Begin typing your search above and press return to search.
proflie-avatar
Login

‘രക്തസാക്ഷിത്വങ്ങൾക്കും കുരിശുമരണങ്ങൾക്കും പറ്റാത്ത കാലം’

‘രക്തസാക്ഷിത്വങ്ങൾക്കും   കുരിശുമരണങ്ങൾക്കും   പറ്റാത്ത കാലം’
cancel

കേരളത്തി​ന്റെ സാംസ്​കാരിക രംഗത്ത്​ സവിശേഷമായ സ്​ഥാനമാണ്​ ടി.കെ. രാമചന്ദ്രനുള്ളത്​. അദ്ദേഹത്തി​ന്റെ ജീവിതവും സംഭാവനകളും ചിന്തകളും വേണ്ടപോലെ കേരളം അംഗീകരിച്ചുവോ എന്നും സംശയം. ടി.കെയെപ്പറ്റിയുള്ള ഒാർമകൾ എഴുതുകയാണ്​ ലേഖകൻ.‘‘അനുഭവത്തിന്റെ വിലയെന്താണ്, പാട്ടും പാടി അത് വാങ്ങിക്കൊണ്ടുപോകാൻ ആവുമോ അല്ലെങ്കിൽ ഒരു തെരുവു നൃത്തത്തിന് കൂലിയായി അത് കിട്ടുമോ? ഇല്ല. തന്റേതായ എല്ലാം അതിനു വിലയായി നൽകേണ്ടി വരും തന്റെ വീട്, തന്റെ ഭാര്യ, തന്റെ കുഞ്ഞുങ്ങൾ... വാങ്ങാനാരും വരാത്ത വിജനമായ ചന്തകളിൽ കർഷകർ വ്യർഥമായി ഉഴുതുമറിക്കുന്ന വരണ്ട പാടങ്ങളിൽ ജ്ഞാനം വിൽക്കപ്പെടുന്നു... വില്യം ബ്ലേക്, ‘വാല’...

Your Subscription Supports Independent Journalism

View Plans
കേരളത്തി​ന്റെ സാംസ്​കാരിക രംഗത്ത്​ സവിശേഷമായ സ്​ഥാനമാണ്​ ടി.കെ. രാമചന്ദ്രനുള്ളത്​. അദ്ദേഹത്തി​ന്റെ ജീവിതവും സംഭാവനകളും ചിന്തകളും വേണ്ടപോലെ കേരളം അംഗീകരിച്ചുവോ എന്നും സംശയം. ടി.കെയെപ്പറ്റിയുള്ള ഒാർമകൾ എഴുതുകയാണ്​ ലേഖകൻ.

‘‘അനുഭവത്തിന്റെ വിലയെന്താണ്,

പാട്ടും പാടി അത് വാങ്ങിക്കൊണ്ടുപോകാൻ ആവുമോ അല്ലെങ്കിൽ ഒരു തെരുവു നൃത്തത്തിന് കൂലിയായി അത് കിട്ടുമോ?

ഇല്ല.

തന്റേതായ എല്ലാം അതിനു വിലയായി

നൽകേണ്ടി വരും

തന്റെ വീട്, തന്റെ ഭാര്യ, തന്റെ കുഞ്ഞുങ്ങൾ...

വാങ്ങാനാരും വരാത്ത വിജനമായ ചന്തകളിൽ

കർഷകർ വ്യർഥമായി ഉഴുതുമറിക്കുന്ന വരണ്ട പാടങ്ങളിൽ

ജ്ഞാനം വിൽക്കപ്പെടുന്നു...

വില്യം ബ്ലേക്, ‘വാല’ (ടി.കെ. രാമചന്ദ്രന്റെ പരിഭാഷ)

ടി.കെ. രാമചന്ദ്രൻ ആത്മകഥ എഴുതിയിട്ടില്ല. സ്വന്തം ആത്മകഥ അതിസൂക്ഷ്മമായി സംക്ഷേപിക്കാൻകൂടിയാണ് വില്യം ബ്ലേക്കിന്റെ ‘വാല’ ഈ വരികൾ ടി.കെ പരിഭാഷപ്പെടുത്തിയത് എന്ന് തോന്നിയിട്ടുണ്ട്. ബ്ലേക് ആയിരുന്നു ടി.കെയുടെ ഗവേഷണ വിഷയം. സ്വന്തം ജീവിതകാലത്ത് (1757-1827) ഭ്രാന്തനായി മുദ്രകുത്തപ്പെട്ട്, തമസ്കരിക്കപ്പെട്ട കവിയും ചിത്രകാരനുമായ ബ്ലേക്കിനെ പിൽക്കാല നിരൂപകർ എക്കാലത്തെയും മഹാനായ കവികളിലൊരാളായി വീണ്ടെടുക്കുകയായിരുന്നു. ബ്ലേക്കിന്റെ കവിതകളും തത്ത്വചിന്തകളും വഴിഞ്ഞൊഴുകുമായിരുന്നു ടി.കെ സംസാരിക്കുമ്പോൾ. താൻ കവിത എഴുതാതിരുന്നതുതന്നെ തനിക്ക് എഴുതേണ്ടതെല്ലാം ബ്ലേക്ക് എന്നോ എഴുതിക്കഴിഞ്ഞതുകൊണ്ടാണ് എന്നതുപോലെ.

1981ലാണ് ടി.കെയുടെ നേതൃത്വത്തിൽ എറണാകുളം കേന്ദ്രീകരിച്ച് നിള പബ്ലിഷേഴ്സ് എൻ.എസ്. മാധവന്റെ ‘ചൂളൈമേട്ടിലെ ശവങ്ങൾ’ എന്ന കഥാസമാഹാരം ചിന്ത രവീന്ദ്രന്റെ ആമുഖപഠനത്തോടെ പുറത്തിറക്കുന്നത്. അതേ വർഷംതന്നെ നിസാർ അഹമ്മദിന്റെ ചലച്ചിത്രപഠനത്തോടെ ‘യാഥാർഥ്യത്തിന്റെ നാലു മുഖങ്ങൾ’ ഇറങ്ങി. ‘ജ്ഞാനസിദ്ധാന്തപരമായ വിച്ഛേദനം’ എന്നൊക്കെ വിശദീകരിക്കാവുന്ന വിധം അക്കാലത്ത് കഥയിലും സിനിമയിലും അട്ടിമറികൾ സൃഷ്ടിച്ച രണ്ടു കൃതികളായിരുന്നു അത്. വിസ്തൃതിയിൽനിന്നും എൻ.എസ്. മാധവൻ പൊടുന്നനെ ഒരു കഥാനക്ഷത്രമായി ഉദിച്ചുയർന്നു. ചലച്ചിത്രചിന്തയിൽ നിസാർ അഹമ്മദ് മുൻ മാതൃകകളെ അടിമുടി നിരാകരിച്ചു. ആ ചിന്താവിപ്ലവത്തിന്റെ ശക്തികേന്ദ്രമായിരുന്നു ടി.കെ.

ടി.കെയുടെ ആത്മമിത്രമായിരുന്ന എൻ.എസ്. മാധവൻ പിൽക്കാലത്ത് ‘ഹിഗ്വിറ്റ’ സൃഷ്ടിച്ച വിപ്ലവം പ്രശസ്തമാണ്. എന്നാൽ, അതിന് വഴിയൊരുക്കിയ ‘ചൂളൈമേട്ടിലെ ശവങ്ങൾ’ ഭാഷയിലേക്ക് കൊളുത്തിട്ടത് ടി.കെയുടെ ആ രചനകളിലുള്ള ആത്മവിശ്വാസമായിരുന്നു. എൻ.എസ്. മാധവൻ ആ സ്നേഹം മറന്നില്ല. 2008ൽ ടി.കെ ലോകത്തോട് വിടപറഞ്ഞെങ്കിലും ഓരോ വർഷവും ടി.കെയുടെ ഓർമദിനം സ്വന്തം ഉത്തരവാദിത്തം പോലെ മാധവേട്ടന്റെ മുൻകൈയിൽ നടത്തിപ്പോരുന്നുണ്ട്. വർഷത്തിൽ ഒരു വാട്സ്ആപ് സന്ദേശമാണ് മാധവേട്ടൻ അയക്കുക: അത് ജൂലൈ 21ന് ടി.കെയുടെ ഓർമദിനത്തിന് വരാൻ ഓർമപ്പെടുത്താനാണ്. അല്ലെങ്കിലും അത് മറക്കാറില്ല.

