Begin typing your search above and press return to search.
proflie-avatar
Login

കേരളത്തിൽ ഇക്കുറിയും ബി.ജെ.പിക്ക് ഒന്നും പ്രതീക്ഷിക്കാനില്ല

കേരളത്തിൽ ഇക്കുറിയും   ബി.ജെ.പിക്ക് ഒന്നും പ്രതീക്ഷിക്കാനില്ല
cancel

നരേ​​ന്ദ്ര മോദിയും സംഘ്​പരിവാർ നേതാക്കളും ലക്ഷ്യമിടുന്നത്​ കേരളത്തെയും ദക്ഷിണ ഇന്ത്യയെയുമാണ്​. കേരളത്തിൽ ബി.ജെ.പിയും ചില മാധ്യമങ്ങളും പ്രചരിപ്പിക്കുന്നതുപോലെ ​നേട്ടങ്ങൾ ഒന്നും കരസ്​ഥമാക്കാനാവില്ലെന്ന്​ മാധ്യമപ്രവർത്തകനായ ലേഖകൻ എഴുതുന്നു. അതിന്​ കാരണങ്ങളും അദ്ദേഹം വ്യക്തമാക്കുന്നു. വരാൻ പോകുന്ന ലോക്സഭയിൽ രാജീവ് ചന്ദ്രശേഖറിന്റെ സാന്നിധ്യം നരേന്ദ്ര മോദിക്കും പാർട്ടിക്കും അങ്ങേയറ്റം അനിവാര്യമായിരുന്നെങ്കിൽ അദ്ദേഹത്തെ മത്സരിപ്പിക്കേണ്ടിയിരുന്നത് ജനിച്ചുവളർന്ന അഹ്മദാബാദിലോ പിന്നീട് വ്യവസായ-രാഷ്ട്രീയ മുന്നേറ്റങ്ങൾ ഉണ്ടാക്കിയ ബംഗളൂരുവിലോ ആയിരുന്നില്ലേ എന്ന ചോദ്യമാണ്...

Your Subscription Supports Independent Journalism

View Plans
നരേ​​ന്ദ്ര മോദിയും സംഘ്​പരിവാർ നേതാക്കളും ലക്ഷ്യമിടുന്നത്​ കേരളത്തെയും ദക്ഷിണ ഇന്ത്യയെയുമാണ്​. കേരളത്തിൽ ബി.ജെ.പിയും ചില മാധ്യമങ്ങളും പ്രചരിപ്പിക്കുന്നതുപോലെ ​നേട്ടങ്ങൾ ഒന്നും കരസ്​ഥമാക്കാനാവില്ലെന്ന്​ മാധ്യമപ്രവർത്തകനായ ലേഖകൻ എഴുതുന്നു. അതിന്​ കാരണങ്ങളും അദ്ദേഹം വ്യക്തമാക്കുന്നു. 

വരാൻ പോകുന്ന ലോക്സഭയിൽ രാജീവ് ചന്ദ്രശേഖറിന്റെ സാന്നിധ്യം നരേന്ദ്ര മോദിക്കും പാർട്ടിക്കും അങ്ങേയറ്റം അനിവാര്യമായിരുന്നെങ്കിൽ അദ്ദേഹത്തെ മത്സരിപ്പിക്കേണ്ടിയിരുന്നത് ജനിച്ചുവളർന്ന അഹ്മദാബാദിലോ പിന്നീട് വ്യവസായ-രാഷ്ട്രീയ മുന്നേറ്റങ്ങൾ ഉണ്ടാക്കിയ ബംഗളൂരുവിലോ ആയിരുന്നില്ലേ എന്ന ചോദ്യമാണ് അൽപം വൈകിയാണെങ്കിലും കേരള തലസ്ഥാനത്തെ ബി.ജെ.പിയുടെ അണിയറകളിൽനിന്നുയരുന്നത്.

