രി ചെലവുകളും മെഡിസെപ് പദ്ധതിയുടെ പരിരക്ഷയില്‍ ഉള്‍പ്പെടുന്നുണ്ടെങ്കിലും പലപ്പോഴും ഇത് അംഗീകരിക്കപ്പെടുന്നില്ല.

9. അപകടം എന്നത് വാഹനാപകടം മാത്രമായി പരിമിതപ്പെടുത്തിയിരിക്കുന്നു. അതുകൊണ്ടുതന്നെ മറ്റ് അപകടങ്ങള്‍ക്ക് ചികിത്സാ ആനുകൂല്യം ലഭിക്കുന്നില്ല. (പട്ടികടി, പാമ്പുകടി, തീപ്പൊള്ളല്‍, വീഴ്ചമൂലമുള്ള അംഗഭംഗം എന്നിവ ഒഴിവാക്കപ്പെടുന്നു)

മെഡിസെപ് ഒറ്റനോട്ടത്തിൽ

ആകെ അംഗങ്ങൾ 11,25,774

ജീവനക്കാർ 5,45,108

പെൻഷൻകാർ 5,80,666

ആകെ ഗുണഭോക്താക്കൾ 30,26,382

അംഗങ്ങൾ 11,25,774

ആശ്രിതർ 19,00,608

ഇതിൽ ജീവനക്കാരുെട ആശ്രിതർ ^15,64,355

പെൻഷൻകാരുടെ ആശ്രിതർ ^3,36,253

ജില്ല തിരിച്ചുള്ള വിവരം

തിരുവനന്തപുരം 4,58,582

കൊല്ലം 2,85,011

ആലപ്പുഴ 2,12,813

പത്തനംതിട്ട 1,00,763

കോട്ടയം 2,08,432

ഇടുക്കി 94,094

എറണാകുളം 2,87,577

തൃശൂർ 2,52,474

പാലക്കാട് 2,01,803

മലപ്പുറം 2,48,456

കോഴിക്കോട് 2,89,418

വയനാട് 75,947

കണ്ണൂർ 2,19,868

കാസർകോട് 84,565

News Summary - weekly articles