 

കുന്നത്തൂർ രാധാകൃഷ്ണന്റെ പുസ്തകം മധുമാഷിന്​ നൽകി കെ. വേണു പ്രകാശനംചെയ്യുന്നു

മലയാളത്തിലെ ചലച്ചിത്ര ചിന്തയുടെ ചരിത്രത്തിൽ സിനിക്, കോഴിക്കോടൻ, നാദിർഷ തുടങ്ങിയ ആദ്യകാല നിരൂപകരുടെ പാതയിൽനിന്നു വേറിട്ട് ചിന്തയുടെ പുതിയവഴി വെട്ടിത്തുറന്ന ആദ്യ പുസ്തകമാണ് ‘യാഥാർഥ്യത്തിന്റെ നാലു മുഖങ്ങൾ’. കെ.പി. കുമാരന്റെ ‘അതിഥി’, പവിത്രന്റ ‘യാരോ ഒരാൾ’, ജി. അരവിന്ദന്റെ ‘എസ്തപ്പാൻ’, രവീന്ദ്രന്റെ ‘ഇനിയും മരിച്ചിട്ടില്ലാത്ത നമ്മൾ’ എന്നീ തിരക്കഥകളും ആ സിനിമകളെക്കുറിച്ച് പ്രത്യേകമായും മലയാള സിനിമയെക്കുറിച്ച് പൊതുവിലും നിസാർ അഹമ്മദ് നടത്തിയ വിശദമായ പഠനവുമാണ് പുസ്തകത്തിന്റെ ഉള്ളടക്കം. റൊളാങ് ബാർത്തും ചിഹ്നവിജ്ഞാനീയവും ചലച്ചിത്ര ചിന്തയിൽ ഇടപെട്ട കാലമായിരുന്നു അത്. പ്രേംനസീറും ദേവസ്സിക്കുട്ടിയും രവീന്ദ്രനും ബാലചന്ദ്രൻ ചുള്ളിക്കാടുമൊക്കെ ടി.കെയുടെ ‘നിള’ ടീമിലുണ്ടായിരുന്നു.

തത്ത്വചിന്താ ലോകത്തെ ഇതിഹാസങ്ങളായ സോക്രട്ടീസ്, കാന്റ്, ഹെഗൽ എന്നൊക്കെ വ്യവഹരിക്കുന്ന രീതിയിൽ മലയാളിയുടെ ചിന്താ പാരമ്പര്യത്തിലെ ഒരു അപൂർവ ചിന്താ സാന്നിധ്യമാണ് നിസാർ അഹമ്മദ് എന്ന തത്ത്വചിന്തകൻ. ‘സെൽഫ് മാർക്കറ്റിങ്’ പൂജ്യം ആയ ഒരാൾ. കേൾക്കുന്നവർക്ക് ഇടപെടാൻ മതിയായ ഇടം അനുവദിക്കുന്ന വിധം, സാവധാനം ചിന്തകളുടെ പറച്ചിലാണ് നിസാറിന്റെ ഒരു രീതി. ആര് ചോദിക്കുന്ന സംശയങ്ങൾക്കും അതീവ ഗൗരവത്തോടെ മറുപടി നൽകുകയും ചെയ്യും.

അറിയാത്തവ അറിയില്ല എന്നുതന്നെ പറയും. 1977-78 കാലത്ത് തന്നെ മാനാഞ്ചിറക്ക് ചുറ്റുമുള്ള എന്റെ സൗഹൃദങ്ങളിൽ സേതു വഴിയാണ് നിസാറും രാധാകൃഷ്ണനുമൊക്കെ ഭാഗഭാക്കാവുന്നത്. സംഭാഷണം എവിടെ നിർത്തിയോ എത്ര കാലം കഴിഞ്ഞു കണ്ടാലും അവിടെനിന്നുതന്നെ പുനരാരംഭിക്കാൻ നിസാറിന് കഴിയുമായിരുന്നു. ഞങ്ങൾ ആക്ടിവിസത്തിലേക്ക് തിരിഞ്ഞ കാലത്തും നിസാറും രാധാകൃഷ്ണനും വിട്ടുവീഴ്ചയില്ലാതെ ചിന്തയുടെ പാതയിൽ യാത്ര തുടർന്നു.

നിസാറിന്റെ ‘ഒരു സാമൂഹിക കാഴ്ചപ്പാടിൽനിന്ന്’ എന്ന ആദ്യ പുസ്തകം ഗ്രന്ഥകർത്താവിന്റെ പേര് രേഖപ്പെടുത്താതെ പുറത്തിറങ്ങിയ മലയാളത്തിലെ ആദ്യത്തെയും അവസാനത്തെയും പുസ്തകമായിരിക്കും. ഡോ. ബ്രഹ്മപുത്രന്റെ മുൻകൈയിലാണ് ആ പുസ്തകം പുറത്തിറങ്ങിയത്. നിസാറിന്റെ സുഹൃത്തുക്കളോടുള്ള പറച്ചിലുകളുടെ സമാഹാരമാണത്. നിസാർകൂടി ഭാഗഭാക്കായ കോഴിക്കോട് പൂവാട്ട്പറമ്പ് കേന്ദ്രമായുള്ള തത്ത്വചിന്ത സ്കൂൾ ആയ ‘ഇൻസ്റ്റിറ്റ്യൂട്ട് ഫോർ സോഷ്യൽ ആൻഡ് ഇക്കോളജിക്കൽ സ്റ്റഡീസ്’ ആണ് പ്രസാധകർ. 2012ലായിരുന്നു അത്. അപ്പോൾ ടി.കെയില്ല.

സ്റ്റേറ്റ് ബാങ്കിൽ ഓഫിസറായിരുന്ന ടി.കെ അത് വിട്ട് കാലിക്കറ്റ് യൂനിവേഴ്സിറ്റിയിൽ ഗവേഷകനായെത്തുന്നത് അടിയന്തരാവസ്ഥക്കാലത്താണ്. അനന്തകൃഷ്ണൻ, ചിന്ത രവീന്ദ്രൻ, സേതു, നിസാർ അഹമ്മദ്, രാധാകൃഷ്ണൻ, ടി.കെ എന്നിവരൊക്കെ ചേർന്ന ‘കൾചറൽ ജിംനേഷ്യം’ എന്ന കോഴിക്കോടൻ തത്ത്വചിന്താ സ്കൂൾ ആ ഇരുണ്ടകാലത്തെ ചിന്താ കൂട്ടായ്മയാണ്.

ചെലവൂർ വേണു ഏട്ടൻ അന്നേ ഒരു ഒറ്റയാൾ പ്രസ്ഥാനമാണ്. കോഴിക്കോടിന്റെ സ്വന്തം ഫിലിം സൊസൈറ്റിയായ ‘അശ്വിനി’ ഫിലിം സൊസൈറ്റി മുതൽ പലതരക്കാർ ഒത്തുകൂടുന്ന ഇടമായിരുന്നു ‘സൈക്കോ’. അത് മെംബർഷിപ് എടുത്ത് ചേരുന്ന പ്രസ്ഥാനമൊന്നുമല്ല. കോഴിക്കോട്ടെത്തുന്ന ഏതുതരം ബുദ്ധിജീവികൾക്കും അഭയമായി മാറുന്ന ഒരു സ്വയംനിർമിത പൊതു ഇടമാണ്. 1977ലാണ് കെ.സി. നാരായണൻ കോഴിക്കോട്ടെത്തുന്നത്.