അദ്ദേഹത്തിന്റെ മാതാപിതാക്കൾ തൃശൂരിൽനിന്നുള്ളവരായിരുന്നതിനാൽ അവിടെയോ ഭാര്യയുടെ കുടുംബത്തിന്റെ വേരുകളുള്ള കണ്ണൂരിലോ മത്സരിപ്പിച്ചിരുന്നെങ്കിൽ അതിലും ഒരു സാംഗത്യം ഉണ്ടായിരുന്നു. ജയിച്ചില്ലെങ്കിലും സ്ഥാനാർഥിത്വത്തിന് ചില നീതീകരണങ്ങൾ ഉണ്ടായേനെ. എന്നാൽ, തെരഞ്ഞെടുപ്പ് അതിന്റെ വീറും വാശിയും കൈവരിക്കുന്ന ഇപ്പോഴത്തെ അവസ്ഥയിൽ തിരുവനന്തപുരംപോലെ രാജീവിന് തീർത്തും അപരിചിതമായ ഒരു രാഷ്ട്രീയ ഭൂമിശാസ്ത്രത്തിൽ അദ്ദേഹം തളച്ചിടപ്പെടുകയും അവിടത്തെ സങ്കീർണ സാമൂഹിക-രാഷ്ട്രീയ വെല്ലുവിളികൾക്കു മുന്നിൽ പതറിപ്പോവുകയും ചെയ്യുന്ന കാഴ്ചയാണ് ഇപ്പോൾ ഉയർന്നുവരുന്നത്.

വാസ്തവത്തിൽ ഇത് രാജീവിന്റെ മാത്രം അവസ്ഥയല്ല. വലിയ ആരവമുണ്ടാക്കിയും കൊട്ടിഗ്ഘോഷിക്കലുകളോടുകൂടിയും ബി.ജെ.പി ഉയർത്തിക്കൊണ്ടുവന്ന അനിൽ ആന്റണിയും സുരേഷ് ഗോപിയും നേരിടുന്ന പ്രതിസന്ധിയും മറ്റൊന്നല്ല. വി. മുരളീധരനും ശോഭാ സുരേന്ദ്രനും കെ. സുരേന്ദ്രനും എം.ടി. രമേശിനെയും പോലുള്ള പഴയ യുവമോർച്ചക്കാർക്ക് തോൽവി ഒരു പ്രശ്നമല്ല. തോൽക്കാനായി മത്സരിച്ചുകൊണ്ടേയിരുന്ന ഒരു തലമുറയുടെ പൈതൃകം അവർ ഏറ്റുവാങ്ങിയിട്ടുണ്ട്.

തെരഞ്ഞെടുപ്പിന്റെ വീറും വാശിയും മുറുകുമ്പോൾ സംസ്ഥാനവ്യാപകമായി പഴയ ജനസംഘത്തിൽനിന്നും പരിണാമമെടുത്ത പരമ്പരാഗത ബി.ജെ.പിക്കാരെ മുഴുവൻ ബാധിച്ചുകൊണ്ടിരിക്കുന്നത് ഒരു സി.കെ. പത്മനാഭൻ സിൻഡ്രമാണ്. ഇന്നലെ വരെ വെള്ളം കോരിയവരും വിറകുവെട്ടിയവരും പുറത്തുനിർത്തപ്പെടുന്നു. പുറമെനിന്നു വന്ന ഭാഗ്യാന്വേഷികൾ സീറ്റുകളും അവസരങ്ങളും കവർന്നെടുക്കുന്നു. നേരേ ചൊവ്വേ സംസാരിക്കാനോ പാർട്ടിയുടെ രാഷ്ട്രീയം ജനങ്ങളോട് വ്യക്തമാക്കാനോ ആശയ സംവാദങ്ങളിൽ പങ്കെടുക്കാനോ ഒന്നും കഴിവില്ലാത്തവരാണ് ഇപ്പോൾ ഇങ്ങനെ വന്നെത്തിയിരിക്കുന്നത്.

പത്മജയും പി.സി. ജോർജും ഷോൺ ജോർജും അടക്കമുള്ള പുത്തൻകൂറ്റുകാർ ഒരുതരത്തിലുമുള്ള രാഷ്ട്രീയ സംവേദനം ജനങ്ങളുമായി സാധ്യമാക്കുന്നില്ല എന്നതാണ് ബി.ജെ.പി കേരളത്തിൽ നേരിടുന്ന വെല്ലുവിളി. സമാനമായ അവസ്ഥ കർണാടകയിലും തെലങ്കാനയിലും രാജസ്ഥാനിലും മാത്രമല്ല, ഗുജറാത്തിൽപോലും പാർട്ടി നേരിടുന്നുമുണ്ട്. താഴെ തട്ടിൽനിന്നുള്ള അഭിപ്രായങ്ങൾ തേടാതെ തീരുമാനങ്ങൾ മോദിയും അമിത് ഷായും എടുക്കുകയും അവ മുകളിൽനിന്ന് അടിച്ചേൽപിക്കുകയും ചെയ്യുന്നതിനെതിരെ വ്യാപകമായ അസംതൃപ്തി ഇപ്പോൾ പാർട്ടിയിൽ രൂപപ്പെടുന്നുണ്ട്. പത്മജയെ മുൻനിർത്തി സി.കെ. പത്മനാഭൻ അത് കേരളത്തിൽ വ്യക്തമാക്കിയപ്പോൾ അണികൾക്ക് അവരുടെ സംശയങ്ങളും ആശങ്കകളും ഒന്നുകൂടി ഉറപ്പിക്കാൻ അത് സഹായകമാവുകയും ചെയ്‌തു.

കേരളത്തിലെ ബി.ജെ.പിയുടെ തെരഞ്ഞെടുപ്പ് ചിത്രം നോക്കുക. തീവ്ര വലതുപക്ഷത്ത് നിൽക്കുന്ന മുഖ്യധാരാ മാധ്യമങ്ങളും ബി.ജെ.പിയുടെ സോഷ്യൽ മീഡിയയിലെ കൂലിപ്പോരാളികളും അല്ലാതെ മറ്റാരാണ്‌ രാജീവിനെയും അനിലിനെയും സുരേഷ് ഗോപിയെയും ആഘോഷിക്കുന്നത്. വി. മുരളീധരനും കെ. സുരേന്ദ്രനും പോലും കഴിഞ്ഞ നിയമസഭാ-ലോക്സഭാ തെരഞ്ഞെടുപ്പുകളുടെ കാലത്ത് ലഭിച്ച പൊതുശ്രദ്ധ ഇപ്പോൾ കിട്ടുന്നില്ല. ലവ് ജിഹാദ് പോലുള്ള നുണപ്രചാരണങ്ങൾപോലും നിലനിന്നുപോകുന്നത് ഇടുക്കി കത്തോലിക്കാ രൂപതയിലെ സാമൂഹിക സൗഹാർദത്തിൽ വിശ്വസിക്കാത്ത ചില വൈദികരുടെ ഇടപെടലുകൾകൊണ്ട് മാത്രമാണ്.

വീണ്ടും രാജീവിലേക്ക് വരുക. കഴിഞ്ഞ ചില ദിവസങ്ങളായി അദ്ദേഹവുമായി ബന്ധപ്പെട്ട ചില രസകരമായ വിഡിയോകൾ സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്നുണ്ട്. അവയിലൊന്നിൽ അദ്ദേഹംതന്നെ വിവരിക്കുന്നത് തിരുവനന്തപുരത്തെ ഒരു മത്സ്യബന്ധന ഗ്രാമത്തിൽ പോയപ്പോൾ ചായ നൽകി സ്വീകരിച്ച ചില മുതിർന്ന സ്ത്രീകൾ മോനെ ഞങ്ങളുടെ പള്ളികൾ പൊളിക്കരുതെന്ന് പറഞ്ഞുവെന്നാണ്. ബി.ജെ.പി പള്ളി പൊളിക്കുന്നവരുടെ പാർട്ടിയാണ് എന്നവർ പറഞ്ഞതായും അദ്ദേഹം സൂചിപ്പിക്കുന്നുണ്ട്.

മറ്റൊരു വിഡിയോയിൽ കാണുന്നത് വിഴിഞ്ഞം തുറമുഖം ഉണ്ടാക്കുന്ന പാരിസ്ഥിതികവും അതിജീവനപരവുമായ വെല്ലുവിളികളെ സംബന്ധിച്ച് വോട്ടർമാർ ഉയർത്തിയ ചോദ്യങ്ങളോട് അദ്ദേഹം അസഹിഷ്ണുതാപരമായി പ്രതികരിക്കുന്നതും അജണ്ടക്ക് പുറത്തുള്ള ചോദ്യങ്ങൾ ചോദിക്കുന്നത് വിലക്കുന്നതുമാണ്.