 

നിസാർ അഹമ്മദ്​, കുന്നത്തൂർ രാധാകൃഷ്​ണൻ, ടി.കെ. രാമചന്ദ്രൻ എന്നിവരുടെ പുസ്​തകങ്ങൾ

കോഴിക്കോട്ടെത്തിയതിന്റെ പിറ്റേന്നുതന്നെ ‘സൈക്കോ’യുടെ ഭാഗമായിരുന്നതായി കെ.സി ഓർക്കുന്നുണ്ട്. പിൽക്കാലത്ത് മാധ്യമരംഗത്ത് തരംഗം സൃഷ്ടിച്ച ശശികുമാർ മുതൽ മന്ത്രിയായിരുന്ന എ. സുജനപാൽ വരെ ആ പ്രസ്ഥാനത്തിന്റെ ഭാഗമാണ്. ആ കാലത്തിന്റെ തുടർചലനങ്ങൾ ചിന്ത രവീന്ദ്രന്റെ ‘ഇനിയും മരിച്ചിട്ടില്ലാത്ത നമ്മൾ’ (1980) എന്ന സിനിമയിൽ കാണാം. അതിന്റെ പ്രിന്റ് ഇന്ന് അവശേഷിക്കുന്നില്ലെങ്കിലും ‘യാഥാർഥ്യത്തിന്റെ നാലു മുഖങ്ങളി’ൽ അത് വായിക്കാം.

മാനാഞ്ചിറ മൈതാനത്തെ ടാഗോർ പാർക്കിൽ പാർക്ക് റസ്റ്റാറന്റ് ഉള്ള കാലമാണത്. ചർച്ചകളുടെ താവളമായിരുന്നു അത്. അക്കാലത്ത് ഒരു തെരുവുനാടകം ‘കൾചറൽ ജിംനേഷ്യ’ത്തിൽ അവതരിപ്പിച്ച് തള്ളപ്പെട്ടതിന്റെ ഓർമ ടി.പി. യാക്കൂബിനുണ്ട്. പിന്നീട് അതേ യാക്കൂബ് തന്നെയാണ് ഗൂഡല്ലൂരിലെ ലൂയിസ് എന്ന കുടിയേറ്റ കർഷകന്റെ ആത്മാഹുതിയെ തുടർന്ന് മലയാളത്തിൽ ആദ്യമായി ഒരു തെരുവുനാടകമെഴുതി ചരിത്രം സൃഷ്ടിക്കുന്നത്. അക്കാലത്തെ യാക്കൂബാണ് പി.എ. ബക്കറിന്റെ ‘സംഘഗാന’ത്തിന്റെ ക്ലൈമാക്സിൽ മധു മാസ്റ്റർക്കൊപ്പം മുദ്രാവാക്യം വിളിച്ച് നീങ്ങുന്നത്.

‘മാതൃഭൂമി ആഴ്ചപ്പതിപ്പി’ന്റെ എഡിറ്റോറിയൽ ബോർഡിലെ പ്രധാനിയായിരുന്ന ജി.എൻ. പിള്ളയായിരുന്നു അക്കാലത്തെ കോഴിക്കോടൻ തത്ത്വചിന്തയുടെ വേറിട്ടൊരു സ്കൂൾ. പിള്ള സാറിനെ കേൾക്കാൻ അദ്ദേഹത്തിന്റെ വീട്ടിൽ ഞാനും പലതവണ പോയിട്ടുണ്ട്. മൃഗാശുപത്രിക്ക് എതിർവശത്തുള്ള വഴിയിൽ ‘മാതൃഭൂമി’ യിലെ ആദ്യകാല മാധ്യമപ്രവർത്തകയും എഴുത്തുകാരിയുമായ വി. പാറുക്കുട്ടിയമ്മയോടൊപ്പം അവരുടെ വീട്ടിലായിരുന്നു ജി.എൻ. പിള്ളയുടെ താമസം. 1981-82 കാലത്തെപ്പോഴോ ആണ് ഞാനവിടെ ആദ്യം പോകുന്നത്. ചൂളൈമേട്ടിലെ ശവങ്ങളോ, യാഥാർഥ്യത്തിന്റെ നാലു മുഖങ്ങളോ അച്ചടിച്ച് എത്തിയ സമയത്തായിരുന്നു എന്നാണോർമ. കാലിക്കറ്റ് യൂനിവേഴ്സിറ്റി ഇംഗ്ലീഷ് ഡിപ്പാർട്മെന്റിൽ ടി.കെ. രാമചന്ദ്രനും രാമചന്ദ്രൻ മൊകേരിയും ഗവേഷകരായുണ്ട്.

എഴുത്തുകാരൻ പി.കെ. നിർമൽകുമാറിന്റെ അനുജൻ അരുൺ എന്നു വിളിക്കുന്ന വേണുഗോപാൽ ഫിലോസഫി ഡിപ്പാർട്മെന്റിലും ശിവദാസനും പ്രദീപും മലയാളം ഡിപ്പാർട്മെന്റിലുമുണ്ട്. എന്റെ ‘സർവകലാശാല’കളുടെ പട്ടികയിൽ മെഡിക്കൽ കോളജിലേക്കും ആർ.ഇ.സിയിലേക്കുമുള്ള യാത്രകൾക്കൊപ്പം കാലിക്കറ്റ് യൂനിവേഴ്സിറ്റിയും വന്നുചേരുന്നത് ഇക്കാലത്താണ്. ‘ഉത്തര’വും ഗ്രാംഷി ഇൻസ്റ്റിറ്റ്യൂട്ടും ബോധി ബുക്സും എല്ലാം ചേർന്ന് സൈദ്ധാന്തിക പ്രയോഗത്തിന്റെ പാതയിൽ ലയിച്ചുചേർന്ന കാലമായിരുന്നു അത്.

കോഴിക്കോട്ടുനിന്നും പുറപ്പെട്ടാൽ കാലിക്കറ്റ് യൂനിവേഴ്സിറ്റി, കൊടുങ്ങല്ലൂർ ടി.എൻ. ജോയിയുടെ സൂര്യകാന്തി, ഇരിങ്ങാലക്കുടയിൽ സച്ചിദാനന്ദന്റെ ‘ബോധി’, എറണാകുളത്ത് ടി.കെയുടെ വീട്, ആലപ്പുഴ ചിങ്ങോലിയിൽ ഗ്രാംഷി ഇൻസ്റ്റിറ്റ്യൂട്ട് ആയി മാറിയ മൈത്രേയന്റെ ‘ആശ്രമം’ എന്നിങ്ങനെയൊരു റൂട്ട്മാപ്പായിരുന്നു കുറേക്കാലം. ആ യാത്രകളിലാണ് ടി.കെ എന്റെ മാർഗദർശിയായി മാറുന്നത്. 1983 ഒക്ടോബറിൽ ‘സൊസൈറ്റി’ ആഭിമുഖ്യത്തിൽ പുറത്തിറങ്ങിയ നിളയുടെ ‘കലാവിമർശം –മാനദണ്ഡം’ എഡിറ്റർ ചിന്ത രവീന്ദ്രൻ ആയിരുന്നുവെങ്കിലും അതിന്റെ ഓരോ പേജിലും ടി.കെയുടെ സ്പർശം കാണാം.

 

നിസാർ അഹമ്മദും എം.എൻ. കാരശ്ശേരിയും ഒരു പൊതുവേദിയിൽ

പറഞ്ഞു തുടങ്ങിയാൽ ടി.കെ നിർത്തില്ല. മറ്റൊരു തടസ്സവുമില്ലെങ്കിൽ അത് പുലരുംവരെ നീളും. വായിച്ച പുസ്തകങ്ങളെക്കുറിച്ചും പിന്നിട്ട ചരിത്രസന്ദർഭങ്ങളെക്കുറിച്ചും അസാധാരണമായ ഓർമയാണ് ടി.കെക്ക്. ചിങ്ങോലിയിലെ ഗ്രാംഷി ഇൻസ്റ്റിറ്റ്യൂട്ട് കാലത്ത് മീറ്റിങ്ങുകൾ കഴിഞ്ഞാൽ പിന്നെ കുറേ ശൂന്യവേളകളുണ്ടാകും. മുമ്പേ പറന്ന പക്ഷികൾ അനുഭവങ്ങളുടെ കെട്ടഴിക്കുന്ന സമയമാണത്. ചിങ്ങോലി ഗ്രാംഷി ഇൻസ്റ്റിറ്റ്യൂട്ട് കാലത്തെ സ്കൂളിങ് എന്നത് ആ അനുഭവങ്ങൾകൂടി ചേർന്നതാണ്.

അടിയന്തരാവസ്ഥക്കാലത്ത് ടോർച്ചർ നേരിട്ടപ്പോൾ സാർവദേശീയ ഗാനത്തിന്റെ ഈണത്തിലല്ലാതെ കരഞ്ഞ ടി.എൻ. ജോയിയും പൊലീസിന്റെ നിതാന്ത പിന്തുടരലുകളിൽനിന്നും രക്ഷപ്പെട്ട് നാടുവിട്ട് കൽക്കത്തയിലെത്തിയപ്പോൾ അവിടെ ശവങ്ങൾ ഒഴുകിനടക്കുന്ന ഹൂഗ്ലി നദിക്ക് സാക്ഷിയായി നിന്ന ടി.കെ. രാമചന്ദ്രനും ശ്രീനാരായണ ഗുരുകുലത്തിൽനിന്നും ഗുരു നിത്യചൈതന്യ യതിയുമായുള്ള ഏറ്റുമുട്ടലുകൾ പിന്നിട്ട് പുറത്തെത്തിയ മൈത്രേയനുമൊക്കെ കണ്ടിട്ടില്ലാത്ത കാലത്തിന്റെ ചുരുളുകളാണ് മുന്നിൽ അഴിച്ചുവെച്ചത്.

രാഷ്ട്രീയമായി വിട്ടുവീഴ്ചയില്ലാത്ത കടുംപിടിത്തക്കാരനായ ടി.കെയാണ് മിക്കവാറും സുഹൃത്തുക്കളുടെ ഓർമയിലുണ്ടാവുക. എറണാകുളം നഗരമധ്യത്തിൽ വൈ.ഡബ്ല്യൂ.സി.എയോട് ചേർന്ന് റോഡരികിലായിരുന്നു ടി.കെയുടെ തറവാട് വീട്. നഗരത്തിലെ സുന്ദരിമാരുടെ മുഴുവൻ നോട്ടങ്ങളും അവഗണിച്ച് ഒരു ‘ക്രോണിക് ബാച്ലറാ’യുള്ള ടി.കെയുടെ മുനിയെപ്പോലുള്ള അന്നത്തെ ചിന്താജീവിതം സുഹൃത്തുക്കളുടെ കളിയാക്കലുകൾക്ക് വിധേയമാകാറുണ്ട്.

അപ്പോൾ നാണം കുണുങ്ങുന്ന ടി.കെയുടെ മൃദുലമായ മുഖം ഓർമയിലുണ്ട്. ടി.കെയുടെ അമ്മയും അച്ഛനും ഒരു കൊച്ചുകുട്ടിയെ പോലെയായിരുന്നു ടി.കെയെ പരിപാലിക്കാറ്. കടുംപിടിത്തക്കാരനായ ആ തത്ത്വചിന്തകൻ അവർക്കു മുന്നിൽ ഒരു ശാഠ്യക്കാരനായ ഒരു കുട്ടിയെപ്പോലെ പെരുമാറുന്നത് കാണാൻ രസമുള്ള കാഴ്ചയായിരുന്നു. ടി.കെയുടെ സുഹൃത്തുക്കൾക്കും ആ വീട്ടിൽ തുല്യപരിഗണന കിട്ടിയിരുന്നു.

 

കുന്നത്തൂർ രാധാകൃഷ്ണൻ

പിൽക്കാലത്ത് ടി.കെയുടെ ശിഷ്യയും ജീവിതപങ്കാളിയുമായി മാറിയ ജെ. ഗീത അന്ന് കോഴിക്കോട്ടെത്തിയിട്ടില്ല. കോഴിക്കോടൻ സൗഹൃദമാണ് ഗീതയെ ടി.കെയുടെ അടുത്തെത്തിക്കുന്നത്. ഗീതയുടെ കാമുകനായ ടി.കെയെ പിന്നീട് കണ്ടു. അത് മറ്റൊരു ടി.കെ ആയിരുന്നു. ടി.കെ നല്ല സ്റ്റൈലിൽ വസ്ത്രം ധരിക്കാനും മുടി ചീകിയൊതുക്കി ഫുൾക്കൈ ഷർട്ടുമിട്ട് ടിപ്ടോപ്പിൽ കല്യാണച്ചെക്കനായി നിന്നത് ഒരു കാഴ്ചതന്നെയായിരുന്നു. ടി.കെക്ക് കീഴിൽ ഗവേഷകയായി എത്തിയ ഗീത പിന്നെ ജീവിതപങ്കാളിയായി മാറി.

1986ൽ കാലിക്കറ്റ് യൂനിവേഴ്സിറ്റി ഇംഗ്ലീഷ് ഡിപ്പാർട്മെന്റിൽ അധ്യാപകനായി എത്തിയതോടെ ടി.കെയുടെ ജീവിതത്തിലെ അവസാനത്തെ കോഴി​േക്കാടൻ അധ്യായമായി. ചാലപ്പുറത്തെ ഒരു ഫ്ലാറ്റിലേക്കായിരുന്നു ഗീതയും ടി.കെയും ഒന്നിച്ചുള്ള വരവ്. ടി.കെ പിന്നീട് കോഴിക്കോട് ക്രിസ്ത്യൻ കോളജിനടുത്തുള്ള സ്കൈലൈൻ ഫ്ലാറ്റിലേക്കെത്തി. അവിടന്നാണ് ഗീതയുമായി പിരിയുന്നത്. ഗീത പിന്നീട് ഇംഗ്ലണ്ടിലേക്ക് പോയി. സെക്കുലർ കൾചറും ചിന്തകളുമൊക്കെയായി ടി.കെ കോഴിക്കോട്ടുകാർക്കൊപ്പം പിന്നെയും നിന്നു; 2008ൽ വിടപറയും വരെ.

ടി.കെയുടെ സ്കൈലൈൻ കോഴിക്കോട്ടെ സെക്കുലർ കലക്ടിവ് പ്രസ്ഥാനത്തിന്റെ ആസ്ഥാനമായിരുന്നു. ഗ്രാംഷി ഇൻസ്റ്റിറ്റ്യൂട്ട് കാലത്ത് എത്തിച്ചേർന്ന ഇടതുപക്ഷ ഐക്യത്തിൽ ഊന്നിനിന്നുകൊണ്ട് സംഘ്പരിവാർ മുന്നേറ്റങ്ങൾക്ക് എതിരെ പ്രതിരോധം ചമക്കുക എന്ന നയം ടി.കെ മുന്നോട്ടു കൊണ്ടുപോവുകയായിരുന്നു. അതിൽ ഇടതുപക്ഷ അപചയങ്ങൾക്ക് എതിരായ പോരാട്ടങ്ങൾ പരസ്യമായി നടത്തുന്നത് ടി.കെ മാറ്റിവെച്ചു.