തിരുവനന്തപുരത്തിന്റെ തീരദേശങ്ങളിൽ അശാന്തി കത്തിനിൽക്കാൻ തുടങ്ങിയിട്ട് വർഷങ്ങളായി. കോർപറേറ്റ് അത്യാർത്തി ഒരു വലിയ തീരത്തെ മൊത്തത്തിൽ വിഴുങ്ങുന്നതിൽ ബി.ജെ.പിക്ക് ഒപ്പംതന്നെ കോൺഗ്രസിനും ഇടതുപക്ഷത്തിനും ഉത്തരവാദിത്തമുണ്ടെങ്കിലും അത്തരം വിഷയങ്ങളിലുള്ള ചോദ്യങ്ങൾ കേൾക്കാൻപോലുമുള്ള മനസ്സ് ബി.ജെ.പി സ്ഥാനാർഥി കാണിക്കുന്നില്ല എന്നതോർക്കണം.

മണ്ഡലത്തിലെ ഒട്ടുമിക്ക ബി.ജെ.പി അനുകൂലികളും ഇപ്പോൾ രാജീവിനെ താരതമ്യംചെയ്യുന്നത് വ്യക്തിഗതമായി സഹിഷ്ണുതയും ഔന്നത്യവും പുലർത്തിയിരുന്ന ഒ. രാജഗോപാലിനോടും കുമ്മനം രാജശേഖരനോടുമാണ്. എന്നാൽ, അവരിൽ ആരുടെയും ഏഴയലത്തുപോലും എത്താൻ രാജീവിനാകുന്നില്ല എന്ന് അണികൾ വ്യാപകമായി പറയുന്നു. ഈ അസ്വസ്ഥത സമീപ മണ്ഡലങ്ങളിലേക്കും പടരുന്ന ഒരവസ്ഥകൂടിയുണ്ട്. ഒരു കാര്യത്തിൽ രാജീവ് കണിശമായി പ്രധാനമന്ത്രി നരേന്ദ്ര മോദിയെ പിന്തുടരുന്നുണ്ട് എന്നാണ് ഇപ്പോൾ പൊതുവായ വിലയിരുത്തൽ.

അദ്ദേഹത്തിന്റേതായി ഒരു ചാനലിൽ വന്ന അഭിമുഖത്തിൽ രാജീവ് പറയുന്നത് താൻ ഇന്റൽ എന്ന വലിയ ഐ.ടി കമ്പനിയിൽ ജോലിയെടുക്കുമ്പോൾ അവിടെ കഴിവിന് മാത്രമായിരുന്നു പ്രാധാന്യം എന്നും വലുപ്പച്ചെറുപ്പമൊന്നും ജീവനക്കാർക്കിടയിൽ ഇല്ലായിരുന്നുവെന്നുമാണ്. അവിടത്തെ കഫറ്റേരിയയിൽ ബിൽഗേറ്റ്സിനെയും സ്റ്റീവ് ജോബ്സിനെയും ഒക്കെ സ്ഥിരമായി താൻ കാണുമായിരുന്നു എന്നും അദ്ദേഹം പറഞ്ഞുവെച്ചു.

സ്റ്റീവ് ജോബ്സും ബിൽഗേറ്റ്സും ജീവിതത്തിലൊരിക്കലും ഇന്റലിൽ ജോലി ചെയ്തിട്ടില്ല എന്നാണ് ഇടതുപക്ഷ സോഷ്യൽ മീഡിയ വിദഗ്ധനായ ദീപക് ശങ്കരനാരായണൻ എഴുതുന്നത്. രണ്ടുപേരും ചിപ്പ് ഡിസൈനിൽ പണിയെടുത്തിട്ടില്ല എന്നും ദീപക് പറയുന്നു. ‘‘ചിപ്പ് ഡിസൈൻ പോയിട്ട് രണ്ടുപേരും ജന്മത്ത് ഹാർഡ്‌വെയർ എൻജിനീയറിങ് ഡിസൈൻ തന്നെ ചെയ്തിട്ടില്ല, അതായിരുന്നില്ല അവരുടെ പ്രവർത്തനമേഖല.