കാരണം, പ്രധാനം സംഘ്പരിവാർ ഭീഷണിയാണ് എന്ന കർക്കശ നിലപാടായിരുന്നു ടി.കെക്ക്. ‘സൊസൈറ്റി’യുടെ അവസാനകാലത്ത് അതിന്റെ പതനത്തിലേക്ക് നയിച്ച ഭിന്നതകൾ അതിനെ ചൊല്ലിത്തന്നെയായിരുന്നു. അങ്ങനെ സൈദ്ധാന്തികമായ ഏറ്റുമുട്ടലുകളുടെ ബാക്കിപത്രമെന്ന നിലക്ക് ഇടക്കിടെ ടി.കെയുമായി വലിയ ഗ്യാപ് ഉണ്ടാകാറുണ്ട്. അത് പിന്നെ ഏതെങ്കിലും ഒരു പൊതുപരിപാടിയുടെ മുഹൂർത്തത്തിൽ അലിഞ്ഞു പോവുകയാണ് പതിവ്.

ഒരു ഇടവേള കഴിഞ്ഞ് സ്കൈലൈൻ ഫ്ലാറ്റിലെത്തി സംസാരിച്ചുകൊണ്ടിരിക്കുമ്പോൾ ടി.കെയുടെ, വായിച്ചുകൊണ്ടിരുന്ന പുസ്തകം ഏതെന്ന് എടുത്തുനോക്കിയപ്പോൾ അതിൽനിന്ന് ഒരു പഴയ കടലാസ് നിലത്തു വീണു. തലക്കെട്ടില്ലാത്ത ഒരു കവിത. അസ്വാസ്ഥ്യമുണ്ടാക്കുന്ന ഒന്നായിരുന്നു അത്. ഞാനിത് കൊണ്ടുപോയി ‘മാതൃഭൂമി ആഴ്ചപ്പതിപ്പി’ന് കൊടുക്കട്ടെ എന്ന് ചോദിച്ചപ്പോൾ ‘‘ആർക്കുവേണമെങ്കിലും കൊടുത്തോ, ഇങ്ങോട്ടു തിരിച്ചു കൊണ്ടുവരാതിരുന്നാൽ മതി’’ എന്നു പറഞ്ഞ് ചിരിച്ചു.

അക്കാലത്ത് ടി.കെ മുഖ്യധാരക്ക് പ്രിയങ്കരനേ ആയിരുന്നില്ല. ടി.കെയുടെ ‘മാതൃഭൂമി’യും ‘മനോരമ’യും അടക്കമുള്ള ‘മ’ പ്രസിദ്ധീകരണങ്ങളോടുള്ള വിമർശനം വിഖ്യാതവുമായിരുന്നു. ‘മാതൃഭൂമി ആഴ്ചപ്പതിപ്പി’​ന്റെ അന്നത്തെ ചുമതലക്കാരൻ ആ കവിത കുറേക്കാലം വെച്ചിരുന്നശേഷം അത് എന്നെത്തന്നെ തിരിച്ചേൽപിച്ചു. ടി.കെ അത് തിരിച്ചുവാങ്ങിയില്ല.

‘‘ഞാൻ അന്നേ പറഞ്ഞിരുന്നല്ലോ അത് തിരിച്ചുകൊണ്ടുവരരുത് എന്ന്. ഇനി നീ വച്ചോ’’ എന്നുപറഞ്ഞ് ആ തിരസ്കാരം പ്രതീക്ഷിച്ചിരുന്നതുപോലെ ചിരിച്ചു. ഞാനത് ടി.കെയുടെ ഓർമക്ക് സൂക്ഷിച്ചു. പത്രാധിപരില്ലാത്ത ഫേസ്ബുക്ക് കാലം പിറന്നിരുന്നില്ല, പിറക്കുന്നതിന് തൊട്ടുമുമ്പാകണം അത്.

 

വി​ല്യം ബ്ലേ​ക്

ടി.കെ ആമുഖപഠനമെഴുതിയ ‘അതേ കഥയുടെ പുനരാഖ്യാനം’ എന്ന പുസ്തകം എഴുത്തുകാരനും ആക്ടിവിസ്റ്റുമായ കുന്നത്തൂർ രാധാകൃഷ്ണനാണ് എഡിറ്റ് ചെയ്തത്. അടിയന്തരാവസ്ഥ പ്രമേയമായി ചെയ്ത മലയാളത്തിലെ അപൂർവ കഥാസമാഹാരമാണിത്. അടിയന്തരാവസ്ഥക്കാലത്ത് നമ്മുടെ കഥാകൃത്തുക്കൾ ഉറങ്ങുകയായിരുന്നില്ല എന്നതിന്റെ സാക്ഷ്യംകൂടിയാണത്. ടി.കെയുടെ രാഷ്ട്രീയ സൗന്ദര്യശാസ്ത്ര നിലപാടുകളുടെ ഒരപൂർവ രേഖയാണ് ആ ആമുഖം.

1983ലെ ‘കലാവിമർശം -മാർക്സിസ്റ്റ് മാനദണ്ഡം’ എന്ന ഗ്രന്ഥത്തിലെ സാംസ്കാരിക കുറിപ്പുകളുടെ തുടർച്ചയായി അതിനെ വായിക്കാം. കോവിലൻ, പട്ടത്തുവിള കരുണാകരന്‍, ഒ.വി. വിജയൻ, എം. സുകുമാരൻ, യു.പി. ജയരാജ്, ജോൺ എബ്രഹാം, സി.ആർ. പരമേശ്വരൻ, പി.കെ. നാണു, എൻ.എസ്. മാധവൻ, വി.ആർ. സുധീഷ്, പി. സുരേന്ദ്രൻ, എ. സഹദേവൻ, പി.കെ. പാറക്കടവ് എന്നീ എഴുത്തുകാരുടെ കഥകളാണ് പഠനത്തിനെടുക്കുന്നത്.

മുഖ്യധാരാ മാധ്യമങ്ങളിൽനിന്നും, അവിടെ നിരന്തരം എഴുതിക്കൊണ്ടേയിരിക്കുന്ന സാഹിത്യനിരൂപകരുടെയും വഴികളിൽനിന്നും ഒരു വിടുതലായിരുന്നു ‘ഉദയം കാണാനായി ഉറക്കമൊഴിച്ചവരുടെ ശേഷിപ്പുകൾ’ എന്ന പഠനം. 2001 ഫെബ്രുവരിയിലാണ് പുസ്തകം ഇറങ്ങിയതെങ്കിലും വർഷങ്ങൾ നീണ്ട അധ്വാനവും കാത്തിരിപ്പും ആ പുസ്തകത്തിന്റെ പിറവിക്ക് പിന്നിലുണ്ട്. കുന്നത്തൂർ രാധാകൃഷ്ണൻ അത് ഓർക്കുന്നു:

‘‘എ. സോമനായിരുന്നു പുസ്തകത്തിന് പഠനം എഴുതേണ്ടിയിരുന്നത്. മുന്നൊരുക്കങ്ങൾ ചെയ്തുകഴിഞ്ഞിട്ടും പ്രസാധകനെ കിട്ടിയില്ല. ഒടുവിൽ കലാം വെള്ളിമാടിന്റെ ടി.വി ബുക്സിനെ അതേൽപിച്ചു. അവരപ്പോൾ പുസ്തകമൊന്നും പുറത്തിറക്കിയിട്ടില്ല. പ്രഥമഗ്രന്ഥം പുറത്തിറക്കുന്നതിന്റെ പ്രാരംഭമായി കവർ അടിച്ചു. വിൻസെന്റ് വാൻഗോഗിന്റെ ‘ഉരുളക്കിഴങ്ങ് തിന്നുന്നവർ’ (The Potato Eaters) എന്ന പെയിന്റിങ് കവർചിത്രമാക്കി.

പോൾ കല്ലാനോടിന്റേതായിരുന്നൂ കവർ വിഷ്വലൈസേഷൻ. പക്ഷേ, പുസ്തകം അച്ചടിമഷി പുരളാതെ നീണ്ടുപോയി. വർഷങ്ങളോളം ആ പദ്ധതി ശീതസംഭരണിയിലായെന്ന് പറയുന്നതായിരിക്കും ഉചിതം. സാമ്പത്തികപ്രശ്നം പ്രധാനകാരണമായിരുന്നു. എ. സോമന്റെ പഠനവും അനിശ്ചിതമായി നീണ്ടു. പുസ്തകത്തിന്റെ കവർ പൊടിപിടിച്ചു കിടന്നു. കാലം കുറെ കഴിഞ്ഞപ്പോൾ പുസ്തകം പുറത്തിറങ്ങില്ലെന്നുതന്നെ ഞാനുറപ്പിച്ചു.

അതിനിടെ, സോമൻ രോഗബാധിതനായി. ആർ.സി.സിയിലെ കീമോചികിത്സമൂലം ശബ്ദം നഷ്ടമായി. കടലാസിൽ എഴുതിക്കൊണ്ടായിരുന്നു പിന്നീട് അദ്ദേഹത്തിന്റെ ആശയവിനിമയം. കഥകൾക്ക് പഠനം തയാറാക്കാനുള്ള മാനസികാവസ്ഥയിലായിരുന്നില്ല സോമൻ. പഠനം മറ്റാരെയെങ്കിലും ഏൽപിക്കാൻ അദ്ദേഹം ആവശ്യപ്പെട്ടു. ആരെ ഏൽപിക്കും എന്നായി ചിന്ത. ഡോ. ടി.കെ. രാമചന്ദ്രന്‍ ആയാലോ എന്നായി ഞാൻ. സോമനും അതിനോട് യോജിച്ചു. പഠനം തയാറാക്കാൻ ടി.കെ സമ്മതിച്ചു.

പക്ഷേ, പഠനമെഴുത്ത് നീണ്ടുപോയി. മാസങ്ങൾക്കുശേഷമാണ് ടി.കെ എഴുത്ത് ആരംഭിച്ചതുതന്നെ. ഞാൻ മിക്ക ദിവസവും അവധിയെടുത്ത് ടി.കെയുടെ കോഴിക്കോട് ഫാത്തിമ ആശുപത്രിക്ക് പിറകിലെ ഫ്ലാറ്റിൽ ചെല്ലും. ടി.കെ ചെയിൻസ്മോക്കറാണ്. അതിനാൽ വിൽസ് സിഗരറ്റിന്റെ രണ്ടു പാക്കറ്റുമായിട്ടാണ് പോവുക. അങ്ങനെ അനേകം ദിവസങ്ങൾ. അക്കാലത്ത് ടി.കെ ദീർഘനാൾ അവധിയിലായിരുന്നു. അങ്ങനെ മാസങ്ങൾക്കുശേഷം പഠനം തയാറായി.’’

കമ്പോള താൽപര്യങ്ങൾ തൊട്ടുതീണ്ടാത്ത ചിന്തയുടെ സൗന്ദര്യം മലയാളത്തിൽ അത്ര പതിവുള്ളതല്ല. വിട്ടുവീഴ്ചയില്ലാത്ത മാർക്സിസ്റ്റ് രാഷ്ട്രീയ ചരിത്രജ്ഞാനംകൊണ്ട് മലയാളിയുടെ സർഗാത്മക ആവിഷ്കാരങ്ങളെ പഠനവിധേയമാക്കുന്ന ആ അവതാരിക ഒരു ചരിത്രരേഖയാണ്. കാലിക്കറ്റ് പ്രസ് ക്ലബിലായിരുന്നു പ്രകാശനച്ചടങ്ങ്. കെ. വേണു മധു മാഷിന് ആദ്യപ്രതി നൽകിയായിരുന്നു പ്രകാശനം. പി.എൻ. ദാസ്, പോൾ കല്ലാനോട്, എൻ.പി. ചെക്കുട്ടി എന്നിവർക്കൊപ്പം ടി.കെയും ചടങ്ങിൽ പങ്കെടുത്തു.

എന്റെ ഓർമയിൽ കെ. വേണുവുമായി ടി.കെ ഒന്നിച്ചിരിക്കുന്ന അപൂർവ ചടങ്ങാണത്. വേണു നേതാവായ സി.പി.ഐ.എം.എല്ലിന്റെ രാഷ്ട്രീയത്തോട് പൂർണ വിയോജിപ്പായിരുന്നു ടി.കെക്ക്. ജനകീയ സാംസ്കാരിക വേദിയുമായും ടി.കെ സഹകരിച്ചിരുന്നില്ല. എന്നാൽ, ഇടതുപക്ഷ പ്രസ്ഥാനത്തോട്, വിശേഷിച്ചും പഴയ സോഷ്യലിസ്റ്റ് പാർട്ടി, സി.പി.ഐ, സി.പി.എം, സി.പി.ഐ. എം.എൽ ഗ്രൂപ്പുകളിലെ പ്രവർത്തകരുമായി ടി.കെ എന്നും സംവാദത്തിൽ ഏർപ്പെട്ടുപോന്നിരുന്നു.

സൈദ്ധാന്തിക പ്രയോഗമായിരുന്നു എന്നും ടി.കെയുടെ തട്ടകം. അടിയന്തരാവസ്ഥക്കുശേഷമുള്ള രാജ്യത്തിന്റെ അവസ്ഥയെക്കുറിച്ച്, വരാനിരിക്കുന്ന ആസുരകാലത്തെക്കുറിച്ച് വലിയ മുന്നറിയിപ്പുകൾ നൽകിയ ഏറ്റവും പ്രധാനപ്പെട്ട ചിന്തകനാണ് ടി.കെ. ആരും കണക്കിലെടുക്കുകപോലും ചെയ്യാതിരുന്ന കാലത്ത് സംഘ്പരിവാറി​ന്റെ അധികാരത്തിലേക്കുള്ള വരവ് ടി.കെ സ്വന്തം നിരീക്ഷണങ്ങളെയും പഠനങ്ങളെയും ആസ്പദമാക്കി കൃത്യമായി നിരീക്ഷിച്ചിരുന്നു. അതൊരാശങ്കയായി കൊണ്ടുനടന്നിരുന്നു. 1977ൽ അധികാരത്തിൽ വന്ന ജനതാ പാർട്ടി സർക്കാറിൽ ജനസംഘത്തെ കയറ്റിയത് ഇന്ത്യൻ രാഷ്ട്രീയത്തിലെ ഏറ്റവും വലിയ വീഴ്ചയായി ടി.കെ കരുതിപ്പോന്നിരുന്നു.

ടി.എൻ. ജോയിയുടെ (നജ്​മൽ ബാബു) രണ്ട്​ ഫേസ്​ബുക്ക്​ പോസ്​റ്റുകൾ

 സംഘ്പരിവാർ ഇന്ത്യൻ രാഷ്ട്രീയത്തെ ‘ഹാക്ക്’ ചെയ്യുന്നതിന് അത് വഴിയൊരുക്കിയതായി ടി.കെ നിരീക്ഷിച്ചിരുന്നു. അക്കാര്യത്തിൽ തെലങ്കാന സമര നായകനും സി.പി.എം ജനറൽ സെക്രട്ടറിയുമായിരുന്ന പി. സുന്ദരയ്യയുടെ ലൈൻ ആയിരുന്നു ടി.കെക്ക് എന്ന് പിന്നീടാണ് മനസ്സിലായത്. സുന്ദരയ്യയുടെ രാജിയിൽ കലാശിച്ച സി.പി.എമ്മിലെ ഉൾപ്പാർട്ടി സമരം ആ പാർട്ടിയുടെ വഴിത്തിരിവിൽ ഒരു നാഴികക്കല്ലായി ടി.കെ കരുതി.