അങ്ങേര് നെപ്പോളിയനെയും അലക്സാണ്ടറെയും ന്യൂട്ടനെയും ആൽബർട്ട് ഐൻസ്റ്റൈനെയും യേശു ക്രിസ്തുവിനെയും ഇന്റലിന്റെ കഫറ്റേരിയയിൽ കാണാതിരുന്നത് മലയാളികളുടെ ഭാഗ്യം ഒന്നുകൊണ്ടുമാത്രമാണ്!’’, ദീപക്കിന്റെ ഫേസ്‌ബുക്ക് കുറിപ്പ് പറയുന്നു. ഒട്ടും ആധികാരികതയില്ലാത്ത അവകാശവാദങ്ങൾ മോദിയും നടത്താറുണ്ട് എന്നതുകൊണ്ടാണ് പലരും അവിടെ ഇവർക്കിടയിൽ ഒരു പൊരുത്തം കാണുന്നത്. പണംകൊണ്ടുമാത്രം ഒരു തെരഞ്ഞെടുപ്പ് വിജയിക്കാനാകുമെങ്കിൽ ബി.ജെ.പി കേരളത്തിൽ ജയിക്കേണ്ടിയിരുന്നത് കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പായിരുന്നു. ഇപ്പോൾ അവിടെനിന്നും ബഹുദൂരം മുന്നോട്ടു പോവുകയും വർഗീയ പ്രതിലോമ രാഷ്ട്രീയത്തിൽ പണത്തിന്റെയും പണക്കാരുടെയും അനിവാര്യത കൂടുതലായി വെളിപ്പെടുത്തപ്പെടുകയുമാണ്.

ഇനി കാര്യം നടക്കുമെന്നതാണ് രാജീവിന്റെ തിരുവനന്തപുരത്തെ പ്രചാരണ വാചകം. കാര്യം നേടാൻ കൈമടക്ക് കൊടുക്കണം എന്ന പഴയ നാടൻ യാഥാർഥ്യത്തെ മറ്റൊരു മട്ടിൽ പുനഃസ്ഥാപിക്കുകയാണോ ഈ ചോദ്യം എന്ന സംശയം എറിയുന്നവരിൽ രാജീവിന്റെ പാർട്ടിക്കാരുമുണ്ട്. രാജീവിനാണെങ്കിൽ തിരുവനന്തപുരത്ത് പറയാൻ സ്വന്തം സമ്പാദ്യങ്ങൾ അല്ലാതെ മറ്റൊന്നുമില്ല താനും. നീണ്ടകാലം രാജ്യസഭയിൽ ഇരുന്നപ്പോഴും മന്ത്രിയായപ്പോഴും കേരളത്തിന് മൊത്തമായോ തലസ്ഥാനത്തിനു പ്രത്യേകിച്ചോ എന്തെങ്കിലും ചെയ്തിരുന്നോ എന്ന ചോദ്യത്തിന് ഉത്തരം പറയാൻപോലും മന്ത്രിക്ക് നേരമില്ല.

രാഷ്ട്രീയമായോ സാമൂഹികമായോ അദ്ദേഹം എന്തെങ്കിലും കേരളത്തിനായി ചെയ്തിട്ടുമില്ല. കളമശ്ശേരിയിൽ യഹോവയുടെ സാക്ഷികളുടെ സമ്മേളനത്തിൽ ബോംബ് സ്ഫോടനം ഉണ്ടാകുകയും ആളുകൾ കൊല്ലപ്പെടുകയും ചെയ്തപ്പോൾ സാമൂഹിക സൗഹാർദം തകർക്കും വിധം നുണ പ്രസ്താവന നടത്തി എന്നതാണ് അദ്ദേഹം സംസ്ഥാനത്ത് അടുത്ത് നടത്തിയ പ്രധാന ഇടപെടൽ.

ശതകോടീശ്വരനായ അദ്ദേഹം സംരക്ഷണം തേടിയാണോ ബി.ജെ.പിയിൽ ചേർന്നത് എന്ന സംശയം ഉണ്ടാക്കുന്ന വിധമാണ് സമീപദിവസങ്ങളിൽ രാജീവുമായി ബന്ധപ്പെട്ട വിവരങ്ങൾ പുറത്തുവരുന്നത്. അദ്ദേഹം അടക്കുന്ന നികുതി നാമമാത്രമാണ്. സ്വന്തമായി വിമാനവും അത്യാഡംബര കാറുകളും ഉള്ള അദ്ദേഹം അവയെല്ലാം കമ്പനികളുടെ ഉടമസ്ഥതയിലേക്ക് മാറ്റിയിരിക്കുന്നു. അദ്ദേഹത്തിന്റെ ഉടമസ്ഥതയിലുള്ള സ്ഥാപനങ്ങൾ, അവയുടെ ലാഭം, അവയുടെ കീഴിലുള്ള ആസ്തികളും ഈടുകളും എല്ലാം സംബന്ധിച്ച് ദി ഫോർത്ത് വെബ് പോർട്ടൽ വിശദമായ ലേഖനംതന്നെ പ്രസിദ്ധീകരിച്ചിരിക്കുന്നു.