1977ലെ ജനത സർക്കാറിന്റെ മുതൽക്കേ സംഘ്പരിവാറിന്റെ ഇന്ത്യൻ രാഷ്ട്രശരീരത്തിലേക്കുള്ള ഓരോ കടന്നുകയറ്റങ്ങളെയും ‘‘പുലി വരുന്നേ പുലി വരുന്നേ’’ എന്ന് നിരന്തരം മുന്നറിയിപ്പ് നൽകിയ കാലത്തിനുമുമ്പേ സഞ്ചരിച്ച കഥയിലെ ‘‘കുട്ടി’’യായിരുന്നു ടി.കെ. സംഘ്പരിവാറിന് ഇന്ത്യൻ രാഷ്ട്രീയത്തെ കീഴടക്കാനാകുമെന്ന് അക്കാലത്ത് ടി.കെയുടെ സുഹൃത്തുക്കളാരും വിശ്വസിച്ചിരുന്നതേയില്ല. ടി.കെ എന്താണ് പറയുന്നത്, അങ്ങനെ സംഘ്പരിവാറിന് ഇന്ത്യൻ രാഷ്ട്രീയത്തെ വിഴുങ്ങാനാവുമോ എന്ന സംശയം ഞാനൊരിക്കൽ നിസാർ അഹമ്മദുമായി പങ്കുവെച്ചത് ഓർക്കുന്നു.

നിസാറും ടി.കെയുടെ വാദം തള്ളിക്കളഞ്ഞു. ഇന്ത്യൻ ജനാധിപത്യ സംസ്കാരത്തിന് എന്തിനെയും സ്വാംശീകരിക്കാനുള്ള കഴിവുണ്ടെന്നും അതുകൊണ്ടാണ് ഇന്ദിര ഗാന്ധിയുടെ അടിയന്തരാവസ്ഥക്കുപോലും അധികകാലം പിടിച്ചുനിൽക്കാനാവാതെ പോയത് എന്നുമായിരുന്നു നിസാറിന്റെ അന്നത്തെ വിശദീകരണം. 1992 ഡിസംബറിൽ ബാബരി മസ്ജിദ് പൊളിച്ച സംഘ് പരിവാർ മുന്നേറ്റം ആ ധാരണ തെറ്റായിരുന്നു എന്ന് തിരുത്തി. 1996ൽ വാജ്പേയ് സർക്കാർ അധികാരത്തിൽ വന്നതോടെ രാഷ്ട്രചരിത്രം തന്നെ മറ്റൊരു വഴിത്തിരിവിലെത്തുകയും ചെയ്തു. ആ പതനം ദീർഘദർശനം ചെയ്ത ആദ്യ തത്ത്വചിന്തകനായിരുന്നു ടി.കെ.

പത്രങ്ങളിലെ കളർ പ്രിന്റിങ് എങ്ങനെ ക്ഷേത്ര പുനരുദ്ധാരണത്തിനും അതുവഴി ഹിന്ദു റിവൈവലിസത്തിനും നിമിത്തമായി എന്ന ടി.കെയുടെ നിരീക്ഷണം കൃത്യമായിരുന്നു. പത്രത്തിന്റെ ‘ഇന്നത്തെ പരിപാടി’യിൽ പൊതുപരിപാടികൾ കുറഞ്ഞുവരുന്നതും ക്ഷേത്ര ഉത്സവങ്ങളും കൊടിയേറ്റങ്ങളും അമ്പലങ്ങളിലെ പ്രഭാഷണ മഹോത്സവങ്ങളും കൈയടക്കിവരുന്നതും വിവാഹ പരസ്യങ്ങൾ എങ്ങനെ ജാതിവിവേചനങ്ങളെ പൂർവാധികം ശക്തമായി അരക്കിട്ടുറപ്പിക്കുന്നു എന്നതും നിരീക്ഷിക്കാൻ പത്രങ്ങളിൽ പണിയെടുക്കുന്ന സുഹൃത്തുക്കളോട് ടി.കെ ആവശ്യപ്പെടാറുണ്ടായിരുന്നു. നിത്യപരിചയംകൊണ്ട് പത്രത്തിനുള്ളിൽ പണിയെടുക്കുമ്പോൾ സ്വാഭാവികം എന്ന് കരുതി കാണാതെ പോകുന്ന കാര്യങ്ങൾ ടി.കെ എല്ലായ്പോഴും ഓർമപ്പെടുത്തുമായിരുന്നു.

2003ൽ ഞാൻ ‘ചിത്രഭൂമി’യുടെ ചുമതലയിലേക്ക് വന്നപ്പോൾ ഞാനതിൽ ‘നോയ്സ്’ എന്ന പേരിൽ അവസാന പേജിൽ ഒരു പംക്തി തുടങ്ങി. ‘ചിത്രഭൂമി’യുടെ മെയിലിങ് ലിസ്റ്റിൽ പെടുത്തി ടി.കെക്ക് കോപ്പി പതിവായി അയച്ചുകൊടുത്തിരുന്നു. ‘കലാവിമർശം മാർക്സിസ്റ്റ് മാനദണ്ഡത്തി’ലെ ടി.കെയുടെ സാംസ്കാരിക കുറിപ്പുകളായിരുന്നു ‘നോയ്സി’ന്റെ ഒരു മാതൃക. അതിൽ പലതും വായിച്ച് തന്റെ ഉൾക്കാഴ്ചകൾ ടി.കെ പങ്കുവെച്ചിട്ടുണ്ട്. അത് ‘നോയ്സി’ന് വെളിച്ചമാവുകയും ചെയ്തിട്ടുണ്ട്.

2006ലാണ് ടി.കെയുടെ ‘കാഴ്ചയുടെ കോയ്മ’ എന്ന സാംസ്കാരിക വിമർശനക്കുറിപ്പുകൾ മാതൃഭൂമി ബുക്സ് പുസ്തകമായി ഇറക്കുന്നത്. ‘മാതൃഭൂമി ബുക്സ്’ അപ്പോഴേക്കും ചലച്ചിത്ര ചിന്തകനും എഴുത്തുകാരനുമായ ഒ.കെ. ജോണിയുടെ നേതൃത്വത്തിൽ പുതിയ ഭാവുകത്വ പരീക്ഷണങ്ങൾ നടത്തിവരുന്ന കാലമാണ്. ‘മാതൃഭൂമി’യുടെ മാർക്കറ്റിങ് റിസർച്ചിന്റെ ചുമതല ഡി. സുധീറിനായിരുന്നു. സുധീർ ടി.കെയുടെ ഉറ്റ സുഹൃത്തും ടി.കെയുടെ ‘സ്കൈലൈൻ’ സ്കൂളിലെ സന്തതസഹചാരിയും സെക്കുലർ കലക്ടിവിന്റെ പ്രധാന സംഘാടകനുമായിരുന്നു.