 

ശോഭാ സുരേന്ദ്രൻ,രാജീവ് ചന്ദ്രശേഖർ,അനിൽ ആന്റണി

ശോഭാ സുരേന്ദ്രൻ,രാജീവ് ചന്ദ്രശേഖർ,അനിൽ ആന്റണി

കുറെ പണവുമായി തിരുവനന്തപുരത്ത് സ്വന്തം വിമാനത്തിൽ വന്നിറങ്ങിയാൽ വോട്ടുകളും വാങ്ങി പോകാമെന്ന കേവലയുക്തി ഫലവത്താകുന്നില്ല എന്നതാണ് തിരുവനന്തപുരത്തെ ഇപ്പോഴത്തെ അവസ്ഥ. ബി.ജെ.പി അനുകൂല വാർത്തകൾ പ്രസിദ്ധീകരിക്കാൻ നിർബന്ധിതരാകുന്ന മുഖ്യധാരാ മാധ്യമങ്ങളുടെ പ്രചാരണത്തിനപ്പുറം രാജീവിന് ഒരത്ഭുതവും സൃഷ്ടിക്കാൻ ആകുന്നില്ല എന്നതാണ് ഇപ്പോൾ ഇവിടത്തെ അവസ്ഥ. രാജഗോപാലും കുമ്മനവും വർഷങ്ങൾക്കുമുമ്പ് മത്സരിച്ച കേരളവർമയുമൊന്നും ഉണ്ടാക്കിയ ആവേശം ബി.ജെ.പി അണികൾക്കിടയിൽ ഇപ്പോഴില്ല. ഒരു പേമെന്റ് സീറ്റിലെ ലാഘവത്വം അവരെയെല്ലാം ഗ്രസിച്ചിട്ടുണ്ട്.

ഇതിലും പരിതാപകരമാണ് പത്തനംതിട്ടയിലെ അവസ്ഥ. പി. സി. ജോർജ് ഇടഞ്ഞുതന്നെ നിൽക്കുന്നു. സ്ഥാനാർഥിയാകട്ടെ വോട്ടർമാരുമായുള്ള ഫലപ്രദമായ ആശയ വിനിമയത്തിൽ പോലും പിന്നോട്ടുപോകുന്നതായി പാർട്ടി നേതാക്കൾതന്നെ പരാതിപ്പെടുന്നു. ന്യൂനപക്ഷ വോട്ടുകൾ കീശയിലാക്കാനുള്ള സിദ്ധിയൊന്നും ഇനിയും അനിൽ ആന്റണിക്ക് ഉണ്ടായിട്ടില്ല. പറയുന്നതൊന്നും ആളുകൾ ഗൗരവത്തിൽ എടുക്കുന്നുമില്ല.

സുരേഷ് ഗോപിയിൽ എത്തുമ്പോൾ ഒടുവിൽ ദുർബലമാകുന്ന ഒരു ആക്ഷൻ ത്രില്ലർ സിനിമയുടെ തിരക്കഥപോലെയാണ് കാര്യങ്ങൾ. ആക്ഷൻ ഹീറോയായി മത്സരത്തിനെത്തിയ സുരേഷ് ഗോപി ഓരോ ദിവസവും ഒരു ദുരന്ത കഥാപാത്രമായി മാറുന്ന അവസ്ഥയുണ്ട്. ആള് കുറഞ്ഞതിന് അദ്ദേഹം സ്വന്തം അണികളോടുതന്നെ വഴക്കിടുന്നു. അവരെ ഭീഷണിപ്പെടുത്തുന്നു. പക്ഷേ, കേരളത്തിൽ ഒരിടത്തും ഇക്കുറിയും താമര വിരിയില്ല എന്ന അവസ്ഥയിലേക്കാണ് കാര്യങ്ങളുടെ പോക്ക്.

കേരളത്തിന്റെ ചരിത്രത്തിൽ രാജ്യം ഭരിക്കുന്ന പ്രധാനമന്ത്രി ഏറ്റവുമധികം വോട്ട് ചോദിച്ചു പര്യടനത്തിനുവന്നത് ഇതാദ്യമാണ്. മോദിയെ സംബന്ധിച്ചിടത്തോളം ദക്ഷിണേന്ത്യ മൊത്തത്തിൽ കൈവിട്ടുപോകുമോയെന്ന ഭയമുണ്ട്. ഉത്തരേന്ത്യയിൽ പ്രതിപക്ഷം ചില സംസ്ഥാനങ്ങളിലെങ്കിലും അട്ടിമറി ജയം നേടുകയും ദക്ഷിണേന്ത്യ കൂടെനിൽക്കുകയും ചെയ്താൽ ഭരണംതന്നെ നഷ്ടപ്പെട്ടേക്കുമെന്ന ആശങ്ക മോദിയെ വേട്ടയാടുന്നുമുണ്ട്.

കേരളത്തിന്റെ കാര്യത്തിലാണെങ്കിൽ മോദിയുടെ തന്ത്രങ്ങൾ ഒന്നൊന്നായി പൊലിയുന്ന അവസ്ഥയാണ് ഇപ്പോൾ കണ്ടുവരുന്നതും. ക്രിസ്ത്യാനികളിൽ ഒരു വിഭാഗത്തെയെങ്കിലും കൂടെക്കൂട്ടാൻ നടത്തിയ ശ്രമങ്ങൾക്ക് കണക്കില്ല. അതിനായി കടുത്ത ഇസ്‍ലാമോഫോബിയ വരെ ഉപയോഗിച്ചു. പക്ഷേ, മണിപ്പൂരിലെ കലാപവും അതിലെ പാർട്ടിയുടെ പങ്കും ക്രൈസ്തവർക്കിടയിലുണ്ടായ അനുഭാവത്തെ മൊത്തത്തിൽ ഇല്ലാതാക്കി. ഇന്നിപ്പോൾ ക്രൈസ്തവരെ മോദിയുമായി അടുപ്പിക്കുന്ന ഒന്നും നിലനിൽക്കുന്നില്ല. കേരള സ്റ്റോറി സിനിമയും ലവ് ജിഹാദ് വിവാദവുമൊന്നും വോട്ടാകില്ല. ലത്തീൻ സഭയാകട്ടെ രാജ്യവ്യാപകമായി ന്യൂനപക്ഷങ്ങൾ നേരിടുന്ന പ്രശ്നങ്ങൾ ഉയർത്തിക്കാട്ടി മതേതര ചേരിയെ വിജയിപ്പിക്കാൻ അധ്വാനിക്കുകയും ചെയ്തിരിക്കുന്നു.

തുഷാർ വെള്ളാപ്പള്ളിക്കും സംഘത്തിനും സി.കെ. ജാനുവിനുമെല്ലാം വാർത്തകൾ ഉണ്ടാക്കാനാകുമെങ്കിലും വോട്ടുകൾ സംഭരിക്കാനാകില്ല. രാജ്യവ്യാപകമായ ഫലം എന്തുതന്നെ ആയാലും കേരളത്തിൽ ഇക്കുറിയും ബി.ജെ.പിക്ക് ഒന്നും പ്രതീക്ഷിക്കാനില്ല എന്ന അവസ്ഥയാണ് സംജാതമായിവരുന്നത്. മുൻകാലങ്ങളിലെ നേതാക്കളിലും വർഗീയതയും ന്യൂനപക്ഷ വിരുദ്ധതയും അസഹിഷ്ണുതയും ഉണ്ടായിരുന്നുവെങ്കിലും പണാധിപത്യം അവർക്കിടയിൽ അത്ര ശക്തമായിരുന്നില്ല. ഇപ്പോൾ പണാധിപത്യം ബി.ജെ.പിയെ കേരളത്തിൽപോലും വിഴുങ്ങിക്കൊണ്ടിരിക്കുന്നു. ഒരു ബഹുസ്വര ജനാധിപത്യത്തിൽ അത് നല്ലതുമാണ്.

News Summary - weekly article