 

ടി.എൻ.​ േജായി (നജ്​മൽ ബാബു) ഒര​ു പൊതുസമ്മേളനത്തിൽ 

ജോണിയും സുധീറുമായുള്ള സൗഹൃദമാണ് ‘കാഴ്ചയുടെ കോയ്മ’ എന്ന പുസ്തകം ‘മാതൃഭൂമി ബുക്സി’ന് പ്രസിദ്ധീകരിക്കാൻ ടി.കെ അനുവാദം നൽകാൻ കാരണമായി വരുന്നത്. അതൊരു മഞ്ഞുരുകൽ കാലമായിരുന്നു. അതികഠിനമായ ആ സ്കൈലൈൻ കാല ഏകാന്തതയും ആ മഞ്ഞുരുക്കത്തിന് വഴിയൊരുക്കി. ടി.കെ അപ്പോഴേ തന്റെ കരൾരോഗവുമായി പോരാടി തുടങ്ങിയിരുന്നോ എന്നറിയില്ല.

അധികം വൈകാതെ ടി.കെയുടെ രോഗവിവരം സുഹൃത്തുക്കളറിഞ്ഞു തുടങ്ങി. ടി.കെ അതൊന്നും ശ്രദ്ധിക്കാതെ പതിവ് മദ്യപാന സദസ്സുകളിൽ ലയിച്ച് കടന്നുപോവുകയാണെന്നും കേട്ടു. സേതു ഏട്ടനും ഞാനും കൂടി സ്കൈലൈനിൽ എത്തിയപ്പോൾ ടി.കെ പതിവുപോലെ ഉഷാറാണ്. അടുക്കുംചിട്ടയുമില്ലാതെ ചിതറിക്കിടക്കുന്ന പുസ്തകക്കൂമ്പാരങ്ങൾക്കു നടുവിലെ ചാരു കസേരയിൽ ‘ഒന്നുമില്ല’ എന്ന മട്ടിൽ ഇരിക്കുകയാണ്. ലോക വികാരങ്ങൾക്കുശേഷം ‘‘പിന്നെ കരളിനെന്തെങ്കിലും വന്നാൽ തന്നെ ആർക്കും ഒന്നും ചെയ്യാനില്ലെന്ന’’ ചിരിയിലേക്ക് ലയിച്ചില്ലാതാകുന്ന തന്നോട് തന്നെയുള്ള പറച്ചിലിൽ നീണ്ട മൗനം.

2008 എനിക്കും ഒരു ‘ബോധശൂന്യ’ വർഷമായിരുന്നു. ആ വർഷത്തെ പലതും പിന്നീടാണ് ഞാൻ എന്തായിരുന്നു എന്ന് തിരിച്ചറിഞ്ഞത്. ‘നായിക’ എന്ന ദീദി എഴുതിയ തിരക്കഥ ഷൂട്ടിങ്ങിന് ദിവസങ്ങൾക്ക് മുമ്പ് ‘ഹിന്ദി’യിലേക്ക് എന്ന് പറഞ്ഞ് പൂട്ടിവെച്ച് പകരം അവളുടെതന്നെ ‘ഗുൽമോഹർ’ സംവിധായകൻ ഷൂട്ടിങ് തുടങ്ങുന്നത് അപ്പോഴാണ്. സിനിമ തിരക്കഥയിൽനിന്നും വഴുതിമാറുന്നത് കണ്ടുനിന്നതിന്റെ തുടർച്ചയിൽ അതിന്റെ ഫസ്റ്റ് കട്ടും ദീദിയുടെ ‘അർബുദം’ എന്ന മെഡിക്കൽ റിപ്പോർട്ട് പുറത്തുവരുന്നതും ഒരേ ദിവസമാണ്. മെഡിക്കൽ റിപ്പോർട്ട് കണ്ട് അവൾ കരഞ്ഞില്ല. എന്നാൽ, ഗുൽമോഹറിന്റെ ഫസ്റ്റ് കട്ട് കണ്ട് അവൾ ജയരാജിനോട് പറഞ്ഞു: ‘‘ഞാൻ രണ്ടു മക്കളെയാണ് പ്രസവിച്ചത്. അതിൽ ഒരാളെ നിങ്ങൾ കൊണ്ടുപോയി കൊന്നു’’ എന്ന്.

ടി.കെയുടെ മരണവാർത്ത വരുന്നത് ആ ചുഴിയിലേക്കെപ്പോഴോ ആണ്. അന്നതെന്റെ തലയിൽ കയറിയത് പോലുമില്ല. ടി.കെയുടെ കോഴിക്കോട് വിട്ടുപോകലും ഫ്ലാറ്റൊഴിയലും ഒക്കെ അതിനിടയിലാണ് സംഭവിക്കുന്നത്. പിന്നെപ്പിന്നെ ടി.കെ വിട്ടിട്ടുപോയ ശൂന്യത പതുക്കെ ഓർമയിൽ കത്തിപ്പടർന്നു. അപ്പോഴേക്കും ഒന്നും ബാക്കിയില്ലായിരുന്നു.

പിന്നെ എപ്പോഴോ എന്റെ കടലാസുകൂനകൾക്കിടയിൽനിന്നും ടി.കെയുടെ തലക്കെട്ടില്ലാത്ത കവിത വീണ്ടും കൈയിൽ വന്നു. അത് ഫേസ്ബുക്കിൽ പങ്കുവെച്ചപ്പോൾ സുഹൃത്ത് ബാലചന്ദ്രൻ ചുള്ളിക്കാട് വിളിച്ചു. പണ്ട് യൂനിവേഴ്സിറ്റിക്കാലത്ത് 1975ലോ മറ്റോ അത് യൂനിവേഴ്സിറ്റി മാഗസിനിൽ അച്ചടിച്ചിട്ടുണ്ട് എന്ന്. അടിയന്തരാവസ്ഥയുടെ ഓർമ അതിലുണ്ട് എന്ന്. ഞാനത് ഓർത്തുവെച്ചു. 2021 ൽ ‘പാതാളക്കരണ്ടി’ എഴുതി പൂർത്തിയാക്കിയപ്പോൾ ‘അന്ത്യസന്ദേശം’ എന്ന തലക്കെട്ടിട്ട് ഞാനത് എന്റെ നോവലിന്റെ ഭാഗമാക്കി ചേർത്തു.

‘‘ഇത് രക്തസാക്ഷിത്വങ്ങൾക്കും

കുരിശുമരണങ്ങൾക്കും

പറ്റാത്ത കാലം

കണ്ണുകളിൽ പടരുന്ന തിമിരത്തിന്റെ

വെളുത്ത പാടയായി,

രക്തപരിശോധനാ റിപ്പോർട്ടിലെ

വർധിച്ചുവരുന്ന പഞ്ചസാരയുടെ കണക്കായി

കാൽമുട്ടുകളിൽ പടർന്നു കയറുന്ന

വാതത്തിന്റെ മരവിപ്പായി,

ധമനികളിൽ അടിഞ്ഞുകൂടുന്ന

കൊഴുപ്പായി

അല്ലെങ്കിൽ, പെട്ടെന്നൊരു നാളിൽ,

തൊണ്ടയിൽ കത്തിരിപ്പൂട്ട് മുറുക്കുന്ന

അർബുദത്തിന്റെ ആസുര കോശങ്ങളായി മാത്രം

മരണം കടന്നുവരുന്ന കാലം.

ആവേശം രക്തസമ്മർദമായും

ആസക്തി അശ്ലീലമായും മാറുമ്പോൾ

വിപ്ലവസ്വപ്നങ്ങൾക്ക്

ഉന്മാദത്തിന്റെ ഛായ കൈവരുന്നത്

സ്വാഭാവികം മാത്രം.’’

മുന്നറിയിപ്പുകൾ പകർന്നു തന്ന ഒരായുസ്സിനോടുള്ള കടപ്പാടിന്റെ സ്പർശമായി, ടി.കെക്ക് ഓർമകൊണ്ട് ഒരന്ത്യകർമം നടത്തുന്നതുപോലെ ഞാനത് ‘പാതാള’ത്തിലേക്ക് ഒഴുക്കിവിട്ടു.

(തുടരും)

News Summary - weekly articles